Translate

Monday, April 11, 2016

യതോ ധര്‍മ്മ:സ്ഥതോ ജയ!


വാസ്തവത്തിൽ ഒന്നും എഴുതാനേ തോന്നുന്നില്ല. കൊല്ലത്ത്, അപകടത്തിൽ അനേകർ വെടിക്കെട്ടപകടത്തിൽ മരിച്ചുവെന്നറിഞ്ഞപ്പോൾ ഉള്ളൊന്നു കാളി! അനാവശ്യമായി നാം വരുത്തി വെച്ച വിനയാണല്ലോയെന്നോർക്കുമ്പോൾ ഏറെ ദു:ഖം. ഇതു കൊലപാതകമാണ് - എന്താ സംശയം? നിയമം മറികടക്കാൻ രാഷ്ട്രീയക്കാരും, എങ്ങിനേയും ഉത്സവം കൊഴുപ്പിക്കാൻ ആഘോഷക്കാരും കൈകോർക്കുമ്പോൾ, ഇങ്ങിനെയൊക്കെ സംഭവിച്ചില്ലങ്കിലല്ലേ അൽഭുതമുള്ളൂ. ഒല്ലൂരെ വെടിക്കെട്ടിനെ പാരമ്പര്യവുമായി ബന്ധിപ്പിച്ച്, അതിനെതിരെ കേസു കൊടുത്ത അത്മായനെ വിരട്ടാൻ നോക്കിയ തൃശ്ശൂർ മെത്രാനും വൈദികരും എല്ലാം കുറ്റക്കാരാണ്. എത്ര പേരുടെ കണ്ണടപ്പിച്ചിട്ടായിരിക്കണം ഒരോ പള്ളികളും വെടിക്കെട്ട് നടത്തുക. നിയമം ലംഘിക്കുന്ന മെത്രാന്മാരുടേയോ അച്ചന്മാരുടേയോ പേരിൽ നടപടി എടുക്കാൻ കെൽപ്പില്ലാത്ത സർക്കാറുകൾ! അത് കൊണ്ടല്ലേ, ഇവിടെ ജാലിയാൻ വാലാ ബാഗ് ആവർത്തിക്കും എന്നൊരു മെത്രാൻ പറഞ്ഞത്. വന്യജീവികളായ ആനകളെ നിരത്തി നിർത്തി നടത്തുന്ന ഉത്സവങ്ങളും നിർത്തിയേ ഒക്കൂ. ആനകളെ കിട്ടുമായിരുന്നെങ്കിൽ പെരുന്നാളുകൾക്കും ആനകൾ വളയം പിടിച്ചേനെ. ഇനിയുമുണ്ട്  നമുക്കു തിരുത്താൻ ഒരുപാട്. 

നാടു മുഴുവൻ മെറ്റൽ മണൽ കൊണ്ട് കെട്ടിടങ്ങൾ പണിയുമ്പോൾ പള്ളികൾക്ക് ആറ്റു മണൽ തന്നെ വേണം. കാണുന്നില്ലേ വറ്റി വരണ്ട നദികളും ഉണങ്ങി വരളുന്ന നാടിന്റെ മുഖവും? ഓരോ വ്യക്തിക്കു വേണ്ടിയും നശിപ്പിക്കപ്പെട്ടിടത്തോളം മരങ്ങൾ പകരം വെയ്കാൻ നാം ശ്രമിച്ചിരുന്നെങ്കിലും ഈ ദുരന്തം ഉണ്ടാവുകയില്ലായിരുന്നു. പള്ളികളുടെ പണികൾ തീർന്നു; പള്ളികൾ പണിയണ്ടായെന്നു സിനഡ് തീരുമാനിക്കുകയും ചെയ്തു; മോന്തായങ്ങളിൽ സ്വർണ്ണ അലുക്കുകൾ നാം പിടിപ്പിക്കുകയും ചെയ്തു. ഇനി പള്ളിമുറ്റവും പള്ളിപ്പറമ്പും ഫ്ലോർ ടൈൽസ് ഇടണം - നിലത്തു വീഴുന്ന ഒരു തുള്ളി വെള്ളം പോലും അവിടെ താഴരുത്. അതാണിപ്പോൾ വികാരിയച്ചന്മാരുടെ ആഗ്രഹം. പ്രകൃതിയെ ഉമ്മ വെച്ചു കൊല്ലുന്ന ഈ സ്വഭാവം നിർത്താൻ ആരു മുൻകൈയ്യെടുക്കും?

സഹജീവികളോടു കാട്ടുന്ന കാരുണ്യവും പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയിൽ നിന്ന് വേറിട്ടൊരു ദൈവത്തെ കാണുന്നവർ കരുണയുടെ പാഠങ്ങൾ പ്രകൃതിയിൽ നിന്നു പഠിക്കാനിടയില്ല. പ്രകൃതിയുടെ മുഗ്ദസൌന്ദര്യം ആസ്വദിക്കപ്പെടുന്നിടത്തെ പൂമ്പാറ്റകൾ കാണൂ; അല്ലാത്തിടങ്ങളിൽ ഈച്ചകളും കൊതുകുകളും മാത്രമേ കാണൂ. എന്താ നിങ്ങളെന്നെ എറിഞ്ഞു വീഴ്താത്തതെന്നു പരിഭവം പറയുന്ന മാങ്ങാക്കുട്ടന്മാരെ കണ്ടിട്ടില്ലേ മാവിന്റെ ഉച്ചിയിൽ? എന്താ നീയെന്നേ മണക്കുന്നില്ലേയെന്നു ചോദിക്കുന്ന പൂക്കളും, നമുക്കു വേണ്ടി മരിക്കാൻ ഇഷ്ടപ്പെടുന്നു. നമുക്കതിഷ്ടമല്ല, മറ്റൊരുവൻ സ്വന്തം നിഴലിൽ വിശ്രമിക്കുന്നതു പോലും നമുക്കസഹനീയം! അപ്പനപ്പന്റെ ഭാര്യ, എനിക്കെന്റെ ഭാര്യ! 

മാർപ്പാപ്പാ പറഞ്ഞു, സ്വർഗ്ഗാനുരാഗികളോടും, വിവാഹമോചനത്തിന്റെ നൂലാമാലകൾ അഴിയുന്നതിനു മുമ്പ് മറ്റൊരു വിവാഹം ചെയ്യുന്ന ദമ്പതികളോടും, എല്ലാം കരുണ കാണിക്കുക. ഇല്ല, പാപ്പാ ഇല്ല! ഞങ്ങൾക്കതാവില്ലായെന്നു സിനഡിനേക്കാൾ ഉച്ചത്തിൽ ഓരോ മെത്രാനും പറയുന്നു. ഒരു കാലത്ത് ആത്മഹത്യ മഹാപാപമായിരുന്നു; അത്തരക്കാരെ ചൊല്ലിയടക്കാൻ പോലും അച്ചന്മാരും ഇല്ലായിരുന്നു. മനസ്സിന്റെ നിലയിൽ നേരിയ വ്യത്യാസം വരുന്നത് വഴി രോഗികളാകുന്നവരാണ് ആത്മഹത്യ ചെയ്യുന്നതെന്നു മനസ്സിലാക്കാൻ ഒരുപാടു കാലം വേണ്ടി വന്നു. മദ്യപാനവും ആത്മഹത്യയാണെന്നവരിന്നു മനസ്സിലാക്കിയിരിക്കുന്നു. വാനമേഖങ്ങളിൽ പ്രത്യക്ഷപ്പെടാൻ പോകുന്നത് കലർപ്പില്ലാത്ത സ്വന്തം മനസാക്ഷിയാണെന്നും സ്വർഗ്ഗരാജ്യത്തിന്റെ ഭൂമിയിലെ അധികാരികൾ താമസിയാതെ മനസ്സിലാക്കിയേക്കാം! കരുണയില്ലാത്തവർക്കാണു കരുണയുടെ വർഷം കൊണ്ടു പ്രയോജനം കിട്ടൂ. വേണ്ട, ഒരു മെത്രാനും എന്റെ പിന്നാലെ വരണ്ട. നിങ്ങളിവിടെ ഉണ്ടെങ്കിലെ മറ്റുള്ളവർ ദൈവത്തെ വിളിക്കാനിടയുള്ളൂ. ബോബിയച്ചനേയും പുത്തൻപുരയച്ചനേയും, മാർപ്പാപ്പായെയും എല്ലാം അയച്ചു നോക്കിയിട്ടും മനസ്സിളകാത്ത ഈ ദുഷിച്ച അധികാരി വർഗ്ഗം ദ്രവിച്ചൊടുങ്ങാനെ ഇടയുള്ളൂ. 

ഫാ. അഗസ്റിൻ വൈരമണ്ണിലച്ചനേപ്പോലുള്ള വൈദികരെയാണ് സഭക്ക് വേണ്ടത്. മറ്റുള്ളവർക്കു വേണ്ടി ജീവൻ പണയപ്പെടുത്തുന്നതാണ് ജീവിതവും. ഇത് പോലെ നല്ല ഉദാഹരണങ്ങൾ ജീവിതത്തിൽ കാണിക്കുന്ന നിരവധി വൈദികർ കത്തോലിക്കാ സഭയിലുണ്ട്. സമുദായത്തെ മുഴുവൻ നാണം കെടുത്താൻ അതിലേറെയുണ്ടെന്നുള്ളതാണു ഖേദകരം. അങ്ങിനെയുള്ളവർ നോക്കുമ്പോൾ സിമിന്റും വെടിമരുന്നും കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ ഇവിടെ ദൈവരാജ്യം നിലനിൽക്കില്ലായിരുന്നത്രെ. യേശു മലമുകളിലിരുന്നു കരുണയുടെ സുവിശേഷം പറഞ്ഞപ്പോൾ ശിക്ഷ്യന്മാർക്കൊന്നും മനസ്സിലായില്ല. ഇവിടേ വെളുത്തത് അവിടെ കറുത്തതും, ഇവിടെയുള്ളവൻ അവിടെയില്ലാത്തവനുമൊക്കെയായിരിക്കുമെന്നു പറഞ്ഞാലാർക്കാ മനസ്സിലാവുക? അത് നമുക്കും മനസ്സിലായിട്ടില്ല, മനസ്സിലാവുകയുമില്ല; ഉള്ളായ്മ അത്രമേൽ നമ്മേ കീഴടക്കിക്കഴിഞ്ഞു!

എല്ലാവർക്കും വിഷു ആശംസകൾ!


വിഷുവിന്റന്നു വ്യാഴാഴ്ച വെളുപ്പിന് അതാത് വാർഡുകാരുടെ ആഭിമുഖ്യത്തിൽ എല്ലാവരും മുൻ കൂട്ടി നിശ്ചയിച്ചിരിക്കുന്ന ഒരു വീട്ടിൽ ഒത്തു കൂടുകയും കൊന്നപ്പൂക്കൾ കൊണ്ടലങ്കരിച്ച ഉത്ഥിതനായ യേശുവിന്റെ രൂപം കണികണ്ടിട്ട് പള്ളിയിലെത്തി വിഷുക്കണി നേർച്ചയിട്ട് തിരുക്കർമ്മങ്ങളിലും പങ്കെടുത്തിട്ടു പോവേണ്ടതുമാണ്. വിഷുവടയും പായസവും സ്പോൺസർ ചെയ്യ്യാൻ ആഗ്രഹിക്കുന്നവർ പള്ളിമുറിയിൽ എത്രയും വേഗം അറിയിക്കുക.

No comments:

Post a Comment