Translate

Wednesday, December 25, 2019

ചാക്കോ പിള്ളയുടെ ദൈവത്തെ അന്വേഷിച്ചു വന്നവർ!

(from Wattsapp)

ഒരു ദിവസം രാവിലെ ബിഷപ്പ് ഹൗസിന്റെ കോളിംഗ് ബെൽ അടിച്ചു. സെക്രട്ടറിയച്ചനാണ് വാതിൽ തുറന്നത്.  രണ്ടു മക്കൾ അവരുടെ അപ്പനെ താങ്ങിയെടുത്തുകൊണ്ടു വന്നിരിക്കുന്നു. ഒപ്പം അമ്മയുമുണ്ട്. വയസായി ക്ഷീണിച്ച ആ അപ്പന്റെ പേര് ദാമോദരൻനായർ. അവർക്ക് ബിഷപ്പിനെ കാണണം, സംസാരിക്കണം. തീർന്നില്ല,  അപ്പോൾത്തന്നെ മാമോദീസാ സ്വീകരിക്കണം; ക്രിസ്ത്യാനികളായി മാറണം!
             
ബിഷപ്പു വന്നു, അവരോടു ചോദിച്ചു:
" നിങ്ങൾ പോട്ടയിലോ മറ്റേതെങ്കിലും ധ്യാനകേന്ദ്രങ്ങളിലോ പോയി യേശുവിനെ അറിഞ്ഞ്, സ്നേഹിച്ച് മാമോദീസാ മുങ്ങാൻ വന്നതാണോ?"
ഉത്തരം - "അല്ല"
"പിന്നെ, ബൈബിൾ മുഴുവൻ വായിച്ച് യേശുവിനെ രക്ഷകനായി സ്വീകരിക്കാൻ വന്നതാണോ?"
"അല്ല!"
"പിന്നെ എന്തിനാണ് നിങ്ങൾ മാമോദീസാ മുങ്ങാൻ, യേശുവിനെ രക്ഷകനായി സ്വീകരിക്കാൻ തയ്യാറായി വന്നിരിക്കുന്നത്?"
        
അതിന് അവർ കൊടുത്ത മറുപടി ഓരോ ക്രിസ്ത്യാനിയെയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്:
          
ചാക്കോമാപ്പിളയും ദാമോദരൻനായരും പണ്ടു് മലബാറിലേക്ക് കുടിയേറിയ രണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണ്. രണ്ടു പേരും വിവാഹം കഴിച്ചു, മക്കളുണ്ടായി, അടുത്തടുത്ത് താമസവുമായി. ഒരു ദിവസം, പെട്ടന്ന് ദാമോദരൻ നായർ സ്ട്രോക്കുണ്ടായി തളർന്നു വീണു, ആ കടുംബത്തിന്റെ കാര്യം അവതാളത്തിലായി.ദാരിദ്രമവിടെ കൂടുകെട്ടി വാഴുമെന്നായി.

 എന്നാൽ ചാക്കോച്ചേട്ടൻ അവരെ കൈവിട്ടില്ല. തന്റെ വയലിൽ കന്നു  പൂട്ടിക്കഴിയുമ്പോൾ, ചാക്കോ മാപ്പിള മക്കളോടു പറയും,
'' മക്കളേ, ദാമോദരൻ നായരുടെ കണ്ടം കൂടി പൂട്ടി വിതച്ചു കൊടുക്കണം, കേട്ടോ."

തന്റെ പറമ്പിൽ കപ്പ (മരച്ചീനി) നട്ടു കഴിയുമ്പോൾ മക്കളോടു പറയും,
"മക്കളെ, ദാമോദരന്റെ പറമ്പിലും കപ്പയിട്ടു കൊടുക്ക്."

 തന്റെ മക്കളുടെ സ്കൂളിലേയും കോളേജിലേയും ഫീസ് കൊടുക്കേണ്ട സമയമാകുമ്പോൾ, അവരുടെ കൈയ്യിൽ പണം കൊടുത്തിട്ടു പറയും,
"ആ ദാമോദരന്റെ മക്കളുടെ ഫീസുകൂടി അടച്ചേക്ക്!"
          
ഒരു ദിവസം ദാമോദരൻ നായരുടെ ഭാര്യ ചാക്കോ യോട് ചോദിച്ചു, "ചാക്കോ മാപ്പിള എന്തിനാ ഇങ്ങനെ ഞങ്ങളെ സഹായിക്കുന്നതു്? ഒന്നും തിരിച്ചു തരാൻ പറ്റുന്ന അവസ്ഥയിലല്ലല്ലോ ഞങ്ങൾ."

ചാക്കോ മാപ്പിള മറുപടി പറഞ്ഞു. കണ്ണു തുറപ്പിച്ച ഒന്നൊന്നര മറുപടി:

"എന്റെ കർത്താവു പറഞ്ഞിട്ടാ ഞാനിതൊക്കെ ചെയ്യുന്നത്, എനിക്കുള്ള പ്രതിഫലം എന്റെ കർത്താവു തരും. "
      
ആ സ്ത്രീ ബിഷപ്പിനോടു പറഞ്ഞു,
" ഞങ്ങൾക്ക് ചാക്കോ മാപ്പിളയുടെ ആ ദൈവത്തെ വേണം, അതിനാണ് ഞങ്ങൾ മാമോദീസാ മുങ്ങാൻ തയ്യാറായി വന്നിരിക്കുന്നത്"
............


 എന്റെ ജീവിതം കണ്ടിട്ട് എന്റെ ദൈവത്തെ വേണമെന്നോ, കൂടുതലറിയണമെന്നോ ആരെങ്കിലും പറയാൻ ഇടയായിട്ടുണ്ടോ? ഇടയുണ്ടോ? ഇല്ലെങ്കിൽ പിന്നെന്തു ക്രിസ്തീയസാക്ഷ്യമാണ്  ഞാനീ സമൂഹത്തിന് നൽകുന്നത്?

No comments:

Post a Comment