(എഡിറ്റോറിയൽ - സത്യജ്വാല മാസിക സെപ്റ്റംബർ ലക്കം)
കേരളകത്തോലിക്കാസഭയില്‍ നല്ലവരും പ്രഗത്ഭരുമായ ധാരാളം പുരോഹിതരുണ്ട്. സഭയുടെ
ഇടുങ്ങിയ ദൈവശാസ്ത്രസിദ്ധാന്തങ്ങളെയെല്ലാം അതിലംഘിച്ച് മൗലികമായി ചിന്തിക്കാനും
എഴുതാനും പ്രബോധിപ്പിക്കാനും ശേഷി തെളിയിച്ചിട്ടുള്ള പ്രതിഭാധനരാണ് നമ്മുടെ
പുരോഹിതരില്‍ പലരും. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വംകൊടുക്കുന്ന എത്രയോ
വൈദികരും എത്രയോ ആയിരം കന്യാസ്ത്രീകളുമാണു ഈ സഭയിലുള്ളത്! ഇപ്പോഴിതാ, സ്വന്തം വൃക്ക മുറിച്ചുനല്‍കി കാരുണ്യത്തിന്റെ മുഖം അനാവരണം
ചെയ്ത ഒരു മെത്രാനും ഈ സഭയിലുണ്ടായിരിക്കുന്നു. കാര്യമായൊന്നും പ്രവര്‍ത്തിക്കുന്നില്ലെങ്കിലും
നന്മ നിറഞ്ഞവരായി ജീവിക്കുന്ന വേറെയും ധാരാളം വൈദികരും കന്യാസ്ത്രീകളും
നമുക്കുണ്ട്.
ഇതെല്ലാം വസ്തുതയായിരിക്കെത്തന്നെ, അതിനെയെല്ലാം അസാധു(nullify)വാക്കുന്ന ഒരു നിഷേധാത്മകഘടകം ഇവരിലെല്ലാം പൊതുവായി
കാണപ്പെടുന്നുണ്ട് എന്നകാര്യം വിശ്വാസികള്‍ തിരിച്ചറിയേണ്ടതുണ്ട്. അധികാരസഭ
നടത്തുന്ന വളരെ പ്രകടമായ നീതിനിഷേധങ്ങള്‍ക്കെതിരെപോലും ഇവരാരും ഒരിക്കലും നാവുയര്‍ത്താന്‍
തയ്യാറല്ല എന്നതാണത്. സഭാഘടനയെയോ പൗരോഹിത്യത്തെയോ വിമര്‍ശനാത്മകമായി
നോക്കിക്കാണുന്നതിനും വിലയിരുത്തുന്നതിനുമെതിരായ ഒരു മനോഘടന ഇവരെല്ലാവരിലും
രൂപപ്പെട്ടിരിക്കുന്നു. സ്ഥായിയായ എന്തോ ജീവഭയം ഇവരെ ബാധിച്ചിട്ടുണ്ടോ എന്നു
തോന്നുമാറ്, ഒരു ആധികാരികഭാവത്തിന്റെ പരിച
മുഖത്തണിഞ്ഞുകൊണ്ടല്ലാതെ, സഭാകാര്യങ്ങളില്‍ ഒരു
ചര്‍ച്ചയും വിശ്വാസികളുമായി നടത്താന്‍ ഇവര്‍ക്കു കഴിയാത്തതിന്റെ കാരണമതാണ്.
തെറ്റാവരമനോഭാവത്തോടു തുലനംചെയ്യാവുന്ന ഈ സമീപനംമൂലം, മറ്റുള്ളവരെ തുല്യരായി പരിഗണിക്കാനോ അവരുടെ കാഴ്ചപ്പാടുകളും
വിമര്‍ശന-വിലയിരുത്തലുകളും ഉള്‍ക്കൊള്ളാനോ ഉള്ള കഴിവ് തുലോം കുറവാണ് ഇവരിലെന്നു
കാണാം. ചെയ്ത ഒരു കാര്യം തെറ്റാണെന്ന് എത്രതന്നെ ബോധ്യപ്പെട്ടാലും
അതംഗീകരിക്കാനുള്ള ബൗദ്ധികസത്യസന്ധതയോ തിരുത്താനുള്ള ആര്‍ജ്ജവമോ ഇവരൊരിക്കലും
പ്രകടിപ്പിക്കാറില്ല. ഇവരിലെല്ലാം പൊതുവേ കാണാവുന്ന മറ്റൊന്ന് പകയാണ് - ഏതെങ്കിലും
പുരോഹിതനോ പൗരോഹിത്യമെന്ന സ്ഥാപനത്തിനോ പോറലേല്‍പ്പിച്ചതായി അവര്‍ കാണുന്നവരെ
മുച്ചൂടും നശിപ്പിക്കാന്‍ പഴുതും അവസരവും നോക്കിയിരിക്കുന്ന അടങ്ങാത്ത പക.
ചുരുക്കത്തില്‍, ഇവര്‍ വിശ്വാസികളോടാഹ്വാനം
ചെയ്യുന്ന ആത്മപരിശോധന, തെറ്റു തിരുത്തല്‍, മാപ്പുപറയല്‍, ക്ഷമിക്കല്‍
എന്നതൊന്നും തങ്ങളുടെ കാര്യത്തില്‍ ബാധകമല്ലെന്ന മട്ടിലാണു പുരോഹിതമനോഘടന
രൂപപ്പെട്ടിരിക്കുന്നത്. സൂക്ഷ്മനിരീക്ഷണത്തില്‍, നമ്മുടെ സഭാശുശ്രൂഷകരുടെ അഹന്താപൂര്‍ണ്ണവും (egoistic) തീര്‍ത്തും യേശുവിരുദ്ധവുമായ ഈ വികലതകള്‍, ഉപ്പിനുറകെട്ടുപോയാലെന്നപോലെ, അന്യഥാ അര്‍ത്ഥവത്തും
ഉദാത്തവുമാകുമായിരുന്ന അവരുടെയെല്ലാം ജീവിതങ്ങളെ പാഴാക്കിക്കളയുകയാണ്. ഒപ്പം, സഭയില്‍ തീരാത്ത പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും അവ
കാരണമാകുന്നുതാനും.
നല്ല കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്ന്,
യേശുവിനുവേണ്ടി
ജീവിക്കാന്‍ ആത്മാര്‍ത്ഥതയോടെ ഇറങ്ങിത്തിരിച്ച ഇവരിലെല്ലാം ഇങ്ങനെയൊരു തലതിരിവ്
എങ്ങനെ സംഭവിച്ചു എന്നന്വേഷിച്ചാല്‍, സഭയുടെ
അധികാരസംവിധാനത്തിനനുസൃതമായി ഇവരെയൊക്കെ സെമിനാരികളിലും മഠങ്ങളിലുമായി
മെരുക്കിയെടുക്കുന്ന യേശുവിരുദ്ധസമ്പ്രദായങ്ങളാണതിനു കാരണമെന്നു കാണാനാവും.
ദൈവത്തോടുള്ള അനുസരണയെ സഭാധികാരത്തോടുള്ള അനുസരണയായി അവതരിപ്പിച്ച്, സഭാധികാരഘടനയുടെ ഭാഗമായി അവരെ വിളക്കിച്ചേര്‍ക്കുകയാണ്.
അതോടെ, സഭയെന്ന സ്ഥാപനത്തിന്റെ നിലനില്‍പ്പ്
സ്വന്തം നിലനില്‍പ്പിന്റെതന്നെ കാര്യമായി മാറുകയാണ്. 99% പേര്‍ക്കും സഭയുടെ
ആധികാരികകാഴ്ചപ്പാടിലൂടെയല്ലാതെ എന്തിനെയെങ്കിലും നോക്കിക്കാണാനുള്ള കഴിവ്
നഷ്ടപ്പെടുകയാണ്.
ഇക്കാരണങ്ങളാല്‍, നീതിയുടെയും
നിയമത്തിന്റെയും മാനദണ്ഡം, മനുഷ്യനില്‍നിന്നു
വ്യതിചലിച്ചു സ്ഥാപനത്തിന്റെ നിലനില്‍പ്പുമായി ബന്ധപ്പെട്ടതായിത്തീരുന്നു. അങ്ങനെ, മനുഷ്യനേക്കാള്‍ പ്രാധാന്യം സഭയെന്ന പുരോഹിതസ്ഥാപനത്തിനും
അതിന്റെ നിയമങ്ങള്‍ക്കും കൈവരുന്നു. ശാബത്തിനുവേണ്ടിയായിത്തീരുന്നു, മനുഷ്യന്‍. 'ശാബത്ത്
മനുഷ്യനുവേണ്ടിയാണ്' എന്ന യേശുവിന്റെ ദര്‍ശനത്തിനു
സഭയില്‍ സ്ഥാനമില്ലാതാകുന്നതിങ്ങനെയാണ്. തന്മൂലം, നീതി, കരുണ മുതലായ മാനുഷികമൂല്യങ്ങള്‍ക്കും
അവിടെ സ്ഥാനമില്ലാതാകുന്നു. ഒപ്പം, സ്ഥാപനപരമായ മറ്റൊരു 'മൂല്യം' ഈ സ്ഥാപനസഭ (Institutional church) വിരിയിച്ചെടുക്കുന്നുമുണ്ട്. ഈ
സ്ഥാപനങ്ങള്‍ക്കുവേണ്ടി എന്തുതന്നെ ചെയ്താലും അതിനെയെല്ലാം പുണ്യമായി കാണാനുള്ള
ഒരു കണ്ണ് പുരോഹിതരിലും കന്യാസ്ത്രീകളിലും പുരോഹിതഭക്തരായ വിശ്വാസികളിലും
അവരറിയാതെതന്നെ സൃഷ്ടിക്കപ്പെടുന്നു എന്നതാണത്. അതുകൊണ്ടാണ് യേശുവിന്റെ സഭയെ
സ്ഥാപനമാക്കുന്ന പൗരോഹിത്യത്തിനെതിരെയും അതു നടത്തുന്ന അനീതികള്‍ക്കെതിരെയും വിരല്‍ചൂണ്ടുന്നവരെ
സംഘടിതമായി ഒറ്റപ്പെടുത്തുന്നതിലും ദ്രോഹിക്കുന്നതിലും ഒരു മനഃസാക്ഷിക്കുത്തും
ഇക്കൂട്ടര്‍ക്കില്ലാതെ പോകുന്നത്. അതെല്ലാം പുണ്യകര്‍മ്മങ്ങളാണെന്നു കരുതാന്‍മാത്രം
അന്ധതയിലാണവര്‍. യേശു പ്രവചിച്ചതുപോലെ (മത്താ. 5:11-12; 23:34), തനിക്കുവേണ്ടി
നിലകൊള്ളുന്നവരെ, ദൈവത്തിനു ബലിയര്‍പ്പിക്കുകയാണെന്ന
മട്ടില്‍ പൗരോഹിത്യവും അനുയായികളും പീഡിപ്പിക്കുകയും വധിക്കുകയുംവരെ ചെയ്യും.
മതദ്രോഹവിചാരണകളി(inquisitions)ലൂടെ ലക്ഷക്കണക്കിനു മനുഷ്യരെ
തീക്കുണ്ഠത്തിലെറിഞ്ഞതും, കുരിശുയുദ്ധങ്ങളുടെ
പേരില്‍ മനുഷ്യരെ കൂട്ടക്കൊല ചെയ്തതുമെല്ലാം സഭയ്ക്കും ദൈവത്തിനുംവേണ്ടിയായിരുന്നു
എന്നോര്‍ക്കുക. രാഷ്ട്രീയാധികാരമില്ലാത്തതിനാല്‍, തല്‍ക്കാലം മഹറോനും തെമ്മാടിക്കുഴിയും വ്യക്തിഹത്യാപ്രസംഗങ്ങളും
ഒറ്റപ്പെടുത്തി ദ്രോഹിക്കലുംകൊണ്ടു പൗരോഹിത്യം തൃപ്തിപ്പെടുന്നുവെന്നുമാത്രം!
നീതിക്കുവേണ്ടി ചെറുത്തുനിന്ന ഞാറയ്ക്കലെ കന്യാസ്ത്രീകളെ പീഡിപ്പിച്ചൊതുക്കാന്‍
നോക്കിയതും, അഴിമതി ചൂണ്ടിക്കാട്ടിയ
സിസ്റ്റര്‍ മേരി സെബാസ്റ്റ്യനെ മനോരോഗിയാക്കാന്‍ നോക്കിയതും ഒറ്റപ്പെടുത്തിയതും
കള്ളക്കേസുകളില്‍ കുടുക്കി ജോലി കളയാന്‍ ശ്രമിച്ചതുമെല്ലാം ഇതേ
വികലമനശ്ശാസ്ത്രത്തിന്റെ പ്രതിഫലനങ്ങളല്ലാതെ മറ്റൊന്നുമല്ല.
പൗരോഹിത്യം, അവര്‍തന്നെ സൃഷ്ടിച്ച
അനുഷ്ഠാനപ്രിയനായ ഒരു ദൈവസങ്കല്‍പ്പത്തിലൂന്നിയാണു പ്രവര്‍ത്തിക്കുന്നത് എന്നതാണ്
ഇതിനെല്ലാം മൂലകാരണം. അതുകൊണ്ടാണ് ബലിയനുഷ്ഠാനങ്ങള്‍ക്കു പ്രാമുഖ്യമുണ്ടാകുന്നതും
നീതിക്കും കരുണയ്ക്കും യഥാര്‍ത്ഥ വിശ്വാസത്തിനും പ്രാധാന്യമില്ലാതായിത്തീരുന്നതും.
സഭാധികാരികള്‍ നടത്തുന്ന നീതിരാഹിത്യത്തിനെതിരെ കൈചൂണ്ടുന്നവരുടെ എണ്ണം
കൂടുന്നതനുസരിച്ച്, അതില്‍നിന്നു ജനങ്ങളുടെ
ശ്രദ്ധ തിരിക്കാനും പൗരോഹിത്യത്തിനു വെള്ളപൂശാനുംവേണ്ടി കേരളത്തിലെ പള്ളികള്‍
അനുഷ്ഠാനകോലാഹലങ്ങള്‍കൊണ്ട് മുഖരിതമാകുന്നതു ശ്രദ്ധിച്ചാല്‍ കാണാം. ഇവയിലൂടെയും
നേര്‍ച്ച-കാഴ്ചകളിലൂടെയും തീര്‍ത്ഥാടനങ്ങളിലൂടെയുമെല്ലാം അവരുടെ കാര്യങ്ങള്‍
നടത്തിക്കിട്ടുമെന്ന വ്യാമോഹം വളര്‍ന്നു വളര്‍ന്ന് ശരിയായ വിശ്വാസമില്ലാതായിത്തീര്‍ന്ന
അശരണരായ 'വിശ്വാസി'സമൂഹം പുരോഹിതര്‍ക്കുപിന്നില്‍ തടിച്ചുകൂടുകയാണ്.
നീതിക്കുവേണ്ടിയുള്ള വിശപ്പോ ദാഹമോ അനുഭവപ്പെടാത്തവരും അതിനുവേണ്ടി പാടുപീഡകള്‍
അനുഭവിക്കാന്‍ സന്നദ്ധതയില്ലാത്തവരുമായി മാറുകയാണവരെല്ലാം.
എന്നാല്‍, യേശുവിന്റെ അനുയായിയാകാനുള്ള
അര്‍ഹത, 'നീതിക്കുവേണ്ടി വിശക്കുകയും
ദാഹിക്കുകയും ചെയ്യുന്നവര്‍'ക്കും (മത്താ. 5:6), 'നീതിക്കുവേണ്ടി പീഡയനുഭവിക്കുന്നവര്‍'ക്കും (5:10) 'കരുണയുള്ളവര്‍'ക്കും (5:7) 'സമാധാനസ്ഥാപക'ര്‍ക്കു (5:9)മാണുള്ളത്. 'നീതി, കരുണ, വിശ്വാസം' എന്നിവയെ
അവഗണിക്കാത്തവര്‍ക്കു മാത്രമാണ് അതിനര്‍ഹതയുള്ളത്. 'കൊതുകിനെ അരിച്ചുനീക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്ന അന്ധരായ
വഴികാട്ടികള്‍'ക്കു (മത്താ. 23:23-24)
ക്രിസ്ത്യാനി എന്നു വിളിക്കപ്പെടാനുള്ള അര്‍ഹത എങ്ങനെയുണ്ടാകും? യേശുവിന്റെ 'മാനിഫെസ്റ്റോ' (ലൂക്കോ 4:18-19) പ്രകാരം, 'ദരിദ്രരോടു സുവിശേഷം പ്രഘോഷിക്കാനും ബന്ദികള്‍ക്കു മോചനവും അന്ധര്‍ക്കു
കാഴ്ചയും പ്രഖ്യാപിക്കാനും മര്‍ദ്ദിതരെ സ്വതന്ത്രരാക്കാനും കര്‍ത്താവിനു
സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കാനു'മുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി
സ്വയം ഉഴിഞ്ഞു വച്ചവരാണ്, യഥാര്‍ത്ഥത്തില്‍
പുരോഹിതരും സന്ന്യസ്തരും. അവര്‍തന്നെ ഇപ്പോള്‍ യേശുവിന്റെ സഭയുടെ
കൈയാളരായിക്കൊണ്ട്, ദരിദ്രര്‍ക്കെതിരെ
സംഘടിതമായി പക്ഷപാതം കാട്ടുന്നവരും മനുഷ്യരെ ബന്ദികളും അന്ധരുമാക്കുന്നവരും മര്‍ദ്ദിച്ചൊതുക്കുന്നവരും
മാമോനു സ്വീകാര്യമായ വ്യവസ്ഥിതി ദൈവനാമത്തില്‍ പ്രഖ്യാപിക്കുന്നവരുമായിരിക്കുന്നു!
മറിച്ചായിരുന്നെങ്കില്‍, ഇന്നു
നടന്നുവരുന്നതുപോലുള്ള കൊടിയ അനീതികളും മനുഷ്യാവകാശധ്വംസനങ്ങളും അഴിമതികളും
കേരളസഭയില്‍ സംഭവിക്കുമായിരുന്നില്ല. അതിനുള്ള എന്തെങ്കിലും നീക്കങ്ങള്‍
ആരെങ്കിലും നടത്തിയാല്‍ത്തന്നെ, നീതിബോധമുള്ളവരായി
ചുറ്റുമുള്ള സഭാശുശ്രൂഷകരും വിശ്വാസികളും സ്വന്തം നിലകളിലും സംഘടിതമായും അതിനെ
തടയുമായിരുന്നു.
ഇവര്‍ ഇപ്രകാരം ക്രിസ്തുവിരുദ്ധമായി മെരുക്കപ്പെട്ടില്ലായിരുന്നെങ്കില്‍, ഞാറയ്ക്കല്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. ആഹാബ്
രാജാവിനു നാബോതിന്റെ മുന്തിരിത്തോട്ടം തന്റേതാക്കണമെന്നു മോഹമുണ്ടായതുപോലെയുള്ള
ഒരു മോഹം (1 രാജാ. 21) യേശുവിന്റെ സഭയിലെ ഒരു മെത്രാനോ വികാരിക്കോ ഉണ്ടാകുമായിരുന്നില്ല.
ഉണ്ടായാല്‍ത്തന്നെ, 'കര്‍ത്താവിന്റെ
ദൃഷ്ടിയില്‍ തിന്മയായതു ചെയ്യാന്‍ നീ നിന്നെത്തന്നെ വിറ്റിരിക്കുന്നു'വെന്നും 'അനര്‍ത്ഥമുണ്ടാകു'മെന്നും ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാന്‍
ഏലിയാപ്രവാചകനെപ്പോലെ ധാര്‍മ്മികധീരതയുള്ളവര്‍ സഭയിലുണ്ടാകുമായിരുന്നു. പകരം, രാജഭക്തിമൂലം നാബോതിനെ കല്ലെറിഞ്ഞുകൊല്ലാന്‍
കൂടിയവരെപ്പോലുള്ള നീചരുടെ പടയണിയെ വിന്യസിപ്പിക്കുകയാണ് മെത്രാനും വികാരിമാരും
ഞാറയ്ക്കലില്‍ ചെയ്തത്. ഇതെല്ലാം കണ്ടിട്ടും കേരളമെത്രാന്‍സമിതി(KCBC)യും ഭാരതമെത്രാന്‍സമിതി(CBCI)യും ഒരക്ഷരമുരിയാടാതെ കണ്ണും കാതും പൂട്ടിയിരിക്കുകയാണു ചെയ്തത് എന്നോര്‍ക്കുക!
കൊച്ചി സബ്‌കോടതി ജഡ്ജിയുടെ മുമ്പില്‍വച്ച്,
'ലിറ്റില്‍
ഫ്‌ളവര്‍ കോണ്‍വെന്റ് സ്‌കൂളോ കോണ്‍വെന്റോ ഒരിക്കലും ഇടവകയുടെപേരില്‍ കൈമാറ്റം
ചെയ്യപ്പെടുകയില്ല' എന്ന് ഉറപ്പു നല്‍കി
ഒപ്പിട്ട് കേസുകളെല്ലാം ഒരിക്കലും ഇടവകയുടെ പേരില്‍ കൈമാറ്റം ചെയ്യപ്പെടുകയില്ല' എന്ന് ഉറപ്പു നല്‍കി കേസുകളെല്ലാം ഒത്തുതീര്‍പ്പാക്കിക്കഴിഞ്ഞതിനുശേഷവും
ഇപ്പോഴിതാ, അടിമക്കന്യാസ്ത്രീകളെവച്ച്
വീണ്ടുമത് തങ്ങളുടേതാക്കാന്‍ മെത്രാനും വികാരിയും ശ്രമമാരംഭിച്ചിരിക്കുന്നുവത്രെ!
അനീതിക്കെതിരെ നാവുയര്‍ത്താത്ത ഇന്നത്തെ കേരളസഭയുടെ ഒരു ബീഭത്സചിത്രമാണു വീണ്ടും
തുടരുന്ന ഞാറയ്ക്കല്‍പ്രശ്‌നം അനാവരണംചെയ്യുന്നത്.
മനുഷ്യനില്‍ സഹജമായുള്ള ആത്മീയതയെ വറ്റിച്ചുകളയുന്ന
സെമിനാരി-മഠംപരിശീലനരീതികളില്ലായിരുന്നെങ്കില്‍, കുറ്റവാളികളായ വൈദികരെയും മെത്രാന്മാരെയും സംരക്ഷിക്കാനും പരാതിക്കാരെ
ഒതുക്കാനും സഭയുടെ പൊതുപ്പണം ഉപയോഗിക്കുന്നതിലെ തിന്മയും അനീതിയും അഴിമതിയും
അല്പത്വവും തിരിച്ചറിയാനുള്ള കണ്ണ് പുരോഹിത-കന്യാസ്ത്രീസമൂഹത്തിനു തീര്‍ച്ചയായും
നഷ്ടപ്പെടുമായിരുന്നില്ല. നീതിക്കുവേണ്ടി കോടതിയെ സമീപിക്കുന്നവരെ
പരാജയപ്പെടുത്താന്‍ കോടികള്‍ മുടക്കി മുന്‍ അഡ്വ. ജനറലിനെയും ജഡ്ജിമാരെയുംപോലും
സ്വാധീനിക്കുന്നതിലെ അധാര്‍മ്മികതയും ഭീരുത്വവും അവര്‍ക്കു തിരിച്ചറിയാന്‍
കഴിഞ്ഞേനെ.
ഞാറയ്ക്കല്‍പ്രശ്‌നം ഒരു സ്‌കൂളിന്റെ മാത്രം പ്രശ്‌നമാണ്. കേരളത്തിലെ എല്ലാ
പള്ളിക്കൂടങ്ങളും ഇടവകസമൂഹത്തിന്റെ ഉടമസ്ഥതയില്‍നിന്നും അവ നോക്കിനടത്താനുള്ള
അധികാരത്തില്‍നിന്നും, 1957-59 കാലത്തെ
വിമോചനസമരത്തിന്റെ മറവില്‍, അവരറിയാതെ
ഏകപക്ഷീയമായി, രൂപതാകോര്‍പ്പറേറ്റ് മാനേജ്‌മെന്റുണ്ടാക്കി
രൂപതയുടേതാക്കിയതിലെ വഞ്ചനയും നീതികേടും എത്രയെന്ന്, കേരളകത്തോലിക്കാസമൂഹം ഇന്നും മനസ്സിലാക്കിയിട്ടില്ല. അവ വീണ്ടും ഇടവകകളുടേതാക്കി
സ്വയംഭരണം സ്ഥാപിച്ചെടുക്കുന്നതില്‍, കൈവിരലിലെണ്ണാന്‍പോന്ന
ഞാറയ്ക്കല്‍ കന്യാസ്ത്രീകളുടെയത്രപോലും കാഴ്ചപ്പാടോ നീതിബോധമോ ധാര്‍മ്മികധീരതയോ
ഇന്ന് ഇവിടുത്തെ വിശ്വാസിസമൂഹത്തിനില്ല. അതു സാധ്യമാക്കുന്ന 'ചര്‍ച്ച് ആക്ടി'നെതിരെ, പുരോഹിതര്‍ പറയുന്നതുകേട്ട്, ഒപ്പിടാന്‍പോലും അവര്‍ തയ്യാറാകുകയും ചെയ്യുന്നു!
നീതിയുടെ കണ്ണടപ്പിക്കുന്ന പരിശീനലമില്ലായിരുന്നെങ്കില്‍, ലോകത്തെവിടെയുമുള്ള കത്തോലിക്കാപള്ളികളും
പള്ളിസ്വത്തുക്കളും വത്തിക്കാന്‍രാഷ്ട്രത്തലവനുംകൂടിയായ മാര്‍പ്പാപ്പായുടേതാക്കുന്ന
കാനോന്‍ നിയമവകുപ്പുകളിലെ അനീതിയും ദേശദ്രോഹവും എത്ര വലുതാണെന്നു കാണാനുള്ള കാഴ്ച
ഇവിടുത്തെ മെത്രാന്മാര്‍ക്കും പുരോഹിതര്‍ക്കും ഉണ്ടാകുമായിരുന്നു. പകരം, മാര്‍പ്പാപ്പായെ പ്രതിനിധീകരിച്ച് അവ ഭരിക്കാനുള്ള
രാജകീയാധികാരം ലഭിക്കുമല്ലോ എന്ന ചിന്തയില്‍ ഹരംപൂണ്ട്, ആ നിയമവകുപ്പുകള്‍ നടപ്പാക്കാന്‍ ആവേശത്തോടെ
തത്രപ്പെടുന്നവരായി മാറിയിരിക്കുന്നു, അവര്‍. ഇതിലൂടെ
തങ്ങളുടെ ആദ്ധ്യാത്മികാന്ധതയും നീതിരാഹിത്യവും എത്രയെന്നു സ്വയം
വെളിപ്പെടുത്തുകയാണവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അവരറിയുന്നില്ല.
നിഷ്പക്ഷമായി കാര്യങ്ങളെ കാണാന്‍ കഴിയുന്നവര്‍ക്ക് ന്യൂനപക്ഷാവകാശത്തിന്റെ
ഇന്നത്തെ പോക്കില്‍ രണ്ടുതലങ്ങളിലുള്ള വഞ്ചനയും അനീതിയും കണ്ടെത്താനാകും.
ന്യൂനപക്ഷമായതിന്റെ പേരില്‍, തങ്ങളുടെ സാംസ്‌കാരികത്തനിമയ്ക്കു
കോട്ടം വന്നേക്കുമോ എന്ന ആശങ്ക ന്യൂനപക്ഷ മത-ഭാഷാസമൂഹങ്ങളില്‍നിന്നു
ദൂരീകരിക്കാനുദ്ദേശിച്ചു രൂപംകൊടുത്ത ഒരു സാംസ്‌കാരികാവകാശത്തെ, ഭൂരിപക്ഷസമൂഹത്തിനില്ലാത്ത പ്രത്യേക വിദ്യാഭ്യാസാവകാശമാക്കി
അവതരിപ്പിച്ച് ഇന്ത്യയില്‍ ഭൂരിപക്ഷമായ ഹൈന്ദവസമൂഹത്തെ വഞ്ചിക്കുകയും
വെറുപ്പിക്കുകയും ചെയ്തതാണൊന്ന്. അതായത്,
മത-ഭാഷാന്യൂനപക്ഷങ്ങളുടെ
മതപരവും ഭാഷാപരവുമായ പഠനങ്ങള്‍ക്കും ആ തലങ്ങളിലുള്ള സാംസ്‌കാരികരൂപീകരണത്തിനും
ആവശ്യമായ, വേദപാഠസ്‌കൂളുകളും
സെമിനാരികളുംപോലുള്ള സ്ഥാപനങ്ങള്‍ നടത്താനുള്ള ഒരവകാശത്തെ, പൊതുവിദ്യാഭ്യാസരംഗത്ത് ഭൂരിപക്ഷസമൂഹത്തിനില്ലാത്ത എന്തോ
ഒരു പ്രത്യേക അവകാശമാക്കി വ്യാഖ്യാനിച്ചും വ്യാഖ്യാനിപ്പിച്ചും ഈ രംഗത്തു
ഭൂരിപക്ഷത്തിനുണ്ടാകുമായിരുന്ന ന്യായമായ അവകാശങ്ങള്‍ ഇല്ലായ്മചെയ്തിരിക്കുന്നു.
ഹിന്ദുക്കളെ മതരാഷ്ട്രീയത്തിലേക്കു തള്ളിവിട്ടതില്‍ ഒരു പ്രധാനപ്പെട്ട ഘടകമാണിത്.
ന്യൂനപക്ഷാവകാശത്തിന്റെ പ്രയോഗത്തില്‍ വന്നിരിക്കുന്ന രണ്ടാമത്തെ അനീതി
ക്രൈസ്തവസമൂഹത്തോടുതന്നെ ഉള്ളതാണ്. ക്രൈസ്തവസമൂഹത്തിനു മൊത്തമായി നല്‍കപ്പെട്ട
ന്യൂനപക്ഷവിദ്യാഭ്യാസാവകാശം പുരോഹിതരുടെയും കന്യാസ്ത്രീകളുടെയും സില്‍ബന്ദികളുടെയും
കുത്തകയാക്കി മാറ്റി, സമുദായത്തിലെ
അഭ്യസ്തവിദ്യരായ ലക്ഷക്കണക്കിനു യുവതീ-യുവാക്കളെ തൊഴിലില്ലാത്തവരാക്കിത്തീര്‍ത്ത
അതിനിന്ദ്യമായ സാമൂഹിക അനീതിയാണത്. ഇതൊക്കെ കാണുവാനും തിരുത്തുവാനുമുള്ള കണ്ണും
ഹൃദയവും സെമിനാരികളിലും മഠങ്ങളിലുമുള്ള പരുവപ്പെടുത്തലുകളില്‍ ഇവര്‍ക്കും അവരാല്‍
നയിക്കപ്പെടുന്ന പള്ളിവിശ്വാസികള്‍ക്കും നഷ്ടപ്പെട്ടുപോകുകയാണ്.
അനീതിയുടെ തിമിരം ബാധിച്ചില്ലായിരുന്നെങ്കില്‍, ജനിച്ചുവളര്‍ന്ന സ്വന്തം സമുദായത്തില്‍നിന്നു പതിനായിരക്കണക്കിനു കോട്ടയം
രൂപതക്കാരെ, സ്വവംശവിവാഹനിഷ്ഠയുടെ പേരില്‍
മതപരമായി പുറത്താക്കുന്നതിലെ തെറ്റും അനീതിയും കാണുവാനും, വിശ്വാസിസമൂഹത്തെ അതു ബോധ്യപ്പെടുത്തി തിരുത്തുവാനും
രൂപതാമെത്രാനു കഴിയുമായിരുന്നു. അദ്ദേഹത്തെ അതിനു പ്രേരിപ്പിക്കാനും ധൈര്യപ്പെടുത്താനും
മറ്റു മെത്രാന്മാര്‍ക്കും, സാധാരണവിശ്വാസികള്‍ക്കുപോലും
സാധിക്കുമായിരുന്നു.
സഭ സംഘടിതമായി ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ ഏറ്റവും വലിയ സാമൂഹികഅനീതി, ദരിദ്രരായ ദലിത് ക്രൈസ്തവരോടു പുലര്‍ത്തുന്ന
കടുത്തവിവേചനവും അവഗണനയുമാണ്. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് അവര്‍ക്കുണ്ടായിരുന്ന 'ഇന്ത്യന്‍ ക്രിസ്ത്യന്‍സ്' എന്ന പദവിയും പട്ടികജാതിക്കാര്‍ക്കുള്ള സംവരണാവകാശവും തട്ടിത്തെറിപ്പിച്ച്
ന്യൂനപക്ഷാവകാശം വിപുലപ്പെടുത്തുകയും, അതു മറച്ചുവച്ച് കഴിഞ്ഞ
ആറുപതിറ്റാണ്ടിലേറെയായി അവരെക്കൊണ്ടു സംവരണത്തിനുവേണ്ടി ഗവണ്‍മെന്റിനെതിരെ
സമരങ്ങള്‍ നടത്തിക്കുകയും ചെയ്തതിലെ വഞ്ചന എത്ര വലുതാണെന്നോര്‍ത്തുനോക്കുക.
ഇന്ത്യയില്‍ കത്തോലിക്കാസഭയ്ക്ക് 25000-ല്‍പരം വിദ്യാഭ്യാസസ്ഥാപനങ്ങളും ഒട്ടേറെ
മറ്റു സ്ഥാപനങ്ങളുമുണ്ടായിട്ടും, അതിലൊന്നില്‍പ്പോലും ഈ
ദരിദ്രവിഭാഗത്തിന് ഒരു സംവരണവും നല്‍കാത്ത സഭാധികൃതര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ
കപടനാടകത്തിലെ ഭീകരമായ അനീതി കാണാനുള്ള നീതിയുടെ കണ്ണ് സഭയെ
നയിച്ചുകൊണ്ടിരിക്കുന്ന പൗരോഹിത്യത്തിനോ അവരാല്‍ നയിക്കപ്പെടുന്ന സഭാസമൂഹത്തിനോ
ഇല്ലാതെപോയതില്‍ ക്രൈസ്തവസമൂഹമൊന്നാകെ ലജ്ജയാലും കുറ്റബോധത്താലും തലതാഴ്‌ത്തേണ്ടതാണ്.
യാക്കോബ് ശ്ലീഹായുടെ കര്‍ക്കശമായ വാക്കുകള്‍ ഇവിടത്തെ പൗരോഹിത്യത്തിനും
നീതിബോധമറ്റ പുരോഹിതഭക്തര്‍ക്കുമെതിരെ ഇങ്ങനെ മുഴങ്ങുന്നു: ''നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന
നിങ്ങള്‍ പക്ഷാപാതം കാട്ടിക്കൂടാ... അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിവേചനം
കാണിച്ച് ഹീനവിചാരങ്ങളുള്ള വിധികര്‍ത്താക്കളായിത്തീരുകയല്ലേ ചെയ്യുന്നത്?...... പക്ഷപാതം കാണിക്കുന്നെങ്കില്‍ നിങ്ങള്‍ ചെയ്യുന്നതു
പാപമാണ്. അതിക്രമം പ്രവര്‍ത്തിച്ചവരെന്നനിലയില്‍ നിങ്ങള്‍ നിയമാനുസൃതം
വിധിക്കപ്പെടും... ഒട്ടും കരുണ കാണിക്കാത്തവനു നിഷ്‌കരുണമായ വിധിയുണ്ടാകും'' (യാക്കോ. 2:1-13).
സിനഡുകൂടി 'മുഖംമിനുക്കി പ്രസ്താവന'കളിറക്കുന്നതിലോ 'തീരുമാനങ്ങള്‍' പത്രങ്ങള്‍ക്കു കൊടുക്കുന്നതിലോ ഒരര്‍ത്ഥവുമില്ല.
കത്തോലിക്കാസ്ഥാപനങ്ങളിലെ ജോലികളിലും പ്രവേശനത്തിലും ദലിത് ക്രൈസ്തവര്‍ക്കു 30%
സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി 1995-ല്‍ KCBC-യും 1996-ല്‍ CBCI-യും പ്രഖ്യാപിച്ചിട്ട് ഒന്നും സംഭവിച്ചില്ല എന്നോര്‍ക്കുക. ''ആര്‍ഭാടങ്ങളിലും പാവങ്ങളുടെ പക്ഷംചേരുന്നതില്‍നിന്ന് സഭയെ
അകറ്റുന്ന കാര്യങ്ങളിലും തിരുത്തലുകള്‍ വേണ''മെന്നും, ''അതിരുകടന്ന ആഘോഷങ്ങളും ധാരാളിത്തവും പാവപ്പെട്ടവന്റെ അവകാശങ്ങളിലുള്ള
കടന്നുകയറ്റമാണെ''ന്നും, ''സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവനെക്കൂടി പരിഗണിച്ചാവണം
സഭയിലെ ഓരോ പ്രവര്‍ത്തനവു''മെന്നും, ''നീതിക്കായുള്ള സമരം സമുദായത്തിനു നീതി നിഷേധിക്കുമ്പോള്‍
മാത്രമാകരുത്; നീതി നിഷേധിക്കുന്നിടത്തൊക്കെ
ശബ്ദം ഉയരണം'' എന്നുമൊക്കെ ഈയിടെ നടന്ന
സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി പ്രസ്താവിച്ചുകണ്ടു.
ഇതെല്ലാം നടപ്പാകണമെങ്കില്‍ വിശ്വാസിസമൂഹത്തിന്റെ ശക്തമായ സമ്മര്‍ദ്ദമുണ്ടായേ
പറ്റൂ.
ദൈവവിളി ഒരിക്കലും അടിമത്തത്തിലേക്കുള്ള വിളിയല്ല; മറിച്ച്, സ്വതന്ത്രമായ
സത്യാന്വേഷണത്തിലേക്കും നീതിബോധത്തിലേക്കും നീതിസമരങ്ങളിലേക്കും പാവങ്ങള്‍ക്കും
പാപികള്‍ക്കുംവേണ്ടിയുള്ള അര്‍പ്പിതജീവിതത്തിലേക്കുമുള്ള വിളിയാണ്. ഈ വിളികേട്ട്, സര്‍വ്വസ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍
കഴിയുന്നതിനുവേണ്ടി എല്ലാം ഉപേക്ഷിച്ചിറങ്ങിയ ലക്ഷക്കണക്കിനു യുവതീ-യുവാക്കളെ
ആദ്ധ്യാത്മികമായി വന്ധ്യംകരിച്ച്, അധികാരകേന്ദ്രിതമായ
സ്ഥാപനാകാരസഭയ്ക്കു വിടുപണി ചെയ്യുന്ന അടിമസൈന്യമാക്കുകയാണു പൗരോഹിത്യമെന്ന
സ്ഥാപനം ചെയ്തുകൊണ്ടിരിക്കുന്നത്.
ജോര്‍ജ് മൂലേച്ചാലില്‍, എഡിറ്റര്‍, സത്യജ്വാല