അഡ്വ. ബോറിസ് പോൾ
ക്രൈസ്തവ സഭാധികാരികളുടെ ജനാധിപത്യവിരുദ്ധത തുളുമ്പുന്ന വ്യവസ്ഥിതിക്കെതിരെ അദ്ദേഹം പോരാടിയപ്പോൾ കൂടെ കൂടാൻ ക്രിസ്ത്യാനികൾ കുറവായിരുന്നു. സഭ എന്ന വമ്പൻ വ്യവസ്ഥിതിക്കെതിരെ പോരാടാനിറങ്ങിയ "മണ്ടൻ" ആയിട്ടാണ് ക്രിസ്ത്യാനി സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട ഭൂരിഭാഗം അൽമായർ പോലും ധരിച്ചത്. എന്നാൽ "ഓശാന'' മാസികയിലൂടെ അദ്ദേഹം ഊതി വിട്ട കാറ്റ് കൊടുങ്കാറ്റായി മാറുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. സ്വന്തം അവകാശങ്ങളെ കുറിച്ച് ബോധമില്ലാത്തതും പുരോഹിത വേഷധാരികളെ അന്ധമായി വിശ്വസിച്ച് ആരാധിക്കുന്നവരുമടങ്ങുന്ന ഒരു സമൂഹത്തിലാണ് പുലിക്കുന്നേൽ ചിന്തകളുടെ സ്ഫുരണങ്ങൾ ഉയർത്തി വിട്ടത്. ളോഹ ശരീരത്തെ മാത്രമല്ല മറ്റ് പലതിനെയും മറയ്ക്കുന്ന വേഷമാക്കി മാറ്റിയ കപട പുരോഹിതർ പലപ്പോഴും പുലിക്കുന്നേലിന്റെ ആക്രമണത്തിൽ നഗ്നരാക്കപ്പെട്ടു. ക്രൈസ്തവ സമൂഹത്തിനെ പിന്നോട്ടടിക്കുന്ന കപടപാതിരിഭരണക്രമം അനാവരണം ചെയ്യപ്പെട്ടു. പാതിരിമാർ ആദ്യമായി ചോദ്യങ്ങൾ നേരിടാൻ തുടങ്ങി. കോടതികളിൽ പാതിരിമാരുടെ അനീതികൾക്കെതിരെ കേസുകൾ ബോധിപ്പിക്കാൻ ആളുണ്ടായി. മാറ്റം പ്രകടമായി... സഭാധികാരികൾ കുലുങ്ങി... പുലിക്കുന്നേലിനെപ്പോലെ ഒറ്റപ്പെട്ട അതികായർ സഭയ്ക്ക് തലവേദനയായി. എന്റെ പിതാവ് ഡോ.സേവ്യർ പോളിന്റെ സുഹൃത്തെന്ന നിലയിൽ എനിക്ക് അദ്ദേഹത്തെ അടുത്ത് പരിചയമുണ്ടായതിൽ ഞാൻ അഭിമാനിക്കുകയാണ്. അന്ധകാരം മൂടിക്കിടന്ന ക്രൈസ്തവസഭയിലേക്ക് വെളിച്ചം കൊണ്ടുവരാനുള്ള അദ്ദേഹത്തെ പോലുള്ളവരുടെ ശ്രമങ്ങളുടെ ഫലമായിരുന്നു ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള നിയമ പരിഷ്കരണ കമ്മീഷൻ തയ്യാറാക്കി കേരള സർക്കാരിന് മുമ്പാകെ സമർപ്പിച്ച "The Christian Church Properties and Institutions Trust Bill" എന്ന കരട് നിയമം. കഴിഞ്ഞ സർക്കാർ അത് കണ്ടില്ലെന്ന് നടിച്ചു. ഇടത് സർക്കാർ പുലിക്കുന്നേലിന്റെ പ്രവർത്തനങ്ങൾക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരവും അംഗീകാരവുമായിരിക്കും ആ നിയമം നിയമസഭയിൽ പാസ്സാക്കി നടപ്പിലാക്കുകയെന്നത്. പാതിരിമാർ ന്യൂനപക്ഷവും അൽമായർ ഭൂരിപക്ഷവുമാണ്. പണ്ടേപോലെ ളോഹ കണ്ട് ഭയക്കുന്ന അടിമകളല്ല ഇന്നത്തെ ക്രൈസ്തവ സമൂഹം!
രാഷ്ട്രീയ പാർട്ടികൾ അത് തിരിച്ചറിയുക.
പുലിക്കുന്നേൽ സാറിന് എന്റെ ഹൃദയപൂർവ്വമായ ആദരാഞ്ജലികൾ....
No comments:
Post a Comment