ജോര്‍ജ് മൂലേച്ചാലിൽ
സത്യജ്വാല മാസികയുടെ എഡിറ്റോറിയല്‍ - 2016 ഏപ്രില്‍
ഏത് ആദ്ധ്യാത്മികദര്ശനത്തിലും
മാനുഷികബന്ധത്തിന്റെ അടിത്തറയുള്ള ഒരു രാഷ്ട്രീയം അന്തര്‍ലീനമാണ്. യേശുവിന്റെ
ആദ്ധ്യാത്മികതയ്ക്ക് ദൈവരാജ്യസംസ്ഥാപനമെന്ന രാഷ്ട്രീയ ഉള്ളടക്കമാണുണ്ടായിരുന്നത്.
മനുഷ്യരെല്ലാവരും പരമകാരുണികനായ അള്ളാഹുവിന്റെ മക്കളാണെന്ന ഖുറാന് ദര്‍ശനവും
ബന്ധങ്ങളിലധിഷ്ഠിതമായ ഒരു മാനുഷിക ജീവിതവ്യവസ്ഥിതിയാണല്ലോ മുന്നോട്ടുവയ്ക്കുന്നത്.
ബുദ്ധദര്‍ശനത്തിന്റെ രാഷ്ട്രീയഫലമായിരുന്നു, തുടര്‍ന്നുണ്ടായ
സംഘജീവിതവ്യവസ്ഥിതി. ശ്രീനാരായണഗുരു തന്റെ ഏകലോകദര്ശനത്തിനടിത്തറയായി വിഭാവനം
ചെയ്തത്,
'അയല്‍പക്കത്തായം' എന്നദ്ദേഹം വിശേഷിപ്പിച്ച കൂട്ടായ്മാജീവിതസമ്പ്രദായമായിരുന്നു. എല്ലാ മതദര്‍ശനങ്ങളെയും
ഉള്‍ക്കൊണ്ട ഗാന്ധിജിയില്‍ 'ഗ്രാമസ്വരാജ്' എന്ന രാഷ്ട്രീയസങ്കല്പം ഉരുത്തിരിഞ്ഞു. ലോകത്തിലുദയംകൊണ്ട
മുഴുവന്‍ മതദര്‍ശനങ്ങളെയും രാഷ്ട്രീയപ്രത്യയശാസ്ത്രങ്ങളെയും സ്വന്തം
കൈവെള്ളയിലിട്ടെന്നോണം, തന്റെ പ്രതിഭയില്‍ ചാലിച്ചുചേര്‍ത്ത്, ഒരു നവലോകസൃഷ്ടിക്കായി 'അയല്ക്കൂട്ടസമൂഹദര്ശന'ത്തിനു രൂപംകൊടുത്ത ഡി. പങ്കജാക്ഷക്കുറുപ്പ്, അയല്‍ക്കൂട്ടായ്മകള്‍ കണ്ണിചേര്‍ന്നുള്ള ഒരു
ആഗോളമാനുഷികജീവിതവ്യവസ്ഥിതിയുടെ രാഷ്ട്രീയം യുക്തിഭദ്രമായി അവതരിപ്പിച്ചു....
ഇപ്രകാരം ബന്ധങ്ങളുടെ അടിത്തറയില്‍
മാനുഷികമായ ഒരു ജീവിതവ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള കാഴ്ചപ്പാടുകളുടെയും അതിലേക്കു
നടന്നടുക്കാനുള്ള മാര്‍ഗ്ഗങ്ങളുടെയും എത്രയെങ്കിലും ആശയവിത്തുകള്‍
സഹസ്രാബ്ദങ്ങളായി ലോകമാകെ, പ്രത്യേകിച്ച് ഇന്ത്യയില്‍, വിതയ്ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ബന്ധങ്ങള്‍ക്കുപകരം അധികാരത്തെയും പണത്തെയും
അടിത്തറയാക്കിയുള്ള ഭൗതിക പ്രത്യയശാസ്ത്രകാഴ്ചപ്പാടുകളുടെ അത്യുല്പാദനശേഷിയുള്ള
കളവിത്തുകളാണ് ലോകമാകെ ഇന്ന് ആര്‍ത്തുവളര്‍ന്നു നില്‍ക്കുന്നത്. ഓരോ മതദര്‍ശനത്തിനും
പിമ്പേ പാഞ്ഞെത്തി നിര്മ്മിതവിശ്വാസസത്യങ്ങളും ദൈവശാസ്ത്രസിദ്ധാന്തങ്ങളും
താന്ത്രികാനുഷ്ഠാനങ്ങളുമായി അരങ്ങുവാഴുന്ന പൗരോഹിത്യമാണ് ഈ കളവിത്തുല്പാദകരെന്ന്
മതങ്ങളുടെ ചരിത്രം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും കാണാനാകും. ദര്‍ശനങ്ങള്‍
ലോകത്തെ ഒരു കുടുംബമായും മനുഷ്യരെയെല്ലാം ആ കുടുംബത്തിലെ അംഗങ്ങളായും കാണാന്‍
പ്രേരിപ്പിച്ച് ഓരോരുത്തരെയും വിശ്വമാനവികതയിലേക്കും പരാര്ത്ഥതാഭാവത്തിലേക്കും
ഉയര്‍ത്തുമ്പോള്‍, പുരോഹിതമതങ്ങള്‍ വ്യക്തിഗത
അനുഗ്രഹങ്ങളും മോക്ഷപ്രാപ്തിയും വാഗ്ദാനംചെയ്ത് മനുഷ്യമനസ്സുകളെ അവനവന്കേന്ദ്രീകൃതമാക്കി
തന്കാര്യവ്യഗ്രതകളിലും സ്വകാര്യമാത്രമനോഭാവത്തിലും കെട്ടിയിടുകയാണു ചെയ്യുന്നത്.
അങ്ങനെ,
മനുഷ്യകുലത്തെ ആദ്യം സ്വകാര്യവ്യക്തികളാക്കി വിഘടിപ്പിച്ചും, തുടര്‍ന്ന് അവരെ തങ്ങളുടെ അനുഷ്ഠാനങ്ങളിലൂടെയും
നിയമസംഹിതകളിലൂടെയും സംഘടിപ്പിച്ചും വിഭാഗീയസമുദായങ്ങളാക്കിക്കൊണ്ടാണ് പൗരോഹിത്യം
മതത്തിന്റെ അരങ്ങുവാഴുന്നത്. ഒന്നായ ലോകത്തില്‍ ഇപ്രകാരം വിള്ളലുകളുണ്ടാകുന്നതോടെ
ദൈവരാജ്യത്തിന്റെയും ഗ്രാമസ്വരാജിന്റെയും രാഷ്ട്രീയം അകന്നുപോകുന്നു. പകരം, പുരോഹിത-മതരാഷ്ട്രീയവും, അതിന്റെ
ചുവടുപിടിച്ചും അനുഗ്രഹാശിസ്സുകളോടെയും വിഭാഗീയകക്ഷിരാഷ്ട്രീയവും കടന്നുവരുന്നു.
സത്യത്തില്‍, ശരിയായ രാഷ്ട്രീയത്തിനു വഴിതെളിയണമെങ്കില്‍, ആളുകള്‍ക്ക് കൃത്യമായ മതാവബോധം ഉണ്ടാകണം. കാരണം, മനുഷ്യരില്‍ മൂല്യബോധമുണ്ടാക്കുന്നത് മതമാണ്. ഈ
മൂല്യബോധമാണ് മനുഷ്യമനസ്സുകളെ സംസ്കരിക്കുന്നത്. മനുഷ്യന്റെ
സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ ക്കെല്ലാം ഊര്‍ജ്ജവും ദിശാബോധവും നല്‍കുന്നത്
ഈ സംസ്കാരമാണുതാനും. അതായത്, മനുഷ്യന്റെ
ആദ്ധ്യാത്മികാടിത്തറയില്‍ സംസ്ക്കാരവും സാംസ് കാരികാടിത്തറയില്‍ ശരിയായ
രാഷ്ട്രീയവും ഉദ്ഭവിക്കുന്നു. ഇതിനര്‍ത്ഥം, മനുഷ്യന്റെ
ആദ്ധ്യാത്മികാടിത്തറ ദുര്‍ബലമായാല്‍ രാഷ്ട്രീയരംഗം അധഃപതിക്കും എന്നുതന്നെയാണ്.
ഒരു ജനതയില്‍ ആദ്ധ്യാത്മികത വറ്റിവരണ്ടാല്‍, അല്ലെങ്കില്‍
ഏതെങ്കിലും 'മത'മേല്‍വിലാസത്തില്‍
വ്യാജ ആദ്ധ്യാത്മികത മേല്‍ക്കൈ നേടിയാല്‍, അവിടെ
ഒന്നുകില്‍ അരാജകത്വരാഷ്ട്രീയം; അല്ലെങ്കില്‍, മതാധികാരികളുടെ ആധിപത്യരാഷ്ട്രീയം, ഇവയിലൊന്നാകും നടപ്പിലാക്കുക. രണ്ടായാലും കൈയൂക്കായിരിക്കും
മാനദണ്ഡം.
ഇന്നത്തെ ലോകരാഷ്ട്രീയവ്യവസ്ഥയെ
നിരീക്ഷിച്ചാല്‍ കാണുന്നതും ഇതുതന്നെ. 'കൈയൂക്കുള്ളവന്
കാര്യക്കാരന്‍' എന്ന പ്രാകൃത കാടന്വ്യവസ്ഥയുടെ
ബീഭത്സമായ സാമ്രാജ്യത്വരൂപമാണിന്നു നാം കാണുന്നത്. 'കൈയൂക്ക്' ഇന്ന്, സാമ്പത്തിക-രാഷ്ട്രീയ-സൈനികശക്തികളായും ശാസ്ത്ര-സാങ്കേതിക ലേഖലകളിലും
കമ്പോളത്തിലുമുള്ള മേല്‍ക്കൈ ആയും വികസിച്ചിരിക്കുന്നു
എന്നുമാത്രം! മതരാഷ്ട്രീയത്തിന് ഇവയ്ക്കുപുറമേ ദൈവികപരിവേഷവുമുണ്ട്, കൈയൂക്കില്‍ മേല്‍ക്കൈ നേടാന്‍. എന്തായാലും ഈ മേല്‍ക്കൈയ്ക്കായി, മതം തിരിഞ്ഞും സമുദായം തിരിഞ്ഞും പാര്ട്ടിതിരിഞ്ഞും
നടത്തുന്ന മദമാത്സര്യകോലാഹലങ്ങള് മുഴുവന്‍ ലോകത്തെയും ഇന്നൊരു ഭ്രാന്താലയമാക്കിയിരിക്കുന്നു.
ഈ ആഗോളഭ്രാന്തില്പ്പെട്ടുപോയതുകൊണ്ടാണ്, വികസനമെന്നും പുരോഗതിയെന്നുമൊക്കെപ്പറഞ്ഞ് മനുഷ്യര്‍
സ്വന്തം ആവാസവ്യവസ്ഥയെ സ്വയം തകര്‍ത്തുകൊണ്ടിരിക്കുന്നത്; ഭാവിയെക്കുറിച്ച് യാതൊരു വിചാരവുമില്ലാതെ പൊന്മുട്ടയിടുന്ന
താറാവിന്റെ വയര്‍ കീറി മുട്ടയെടുക്കുന്നതുപോലെ, ഫോസില്‍
ഇന്ധനങ്ങളുള്പ്പെടെ ഭൂഗര്ഭവിഭവങ്ങള്മുഴുവന് സാമ്പത്തികലാഭത്തിനുവേണ്ടി
ഊറ്റിയും തുരന്നും എടുത്തുകൊണ്ടിരിക്കുന്നത്; മലയായ
മലകളിലെല്ലാം പാറമട വ്യവസായം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്; ഭൂമിയെ വില്പനച്ചരക്കാക്കിക്കൊണ്ടിരിക്കുന്നത്; മണ്ണും വെള്ളവും വായുവും വിഷലിപ്തമാക്കി രോഗങ്ങള്‍
വിലയ്ക്കു വാങ്ങിക്കൊണ്ടിരിക്കുന്നത്; എല്ലാവര്ക്കും
അവകാശപ്പെട്ട ഭൂമിയും ഭൂവിഭവങ്ങളും വന്‍ പണച്ചാക്കുകള്‍ക്കും കോര്‍പ്പറേറ്റ്
കമ്പനികള്‍ക്കും വന്‍ കമ്മീഷന് പറ്റി ഏല്പിച്ചുകൊടുക്കുകയും അവരുടെ പദ്ധതികള്‍ക്കായി
പാവപ്പെട്ട ജനങ്ങളെ കുടിയൊഴിപ്പിക്കുകയുംചെയ്യാന് മടിക്കാത്തവരെത്തന്നെ
ജനപ്രതിനിധികളായി തിരഞ്ഞെടുത്തുകൊണ്ടിരിക്കുന്നത്, ആദിവാസികളെയും ദരിദ്രരെയും ആലംബഹീനരാക്കി ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക്
നിഷ്ക്കരുണം തള്ളിവിട്ടുകൊണ്ടിരിക്കുന്നത്.... മനുഷ്യന്റെ മൂല്യബോധത്തെയും സംസ്കാരത്തെയും
അപ്പാടെ അപഹസിച്ചലറി നില്ക്കുന്ന ഈ ആഭാസരാഷ്ട്രീയഭ്രാന്തിനെതിരെ, അല്പമെങ്കിലും മനുഷ്യത്വം അവശേഷിക്കുന്ന മനുഷ്യര്‍ക്ക്
എത്രകാലം മൗനംപാര്ത്ത്, കൈകെട്ടിനില്ക്കാനാകും? ഈ ഭ്രാന്തരാഷ്ട്രീയത്തെ കുന്തിരിക്കംപുകച്ചും
പുണ്യാഹംതളിച്ചും വെഞ്ചരിച്ചും നില്ക്കുന്ന മതമേലദ്ധ്യക്ഷന്മാരുടെയും
മതപണ്ഡിതന്മാരുടെയും സാമുദായികവോട്ടുബാങ്കു രാഷ്ട്രീയത്തിനുമുന്നില്‍ യഥാര്‍ത്ഥ
മതസ്ഥര്ക്കെത്രനാള് കൈകൂപ്പിനില്ക്കാനാകും.......? യഥാര്‍ത്ഥ മതബോധമുള്ളവര്‍ ഇതല്ല മതമെന്നും ഇതല്ല
രാഷ്ട്രീയമെന്നും തിരിച്ചറിഞ്ഞ് ധീരതയോടും ത്യാഗസന്നദ്ധതയോടുംകൂടി
രാഷ്ട്രീയരംഗത്തേക്കിറങ്ങാന് തയ്യാറാകേണ്ട കാലമായിരിക്കുന്നു.
അധികാരവും സമ്പത്തും
സ്ഥാനപദവികളുമൊക്കെ വിട്ടൊഴിയാനുള്ള മനോഭാവമാണ് യഥാര്‍ത്ഥ മതബോധം മനുഷ്യനു
സമ്മാനിക്കുന്നത്. 'സര്‍വ്വമതസാരവുമേകം' എന്ന കാഴ്ചപ്പാടില്‍, യഥാര്‍ത്ഥ
മതസ്ഥരില്‍ ഉദിച്ചുയരുന്നത് സര്‍വ്വമതസമഭാവനയും മതിലുകളില്ലാത്ത സ്നേഹവുമാണ്. അത്
കേവലം ഭാവനയിലും ഭാവത്തിലും അവസാനിക്കുന്ന ഒന്നല്ലതാനും. പകരം, സ്നേഹത്തിന്റെയും ധാര്‍മ്മികതയുടെയും നീതിബോധത്തിന്റെയും
പരാര്‍ത്ഥതയുടെയും പ്രവൃത്തികളില്‍ അത് വ്യാപൃതമാകുന്നു, മതങ്ങളും ജാതികളും ജനതകളും രാഷ്ട്രങ്ങളുംതമ്മില്
സൃഷ്ടിക്കപ്പെട്ടിരിക്കുന്ന വിടവുകളില്‍ പാലങ്ങള്‍ തീര്‍ക്കുന്നു, പ്രകൃതിയെയും ജീവലോകത്തെയും തകര്‍ക്കുന്നതും സാമ്പത്തികമാനം
മാത്രമുള്ളതുമായ ഇന്നത്തെ വികസനസങ്കല്പത്തിനുപകരം, മാനുഷികമൂല്യങ്ങളിലും പരസ്പരബന്ധങ്ങളിലും അധിഷ്ഠിതമായ ഒരു
ഐശ്വര്യജീവിതസങ്കല്പത്തിന്റെ കൈത്തിരികള്‍ ജനഹൃദയങ്ങളില്‍ കൊളുത്തുന്നു, ആ വെളിച്ചത്തില്‍ പണസമ്പാദനം, ഭൂമിവാങ്ങിക്കൂട്ടല്, സ്ഥാന-പദവികള്‍, പ്രസിദ്ധി മുതലായ വ്യക്തിഗതവ്യഗ്രതകളൊക്കെ എത്രയോ ബാലിശവും
തരംതാണതുമാണെന്ന് മനുഷ്യര്‍ മനസ്സിലാക്കിത്തുടങ്ങുന്നു....
പരസ്പരബന്ധുത്വബോധത്തില് അധിഷ്ഠിതമായ ഒരു ലോകകുടുംബവ്യവസ്ഥ സ്വപ്നംകാണാന്‍
തക്കവിധം വ്യക്തിമനസ്സ് വിശ്വമനസ്സായി പരിണമിക്കുന്നു. ദൈവരാജ്യമെന്ന, ഗ്രാമസ്വരാജ് എന്ന, 'വസുധൈവകുടുംബക'മെന്ന, എക്കാലത്തെയും
മഹാരഥന്മാര് സ്വപ്നംകണ്ടിരുന്ന മഹോന്നതലക്ഷ്യമുള്ക്കൊള്ളാന് മനുഷ്യര്‍
പ്രാപ്തിനേടുന്നു. അതിന്റെ സാക്ഷാത്കാരത്തിനായി, അന്യഥാ തിരിച്ചറിയപ്പെടാതെ പാഴായിപ്പോകുമായിരുന്ന തങ്ങളുടെ നൈസര്‍ഗ്ഗിക
കഴിവുകളെയും സിദ്ധിവിശേഷങ്ങളെയും ഉണര്‍ത്തിയെടുക്കുകയും, ഒരു ഗായകന് തന്റെ സ്വധര്‍മ്മമായ ഗാനാലാപനത്തില്‍ എങ്ങനെ
ആനന്ദാനുഭൂതി നുകരുന്നുവോ, അപ്രകാരം അവരുടെ പ്രവൃത്തികള്‍
സസന്തോഷം നിര്‍വ്വഹിച്ച് ഓരോരുത്തരും ജീവിതസാഫല്യം നേടുകയും ചെയ്യുന്നു. ഇവിടെ
രാഷ്ട്രീയ പ്രവര്‍ത്തനമെന്നാല്‍,
പ്രാദേശികകൂട്ടായ്മാജീവിതവ്യവസ്ഥയ്ക്കു രൂപംകൊടുക്കുകയെന്നതും അവയെ കണ്ണിചേര്‍ത്ത്
ഒരു ആഗോള മാനുഷികകുടുംബവ്യവസ്ഥയിലേക്കു വ്യാപിപ്പിക്കുക എന്നതുമാണ്. എല്ലാ മതദര്‍ശനങ്ങളുടെയും
രാഷ്ട്രീയ ഉള്ളടക്കമിതാണ്. ഓരോ
മതസംവിധാനവും യഥാര്‍ത്ഥത്തില്‍
ചെയ്യേണ്ടത്, അതിന്റെ സ്ഥാപകന്‍ മുന്നോട്ടു വച്ച ഈ
മഹത്തായ ലക്ഷ്യത്തിലേക്കു പ്രബോധനംകൊണ്ടും ജീവിതമാതൃകകള്‍കൊണ്ടും മനുഷ്യനെ
നയിക്കുക എന്നതാണ്. മതങ്ങള്‍ അത്തരം ആചാര്യപ്രസ്ഥാനങ്ങളായി തുടര്‍ന്നിരുന്നെങ്കില്‍, എത്രയോ മുമ്പേ ഈ ലോകം സ്വര്‍ഗ്ഗമായി മാറിയേനെ.
ഈ സ്വര്‍ഗ്ഗഭാവന അചഞ്ചലമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ, ഇന്നത്തെ നരകയാഥാര്ത്ഥ്യങ്ങളിലേക്കിറങ്ങി പ്രവര്ത്തിച്ചുതുടങ്ങേണ്ടവരാണ്
ശരിയായ മതബോധമുള്ളവര്‍ എന്നു നാം കാണേണ്ടിയിരിക്കുന്നു. കാരണം, അവര്‍ക്കുമാത്രമേ മതമേഖലയിലും രാഷ്ട്രീയരംഗത്തും വരേണ്ട
പരിവര്‍ത്തനങ്ങളെ ക്രാന്തദര്‍ശിത്വത്തോടെ കാണാനും കാലാനുസൃതമായ കര്‍മ്മപദ്ധതികള്‍
ആവിഷ്കരിച്ചുനടപ്പാക്കി ചരിത്രത്തെ മൂല്യബോധത്തോടെ മുന്നോട്ടു നീക്കാനുമാകൂ.
ഇന്ന് ആരെയൊക്കെയാണ് യഥാര്ത്ഥമതബോധമുള്ളവര്
എന്നു വിശേഷിപ്പിക്കാവുന്നത് എന്ന ചോദ്യത്തിന്, അത്
അനുഷ്ഠാനഭക്തരോ പുരോഹിതഭക്തരോ അല്ലെന്നു നിസ്സംശയം പറയാം. അവര്‍ പൗരോഹിത്യത്തെയും
മതപണ്ഡിതരെന്നു പറയപ്പെടുന്നവരെയും അന്ധമായി അനുധാവനം ചെയ്യുന്നവര്‍മാത്രമാണ്.
സ്വന്തം സുഖ-മോഹനിവൃത്തിയും സ്വകാര്യസ്വര്ഗലബ്ധിയുംമാത്രം ലക്ഷ്യമാക്കി നീങ്ങുന്ന
അവര്‍ക്ക് വിശ്വകുടുംബസങ്കല്പം പോയിട്ട് സാമൂഹിക ബോധംതന്നെയും അന്യമാണ്; അതുകൊണ്ട് യഥാര്ത്ഥമതാത്മകതയും. ഇന്നത്തെ സാഹചര്യത്തില്‍
കുറെയെങ്കിലും മതബോധമുണ്ടെന്നു പറയാവുന്നവര്‍, സ്വന്തം
മതസംവിധാനത്തിലെ മതവിരുദ്ധതകള്ക്കെതിരെ ധീരമായി പ്രവര്‍ത്തിക്കുന്ന
മതനവീകരണപ്രവര്ത്തകരാണ്. സ്വന്തം സമുദായത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന
അവരുടെ യഥാര്‍ത്ഥലക്ഷ്യം സ്വസമുദായപരിഷ്കരണം മാത്രമല്ല; മറിച്ച്, വിശാലമായ സാമൂഹിക
നവോത്ഥാനവുംകൂടിയാണ്. ശ്രീനാരായണഗുരുവും ശിഷ്യരും നടത്തിയ ഹിന്ദുമത
നവീകരണനീക്കങ്ങള് കേരളത്തെയാകെ സാംസ്കാരികനവോത്ഥാനത്തിലേക്കും പുതിയൊരു
രാഷ്ട്രീയപ്രബുദ്ധതയിലേക്കും നയിച്ചു എന്നോര്‍ക്കുക. ബ്രാഹ്മണസമുദായത്തിലെ
അനാചാരങ്ങള്‍ക്കെതിരെ വി.ടി. ഭട്ടതിരിപ്പാട്, എം.ആര്.ബി, ഇ.എം.എസ്. മുതലായവര്‍, 'യോഗക്ഷേമസഭ'യിലൂടെ നടത്തിയ സമുദായപരിഷ്ക്കരണനീക്കങ്ങളും
കേരളമനസ്സിനെയാകെ ഉണര്‍ത്താന്‍ കാരണമാവുകയുണ്ടായി. ശരിയായ കാഴ്ചപ്പാടോടുകൂടി
ആത്മാര്‍ത്ഥമായി നടത്തുന്ന മതനവീകരണശ്രമങ്ങളെല്ലാം പൊതുസമൂഹത്തിനുകൂടി ഗുണകരമായി
ഭവിക്കുന്ന സാമൂഹികനവോത്ഥാനമുന്നേറ്റങ്ങളാണെന്ന് ഇവ ഉദാഹരിക്കുന്നു.
ഇപ്രകാരം നവോത്ഥാനവീക്ഷണം പുലര്‍ത്തുന്ന
മതനവീകരണപ്രവര്ത്തകരും അവരുടെ പ്രസ്ഥാനങ്ങളും തങ്ങളുടെ സവിശേഷമായ രാഷ്ട്രീയ
ഉത്തരവാദിത്വം മറക്കാന്‍ പാടില്ലാത്തതാണ്. മനുഷ്യകുലത്തെയാകെ വിനാശത്തിലേക്കു
നയിച്ചുകൊണ്ടിരിക്കുന്ന വികസനരാഷ്ട്രീയംകൊണ്ടും അഴിമതിരാഷ്ട്രീയംകൊണ്ടും വര്ഗ്ഗീയരാഷ്ട്രീയംകൊണ്ടും
മെത്രാന് രാഷ്ട്രീയംകൊണ്ടുമൊക്കെ ജീര്ണ്ണിച്ചവശമായിരിക്കുന്ന ഇന്നത്തെ
രാഷ്ട്രീയമേഖലയെ ശുദ്ധീകരിക്കുന്നതിനായി മുന്നിട്ടിറങ്ങാന്‍ അവര്‍ക്കു പ്രത്യേക
കടമയുണ്ട്. കാര്യങ്ങളെ ദീര്‍ഘദൃഷ്ടിയോടെ മുന്നോട്ടുകാണാന്‍ ശേഷിയാര്‍ജിച്ച അവര്‍ക്ക്
കാലത്തിന്റെ വരാനിരിക്കുന്ന ക്രോധത്തെക്കുറിച്ചു ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാനും
ഒരു പുതിയ മാനവികതയ്ക്കു പാതയൊരുക്കുവാനും പ്രത്യേകമായ ഉത്തരവാദിത്വമുണ്ട്. അവര്‍
മുന്നിട്ടിറങ്ങുന്ന പക്ഷം, ഭ്രാന്തമായിത്തീര്ന്നിരിക്കുന്ന
ഇന്നത്തെ ആഭാസരാഷ്ട്രീയത്തിനെതിരെ 'മാനിഷാദ' എന്നുറക്കെപ്പറയാനും ഒരു ശുദ്ധരാഷ്ട്രീയത്തിന്റെ
വെള്ളിനക്ഷത്രമുദിപ്പിക്കാനും അവര്‍ക്കു കഴിയുകതന്നെ ചെയ്യും. ഈ
രംഗത്തേക്കിറങ്ങാന്‍ തയ്യാറാകുന്നവരെ, അവര്‍ക്കു
പിന്നില്‍ ആള്‍ക്കൂട്ടമുണ്ടോ എന്നു നോക്കാതെ പിന്തുണയ്ക്കാന്‍, ഇന്നത്തെ രാഷ്ട്രീയത്തില്‍ അസംതൃപ്തരും ഒരു പുത്തന്‍
രാഷ്ട്രീയത്തെ സ്വപ്നം കാണുന്നവരുമായ മുഴുവനാളുകളും സര്‍വ്വാത്മനാ
തയ്യാറാകേണ്ടിയിരിക്കുന്നു.
-എഡിറ്റര്‍