സഭയെ അന്ധവിശ്വാസങ്ങളുടെ കൂടാരമാക്കുന്നതിൽ ധ്യാന'കുറുക്കന്മാര്ക്ക്' ഒത്തിരി പങ്കുണ്ട്. ഇന്നലെ ഞാൻ വഴിയിൽ ബസ് കാത്തുനിന്ന, പരിചയമുള്ള ഒരു സ്ത്രീക്ക് ലിഫ്റ്റ് കൊടുത്തു. ഭരണങ്ങാനം അസ്സീസ്സിയിലേക്ക് പോകുകയാണെന്ന് പറഞ്ഞു. തന്റെ പതിമൂന്നും (ആണ്) പതിനഞ്ചും (പെണ്ണ്) പ്രായമുള്ള പിള്ളേരെ അവിടെ ആക്കിയിരികിക്കുകയാണ് - ഒരാഴ്ചത്തെ ദൈവവിളി ധ്യാനത്തിന്. കുടുംബത്തിനു മൊത്തമായിട്ടുള്ള ധ്യാനമാണ് - വയസ്സനുസരിച്ച് ഗ്രൂപ്പായിട്ടാണ് അച്ചന്മാർ അവിടെ പിള്ളേരെ പറഞ്ഞു വശീകരിക്കുന്നത്. ചെറുക്കൻ ഇപ്പോഴേ അച്ചനാകാൻ താത്പര്യം കാണിക്കുന്നുണ്ട്പോലും! ഈ ചെറു പ്രായത്തിൽ അവരെ ഇങ്ങനെ ഓരോന്ന് പറഞ്ഞു അച്ചനും കന്യാസ്ത്രീയും ആക്കിയാൽ തിരിച്ചറിവാകുമ്പോൾ അവർക്ക് പ്രശ്നങ്ങൾ ഉണ്ടാവില്ലേ എന്ന എന്റെ ചോദ്യത്തിന്, അവർ പറഞ്ഞത്, ഇപ്പോഴേ നല്ല കാര്യങ്ങൾ പറഞ്ഞുകൊടുത്തില്ലെങ്കിൽ മക്കൾ കൈവിട്ടുപോകുമെന്നാണ്.
കൂടെയുണ്ടായിരുന്ന എന്റെ ഭാര്യയും അവരോട് പലതും ചോദിച്ചു. പശു, ആട്, റബർ വെട്ട്, ആഴ്ചതോറും ഇടവകപ്പള്ളി വൃത്തിയാക്കൽ തുടങ്ങി നൂറുകൂട്ടം ജോലിയുള്ളപ്പോൾ ഇത്തരം കുടുംബ ധ്യാനങ്ങളുടെ നടത്തിപ്പിനും (പല മാതാപിതാക്കളും organizers ആയിട്ടാണ് അവിടെ ചെല്ലുന്നത്.) എങ്ങനെ സമയം കണ്ടെത്തും എന്ന ചോദ്യത്തിന്, മനസ്സുവച്ചാൽ അതൊക്കെ നടക്കും, ഇത് നമ്മുടെ മക്കളുടെ നല്ല ഭാവിക്കുവേണ്ടിയല്ലേ എന്നവർ പറഞ്ഞു.
സങ്കുചിതമായ ഇത്തരം 'ദീർഘവീക്ഷണം' സഭയിൽ പ്രാവർത്തികമാകുന്നുണ്ട് എന്നെനിക്കറിയില്ലായിരുന്നു. എന്താണ് ഈ പ്ലാൻ? കുരുന്നിലേ കുഞ്ഞുങ്ങളെ റാഞ്ചുക; എന്തായിത്തീരണം എന്നതിനെപ്പറ്റി സ്വയം ചിന്തിച്ച് സ്വന്തം തീരുമാനങ്ങൾ എടുക്കാൻ അവരെ അപ്രാപ്തരാക്കുക; ഭാവിയിൽ പ്രശ്നങ്ങളുടെ നൂലാമാലയിൽ കുരുങ്ങിപ്പോകുന്ന ഒരു പ്രസ്ഥാനത്തിലേക്ക് അവരെ ഇറക്കുക എന്നതാണ് തകൃതിയായി നടപ്പിലാക്കുന്ന ഈ പദ്ധതി. മനശ്ശാസ്ത്രപരമായ യാതൊരു പഠനവും അംഗീകരിക്കാത്ത ഈ പ്രവണത ഇത്രയും കരുതിക്കൂട്ടി നടത്തുന്നത് നമ്മുടെ സീറോ ബാലബാർ സഭയിൽ മാത്രമാകാനാണ് സാദ്ധ്യത.
സഭയുടെ ഈ പോക്ക് ശരിയോ?മനസ്സിന്റെ എല്ലാ വികസനത്തെയും സ്വാഭാവികമായി ഉണ്ടാകേണ്ട പക്വതയെയും മുളയിലേ തടയുകയാണ് ഇതിലൂടെ നമ്മുടെ സഭാനേതൃത്വം ചെയ്യുന്നത് എന്ന് അനുഭവജ്ഞാനമുള്ള മുതിർന്നവർ എങ്കിലും മനസ്സിലാക്കി പ്രതികരിക്കണം.
No comments:
Post a Comment