Translate

Friday, March 27, 2015

ഡൽഹി: ഇന്ത്യയ്ക്കു മാതൃകയോ?

(രാഷ്ട്രിയമാണെങ്കിലും മതപരമാണെങ്കിലും ക്രമക്കേടുകളെ അതി നിഷിതം തുറന്നു കാട്ടുകയും അതിനു പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതില്‍ ഡോ. പി. സി. സിറിയക്ക് IAS വേറിട്ട്‌ നില്‍ക്കുന്നു. അദ്ദേഹം അത്മായാശബ്ദത്തിന് നല്‍കിയ ലേഖനങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നു - എഡിറ്റര്‍)

ഡൽഹി സംസ്ഥാനത്ത് 7 ലോക്‌സഭാ സീറ്റുകളുണ്ട്. സംസ്ഥാനത്തിന്റെ വാർഷിക ബജറ്റ് ഉദ്ദേശം 37,000 കോടി രൂപ. ഇതിന്റെ സിംഹഭാഗവും കേന്ദ്രസർക്കാർ നൽകുന്ന സഹായധനമാണ്, നികുതിയല്ല. 

ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബി.എം.എം.സി - ഗ്രേറ്റർ ബോംബൈ കോർപ്പറേഷൻ) പരിധിയിൽ 6 ലോക്‌സഭാ സീറ്റുകളുണ്ട്. ആ കോർപ്പറേഷന് നികുതിപ്പണമായി മാത്രം വാർഷിക ബജറ്റ് 31,000 കോടി രൂപ! അപ്പോൾ ഡൽഹി സംസ്ഥാനവും വിശാല ബോംബൈ കോർപ്പറേഷനും ഏതാണ്ട് ഒരുപോലെ  എന്നു കരുതാം. എങ്കിലും ഡൽഹിക്കു ലഭിക്കുന്ന മുന്തിയ പരിഗണന എന്തുമാത്രമെന്നു നോക്കുക.

ഈ മുന്തിയ പരിഗണനയുടെ ഒരു പ്രതിഫലനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർട്ടി അധ്യക്ഷൻ അമിത്ഷായും നേതൃത്വം നൽകി 20 മന്ത്രിമാരെയും 120 എം.പി.മാരെയും കളത്തിലിറക്കി തീവ്ര തിരഞ്ഞെടുപ്പ് പ്രചരണയജ്ഞത്തിൽ മുഴുകിയത്. ഒരുപക്ഷേ ഈ തിരഞ്ഞെടുപ്പ് മഹാരാഷ്ട്രയിലും ഛത്തീസ്ഗഢിലും നടന്ന തിരഞ്ഞെടുപ്പിനോടൊപ്പം സെപ്റ്റംബർ മാസത്തിൽതന്നെ നടത്തിയിരുന്നെങ്കിൽ ഇത്രയധികം വിയർക്കാതെതന്നെ ബി.ജെ.പി.ക്ക് വിജയം ലഭിക്കുമായിരുന്നു. പക്ഷേ, ഡൽഹി അല്ലല്ലോ ഇന്ത്യ എന്ന് ബി.ജെ.പിക്ക് ആശ്വസിക്കാം. 

കഴിഞ്ഞ എട്ടു മാസക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമയംമുഴുവൻ വിദേശരാജ്യ സന്ദർശനങ്ങൾക്കും നാലഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കും മാത്രമായി ചെലവഴിക്കേണ്ടിവന്നതുകൊണ്ടായിരിക്കാം തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ മിക്കതും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ഡൽഹിയിലെ വോട്ടർമാരെപോലെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ള വോട്ടർമാരും ചിന്തിക്കുമെന്ന് കരുതാനും നിവൃത്തിയില്ല. രാഷ്ട്രതലസ്ഥാനമെന്ന നിലയിൽ ഡൽഹിക്ക് ആ പ്രദേശം അർഹിക്കുന്നതിൽ വളരെയധികം അടിസ്ഥാന സൗകര്യപദ്ധതികൾ ഏറ്റെടുത്ത് നടപ്പാക്കാൻ കേന്ദ്രം മുൻകയ്യെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. അത്യാവശ്യ വിഭവങ്ങളായ വൈദ്യുതി, വെള്ളം, പാൽ ഇവയെല്ലാം ഡൽഹിയിൽ ഏറ്റവും കുറഞ്ഞ തുച്ഛമായ നിരക്കിലായിരുന്നു, ഈ അടുത്ത കാലംവരെ. വൈദ്യുതിയും വെള്ളവും മറ്റും സ്വകാര്യവത്കരിച്ച് സ്വകാര്യകമ്പനികളെ ഏൽപ്പിച്ചപ്പോൾ മാത്രമാണ് വൈദ്യുത റെഗുലേറ്ററി അതോറിറ്റി തുടങ്ങിയ ഘടനകൾ ഉണ്ടായത്. നിശ്ചിത കാലയളവിൽ ഉത്പാദന ഉപാധികളുടെ വില കൂടുന്നതനുസരിച്ച് ഉത്പന്നത്തിന്റെ വില പുതുക്കിനിർണ്ണയിക്കുന്ന രീതി ഉണ്ടായതും. അങ്ങനെ വന്നപ്പോഴാണ്, വൈദ്യുതിയുടെയും വെള്ളത്തിന്റെയും വില പെട്ടെന്ന് ഉയർന്ന് അസംതൃപ്തരായിത്തീർന്ന ജനങ്ങളെ കയ്യിലെടുക്കാൻ കുറേപേർക്ക് വെള്ളം സൗജന്യമായി നൽകാനും, വൈദ്യുതിനിരക്ക് പകുതിയാക്കാനും തയ്യാറായ കേജരിവാളിന് നല്ല പിന്തുണ ലഭിക്കാൻ കാരണമായത്. എ.എ.പി. ഈ വാഗ്ദാനങ്ങൾ നടത്തിയപ്പോൾ ബി.ജെ.പി.ക്കുവേണ്ടി കളത്തിലിറങ്ങിയ പ്രധാനമന്ത്രിയും ഇതേ വാഗ്ദാനങ്ങൾ നൽകുകയായിരുന്നു. ഭരണം കാര്യക്ഷമമായി നടത്താൻ കച്ചകെട്ടിയിരിക്കുന്ന പ്രധാനമന്ത്രി സൗജന്യ വെള്ളം മുതലായ പ്രഖ്യാപനങ്ങൾ നടത്തിയത് ആശാസ്യമാണോ? 

ഇന്ത്യയുടെ മറ്റ് പല സംസ്ഥാനങ്ങളിലും കാർഷികവൃത്തിക്കുവേണ്ട വൈദ്യുതി  ഇപ്പോൾതന്നെ സൗജന്യമായി നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ മിക്ക സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡുകളും, ബോർഡിനു പകരം 2003-ലെ ഇലക്ട്രിസിറ്റി നിയമമനുസരിച്ച് പ്രവർത്തനം തുടങ്ങിയ ട്രാൻസ്മിഷൻ, ഡിസ്ട്രിബ്യൂഷൻ കമ്പനികളും ഇപ്പോൾത്തന്നെ നഷ്ടത്തിലായിക്കഴിഞ്ഞിരിക്കുന്നു. ഇനി പുതിയ സൗജന്യങ്ങളൊന്നും അവിടെ വാഗ്ദാനം നൽകാനോ ലഭ്യമാക്കാനോ അവശേഷിക്കുന്നില്ല.

പിന്നെ അഴിമതിയുടെ കാര്യം. മിക്ക സംസ്ഥാനങ്ങളിലും അഴിമതിവീരന്മാർതന്നെയാണ് ഭരണത്തിലിരിക്കുന്നത്. നിയമങ്ങളും നടപടിക്രമങ്ങളും അഴിമതിക്ക് സൗകര്യമൊരുക്കത്തക്കരീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിനെല്ലാം മാറ്റമുണ്ടാക്കി 5 കൊല്ലം ഭരിക്കാൻ അവസരം നൽകിയാൽ അഴിമതിവിരുദ്ധമായ ഭരണം പ്രായോഗികമാക്കി കാണിക്കാം എന്ന വെല്ലുവിളി ഉയർത്തിക്കൊണ്ട് ആം ആദ്മി പാർട്ടി ശക്തമായ ഒരു പ്രചരണം നടത്തിയാൽ അവിടെയും അഴിമതിയില്ലാത്ത ഭരണം ലഭ്യമാക്കാൻ കഴിഞ്ഞേക്കും. പക്ഷേ, ഇതിന് ഓരോ സ്ഥലത്തും എ.എ.പി.ക്ക് നിസ്വാർത്ഥരും കഴിവുള്ളവരുമായ നേതാക്കൾ വേണം. അല്ലെങ്കിൽ സമാനമനസ്സോടെ പ്രവർത്തിക്കാൻ തയ്യാറാകുന്ന മറ്റു പ്രാദേശിക പാർട്ടികൾ രംഗത്തിറങ്ങണം. അവർ ഗ്രാമതലത്തിൽ, തൃണമൂലതലത്തിൽ, പാർട്ടിഘടന കെട്ടിപ്പടുക്കാൻ തയ്യാറാവുകയും വേണം. ഈ  യജ്ഞത്തിൽ വർഷങ്ങളായി കുടിയിരിക്കുന്ന അഴിമതിവീരന്മാരെ ഭരണസിരാകേന്ദ്രങ്ങളിൽ നിന്നും പുറത്തിറക്കുകയും വേണം. ഇതു സാധിക്കണമെങ്കിൽ വോട്ടർമാർ കാര്യവിവരമുള്ളവരും സാമ്പത്തിക-സാമൂഹ്യ പ്രശ്‌നങ്ങളെപ്പറ്റി സാമാന്യം അറിവുള്ളവരും, ന്യായവും അന്യായവും വേർതിരിച്ചറിഞ്ഞ് ക്രിയാത്മകമായി പ്രവർത്തിക്കാനും തീരുമാനങ്ങളെടുക്കാനും കഴിവുള്ളവരായിരിക്കുകയും വേണം. ഇതിനാവശ്യം വിദ്യാഭ്യാസം. ഒരുപക്ഷേ, ഒന്നോ രണ്ടോ പതിറ്റാണ്ടുകൾ നീളുന്ന പരിശ്രമത്തിലൂടെ അഴിമതിയിൽ വിശ്വസിക്കാത്ത നേതാക്കളും പ്രവർത്തകരുമുള്ള കക്ഷികൾ വളർന്നുവന്ന് ഭരണമേറ്റെടുക്കാൻ പ്രാപ്തരായേക്കും. അപ്പോൾ മാ ത്രമേ നമുക്ക്  എ.എ.പി.യുടെ ഡൽഹിയിലെ ഉദയം ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തെ മാറ്റിമറിച്ചു എന്ന് അവകാശപ്പെടാനും കഴിയൂ.

No comments:

Post a Comment