കുര്യൻ പാമ്പാടിയുടെ 'ഇ-മലയാളി'യിലെ ലേഖനത്തിൻറെ ലിങ്ക്:
ചാക്കോ കളരിക്കൽ
ശ്രി കുര്യൻ പാമ്പാടി 'ഇ-മലയാളി'യിൽ പ്രസിദ്ധീകരിച്ച "മാർ പൗവ്വത്തിലിന് നവതി, കേരളത്തിലെ വിപ്ലവകാരിയായ നസ്റാണി നായകൻ" എന്ന ലേഖനം വായിച്ചു. സത്യത്തിൽ
ആ ലേഖനം എന്നെ അത്ഭുതപ്പെടുത്തി. ആധുനിക കാലത്ത് മാർതോമാ നസ്രാണി സഭയുടെ നാശത്തിൻറെ വിത്ത് വർഷങ്ങൾക്കുമുമ്പ് ചങ്ങനാശ്ശേരിയിലാണ് വിതച്ചത്. വിതക്കാരൻ മാർ പൗവ്വത്തിലും.
“പോര്‍ച്ചുഗീസുകാരുടെ വരവോടെ ലത്തീന്‍ സഭയുടെ നിര്‍ദയമായ അധീശത്തിനു കീഴിലമര്‍ന്നിരുന്ന പൗരസ്ത്യ സ്വതന്ത്ര സുറിയാനി സഭയില്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന ഫ്രഞ്ച് വിപ്ലവ മുദ്രാവാക്യം ഉറക്കെ പ്രഖ്യാപിച്ച ആളാണ് ജോസഫ് മാര്‍ പവ്വത്തില്‍.” ഒരു വ്യക്തിയെ പൊക്കിപ്പറയാൻവേണ്ടി അർത്ഥശൂന്യമായ ഇത്തരം പ്രസ്താവം, മിതമായ ഭാഷയിൽ പറഞ്ഞാൽ, അപലപനീയമാണ്. “പ്രാര്‍ത്ഥനകളിലും വിശ്വാസ പ്രമാണങ്ങളിലും കുര്‍ബ്ബാനയിലും കേരളസഭയില്‍ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന സുറിയാനി പാരമ്പര്യം പുനസ്ഥാപിക്കാന്‍,………”. ആഗോള കത്തോലിക്ക സഭയിൽ വിശ്വാസപ്രമാണം ഒന്നായിരിക്കെ സുറിയാനി പാരമ്പര്യത്തിലെ വിശ്വാസപ്രമാണം എങ്ങനെ പുനഃസ്ഥാപിക്കും? എനിക്കൊരു പിടിയും കിട്ടുന്നില്ല. 'ലത്തീൻ മേധാവിത്തം' അവസാനിപ്പിക്കാൻ മാർ പൗവ്വത്തിലിനെ മറ്റൊരു ഗാന്ധിയാക്കിയത് അല്പം കടന്നുപോയെന്നും തോന്നുന്നു!
പോർച്ചുഗീസുകാരുടെ ലത്തീനീകരണത്തിൽനിന്നും മാർതോമാ നസ്രാണി ക്രിസ്ത്യാനികളെ റോമിലെ പൗരസ്ത്യസംഘത്തിൻറെ കീഴിലാക്കി സുറിയാനീകരിക്കാൻ
സത്യത്തിൽ മാർ പൗവ്വത്തിൽ കൂട്ടുനിൽക്കുകയല്ലേ ചെയ്തത്? സ്ഥാനമാനങ്ങൾക്കായി സ്വന്തം സഭയെ ഒറ്റിക്കൊടുക്കുന്നവർ ഒരികലും ഗാന്ധിയാവില്ല. കത്തോലിക്ക കുട്ടികൾ കത്തോലിക്ക സ്കൂളുകളിൽ പഠിക്കണമെന്ന് തിരുവനന്തപുരത്തുവെച്ച് പരസ്യമായി പ്രസംഗിച്ച മാർ പൗവ്വത്തിലിൻറെ സിരകളിൽകൂടി എക്യൂമെനിസം ഓടുന്നുണ്ടെന്ന് അനുമാനിക്കാൻ വയ്യ.
കത്തോലിക്ക സഭ വിവിധ വ്യക്തിസഭകളുടെ കൂട്ടായ്മ ആണെന്ന് അറിയാത്തവരല്ല നമ്മൾ. ഓരോ വ്യക്തിസഭയും ഉണ്ടാകുവാൻ കാരണം അവയുടെ തനതായ പാരമ്പര്യമാണ്. ആ പാരമ്പര്യം അപ്പോസ്തലിക ശുശ്രൂഷയിൽ അടിസ്ഥാനം ഉള്ളതാണ്. ദൈവആരാധനയിലും (liturgy) സഭാഭരണത്തിലും (administration) ദൈവശാസ്ത്രത്തിലും (theology) വലിയ വ്യത്യാസങ്ങൾ ഈ സഭകൾ തമ്മിലുണ്ട്. ഇങ്ങനെ തികച്ചും വ്യത്യസ്തവും തനതായ പാരമ്പര്യവും ഉണ്ടായിരുന്ന സഭയാണ് സീറോ മലബാർ മാർതോമ നസ്രാണി കത്തോലിക്ക സഭ.
മാർതോമ ക്രിസ്ത്യാനികളുടെ ഒരു വിഭാഗമായ സീറോ മലബാർ സഭയുടെ പൈതൃകത്തെ മാർ പൗവ്വത്തിൽ എങ്ങനെ വികൃതമാക്കി എന്നാണ് നാം പഠിക്കേണ്ടത്. നസ്രാണി കത്തോലിക്ക സഭയുടെ പാരമ്പര്യം അഥവാ പൈതൃകം എന്താണെന്ന് ആദ്യംതന്നെ തീരുമാനിക്കണമെന്ന് വർഷങ്ങൾക്കുമുമ്പ് പ്രഫ. കെ. എം. ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒൻപത് പ്രമുഖ സഭാംഗങ്ങൾ മെത്രാൻ സിനഡിനോടും റോമിലെ പൗരസ്ത്യ കാര്യാലയത്തോടും അഭ്യർത്ഥിച്ചതാണ്. അവർ അത് കേട്ടതായിട്ടുപോലും നടിച്ചില്ല. നസ്രാണിസഭയിലെ ഇന്നത്തെ അരാജകത്വത്തിനുള്ള പ്രധാന കാരണം സീറോ മലബാർ സഭയുടെ പൈതൃകമെന്തെന്ന് നിർണയിച്ച് നിർവചിക്കാതെപോയതാണ്. വത്തിക്കാനിലെ പൗരസ്ത്യസഭാകാര്യാലയവും മാർ പവ്വത്തിലുംകൂടി മാർതോമായാൽ ഒന്നാം നൂറ്റാണ്ടിൽതന്നെ സ്ഥാപിതമായ നസ്രാണിസഭയെ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ സ്ഥാപിതമായ കല്‍ദായസഭയുടെ പുത്രീസഭയായി വ്യാഖ്യാനിച്ച് പൗരസ്ത്യസഭകളിൽ പെടുത്തി. ആദ്യകാലങ്ങളിൽ സഭയ്ക് അഞ്ചു പേട്രിയാർക്കേറ്റുകളായിരുന്നു ഉണ്ടായിരുന്നത് (റോം, കോൻസ്റ്റൻറിനോപ്പിൾ, ജെറുശലേം, അലക്സാന്ത്രിയ, അന്തിയോക്യാ). റോമാ സാമ്രാജ്യത്തെ കോൻസ്റ്ററ്റൈൻ ചക്രവർത്തി രണ്ടായി വിഭജിച്ചപ്പോൾ റോം പാശ്ചാത്യദേശത്തും മറ്റ് നാല് പേട്രിയാക്കേറ്റുകൾ പൗരസ്ത്യദേശത്തുമായി. അങ്ങനെയാണ് പാശ്ചാത്യസഭകളും പൗരസ്ത്യസഭകളും ഉണ്ടാകുന്നത്. റോമാസാമ്രാജ്യത്തിൻറെ ഭാഗമല്ലാത്തതും തോമാ അപ്പോസ്തലനാൽ ഒന്നാം നൂറ്റാണ്ടിൽതന്നെ സ്ഥാപിതമായതുമായ മലങ്കരയിലെ നസ്രാണി സീറോ മലബാർ കത്തോലിക്കാസഭ എങ്ങനെ പൗരസ്ത്യസഭകളിൽ പെടും? സീറോ മലബാർ സഭ ഒരു അപ്പോസ്തലിക സഭയാണ്. അതിന് അതിൻറേതായ പാരമ്പര്യം, ശിക്ഷണം, ഭരണസമ്പ്രദായം, ദൈവാരാധന രീതികള്‍ എല്ലാം ഉണ്ടായിരുന്നു. അങ്ങനെ പാശ്ചാത്യ/പൗരസ്ത്യസഭകളിൽപെടാത്ത വ്യക്തിസഭയാണ് സീറോ മലബാർ സഭ. ഓരോ വ്യക്തിസഭയും ഉണ്ടാകാൻ കാരണം അവയുടെ തനതായ പാരമ്പര്യമാണെന്ന് എല്ലാവർക്കും അറിയാം.
ലിറ്റർജി (Liturgy) - സീറോ മലബാർ സഭയുടെ ലിറ്റർജി കല്‍ദായമാണെന്നുള്ളതിന് എന്തു തെളിവാണുള്ളത്? അവരുടെ കത്തനാരന്മാർ കല്‍ദായ കുർബ്ബാന ചൊല്ലിയിരുന്നില്ലല്ലോ. (ശ്രീ ജോസഫ് പുലിക്കുന്നേലിൻറെ 'ഭാരത നസ്രാണികളുടെ ആരാധനക്രമ വ്യക്തിത്വം - ഒരു പഠനം' എന്ന ലഘുലേഖ കാണുക). ഫ്രാൻസീസ് റോസ് മെത്രാൻ (1599-1624) നസ്രാണികൾക്കായി കുർബ്ബാന പരിഷ്‌ക്കരിച്ച് നടപ്പിലാക്കിയപ്പോൾ അന്നുവരെ നസ്രാണികളുടെ ആരാധന
ഭാഷയായിരുന്ന സുറിയാനിതന്നെ ഉപയോഗപ്പെടുത്തി എന്ന കാരണത്താൽ (റോസ് മെത്രാൻറെ സഭാരാഷ്ട്രീയ നീക്കമാറിരുന്നു, അത്) നസ്രാണികളുടെ ലിറ്റർജി എങ്ങനെ കല്‍ദായമാകും? പതിനാറാം നൂറ്റാണ്ടു മുതൽ നസ്രാണിസഭ പദ്രുവാദോ/പ്രൊപ്പഗാന്താ ഭരണത്തിൻ കീഴിൽ ആയിരുന്നല്ലോ. എങ്കിൽ പിന്നെ എന്തുകൊണ്ട് നസ്രാണികളുടെ ലിറ്റർജി പാശ്ചാത്യമാക്കണമെന്ന് പറഞ്ഞുകൂടാ? ഒരു സമൂഹത്തിൻറെ ആരാധന
രീതികള്‍ ആ സമൂഹത്തിൻറെ സംസ്കാരത്തിൽ അധിഷ്ഠിതമായിരിക്കണം. പൗരസ്ത്യസംഘവും മാർ പവ്വത്തിലും ചുരുക്കം ചില മെത്രാന്മാരുംകൂടി അങ്ങനെ ഒരു ലിറ്റർജിക്ക് സാദ്ധ്യത ഇല്ലാതാക്കി. കല്‍ദായ ലിറ്റർജി സഭയിൽ അടിച്ചേൽപിച്ചു. അങ്ങനെ അവർ കുതികാലുവെട്ടിത്തരം കാണിച്ചതിൻറെ പരിണിതഫലമാണ് സീറോ മലബാർ സഭ ഇന്ന് നാശത്തിലേക്ക് (വടക്ക്-തെക്ക്
ചേരിതിരിഞ്ഞുള്ള വഴക്ക്) മൂക്കുകുത്തിക്കൊണ്ടിരിക്കുന്നത്. കല്‍ദായ കുർബാനയും ക്ലാവർ കുരിശുമായാൽ രണ്ടാംവത്തിക്കാൻ കൗൻസിൽ നിർദേശിച്ച സഭാ നവീകരണമായി എന്നാണ് ഇക്കൂട്ടർ ധരിച്ചുവശായിരിക്കുന്നത്.
സഭാഭരണം (Administration)
- നസ്രാണി സഭയുടെ പള്ളി ഭരണം പലതട്ടിലുള്ള പള്ളിയോഗങ്ങൾ (ഇടവക പള്ളിയോഗം, പ്രാദേശികയോഗം, പള്ളിപ്രതിപുരുഷമഹായോഗം
അഥവാ സിനഡ്) വഴിയാണ് കാലാകാലങ്ങളായി നടത്തിക്കൊണ്ടിരുന്നത്. ആ പള്ളിയോഗത്തെ ദുർബലപ്പെടുത്തി ഉപദേശകസമിതിയായ പാശ്ചാത്യരീതിയിലുള്ള പാരീഷ് കൗണ്‍സിൽ നടപ്പിൽ വരുത്തി. പള്ളിഭരണം അങ്ങനെ ലത്തീനീകരിച്ചു. കാരണം പള്ളി ഭരണം മുഴുവൻ മെത്രാൻറെയും പള്ളിവികാരിയുടെയും കക്ഷത്തിൻ തന്നെ വേണം. കാനോൻ നിയമമെന്ന പാശ്ചാത്യ
കാട്ടാളനിയമം സീറോ മലബാർ സഭയിലും പൗരസ്ത്യ കാര്യാലയം കെട്ടിയേല്പിച്ചു. എന്തുകൊണ്ട് നമ്മുടെ മെത്രാന്മാർ അതിനെ എതിർത്ത് മാർതോമായുടെ മാർഗത്തിലും വഴിപാടിലും അധിഷ്ഠിതമായ ഒരു കാനോൻ നിയമം നിർമിക്കാൻ പൗരസ്ത്യ കാര്യാലയത്തോട് ആവശ്യപ്പെട്ടില്ല? പട്ടക്കാരെയും മേല്‍പട്ടക്കാരെയുമാണ് ഇത്തരം സത്യങ്ങൽ സാധാരണ വിശ്വാസികൾ പറഞ്ഞ് മനസ്സിലാക്കേണ്ടത്. പട്ടക്കാരെയും മേല്‍പട്ടക്കാരുമാണ് സഭയിൽ വഴക്കിനും വക്കാണത്തിനുമുള്ള കരിന്തിരി കത്തിക്കുന്നത്. കാനോൻ നിയമമുപയോഗിച്ച് 1991-ൽ പള്ളിക്കാരുടെ സ്വത്തുമുഴുവൻ മെത്രാന്മാർ പിടിച്ചെടുത്തു. മാർതോമായുടെ മാർഗവും വഴിപാടും എന്ന നസ്രാണി പൈതൃകത്തെ അവർ നശിപ്പിച്ചുകളയുകയാണ് ചെയ്തത്.
ദൈവശാസ്ത്രം (Theology) - എന്തു തിയോളജിയാണ് നമുക്കുള്ളത്? പാശ്ചാത്യരുടെ ദൈവശാസ്ത്രമാണല്ലോ ദൈവശാസ്ത്രം! ദൈവം സ്നേഹമാകുന്നു എന്ന നസ്രാണി സങ്കല്പത്തെ മാറ്റി ദൈവം കർക്കശമായ നിയമങ്ങളുണ്ടാക്കി, അതു പാലിക്കുന്നവനേ സ്വർഗരാജ്യമുള്ളു എന്ന പാശ്ചാത്യ ദൈവശാസ്ത്രത്തിലേക്ക് മാറി. അതുകൊണ്ടാണല്ലോ ഉദയമ്പേരൂർ സൂനഹദോസിൽ കൊണ്ടുവന്ന കുമ്പസാരം ഇന്നും തുടരുന്നത്. സ്‌നേഹനിധിയായ ദൈവത്തോട് ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് പ്രായശ്ചിത്തം ചെയ്യുകയായിരുന്നു നസ്രാണികളുടെ താരിപ്പ്. 'പിഴമൂളൽ' എന്നാണ് അതിനെ അറിയപ്പെട്ടിരുന്നത്. അതുമാറ്റി കുമ്പസാരക്കൂട്ടിലിരിക്കുന്ന അംശമുള്ള പട്ടക്കാരനോട് പാപത്തിൻറെ എണ്ണം, വണ്ണം എല്ലാം ഏറ്റുപറഞ്ഞ് കുമ്പസാരിക്കണം. ദൈവം സ്നേഹമാകുന്നു എന്ന
ദൈവശാസ്ത്രത്തെ തമസ്കരിച്ച് ദൈവം നീതിന്യായ വിധികർത്താവായി ഇവിടെ പ്രത്യക്ഷപ്പെടുന്നു. നമ്മെ എല്ലാം ലത്തീനികരിച്ചു എന്ന് വിലപിക്കുന്നവർ കുമ്പസാരം നിർത്തൽ ചെയ്ത് നമ്മുടെ പഴയ പാരമ്പര്യമായ പിഴമൂളലിലേയ്ക് തിരിച്ചുപോകണമെന്ന് തോന്നാത്തതെന്തുകൊണ്ട്? ചുരുക്കിപ്പറഞ്ഞാൽ ലിറ്റർജി കല്‍ദായം. സഭാഭരണം പാശ്ചാത്യം. ദൈവശാസ്ത്രം പാശ്ചാത്യം. അപ്പോൾ നസ്രാണി സഭ എങ്ങനെ തനതായ പൈതൃകമുള്ള വ്യക്തിസഭയാകും? നസ്രാണിസഭ യാഥാർത്ഥ വ്യക്തിസഭ ആകണമെങ്കിൽ ഭാരതീയ സംസ്‌കാരത്തിലധിഷ്ഠിതമായ ഒരു ലിറ്റർജി വികസിപ്പിച്ചെടുക്കണം. പള്ളി ഭരണം പണ്ടത്തെപ്പോലെ മാർതോമായുടെ മാർഗത്തിലും വഴിപാടിലും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം; പള്ളിയോഗതീരുമാനപ്രകാരം ആയിരിക്കണം. അത് രാഷ്ട്രനിയമത്തിന് വിരുദ്ധമായിരിക്കാൻ പാടില്ല. സഭാസ്വത്തുക്കൾ ഭരിക്കാൻ ഗവൻമെൻറ് നിയമമുണ്ടാക്കിയാൽ (Church Trust Bill) സഭയിൽ ഇന്നു നടന്നുകൊണ്ടിരിക്കുന്ന അനീതികൾക്ക് തൃപ്തികരമായ ഒരു ശമനമുണ്ടാകുമെന്നുള്ളത് തീർച്ചയായ കാര്യമാണ്. മറിച്ച് കൽദായകുർബാനയും പുറംതിരിഞ്ഞ് ബലിയാർപണവും ശീലതൂക്കലും ക്ലാവർകുരിശും പാശ്ചാത്യപള്ളിഭരണവും കിഴക്കിൻറെ കാനോൻ നിയമവും നസ്രാണി എണങ്ങരുടെ തലയിൽ കെട്ടിയേല്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നാൽ ഈ സഭ നാശത്തിലേക്കേ നീങ്ങൂ. ചങ്ങനാശ്ശേരിയിൽ മാർ പൗവ്വത്തിൽ വിതച്ച നാശത്തിൻറെ വിത്ത് പിഴുതുകളഞ്ഞേ മതിയാവൂ.
മാനവും മഹത്വവും
ദൈവത്തിനുള്ളതാണ്. ചെറിയ കാര്യങ്ങളുടെ പേരിൽ വർഗീയത സൃഷ്ടിക്കുന്നവരുടേതല്ല.
ആത്മീയ ഗുരുക്കളായ വൈദികരും മെത്രാന്മാരും എന്തിന് സഭയുടെ ഭൗതിക സ്വത്തുക്കൾ
ഭരിക്കണം?!
സഭാസ്വത്തിൻറെ അവകാശികളായ വിശ്വാസികൾ അത് കൈകാര്യം
ചെയ്യട്ടെ. മാർ പൗവ്വത്തിലിന് നവതി ആശംസകൾ നേരുമ്പോൾത്തന്നെ അദ്ദേഹം സീറോ മലബാർ സഭയുടെ രക്ഷകനോ ഘാതകനോയെന്ന് സഭയിലെ വിശ്വാസികൾ വിലയിരുത്തട്ടെ.
No comments:
Post a Comment