Translate

Tuesday, April 26, 2016

ശ്രദ്ധിക്കുക, കേരളത്തിന്റെ കേജ്രിവാൾ ആകാനുള്ള ഈ പ്രതിഭയെ!

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ സമ്മതിദായകർ ദയവായി ശ്രദ്ധിക്കുക, കേരളത്തിന്റെ കേജ്രിവാൾ ആകാനുള്ള ഈ പ്രതിഭയെ.
ഞാന്‍ എന്തിനു മത്സരിക്കുന്നു?
അഡ്വ. ഇന്ദുലേഖാ ജോസഫ്
1. അഴിമതിയും അനീതിയും ഇണചേര്‍ന്ന് ദാരിദ്ര്യത്തെ പ്രസവിക്കുന്നു. അഞ്ചാം വയസ്സില്‍ ഒരു ശിശുദിനപ്പുലരിയില്‍ പാര്‍ലമെന്റിനുമുമ്പില്‍ ഞാന്‍ അഴിമതിക്കെതിരെ കുറിച്ച അങ്കം കണ്ണകിയുടെ കരുത്തോടെ ആജീവനാന്തം തുടരാന്‍.
2. അതിസമര്‍ത്ഥരും നല്ലവരുമായ മക്കളെ ഏതെങ്കിലും മാതാപിതാക്കള്‍ ഇന്നു രാഷ്ട്രീയത്തിലേക്ക് പറഞ്ഞുവിടുമോ? അതുകൊണ്ടു മാലാഖാമാര്‍ അറച്ചു നില്‍ക്കുന്നിടത്തേക്കു ചെകുത്താന്‍മാര്‍ ഇരച്ചുകയറുന്നു. ഒപ്പം - രാഷ്ട്രീയക്കാര്‍ക്കും വേണ്ടേ ഒരു പെന്‍ഷന്‍ പ്രായം? കഴിവും നന്മയുള്ള യുവതീയുവാക്കള്‍ രാഷ്ട്രീയത്തിലേക്കു കടന്നുവരണമെന്ന സന്ദേശം പ്രചരിപ്പിക്കാന്‍.
3. കണിശ്ശമായും ഒരാള്‍ രണ്ടുവട്ടത്തില്‍ കൂടുതല്‍ എം.എല്‍.എ. സ്ഥാനത്തും മന്ത്രിസ്ഥാനത്തും ഇരിക്കരുത്. പരിചയത്തേക്കാള്‍ പ്രധാനം പ്രതിഭയാണ്. പ്രതിഭയുള്ളവര്‍ അതിവേഗം ജോലി പഠിച്ചെടുത്തുകൊള്ളും. അതുപോലെ, എല്ലാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളും നിയമംമൂലം നിരോധിക്കേണ്ടിയിരിക്കുന്നു. സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന 'മീറ്റ് ദി കാന്‍ഡിഡേറ്റ്' പ്രോഗ്രാമിലൂടെയും, മാധ്യമങ്ങള്‍ കൊടുക്കുന്ന സൗജന്യ അവസരങ്ങളിലൂടെയും ജനങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടട്ടെ. ഇതു നാടിനെ ധനാധിപത്യത്തില്‍നിന്നു ജനാധിപത്യത്തിലേക്കു നയിക്കും. ഞാനൊരു എം.എല്‍.എ. ആയാല്‍ ഈ ആശയങ്ങള്‍ ആസേതുഹിമാചലം മാറ്റൊലിക്കൊള്ളിക്കും.
4. എന്റെ നിയോജകമണ്ഡലത്തില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് സര്‍ക്കാര്‍ ആഫീസുകളില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ - നീതി ലഭിച്ചില്ലെങ്കില്‍ മാത്രം - അവരോടൊപ്പം പോലീസ് സ്റ്റേഷന്റെ മുമ്പില്‍പോലും കുത്തിയിരിക്കാന്‍ ഞാനുണ്ടാവും.
5. 'ചര്‍ച്ച് ആക്ട്' എന്ന ആശയത്തിന്റെ രക്തസാക്ഷിയാണ് ഞാന്‍. 'ചര്‍ച്ച് ആക്ട്', ആത്മീയനേതൃത്വം പുരോഹിതന്മാര്‍ക്കും പള്ളി സ്വത്തുഭരണം വിശ്വാസികള്‍ക്കും വ്യവസ്ഥ ചെയ്യുന്നു. ഈ ആശയം ഞങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ കത്തോലിക്കാ ബിഷപ്പുമാര്‍ അവരുടെ കോളേജില്‍നിന്ന് എന്നെ പുറത്താക്കി. വിദ്യാര്‍ത്ഥിയായിരുന്ന എനിക്ക് വിലപ്പെട്ട മൂന്നു വര്‍ഷം നഷ്ടപ്പെട്ടു. അതെ, ചരിത്രത്തിലെന്നും പുതിയ ആശയങ്ങള്‍ രക്തസാക്ഷികളെ സൃഷ്ടിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, പൂഞ്ഞാറിലെ ഇലക്ഷന്‍ ഇക്കുറി, ജസ്റ്റീസ് വി.ആര്‍. കൃഷ്ണയ്യര്‍ ഗവണ്‍മെന്റിനു ശിപാര്‍ശ ചെയ്ത 'ചര്‍ച്ച് ആക്ടി' ന്റെ ഒരു രഹസ്യഹിതപരിശോധനയായി മാറണമെന്ന് ഞാനാഗ്രഹിക്കുന്നു. ഞാന്‍ എം.എല്‍.എ. ആയാല്‍, 'ചര്‍ച്ച് ആക്ട്' പാസാക്കുന്നതിനുവേണ്ടി കേരളനിയമസഭയില്‍ ജീവന്‍മരണ പോരാട്ടം നടത്തും.
6. കേരളത്തിലി്ന്ന് അരങ്ങേറുന്ന അക്രമരാഷ്ട്രീയത്തിനു മുഖ്യകാരണം, ഇവിടുത്തെ രാഷ്ട്രീയരംഗം പുരുഷാധിപത്യപരമാണ് എന്നതാണ്. ഇതിന് അയവുവരണമെങ്കില്‍, കഴിവും വ്യക്തിത്വവുമുള്ള സ്ത്രീരത്‌നങ്ങള്‍ ഈ രംഗത്തേക്കു കൂടുതലായി കടന്നുവരേണ്ടതുണ്ട്.
7. കല്ലിട്ടും കല്ല്യാണമുണ്ടും നാടമുറിച്ചും നാടുചുറ്റലായിരിക്കരുത്, ഒരു എം.എല്‍.എയുടെ ജോലി. അയാള്‍ ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും പഠിച്ച് പരിഹാരമുണ്ടാക്കണം. കല്ലിടാനും നാടമുറിക്കാനും തദ്ദേശവാസികളായ കൊച്ചുകുട്ടികളില്‍നിന്നു നറുക്കു വീഴുന്ന ആളെ തിരഞ്ഞെടുക്കുക. കലുങ്ക് പണിയുന്നിടത്തും പാലം പണിയുന്നിടത്തും റോഡ് പണിയുന്നിടത്തും ആണ് എം.എല്‍.എ. ഉണ്ടാവേണ്ടത്.
8. മീനച്ചിലാറ്റിലൂടെ തേനും പാലും ഒഴുക്കാമെന്നൊന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നില്ല. ഒരു കാര്യം ഞാന്‍ ഉറപ്പു തരാം, നിങ്ങളുടെ ചോരയുടെയും വിയര്‍പ്പിന്റെയും ആകെത്തുകയായ നികുതിപ്പണത്തില്‍നിന്ന് ഒരു നയാപൈസ ഞാന്‍ മോഷ്ടിക്കില്ല.
ഫോണ്‍: 9446561252
ആര്ക്കും മനസ്സിലാകാത്ത പഴകിപ്പോയ പ്രത്യയശാസ്ത്രങ്ങളോ താത്ക്കാലിക നേട്ടങ്ങൾ ലക്‌ഷ്യം വച്ചുള്ള വാചകക്കസർത്തുകളോ നാട്ടുകാർക്ക് ഒരു നന്മയും ചെയ്യില്ല എന്ന് ഇത്രയും നാളത്തെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് പടയോട്ടങ്ങൾ പഠിപ്പിച്ചു കഴിഞ്ഞു. തന്ത്രമല്ല, ആത്മാർഥതയാണ് സ്ഥാനാര്ഥികളിൽ നാം തിരയേണ്ടത്. അതുള്ളവർ വിശ്വാസവഞ്ചകരുടെ ഒരു പാർട്ടിയെയും ആശ്രയിക്കാതെ ഇറങ്ങിയിരിക്കുന്നവർ മാത്രമാണ്. ഇത്തരക്കാരെ തിരിച്ചറിയാൻ പോലും കഴിയാത്തവിധം സമ്മതിദായകരുടെ മനസ്സുകൾ കളങ്കപ്പെട്ടുപോയി എന്നതാണ് കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. കാശും താത്ക്കാലിക മോടികളും കാണിച്ച് അവരെ സ്വാധീനിക്കാൻ സ്ഥിരം വോട്ടുപിടുത്തക്കാർക്ക് സാധിക്കുന്നത് അതുകൊണ്ടാണ്. വേണമെന്നുണ്ടെങ്കിൽ അതിനൊരു മാറ്റം വരുത്താനാവും എന്നതാണ് ഡൽഹിയിൽ നിന്നുള്ള പാഠം. ഇത്തവണ വോട്ടു ചോദിക്കുന്നവരിൽ 90% വും സ്വന്തം അഹത്തിന്റെ തേരാളികളാണ്. ഇതുവരെ കളിച്ച നാടകത്തിന്റെ ബാക്കി കളിക്കാനാണ് അവർ കാത്തിരിക്കുന്നത്. അതനുവദിക്കരുത് എന്നാണ് ഇന്ദുലേഖയെപ്പോലുള്ളവർ പറയുന്നത്.
പ്രത്യയ ശാസ്ത്രം എന്നാൽ സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ ഒരു സംവിധാനത്തിന്റ നട്ടെല്ലാണ്, അതിനു ആധാരമായി നില്ക്കേണ്ട ആശയങ്ങളും അവയ്ക്ക് ചേരുന്ന പെരുമാറ്റരീതികളുമാണ്. നമ്മുടെ സ്ഥിരം പാർട്ടികളിൽ ഏതിനാണ് ഇതൊക്കെ അല്പമെങ്കിലും ഉള്ളത്?അധികാരപ്രമത്തതയും കളവും കൊലയും പ്രവര്ത്തനശൈലിയായി തീർന്നിരിക്കുന്ന എല്ലാ പഴയ ആൾക്കാരെയും ഒറ്റപ്പെടുത്താനാവില്ലെങ്കിൽ നമ്മൾ നശിക്കുകയെ ഉള്ളൂ. ഈ അവസരം കളഞ്ഞുകുളിച്ചാൽ കേരളത്തിന്റെ ഭാവിതന്നെ നമ്മെ കൈവിട്ടുപോകും.

Sunny Kuriakose ഒരു MLA യോ MP യോ കാലാവധി കഴിഞ്ഞാൽ ഈ കാലയളവിൽ അയാൾ നേടിയ സ്വത്തിനെ കുറിച്ച് ഓടിറ്റ് ചെയ്യണം കഴിയുമെങ്കിൽ CAG തന്നെ. ഇപ്പോൾ അതിനുള്ള വ്യവസ്ഥ ഉണ്ടോ എന്നറിയില്ല. നാമ നിര്ദേശ പത്രിക സമർപ്പിക്കുമ്പോൾ ഒരു Affidavit ഉം Income Tax Return ഉം ഫയൽ ചെയ്യാറാണ് പതിവ്. പക്ഷെ അതിലെ വസ്തുതകളെ കുറിച്ച് ആരും അന്വഷിക്കാറില്ല. അതുപോലെ തന്നെ ഏതെങ്കിലും മന്ത്രി സാമ്പത്തീക അഴിമതിക്ക് ശിക്ഷിക്കപ്പെട്ടാൽ ആ മൊത്തം പണവും പലിശയും ഈടാക്കുവാനുള്ള നിയമം ഉണ്ടാക്കണം. അല്ലാതെ 1000 കോടി രൂപയുടെ അഴിമതി കാണിച്ച ലാലു പ്രസാദിന് കൊടുത്ത ശിക്ഷപോലെ 25 ലക്ഷം രൂപ പിഴയും ഏതാനും വര്ഷത്തെ തടവും മാത്രം ആകരുത്.

2 comments:

  1. "കാടാറുമാസം നാടാറുമാസം ,കണ്ണീര്‍ കടല്‍ക്കരെ താമസം" എന്ന സിനിമാ ഗാനംപോലെ "വലതാറുമാസം ഇടതാറുമാസം ഹരിജന്‍ കോളനിയായി കേരളം" !
    ആളേക്കൂട്ടാന്‍ പരസ്പരം വാക്കേറ്റം നടത്തുന്ന തെരുവ് വേശ്യകളെപ്പോലെ ചിന്ന ചിന്ന സമരങ്ങളും ഹര്‍ത്താലുകളും നടത്തി, കഴുതകളെന്നു സ്വയം അഭിമാനക്കുന്ന പൊതുജനക്കഴുതകള്‍ കണ്ടു സന്തോഷിക്കാന്‍ സമരനാടകങ്ങളും അന്വേഷണ പരമ്പരകളും നടത്തുന്ന ഈ രണ്ടു സ്ഥിരം "കുടമാറ്റക്കാരെ" അല്ല കൊടിമാറ്റക്കാരെ ഒന്ന് തോല്‍പ്പിക്കാന്‍, ഒരിക്കലും വോട്റെന്ന ഏക ആയുധം പ്രയോഗിക്കാനും മനസില്ലാത്ത മലയാളിയെ കാലം എതിനോടുപമിക്കും ? ഇവിടെ ഒരു കേജരിവാളും ഒരിക്കലും ജയിക്കില്ല! കാരണം, പള്ളിയില്‍ പോഴന്പാതിരിയുടെ "ആടുകളായ " ഞങ്ങള്‍ക്ക്, "പൊതുജനം കഴുത" എന്ന വിളിപ്പേരില്‍ അറിയപ്പെടുന്നത് എത്ര അഭിമാനമാണെന്നു ഏതു മതിലേൽ കുരുത്ത മാപ്പ്ലയോടും ചോദിച്ചാട്ടു .... "ഇടതന്റെ കൊലപാതകവും" :വലതന്റെ അഴിമതിയും" ഒരുപോലെ അവര്‍ പരസ്പരം മൂടിമറച്ചു കേരളം മുടിക്കുന്നത് കാണാന്‍ , "അണ്ണാന്‍ കുഞ്ഞും തന്നാലായത്" എന്നോണം, കയ്യിലെ ഒരേയൊരു വോട്ടു ഈ കശ്മലമ്നാർക്കു സ്ഥിരം കൊടുക്കുന്ന രാഷ്ട്രീയമെന്തെന്നറിയാത്ത ജനതയോടല്ല നാം മല്ലിടെണ്ടത് , പകരം "ആരുവാന്നാലും എനിക്കെന്താ "എന്നമട്ടില്‍ ആലോച്ചനകൂടി കൊടുക്കാത്ത മടിയനീച്ചകളെയാണ് ഇവിടെ ഇല്ലാതാക്കേണ്ടത് ! ഏതു സര്‍വേ നടത്തിയാലും മൂന്നിലൊന്നും ഈകൂട്ടര്‍ തന്നെ ! കാലത്തിന്റെ ശാപജന്മങ്ങളേ,നിങ്ങള്‍ ജനിക്കാതെയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു ! മാളോരെ മാറിചിന്തിക്കൂ,,അല്ലാഞ്ഞാല്‍ കാലം നിങ്ങളെ ഇല്ലാതെയാക്കും നിശ്ചയം !

    ReplyDelete

  2. പുരോഹിതരുടേയും വൃദ്ധരുടെയും രാഷ്ട്രീയത്തിൽ നിന്നു കേരളത്തെ മോചിപ്പിക്കേണ്ടത് തികച്ചും നീതിയുക്തമാണ്. അമ്പതു വയസു കഴിഞ്ഞവരെ ഭരിക്കാൻ അനുവദിക്കരുത്. പഴയവർ കഴിഞ്ഞ അമ്പതു വർഷങ്ങൾ പുറകോട്ടു ചിന്തിച്ച് സ്വപ്നം കാണുമ്പോൾ പുതിയ തലമുറകൾ വരും കാലത്തെ മാറ്റങ്ങളെ കാണുന്നു. മിക്കപ്പോഴും വൃദ്ധ രാഷ്ട്രീയക്കാരുടെ നയപരിപാടികൾ പഴഞ്ചനാശയങ്ങൾ നിറഞ്ഞതും അത് വ്യക്തമായി അവരുടെ പ്രകടന പത്രികയിൽ നിറഞ്ഞിരിക്കുന്നതും കാണാം. അതിനൊരു അപവാദമായി ശ്രീമതി ഇന്ദുലേഖയുടെ വാഗ്ദാനങ്ങൾ യുവത്വത്തിന്റെ ശബ്ദമായി ഇവിടെ മുഴങ്ങുന്നു.

    ഒരു പ്രായം കഴിഞ്ഞാൽ വൃദ്ധരായവരുടെ ബുദ്ധി ശരിയ്ക്ക് പ്രവർത്തിക്കില്ല. പഴയ കമ്പ്യൂട്ടറുകളുടെ 'ഹാർഡ് വെയർ' തന്നെ അതിനു ഉദാഹരണമാണ്. ശരിയായ ഡേറ്റാകൾ കാലഹരണപ്പെട്ട കമ്പ്യൂട്ടറുകളിൽനിന്നും ലഭ്യമാകാൻ കാലതാമസം വരും. അധികാരം ഇന്ദുലേഖയെപ്പോലുള്ള ചെറുപ്പമായവർ കൈകാര്യം ചെയ്യണം. വൃദ്ധരായവരുടെ തലച്ചോറിൽ നൂറു നൂറു കാര്യങ്ങളാണ് നിക്ഷേപിച്ചിരിക്കുന്നത്. കൂടുതലും അവർ തങ്ങളുടെ രോഗത്തെ പറ്റിയും തങ്ങളെപ്പറ്റിയും മാത്രമേ ചിന്തിക്കുള്ളൂ. കൂടെ സരിതയെന്ന ആഭിസാരികയെ ഓമനിക്കുകയും ചെയ്യും. രോഗം വന്ന ഇത്തരം രാഷ്ട്രീയക്കാരുടെ തലച്ചോറ് ശരിയ്ക്കും പ്രവർത്തിക്കില്ല. ചുറ്റുമുള്ള ജനങ്ങളെപ്പറ്റി ചിന്തിക്കില്ല.

    തീർച്ചയായും നവമായ ആശയങ്ങൾ ചെറുപ്പക്കാർക്കെ ലഭിക്കുള്ളൂ. അവർ ചിന്തിക്കുന്നത് നിലം ഉഴുതാൻ പഴയ കലപ്പയെപ്പറ്റിയല്ല. അടുത്തയിടെ ചില രാഷ്ട്രീയ വൃദ്ധ ജനങ്ങൾ ഫേസ് ബുക്ക് തുറന്നെന്നും കേട്ടു. ലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് നാളിതു വരെ ഇവർ ജനങ്ങളെ ഭരിച്ചുകൊണ്ടിരിക്കുന്നത്. ഭൂരിഭാഗവും പ്രത്യേകിച്ച് സ്ത്രീ ജനങ്ങൾ പള്ളിയിലെ പുരോഹിതർ പറയുന്നതു മാത്രം ശരിയെന്നു വിചാരിക്കുന്നു. അത്തരം ചിന്തകൾക്കും മാറ്റം വരണം. ചർച്ച് ആക്റ്റ് അപൂർണ്ണമാണെങ്കിലും അത് നിയമമാകണമെങ്കിൽ ജനങ്ങളുടെ മനസ്ഥിതിയും മാറണം. പൊതു സ്വത്തുക്കൾ പൂർണ്ണമായും സർക്കാരിന്റെയും നിയന്ത്രണം ആവശ്യമാണ്. കോഴ മേടിക്കുന്നവരെയും കൊടുക്കുന്നവരേയും കുറ്റക്കാരായി കരുതണം.

    ബുദ്ധി മാന്ദ്യം സംഭവിച്ച നേതാക്കളുടെ ശബ്ദമല്ല ശ്രവിക്കേണ്ടത്. യുവ ജനങ്ങളുടെ ആശയങ്ങളാണ് പ്രാവർത്തികമാക്കേണ്ടതെന്നുള്ള ഇന്ദുലേഖയുടെ ചിന്താഗതികളോട് പൂർണ്ണമായും യോജിക്കുന്നു. ഭരണം കൈകാര്യം ചെയ്യാൻ എന്തുകൊണ്ടും കഴിവുള്ള ഇന്ദു ലേഖയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണ കൂടിയുണ്ടായിരുന്നെങ്കിൽ രാജ്യത്തിന്റെ പ്രവർത്തന മേഖലകളിൽ കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ സാധിക്കുമായിരുന്നു.

    ചെറുപ്പക്കാർക്ക് കൂടുതൽ രാഷ്ട്രീയ സ്വാധീനം അനുവദിച്ചുകൊണ്ട് ഭരണഘടന തന്നെ മാറ്റിയെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഒരു M.L.A. ആകാനും മന്ത്രിയാകാനുമുള്ള കുറഞ്ഞ പ്രായം നിയമത്തിൽ ക്ലിപ്ത പ്പെടുത്തിയിട്ടുണ്ട്. എങ്കിൽ, എന്തു കൊണ്ട് ഉയർന്ന പ്രായപരിധിയും നിശ്ചയിച്ചു കൂടാ? ഭരണത്തിൽ നീണ്ടകാല പ്രായോഗിക പരിജ്ഞാനം ഉണ്ടെങ്കിലും നാളിതു വരെയുള്ള വൃദ്ധ രാഷ്ട്രീയക്കാർ അവരവരുടെ കുടുംബം നന്നാക്കിയ ചരിത്രം മാത്രമേ കേട്ടിട്ടുള്ളൂ. കൂടാതെ മില്ലിയൻ കണക്കിനു ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാനുള്ള ഊർജവും വയസന്മാർക്ക് കാണില്ല. ഇന്നത്തെ രാഷ്ട്രീയക്കാർ സത്യസായി ബാബായെയോ ആൾ ദൈവങ്ങളെയോ, ബിഷപ്പിനെയോ, പുരോഹിതനെയോ തൊഴുതുകൊണ്ട് ആത്മീയത കാത്തു സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. ആത്മീയ പുരോഗതി ചിന്തിക്കുന്ന ഇവർ ടെക്കനോളജിയുടെ പുരോഗമനത്തെ സ്വീകരിക്കാനും തയ്യാറാകുന്നില്ല.

    പുരോഹിതരെയും മെത്രാന്മാരെയും അകറ്റി നിറുത്തിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രവർത്തക അല്ലെങ്കിൽ പ്രവർത്തകരെയാണ് രാജ്യം ഭരിക്കാൻ വേണ്ടത്. വെന്തിങ്ങായോ ബൈബിളൊ, ധ്യാന കേന്ദ്രങ്ങളോ, പുരോഹിത കുപ്പായങ്ങളോ കണ്ടാൽ ആവേശഭരിതരാകുന്ന നേതാക്കന്മാരാണ് അധികവും കേരളത്തിൽ കണ്ടു വരുന്നത്. അക്കാര്യത്തിൽ ശ്രീ മതി ഇന്ദു ലേഖയെ അഭിനന്ദിച്ചേ മതിയാവൂ. പുരോഗമന ചിന്താഗതിയുള്ള മാതാപിതാക്കളിൽ നിന്നു വളർന്ന ഈ യുവതിയായ അറ്റോർണിയ്ക്ക് വേണ്ടത്ര പ്രായോഗിക പരിജ്ഞാനവും ലഭിച്ചിട്ടുണ്ട്. ആവശ്യത്തിലധികം മത പീഡനവും പുരോഹിത പട ഇന്ദുലേഖയ്ക്കും കുടുംബത്തിനും നല്കിയെന്നുമറിയാം . ഇനി പന്ത് പുരോഹിതരുടെ കോർട്ടിലാണ്. അവർ ചെയ്ത തെറ്റുകൾക്ക് കാലത്തിനുപോലും മാപ്പ് കൊടുക്കാൻ സാധിക്കില്ല. ഇന്ദുലേഖയെ പ്പോലെ അനേക കുട്ടികളുടെ ഭാവി പുരോഹിതർ തകർത്ത കഥകൾ എനിക്കറിയാം. അതുപോലെ പുരോഹിതരുടെ ആൾക്കാരെയും കോഴ കൊടുക്കുന്നവരേയും ഇവർ കോളേജുകളിൽ നിയമനം കൊടുക്കുന്നു. അമിതമായ പണം മേടിച്ച് കോളേജിൽ പ്രവേശനം കൊടുക്കുന്നു. അല്മായന്റെ പണത്തിന്റെ മീതെ ആർഭാട ജീവിതം നയിക്കുന്ന പുരോഹിതരെ മാർപ്പാപ്പാ പോലും എതിർക്കുന്നുണ്ട്. ഇവരുടെ വ്യവസായ സാമ്രാജ്യത്തിൽ ക്രിസ്തു ചൈതന്യം പാടെ നശിച്ചിരിക്കുന്നു. ഇതിനൊക്കെ പകരം നല്കിക്കൊണ്ട് ഇന്ദു ലേഖയെപ്പോലുള്ളവർ ഭരണ രംഗത്ത് വരുവാൻ ആഗ്രഹിക്കുന്നു.

    ReplyDelete