കേരളത്തിലെ ക്രിസ്ത്യന്‍ വനിതകള്‍ പിതാവിന്റെ സ്വത്തില്‍ തുല്യാവകാശം നേടിയ വിജയദിനമാണിന്ന്
കേരളത്തിലെ ക്രിസ്ത്യന്‍ വനിതകള്‍ക്ക് നിലയും വിലയുമൊക്കെ ലഭിച്ച ദിവസമാണ് 1986 ഫെബ്രുവരി 24. എത്രപേര്‍ക്ക് ഈ ദിവസത്തിന്റെ പ്രാധാന്യം അറിയാം എന്നറിയില്ല. ആത്മാഭിമാനവും തന്റേടവും മാത്രം കൈമുതലായി ഉണ്ടായിരുന്ന 'കോട്ടയം ത്സാന്‍സി റാണി' എന്ന മേരി റോയ് ദീര്‍ഘമായ നിയമ യുദ്ധം നടത്തി പിതാവിന്റെ സ്വത്തില്‍ ആണിനൊപ്പം പെണ്ണിനും തുല്യാവകാശം നേടിയ വിജയദിനമാണിന്ന്.
കേരളത്തിലെ
ക്രൈസ്തവ വനിതകളുടെ ജാതകം തന്നെ തിരുത്തിക്കുറിച്ച വിധിയായിരുന്നു ഇത്.
മേരി റോയ് വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള എന്ന കേസിന്റെ വിധി തുല്യാവകാശ
പോരാട്ടത്തിലെ നിര്‍ണായക ചുവട് വെയ്പ്പാണ്.
1916-ലെ
തിരുവിതാംകൂര്‍-കൊച്ചി ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം
അസ്സാധുവാക്കി കൊണ്ട് സുപ്രീം കോടതി 1986 ഫെബ്രുവരി 24-ന് ചരിത്ര
പ്രാധാന്യമുള്ള വിധി പ്രസ്താവം നടത്തി.
വിധി
പ്രസ്താവം അടിച്ചു വന്ന ഇന്ത്യൻ എക്സ് പ്രസ് പത്രമിന്നും ഒരു ചരിത്ര
രേഖയായി എനിക്കൊപ്പമുണ്ട്. അത്രമേൽ ചരിത്ര പ്രാധാന്യമുള്ള സംഭവമാണിത്.
വില്‍പത്രം
എഴുതാതെ മരിക്കുന്ന പിതാവിന്റെ സ്വത്തില്‍ ആണ്‍മക്കള്‍ക്കും
പെണ്‍മക്കള്‍ക്കും തുല്യാവകാശമുണ്ടെന്ന ഉത്തരവാണ് സുപ്രീം കോടതി
പുറപ്പെടുവിച്ചത്. 1951 ഏപ്രിൽ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിധി
നടപ്പാക്കാനാണ് സുപ്രീം കോടതി ഉത്തരവായത്. 1925-ലെ ഇന്ത്യന്‍
പിന്തുടര്‍ച്ചാവകാശ നിയമം മാത്രമാണ് ബാധകമെന്നും മറ്റെല്ലാ നിയമങ്ങളും
അസാധുവാണെന്നുമായിരുന്നു ആ വിധി. നിയമ ചരിത്രത്തില്‍ മാത്രമല്ല,
സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിലെ നാഴിക
കല്ലായിരുന്നു ആ വിധി.
1984-ലാണ്
പിതൃസ്വത്തില്‍ സ്ത്രീകള്‍ക്കും തുല്യാവകാശമുണ്ടെന്ന് കാട്ടി മേരി റോയ്
സുപ്രീം കോടതിയില്‍ ഹർജി സമര്‍പ്പിച്ചത്. കേരളത്തിലെ എല്ലാ ക്രൈസ്തവ സഭ
ബിഷപ്പുമാരും സഭാ നേതാക്കളും മേരി റോയിയുടെ നിയമപോരാട്ടത്തിനെതിരെ
യോജിക്കുകയും, അവരെ ഒറ്റപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ചു.
അതാണല്ലോ സഭകളുടെ പതിവ്. അപവാദം പറഞ്ഞ് തകർക്കുക എന്നതാണ് ഇവമ്മാരുടെ
പ്രധാന പണി .
അസമിലെ
തേയില തോട്ടത്തിലെ മാനേജറായിരുന്ന റെജീബ് റോയിയെയാണ് മേരി വിവാഹം
കഴിച്ചത്. അദ്ദേഹത്തിന്റെ അമിതമായ മദ്യപാനം മൂലം ദാമ്പത്യം പാതിവഴിയില്‍
ഉപേക്ഷിച്ച് മേരി റോയി രണ്ട് കുട്ടികളുമൊത്ത് പിതാവിന്റെ ഊട്ടിയിലുള്ള
ക്വാട്ടേഴ്‌സില്‍ താമസം തുടങ്ങി. അപ്പന്റെ വീട് മേരി കൈവശപ്പെടു ത്തിയാലോ
എന്ന് ഭയന്ന് സഹോദരന്‍ ജോര്‍ജ് മേരിയോട് വീട്ടില്‍ നിന്ന് ഒഴിയാന്‍
ആവശ്യപ്പെട്ടു. അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് ഗുണ്ടകളെ ഉപയോഗിച്ച്
ബലമായി ആ വീട്ടില്‍ നിന്നുമിറക്കി. ഇതായിരുന്നു പിതൃസ്വത്തിന് വേണ്ടിയുള്ള
പോരാട്ടം ആരംഭിക്കാന്‍ മേരി റോയിയെ പ്രേരിപ്പിച്ചത്.
അറുപതുകളുടെ
പകുതി മുതല്‍ കീഴ്‌കോടതികളില്‍ നിന്നാരംഭിച്ച നിയമ പോരാട്ടം 1984-ല്‍
സുപ്രീം കോടതി വരെ എത്തി. മേരി റോയ് ഒറ്റയ്ക്ക് നയിച്ച യുദ്ധമായിരുന്നു
അത്.
യാഥാസ്ഥിതികതയും
പുരുഷമേധാവിത്വവും പൗരോഹിത്യവും മറ്റ് സ്ഥാപിത താല്‍പര്യങ്ങളും കൂടി
കലര്‍ന്ന ഒരു സമൂഹത്തോടായിരുന്നു മേരി റോയ് പോരാടിയത്. ' "എനിക്ക് വേണ്ടി
മാത്രമായിരുന്നില്ല ഞാന്‍ കോടതിയില്‍ പോയത്. അനീതിക്കെതിരെയായിരുന്നു എന്റെ
പോരാട്ടം. രാജാവിന്റെ കാലത്ത് സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍
ഉണ്ടാക്കിയ നിയമം, സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയില്‍
നിലനില്‍ക്കുന്നുവെന്നത് ഒരു വിരോധാഭാസമായിരുന്നു'. മേരി റോയ് ഒരിക്കല്‍
ഒരു അഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
സുപ്രീം
കോടതി വിധിയോടെ ക്രൈസ്തവ സമുദായം തകരുമെന്നായിരുന്നു പലരും
പ്രചരിപ്പിച്ചിരുന്നത്. വിധിക്ക് മുന്‍കാല പ്രാബല്യമുള്ളതുകൊണ്ട്
സ്ത്രീകളൊക്കെ അവകാശം സ്ഥാപിക്കാന്‍ കോടതിയില്‍ പോകുമെന്നും കുടുംബങ്ങളില്‍
അസ്വസ്ഥതയുണ്ടാകുമെന്നൊക്കെ പള്ളികളില്‍ വൈദികര്‍ വിളിച്ചു പറഞ്ഞു.
മനോരമയും ദീപികയും മേരി റോയിയെ പ്രതിസ്ഥാനത്ത്. നിർത്തിക്കൊണ്ട് ഒട്ടേറെ
കഥകൾ പടച്ചു , വില്ലത്തിയായി ചിത്രീകരിച്ചു കൊണ്ട്.
പാലായിലും
കോട്ടയത്തും ചില കാഞ്ഞ പുത്തിയുള്ള മിടുമിടുക്കന്മാരായ അച്ചായന്മാർ
ബാങ്കുകളിൽ നിന്നെടുത്ത ലോൺ തിരിച്ചടയ്ക്കാതിരിക്കാൻ പെങ്ങമ്മാരെ കൊണ്ട്
പണയ വസ്തുവിവേൽ അവകാശ വാദമുന്നയിച്ച് കേസു കൊടുപ്പിച്ചു. ഇതോടെ പല
ബാങ്കുകളും പുലി വാലു പിടിച്ചു. ക്രിസ്ത്യാനികളുടെ വസ്തു ഈടി മേൽ വായ്പ
നൽകുന്നതിന് എസ്ബിടി , എസ് ബി ഐ ബാങ്കുകൾ പല നിയന്ത്രണങ്ങളും
ഏർപ്പെടുത്തി.
പള്ളിയും
പട്ടക്കാരും ഈ അവസ്ഥയില്‍ സമര്‍ത്ഥമായി ഇടപ്പെട്ടു. കൂട്ടത്തില്‍, അന്നത്തെ
നിയമ- ധനകാര്യ മന്ത്രിയായിരുന്ന കെ.എം മാണിയും പള്ളിയോടൊപ്പം കൂടി.
1994-ല്‍ സുപ്രീം കോടതി വിധിയിലെ മുന്‍കാല പ്രാബല്യം മറികടക്കാനായി കേരള
നിയമസഭയില്‍ ഒരു പുതിയ ബിൽ സർക്കുലേറ്റ് ചെയ്തു.
' ദ
ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍ ക്രിസ്ത്യന്‍ സക്‌സസെഷന്‍ (റിവൈവല്‍ ആന്റ്
വാലിഡേഷന്‍) ബില്‍ 1994 ' എന്ന പേരില്‍ ബില്ല് സര്‍ക്കുലേറ്റ്
ചെയ്‌തെങ്കിലും അന്നത്തെ ഭരണമുന്നണിയിലെ 25-ലധികം എംഎല്‍എമാര്‍
ബില്ലിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ചു. അത്യന്തം സ്ത്രീ വിരുദ്ധമായ
ബില്ല് എന്നായിരുന്നു പൊതുവേയുള്ള അഭിപ്രായം. ബില്ലിന് രാഷ്ട പതിയുടെ
അംഗീകാരം ലഭിച്ചില്ല. അതിപ്പോഴും ത്രിശങ്കു സ്വർഗത്തിൽ.
മേരി
റോയിയോട് കേരള സമൂഹം പ്രത്യേകിച്ച് സ്ത്രീകൾ വേണ്ടത്ര ആദരവ്
പ്രകടിപ്പിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ തർക്കമുണ്ട്. ഇവിടെ ഇപ്പോൾ
തുല്യതയ്ക്കു വേണ്ടി ചില ചപ്പടാച്ചി സമരങ്ങളും താത്വിക ന്യായങ്ങളും
ചമക്കുന്നവർക്കിടയിൽ നിന്ന് വ്യത്യസ്തമായിരുന്നു മേരി റോയി.
സംഘടിത വനിത സംഘടനകളും രാഷ്ട്രീയ കൂട്ടായ്മകളും മേരി റോയിയുടെ പോരാട്ടത്തെക്കുറിച്ച് വേണ്ടത്ര അറിവ് നേടിയോ എന്നു പോലും സംശയമുണ്ട്.
ജെൻ്റർ
പoനങ്ങളിൽ മേരി റോയിയുടെ ചരിത്ര പരമായ ഇടപെടലിനെക്കുറിച്ച് കാര്യമായ
പoനങ്ങൾ നടക്കുന്നുണ്ടോ എന്നാർക്കറിയാം? അത്തരം അറിവ് തേടലുകൾ
നടക്കുന്നുണ്ടെങ്കിൽ നല്ല കാര്യം.
എന്തായാലും
ഫെബ്രുവരി 24 , ക്രിസ്ത്യൻ സ്ത്രീകൾ നുകങ്ങളിൽ നിന്ന് മോചനം നേടിയ
ദിനമാണ്. അവരു പോലും മറന്നു പോയ ദിനത്തിൽ മേരി റോയിയെ ഓർക്കാതിരിക്കാൻ
വയ്യ.
No comments:
Post a Comment