ഫാ. സുഭാഷ് ആനന്ദ് (ഭൂപാല്‍പുര,രാജസ്ഥാന്‍) ഫോണ്‍: 7426830977
സത്യജ്വാല 2020 ഡിസംബര്‍ ലക്കത്തില്‍നിന്ന്
[ലേഖകന്റെ, 'To the Bishops of India and to Their Collaborators: Covid 19 and Organized Religions' എന്ന ലേഖനത്തിന്റെ മലയാളരൂപം. സ്വന്തം തര്‍ജ്ജമ-എഡിറ്റര്‍]
* ഈ പകര്‍ച്ചവ്യാധി, പല രീതിയിലും വലിയൊരു അനുഗ്രഹമായിട്ടില്ലേ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അത്, ചിന്തിക്കാതെ മുന്‍കൂറായിത്തന്നെ ശരിയെന്നു ധരിച്ചിരുന്ന (taken for granted) പല കാര്യങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് എന്താണു ദൈവം? എന്താണു പ്രാര്‍ഥന? എന്താണു മതം? ആരാണ് ക്രിസ്ത്യാനി? എന്നിങ്ങനെയുള്ള പല കാര്യങ്ങളെക്കുറിച്ചും പല വിധത്തില്‍ വിമര്‍ശനബുദ്ധിയോടെ പരിശോധിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കാന്‍ കാരണമായിരിക്കുന്നു. *
'കോവിഡ് വിമുക്തിക്കായുള്ള പ്രാര്‍ഥന' (Prayer for relief from Covid) എന്ന് ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍, നിങ്ങള്‍ക്കായി കോവിഡ് വിമുക്തിക്കായുള്ള റെഡിമെയ്ഡ് പ്രാര്‍ഥനാഫോര്‍മുലകള്‍ വാഗ്ദാനംചെയ്യുന്ന നിരവധി സൈറ്റുകള്‍ കണ്ടെത്താന്‍ കഴിയും. ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങളിലുള്ള വ്യത്യസ്ത മതങ്ങളുടെ നേതാക്കള്‍ കോവിഡില്‍നിന്നു രക്ഷിക്കണമേ എന്ന് ദൈവത്തോടു പ്രാര്‍ഥിക്കാന്‍ സന്മനസ്സുള്ള എല്ലാ ജനങ്ങളോടും അപേക്ഷിക്കുന്നതായും നമുക്കു കാണാന്‍ കഴിയും. ഇത്തരത്തിലുള്ള വാര്‍ത്തകളില്‍ ഫ്രാന്‍സീസ് മാര്‍പാപ്പയും വരാറുണ്ട്. ഈ പകര്‍ച്ചവ്യാധി ശമിച്ചുകിട്ടുക എന്ന ഉദ്ദേശ്യത്തോടെ 2020 മെയ് 14-ന് ഉപവാസത്തോടും ഉപവിപ്രവര്‍ത്തനങ്ങളോടുംകൂടെ പ്രാര്‍ഥനാദിനമായി ആചരിക്കാന്‍ എല്ലാ വിശ്വാസികളോടും അദ്ദേഹം ആഹ്വാനംചെയ്തിരുന്നു. പ്രാദേശികതലങ്ങളില്‍ ചില മെത്രാന്മാര്‍ ദൈവത്തിന്റെ പ്രത്യേക സംരക്ഷണം ലഭ്യമാകുന്നതിനുവേണ്ടി ചൊല്ലുവാന്‍ ചില പ്രത്യേക പ്രാര്‍ഥനകളും അവതരിപ്പിച്ചിരുന്നു. ഇത് അവരുടെ സാധാരണ തന്ത്രങ്ങളില്‍ ഒന്നുമാത്രമാണ്. ഈ മെത്രാന്മാര്‍ക്ക് മനുഷ്യസമുദായത്തിനുവേണ്ടി കൂടുതല്‍ പ്രയോജനപ്രദമായ ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന് എനിക്കു തീര്‍ച്ചയുണ്ട്.
ഞാന്‍ ഇങ്ങനെ പറയുന്നതിന്റെ കാരണം, കോവിഡ് പിന്‍വാങ്ങുന്നതിന്റെ യാതൊരു ലക്ഷണവും കാണാത്തതും, അനേകംപേര്‍ 'ഒരു ദൈവംതന്നെയുണ്ടോ?', 'ദൈവം യഥാര്‍ഥത്തില്‍ ഇതൊക്കെ ശ്രദ്ധിക്കുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടോ?', 'നമ്മുടെ പ്രാര്‍ഥനകള്‍കൊണ്ട് എന്തെങ്കിലും ഉദ്ദേശ്യങ്ങള്‍ സാധിക്കുന്നുണ്ടോ?' എന്നിങ്ങനെയൊക്കെ ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നതുമാണ്. ഈ പകര്‍ച്ചവ്യാധി, പല രീതിയിലും വലിയൊരു അനുഗ്രഹമായിട്ടില്ലേ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അത്, ചിന്തിക്കാതെ മുന്‍കൂറായിത്തന്നെ ശരിയെന്നു ധരിച്ചിരുന്ന (taken for granted) പല കാര്യങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് എന്താണു ദൈവം? എന്താണു പ്രാര്‍ഥന? എന്താണു മതം? ആരാണ് ക്രിസ്ത്യാനി? എന്നിങ്ങനെയുള്ള പല കാര്യങ്ങളെക്കുറിച്ചും പല വിധത്തില്‍ വിമര്‍ശനബുദ്ധിയോടെ പരിശോധിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കാന്‍ കാരണമായിരിക്കുന്നു. നമ്മില്‍ പലരും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അവയ്ക്കു പിന്നിലുള്ള ധാര്‍മികവും പാരിസ്ഥിതികവുമായി അനുപേക്ഷണീയമായ കാര്യങ്ങള്‍ അവഗണിച്ച് തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ തുടര്‍ന്നും ജീവിക്കാനാവുമെന്ന് കരുതുകയും പ്രശ്‌നപരിഹാരത്തിനായി ദൈവത്തിലേക്കു തിരിയുകയും ചെയ്യാറുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം പിടിക്കപ്പെടുമ്പോള്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലികൊടുത്ത് അവര്‍ വേണ്ടതുപോലെ ചെയ്തുകൊള്ളും എന്നു പ്രതീക്ഷിക്കുന്നവരെപ്പോലെയാണ്, ഇവിടെയും നാം.
അഞ്ചു വര്‍ഷംമുമ്പ് 2015 മെയ് 24-ന് പ്രസിദ്ധീകരിച്ച 'നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണ'(On Care of Our Common Home)ത്തെക്കുറിച്ച്, 'അങ്ങേക്കു സ്തുതി' (Laudato Si) എന്ന ചാക്രികലേഖനത്തില്‍ ഫ്രാന്‍സീസ് മാര്‍പാപ്പാ നമുക്കിങ്ങനെ ഒരു മുന്നറിയിപ്പു നല്കിയിരുന്നു: ''ഓരോ ജീവിയും, ദൈവത്തിന്റെ സൃഷ്ടി എന്ന നിലയ്ക്ക് അതില്‍ത്തന്നെ സ്വതേ നല്ലതും ശ്രേഷ്ഠവുമാണ്. അതുപോലെതന്നെ നിലവിലുള്ള ജീവജാലങ്ങളുടെ സ്വരലയമുള്ള സമഷ്ടി ഓരോന്നിനും അതാതിന്റേതായ ഇടത്തോടുകൂടിയ ക്രമബദ്ധമായ ഒരു സംവിധാനമായാണ് പ്രവര്‍ത്തിക്കുന്നത്. നാം അതിനെപ്പറ്റി ബോധവാന്മാരല്ലെങ്കിലും, ഈ മഹാസംവിധാനത്തെ ആശ്രയിച്ചാണ് നമ്മുടെ നിലനില്പ്. ഇതു മനസ്സിലാക്കാന്‍, ഇക്കോസിസ്റ്റം എങ്ങനെയാണ് കാര്‍ബണ്‍ ഡയോക്‌സൈഡ് വേര്‍തിരിക്കുന്നതും ജലം ശുദ്ധീകരിക്കുന്നതും രോഗങ്ങളും പകര്‍ച്ചവ്യാധികളും നിയന്ത്രിക്കുന്നതും മണ്ണുണ്ടാക്കുന്നതും മാലിന്യങ്ങള്‍ ഇല്ലാതാക്കുന്നതും, കൂടാതെ നാം ശ്രദ്ധിക്കാറില്ലാത്തതോ നമുക്ക് ഒട്ടുംതന്നെ അറിയില്ലാത്തതോ ആയ മറ്റനേകം പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതുമെന്ന് ഒന്ന് ഓര്‍മിച്ചുനോക്കിയാല്‍മാത്രം മതി'' (ഖണ്ഡിക 140).
''അന്ത്യവിധിദിനത്തെ സംബന്ധിച്ച പ്രവചനങ്ങളെ ഇനിയും പുച്ഛത്തോടെ, വ്യാജോക്തിയായി കാണാനാവില്ല. ഇനിയും വരുന്ന തലമുറകള്‍ക്കായി ജീര്‍ണാവശിഷ്ടങ്ങളും മാലിന്യങ്ങളും തരിശുസ്ഥലങ്ങളുംമാത്രം നാം അവശേഷിപ്പിക്കാനുള്ള സാധ്യത ഒട്ടും കുറവല്ല. ഉപഭോഗത്തിന്റെ ഗതിവേഗത്തില്‍ വ്യാപകമാകുന്ന മാലിന്യങ്ങളും പാരിസ്ഥിതികവ്യതിയാനങ്ങളും നമ്മുടെ സമകാലിക ജീവിതശൈലിയും തുടര്‍ന്നുകൊണ്ടുപോകാനും സുസ്ഥിരമാക്കി നിലനിര്‍ത്താനും ഈ ഭൂഗോളത്തിനു ശേഷിയില്ല. ഇപ്പോള്‍ത്തന്നെ ലോകത്തിന്റെ പലഭാഗത്തും ഇടയ്ക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളില്‍നിന്ന്, ഒരു മഹാവിപത്തിലേക്കു നമ്മെ തള്ളിയിടാന്‍ കഴിയുംവിധത്തിലാണ് കാര്യങ്ങളുടെ കിടപ്പ് എന്നു നമുക്ക് മനസ്സിലാക്കാം. സമകാലികമായ ഈ അസന്തുലിതാവസ്ഥ കുറയ്ക്കാന്‍ ഇവിടെ ഇപ്പോള്‍ത്തന്നെ നാം നടത്തേണ്ട നമ്മുടെ സുചിന്തിതമായ പ്രവര്‍ത്തനത്തിലൂടെയേ സാധിക്കൂ. നാം ചെയ്യുന്ന കാര്യങ്ങള്‍, അവയുടെ പരിണതഫലങ്ങള്‍ നേരിടേണ്ടിവരുന്നവരുടെമുമ്പില്‍ സുതാര്യമാക്കാനുള്ള ചുമതലാബോധം (accountability-) നാം പുലര്‍ത്തേണ്ടതുണ്ട്.'' (ഖണ്ഡിക 161).
''വളരെ കുറച്ചുപേര്‍ക്കുമാത്രം സാധിക്കുന്ന ഉപഭോക്തൃ(consumerist)ജീവിതശൈലി നിര്‍ബന്ധബുദ്ധി യോടെ നാം തുടര്‍ന്നാല്‍ അത് അക്രമത്തിലേക്കും എല്ലാവരുടെയും വിനാശത്തിലേക്കുംമാത്രമേ നയിക്കൂ'' (ഖണ്ഡിക 204).
നമ്മുടെ മെത്രാന്മാര്‍ മാര്‍പാപ്പായുടെ ഈ പരിഗണനകളില്‍ മനുഷ്യാവകാശങ്ങള്‍, ലിംഗനീതി, സാമൂഹികനീതി, കാലാവസ്ഥാവ്യതിയാനം, പൗരോഹിത്യം, കണ്‍സ്യൂമെറിസം മുതലായ ചിലതൊക്കെ അവരുടെ യോഗങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും പുണ്യപൂര്‍ണമായ ചില പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും ഞാനും കാണുകയുണ്ടായിട്ടുണ്ട്. എന്നാല്‍ അവയില്‍ യാതൊന്നുംതന്നെ, നമ്മുടെ അജപാലന നയരൂപീകരണത്തിന്റെയോ മതപഠനത്തിന്റെയോ പള്ളിപ്രസംഗങ്ങളുടെയോ ആരാധനക്രമത്തിന്റെയോ അനുദിനജീവിതത്തിന്റെയോ പുനരാവിഷ്‌കരണമായി ഉപയോഗിച്ചുകണ്ടിട്ടില്ല. അതിന്റെ തികച്ചും ലളിതമായ കാരണം, ഈ പരിഗണനകളെല്ലാം സംഘടിതമതങ്ങളെ അടിയേ നശിപ്പിക്കും എന്നതാണ്. 53 വര്‍ഷമായി പുരോഹിതപദവിയില്‍ ജീവിക്കുന്ന ഞാന്‍ ഇന്നോളം കണ്ടിട്ടുള്ളത്, സ്ഥാപനവത്ക്കരിക്കപ്പെടുന്നതനുസരിച്ച് സഭ അതിന്റെ നിലനില്പിനായി അനീതിയെയും അവിശ്വസ്തതയെയും അര്‍ധസത്യങ്ങളെയും തികഞ്ഞ അസത്യങ്ങളെയും കൂടുതല്‍ ആശ്രയിക്കുന്നതായാണ്. നാം അനീതിയിലും അവിശ്വസ്തതയിലും അര്‍ധസത്യങ്ങളിലും തികഞ്ഞ അസത്യങ്ങളിലും കുറ്റക്കാരാണ്. ഇതു നാം തുറന്നുപറയേണ്ട കാര്യമാണ്; പക്ഷേ, നാം വായ് തുറക്കില്ല.
മറ്റൊരു വിധത്തില്‍ നോക്കിയാല്‍, സംഘടിതമതം എന്ന നിലയില്‍ സഭ ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലേറെയും യേശുവില്‍നിന്നു വന്നതല്ലെന്നും അവയില്‍ പലതും ആവശ്യമുള്ളവയല്ലെന്നും കാണാം. കാരണം, അവ യഥാര്‍ഥ ക്രൈസ്തവജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നവയല്ല; എന്നാല്‍ പുരോഹിതര്‍ക്കും മെത്രാന്മാര്‍ക്കും സുഖജീവിതം ഉറപ്പുവരുത്തുന്നതാണുതാനും. സഭയില്‍ ഈവക പ്രവര്‍ത്തനങ്ങള്‍ ഇല്ലാതായാല്‍, നമ്മുടെ പുരോഹിതരിലും മെത്രാന്മാരിലുമുള്ള അനേകര്‍, തങ്ങളുടെ ജീവിതംകൊണ്ട് എന്താണിനി ചെയ്യേണ്ടതെന്നറിയാതെ കുഴങ്ങുകയേയുള്ളൂ.
താന്തോന്നികളും ധിക്കാരികളുമായ ഇസ്രായേലിയരോട് അവര്‍ നാടുകടത്തപ്പെടുന്നതിനുമുമ്പ് ദൈവം ഉദ്‌ഘോഷിച്ചതെന്തെന്ന് നാം അറിയേണ്ടതുണ്ട്. ഇങ്ങനെയാണ് യെശയ്യാ പറയുന്നത്:
''നിങ്ങള്‍ അര്‍പ്പിക്കുന്ന അനേകം യാഗങ്ങള്‍ എനിക്കെന്തിന്? ആണാടുകളെ ഹോമിക്കുന്ന ബലികളും വളര്‍ത്തുമൃഗങ്ങളുടെ മേദസ്സും എനിക്കു വേണ്ടുവോളമായി. കാളകളുടെയോ ചെമ്മരിയാടുകളുടെയോ ആണ്‍കോലാടുകളുടെയോ രക്തത്തില്‍ ഞാന്‍ പ്രസാദിക്കുന്നില്ല. എന്റെ സന്നിധിയില്‍ വരുമ്പോള്‍ എന്റെ തിരുമുറ്റം ചവിട്ടിമെതിക്കാന്‍ നിങ്ങളോട് ആരാണ് ആവശ്യപ്പെട്ടത്? വ്യര്‍ഥമായ വഴിപാടുകള്‍ ഇനി കൊണ്ടുവരരുത്. ധൂപം എനിക്കു മ്ലേച്ഛതയാണ്. അമാവാസിയും ശാബത്തും സമ്മേളനങ്ങളും-നിങ്ങളുടെ ദുഷിച്ച സമ്മേളനങ്ങള്‍, എനിക്കു പൊറുത്തുകൂടാ. നിങ്ങളുടെ അമാവാസികളും നിര്‍ദിഷ്ട തിരുനാളുകളും എനിക്കു വെറുപ്പാണ്; അവ എനിക്കു ഭാരമായിരിക്കുന്നു. അവ ചുമന്നു ഞാന്‍ മടുത്തു. നിങ്ങള്‍ കൈനീട്ടുമ്പോള്‍ ഞാന്‍ എന്റെ കണ്ണുകള്‍ നിങ്ങളില്‍നിന്നു തിരിച്ചുകളയും. നിങ്ങള്‍ എത്രയധികം പ്രാര്‍ഥനകള്‍ നടത്തിയാലും ഞാന്‍ ശ്രദ്ധിക്കയില്ല. നിങ്ങളുടെ കൈകളില്‍നിറയെ രക്തമാണ്. നിങ്ങള്‍ കുളിച്ചു ശുദ്ധരാകൂ. എന്റെ കണ്‍മുമ്പില്‍നിന്നു നിങ്ങളുടെ ദുര്‍വൃത്തികള്‍ നീക്കിക്കളയൂ; തിന്മയില്‍നിന്നു വിരമിക്കൂ. നന്മചെയ്യാന്‍ പഠിക്കൂ. നീതി അന്വേഷിക്കൂ; മര്‍ദ്ദകനെ തിരുത്തൂ; അനാഥനെ സംരക്ഷിക്കൂ; വിധവയ്ക്കുവേണ്ടി വാദിക്കൂ'' (യെശ. 1 :11-17).
യേശുവിന്റെ ദൈവം നമ്മുടെ ആചാരനിഷ്ഠമായ ആരാധനക്രമങ്ങളും നൊവേനകളും ഗ്രോട്ടോപ്പെരുന്നാളുകളും പ്രദക്ഷിണങ്ങളും ഒന്നും ശ്രദ്ധിക്കുകയില്ല. നമ്മുടെ അയല്‍ക്കാരനോടും പരിസ്ഥിതിയോടും നമുക്കുള്ള കരുതലേ അവന്‍ ആവശ്യപ്പെടുന്നുള്ളൂ. നമ്മില്‍നിന്ന് അവന്‍ ആവശ്യപ്പെടുന്ന ആരാധന അതുമാത്രമാണ്. ഞാന്‍ ആശ്ചര്യപ്പെടുന്നത്, നമ്മുടെ പുരോഹിതരിലും മെത്രാന്മാരിലും എത്രപേര്‍ ഈ ദൈവത്തെപ്പറ്റി കേട്ടിട്ടുണ്ട് എന്നാണ്!
ഈ ദിവസങ്ങളില്‍ എന്റെ ഒരു ഹൈന്ദവ സുഹൃത്തിന്റെ നിര്‍ദ്ദേശമനുസരിച്ച്, ഞാന്‍ 'പി.കെ' എന്ന ഹിന്ദി സിനിമ കാണുകയുണ്ടായി. അതില്‍ സംഘടിതമതങ്ങളുടെ വ്യാജമായ അവകാശവാദങ്ങളെയും മതനേതാക്കള്‍ - ആത്മീയഗുരുക്കന്മാരല്ല - ഭക്തരെ കെണിയില്‍പ്പെടുത്തുന്നതിനെയും വളരെ ശക്തമായി ആവിഷ്‌കരിച്ചിരിക്കുന്നു. ആ സിനിമ ഇംഗ്ലീഷ് സബ് ടൈറ്റിലോടെ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ കാണാനാവും (https://www.youtube.com/watch?v=w-Srp4fkoZU). ഏതു മതത്തില്‍ വിശ്വസിക്കുന്നവരായാലും ആ സിനിമ കാണണമെന്ന് ഞാന്‍ ശിപാര്‍ശചെയ്യുന്നു. പ്രത്യേകിച്ച്, നമ്മുടെ പുരോഹിതരും മെത്രാന്മാരും ഈ സിനിമ കാണാതിരിക്കരുതെന്ന് നിര്‍ബന്ധപൂര്‍വം ഞാന്‍ നിര്‍ദ്ദേശിക്കുന്നു. ഈ ലോക്ക്ഡൗണ്‍കാലത്ത് അതു കാണുന്നതുതന്നെ വിലയേറിയ ഒരു പ്രവര്‍ത്തനമായിരിക്കും.
No comments:
Post a Comment