Translate

Saturday, March 28, 2015

യൂറോ - അമേരിക്കന്‍ വ്യവസ്ഥാപിത ഭീകരവാദം II



 സത്യജ്വാല ചീഫ് എഡിറ്റര്‍ ശ്രി ജോര്‍ജ് മൂലേച്ചാലില്‍ എഴുതിയ,  

ഉടന്‍ പ്രസിദ്ധീകരിക്കുന്ന,  

നവകൊളോണിയല്‍ നാഗരികതയുടെ നാല്‍ക്കവലയില്‍ എന്ന പുസ്തകത്തിന്റെ 

ആദ്യ അധ്യായം അല്മായശബ്ദത്തില്‍  

നാലു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു - എഡിറ്റര്‍

ഒന്നാം ഭാഗം: http://almayasabdam.blogspot.in/2015/03/blog-post_25.html
രണ്ടാം ഭാഗം


ഒരു നൂറ്റാണ്ടിനുമുമ്പുതന്നെ, ആധുനിക പാശ്ചാത്യപരിഷ്‌കാരത്തിന്റെ പ്രതിലോമകരമായ ഉള്ളടക്കത്തെ ഗാന്ധിജി തുറന്നു കാട്ടിയിരുന്നു എന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. 1908-ല്‍ അദ്ദേഹമെഴുതിയ 'ഹിന്ദ് സ്വരാ'ജിനെക്കുറിച്ച്, 'ആധുനികപരിഷ്‌കാരത്തിന്റെ കടുത്തൊരു ഖണ്ഡനമാണീ കൃതി''എന്നാണ് അദ്ദേഹംതന്നെ വിശേഷിപ്പിച്ചിട്ടുള്ളത്. അതില്‍ പാശ്ചാത്യനാഗരികതയെ പൊതുവിലും, പരിഷ്‌കാരലഹരിയിലേക്ക് മനുഷ്യനെ ആകര്‍ഷിച്ചടുപ്പിച്ചുകൊണ്ടിരിക്കുന്ന അതിന്റെ ഏതാണ്ടെല്ലാ ഘടകങ്ങളെയും പ്രത്യേകംപ്രത്യേകമായും, വിശദമായി വിശകലനം ചെയ്ത് അവയുടെ നിഷേധാത്മകസ്വഭാവത്തെ വെളിച്ചത്തു കൊണ്ടുവന്നിരുന്നു, അദ്ദേഹം. അതെല്ലാം ആത്യന്തികമായി ചെയ്യുന്നത്, മനുഷ്യനിലെ ആത്മീയശക്തിയെ പുറത്താക്കി മൃഗീയശക്തിയെ ഉണര്‍ത്തലാണെന്നും, മനുഷ്യനെ സംബന്ധിച്ച് അത് ആത്മഹത്യാപരമാണെന്നും യുക്തിഭദ്രമായി അദ്ദേഹമതില്‍ സമര്‍ത്ഥിക്കുന്നു. '''ഇന്ത്യ അമര്‍ന്നത് ബ്രിട്ടന്റെ കാല്‍ക്കീഴിലല്ല, ആധുനിക പരിഷ്‌കാരത്തിന്റെ കീഴിലാണ്'' എന്ന് അദ്ദേഹം അന്നെഴുതിയത് ഇന്നു മുഴുവന്‍ ലോകത്തെപ്പറ്റിയും പറയാം എന്നു വന്നിരിക്കുന്നു. ഏതായാലും, ലോകത്തിന്റെ ഇന്നത്തെ ദുരവസ്ഥയെ അതിന്റെ അടിവേരോടെ മനസ്സിലാക്കാന്‍, ഗാന്ധിജി എഴുതിയ 'ഹിന്ദ് സ്വരാ'ജിന്റെ കാലാനുസൃതമായ ഒരു പുനര്‍വായന ഉപകരിക്കാതിരിക്കില്ല.
ഏതായാലും യൂറോ-അമേരിക്കന്‍ നവനാഗരികത ലോകമാകെ വ്യവസ്ഥാപിച്ചിരിക്കുന്ന 'സ്വതന്ത്ര'വും 'ജനാധിപത്യപര'വും 'ഉദാര'വും 'മതേതര'വുമായ ആഗോള കമ്പോളവ്യവസ്ഥയെ മാനുഷികമായ ഒരു വീക്ഷണകോണില്‍നിന്നു സ്വതന്ത്രമായി നോക്കിക്കാണാനുള്ള ശേഷി കൈവരിച്ചാല്‍, അതില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും ഹീനതയും ക്രൗര്യവും ഹിംസയും ഭീകരതയും കാണുവാന്‍ മനുഷ്യനു കഴിയും. കച്ചവടമൂല്യങ്ങളില്‍ പ്രവീണരായ ആര്‍ക്കും കമ്പോളശക്തി ആര്‍ജ്ജിക്കാനുള്ള സ്വാതന്ത്ര്യമാണവിടെ സ്വാതന്ത്ര്യമെന്നും അങ്ങനെ കമ്പോളശക്തി നേടിയവരുടെ ആധിപത്യമാണവിടെ ജനാധിപത്യമെന്നും അപ്പോഴവന്‍ മനസ്സിലാക്കും. ഈ നാഗരികത മുന്നോട്ടുവയ്ക്കുന്ന ഭൗതികമതത്തിന്റെ നിയമങ്ങള്‍ക്ക് മതവിവേചനമില്ല എന്നതാണവിടുത്തെ മതേതരത്വമെന്നും അവനപ്പോള്‍ മനസ്സിലാകും.
പണത്തെ അതിന്റെ സൃഷ്ടികര്‍ത്താവായ മനുഷ്യനെക്കൊണ്ട് ആരാധിക്കാന്‍ നിര്‍ബന്ധിക്കുന്ന ഈ ഭൗതികമതമൗലികവാദത്തിന്റെ ദൈവശാസ്ത്രവും പ്രയോഗശാസ്ത്രവുമാണ് കമ്പോളകേന്ദ്രീകൃതമായി ഇന്നു രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന എല്ലാ ചിന്താപദ്ധതികളും, അവ നടപ്പാക്കാനുദ്ദേശിച്ചുള്ള എല്ലാ യൂറോ-അമേരിക്കന്‍ തീട്ടൂരങ്ങളും. ''ഒന്നുകില്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുക, അല്ലെങ്കില്‍ നശിക്കുക'''എന്നാണ് ഇതിലൂടെയെല്ലാം യൂറോ-അമേരിക്കന്‍ ശക്തികള്‍ പരോക്ഷമായി പറയുന്നത്. ഇതു പറയാനും ലോകരാഷ്ട്രങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനും 'വ്യവസ്ഥാപിതവും 'സുതാര്യവുമായ മാര്‍ഗ്ഗങ്ങളാണത്രെ അവര്‍ സ്വീകരിക്കുന്നത്!
പക്ഷേ, അതുകൊണ്ടുമാത്രം അതു മൗലികവാദഭീകരത അല്ലാതാകുന്നതെങ്ങനെ? പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാണിച്ച് രാഷ്ട്രങ്ങളെക്കൊണ്ട് തങ്ങളുടെ വ്യവസ്ഥകള്‍ അംഗീകരിപ്പിക്കുന്നതും, തോക്കുചൂണ്ടിയും ഭീകരാവസ്ഥ സൃഷ്ടിച്ചും അംഗീകരിപ്പിക്കുന്നതും തമ്മില്‍ കാതലായ വ്യത്യാസമെന്താണ്? അനുസരിക്കാത്ത രാഷ്ട്രങ്ങളെ ഏകപക്ഷീയമായി യുദ്ധം അടിച്ചേല്പിച്ചു നശിപ്പിക്കുന്നത് വ്യവസ്ഥാപിതമായി യുദ്ധപ്രഖ്യാപനം നടത്തിയതിനു ശേഷമാണെന്നതുകൊണ്ടുമാത്രം ഭീകരത അല്ലാതാകുന്നതെങ്ങനെ?
ഇന്ന് ഏറ്റവും രൂക്ഷമായി കാണപ്പെടുന്ന ഇസ്ലാമിക മതമൗലികവാദം അവതരിപ്പിക്കുന്നതിന്റെയും അടിച്ചേല്പിക്കുന്നതിന്റെയും ശൈലിയും സ്വഭാവവും വ്യത്യസ്തമായിരിക്കുന്നതിന്, നിഗൂഢമായിരിക്കുന്നതിന്, മറ്റു കാരണങ്ങളാണുള്ളത്. അതിപ്രബലരായവര്‍ക്ക് 'വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെത്തന്നെ തങ്ങളുടെ മൗലികവാദവും ഭീകരവാഴ്ചയും നടപ്പിലാക്കാനാവും. വ്യവ സ്ഥാപിതസമ്പ്രദായങ്ങള്‍' എന്നു പറയുന്നതുതന്നെ പ്രബലരായവര്‍ തങ്ങ ളുടെ വ്യവസ്ഥകള്‍ സമൂഹത്തില്‍ സ്ഥാപിച്ചെടുത്തിട്ടുള്ള രീതികളെയാണല്ലോ. മുമ്പു സൂചിപ്പിച്ചതുപോലെ, യൂറോപ്പിന് അതിന്റെ ലോകസാമ്രാജ്യത്വവാഴ്ചക്കാലത്തുതന്നെ യൂറോപ്യന്‍ വ്യവസ്ഥകള്‍ ഇതര ജനസമൂഹങ്ങളില്‍ സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു. പ്രത്യക്ഷസാമ്രാജ്യത്വം അവസാനിച്ചിട്ടും ലോകസമൂഹത്തില്‍ ഇന്നും അതേ പാശ്ചാത്യവ്യവസ്ഥീകരണംതന്നെ നിലനില്ക്കുകയാണ്. യൂറോ- കേന്ദ്രിതമായ ഈ വ്യവസ്ഥീകരണത്തിനു വിധേയപ്പെട്ടുകഴിഞ്ഞ ലോകത്തിന്റെ ഇന്നത്തെ നവനാഗരികസാഹചര്യമാണ് 'വ്യവസ്ഥാപിതവും 'സുതാര്യവുമായിത്തന്നെ തങ്ങളുടെ മൗലികവാദഭീകരത നടപ്പാക്കാന്‍ യൂറോ-അമേരിക്കന്‍ ശക്തികള്‍ക്കു ബലം കൊടുക്കുന്നത്.
ഈ ബലം ഇല്ലാത്തതിനാലാണ് മറ്റു മൗലികവാദപ്രസ്ഥാനങ്ങള്‍ക്ക് ഇരുട്ടിനെയും നിഗൂഢതയെയും അതിസാഹസിക ചാവേര്‍ ആക്രമണങ്ങളെയും ആശ്രയിക്കേണ്ടിവരുന്നത്.
ഒളിപ്പോര്‍സാഹചര്യം
നേര്‍ക്കുനേര്‍ പൊരുതി പരാജയപ്പെടുത്താനാവില്ലെന്നറിയാവുന്ന പ്രബലനായ ശത്രുവിനെ എതിരിടേണ്ടിവരുന്ന സാഹചര്യത്തിലാണ് ഒരാള്‍ പതിയിരുന്നുള്ള ആക്രമണരീതി സ്വീകരിക്കുക. ഭരണകൂടത്തിന്റെ സായുധശക്തിയെ നേരിട്ടെതിര്‍ത്തു തോല്പിക്കാനാകാത്തതിനാലാണ് വിപ്ലവകാരികള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏതാണ്ടെല്ലാ വിഭാഗങ്ങളും മിന്നലാക്രമണങ്ങളുടെയും വിദ്ധ്വംസക പ്രവര്‍ത്തനങ്ങളുടെയും ചാവേര്‍പോരാട്ടങ്ങളുടെയും വഴിയില്‍ എക്കാലവും സഞ്ചരിച്ചിട്ടുള്ളത്. അമേരിക്കന്‍ ശക്തിക്കെതിരെ വിയറ്റ്‌നാംകാര്‍ സ്വീകരിച്ച വഴിയും ഒളിപ്പോരിന്റേതായിരുന്നുവല്ലോ? ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ പല വീരനായകരും ബ്രീട്ടീഷ് സാമ്രാജ്യശക്തിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇതേ മാര്‍ഗ്ഗം തന്നെയാണ് സ്വീകരിച്ചതെന്നും ഇവിടെ നമുക്കോര്‍ക്കാം. (എത്ര ഉദാത്തലക്ഷ്യത്തിനുവേണ്ടി ആയിരുന്നാലും, എത്ര വലിയ ശക്തിക്കെതിരെ ആയിരുന്നാലും, അക്രമത്തിന്റെ കിരാതമാര്‍ഗ്ഗം സ്വീകരിക്കുന്നതിനെതിരെ ഗാന്ധിജി എടുത്ത ഉറച്ച നിലപാട് എത്രമാത്രം ക്രാന്തദര്‍ശിത്വത്തോടും വിവേകത്തോടും കൂടിയുള്ളതായിരുന്നുവെന്ന്, കുറെയൊക്കെ ആദര്‍ശവല്‍ക്കരിക്കപ്പെട്ടിരുന്ന അന്നത്തെ അക്രമമാര്‍ഗ്ഗത്തിന്റെ വികസിതരൂപമായ ഇന്നത്തെ ഭീകരപ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍, നമുക്കു കൂടുതലായി മനസ്സിലാക്കാനാകും.) ഇന്നിപ്പോള്‍ ഈ ഒളിപ്പോര്‍ യുദ്ധതന്ത്രം സൈനികത്താവളങ്ങളെ ഒഴിവാക്കി, തെരുവുകളിലും കെട്ടിടങ്ങളിലും വാഹനങ്ങളിലുമുള്ള സാധാരണ മനുഷ്യരെ ഉന്നംവയ്ക്കുന്നത്ര ഭീകരമായിക്കഴിഞ്ഞു. മാത്രമല്ല, ഇത്തരം ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനശൃംഖലയ്ക്ക് ലോകമാസകലം താവളങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ക്കു നേരിട്ടെതിര്‍ത്തു തോല്പിക്കാനാവാത്ത യൂറോ-അമേരിക്കന്‍ വന്‍ശക്തിക്കെതിരെ ഇസ്ലാമികതീവ്രവാദികളില്‍ വളര്‍ന്നുവരുന്ന നിശ്ചയദാര്‍ഢ്യ മാണ് ഇവിടെ പ്രകടമാകുന്നത്.
അല്പമൊന്നു നിരീക്ഷിച്ചാല്‍, യൂറോ-അമേരിക്കന്‍ ശക്തി വര്‍ദ്ധിക്കുന്തോറും വര്‍ദ്ധിത വീര്യത്തോടും കൂടുതല്‍ അംഗബലത്തോടുംകൂടി ഇസ്ലാമിക മൗലികവാദഭീകരത ആളിപ്പടരുകയാണ് എന്ന വസ്തുത, ആര്‍ക്കും കാണാനാകും. ഇത് ഈ മൗലികവാദശക്തികള്‍ തമ്മിലുള്ള ബന്ധത്തിലേക്കാണ് കൈചൂണ്ടുന്നത്. അതായത്, ഇസ്ലാമിക മൗലികവാദത്തിന്റെ പുത്തന്‍ ഉറവിടം ഈ യൂറോ-അമേരിക്കന്‍ ലോകമേല്‍ക്കോയ്മാ സാഹചര്യം തന്നെയാണ്. ആ വന്‍ശക്തി അടിച്ചേല്പിക്കുന്ന ഭൗതികമതമൗലികവാദത്തിനും അതിലൂടെ അറേബ്യന്‍ സംസ്‌കാരത്തിന്റെയും എണ്ണസമ്പത്തിന്റെയുംമേല്‍ അവര്‍ ആധിപത്യം സ്ഥാപിക്കുന്നതിനുമെതിരെ തങ്ങളുടെ തീക്ഷ്ണമായ ഇസ്ലാമിക മൗലികവാദം പ്രയോഗിക്കുകയാണവര്‍.
മതമൗലികവാദത്തിന്റെ സെമിറ്റിക് പൈതൃകം
മനുഷ്യരെ അണിനിരത്താനും ആട്ടിത്തെളിക്കാനും ഏറ്റവും സമര്‍ത്ഥമായ ഉപകരണമാണല്ലോ എന്നും മതം. സര്‍വ്വതും, സര്‍വ്വരും, ആത്യന്തിക സത്തയില്‍ ഒന്നാണെന്ന ആന്തരികബോധം സൃഷ്ടിച്ച്, എല്ലാത്തരം വിഭാഗീയതകള്‍ക്കുമതീതമായി മനുഷ്യകുലത്തെ ഐക്യപ്പെടുത്തുക എന്നതാണ് മതങ്ങളുടെ ദൗത്യമെങ്കിലും അവ, പ്രത്യേകിച്ച് സംഘടിതമതങ്ങള്‍, എക്കാലവും സൃഷ്ടിച്ചുകൊണ്ടിരുന്നത് വിഭാഗീയമായ സാമുദായികത്വബോധമായിരുന്നു. സെമിറ്റിക് വിഭാഗത്തില്‍പ്പെട്ട യഹൂദ- ക്രൈസ്തവ-ഇസ്ലാം മതങ്ങളെല്ലാം ഏകസത്യമതവാദം പുലര്‍ത്തുന്ന സംഘടിതമതങ്ങളാണ്. ലോകചരിത്രം പരിശോധിച്ചാല്‍, ഈ മതങ്ങള്‍ തമ്മില്‍ ആധിപത്യത്തിനുവേണ്ടിയും തങ്ങളുടേതുമാത്രമാണ് സത്യമതമെന്ന് അംഗീകരിപ്പിക്കുന്നതിനുവേണ്ടിയും നടത്തിയിട്ടുള്ള പരസ്പരകുരുതികളുടെ അദ്ധ്യായങ്ങളാണേറെയും. സൂക്ഷ്മാവലോകനത്തില്‍, ഇന്നു നടക്കുന്നത് പരസ്പരാധിപത്യത്തിനും ലോകാധിപത്യത്തിനുംവേണ്ടി ക്രിസ്ത്യന്‍'യൂറോപ്പും ഇസ്ലാമിക'അറേബ്യയും നടത്തിയിരുന്ന കുരിശുയുദ്ധങ്ങളുടെയും ജിഹാദുകളുടെയും വേഷപ്പകര്‍ച്ചയോടെയുള്ള തുടര്‍ച്ചമാത്രമാണ് എന്നു കാണാം. യൂറോപ്യന്‍ സാമ്രാജ്യവികസനം എന്ന ക്രിസ്ത്യന്‍'യൂറോപ്പിനുണ്ടായിരുന്ന രാഷ്ട്രീയലക്ഷ്യം, ഇന്ന് യൂറോ-അമേരിക്കന്‍ സാംസ്‌ക്കാരിക-സാമ്പത്തികസാമ്രാജ്യത്വം എന്നായി മാറിയിരിക്കുന്നു എന്നുമാത്രം. അതിനായി 'വ്യവസ്ഥാപിത'രീതികളില്‍ സമ്മര്‍ദ്ദം ചെലുത്തി ലോകാഭിപ്രായം അനുകൂലമാക്കിക്കൊണ്ടും അജയ്യമായ സൈനി കശക്തിയുടെ പിന്‍ബലത്തോടെയും യൂറോ-അമേരിക്കന്‍ ശക്തികള്‍, അപ്രതിരോധ്യം എന്നു തോന്നുംവണ്ണം മുന്നോട്ടു കുതിക്കുകയാണ്. എന്നാല്‍ ഇസ്ലാമിക അറേബ്യയ്ക്കും അതിന്റെ സംസ്‌ക്കാരത്തിനും ഇക്കാലയളവില്‍ സംഭവിച്ചത്, യൂറോ-അമേരിക്കന്‍ മുഖമുദ്രയുള്ള ആധുനികനാഗരികതയുടെ അലകളില്‍പ്പെട്ടുള്ള വിള്ളലുകളും ശിഥിലീകരണവുമാണ്. ഈ ദുര്‍ബ്ബലാവസ്ഥയില്‍, ലോകമേധാവിത്വത്തിലേക്കു കുതിക്കുന്ന യൂറോ-അമേരിക്കന്‍ ശക്തിയെ തളയ്ക്കാന്‍ സുതാര്യവും വ്യവസ്ഥാപിതവുമായ മാര്‍ഗ്ഗങ്ങളൊന്നും ഇസ്ലാമിക തീവ്രവാദികളുടെ മുമ്പിലില്ല. അതുകൊണ്ടാണ് തുറന്ന ജിഹാദിനു പകരം നിഗൂഢതയിലൊളിപ്പിച്ച ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് അവര്‍ക്കു വഴിതിരിയേണ്ടി വന്നത്.
യൂറോ-അമേരിക്കന്‍ വന്‍ശക്തിയും അതുയര്‍ത്തിപ്പിടിക്കുന്ന ഭൗതികമതമൗലികവാദവും ലോകാധിപത്യത്തിലേക്കുള്ള ചുവടുകള്‍ മുന്നോട്ടു വയ്ക്കുന്തോറും, സ്വാഭാവികമായും ഈ ഇസ്ലാം മതമൗലികഭീകരതയും ആളിപ്പടരുകയേയുള്ളു. യൂറോ-അമേരിക്കന്‍ വന്‍ശക്തിയുമായി ഏതെല്ലാം രാജ്യങ്ങള്‍ എപ്പോഴൊക്കെ കൈകോര്‍ക്കുന്നുവോ, ആ രാജ്യങ്ങളി ലൊക്കെയും, മിക്കവാറും അതാതു സമയങ്ങളില്‍ത്തന്നെ ഇസ്ലാമികതീവ്ര വാദികളുടെ ചാവേര്‍ ആക്രമണങ്ങള്‍, അല്ലെങ്കില്‍ സ്‌ഫോടന പരമ്പരകള്‍, അരങ്ങേറുന്നു എന്ന യാഥാര്‍ത്ഥ്യം ഈ നിരീക്ഷണം ശരിയെന്നു തെളിയിക്കുന്നു. ഇന്‍ഡ്യാ-അമേരിക്കാ ആണവകരാറിനനുകൂലമായി 2008 ജൂലൈ 22-ന് മന്‍മോഹന്‍സിന്ദ് സര്‍ക്കാര്‍ വിശ്വാസവോട്ടു നേടി ഒരാഴചക്കകം സ്‌ഫോടനപരമ്പരകളുടെ ഒരു നിരതന്നെ ഉണ്ടായി എന്നത് ഇതിനോടു ചേര്‍ത്തു കാണാവുന്നതാണ്. കരാറുമായി ബന്ധപ്പെട്ട് പിന്നീടു നടന്ന ഓരോ നീക്കത്തെത്തുടര്‍ന്നും ഇന്‍ഡ്യയില്‍ സ്‌ഫോടനപരമ്പരകള്‍ അരങ്ങേറുകയുണ്ടായി. ഇതെല്ലാം സൂചനകളായി എടുത്താല്‍, കുറച്ചുകാലമായി നടന്നുവരുന്ന ഇസ്ലാമികതീവ്രവാദത്തിന്റെയും ഭീകരാക്രമണങ്ങളുടെയും സൃഷ്ടികര്‍ത്താവ് യൂറോ-അമേരിക്കന്‍ ഭൗതികമതമൗലികവാദഭീകരത യാണെന്നു കാണാം; അഥവാ, തങ്ങള്‍ രൂപംകൊടുത്തു വ്യവസ്ഥാപിച്ചിട്ടുള്ള വ്യാവസായിക-കമ്പോള വ്യവസ്ഥ യിലേക്ക് ലോകരാഷ്ട്രങ്ങളെല്ലാം വന്നു കൊള്ളണമെന്നു ശഠിക്കുന്ന യൂറോ-അമേരിക്കന്‍ നവകൊളോണിയലിസ മാണെന്നു കാണാം.
(തുടരും)

Friday, March 27, 2015

ഡൽഹി: ഇന്ത്യയ്ക്കു മാതൃകയോ?

(രാഷ്ട്രിയമാണെങ്കിലും മതപരമാണെങ്കിലും ക്രമക്കേടുകളെ അതി നിഷിതം തുറന്നു കാട്ടുകയും അതിനു പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതില്‍ ഡോ. പി. സി. സിറിയക്ക് IAS വേറിട്ട്‌ നില്‍ക്കുന്നു. അദ്ദേഹം അത്മായാശബ്ദത്തിന് നല്‍കിയ ലേഖനങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു - എഡിറ്റര്‍)

ഡൽഹി സംസ്ഥാനത്ത് 7 ലോക്‌സഭാ സീറ്റുകളുണ്ട്. സംസ്ഥാനത്തിന്റെ വാർഷിക ബജറ്റ് ഉദ്ദേശം 37,000 കോടി രൂപ. ഇതിന്റെ സിംഹഭാഗവും കേന്ദ്രസർക്കാർ നൽകുന്ന സഹായധനമാണ്, നികുതിയല്ല. 

ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.എം.സി - ഗ്രേറ്റർ ബോംബൈ കോർപ്പറേഷൻ) പരിധിയിൽ 6 ലോക്‌സഭാ സീറ്റുകളുണ്ട്. ആ കോർപ്പറേഷന് നികുതിപ്പണമായി മാത്രം വാർഷിക ബജറ്റ് 31,000 കോടി രൂപ! അപ്പോൾ ഡൽഹി സംസ്ഥാനവും വിശാല ബോംബൈ കോർപ്പറേഷനും ഏതാണ്ട് ഒരുപോലെ  എന്നു കരുതാം. എങ്കിലും ഡൽഹിക്കു ലഭിക്കുന്ന മുന്തിയ പരിഗണന എന്തുമാത്രമെന്നു നോക്കുക.

ഈ മുന്തിയ പരിഗണനയുടെ ഒരു പ്രതിഫലനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത്ഷായും നേതൃത്വം നൽകി 20 മന്ത്രിമാരെയും 120 എം.പി.മാരെയും കളത്തിലിറക്കി തീവ്ര തിരഞ്ഞെടുപ്പ് പ്രചരണയജ്ഞത്തിൽ മുഴുകിയത്. ഒരുപക്ഷേ ഈ തിരഞ്ഞെടുപ്പ് മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലും നടന്ന തിരഞ്ഞെടുപ്പിനോടൊപ്പം സെപ്റ്റംബർ മാസത്തിൽതന്നെ നടത്തിയിരുന്നെങ്കിൽ ഇത്രയധികം വിയർക്കാതെതന്നെ ബി.ജെ.പി.ക്ക് വിജയം ലഭിക്കുമായിരുന്നു. പക്ഷേ, ഡൽഹി അല്ലല്ലോ ഇന്ത്യ എന്ന് ബി.ജെ.പിക്ക് ആശ്വസിക്കാം. 

കഴിഞ്ഞ എട്ടു മാസക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയംമുഴുവൻ വിദേശരാജ്യ സന്ദർശനങ്ങൾക്കും നാലഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കും മാത്രമായി ചെലവഴിക്കേണ്ടിവന്നതുകൊണ്ടായിരിക്കാം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മിക്കതും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഡൽഹിയിലെ വോട്ടർമാരെപോലെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ള വോട്ടർമാരും ചിന്തിക്കുമെന്ന് കരുതാനും നിവൃത്തിയില്ല. രാഷ്ട്രതലസ്ഥാനമെന്ന നിലയിൽ ഡൽഹിക്ക് ആ പ്രദേശം അർഹിക്കുന്നതിൽ വളരെയധികം അടിസ്ഥാന സൗകര്യപദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാൻ കേന്ദ്രം മുൻകയ്യെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. അത്യാവശ്യ വിഭവങ്ങളായ വൈദ്യുതി, വെള്ളം, പാൽ ഇവയെല്ലാം ഡൽഹിയിൽ ഏറ്റവും കുറഞ്ഞ തുച്ഛമായ നിരക്കിലായിരുന്നു, ഈ അടുത്ത കാലംവരെ. വൈദ്യുതിയും വെള്ളവും മറ്റും സ്വകാര്യവത്കരിച്ച് സ്വകാര്യകമ്പനികളെ ഏൽപ്പിച്ചപ്പോൾ മാത്രമാണ് വൈദ്യുത റെഗുലേറ്ററി അതോറിറ്റി തുടങ്ങിയ ഘടനകൾ ഉണ്ടായത്. നിശ്ചിത കാലയളവിൽ ഉത്പാദന ഉപാധികളുടെ വില കൂടുന്നതനുസരിച്ച് ഉത്പന്നത്തിന്റെ വില പുതുക്കിനിർണ്ണയിക്കുന്ന രീതി ഉണ്ടായതും. അങ്ങനെ വന്നപ്പോഴാണ്, വൈദ്യുതിയുടെയും വെള്ളത്തിന്റെയും വില പെട്ടെന്ന് ഉയർന്ന് അസംതൃപ്തരായിത്തീർന്ന ജനങ്ങളെ കയ്യിലെടുക്കാൻ കുറേപേർക്ക് വെള്ളം സൗജന്യമായി നൽകാനും, വൈദ്യുതിനിരക്ക് പകുതിയാക്കാനും തയ്യാറായ കേജരിവാളിന് നല്ല പിന്തുണ ലഭിക്കാൻ കാരണമായത്. എ.എ.പി. ഈ വാഗ്ദാനങ്ങൾ നടത്തിയപ്പോൾ ബി.ജെ.പി.ക്കുവേണ്ടി കളത്തിലിറങ്ങിയ പ്രധാനമന്ത്രിയും ഇതേ വാഗ്ദാനങ്ങൾ നൽകുകയായിരുന്നു. ഭരണം കാര്യക്ഷമമായി നടത്താൻ കച്ചകെട്ടിയിരിക്കുന്ന പ്രധാനമന്ത്രി സൗജന്യ വെള്ളം മുതലായ പ്രഖ്യാപനങ്ങൾ നടത്തിയത് ആശാസ്യമാണോ? 

ഇന്ത്യയുടെ മറ്റ് പല സംസ്ഥാനങ്ങളിലും കാർഷികവൃത്തിക്കുവേണ്ട വൈദ്യുതി  ഇപ്പോൾതന്നെ സൗജന്യമായി നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ മിക്ക സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുകളും, ബോർഡിനു പകരം 2003-ലെ ഇലക്ട്രിസിറ്റി നിയമമനുസരിച്ച് പ്രവർത്തനം തുടങ്ങിയ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ കമ്പനികളും ഇപ്പോൾത്തന്നെ നഷ്ടത്തിലായിക്കഴിഞ്ഞിരിക്കുന്നു. ഇനി പുതിയ സൗജന്യങ്ങളൊന്നും അവിടെ വാഗ്ദാനം നൽകാനോ ലഭ്യമാക്കാനോ അവശേഷിക്കുന്നില്ല.

പിന്നെ അഴിമതിയുടെ കാര്യം. മിക്ക സംസ്ഥാനങ്ങളിലും അഴിമതിവീരന്മാർതന്നെയാണ് ഭരണത്തിലിരിക്കുന്നത്. നിയമങ്ങളും നടപടിക്രമങ്ങളും അഴിമതിക്ക് സൗകര്യമൊരുക്കത്തക്കരീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനെല്ലാം മാറ്റമുണ്ടാക്കി 5 കൊല്ലം ഭരിക്കാൻ അവസരം നൽകിയാൽ അഴിമതിവിരുദ്ധമായ ഭരണം പ്രായോഗികമാക്കി കാണിക്കാം എന്ന വെല്ലുവിളി ഉയർത്തിക്കൊണ്ട് ആം ആദ്മി പാർട്ടി ശക്തമായ ഒരു പ്രചരണം നടത്തിയാൽ അവിടെയും അഴിമതിയില്ലാത്ത ഭരണം ലഭ്യമാക്കാൻ കഴിഞ്ഞേക്കും. പക്ഷേ, ഇതിന് ഓരോ സ്ഥലത്തും എ.എ.പി.ക്ക് നിസ്വാർത്ഥരും കഴിവുള്ളവരുമായ നേതാക്കൾ വേണം. അല്ലെങ്കിൽ സമാനമനസ്സോടെ പ്രവർത്തിക്കാൻ തയ്യാറാകുന്ന മറ്റു പ്രാദേശിക പാർട്ടികൾ രംഗത്തിറങ്ങണം. അവർ ഗ്രാമതലത്തിൽ, തൃണമൂലതലത്തിൽ, പാർട്ടിഘടന കെട്ടിപ്പടുക്കാൻ തയ്യാറാവുകയും വേണം. ഈ  യജ്ഞത്തിൽ വർഷങ്ങളായി കുടിയിരിക്കുന്ന അഴിമതിവീരന്മാരെ ഭരണസിരാകേന്ദ്രങ്ങളിൽ നിന്നും പുറത്തിറക്കുകയും വേണം. ഇതു സാധിക്കണമെങ്കിൽ വോട്ടർമാർ കാര്യവിവരമുള്ളവരും സാമ്പത്തിക-സാമൂഹ്യ പ്രശ്‌നങ്ങളെപ്പറ്റി സാമാന്യം അറിവുള്ളവരും, ന്യായവും അന്യായവും വേർതിരിച്ചറിഞ്ഞ് ക്രിയാത്മകമായി പ്രവർത്തിക്കാനും തീരുമാനങ്ങളെടുക്കാനും കഴിവുള്ളവരായിരിക്കുകയും വേണം. ഇതിനാവശ്യം വിദ്യാഭ്യാസം. ഒരുപക്ഷേ, ഒന്നോ രണ്ടോ പതിറ്റാണ്ടുകൾ നീളുന്ന പരിശ്രമത്തിലൂടെ അഴിമതിയിൽ വിശ്വസിക്കാത്ത നേതാക്കളും പ്രവർത്തകരുമുള്ള കക്ഷികൾ വളർന്നുവന്ന് ഭരണമേറ്റെടുക്കാൻ പ്രാപ്തരായേക്കും. അപ്പോൾ മാ ത്രമേ നമുക്ക്  എ.എ.പി.യുടെ ഡൽഹിയിലെ ഉദയം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ മാറ്റിമറിച്ചു എന്ന് അവകാശപ്പെടാനും കഴിയൂ.

ഉണരൂ കേരളമേ .... ഇനി വൈകരുത്

ഡോ. പി.സി. സിറിയക്ക് IAS

കേരള നിയമസഭയ്ക്ക് ഒരു നൂറ്റാണ്ടിലേറെ നീണ്ട പാരമ്പര്യമുണ്ട്. പ്രശസ്ഥരായ ജനനേതാക്കള്‍ നിയമ നിര്‍മ്മാണ  പ്രക്രിയയില്‍ സൃഷ്ടിപരമായി പങ്കെടുത്തും ജനങ്ങളുടെ പ്രശ്നങ്ങളും ആവലാതികളും സര്‍ക്കാരിന്‍റെ  ഉന്നതതലങ്ങളില്‍ ശക്തിപൂര്‍വ്വം അവതരിപ്പിച്ചും ഈ സഭയുടെ യശശ്ശിന്‍റെ മാറ്റ് കൂട്ടിയിട്ടുണ്ട്. ഇന്ത്യയില്‍ മറ്റു പല നിയമസഭകളിലും പാര്‍ലമെന്റിലും ബഹളങ്ങളും അക്രമ പ്രവൃത്തികളും ചിലപ്പോഴെങ്കിലും ഉണ്ടാകുമ്പോള്‍ നാം  കേരളിയര്‍ വളരെ പുശ്ചത്തോടെ അത് നോക്കിക്കണ്ട്‌ നമ്മുടെ നിയമസഭ എക്കാലത്തും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിട്ടുണ്ടല്ലോ എന്നാശ്വസിച്ചിരുന്നു.

പക്ഷെ, ഇപ്രാവശ്യത്തെ ബജറ്റ് അവതരണ ദിവസം ഒരിക്കലും മായാത്ത കറുപ്പ് ചായം കമഴ്ത്തി നമ്മുടെ നിയമസഭയുടെ മുഖം വൃത്തികേടാക്കി തീര്ത്തിരിക്കുന്നു. അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനായ ധനകാര്യമന്ത്രി കെ. എം. മാണി  പദവിയില്‍ തുടരരുതെന്നും ബജറ്റ് അവതരിപ്പിക്കരുതെന്നും അഭിപ്രായപ്പെടാന്‍ നമ്മുടെ പ്രതിപക്ഷ കക്ഷികള്‍ക്ക് അവകാശമുണ്ട്‌. തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി  കാര്യങ്ങള്‍  നടന്നാല്‍ എതിര്‍ത്തു നില്‍ക്കാനും അവര്‍ക്ക് അവകാശമുണ്ട്‌. പക്ഷെ, അവരുടെ അവകാശവും അഭിപ്രായവും നിര്‍ബന്ധപൂര്‍വ്വം നിയമവിരുദ്ധമായ  നിലയില്‍ മറ്റുള്ളവരുടെ  മേല്‍ അടിച്ചേല്പിക്കാന്‍ അവര്‍ക്ക് ഭരണഘടനയോ നിയമസഭാ നടപടിക്രമങ്ങളോ നിയമസഭാംഗങ്ങളുടെ പ്രത്യേകാവകാശങ്ങളോ (പ്രിവിലേജ്) ഒന്നുംതന്നെ പഴുത് നല്‍കുന്നില്ല. ഈ സാഹചര്യത്തില്‍ തഴക്കവും പഴക്കവും ചെന്ന പ്രപതിപക്ഷ നേതാക്കള്‍ പോലും സ്പീക്കറുടെ മേശപ്പുറത്ത് കയറുകയും അവിടെയുള്ള ഉപകരണങ്ങള്‍  മുഴുവന്‍ വലിച്ചെറിയുകയും കസേര തൂക്കി താഴെ എറിയുകയുമൊക്കെ ചെയ്ത് പ്രാകൃത വികാരങ്ങള്‍ക്ക് അടിമപ്പെട്ടു പ്രവര്‍ത്തിക്കുന്ന ദയനീയമായ ദൃശ്യം കേരളം മുഴുവന്‍ കണ്ടു; ലജ്ജിച്ചു തല താഴ്ത്തി.

എങ്ങിനെയും സ്പീക്കറെയും ധനകാര്യ മന്ത്രിയെയും  തടയാന്‍ വേണ്ടി പരിശ്രമിക്കുകയായിരുന്നു പ്രതിപക്ഷ നേതാക്കള്‍. അവരെ തടുത്തു തങ്ങളുടെ കടമ മാത്രം നിര്‍വ്വഹിക്കുകയായിരുന്ന വാച്ച് ആന്‍ഡ്‌ വാര്‍ഡ്‌ വിഭാഗത്തിലെ കുറഞ്ഞ ശമ്പളക്കാരായ ശിപായികളെ ദേഹോപദ്രവം ചെയ്യാന്‍ പാവപ്പെട്ടവരുടെ നേതാക്കളെന്ന്‍ അവകാശപ്പെടുന്ന ഇവര്‍ക്ക്,  യാതൊരു മടിയും ഇല്ലായിരുന്നു. ധനകാര്യ മന്ത്രിയുടെ ബജറ്റ് വായന തടസ്സപ്പെടുത്താന്‍ കുതിച്ച പെണ്മണികളായ എമ്മല്ലേമാരുടെ വഴി തടഞ്ഞ്, ഉറച്ചുനിന്ന ഒരു ഭരണകക്ഷി അംഗത്തിന്‍റെ തോളില്‍ കടിച്ചു  ക്ഷതമെല്പ്പിക്കാന്‍ പോലും ഒരു മാന്യവനിത തയ്യാറായി. മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ മേശപ്പുറത്ത് കയറി താണ്ഡവമാടിയ നേതാക്കളുടെ പ്രകടനം കണ്ട് ആരെങ്കിലും കൈയ്യടിക്കുമെന്ന്‍  അവര്‍ പ്രതീക്ഷിച്ചുവോ? ഇത്രയൊക്കെ അഴിഞ്ഞാടിയിട്ടും ഇവര്‍ക്ക് ധനകാര്യമന്ത്രിയെ തടയാനോ ബജറ്റ് അവതരണം അസാധ്യമാക്കാനോ കഴിഞ്ഞില്ല. അക്കാര്യത്തില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടു. പക്ഷെ, ഒരു കാര്യത്തില്‍  അവര്‍ വിജയം നേടി. അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചു നിന്ന ധനകാര്യമന്ത്രി കെ.എം. മാണിക്ക് എല്ലാ പ്രതിബന്ധങ്ങളെയും തച്ചുതകര്‍ത്ത് വിജയകരമായി ബജറ്റ് അവതരിപ്പിച്ച വീരനായകന്‍റെ പരിവേഷം നല്‍കുന്നതില്‍  അവര്‍ വിജയിക്കുക തന്നെ ചെയ്തു.

സഭാനേതാവും സ്പീക്കറും കുറ്റം ചെയ്ത ഒരാളെപ്പോലും മതിയായ ശിക്ഷ നല്‍കാതെ  വിടാന്‍ പാടില്ലായെന്ന ശുപാര്‍ശ നിയമസഭയ്ക്ക്  മുമ്പില്‍ സമര്‍പ്പിച്ച് നിയമസഭയുടെ ഉയര്‍ന്ന നിലവാരവും പാവനമായ അദ്ധ്യക്ഷ വേദിയുടെ മാന്യതയും സംരക്ഷിക്കാന്‍ കടപ്പെട്ടവരാണ്. പഴയ കാലത്തായിരുന്നെങ്കില്‍ സഭാനടപടികള്‍ക്ക് ദൃക്സാക്ഷികളാകുന്നത് സഭാംഗങ്ങളോ നടപടികള്‍ റിപ്പോര്‍ട്ട്  ചെയ്യാന്‍ എത്തുന്ന മാധ്യമ പ്രവര്‍ത്തകരോ, അപൂര്‍വ്വം ചില സന്ദര്‍ശകരോ മാത്രമായിരുന്നു. പഷേ, ഇന്ന് തല്‍ക്ഷണ സംപ്രേക്ഷണത്തിന്‍റെ യുഗത്തില്‍ സ്ഥിതി മാറിയിരിക്കുകയാണല്ലോ. കേരളത്തില്‍ മാത്രമല്ല, ലോകം മുഴുവനുള്ള മലയാളികളെല്ലാം ഇതെല്ലാം ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിലും സംസ്കാരത്തിലും ഏറ്റവും ഉന്നതമായ നിലവാരം   പുലര്‍ത്തുന്നവര്‍ എന്നഭിമാനിക്കുന്ന  കേരളിയര്‍ തിരഞ്ഞെടുത്തയക്കുന്ന അവരുടെ സ്നേഹഭാജനങ്ങളായ നേതാക്കളാണല്ലോ നിയമസഭാംഗങ്ങള്‍. സഭ്യതക്കും മാന്യതക്കും നിരക്കാത്ത ഒരു പ്രകടനവും പെരുമാറ്റവും അവരില്‍ നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല. അക്രമാസക്തവും പ്രാകൃതവുമായ പെരുമാറ്റം കേരളിയരുടെ ആകമാനം അതൃപ്തിക്കും പ്രതിക്ഷേധത്തിനും ഇടയാക്കും എന്ന് അറിയാത്തവരുമല്ല ജനപ്രതിനിധികളായ നമ്മുടെ നേതാക്കന്മാര്‍. എന്നിട്ടും, ഇത്തരത്തില്‍ അപലപനീയമായി  പെരുമാറാന്‍ ഇവര്‍  തയ്യാറായെങ്കില്‍, ഇവര്‍ക്ക് ജനങ്ങളോട് കടുത്ത അവജ്ഞയും കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ജനങ്ങളുടെ ബുദ്ധിയെയും വിവേചനാശക്തിയെയുംക്കുറിച്ച് വളരെ മോശമായ അഭിപ്രായവുമാണ് ഉള്ളതെന്ന് വ്യക്തം. ഇത്തരത്തില്‍ ജനങ്ങളെ തരം കുറച്ച് കാണുകയും അപമാനിക്കുകയും ജനങ്ങള്‍  തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ പിച്ചിച്ചിന്തുകയും ചെയ്ത ഇത്തരം ജനനേതാക്കള്‍ക്ക് നനിയമസഭയോ സ്പീക്കറോ കോടതികളോ നല്‍കുന്ന ശിക്ഷക്ക് പുറമേ, ജനങ്ങളും കടുത്ത ശിക്ഷ തന്നെ നല്‍കണം. പാവനമായ നിയമസഭയെ മോശമായ പ്രകടനം കൊണ്ട് അപമാനിച്ച ഇവരെ ഇനിയൊരിക്കലും ‘ബഹുമാനപ്പെട്ട നിയമസഭാംഗങ്ങളെ’ എന്ന് സംബോധന ചെയ്യാന്‍ ഇടവരുത്താത്ത  രീതിയില്‍ പരാജയപ്പെടുത്തണം. പെരുമാറ്റത്തില്‍ മാന്യതയും സ്വഭാവശുദ്ധിയും വിലയേറിയ സദ്ഗുണങ്ങളായി എന്നും കരുതുന്ന കേരളീയര്‍ ഇക്കാര്യത്തില്‍ പരാജയപ്പെടുകയില്ലെന്നു പ്രതീക്ഷിക്കാം.

നിയമസഭാ തലത്തില്‍ 13)o തിയതി അരങ്ങേറിയ വികൃതവും പ്രാകൃതവുമായ പെരുമാറ്റത്തിന് ഭരണകക്ഷിക്കാരെ  കുറ്റപ്പെടുത്താന്‍ പ്രയാസമുണ്ടെങ്കിലും ധാര്‍മ്മിക നിലവാരവും സത്യസന്ധതയും പൊതുജന പ്രതിബദ്ധതയും മറന്ന്‍ ഏതു തീരുമാനത്തിലും കൈക്കൂലിക്കും പണസമ്പാദനത്തിനും  സ്വന്തം നേട്ടങ്ങള്‍ക്കും മാത്രം മുഖ്യപരിഗണന നല്‍കി പ്രവര്‍ത്തിക്കുന്ന നമ്മുടെ മന്ത്രിമാരുടെ പ്രവര്‍ത്തന ശൈലിയെയും കഠിനമായി വിമര്‍ശിക്കേണ്ടിയിരിക്കുന്നു. എന്തിനും ഏതിനും അഴിമതി! പ്രശ്നങ്ങളുമായി സര്‍ക്കാരിനെ സമീപിക്കുന്ന ഓരോ കൂട്ടരുടെ കൈയ്യില്‍നിന്നും തിരഞ്ഞെടുപ്പ് ചിലവിന്‍റെയും പാര്‍ട്ടിഫണ്ടിന്‍റെയും കാര്യം പറഞ്ഞു പണം വാങ്ങി പൊതു താല്പ്പര്യത്തിനെതിരായി തീരുമാനങ്ങള്‍ എടുക്കുന്ന അവരുടെ പ്രവര്‍ത്തന ശൈലിയെയും നാം വിമര്‍ശിക്കണം. അഞ്ചാം വര്‍ഷത്തിലേക്ക്  കടക്കാന്‍ തുടങ്ങുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ഭരണം അഴിമതി ആരോപണങ്ങളും കെടുകാര്യസ്ഥതയും ഓരോ മന്ത്രിയും തന്‍റെ വകുപ്പ് തന്‍റെ സ്വന്തം സാമ്രാജ്യം പോലെ ഭരണം നടത്തുന്ന രീതിയും പ്രതിക്ഷേധാര്‍ഹമാണ്.

ചുരുക്കത്തില്‍ യുഡിഎഫും, എല്‍ഡിഎഫും ഒരുപോലെതന്നെ ചെളി പുരണ്ട് പൊതു മധ്യത്തില്‍ നില്‍ക്കുന്നു. ഇരുകൂട്ടരും അഴിമതിക്കാര്‍; ഇരു കൂട്ടരും ജനങ്ങളെ പുല്ലുപോലെ നിസ്സാരവത്കരിക്കുന്നവര്‍; ഇരു കൂട്ടരും ഒന്നിച്ച് അഴിമതി നടത്തുന്നു, ഒന്നിച്ചു കൈക്കൂലി വാങ്ങുന്നു. ബസ്സ്‌ ഓപ്പറെറ്റര്‍മാരായാലും, വിദ്യാഭ്യാസ കച്ചവടക്കാരായാലും അവരെല്ലാം ഇരു കൂട്ടര്‍ക്കും പണം നല്‍കി തങ്ങള്‍ക്കനുകൂലമായ  തീരുമാനങ്ങള്‍, പൊതു താല്‍പ്പര്യത്തിനെതിരായ  തീരുമാനങ്ങള്‍ എടുപ്പിക്കുന്നു. എല്ലാ വിഷയത്തിലും അഡ്ജസ്റ്റ്മെന്റുകള്‍. ജനങ്ങളില്‍ നിന്നും വേറിട്ട പ്രത്യേക അവകാശ അധികാരങ്ങളുള്ള രാഷ്ട്രിയനേതാക്കന്മാരുടെ ഒരു പുതിയ വര്‍ഗ്ഗം തന്നെ രൂപപ്പെട്ടിരിക്കുകയാണ് കേരളത്തില്‍. ഇതിനെന്താണ് പ്രതിവിധി? സത്യത്തിലും നീതിയിലും വിശ്വസിച്ച് സാസ്കാരിക മൂല്യങ്ങളില്‍ അടിത്തറ പാകി വളര്‍ന്നു വന്നിരിക്കുന്ന നമ്മുടെ സമൂഹത്തിന്‍റെ കേരളജനതയുടെ പ്രാതിനിധ്യ സ്വഭാവമുള്ളവരല്ല ഈ  നേതാക്കന്മാര്‍. ഈ പുതിയ വര്‍ഗ്ഗം (New Class) ഇരു വിഭാഗങ്ങളായി നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. യഥാര്‍ത്ഥത്തില്‍  അവര്‍ ഒന്നാണ്; തമ്മില്‍ മത്സരമില്ല; ആര് ജയിച്ചാലും ഫലം ഒന്ന് തന്നെ അവര്‍ക്ക്. ഇത് മതിയായി നമുക്ക്!


ഒരു പുതിയ മാറ്റത്തിന് വേണ്ടി, സുതാര്യമായ തീരുമാനങ്ങളും പൊതുജന താല്‍പ്പര്യങ്ങള്‍ നിലനിര്‍ത്തുന്ന സമീപനങ്ങളും സാധാരണക്കാരായ  ജനങ്ങളുടെ പ്രശ്നങ്ങള്‍ സഹതാപപൂര്‍വ്വം മനസ്സിലാക്കി തീരുമാനമെടുക്കാനുള്ള സന്നദ്ധതയുമുള്ള ഒരു പുതിയ രാഷ്ട്രിയപ്രസ്ഥാനം ഇവിടെ വളര്‍ന്നു ശക്തി പ്രാപിക്കണം. അഴിമതിവീരന്മാരും അഡ്ജസ്റ്റ്മെന്‍റ് വിദഗ്ധരുമായ  ഇരു കൂട്ടരെയും തുടച്ചു മാറ്റി ജനങ്ങളെ കബളിപ്പിക്കാത്ത ഒരു സദ്ഭരണം ഉണ്ടാകുവാന്‍ ഇതാവശ്യമാണ്. അതിനുവേണ്ടി  പ്രവര്‍ത്തിക്കാന്‍ കര്‍ഷകരും തൊഴിലാളികളും ബിസ്സിനസ്സുകാരും വ്യവസായികളും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാമായ കേരളീയര്‍ ഉണര്ന്നെണീല്‍ക്കണം. ഇനി വൈകാന്‍ പാടില്ല. 

Wednesday, March 25, 2015

യൂറോ - അമേരിക്കന്‍ വ്യവസ്ഥാപിത ഭീകരവാദം

സത്യജ്വാല ചീഫ് എഡിറ്റര്‍ ശ്രി ജോര്‍ജ് മൂലേച്ചാലില്‍ എഴുതിയ, ഉടന്‍ പ്രസിദ്ധീകരിക്കുന്ന, നവകൊളോണിയല്‍ നാഗരികതയുടെ നാല്‍ക്കവലയില്‍ എന്ന പുസ്തകത്തിന്റെ ആദ്യ അധ്യായം അല്മായശബ്ദത്തില്‍ നാലു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു - എഡിറ്റര്‍

ഒന്നാം ഭാഗം

മനുഷ്യസംസ്‌കൃതി ഇന്നു നേരിടുന്ന ഏറ്റം രൂക്ഷമായ പ്രതിസന്ധി മതമൗലികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള ഭീകരപ്രവര്‍ത്തനങ്ങളാണോ, ആഗോളമേധാവിത്വത്തിനുവേണ്ടി യൂറോ-അമേരിക്കന്‍ വന്‍ശക്തി നടത്തുന്ന വ്യവസ്ഥാപിത'പ്രവര്‍ത്തനങ്ങളാണോ? ലോകസാഹചര്യത്തെ അതിവേഗം മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഈ രണ്ടു ചാലകശക്തിയെയും ആഴമായി പഠിക്കാതെ ലോകം ഇന്നെത്തിനില്‍ക്കുന്ന ആപല്‍സന്ധിയെ അതായിരിക്കും വിധം മനസ്സിലാക്കുക എളുപ്പമാവില്ല.
മതമൗലികവാദികളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ലെങ്കിലും ആ പ്രവര്‍ത്തനങ്ങളുടെ ഭീകരതയും മനുഷ്യത്വരാഹിത്യവും വളരെ പ്രത്യക്ഷമായതിനാല്‍ അത്തരം പ്രസ്ഥാനങ്ങളെ വിലയിരുത്തുക എളുപ്പമാണ്. അതുകൊണ്ടു തന്നെ മതതീവ്രവാദത്തിനെതിരെയുള്ള ലോകാഭിപ്രായം ഇന്നു വളരെ ശക്തവുമാണ്. 
യൂറോ-കേന്ദ്രിത (Euro-centric) തിമിരക്കാഴ്ച 
യൂറോ-അമേരിക്കന്‍ ശക്തികളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും ഇപ്രകാരം എളുപ്പത്തില്‍ വിലയിരുത്താനാവില്ല. കാരണം, അവര്‍ നിലപാടുകള്‍ അവതരിപ്പിക്കുന്നതും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതും വ്യവസ്ഥാപിത രീതികളില്‍ സുതാര്യമായിട്ടത്രെ. അവരുടെ നയങ്ങളും പദ്ധതികളും അവയുടെ അടിച്ചേല്പിക്കലും ലോകജനതകളെ ആകമാനം ഉലയ്ക്കാനും ഉന്മൂലനംചെയ്യാനും പോരുന്നതാണെങ്കില്‍ക്കൂടി, അതൊന്നും മൗലികവാദമായോ ഭീകരതയായോ കാണാന്‍ ഇന്നത്തെ മനുഷ്യനു കഴിയുന്നില്ല. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകാലം കൊണ്ട്, ലോകത്തിലെ മിക്ക ജനതകളിലും പാശ്ചാത്യ വ്യാവസായികനാഗരികതയ്ക്കനുകൂലമായുള്ള ഒരുതരം മസ്തിഷ്‌ക രൂപീകരണംതന്നെ നടത്താന്‍ യൂറോപ്പിനു കഴിഞ്ഞു എന്നതാണ് ഇതിനു കാരണം. തന്മൂലം, യൂറോ-അമേരിക്കന്‍ ശക്തികള്‍ പ്രതിനിധാനം ചെയ്യുന്ന ഏതാണ്ടെല്ലാ ആശയങ്ങളെയും സമീപനങ്ങളെയും 'പുരോഗമനപരം' എന്ന നിലയില്‍ സ്വാംശീകരിച്ചിരിക്കുന്നു, അഭ്യസ്തവിദ്യരെന്നു കരുതപ്പെടുന്ന ലോകത്തിലെ എല്ലാവരുംതന്നെ, ഇന്ന്.  
ഈ യൂറോ-കേന്ദ്രിത (Euro-centric) മനോഭാവത്തിന്റെ ആഗോളവ്യാപനംനിമിത്തം, സ്വന്തം തനിമ (ശിറശ്ശറൗമഹശ്യേ)യില്‍ നിന്നുകൊണ്ട് സ്വതന്ത്രമായി ചിന്തിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കുവാനുമുള്ള ശേഷി മനുഷ്യനിന്നു കുറഞ്ഞുകൊണ്ടിരിക്കുന്നു. പകരം, എല്ലാ യൂറോ-അമേരിക്കന്‍ ആശയഗതികള്‍ക്കും നീക്കങ്ങള്‍ക്കും പിന്നിലുള്ളതായി തോന്നുന്ന ജനാധിപത്യത്തിന്റെയും ശാസ്ത്രീയതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മതേതരത്വത്തിന്റെയും വ്യവസ്ഥാപിതത്വത്തിന്റെയും സുതാര്യതയുടെയുമൊക്കെ വര്‍ണ്ണശബളമായ പരിഷ്‌കൃതപരിവേഷങ്ങളില്‍ ആകൃഷ്ടനായി നിലകൊള്ളുകയാണവന്‍. ഈ പരിവേഷങ്ങളുടെ മറവില്‍ യൂറോ-അമേരിക്കന്‍ ശക്തികള്‍ക്ക് ഏതുതരത്തിലുള്ള ചുഷണവും പീഡനവും ഏതു തരത്തിലുള്ള യുദ്ധവും ലോകത്തിനുമേല്‍ സുതാര്യമായും വ്യവസ്ഥാപിതമായും നടത്താമെന്ന അവസ്ഥയാണിന്നുള്ളത്. അവരുടെ മൗലികവാദസിദ്ധാന്തങ്ങള്‍പോലും അവതരിക്കപ്പെടുന്നത് അങ്ങേയറ്റം ഉദാത്തവല്‍ക്കരിച്ചാണ്. ഉദാഹരണത്തിന്,  ഈ ശക്തികള്‍ ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക വ്യവസ്ഥ അറിയപ്പെടുന്നത് 'ഉദാരവല്‍ക്കരണം' എന്നാണ്; കമ്പോള ഭീകരവാദമെന്നല്ല! കമ്പോളനിയമങ്ങളില്‍ അധിഷ്ഠിതമായ ഒരു ഏകലോകക്രമത്തെയാണ് അതു മുന്നോട്ടുവയ്ക്കുന്നതെന്നും അതിന്റെ വ്യവസ്ഥകള്‍ അംഗീകരിക്കാത്ത രാഷ്ട്രങ്ങളെ ഉപരോധം ഏര്‍പ്പെടുത്തി ശ്വാസം മുട്ടിക്കുമെന്നും യുദ്ധം അടിച്ചേല്‍പ്പിച്ച് നിഷ്‌കാസനംചെയ്യുമെന്നും ഇന്നെല്ലാവര്‍ക്കും അറിയാം. എന്നിട്ടും, യൂറോ-അമേരിക്കന്‍ ശക്തികള്‍ പ്രതിനിധാനം ചെയ്യുന്ന മൗലികവാദഭീകരത തിരിച്ചറിയപ്പെടുന്നില്ല. എന്നുമാത്രമല്ല, മൗലികവാദഭീകരതയ്‌ക്കെതിരെ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ലോകരക്ഷകരായി അവര്‍ കണക്കാക്കപ്പെടുകയും ചെയ്യുന്നു. 
മൗലികവാദമെന്നാല്‍ 
എന്താണ് മൗലികവാദം? പ്രകൃതിയുടെയും ജീവിതത്തിന്റെയും ഉണ്മയെ സംബന്ധിച്ചുള്ള ഏതൊരു കടുംപിടുത്ത നിലപാടും മൗലികവാദമാണ്. കാരണം, ഏതെങ്കിലുമൊരു സിദ്ധാന്തത്തിനോ വ്യാഖ്യാനത്തിനോ നിലപാടുതറയ്‌ക്കോ വഴങ്ങാതെ അപരിമേയവും രഹസ്യാത്മകവുമായി നിലകൊള്ളുന്ന നിത്യവിസ്മയമാണ്, പ്രകൃതിയുടെയും ജീവിതത്തിന്റെയും ഉണ്മ. മനുഷ്യന്റെ പ്രജ്ഞയുടെയും സര്‍ഗ്ഗാത്മകതയുടെയും അന്വേഷണവ്യഗ്രതയുടെയും അനന്തവിശാലമായ മേച്ചില്‍പ്പുറവും പ്രചോദനസ്രോതസ്സുമായി നിത്യംവിരാജിക്കുന്ന അജ്ഞേയമായ ആ ഉണ്മയെപ്പറ്റി അതിന്റെ ഒരു ഭാഗം മാത്രമായ മനുഷ്യന്‍ ബൗദ്ധികതീര്‍പ്പുകള്‍ കല്പിക്കുമ്പോള്‍ അവന്‍ അവന്റെതന്നെ കാഴ്ചവട്ടം ചുരുക്കുകയാണ്. അതു മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കുമ്പോള്‍ തങ്ങളുടെ കാഴ്ചവട്ടം ചുരുക്കാന്‍ അവരും നിര്‍ബന്ധിതരാകുന്നു. ചുരുക്കത്തില്‍, അന്തിമമായ സത്യമെന്ന നിലയില്‍ തങ്ങളുടെ തീര്‍പ്പുകള്‍ അവതരിപ്പിക്കുന്നതിനെ മൗലികവാദമെന്നു പറയാം. അത് കായിക-രാഷ്ട്രീയശക്തി പ്രയോഗിച്ച് മറ്റുള്ളവരില്‍ അടിച്ചേല്പിക്കുമ്പോള്‍ തീവ്രവാദവും ഭീകരതയുമാകുന്നു. ഓരോ മൗലികതീവ്രവാദവും മനുഷ്യന്റെ മൗലികചിന്തകള്‍ക്കാണ് ആദ്യമേ കടിഞ്ഞാണിടുന്നത് എന്നോര്‍ക്കണം. 
യൂറോ-അമേരിക്കന്‍ ഭൗതികമതമൗലികവാദം 
ഈവിധത്തില്‍ നോക്കുമ്പോള്‍, കമ്പോളനിയമങ്ങളില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥയെ ഏകസത്യമെന്ന നിലയില്‍ അവതരിപ്പിക്കുന്ന യൂറോ- അമേരിക്കന്‍ സമീപനം മറ്റേത് ഏകസത്യമതവാദത്തെയുംപോലെതന്നെ, മൗലികവാദമാണെന്നു കാണാം. ജീവിതത്തിന്റെ ഉണ്മയെ കേവലം സാമ്പത്തികതലത്തിലേക്കു ചുരുക്കിക്കാണുന്ന ഭൗതികമാത്രപരമായ മതമൗലികവാദമാണത്. ഈ മതത്തില്‍ ആരാധനാമൂര്‍ത്തി പണമാണ്; ശ്രീകോവില്‍ ചന്തയും. പ്രകൃതിയെയും മനുഷ്യനെയും, മനുഷ്യന്റെ സര്‍ഗ്ഗാത്മകതയെപ്പോലും, ചൂഷണംചെയ്തും വിറ്റും കച്ചവടച്ചരക്കാക്കുക എന്നതാണിവിടുത്തെ അനുഷ്ഠാനം. മാനുഷികമൂല്യങ്ങള്‍ക്കും സദ്ഭാവങ്ങള്‍ക്കുംപകരം ഈ ഭൗതികമതം മനുഷ്യനില്‍ ഉത്പാദിപ്പിക്കുന്നത്, അഹന്ത, മാത്സര്യബുദ്ധി മുതലായ കച്ചവടമൂല്യങ്ങളും സ്പര്‍ദ്ധ, ആര്‍ത്തി, അസഹിഷ്ണുത, ശത്രുത മുതലായ നിഷേധഭാവങ്ങളുമത്രെ. ആത്യന്തികമായി, ഈ ഭൗതികമതം സ്ഥാപിക്കുന്നത് ഒരു 'ചന്തസംസ്‌ക്കാരത്തെയാണെന്നു പറയാം. അതു വാഗ്ദാനം ചെയ്യുന്ന സുഖസൗകര്യങ്ങള്‍ സംബന്ധിച്ച വ്യാമോഹങ്ങളെ, ആഞ്ഞുപുല്‍കിക്കൊണ്ട് ലോകമിന്ന് ഈ യൂറോ-അമേരിക്കന്‍ ഭൗതികമതത്തിന്റെ ആധിപത്യത്തിന്‍ കീഴില്‍ അമരുകയാണ്.
സമാന്തരമായി നടന്നുകൊണ്ടിരിക്കുന്ന മറ്റൊരുകാര്യം, മൂല്യാവബോധം നല്‍കി മനുഷ്യനെ ധര്‍മ്മാധര്‍മ്മവിവേചനത്തിനു പ്രാപ്തനാക്കേണ്ട മതങ്ങളെല്ലാംതന്നെ, ലോകവ്യാപകമായി ഉയര്‍ന്നുവന്നിരിക്കുന്ന യൂറോ- അമേരിക്കന്‍ ഭൗതികമതത്തിന്റെ സ്വാധീനത്തില്‍, അവയുടെ ആധ്യാത്മികമായ അന്തസ്സത്തയില്‍നിന്നു ഘടനാപരമായ പുറന്തോടിലേക്കുള്ള പ്രയാണം ത്വരിതപ്പെടുത്തിയിരിക്കുന്നു എന്നതാണ്. മനുഷ്യനിലെ ആത്മീയത യുണര്‍ത്തി അവനെ പരാര്‍ത്ഥതാഭാവത്തിലേക്കു നയിക്കുക എന്ന ലക്ഷ്യം കൈവിട്ട്, സ്വകാര്യസ്വര്‍ഗ്ഗപ്രാപ്തിക്കും സ്വകാര്യകാര്യസാധ്യങ്ങള്‍ക്കുമുള്ള പുരോഹിതാനുഷ്ഠാനങ്ങളിലേക്ക് മനുഷ്യനെ ആഡംബരപൂര്‍വ്വം ആകര്‍ഷിക്കുന്നതിലാണ് അവയിന്നു കൂടുതലായി ശ്രദ്ധയൂന്നുന്നത്. ഫലത്തില്‍, മതങ്ങളിന്നു മനുഷ്യനില്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്നത് സ്വകാര്യമാത്രപരതയാണ്. സൂക്ഷ്മാവലോകനത്തില്‍, അതാണല്ലോ ഭൗതികത. അങ്ങനെ മതങ്ങളെല്ലാം വ്യവസ്ഥാപിതമായിക്കഴിഞ്ഞ യൂറോ-അമേരിക്കന്‍ ഭൗതികമതത്തോടു സമരസപ്പെട്ട് ഭൗതികസ്വഭാവം ആര്‍ജ്ജിച്ചു കൊണ്ടിരിക്കുന്നു. മതബാഹ്യമായ കാര്യങ്ങളിലേക്കു മതങ്ങളിന്നു കൂടുതല്‍ കൂടുതലായി കടന്നുചെല്ലുന്നതിനെയും ഇടപെടുന്നതിനെയുംകൂടി മതങ്ങളുടെ ഈ ഭൗതികവല്‍ക്കരണത്തിന്റെ ഭാഗമായി കാണാവുന്നതാണ്. സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കി ധനവും സ്വാധീനവും ആര്‍ജ്ജിക്കുക എന്നതും വിശ്വാസികളെ സാമുദായികമായി വിഘടിപ്പിച്ചും വ്യാജഭീതിയുണര്‍ത്തിയും രാഷ്ട്രീയമായി ശാക്തീകരിക്കുക എന്നതും മതങ്ങളുട മുഖ്യ അജണ്ടയായി മാറിക്കഴിഞ്ഞു. ചുരുക്കത്തില്‍, കമ്പോളകേന്ദ്രീകൃതമായ അഥവാ പണകേന്ദ്രീകൃതമായ, യൂറോ-അമേരിക്കന്‍ ഭൗതികമതത്തിന്റെ സ്വാധീനം ആത്മീയമെന്നവകാശപ്പെടുന്ന മറ്റു മതങ്ങളെയും, മുമ്പെങ്ങുമുണ്ടായി ട്ടില്ലാത്തത്ര വേഗത്തില്‍, ആത്മീയതയില്‍നിന്നു ഭൗതികതയിലേക്കു രൂപമാറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതു വീണ്ടും യൂറോ-അമേരിക്കന്‍ ഭൗതികമതവ്യവസ്ഥയ്ക്ക് കൂടുതല്‍ ശക്തിയും പ്രാമാണികതയും നേടിക്കൊടുക്കുന്നു; വീണ്ടുവിചാരമോ സ്വയംവിമര്‍ശനമോ എളുപ്പമല്ലാതാകുന്ന തരത്തില്‍ അതിനെ വ്യവസ്ഥാപിതമാക്കുന്നു. 
ലോകത്തില്‍ വ്യവസ്ഥാപിതമായിക്കഴിഞ്ഞ ഈ ഭൗതികമതവ്യവസ്ഥിതിയെ സ്വതന്ത്രമായിനിന്നു നിരീക്ഷിച്ചാല്‍, ഓരോ മനുഷ്യനിലും ഉത്തേജിപ്പിക്കപ്പെടുന്ന ആര്‍ത്തിയും മാത്സര്യബുദ്ധിയുമാണ് അതിന്റെ ചാലകശക്തി എന്നു കാണാം. മറ്റു മതദര്‍ശനങ്ങള്‍ (ഇന്നത്തെ സംഘടിത-പുരോഹിതമതങ്ങളല്ല) ആദ്ധ്യാത്മികാവബോധത്താല്‍ മനുഷ്യവ്യക്തികളെ സമഷ്ടിബോധത്തിലേക്ക് ഐക്യപ്പെടുത്താനാണു ശ്രമിക്കുന്നതെങ്കില്‍, ഈ പണാധിഷ്ഠിത ഭൗതികമതവ്യവസ്ഥ മനുഷ്യന്റെ ആദ്ധ്യാത്മികതലത്തെത്തന്നെ നിരാകരിച്ചുകൊണ്ട് അവരെ സാമൂഹികമായി അന്യവല്‍ക്കരിക്കുകയും കേവലവ്യക്തികളും സമുദായങ്ങളുമായി ചിതറിക്കുകയുമാണ് ചെയ്യുന്നത്. സൂക്ഷ്മവിശകലനത്തില്‍, ഓരോ മനുഷ്യനെയും അവനവനിലേക്കു ചുരുക്കി അങ്ങേയറ്റം സ്വകാര്യമാത്രപരനാക്കുന്ന ഒരു 'അവനവനിസ വ്യവസ്ഥിതി'യാണ് ഈ ഭൗതികമതമൗലികവാദത്തിന്റെ ഉള്ളടക്കമെന്നു കാണാം.  

(തുടരും)

Monday, March 23, 2015

മുംബെയില്‍ പള്ളി ആക്രമിച്ചു!


st-gerorge-church-mumbai-370x290
ഓരോ ആഴ്ചയിലും കുറഞ്ഞത്‌ ഒരു പള്ളി അല്ലെങ്കില്‍ ക്രിസ്ത്യന്‍ സമര്‍പ്പിത സമൂഹത്തിലെ ഒരംഗം ആക്രമിക്കപ്പെടണം എന്ന നിലയിലാണ് ആകമാന ഭാരതത്തില്‍ നിന്നുള്ള വാര്‍ത്തകള്‍. 
ഓരോ സംഭവങ്ങളും വ്യത്യസ്തമായ സാഹചര്യങ്ങള്‍ക്കൊണ്ടാണ് ഉണ്ടാകുന്നത് എന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, പൊതുവില്‍ ഇതിനുള്ള കാരണങ്ങള്‍ അപഗ്രഥിക്കപ്പെടണം, അവക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ അത്മായര്‍ക്കൂടി ഉള്‍പ്പെട്ട സഭാസമൂഹം സ്വീകരിക്കുകയും വേണം. അല്ലെങ്കില്‍ ഇത് വ്യാപകമാവുകയും സഭയുടെ നിലനില്‍പ്പ്‌ അപകടത്തിലാകുകയും ചെയ്യും. എന്തുകൊണ്ട് ഭാരത കത്തോലിക്കാ സഭയെ വെറുക്കുന്ന ഒരു മാനസികാവസ്ഥയില്‍ ഭാരതീയര്‍ എത്തി നില്‍ക്കുന്നു? പന്‍വേല്‍ പള്ളി ആക്രമണം വിശദമായി വായിക്കുക: Miscreants attack church in New Panvel, Christians condemn it

Sunday, March 22, 2015

നിത്യസത്യമേ, നീയെവിടെയാണ്?

നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും എന്നാണ് യേശുവിന്റേതായി എഴുതപ്പെട്ടിരിക്കുന്ന വേദവാക്യം (യോഹന്നാൻ 8, 32). വാച്യാർഥത്തിലെടുത്താൽ അതൊരു വലിയ സദ്‌വാർത്തയാണ്. അതായത് എല്ലാവരും സത്യമെന്താണെന്ന് അറിയുകയും അതുവഴി സ്വാതന്ത്ര്യമെന്താണെന്ന് രുചിച്ചറിയുകയും ചെയ്യുമെന്ന്. എന്നാൽ അത് വളരെ വിരളമായി മാത്രം സംഭവിക്കുന്നതായിട്ടാണ് മനുഷ്യാനുഭവം. അതുകൊണ്ട്, ബൈബിൾ വാക്യങ്ങളുടെ കാര്യത്തിൽ പലപ്പോഴും കാണാറുള്ളതുപോലെ ഈ വാക്യത്തിലും അത്ര വ്യക്തതയില്ല എന്നു പറയേണ്ടിവരുന്നു. വാസ്തവത്തിൽ, ഉള്ളിലോ വെളിയിലോ നിലനിൽക്കുന്ന സത്യത്തെ ആര് കണ്ടെത്തുന്നുവോ, അയാൾ ആ തിരിച്ചറിവിലൂടെ, അതായത്, ആ സത്യത്തിലൂടെ സർവസ്വതന്ത്രനാകും എന്നല്ലേ അതിന്റെ പൊരുൾ? എങ്കിൽ പിന്നെ അത് അങ്ങനെത്തന്നെയങ്ങ് എഴുതരുതോ? അതായത്, സത്യമെന്തെന്ന് തെരയാനുള്ള കടമ ഓരോരുത്തർക്കും ഉണ്ട്. അത് ഗൌരവമായി എടുത്താൽ, ഒരു പക്ഷേ, നീ സത്യമെന്തെന്ന് കണ്ടെത്തിയെന്നു വരാം. അത് സംഭവിച്ചാൽ, അതിന്റെ ഫലമായി യഥാർഥ സ്വാതന്ത്ര്യമെന്തെന്നും നീ അനുഭവിച്ചറിയും. 


ഇവിടെ സത്യമെന്നത് ആരോരുമില്ലാതെ, അല്ലെങ്കിൽ ആരുടേതുമല്ലാതെ, അങ്ങനെ പ്രപഞ്ചമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന എന്തോ അല്ല. എന്തിനെയെങ്കിലും സംബന്ധിക്കുന്നതാണ് അത്. നമ്മെ സംബന്ധിച്ചിടത്തോളം സത്യമെന്നത് പ്രഥമപ്രധാനമായി നമ്മെ സംബന്ധിക്കുന്ന, അതായത് നമ്മുടെ അസ്തിത്വത്തെ സംബന്ധിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമായിരിക്കും. ചോദ്യം ചോദിക്കാനുള്ള കഴിവാണ് നമ്മെ മറ്റ് ജീവജാലങ്ങളിൽ നിന്ന് വേർതിരിക്കുന്നതും നമ്മെ മനുഷ്യരാക്കുന്നതും. ഏതൊരാളും ആദ്യമായി ചോദിക്കുന്ന ചോദ്യം താനാരാണ്, താനിവിടെ എന്ത് ചെയ്യുന്നു, എന്തിനായി അത് ചെയ്യുന്നു എന്ന് തുടങ്ങുന്നവയാണ്. താൻ അല്ലെങ്കിൽ ഞാൻ എന്നു പറയുമ്പോൾ അതിൽ ഞാൻ നിലനിൽക്കുന്ന പ്രപഞ്ചവും ഉൾപ്പെടും. ഞാനും എന്നെ ഉൾകൊള്ളുന്ന മറ്റ് അസ്തിത്വങ്ങളും എന്നിൽ വിസ്മയം ജനിപ്പിക്കുന്നതുകൊണ്ടാണ് ബുദ്ധി വികസിക്കുന്നതോടെ നമ്മൾ മേൽപ്പറഞ്ഞ ചോദ്യങ്ങളുടെ ഉപജ്ഞാതാക്കളായിത്തീരുന്നത്. എന്നെപ്പറ്റി അറിയുന്നതിന്റെ ഭാഗമായി എന്റെ ഉദ്ഭവം, പരിണാമം, വികാസം, പ്രപഞ്ചത്തിന്‌ അതിലുള്ള പങ്ക് എന്നിവയെപ്പറ്റി കിട്ടുന്ന അറിവെല്ലാം ഞാൻ സമ്പാദിക്കുന്നു.

സഹസ്രകോടിക്കണക്കിന് ഗാലക്സികളും അതിലോരോന്നിലും പതിനായിരം കോടിയോളം നക്ഷത്രങ്ങളും ഉള്ള സ്ഥൂലവും സൂക്ഷമവുമായ പ്രപഞ്ചത്തെപ്പറ്റിയുള്ള അറിവും നാം ആർജിക്കുന്നു. എന്നാൽ ഈ അറിവുകൾ ആരെയെങ്കിലും അസന്നിഗ്ദ്ധമായ സത്യത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്നുണ്ടോ? എത്ര വിപുലവും ആഴമുള്ളതുമായ അറിവുണ്ടായാലും ഇതിലെല്ലാം ഒരു ലക്ഷ്യമുണ്ടെന്ന സ്ഥിരീകരണം ലഭ്യമല്ലെന്ന അനുഭവമാണ് കൂടുതൽ പേർക്കും ഉള്ളത്. മറിച്ച്, നമുക്കറിയാൻ കഴിയുന്ന പ്രപഞ്ചത്തിനും അതിനുള്ളിലെ നമ്മുടെ ബൗദ്ധികജീവിതത്തിനും നിശ്ചിതമായ ഒരു ലക്ഷ്യമുണ്ടെന്ന ധൈര്യം കൈവരിക്കുന്നവർ, അത് യുക്തിയിലൂടെയല്ല, മറിച്ച്, യുക്തിയെ മറികടന്നാണ് നേടുന്നത്. അങ്ങനെയെങ്കിൽ, മനുഷ്യനെ സംബന്ധിച്ച് സത്യം എപ്പോഴും കാണാമറയത്താണ്. അല്ല, കാണാമറയത്തെങ്കിലും സത്യം എന്നൊന്ന് ഉണ്ടെന്നു പറയാൻ നമുക്കെന്തവകാശം? അപ്പോൾ പിന്നെ നമ്മെ സ്വതന്ത്രരാക്കേണ്ട ആ സത്യം എന്തായിരിക്കും? അതെവിടെയാണ്?

എന്തായാലും നമ്മളും നമ്മുടെ പ്രപഞ്ചവും ഇവിടെയുണ്ട്. അതിനെ ചോദ്യം ചെയ്താൽ പിന്നെയൊന്നിനും അർഥമില്ലതന്ന. ഇത്ര ബ്രഹ്മാണ്‍ഡമായ ഒരു സംഭവം വെറും യാദൃശ്ചികതയായിരിക്കാമോ? ആയിരിക്കാമെന്നും തങ്ങൾ കണ്ടെത്തിയ സത്യം അതാണെന്നും സ്വയം ഉറപ്പുവരുത്തി അതിൽ കൂസലില്ലായ്മയുടെ ഒരുതരം സ്വാതന്ത്ര്യം അനുഭവിക്കുന്നവർ ഇന്ന് ഈ ലോകത്ത് ധാരാളമുണ്ട്. യാദൃശ്ചികതയുടെ ഇല്ലായ്മയിലേയ്ക്കു അഴിഞ്ഞ് ഒന്നുമല്ലാതായിപ്പോകുന്നതിൽ അവർക്ക് ഒരു പരിഭവവുമില്ല. അവർ അനുഭവിക്കുന്നത് അർഥമില്ലായ്മയുടെ സ്വാതന്ത്ര്യമാണ്. അതവരുടെ അവകാശമായി നാം വിട്ടുകൊടുക്കുക. ഓരോ ആത്മഹത്യയെയും, എന്തിന് , ഓരോ കൊലയും, ഇത്തരം അർഥമില്ലായ്മയുടെ വൈയക്തികമായ പ്രത്യക്ഷീകരണമായി വ്യാഖ്യാനിക്കാവുന്നതാണ്.

എന്നാൽ എല്ലാ വൈതരണികളെയും അതിലംഘിച്ച് അവിശ്രമം ജീവന്റെ അർഥം തേടുന്നവരും ഉണ്ടെന്ന് നമുക്കറിയാം. ഞാനും നിങ്ങളും അതിൽ പെടുന്നുണ്ടായിരിക്കണം. എന്തുകൊണ്ട്? 1370 കോടി വർഷങ്ങൾക്കു മുമ്പ്, പൂജ്യം വലിപ്പവും അനന്തമായ സാന്ദ്രതയുമുള്ള, എല്ലാ ദ്രവ്യവും എല്ലാ ഊര്ജ്ജവും ഉൾക്കൊള്ളുന്ന ഒരു പരമാണുവിന്റെ വൻസ്ഫോടനത്തിൽ ആരംഭിച്ച്, സഹസ്രകോടിക്കണക്കിന് ഗാലക്സികളും ഓരോ ഗാലക്സിയിലും സഹസ്രകോടിയിലധികം നക്ഷത്രങ്ങളുള്ള, ആയിരത്തിയഞ്ഞൂറു കോടി പ്രകാശവർഷങ്ങൾ വരെ വ്യാപിച്ചുകിടക്കുന്ന സ്ഥൂലപ്രപഞ്ചത്തിന്റെ അതിരുകളിലുള്ള ക്വാസാർ, പൾസാർ നക്ഷത്രങ്ങളെവരെ പരീക്ഷണനിരീക്ഷണങ്ങൾക്ക് വിധേയമാക്കാൻ കഴിവുള്ള മനുഷ്യൻ; സൂക്ഷ്മപ്രപഞ്ചത്തിൽ ക്വാണ്ടം ഭൗതികത്തിന്റെ കണ്ടുപിടുത്തങ്ങളിലൂടെ ഒരു മീറ്ററിന്റെ നൂറുലക്ഷം കോടിയിലൊരംശം മാത്രം വലിപ്പമുള്ള പ്രോടോണ്‍, ഇലക്ട്രോണ്‍ കണങ്ങളെവരെ അപഗ്രഥിക്കാനും പഠിക്കാനും പ്രാവീണ്യം നേടിയ മനുഷ്യൻ; പരിധിയില്ലാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അദമ്യമായ അഭിവാഞ്ചയോടുകൂടിയ മനുഷ്യൻ, വെറും യാദൃശ്ചികതയുടെ ഒരുത്പന്നം മാത്രമാണെന്നും, പെട്ടെന്നൊരു നിമിഷത്തിൽ വീണ്ടും ഒരു നീർക്കുമിളപോലെ ഇല്ലായമയിൽ അമർന്ന് അപ്രത്യക്ഷമാകുമെന്നും കരുതാൻ വിസ്സമ്മതിക്കുന്നതുകൊണ്ടാണ് എവിടെയോ മറഞ്ഞിരിക്കുന്ന ജീവിതസത്യത്തെ തിരഞ്ഞ് നാം പുറപ്പെടുന്നത്. ആ സത്യത്തെ കണ്ടെത്തുന്നതോടെ സമാധാനവും സംതൃപ്തിയും സ്വാതന്ത്ര്യവും കൈവരുമെന്ന് നാം വിശ്വസിക്കുകയാണ്. എന്റെ അസ്തിത്വത്തിന്റെ ഉറവിടം എന്നിൽത്തന്നെ അല്ലെന്നറിയാവുന്ന ഞാൻ, ഈ അസ്തിത്വത്തിന് മൌലികമായ ഒരുകാരണവും അർഥവും ഉണ്ടെന്നു വിശ്വസിക്കാൻ നിർബന്ധിതനാകുന്നു എന്നതാണ് എന്നെ നയിക്കുന്ന യുക്തി. താത്ത്വികമായി ഒരാധാരം ഈ വിശ്വാസത്തിന് ഇല്ലെന്നറിഞ്ഞിട്ടും അതുപേക്ഷിക്കാനുള്ള ചങ്കൂറ്റം എനിക്കില്ല. എന്തെന്നാൽ, എനിക്കുചുറ്റും ഞാൻ അനുഭവിക്കുന്ന മനോഹാരിതക്കും ജീവസ്പന്ദനങ്ങൾക്കും എല്ലാ വിധ അഭിശപ്തതയെയും തിരുത്തുന്ന ധാർമികതക്കും ഉള്ള നീതിമത്ക്കരണം  എന്റെയീ അയുക്തിയിലാണെന്നു വരുന്നുവെങ്കിലും അതെന്നെ ഉത്തേജിതനാക്കുന്നു. അതില്ലാതെ സ്നേഹം കൊടുക്കലും വാങ്ങലും പോലും നിഷ്പ്രഭമായിത്തീരുന്നു. 

ഈ പറഞ്ഞുവന്നതിൽ അർഥമില്ലെങ്കിൽ, എന്തുകൊണ്ട് ഇല്ലായ്മക്കു പകരം ഉള്ളായ്മ? ഉള്ളായ്മ ലക്ഷ്യഭദ്രമായിരിക്കണം. എനിക്ക് ശക്തി പകരുന്ന ഏറ്റവും വലിയ കണ്ടെത്തൽ അതാണ്‌. മറ്റൊന്നും മനസ്സിലായില്ലെങ്കിലും, ഈ രക്ഷാവള്ളിയിൽ പിടിച്ച് എനിക്ക് ജീവന്റെ നൂല്പാലം കടന്നു പോകാനാകുന്നു. ആ പോക്കിൽ മുകളിലും താഴെയും ചുറ്റിലുമുള്ള എല്ലാ സമൃദ്ധിയും സൌന്ദര്യവും കണ്ടാനന്ദിക്കാനും അനുഭവിക്കാനും, അതേ സമയം അവയിൽനിന്ന് നിഷ്പക്ഷമായി അകന്നുനിൽക്കാനും എനിക്കാവുന്നു. അതുകൊണ്ടാണ് ഞാൻ ചെയ്യുന്നത് ഞാൻ ചെയ്യുന്നതും ഞാൻ ചെയ്യാത്തത് ചെയ്യാതിരിക്കുന്നതും. അതുകൊണ്ടാണ് എന്റെ ഉത്തരവാദിത്വം എന്നോടുതന്നെയാകുന്നത്. അതുകൊണ്ടാണ് എല്ലാം അതാതിന്റെ തോതിൽ നിലനിറുത്താൻ എനിക്കാകുന്നത്. ഈ മാനസികാവസ്ഥ എല്ലാ അർഥമില്ലായ്മയിലും എന്നെ താങ്ങുകയും നിരാശതയിൽനിന്ന് എന്നെ സംരക്ഷിക്കുകയും ചെയ്യുന്നു. ഉപാധികൾക്കെല്ലാം നടുവിൽ നിരുപാധികമായിരിക്കുന്ന എന്തോ ഒന്ന്, അതിനെ ഞാൻ സത്യമെന്ന് വിളിക്കട്ടെ, അതാണ്‌ എന്റെയീ നിലപാടിനു പിന്നിൽ. ജീവിക്കാനെന്നപോലെ ഏതു നിമിഷവും മരണത്തിലൂടെ ഇല്ലാതാകുവാനും ഈ സത്യം എനിക്ക് കരുത്തായിത്തീരുന്നു. എന്നാലും, വാക്കുകളില്ലാതെ ഞാൻ ചോദിച്ചുകൊണ്ടിരിക്കുന്നു: എന്നെ സർവസ്വതന്ത്രനാക്കുന്ന നിത്യസത്യമേ, നീയെവിടെയാണ്?          

Saturday, March 21, 2015

ബിഷപ്പുമാരുടെ മുട്ടുവിറക്കുന്നു.

ചര്‍ച്ച് ആക്ട് പ്രാബല്യത്തിലായാൽ 
വിദേശ ഫണ്ടിന്റെയും വിശ്വാസിസമൂഹസമ്പത്തിന്റെയും ദുരുപ യോഗം ഇനി നടപ്പില്ല എന്ന അങ്കലാപ്പ് അവരെ അലട്ടുന്നു!


ക്രൈസ്തവ സഭകളുടെ ‘നിലവിളി’ രാഷ്ട്രീയ ധ്രുവീകരണത്തിന് എന്ന് കെ.സുജിത്ത് 
March 21, 2015 തൃശൂര്‍: 
അനാവശ്യ വിവാദമുയര്‍ത്തി, ക്രൈസ്തവ സമൂഹം പീഡിപ്പിക്കപ്പെടുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ സഭകള്‍ നടത്തുന്ന ശ്രമം രാഷ്ട്രീയ ധ്രുവീകരണം മുന്നില്‍ക്കണ്ട്. മോദി സര്‍ക്കാരിനും ആര്‍എസ്എസ്സിനുമെതിരെ സഭ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് സര്‍ക്കാരിന്റെ നയപരിപാടികള്‍ അട്ടിമറിക്കാന്‍. പൊതുസമൂഹത്തിന് ഗുണകരവും സഭാപുരോഹിതര്‍ക്ക് തലവേദനയുമാകുന്ന നയങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടക്കം കുറിച്ചതോടെയാണ് നിലവിളിയുമായി സഭാധികൃതര്‍ രംഗത്തെത്തുന്നത്. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതിനാല്‍ അടുത്തിടെ 69 എന്‍ജിഒകളെ കേന്ദ്രസര്‍ക്കാര്‍ കരിമ്പട്ടികയില്‍പ്പെടുത്തുകയും വിദേശ സഹായം സ്വീകരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇതില്‍ 15 എന്‍ജിഒകള്‍ ക്രൈസ്തവ സഭകള്‍ക്ക് കീഴിലുള്ളതാണ്. വിദേശ ഫണ്ട് ലഭിക്കുന്ന എന്‍ജിഒകളുടെ പ്രവര്‍ത്തനം സര്‍ക്കാരിന്റെ നിരീക്ഷണത്തിലുമാണ്. സേവനപ്രവര്‍ത്തനങ്ങള്‍ക്കായി കണക്കില്ലാത്ത വിദേശ ഫണ്ടാണ് സഭകള്‍ക്ക് ഓരോ വര്‍ഷവും ലഭിക്കുന്നത്. മതപരിവര്‍ത്തന വ്യവസായം മുന്നോട്ട് കൊണ്ട് പോകുന്നതും ഇത്തരം ഫണ്ടുപയോഗിച്ചാണ്. മോദി-സര്‍ക്കാരിന്റെ നടപടി സഭകളെ സംബന്ധിച്ചിടത്തോളം കനത്ത ആഘാതമാണ്. ഇതിന് പുറമെയാണ് ചര്‍ച്ച് ആക്ട് സര്‍ക്കാരിന്റെ പരിഗണനയിലിരിക്കുന്നത്. സഭകളുടെ സമ്പത്ത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ കൈവശമില്ല. ആരോഗ്യ, വിദ്യാഭ്യാസ, ആത്മീയ വ്യാപാരത്തിലൂടെ സഭ കോടികള്‍ കൊയ്യുന്നുണ്ടെങ്കിലും സേവന പ്രവര്‍ത്തനത്തിന്റെ പരിധിയില്‍പ്പെടുത്തി നികുതി ഒഴിവാക്കുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ സഭകളെ ജനാധിപത്യവത്കരിക്കുകയും നടത്തിപ്പില്‍ വിശ്വാസികള്‍ക്ക് പങ്കാളിത്തം നല്‍കുകയും ചെയ്യുന്ന ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതിന് ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുതന്നെ ആവശ്യമുയരുന്നുണ്ട്. സഭാപുരോഹിതരുടെ സാമ്പത്തികാധികാരം കുറയ്ക്കുന്ന ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതിന് വിവിധ സംഘടനകള്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തെ വെല്ലുവിളിച്ച് സഭകള്‍ക്കുള്ളില്‍ സമാന്തരകോടതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ സഭകള്‍ എതിര്‍ത്തിരുന്ന പശ്ചിമഘട്ട സംരക്ഷണവുമായി ശക്തമായി മുന്നോട്ട് പോകാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത്തരം ‘അപകടങ്ങള്‍’ മുന്‍കൂട്ടി കണ്ടാണ് സഭാനേതൃത്വം കൂട്ടക്കരച്ചില്‍ നടത്തി വര്‍ഗ്ഗീയ വിഭജനം സൃഷ്ടിക്കുന്നത്. വിശ്വാസികളെ രംഗത്തിറക്കിയും ഇതര രാഷ്ട്രീയ പാര്‍ട്ടികളെ യോജിപ്പിച്ചും ഏത് വിധേനയും സര്‍ക്കാര്‍ നടപടികള്‍ തടയുന്നതിനുള്ള പരിശ്രമമാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്. പ്രതിപക്ഷ കക്ഷികള്‍ ആരോപണങ്ങള്‍ അതേപടി ഏറ്റെടുക്കുന്നത് സഭകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നു. വര്‍ഗ്ഗീയ ആരോപണങ്ങള്‍ ഉന്നയിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് പിന്നില്‍ സഭയ്ക്ക് രാജ്യവിരുദ്ധ അജണ്ടയുമുണ്ട്. വിദേശ രാജ്യങ്ങളില്‍ മോദിക്ക് ലഭിക്കുന്ന സ്വീകാര്യത തടയുകയെന്നതാണ് ഇത്. മോദി സന്ദര്‍ശിക്കുന്നതിലേറെയും ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളാണ്. വിദേശ മാധ്യമങ്ങള്‍ സഭയുടെ വിലാപങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരുകളെപ്പോലെ മോദി-സര്‍ക്കാരും തങ്ങള്‍ക്ക് വഴിപ്പെടണമെന്നാണ് സഭയുടെ നിലപാട്. ദല്‍ഹിയിലെ പള്ളി ‘ആക്രമണങ്ങളില്‍’ പ്രധാനമന്ത്രിയെയും ഹിന്ദു സംഘടനകളെയും പ്രതിക്കൂട്ടിലാക്കിയ സഭ ഏറ്റവുമൊടുവില്‍ കൊല്‍ക്കത്തയില്‍ കന്യാസ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിലും കേന്ദ്രസര്‍ക്കാരിനെ പഴിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കേണ്ട വിഷയത്തില്‍ വിമര്‍ശനം മോദിക്കെതിരെ തിരിക്കുന്നത് ആസൂത്രിതമാണ്. സിസ്റ്റര്‍ അഭയയെ കൊന്ന് കിണറ്റിലെറിഞ്ഞവരും തൃശൂരില്‍ ഒന്‍പത് വയസുകാരിയെ പീഢിപ്പിച്ച പുരോഹിതനും പീഢനം ചെറുത്തതിന് മഠത്തില്‍ നിന്നും കന്യാസ്ത്രീയെ പുറത്താക്കിയവരും ഇപ്പോഴും സഭയുടെ ഭാഗമായിത്തന്നെ കഴിയുകയാണ്.
ജന്മഭൂമി: http://www.janmabhumidaily.com/news275661

ബിഷപ്പ് ജോസഫ് പൌവ്വത്തിനൊരു തുറന്ന കത്ത്

People Around St Mary's Church Elamgulam
ബിഷപ്പ് ജോസഫ് പൌവ്വത്തിനൊരു തുറന്ന കത്ത്
Posted by Viswaraj


പ്രിയ ബിഷപ്പ് ജോസഫ്‌ പൌവ്വത്ത്,

ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഹിന്ദു ധര്മത്തിലേക്ക് കുറച്ചു പേര്‍ തിരിച്ചുവന്നതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരെ യേശു പറഞ്ഞതിൻ പ്രകാരമായി ” തീവ്രവാദി”ന് എന്ന് വിളിച്ചുകൊണ്ടുള്ള താങ്കളുടെ “മതപ്രഭാഷണം”വായിച്ചു. താങ്കള്‍ ഇവിടെ ഉള്ള ഹിന്ദുക്കളെ മുഴുവനും “തീവ്രവാദികള്‍” ആക്കാന്‍ കാരണമായ “മതപരിവര്‍ത്തനം” കൊണ്ട് മാത്രം ഇവിടത്തെ ഹിന്ദുക്കള്‍ തീവ്രവാദികള്‍ ആയാല്‍ താങ്കളെയും താങ്കളുടെ കൂട്ടുകാരായ “ആത്മാവിനെകൊയ്യുന്നവരെയും” ഇവിടത്തെ ഹിന്ദുക്കള്‍ എന്ത് വിളിക്കണം സാര്‍? മതതീവ്രവാദം തലയില്‍ പുഴുത്ത തീവ്രവാദ മതഭ്രാന്തന്മാരെന്നോ? അതോ ഇനി പുതിയ dictionary പദങ്ങള്‍, താങ്കളുടെ മേലാളന്മാര്‍ ഇവിടത്തെ തനതു ആചാരസമ്പ്രദായങ്ങളെ ഇകഴ്താന്‍ വേണ്ടി അനിമിസമെന്നും സാത്താനിസമെന്നും കണ്ടുപിടിച്ചപോലെ, വിളിച്ചപോലെ താങ്കളെപോലെ ഉള്ള മതഭ്രാന്തന്മാരെവിളിക്കാന്‍ ഇവിടത്തെ ഹിന്ദുസമൂഹം പുതിയ വാക്ക് കണ്ടുപിടിക്കേണ്ടി വരുമോ?

ആരാണ് ഇവിടെ തീവ്രവാദി, സര്‍? നൂറ്റാണ്ടുകളോളം അടിമ ആയി ജീവിക്കാന്‍ ഗതികേടുണ്ടായ ഹിന്ദുക്കളോ? അതോ താങ്കളെ പോലുള്ളവരില്‍ അധിനിവേശ രക്തം കുത്തിവെച്ച ക്രിസ്ത്യന്‍ ഭരണാധികാരികളോ? യേശുവില്‍ വിശ്വസിക്കാന്‍ ആഗ്രഹിക്കാത്തവരെ അക്കാരണംകൊണ്ടുമാത്രം തീവ്രവാദികള്‍ ആക്കുന്നത് താങ്കളുടെ മനോനില എത്രത്തോളം പരിതാപകരമാണ് എന്ന് ചൂണ്ടിക്കാണിക്കുന്നു.

താങ്കള്‍ക്ക് ചില സ്ഥിതിവിവര കണക്കുകളും ചരിത്രങ്ങളും ചൂണ്ടിക്കാണിക്കാം, അതിനു ശേഷം താങ്കള്‍ തന്നെ തീരുമാനിക്കൂ, ഇവിടത്തെ തനതു ചിന്തകളെ മാറോടു പുണര്‍ന്നു, അതിനെ സ്നേഹിക്കുന്ന ആരാധിക്കുന്ന ഹിന്ദുക്കളാണോ, അതോ താങ്കളില്‍ അധിനിവേശബീജം കുത്തിവച്ച് തന്നവരാണോ തീവ്രവാദികള്‍ എന്ന്.

താങ്കള്‍ മറുപടി തരുമെന്നപ്രതീക്ഷയോടെ എഴുതട്ടെ.

Inquisition (ഇന്‍ക്വിസിഷന്‍)

“Anyone who attempts to construe a personal view of God which conflicts with Church dogma must be burned without pity.” “സഭയുടെ ചിന്തകള്‍ക്ക് വിരുദ്ധമായി ദൈവത്തെ കുറിച്ച് ചിന്തിക്കുന്നവരെ യാതൊരു ദയയും കൂടാതെ പച്ചക്ക് കത്തിക്കണം” മാര്‍പാപ്പ മൂന്നാമ്മന്റെ പ്രസ്താവന ആണിത്. ഈ പ്രസ്താവന നടത്തിയ മാര്‍പാപ്പയും അനേകായിരം പാഗന്‍ മതക്കാരെ “ക്രിസ്തുവാണ്‌ ശരി” എന്ന് അംഗീകരിക്കാത്തതിനു ഇന്‍ക്വിസിഷന്‍ നടത്തിയ ക്രിസ്ത്യന്‍ സഭയിലെ അംഗങ്ങള്‍ ആണോ മതഭ്രാന്തന്മാർ, അതോ മാര്‍പാപ്പയും കൂട്ടരും അനിമിസം എന്ന് വിളിപ്പേര് നല്‍കിയ തെയ്യം കെട്ടിയാടുന്ന ഹിന്ദുക്കളാണോ? മറുപടി പറയൂ ബിഷപ്പ്! പാഗന്‍ മതമെന്ന് താങ്കളുടെ മതം വിശേഷിപ്പിക്കുന്ന തദ്ദേശീയ മതങ്ങളെ നശിപ്പിക്കാനും അതിന്റെ അനുയായികളെ മതം മാറ്റുവാനുംവേണ്ടി പീടന പരമ്പര നടത്തിയ താങ്കളും താങ്കളുടെ സഭയുമാണോ “ആട്ടിന്‍ കുട്ടികള്‍”? അങ്ങ് യൂറോപ്പില്‍ തുടങ്ങി ഇങ്ങു ഗോവ വരെ നടത്തിയ ഇന്‍ക്വിസിഷന്‍ താങ്കള്‍ എന്ത് പേരില്‍ വിളിക്കും? നിങ്ങളുടെ സഭയില്‍ വിശ്വസിക്കാത്തതിനു എത്ര ആയിരങ്ങളെ താങ്കളുടെ മത ഭ്രാന്തന്മാര്‍ കൊന്നൊടുക്കി? എന്തായിരുന്നു അവര്‍ ചെയ്ത തെറ്റ്? യേശുവില്‍ വിശ്വസിച്ചില്ല എന്നതോ? ലോകം മുഴുവനും ക്രിസ്ത്യന്‍ മതം വളര്‍ത്താന്‍ വേണ്ടി നടത്തിയ കൊലപാതക പരമ്പരകളുടെ മുകളില്‍ ഇരുന്നു കൊണ്ട് ഇവിടത്തെ ഹിന്ദുക്കളെ തീവ്രവാദികള്‍ എന്ന് വിളിക്കുന്ന താങ്കളുടെ മാനസിക ആരോഗ്യം ശരിയല്ല എന്ന് വേണം അനുമാനിക്കാന്‍.

Witch hunts
ഒരു കാലത്ത് സമൂഹത്തില്‍ പൌരോഹിത്യത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളെ കൊന്നൊടുക്കിയ വിച്ഹന്റ്റ് ബിഷപ്പിന് ഓര്മ ഇല്ലേ? സ്ത്രീകളുടെ പൌരോഹിത്യം പാപമാണെന്നു വിശ്വസിക്കുന്ന സഭ നടത്തിയ പതിനായിരങ്ങളുടെ കൂട്ടക്കൊല ഓര്മയില്ലേ?

“Every woman should be filled with shame by the thought that she is a woman.” (താനൊരു സ്ത്രീയാണ് എന്ന് ചിന്തിക്കുന്നത് തന്നെ അപമാനമായി ഓരോ സ്ത്രീക്കും തോന്നണം) എന്ന് പറഞ്ഞ അലക്സാണ്ട്രിയയിലെ “സെയിന്റ്’ ക്ലെമെന്റ്, “സ്ത്രീകളെ ജന്മം നല്‍കിയത് തന്നെ ദൈവം ചെയ്ത ഏറ്റവും വലിയ തെറ്റാണ് എന്ന് പറഞ്ഞ “സെയിന്റ്” തോമസ്‌ അക്വിനാസ്,
ഹവ്വയിലെ പാപം പേറുന്നവളാണ് ഓരോ സ്ത്രീയും, കുട്ടികളെ പ്രസവിക്കുക എന്നതൊഴിച്ച് വേറെ എന്ത് ഗുണമാണ് സ്ത്രീയെ കൊണ്ടുള്ളത് എന്ന് പറഞ്ഞ വെസ്റ്റേണ്‍ തിയോളജിയുടെ അപ്പോസ്തലനായ “സൈന്റ്റ്‌” അഗസ്റിന്‍. ജെനീവയിലെയും ബാമ്ബര്‍ഗിലെയും “വിച്ചുകളെ” ( സ്ത്രീ പുരോഹിതര്‍) കൊന്ന ബിഷപ്പുമാര്‍, ആയിരക്കണക്കിന് സ്ത്രീ പുരോഹിതരെ കൊന്ന മത കോടതികള്‍, തനതു സ്ഥലത്തെ ദേവത സങ്കല്‍പ്പങ്ങളെ വൈക്രുതവല്‍ക്കരിക്കാന്‍ വേണ്ടി കണ്ടുപിടിച്ച പുതിയ പദങ്ങള്‍, ഇതൊക്കെ ആരുടെ സംഭാവനയാണ് സാര്‍? അങ്ങയുടെ ബീജത്തിന്റെ മുന്‍ഗാമികള്‍ ചെയ്തതിനെ താങ്കള്‍ എന്ത് വിളിക്കും സര്‍? തീവ്രവാദി എന്നോ അതോ?

Hitler and Church

ഹിറ്റ്ലറിന്റെ കൂട്ടക്കൊലകള്‍ക്കു കൂട്ട് നിന്ന സഭയാണോ ഇവിടത്തെ ഹിന്ദുക്കളെ തീവ്രവാദികളാക്കാന്‍ നടക്കുന്നത്? ഹിട്ലര്‍ നടത്തിയ ഓരോ കൊലപാതകത്തിനും മൌന സമ്മതം നല്‍കിയ സഭകള്‍ ഇന്ന് ആട്ടിന്‍ വേഷമണിയുന്നത് കാണുമ്പോള്‍ ചിരി വരുന്നു. ഞാനൊരു ക്രിസ്ത്യാനി ആണെന്ന് ഉറക്കെ പറഞ്ഞു നടന്ന ഹിട്ലര്‍ നടത്തിയ കൊലപാതകങ്ങളെ തങ്ങളെന്ത് വിളിക്കും സര്‍? 


അമേരിക്ക:
ലോകം മുഴുവനും സമാധാനം വരുത്തുമെന്ന വ്യാജേന “ജോഷ്വാ വചനങ്ങള്‍ നിറച്ച” ആയുധങ്ങള്‍ അഫ്ഗാനിലെ ഗോത്ര വര്‍ഗ്ഗക്കാരുടെ തലയിലും വിയട്നാമിലെ പാവങ്ങളുടെ തലയിലും വര്‍ഷിച്ചത് ഹിന്ദുക്കളാണോ സര്‍? ഈ മതഭ്രാന്തിനെ താങ്കള്‍ എന്ത് വിളിക്കും?

റുവാണ്ട: 

ആത്മാവിനെ കൊയ്യാന്‍ വേണ്ടി, പാവം കറുത്ത വര്‍ഗ്ഗക്കാരെ മൂക്കിന്റെ വലിപ്പം അളന്നു കൊണ്ട് രണ്ടു വംശങ്ങലാക്കി തമ്മില്‍ തല്ലിച്ച് പതിനായിരങ്ങളെ കൊല്ലാന്‍ കൂട്ട് നിന്ന സഭകള്‍ ഹിന്ദുവിന്റെതാണോ സര്‍? ഈ സഭകളെ താങ്കള്‍ എന്ത് വിളിക്കും സര്‍?

സുഡാന്‍ : 

തങ്ങളുടെ മതം വളര്‍ത്താന്‍ വേണ്ടി സുഡാന്‍ രാജ്യത്ത് വിഭജനത്തിന്റെ വിത്ത്‌ പാകിയത്‌ ഹിന്ദു സഭകളാണോ സര്‍? വടക്കന്‍ സുഡാനും തെക്കന്‍ സുഡാനുമായി മാറ്റി സുഡാനികളെ തമ്മില്‍ തല്ലിച്ചതും അതില്‍ ആത്മാക്കളെ കൊയ്തതും ഹിന്ദു സഭകലാണോ സര്‍?

ശ്രീലങ്ക: 

തമിള്‍ തീവ്രവാദികള്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കിയ സഭകളും രാജ്യങ്ങളും ഹിന്ദുക്കളുടെതാണോ സര്‍? ഇന്നവിടെ പട്ടിണിയുടെ മറവില്‍ ഹിന്ദുക്കളെ മതം മാറ്റുന്ന ക്രിസ്ത്യന്‍ മത ഭ്രാന്തന്മാരെ താങ്കള്‍ എന്ത് വിളിക്കും സര്‍?

ഇനി ഇതൊക്കെ ഭാരതത്തില്‍ നടന്നതല്ല അതിനു ഞങ്ങള്‍ ഉത്തരം പറയണ്ട എന്നാണു താങ്കളുടെ ഭാവമെങ്കില്‍, ഞാന്‍ താങ്കളോട് ഭാരതത്തെ കുറിച്ച് ചോദിക്കാം.

ഗോവ ഇന്‍ക്വിസിഷൻ
ഗോവയിലെ ഹിന്ദുക്കളെയും മറ്റു മതസ്ഥരെയും മതപരിവര്‍ത്തനം നടത്താന്‍ വേണ്ടി പോര്‍ച്ചുഗീസ് മത തീവ്രവാദികള്‍ നടത്തിയ ആയിരക്കണക്കിന് കൂട്ടക്കൊലകളെ താങ്കള്‍ എങ്ങിനെ വിളിക്കും സര്‍? താങ്കളുടെ പൂര്‍വ്വികരുടെ പീഠനം സഹിക്ക വയ്യാതെ പാലായനം ചെയ്തു വന്നരുടെ പിന്‍ തലമുറക്കാര്‍ ഇന്നും കേരള ഭൂമിയില്‍ ഉണ്ട്.

ഫ്രഞ്ച് തത്ത്വചിന്തകനായ വോള്‍ട്ടയറിന്റെ വാക്കുകള്‍ “ഗോവ ഇന്ക്വിഷനുകള്‍ക്ക് കുപ്രസിദ്ധമായ സ്ഥലമാണ്. മാനവികതക്കു എതിരെ നടക്കുന്ന ദുഃഖ സത്യം. പോര്‍ച്ചുഗീസ് പാതിരിമാര്‍, ഇന്ത്യന്‍ വംശജരുടെ വിശ്വാസം സാത്താനെ പൂജിക്കലാണ് എന്ന് ഞങ്ങളെയൊക്കെ നിര്‍ബന്ധിച്ചു വിശ്വസിപ്പിച്ചു.”

സർവലോകത്തിനും സുഖം ലഭിക്കട്ടെ എന്ന് വിശ്വസിക്കുന്ന ഹിന്ദുവിന്റെ വിശ്വാസത്തെ സാത്താന്റെ പൂജ ആയി കാണുന്ന താങ്കളും താങ്കളുടെ പൂര്‍വ്വികന്മാരും ഏത് ഗണത്തില്‍ വരും സര്‍? തീവ്രവാദികളോ അതോ?

വിക്ടോറിയന്‍ ഭരണം വ്യാപിപ്പിക്കാനും യേശുവിന്‍ മതം പ്രചരിപ്പിക്കാനും വേണ്ടി ഇവിടെ വരള്‍ച്ച നിര്‍മിച്ച ക്രിസ്ത്യന്‍ ഭരണകൂടമോ? എല്‍ നിനോയും മറ്റു വരള്‍ച്ചകളും നിര്‍മിച്ചു കൊണ്ട് എത്ര പതിനായിരങ്ങളെ താങ്കളുടെ മതാനുകൂളികള്‍ കൊന്നൊടുക്കി സര്‍? ഇവരെ താങ്കള്‍ ഇതു ഗണത്തില്‍ പെടുത്തും?

ഹിന്ദുവിന്റെ വിപ്ലവവീര്യം ഉണര്‍ന്ന 1857-ലെ ആദ്യ സ്വാതന്ത്ര്യ സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി പതിനായിരങ്ങളെ കൊന്ന ക്രിസ്ത്യന്‍ ഭരണാധികാരികള്‍ ഏതു വകുപ്പില്‍ പെടും സര്‍?

വിഘടന വാദത്തിന്റെ മറവില്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാങ്ങളില്‍ മിഷനറിമാരും കൂട്ടരും നടത്തിയ, നടത്തുന്ന കൂട്ടക്കൊലകളെ താങ്കള്‍ എന്ത് വിളിക്കും സര്‍?

ഇന്ത്യ മുഴുവന്‍ ക്രിസ്തീയവല്ക്കരിക്കും എന്ന് പറഞ്ഞ ഫാദര്‍ തേലെക്കാടിനെ താങ്കള്‍ എന്ത് വിളിക്കും സര്‍? 

ഹിന്ദു ഭവനങ്ങളില്‍ കയറി, നിങ്ങള്‍ ആരാധിക്കുന്നത് സാത്താനെ ആണെന്ന് പറയുന്ന ക്രിസ്ത്യന്‍ സുവിശേഷകരെ താങ്കള്‍ എന്ത് വിളിക്കും സര്‍?
കഴിഞ്ഞ ആഴ്ച സൈന്യത്തിനെ സഹായിക്കുന്നു എന്ന് പറഞ്ഞു അസമിലെ എഴുപതോളം ഹിന്ദു ആദിവാസികളെ കൊന്നൊടുക്കിയ ക്രിസ്ത്യന്‍ മത ഭ്രാന്തന്മാരെ താങ്കള്‍ എന്ത് വിളിക്കും?
മിസ്ടര്‍ ബിഷപ്പ്, താങ്കളോട് ചോദിക്കാന്‍ 
ചോദ്യങ്ങള്‍ ഒരുപാടുണ്ട്. ആദ്യം സ്വന്തം മുഖം കണ്ണാടിയില്‍ നോക്കൂ, എന്നിട്ടാവാം ഇവിടെ തദ്ദേശീയ ആചാരങ്ങളെ മുറുകെ പിടിക്കുന്ന ഹിന്ദുവിനെ തീവ്രവാദി ആക്കുന്ന കാര്യം..

മറുപടി പ്രതീക്ഷിച്ചു കൊണ്ട്..!