ഏതാനും വർഷങ്ങളായി സീറോ മലബാർ സഭ കത്തോലിക്കാ സഭയിലെ ഒരു പ്രത്യേക റീത്താണെന്നതിൻറെ അടിസ്ഥാനത്തിലും മാർത്തോമ്മാ നസ്രാണി പൈതൃകത്തെ കാത്തുസൂക്ഷിക്കാനുള്ള ശുഷ്ക്കാന്തിയാലും എവിടെയെല്ലാം സഭാമക്കൾ കുടിയേറിയോ അവിടെയെല്ലാം രൂപതകൾ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കല്യാണിലും ഫരിദാബാദിലും യൂറോപ്പിലും ആസ്ത്രേലിയായിലും കാനഡയിലും അമേരിക്കനൈക്യനാടുകളിലെല്ലാം സീറോ മലബാർ രൂപതകൾ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു. ചെന്നൈ, കൊൽക്കൊത്ത തുടങ്ങിയ വൻ നഗരങ്ങളിലും ഇനിയും രൂപതകൾ സ്ഥാപിക്കാൻ സീറോ മലബാർ സഭാധികാരികൾ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ എന്താണീ മാർത്തോമ്മാ പൈതൃകമെന്നും ആ പൈതൃകമായി ഒന്നും രണ്ടും മൂന്നും തലമുറകളായ പ്രവാസികൾക്ക് എന്ത് ബന്ധമാണുള്ളതെന്ന വിഷയത്തെ സംബന്ധിച്ചും ആഴമായി പഠിക്കാൻ പ്രവാസികൾക്കും സഭാധികാരികൾക്കും കടമയുണ്ട്. പുറം രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെട്ട പുതുതലമുറ അല്മായർ നസ്രാണി പാരമ്പര്യം, ചരിത്രം തുടങ്ങിയ വിഷയങ്ങൾ കാര്യമായി പഠിച്ചിട്ടില്ല. ഔദ്യോഗിക മതപഠന ക്ലാസ്സുകളിൽ ഇതൊരു പഠനവിഷയമാക്കാൻ സഭാധികാരികൾക്ക് താല്പര്യവുമില്ല. സഭയുടെ ഇന്നത്തെ പോക്കിൽ അതൃപ്തരായ കുറെ സഭാപൗരർ സോഷ്യൽ മീഡിയാകൾ വഴി സഭാധികാരികളുടെ അതിക്രമങ്ങളെയും അഴിമതികളെയും സംബന്ധിച്ച് വിമർശിക്കാറുണ്ട്. അത്രമാത്രം.
കഴിഞ്ഞ 30 വർഷംകൊണ്ട് ആഗോളസഭക്ക് വിശിഷ്ട സ്വത്തായിത്തീരേണ്ട കേരളത്തിലെ നസ്രാണി പാരമ്പര്യത്തെ നാട്ടുമെത്രാന്മാരും സ്വയംഭരണാധികാരമുള്ള പ്രാദേശിക സഭാസംവിധാനവുംകൂടി എല്ലാം കലക്കി കുട്ടിച്ചോറാക്കി. ആ കലക്കവെള്ളത്തെയാണ് ഇന്ന് ലോകം മുഴുവൻ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നാണ് എൻറെ അഭിപ്രായം. അതിനുള്ള ഉത്തമോദാഹരണമാണല്ലോ മാർത്തോമ്മാ കുരിശിനോടുള്ള തീരാത്ത പ്രതിഷേധം. ബോധനവീകരണത്തിലൂടെ സഭയുടെ അടിസ്ഥാന തത്ത്വങ്ങളെ തിരിച്ചറിയുകയും അതിനെ മുറുകെപ്പിടിക്കുകയും ചെയ്യുന്ന കുറെ സഭാസ്നേഹികൾ സഭാധികാരികളുടെ കാപട്യത്തെ തുറന്നുകാണിച്ചപ്പോൾ അവർ സഭാധികാരികൾക്ക് ശല്യക്കാരായിത്തീർന്നു. സഭാവിരുദ്ധരായി അവരെ സഭാധികാരം മുദ്രയുംകുത്തി. ഇളം തലമുറയെ ഔദ്യോഗിക മതബോധനങ്ങൾ വഴിയും കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ വഴിയും ബൗദ്ധികമായി നശിപ്പിച്ചുകൊണ്ട് വെറും അല്മായരാക്കി വളർത്തിയെടുത്തുകൊണ്ടിരിക്കുന്നു. സഭാപൗരർ പൂർണ്ണമായി അല്മായരായി കഴിയുമ്പോൾ പ്രതിഷേധത്തിൻറെ അപസ്വരങ്ങൾ അവസാനിക്കും. പിന്നങ്ങോട്ട് സഭാമേലാളന്മാർക്ക് ബ്രെയ്ക്കില്ലാതെ സഭയെ ഭരിക്കാം. സഭ ഇന്ന് ആ നിലയിലേയ്ക്ക് അധ:പ്പതിച്ചുകഴിഞ്ഞു. പ്രവാസികൾക്കായി സീറോ മലബാർ രൂപതകൾ സ്ഥാപിക്കാൻ ആലോചനകൾ ഉണ്ടായപ്പോൾത്തന്നെ ബഹുഭൂരിപക്ഷം പ്രവാസികളും ആ നീക്കത്തിന് അതൃപ്തിയും എതിർപ്പും പ്രകടിപ്പിച്ചെങ്കിലും പൗരോഹിത്യഭരണം സഭാപൗരരുടെ സ്വരത്തിന് പുല്ലുവിലപോലും നല്കിയില്ല. കാലത്തിൻറെ അടയാളങ്ങളെ അവർ പുച്ഛിച്ചു തള്ളുകയാണ് ചെയ്തത്. എങ്കിലും സത്യത്തിൻറെ സൂര്യനെ മറച്ചുപിടിക്കാൻ പറ്റുമോ?
രണ്ടുവർഷം മുമ്പ് 'മലയാളം ഡെയ്‌ലി ന്യൂസ്' എന്ന പ്രസിദ്ധീകരണത്തിൽ 'ലത്തീൻ - സീറോ മലബാർ റീത്ത് വിദ്വേഷം' എന്ന പേരിൽ ഞാൻ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. എങ്ങനെയോ ആ ലേഖനം വീണ്ടും ഫേസ്ബുക്കിലും മറ്റും പുനർപ്രസിദ്ധീകരിക്കപ്പെട്ടു. ആ ലേഖനത്തിന് വളരെയധികം പ്രതികരണങ്ങൾ ഈ അടുത്തകാലത്തും പോസ്റ്റ് ചെയ്തിരിക്കുന്നത് വായിക്കുവാനിടയായി. അതിൽ സിബിൻ ആന്റണി എഴുതിയത് ഇപ്രകാരമാണ്: "ഈ ലേഖനവും സദുദ്ദേശത്തോടെ എഴുതിയതല്ലല്ലോ." എൻറെ ഉദ്ദേശശുദ്ധിയെ ആ മാന്യദ്ദേഹം വിലയിരുത്തിയതിൽ ഞാൻ പരാതിപ്പെടുന്നതിൽ അർത്ഥമില്ലല്ലോ. അദ്ദേഹം നല്ല ഉദ്ദേശത്തോടെ പ്രതികരണം എഴുതിയെന്നേ ഞാൻ മനസ്സിലാക്കുന്നുള്ളു. പതിറ്റാണ്ടുകളായി മുംബൈയിലും ദില്ലിയിലും അമേരിക്കയിലുമെല്ലാം പ്രവാസിജീവിതം നയിക്കുന്ന രണ്ടും മൂന്നും തലമുറകളായ ലത്തീൻ പള്ളികളിൽ കേരളീയരുണ്ട്. അവരുടെ പുറകെവന്ന് സീറോ മലബാർ സഭ രൂപതകൾ സ്ഥാപിച്ചു. ലത്തീൻ രൂപതകളിൽ അന്നുവരെ അംഗങ്ങളായിരുന്ന കുടുംബങ്ങൾ ഒരു സുപ്രഭാതത്തിൽ സീറോ മലബാർ പള്ളിയിലേക്ക് അംഗത്വം അവർ അറിയാതെതന്നെ മാറ്റപ്പെട്ടു. മാറ്റപ്പെടാൻ വിസമ്മതിച്ചവർക്ക് കല്യാണക്കുറിവരെ നല്കാതെ കഷ്ടപ്പെടുത്തി. അതേസമയം സീറോ മലബാർ കുടുംബത്തിൽ ജനിച്ചുവളർന്ന ഒരു വ്യക്തിക്ക് ലത്തീൻ സഭയിൽ കന്യാസ്ത്രിയാകാം, വൈദികനാകാം, മെത്രാനാകാം. അതിനൊന്നും യാതൊരു തടസവുമില്ല. ആ വ്യക്തിക്ക് മാർത്തോമ്മായുടെ പൈതൃകാനുഭവമില്ലാതെ ജീവിക്കാം. എന്നാൽ ഒരു കുടുംബം ലത്തീൻപള്ളിയിൽ അംഗത്വമെടുത്ത് ആ പള്ളിയിൽ അവരുടെ ആധ്യാത്മീക കാര്യങ്ങൾ നടത്തിപ്പോരുന്നതാണ് സീറോ മലബാർ സഭാധികാരികളെ വിരളിപിടിപ്പിക്കുന്നത്. ഇത് അല്മായ കുടുംബങ്ങളോട് കാണിക്കുന്ന അനീതിയാണ്. അത്തരം സന്ദർഭങ്ങളിൽ അല്മായ കുടുംബങ്ങൾക്ക് ലത്തീനിലോ സീറോ മലബാറിലോ തുടരാനുള്ള സ്വാതന്ത്യം എന്തുകൊണ്ട് സീറോ മലബാർ സഭാധികാരം നിഷേധിക്കുന്നു? അത് മനുഷാവകാശ ലംഘനവും സഭാധികാരികളുടെ നീതിരഹിതമായ അധികാര ദുർവിനയോഗവുമാണ്. ആ പ്രശ്നത്തിൽ സഭാപൗരരെയും സഭാമേലധ്യക്ഷന്മാരെയും ബോധവൽക്കരിക്കുക മാത്രമായിരുന്നു ആ ലേഖനംകൊണ്ട് ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ സീറോ മലബാർ റീത്തുവേണ്ടന്നോ ഒരു ദേശത്ത് ഒരു റീത്തുമതിയെന്നോ അല്ല. (പണ്ടുകാലത്ത് പാത്രിയാക്കീസുമാരുടെയും സഭാമേലധികാരികളുടെയും വിട്ടുവീഴ്ച്ചയില്ലാത്ത അധികാര വടംവലിയുടെ സന്തതികളാണ് റീത്തുകൾ എന്ന സത്യം ഈ വിഷയത്തെ സംബന്ധിച്ച് നാം ചർച്ച ചെയ്യുമ്പോൾ മറക്കാൻ പാടില്ല.) മറുനാട്ടിൽ വളരുന്ന മലയാളി മക്കൾക്ക് നാടുമായും നാട്ടിലെ സീറോ മലബാർ റീത്തുമായും വലിയ ബന്ധമില്ലെന്നും അതുകൊണ്ട് അവരുടെ ആധ്യാത്മിക പോഷണത്തിന് അത് പ്രയോജനപ്പെടുകയില്ലന്നും വർഷങ്ങൾ കഴിയുമ്പോൾ യുവതലമുറ ലത്തീൻ പള്ളികളിലെ തുടരുകയുള്ളൂവെന്നും അതിനാൽ ഉത്തരവാദിത്വപ്പെട്ട മാതാപിതാക്കൾ മക്കളുടെ ഭാവി നന്മയ്ക്കായി ലത്തീൻ റീത്തിൽ തുടരുന്നതാണ് നല്ലതെന്നും ആ ലേഖനത്തിൽ ഞാൻ സമർത്ഥിച്ചിരുന്നു. ആദ്യ തലമുറയ്ക്ക് മലയാളം കുർബ്ബാനയും അതിനോടനുബന്ധിച്ചുള്ള സാമൂഹിക സമ്പർക്കങ്ങളും ഹരമായിരിക്കാം. അതിൻറെ പേരിൽ സ്വന്തം മക്കളുടെ ഭാവി തകരാറിലാക്കുന്നത് ശരിയല്ലല്ലോ. കുട്ടികളെ ചെറുപ്രായത്തിൽ മാതാപിതാക്കളുടെകൂടെ നിറുത്തി നീണ്ട മലയാളം കുർബ്ബാനയിൽ സംബന്ധിപ്പിക്കാം. പ്രായമാകുമ്പോൾ അവർ അവരുടെ വഴിക്കുപോകും. പള്ളിയോടും പട്ടക്കാരോടും ക്രിസ്തീയ വിശ്വാസത്തോടും അതൃപ്തി തോന്നൽ ഇതൊരു വലിയ കാരണമായും തീരാം.
കുഞ്ഞുങ്ങളെ മാർത്തോമ്മാ പൈതൃകത്തിൽ വളർത്തികൊണ്ടുവരണമെന്ന് അമേരിക്കയിലും മറ്റുമുള്ള സീറോ മലബാർ ഇടവക പള്ളികളിലെ വികാരിമാരുടെ പ്രസംഗങ്ങളിൽ മിക്കവാറും കേൾക്കാറുള്ളതാണ്. ഈ അച്ചന്മാർ പ്രസംഗിക്കുന്ന മാർത്തോമ്മാ പൈതൃകം ഇന്ന് സീറോ മലബാർ സഭയിലുണ്ടോയെന്നും ഇല്ലായെങ്കിൽ പിന്നെന്തിന് ലോകം മുഴുവൻ ഈ പൈതൃകം പ്രസംഗിച്ചും പരത്തിയും നടക്കുന്നു എന്ന വിഷയത്തെ സംബന്ധിച്ചും പ്രവാസികൾ ചിന്തിക്കേണ്ടതാണ്. ഒന്നാം നൂറ്റാണ്ടിൽത്തന്നെ ക്രിസ്തു ശിഷ്യനായ മാർത്തോമ്മാ മലങ്കരയിലെത്തി വേദം പ്രസംഗിച്ച് കുടുംബങ്ങളെ മാനസാന്തരപ്പെടുത്തി പള്ളികൾ സ്ഥാപിച്ചെന്നാണ് നസ്രാണികളുടെ വിശ്വാസം. ചരിത്രപരമായ തെളുവുകളൊന്നും അക്കാര്യത്തിലില്ലെങ്കിലും കേരളത്തിലെ പൂർവ്വക്രിസ്ത്യാനികളുടെ പരമ്പരാഗത വിശ്വാസമാണത്. പതിനാറാം നൂറ്റാണ്ടിലാണ് പോർട്ടുഗീസുകാർ മാർത്തോമ്മാ ക്രിസ്ത്യാനികളെ മലങ്കരയിൽ കണ്ടുമുട്ടുന്നത്. അന്ന് നസ്രാണികൾ അവരുടെ ക്രൈസ്തവ പൈതൃകം അഥവാ വ്യക്തിത്വം സ്വയം നിർവ്വചിച്ചത് 'മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും' എന്ന കുറുമൊഴികൊണ്ടായിരുന്നു. ആ കുറുമൊഴിക്ക് വിപുലമായ അർത്ഥവ്യാപ്തിയുണ്ട്. 'ഒരു ജീവിക്കുന്ന ദൈവശാസ്ത്രത്തിൻറെ ചലനാത്മകമായ ആവിഷ്ക്കാരമാണ് മാർത്തോമ്മായുടെ മാർഗ്ഗം" എന്നാണ് മാർ പൗവ്വത്തിലിൻറെ അഭിപ്രായം. മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും നസ്രാണികളുടെ ജീവിതചര്യയായിരുന്നു (way of life). ആ ജീവിതചര്യയിൽ അവരുടെ ദൈവശാസ്ത്രം, ആരാധനരീതികൾ, ആദ്ധ്യാമികത, ശിക്ഷണം, സഭാഭരണം തുടങ്ങിയ എല്ലാ മതകാര്യങ്ങളും ഉൾപ്പെട്ടിരുന്നു.
മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടിൻറെയും പ്രധാന ഘടകങ്ങൾ:
1. പള്ളി പള്ളിക്കാരുടേതായിരുന്നു. 1991-ലെ കാനോൻ നിയമപ്രകാരം പള്ളിയും പള്ളിവക മറ്റു സ്വത്തുക്കളും രുപതാമെത്രാൻറെ കീഴിലാണ്. അപ്പോൾ ആ പൈതൃകത്തിന് വിരാമമായി.
2. പള്ളിയുടെ ഭരണം നിർവ്വഹിച്ചിരുന്നത് അല്മായരും പട്ടക്കാരും കൂടിയ പള്ളിയോഗമായിരുന്നു. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ പരമപ്രധാന കേരള തനിമയായിരുന്നത്. ആ പള്ളിയോഗ സമ്പ്രദായത്തെ പരിപോഷിപ്പിച്ച് പുനരുദ്ധരിക്കുന്നതിനുപകരം സീറോ മലബാർ മെത്രാൻ സിനഡ് ആ സമ്പ്രദായത്തെ നിർജീവമാക്കി വികാരിയെ ഉപദേശിക്കുവാൻമാത്രം അവകാശമുള്ള പാശ്ചാത്യ പാരിഷ് കൗൺസിൽ നടപ്പിലാക്കി. നസ്രാണികളുടെ മഹത്തായ ആ പള്ളിഭരണ സമ്പ്രദായത്തെ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കി പള്ളിഭരണം മെത്രാന്മാർ പിടിച്ചെടുത്തു. അങ്ങനെ ആ പൈതൃകത്തെയും നശിപ്പിച്ചു.
3. മുൻകാല നസ്രാണി സഭയിൽ മെത്രാന്മാർ ആധ്യാത്മികശുശ്രൂഷയിൽ മാത്രം വ്യാപാരിച്ചിരുന്നു. നാട്ടുമെത്രാന്മാർ വന്നപ്പോൾമുതൽ പാശ്ചാത്യരീതിയിൽ മെത്രാന്മാർ രുപതയുടെ ഭരണാധികാരികളായി. ആ പൈതൃകത്തെയും നശിപ്പിച്ചു.
4. നാലാം നൂറ്റാണ്ടുമുതൽ പതിനാറാം നൂറ്റാണ്ടുവരെ നസ്രാണിസഭ ഈസ്റ്റ് സിറിയൻ (കല്ദായ സഭ) ബന്ധത്തിലായിരുന്നു. പള്ളിഭരണസമ്പ്രദായം കേരളതനിമ ആയിരുന്നതുപോലെ ഈസ്റ്റ് സിറിയൻ തനിമയിൽനിന്നും ദൈവശാസ്ത്രം, ആരാധനക്രമം, ശിക്ഷണം, ആദ്ധ്യാത്മികതയെല്ലാം നസ്രാണികൾ പൂർവ്വാർജ്ജിതമാക്കി. കൂടാതെ സുറിയാനി ഭാഷ ആരാധനഭാഷയായി. 1962 മുതൽ നമ്മുടെ ആരാധനക്രമം മലയാള ഭാഷയിലാക്കി. ഇന്നിപ്പോൾ നമ്മെ സുറിയാനിക്കാർ എന്ന് വിളിക്കുന്നത് നമ്മെ അപമാനിക്കുന്നതിന് തുല്യമാണ്.
5. പതിനാറാം നൂറ്റാണ്ടുമുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ നസ്രാണികൾക്ക് ലത്തീൻ സഭയുമായും ബന്ധമുണ്ടായി. ആ സഭയിലെ ഘടകങ്ങളും നസ്രാണികൾ സ്വാംശീകരിച്ചു. കാലാന്തരത്തിൽ മാർത്തോമ്മാ നസ്രാണി സഭ കൽദായ-ലത്തീൻ സങ്കര സഭയായി പരിണമിച്ചെന്ന് രണ്ടാം വത്തിക്കാൻ പിതാക്കന്മാർ മനസ്സിലാക്കിയതിൻറെ ഫലമായിട്ടാണ് നസ്രാണി സഭയ്ക്ക് നഷ്ടപ്പെട്ടുപോയ പൂർവ്വപാരമ്പര്യങ്ങളിലേയ്ക്ക് തിരിച്ചുപോയി നവീകരിക്കാൻ കടമയുണ്ടെന്ന് കൗൺസിൽ പ്രബോധിപ്പിച്ചത്. ആ പ്രോബോധനത്തെ നാട്ടുമെത്രാന്മാർ അപ്പാടെ തള്ളിക്കളഞ്ഞു. കൊളോണിയൽ നടപടിക്രമം ഇന്നും നിർബാധം തുടരുന്നു. കാലോചിതമായ രീതിയിൽ പരിവർത്തനങ്ങൾ വരുത്തുന്നതിനെക്കുറിച്ച് സംസാരിക്കാൻപോലും മെത്രാന്മാർക്ക് സമ്മതമല്ല. അതികേന്ദ്രീകൃതമായ ഏകാധിപത്യഭരണത്തെ അരക്കിട്ടുറപ്പിക്കാനാണ് അവരുടെ ശ്രമം. ആരാധനാക്രമവും സഭാഭരണക്രമവും മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും പ്രകാരം നവീകരിക്കപ്പെടണം. അത് നടന്നിട്ടില്ല; നടക്കുകയുമില്ല.
6. സീറോ മലബാർ കത്തോലിക്കാസഭ ഒന്നാം നൂറ്റാണ്ടിൽത്തന്നെ ഒരു യേശുശിഷ്യനാൽ സ്ഥാപിതമെങ്കിലും ഇന്നിപ്പോൾ ആ സഭ മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ സ്ഥാപിതമായ പൗരസ്ത്യ കൽദായ സഭയുടെ പുത്രീസഭയായി റോം ആക്കിയിരിക്കയാണ്. അപ്പോസ്തലിക സഭ ആയിരിക്കേണ്ട നമ്മുടെ നസ്രാണിസഭയെ കൽദായസഭയുടെ ഭാഗമാക്കിയതിൽ മെത്രാന്മാർക്ക് എതിർപ്പൊന്നുമില്ല, സന്തോഷമേയുള്ളൂ.
7. പൗരസ്ത്യസഭകളെ ബാധിക്കുന്ന കാനോൻ നിയമം റോമൻ പൗരസ്ത്യസഭകളിൽ പെടാത്ത മാർത്തോമ്മാ നസ്രാണി കത്തോലിക്കാസഭയിൽ 1991 മുതൽ നടപ്പിലാക്കുകയും ചെയ്തു. എന്തൊരു വഞ്ചന!
8. പള്ളികളിൽനിന്നും തൂങ്ങപ്പെട്ടരൂപം നീക്കംചെയ്ത് തല്സ്ഥാനത്ത് 'മാർത്തോമ്മാ കുരിശ്' വണക്കത്തിനായി പ്രതിഷ്ടിച്ചു. അതുസംബന്ധമായ വഴക്കും വക്കാണവും ഇന്നും തുടരുന്നു.
9. ഇതിനെല്ലാം മേല്പ്പൊടിയായി മെത്രാന്മാരുടെ വേഷവിധാനങ്ങൾ പൗരസ്ത്യ കൽദായ മെത്രാന്മാരുടേതുപോലെയാക്കി പുതിയ ഒരു സീറോ മലബാർ പൈതൃകവും സൃഷ്ടിച്ചു. മെത്രാൻ തൊപ്പിയിൽ മൈലുകൾ തുന്നിപ്പിടിപ്പിച്ച് പുതിയ പൈതൃകത്തെ ഭാരതീകരിക്കുകയും ചെയ്തു.
ചുരുക്കിപ്പറഞ്ഞാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ നിർദ്ദേശിച്ചപ്രകാരം നമ്മുടെ സഭയെ പുനരുദ്ധരിച്ച് നവീകരിക്കുന്നതിനുപകരം പള്ളിയും പള്ളിസ്വത്തുക്കളും പള്ളിഭരണവും മെത്രാന്മാർ പിടിച്ചെടുക്കുകയും സുറിയാനി ആരാധനക്രമം നടപ്പിലാക്കുകയും സഭയെ കൽദായ സഭയുടെ പുത്രീസഭയാക്കുകയും പൗരസ്ത്യ കാനോൻ നിയമം നസ്രാണികളുടെമേൽ കെട്ടിയേല്പിക്കുകയും ചെയ്തു.. മേല്പ്പറഞ്ഞ കാരണങ്ങൾകൊണ്ടാണ് സഭയെ കലക്കവെള്ളം പോലെയാക്കിയെന്നും ആ കലങ്ങിയ സഭയെയാണ് ലോകം മുഴുവൻ പരത്തുന്നതെന്നും ഞാൻ പറയാൻ കാരണം.
പ്രവാസികളെ നിങ്ങൾ ഉണരുവിൻ. നിങ്ങൾക്ക് കൈവന്നിരിക്കുന്ന പ്രവാസിസ്വാതന്ത്ര്യത്തെ നിങ്ങൾ മുറുകെപ്പിടിക്കുവിൻ. അതാർക്കും നിങ്ങൾ അടിയറവു വയ്ക്കരുത്. മറുനാട്ടിൽ കഴിയുന്ന നിങ്ങളെ റീത്തിൻറെ പേരും പറഞ്ഞു അടിമകളാക്കാൻ ശ്രമിക്കുന്നവരെ നിങ്ങൾ തിരിച്ചറിയുവിൻ. അതല്ലായെങ്കിൽ ഭാവിയിൽ നിങ്ങളും നിങ്ങളുടെ അരുമ സന്താനങ്ങളും അതിൻറെ തിക്തഫലങ്ങൾ അനുഭവിക്കും. നിങ്ങൾ കുടിയേറിയ രാജ്യത്തെ ഭരണഘടന, സംസ്കാരം, നിയമം, സാമ്പത്തികം, ശിക്ഷണം, വിദ്യാഭ്യാസം, നികുതി തുടങ്ങിയവകളെല്ലാം നിങ്ങൾ അനുധാവനം ചെയ്യുന്നുണ്ട്. എങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് നിങ്ങൾ കുടിയേറിയ രാജ്യത്തെ കത്തോലിക്കാസഭയേയും ആശ്ലേഷിച്ചുകൂടാ? കത്തോലിക്കാസഭ സാർവ്വത്രികമാണ്. അതിൻറെ വിശ്വാസവും ഒന്നാണ്. ദൈവം നമുക്ക് ബുദ്ധിയും നമ്മുടെ സഹോദരനായ യേശു നമുക്ക് ദൈവമക്കൾക്കടുത്ത സ്വാതന്ത്ര്യവും തന്നിട്ടുണ്ട്. അതിനെ നാം ബലികഴിക്കാൻ പാടില്ല. എല്ലാവിധ വിജയങ്ങളും നേരുന്നു.
ഈ ലേഖനത്തിൽ സുപ്രധാനമായ ഒരു മാർത്തോമ്മാ പൈതൃകവും അത് സീറോ മലബാർ മെത്രാന്മാർ നശിപ്പിച്ചുകളഞ്ഞ കാര്യവും എഴുതാൻ വിട്ടുപോയി. മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സമ്പന്നമായ ഒരു പൈതൃകമായിരുന്നു മലങ്കര പള്ളിക്കാരുടെ മഹായോഗം ഇന്നത്തെ ഭാഷയിൽപറഞ്ഞാൽ സീറോ മലബാർ സഭാ സിനഡ്. മലങ്കര പള്ളിക്കാരുടെ മഹായോഗത്തിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് 1599-ൽ ഉദയമ്പേരൂർ പള്ളിയിൽ ഗോവാ മെത്രാപ്പോലീത്ത മെനേസിസ് വിളിച്ചുകൂട്ടിയ മലങ്കാരപ്പള്ളിക്കാരുടെ മഹായോഗം. അതിനെ അറിയപ്പെടുന്നത് ഉദയമ്പേരൂർ സൂനഹദോസ് എന്നാണ്. മെനേസിസ് മെത്രാപ്പോലീത്തപോലും മാർത്തോമ്മാനസ്രാണികളുടെ പണ്ടുകാലം മുതലെയുള്ള സഭാതീരുമാനങ്ങൾ എടുക്കുന്ന മഹായോഗത്തെ മാനിച്ചു. രണ്ടാമത്തെ ഉദാഹരണം പൂർവ്വികൻമാർതോട്ട് സ്വീകരിച്ചുപോന്നിരുന്ന നടപടിപ്രകാരം 1773-ൽ അങ്കമാലിയിൽ കൂടിയ മലങ്കര ഇടവക്കാരുടെ മഹായോഗം. പാറേമ്മാക്കൽ ഗോവർണദോറുടെ 'വർത്തമാനപ്പുസ്തകം' കാണുക. മലങ്കര പള്ളിക്കാരുടെ മഹായോഗം എന്ന നസ്രാണി പൈതൃകത്തെ അഥവാ സീറോ മലബാർ സഭാസിനഡ് മെത്രാന്മാർ ഇന്നുവരെ പുനരുദ്ധരിച്ചിട്ടില്ല. സീറോ മലബാർ മെത്രാൻസിനഡ് സൃഷ്ടിച്ച് അതിനെ സഭാസിനഡ് എന്നവർ വിളിക്കാറുണ്ട്. സഭാപൗരരെ സഭാഭരണത്തിൽനിന്നും പരിപൂർണ്ണമായിത്തന്നെ പുറത്താക്കി. സീറോ മലബാർ സഭാസിനഡ് രൂപീകരിക്കാത്തത് മാർത്തോമ്മായുടെ മാർഗ്ഗവും വഴിപാടും എന്ന നസ്രാണികളുടെ പൈതൃകത്തിൻറെ നട്ടെല്ലൊടിക്കാൻവേണ്ടി മാത്രമാണ്. ഇന്നിപ്പോൾ മലങ്കരനസ്രാണികളുടെ മഹായോഗമില്ല; തീരുമാനമെടുക്കാൻ അധികാരമുള്ള ഇടവകപള്ളി പൊതുയോഗമില്ല; വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗൺസിൽ മാത്രം! എങ്ങനെയുണ്ട് വത്തിക്കാൻ കൗൺസിൽ നിർദേശിച്ച സഭയുടെ പൂർവ്വപാരമ്പര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക്? അധികാരമെല്ലാം മെത്രാന്മാരുടെ കൈയ്യിൽ ഇരിക്കണം. നസ്രാണികൾ അവരുടെ വെറും അടിമകൾ.
ReplyDelete