Translate

Sunday, February 23, 2020

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിനാലാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്



ചാക്കോ കളരിക്കൽ

കെസിആർഎം നോർത് അമേരിക്ക ഫെബ്രുവരി 12, 2020 ബുധനാഴ്ച്ച നടത്തിയ ഇരുപത്തിനാലാമത് ടെലികോൺഫെറൻസിൻറെ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. രണ്ടമണിക്കൂറോളം നീണ്ടുനിന്ന ആ യോഗത്തിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളിൽനിന്നുമായി വളരെ അധികംപേർ പങ്കെടുത്തു. മോഡറേറ്റർ ശ്രീ എ സി ജോർജിൻറെ ആമുഖത്തിനുശേഷം മൗനപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകൻ അഖില കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ സെക്രട്ടറി ശ്രീ  ജോസഫ് വെളിവിൽ ആയിരുന്നു. വിഷയം: 'കേരളത്തിലെ കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികൾ’.

വിഷയാവതാരകൻ ശ്രീ ജോസഫ് വെളിവിലിനെ ടെലികോൺഫെറൻസിൽ സംബന്ധിച്ചവർക്ക് പരിചയപ്പെടുത്തികൊണ്ട് ചാക്കോ കളരിക്കൽ സംസാരിച്ചു. അതിനുശേഷം ജോസഫ്‌സാർ ഒരു ആമുഖത്തോടെയാണ് വിഷയാവതരണത്തിലേയ്ക്ക് കടന്നത്.

മുൻകാലങ്ങളിൽ ഒരു കുടുംബത്തിൽ വൈദികനോ കന്ന്യാസ്ത്രിയോ ഉണ്ടെന്നുള്ളത് അഭിമാനമായിരുന്നു. എട്ടും പത്തും മക്കളുള്ള കുടുംബങ്ങളിൽ പെൺമക്കളെ വിവാഹം കഴിപ്പിച്ചുവിടുക ബുദ്ധിമുട്ടായിരുന്നു. അക്കാരണം കൊണ്ടുതന്നെ ദരിദ്രകുടുംബങ്ങളിലെ അനേകം പെൺകുട്ടികൾ കന്ന്യാസ്ത്രികളാകാൻ മഠങ്ങളിൽ ചേർന്നിരുന്നു. പ്രേമനൈരാശ്യം ബാധിച്ചവരും കാണാൻ സൗന്ദര്യം കുറഞ്ഞവരും വിദ്യാഭ്യാസത്തിന് വകയില്ലാത്തവരുമെല്ലാം കന്ന്യാസ്ത്രി ജീവിതം തെരഞ്ഞെടുത്തു.ദൈവവിളി എന്നുപറയുന്നത് അർത്ഥരഹിതമാണ്. കാരണം, പതിനഞ്ചും പതിനാറും വയസുള്ള പെൺകുട്ടികളെ സുന്ദര വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ച്‌ മഠങ്ങളിൽ ചേർക്കുകയാണ് ചെയ്യുന്നത്. എട്ടും പൊട്ടും തിരിയാത്ത പ്രായമാണത്. അവിടെ ചെന്ന് പെട്ടുപോയശേഷം വർഷങ്ങൾ കഴിഞ്ഞാണ് അവർ പുറംലോകം എന്തെന്നറിയുന്നത്. ഇന്ന് അതിനെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കേരളത്തിൽ കന്ന്യാസ്ത്രികളാകാൻ കുട്ടികളെ കിട്ടാനുള്ള പ്രയാസം കാരണം തമിഴുനാട് ആന്ധ്രാപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നും പെൺകുട്ടികളെ മഠങ്ങളിൽ ചേരാൻ കേരളത്തിലേയ്ക്ക് കൂട്ടികൊണ്ടുവരുന്നുണ്ട്. ഇത്രയും കാര്യങ്ങൾ ആമുഖമായി സംസാരിച്ചശേഷം അദ്ദേഹം വിഷയത്തിലേക്ക് കടന്നു.

കൈരളി ചാനലിൽ 'വിശുദ്ധ കലാപം' എന്ന പേരിൽ രണ്ട് എപ്പിസോഡുകൾ പ്രക്ഷേപണം ചെയ്തിരുന്നെന്നും അതെല്ലാവരും ഒന്നുകാണണമെന്നും അതു കണ്ടാൽ കന്ന്യാസ്ത്രികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്ന് വ്യക്തമാകുമെന്നും അദ്ദേഹം എടുത്തുപറയുകയുണ്ടായി. തൃശൂർ സെൻറ് മേരീസ് കോളേജിൻറെ പ്രിൻസിപ്പലായിരുന്ന സിസ്റ്റർ ജസ്മി 'ആമേൻ' എന്ന തൻറെ ആത്മകഥയിൽ മഠാധികാരികളിൽനിന്നും അവർ അനുഭവിക്കേണ്ടിവന്ന അനിഷ്ടസംഭവങ്ങളും ചൂഷണങ്ങളും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ജനിച്ചുവളർന്ന നാടിനെയും വീടിനെയും മാതാപിതാക്കളെയും മറ്റ് കുടുംബാഗംങ്ങളെയും സമൂഹത്തെയും ഉപേക്ഷിച്ച് മഠത്തിൽ ചേരുന്ന ഒരു സഹോദരി ആ മഠത്തിലെ പൂർണ അംഗമാണ്. അവരെ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും സഭാധികാരികളുടെ കർത്തവ്യമാണ്. പക്ഷെ ഇന്ന് സംഭവിക്കുന്നത് നേരെ മറിച്ചാണ്. ഒരു സഹോദരിയ്ക്ക് മഠത്തിൽ നിന്നുപോകാൻ സാധിക്കയില്ലെങ്കിൽ ചെവിക്കുപിടിച്ച് അവരെ പുറംതള്ളുകയാണ് ചെയ്യുന്നത്. നാല് മതിൽകെട്ടുകളിലെ അടിമകളാണ് കന്ന്യാസ്ത്രികൾ. ആര് എന്തുപറഞ്ഞാലും അതാണ് സത്യം. അവർക്ക് അഭിപ്രായ സ്വാതന്ത്ര്യമേയില്ല. അധികാരികൾ പറയുന്നതു മുഴുവൻ അനുസരിക്കണം. അധികാരികൾക്കെതിരായി ശബ്ധിച്ചാൽ ശിക്ഷണ നടപടി എടുക്കും. അതല്ലായെങ്കിൽ അവരുടെ കണ്ണിലെ കരടാകും, ബ്ലാക്ക്  ലിസ്റ്റിൽ പെടുത്തും, ഒറ്റപ്പെടുത്തും, മാനസികരോഗിയാക്കും. അനുസരണ എന്ന ഒറ്റ വ്രതത്താൽ മഠങ്ങളിൽ അവർ കന്ന്യാസ്ത്രികളെ ഒതുക്കിക്കളയും.

കന്ന്യാസ്ത്രികളെ പുരോഹിതർക്ക് ലൈംഗിക ചൂഷണത്തിന് ഒത്താശ ചെയ്തുകൊടുക്കുന്നത് സുപ്പീരിയേഴ്സ് ആണ്. മുതിർന്ന കന്ന്യാസ്ത്രികളും ചെറുപ്പക്കാരികളായ കന്ന്യാസ്ത്രികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്. ലൈംഗികമായി പിടിച്ചുനിൽക്കാൻ എത്ര സന്ന്യാസിനികൾക്ക് സാധിക്കുന്നുണ്ട് എന്ന വിഷയം പഠനാർഹമാണ്. ദീർഘകാലമായി കന്ന്യാസ്ത്രികളെ മെത്രാന്മാരും പുരോഹിതരും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന ദുഃഖസത്യം മാർപാപ്പ ഈയിടെ സമ്മതിക്കുകയുണ്ടായി. അഭയാകേസിനുമുമ്പ് കന്ന്യാസ്ത്രികളുടെ പ്രശ്നങ്ങൾ പുറംലോകം അറിഞ്ഞിരുന്നില്ല എന്നതാണ് യാഥാർഥ്യം. ഒരു കന്ന്യാസ്ത്രിയും പീഡിപ്പിക്കപ്പെട്ടെന്ന് പുറത്ത് പറയുകയില്ല, മാതാപിതാക്കളോടോ സഹോദരങ്ങളോടൊപോലും. അത് അവരുടെ അഭിമാനത്തിൻറെ പ്രശ്നമാണ്. ദേവാലയങ്ങളോട് ചേർന്ന് ധാരാളം മഠങ്ങൾ ഇന്നുണ്ട്. പുരോഹിതർക്ക് ദാസവേല-തുണി അലക്കി ഇസ്തിരിയിട്ടു കൊടുക്കുക, ഭക്ഷണം പാകംചെയ്ത് കൊടുക്കുക, മുറ്റം അടിച്ചുവാരി കൊടുക്കുക-ചെയ്തുകൊടുക്കാൻ കന്ന്യാസ്ത്രികൾ നിർബന്ധിതരാകുന്നു. ഇതിനൊന്നുമല്ല അവർ മഠത്തിൽ ചേരുന്നത്. മഠാധികാരികളോട് എതിർത്താൽ അവരെ മാനസികരോഗിയാക്കി മരുന്ന് കൊടുക്കും. പിന്നീട് ദുരൂഹ മരണം സംഭവിച്ചാൽ മനോരോഗം ചാർത്തി ആ മരണത്തെ ആത്മഹത്യയാക്കും.  കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് മുപ്പതോളം കന്ന്യാസ്ത്രികളാണ് ദുരൂഹ സാഹചര്യത്തിൽ കേരളത്തിൽ മരണപ്പെട്ടിട്ടുള്ളത്. വാട്ടർടാങ്കിൽ മരിച്ചനിലയിൽ, ഫാനിൽ കെട്ടിത്തൂങ്ങി മരിച്ചനിലയിൽ. കിണറ്റിൽവീണ് മരിച്ചനിലയിലെല്ലാം കന്ന്യാസ്ത്രികളെ കണ്ടിട്ടുണ്ട്. അതുപോലുള്ള അനേകം സംഭവങ്ങളിൽ കാരണം കണ്ടുപിടിക്കാൻ ഇതുവരെയും സഭാധികാരം മെനക്കെട്ടിട്ടില്ല. അത്തരം സംഭവങ്ങളിലെ പ്രതികൾ പുരോഹിതരെങ്കിൽ സഭാധികാരം പുരോഹിതൻറെ കൂടെയെ നിൽക്കൂ. കന്ന്യാസ്ത്രികളുടെ കൂടെ നിന്ന ഒരു ചരിത്രം കേരളത്തിൽ ഉണ്ടായിട്ടില്ല.

അനേകം ഉയർന്ന തസ്തികകളിൽ-പ്രഫെസർമാർ, ഡോക്‌ടർമാർ, എഞ്ചിനീയർമാർ, നഴ്സുമാർ, അധ്യാപകർ-കന്ന്യാസ്ത്രികൾ ജോലിചെയ്ത് അവരുടെ സഭയ്ക്കുവേണ്ടി സമ്പാദിക്കുന്നുണ്ട്. വിദ്യാഭ്യാസം കുറഞ്ഞവർ കൃഷിയിലേർപ്പെട്ടും പോർക്കിനെ വളർത്തിയും ആശ്രമം വൃത്തിയാക്കിയും കുശിനിവേല ചെയ്തും മഠത്തിൻറെ സാമ്പത്തിക ഉന്നമനത്തിനായി തേനീച്ചകളെപ്പോലെ വേലചെയ്യുന്നു. കോടാനുകോടിയുടെ വരുമാനമാണ് ഇവരുടെ പ്രയഗ്നംക്കൊണ്ട് സഭ സമ്പാദിക്കുന്നത്. കന്ന്യാസ്ത്രിയായ മകൾ ഉന്നത ജോലി ചെയ്ത് ലക്ഷങ്ങൾ സമ്പാദിച്ച് മഠത്തിന് നൽകിയിട്ടുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുള്ള അപ്പൻ രോഗശയ്യയിൽ കിടക്കുമ്പോൾപോലും നൂറുരൂപ നൽകാൻ അവൾക്ക് സാധിക്കുകയില്ല. കന്ന്യാസ്ത്രികൾക്ക് മാസച്ചിലവിന് നല്കുന്ന തുകതന്നെ വളരെ തുച്ചം. മഠത്തിൽ കന്ന്യാസ്ത്രികൾ രണ്ടു തട്ടിലാണ്. മെത്രാൻറെയോ, പുരോഹിതൻറെയോ കുടുംബത്തിൽനിന്നു വരുന്നവർ, ഉയർന്ന സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളിൽനിന്നു വരുന്നവർ, ഉന്നത നിലവാരത്തിൽ ജോലിചെയ്യുന്നവർ എല്ലാം ഒരു തട്ടിലും പാവപ്പെട്ട കുടുംബങ്ങളിൽനിന്നു വരുന്നവർ, വലിയ വിദ്യാഭ്യാസ യോഗ്യതകളില്ലാത്തവർ എല്ലാം വേറൊരു തട്ടിലുമായിരിക്കും.

ഒരു കന്ന്യാസ്ത്രിക്ക് മഠജീവിതവുമായി പൊരുത്തപ്പെട്ടുപോകാൻ സാധിക്കാതെ പോയാൽ കാര്യം വളരെ ഗുരുതരമാകും. മഠത്തിൽനിന്നും അവർക്ക് ജീവിതാംശമൊന്നും കൊടുക്കുകയില്ല. അവർക്ക് പിന്നീട് പാർക്കാൻ ഒരു ഇടമില്ല. കുടുംബക്കാർക്ക് അവരെ വേണ്ട. സമൂഹത്തിനും വേണ്ട. ജീവിക്കാനുള്ള വരുമാനമില്ല. മഠംചാടി എന്ന പേരും കിട്ടും. സമീപകാലത്ത് മഠത്തിൽനിന്നു പോകാൻ ഇടയായ സിസ്റ്റർ മേരി സെബാസ്റ്റ്യൻ, സിസ്റ്റർ ഡെൽസി,  സിസ്റ്റർ ബീന തുടങ്ങിയ കുറെ കന്ന്യാസ്ത്രികൾക്കുണ്ടായ ദുരനുഭവങ്ങൾ ജോസഫ്‌സാർ വിശദമായി പറയുകയുണ്ടായി. കന്ന്യാസ്ത്രികൾക്ക് അവരുടെ സുപ്പീരിയറോടോ പ്രൊവിൻഷ്യാളിനോടോ ജനറാളിനോടോ മാത്രമേ പരാതിപ്പെടാൻ നിർവാഹമുള്ളൂ. അവിടെനിന്ന് നീതിലഭിക്കുന്നില്ലെങ്കിൽ മാത്രമാണ് മെത്രാൻറെയടുത്ത് പരാതിപ്പെടാറുള്ളത്. ഒരു സാധാരണ കന്ന്യാസ്ത്രിയ്ക്ക് ആ അധികാരികളിൽനിന്നും നീതി ലഭിക്കുന്നില്ല എന്നതിനുള്ള തെളിവുകൾ ദിനംപ്രതി നാം കേട്ടുകൊണ്ടാണിരിക്കുന്നത്. ഈ മെത്രാന്മാരും കന്ന്യാസ്ത്രി മേലധികാരികളും ആണോ ക്രിസ്തുവിൻറെ പിൻഗാമികൾ എന്ന് അവകാശപ്പെടുന്നത്? ഇവർ പറയുന്നതുവേറെ പ്രവർത്തിയ്ക്കുന്നതുവേറെ. കന്ന്യാസ്ത്രികൾ മഠങ്ങൾക്കുള്ളിലായാലും മഠത്തിൽനിന്ന് പുറംചാടിപോയാലും അവർക്ക് സുരക്ഷിതത്വം ഇല്ലെന്നുള്ളതാണ് ഈ വിഷയത്തിലെ ഒന്നാമത്തെ ദുരന്തം. സഭാധികാരം ഈ വിഷയത്തിൽ നീതിപൂർവമായ നിലപാടെടുക്കുന്നില്ല എന്നതാണ് രണ്ടാമത്തെ ദുരന്തം.

സഭയ്ക്കുള്ളിൽ നിന്നുകൊണ്ട് സഭാധികാരികളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ഒരു ധീര വനിതയാണ് സിസ്റ്റർ ലൂസി കളപ്പുര. സിസ്റ്റർ ലൂസിക്ക് കന്ന്യാസ്ത്രികൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി നല്ല അറിവും ബോധവും ബോധ്യവുമുണ്ട്. വളരെ ശക്തമായ നിലപാടെടുക്കാൻ ധൈര്യമുള്ള സിസ്റ്റർ ലൂസി പയറ്റുന്നത് തനിയ്ക്ക് ലഭിക്കേണ്ട നീതിയ്ക്കുപരി അടിച്ചമർത്തപ്പെട്ടു കിടക്കുന്ന മാറ്റ് കന്ന്യാസ്ത്രികൾക്ക് നീതി ലഭിക്കണമെന്നാണ്. 'ജസ്റ്റിസ് ഫോർ സിസ്റ്റർ ലൂസി' എന്ന കൂട്ടയ്മ സിസ്റ്ററിൻറെ ധീരമായ സമരത്തിന് എല്ലാവിധ സഹായസഹകരണങ്ങളും നൽകികൊണ്ടാണിരിക്കുന്നത്. ഫ്രാങ്കോ മെത്രാനെതിരായി കുറവിലങ്ങാട്ടെ കന്ന്യാസ്ത്രികൾ വഞ്ചീസ്‌ക്വയറിൽ നടത്തിയ സമരത്തിന് സിസ്റ്റർ ലൂസി ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്-അനുസരണക്കേടു നടത്തി, ചൂരിദാറിട്ടു, അനുവാദം കൂടാതെ ഭക്തഗാന സീഡിയിറക്കി എന്നെല്ലാം അവർക്കെതിരായി കുറ്റം ആരോപിച്ചാലും-സഭാമേലധികാരികൾക്ക് അവരോട് പകയുണ്ടാകാൻ കാരണമായത്. ഫ്രാങ്കോ വിഷയത്തിലെ പ്രധാന സാക്ഷികൾ അഗസ്റ്റിൻ കാട്ടുതറ അച്ചനും സിസ്റ്റർ ലിസി വടക്കേലുമാണ്. ദുരൂഹസാഹചര്യത്തിൽ കാട്ടുതറ അച്ചൻ മരിച്ചു. സിസ്റ്റർ ലിസി വടക്കേലിനെ ഇപ്പോൾ പലവിധത്തിൽ പീഡിപ്പിക്കുകയും മൊഴിമാറ്റിപ്പറയാൻ സമർദ്ധം ചെലുത്തിക്കൊണ്ടിരിക്കുകയുമാണ്. ഇതെല്ലാംകൂടി കൂട്ടിവായിക്കുമ്പോൾ സിസ്റ്റർ ലൂസിയെ പുകച്ച് പുറം ചാടിക്കുക എന്ന നയത്തിലേയ്ക്കാണ് സഭ നീങ്ങിയത് എന്നതാണ് സത്യം. ഒന്നര ലക്ഷത്തിനുമേൽ വിശ്വാസികൾ പങ്കെടുത്ത തിരുവനന്തപുരത്തു നടന്ന 'ചച്ച് ആക്ട് ക്രൂസേഡ്' യോഗം ഉൽഘാടനം ചെയ്ത് പ്രസംഗിച്ചത് സിസ്റ്റർ ലൂസി കളപ്പുരയാണ്. പൊതുജനം അവർക്ക് നൽകിയ ഏറ്റവും വലിയ അംഗീകാരമാണത്. സ്വന്തം മകളെ മഠത്തിൽ വിട്ടാൽ അവർക്കുണ്ടാകാവുന്ന ദുരവസ്ഥകളെപ്പത്തി ഉറക്കെ ചിന്തിക്കേണ്ട സമയമാണിത്.

കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികൾക്ക് എന്താണ് പരിഹാരമാർഗം? ചർച്ച് ട്രസ്റ്റ് ബിൽ പാസാക്കിയെടുക്കുകയാണ് ഇതിനുള്ള ഒരു ഒറ്റമൂലി. ഇരുപത്തൊന്നു വയസും ഡിഗ്രിയുമുള്ള പെൺകുട്ടികളെ മഠങ്ങളിലേയ്ക്ക് അർത്‌ഥികളായി സ്വീകരിക്കാവൂ. ചുരുങ്ങിയത് അതെങ്കിലുമായിരിക്കണം അവരുടെ മിനിമം യോഗ്യത. യാതൊരു കാരണവശാലും പുരുഷന്മാരെ മഠങ്ങളിൽ അന്തിയുറങ്ങാനോ താമസിക്കാനോ അനുവദിക്കരുത്. കർശന നിരോധനത്തിന് വിധേയമാക്കേണ്ട ഒരു കാര്യമാണിത്. ലൈംഗിക പീഡനത്തിനിരയായി നീതിലഭിക്കാത്ത കന്ന്യാസ്ത്രികളുടെ പരാതികളെ ഗൗരവപരമായി പരിഗണിച്ച് വേണ്ട നിയമനടപടികൾ സ്വീകരിക്കാൻ  സർക്കാർ സന്നദ്ധത കാണിക്കണം. മഠങ്ങളിൽനിന്നും പുറംതള്ളപ്പെടുകയോ സ്വമനസാ പുറത്തോട്ടു പോരുകയോ ചെയ്യുന്നവരെ പുനരധിവസിപ്പിക്കാൻ മഠവും സഭ മൊത്തത്തിലും വേണ്ട നടപടികൾ സ്വീകരിക്കണം. മഠംവിട്ടുപോകുന്ന കന്ന്യാസ്ത്രികൾക്ക് മഠത്തിൽനിന്ന് പെൻഷൻ നൽകാനുള്ള നിയമം സർക്കാർ കൊണ്ടുവരണം.

വിഷയാവതരണത്തിനുശേഷം സുദീർഘവും വളരെ സജീവവുമായ ചർച്ച നടക്കുകയുണ്ടായി.

ഇന്ന് കന്ന്യാസ്ത്രികൾ നേരിടുന്ന പ്രതിസന്ധികളെ നേരിൽ കണ്ടറിഞ്ഞ് പഠിച്ചിട്ടുള്ള ശ്രീ ജോസഫ് വെളിവിലിൻറെ വിഷയാവതരണം വളരെ ഹൃദ്യവും പ്രസക്തവുമായിരുന്നു. സാമൂഹ്യപ്രശ്നമായി മാറിയിരിക്കുന്ന ഈ വിഷയത്തെ സംബന്ധിച്ചുള്ള ആഴമായ പഠനങ്ങൾക്ക് ജോസഫ്‌സാറിൻറെ വിഷയസമീപനം വളരെ വിലപ്പെട്ടതാണ്. ചർച്ചയിൽ സംബന്ധിച്ച എല്ലാവരുംതന്നെ ജോസഫ്‌സാറിനെ അഭിനന്ദിച്ച് സംസാരിക്കുകയുണ്ടായി. മോഡറേറ്റർ ശ്രീ എ സി ജോർജ് എല്ലാവർക്കും പ്രത്യേകിച്ച് ജോസഫ്‌സാറിനും നന്ദി പറഞ്ഞുക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോൺഫെറൻസ് മാർച്ച് 11, 2020 (March 11, 2020) ബുധനാഴ്ച 09 PM (EST) നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് ആർച്ച്ഡയോസിസൻ മൂവ്മെൻറ് ഫോർ ട്രാൻസ്പരൻസി (Archdiocesan Movement for Transparency)-യുടെ സ്പോക്സ് പേഴ്സൺ ശ്രീ ഷൈജു ആൻറണി ആയിരിക്കും. വിഷയം: എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദവും സഭാ നവോത്‌ഥാന മുന്നേറ്റങ്ങളും.
 
 
 
 

No comments:

Post a Comment