Translate

Monday, September 19, 2016

ശ്ശോ! എനിച്ചു വയ്യ!


ഒരു മെത്രാനു കിട്ടിയതിൽ വെച്ചേറ്റവും ലളിതമായിരിക്കുമോ പ്രെസ്റ്റണിൽ ശ്രാമ്പിക്കൽ പിതാവിനു കിട്ടാൻ പോകുന്ന സ്വീകരണമെന്നു ഗിന്നസുകാരന്വേഷിച്ചാൽ ആർക്കാ കുറ്റം പറയാൻ പറ്റുക? ഏതായാലും, സംഗതി കലക്കും! വത്തിക്കാൻ മാത്രമല്ല, ഉക്രേനിയൻ ബൈസെന്റൈൻ അൽക്സാൻഡ്രിയൻ അർമേനിയൻ സിറിയൻ തുടങ്ങിയ എല്ലാ സഹറീത്തുകാരും ഞെട്ടും. കേരളത്തിലെ സുറിയാനി കത്തോലിക്കർ ഒരു മെത്രാനു കൊടുക്കുന്ന, വലിയൊരു ഫുട്ബോൾ ഗ്രൗണ്ടിനോളം വരുന്ന സ്നേഹം കണ്ടവർ രോമാഞ്ചകഞ്ചുകിതരായി തരിച്ചിരുന്നു പോകും; ഉറപ്പ് (സ്നേഹത്തിന്റെ കവർ ആരും കാണണ്ട)!

അനുവദിച്ച എപ്പാർക്കി, രൂപതയോ അതിരൂപതയോയെന്ന തർക്കം ഉണ്ടാവാതെ (ഉദാ: ഫരീദാബാദ് അതിരൂപതയാണെന്നു ഫരീദാബാദുകാരും എപ്പാർക്കിയാണെന്നു വത്തിക്കാനും പറയുന്നു) വത്തിക്കാൻ കണ്ണിലെണ്ണയൊഴിച്ചു നിരീക്ഷിക്കുന്നുണ്ടാവണം (സീറോ മലബാറുകാരെ അവർ മനസ്സിലാക്കി വരുന്നു). 

ഈ വേദി തിരഞ്ഞെടുത്തത് ലങ്കാസ്റ്റർ രൂപതയുടേയും പ്രസ്റ്റൺ നഗരസഭയുടേയും പ്രത്യേക താൽപ്പര്യപ്രകാരമാണെന്നും കരുണയുടെ വർഷമായതുകൊണ്ട് അരൂപി ഒട്ടും ചോർന്നു പോകാതെ ചടങ്ങുകൾ നടത്തുമെന്നും (അല്ലായിരുന്നെങ്കിൽ പൊളിച്ചേനേയെന്നർത്ഥം) കോർഡിനേറ്ററും അറിയിക്കുന്നുണ്ട് (2200 രൂപായുടെ പാസ്സെടുത്ത് അകത്തു കയറുന്നവർ ഇക്കാര്യം ഉറപ്പു വരുത്തേണ്ടതാണ്). പുറത്തു വന്ന വാർത്തകൾ ശരിയെങ്കിൽ, അഭിഷേക ശൂശ്രൂഷക്ക് അറുപതോളം ഗായകരാണ് ഗായകസംഘത്തിൽ അണിനിരക്കുന്നത്. വത്തിക്കാനിൽ മാർപ്പാപ്പായുടെ സ്ഥാനാരോഹണം നടന്നപ്പോൾ ഉണ്ടായിരുന്ന ഗായകരുടേയും ഒളിമ്പിക്സിനുണ്ടായിരുന്ന ഗായകരുടേയും എണ്ണം ഒത്തു നോക്കി ഏതാ വലുതെന്നു നിശ്ചയിക്കാം. അരൂപി ചോർന്നുപോകാതെ നോക്കാൻ കുറേപ്പേരുംകൂടി ഉണ്ടായിരുന്നെങ്കിൽ! 

സീറോ സഭയിൽ മാർക്കറ്റിങ് നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇത്ര കണക്കുകൂട്ടിയുള്ളവയായിരുന്നില്ല അവയൊന്നും. ഒരച്ചനെ ബിഷപ്പായി മാറ്റുന്നിടത്തും മാർക്കറ്റിങ് ഉണ്ട്. ആ മെത്രാന്റെ വീട്ടുപേരുള്ള കുടുംബക്കാർ അടിയന്തിരമായി ഇടപെടുകയും അവരിലാരെങ്കിലും അംഗങ്ങളായിട്ടുള്ള ഇടവകകളുണ്ടെങ്കിൽ അവിടെല്ലാം കുടുംബയോഗത്തിന്റെ വക ആശംസാ ഫ്ലക്സുകൾ വക്കുകയുമെന്നത് ഒന്നാം ഘട്ടമായി അനുഷ്ടിക്കപ്പെടുന്നു. ഇതു വിശ്വാസികളുടെ ചിലവിൽ നടക്കുന്ന ഒരു മാർക്കറ്റിങ് എന്നു തോന്നുമെങ്കിലും അതല്ല - വെറും സന്തോഷം കൊണ്ട് കുടുംബക്കാർ ചെയ്യുന്നതാണ്. പക്ഷേ, ബിഷപ്പാകുന്ന മിക്ക വൈദികർക്കും അവരെ ആരെങ്കിലും 'വിജയേട്ടാ'യെന്നു വിളിക്കുന്നത് ഇഷ്ടമല്ലെങ്കിൽ അതു പേഴ്സൊണാലിറ്റി മാർക്കറ്റിങിന്റെ ഭാഗമായി കരുതാം. 'ദൈവമായി പ്രഖ്യാപിക്കപ്പെട്ട യേശുവിന് ദാവീദ് ഗോത്രത്തിന്റെ മംഗളാശംസകൾ!' എന്നൊരു ഫ്ലക്സ് നിഖ്യാ സുനഹദോസ് കഴിഞ്ഞ സമയത്ത് റോമിലോ യൂറോപ്പിലോ ഒക്കെ കണ്ടിരുന്നതായി ആരെങ്കിലും ഓർമ്മിക്കുന്നുണ്ടോ? ഇല്ല, ഇത്തരം പാരമ്പര്യങ്ങളൊക്കെ മാർത്തോമ്മായുടെ പിൻഗാമികളുടെ വകയായിരിക്കാനേ സാദ്ധ്യതയുള്ളൂ.

ശ്രാമ്പിക്കൽ മെത്രാൻ ഭോജനപ്രിയനും സ്വീകരണപ്രിയനും ആഡംഭരപ്രിയനുമാണെന്നൊരു തെറ്റായ ധാരണ പാലാക്കാർക്കു തോന്നിയതുകൊണ്ടാണോ എന്തോ, കടുത്ത ആക്രമണമാണ് അദ്ദേഹത്തിന്റെയും കുടുംബക്കാരുടെയും നേരെ പാലായിലെ വിശ്വാസികൾ അഴിച്ചു വിട്ടിരിക്കുന്നതെന്നു കേൾക്കുന്നു. പാലായിൽ സ്രാമ്പിക്കൽ കുടുംബക്കാർ പ്രത്യേകം യോഗം കൂടിയെന്നും സഹകുടുംബക്കാരെയും വിളിച്ചിരുന്നെന്നും മെത്രാനു സ്വീകരണം നൽകാൻ അവരോടും പിരിവു ചോദിച്ചെന്നും സംസാരമുണ്ട്. പലരേയും പ്രെസ്റ്റണു പോകുന്നോന്നും ചോദിച്ച് ട്രാവൽ ഏജൻസികൾ വിളിക്കുന്നുണ്ടെന്നും അതിന്റെ പിന്നിലും കുടുംബയോഗക്കാരാണെന്നും സംസാരമുണ്ട്. മെത്രാനോടു കലിപ്പുണ്ടെങ്കിൽ അതു മെത്രാനോടു പറഞ്ഞാൽ പോരെ? വീട്ടുകാരെ വെറുതേ വിടുക; ഇപ്പറഞ്ഞതൊന്നും ചാവുദോഷങ്ങളല്ലല്ലൊ താനും! വിശ്വാസികൾക്കിപ്പോൾ അച്ചനെന്നോ കപ്യാരെന്നോ ഇല്ല. എന്താ പറയുന്നതെന്നോ ആരോടാ പറയുന്നതെന്നോ ഒന്നും ഒരു വിചാരവുമില്ല. വി. അൽഫോൻസാമ്മയുടെ സ്വന്തം പള്ളിയിരിക്കുന്ന ഭരണങ്ങാനത്തുനിന്നും എഴുതിയതായി ഫെയിസ്ബുക്കിൽ വന്ന ഒരു ചിത്രം ഞാനിവിടെ കൊടുക്കുന്നു.
 

ഇയ്യാളിനേയും ഞാനറിയില്ല, ഇങ്ങിനെയൊരാളുണ്ടോന്നും എനിക്കറിയില്ല; ഇതു ഷെയർ ചെയ്ത് എനിക്കെത്തിച്ചു തന്ന ആളിനെ ഞാനറിയും. അത്രേയുള്ളൂ! ഇത് സത്യമാണൊന്നു വിശ്വസിക്കുന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വത്തിൽ ആയിരിക്കണമെന്നു സാരം. 

കാലം കണ്ടമാനം മാറി. 1959 ലെ വിമോചനസമരകാലത്ത് അങ്കമാലിക്കടുത്തു നിന്നും ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു മർദ്ദിച്ചപ്പോൾ പള്ളി മണികള്‍ മുഴങ്ങി. കുഞ്ഞാടുകള്‍ ഇളകി ചെന്നു; ഏഴു പാവപ്പെട്ട മനുഷ്യര്‍ വെടിയേറ്റ്‌ വീര രക്തസാക്ഷികള്‍ ആകുകയും ചെയ്തു. മറ്റൂർ കള്ളുഷാപ്പിൽ അടിയുണ്ടാക്കിയവനെയാണ് അറസ്റ്റു ചെയ്തതെന്നു പോലീസും അല്ലെന്നു പള്ളിയും പറയുന്നു. 1972ൽ കോളേജു സമരത്തിന് ജനങ്ങളോടു തെരുവിലിറങ്ങാൻ പറഞ്ഞു; ഒരാൾ തെരുവിലിറങ്ങിയാൽ പത്തുപേർ വീട്ടിലിരിക്കുമായിരുന്നു, അന്ന്. അങ്ങിനെ, ആ സമരം പൊളിഞ്ഞു. പാർലമെന്റിൽ ഓ പി ത്യാഗി മതം മാറ്റലിനെതിരായി ബില്ലുകൊണ്ടുവന്നപ്പോൾ മുറുമ്മാൻ മാത്രമേ സഭക്കു കഴിഞ്ഞുള്ളൂ. 70കളുടെ അവസാനം പള്ളി കുടുംബ യൂണിറ്റ് പ്രസ്ഥാനം തുടങ്ങിയത് ആളെ വിശ്വാസത്തിൽ പിടിച്ചു നിർത്താനുള്ള ഒരുപാധിയായിട്ടായിരുന്നു, അല്ലാതെ പള്ളിയിൽ പറഞ്ഞതുപോലെ ആദിമ ക്രിസ്തീയ ചൈതന്യം വീണ്ടടുക്കുകയായിരുന്നില്ല ലക്ഷ്യം; ചൈതന്യം അറിയാതെ പോലും കൂടിയതായി ആരും ആരോപിക്കുന്നുമില്ല. കത്തോലിക്കരുടെ എണ്ണത്തിൽ വന്നുകൊണ്ടിരിക്കുന്ന ഗണ്യമായ കുറവ് അതാണു സൂചിപ്പിക്കുന്നത്. ആദിമ ക്രിസ്തീയ ചൈതന്യത്തെപ്പറ്റിയാണു പറയുന്നതെങ്കിൽ അതു കോതമംഗലം സ്റ്റൈലായിരുന്നില്ല. കൂട്ടായ്മകളാണ് അന്നെല്ലാം തീരുമാനിച്ചിരുന്നത്; ഇന്ന്, ഒരുവൻ സൂക്ഷിച്ചു നിന്നാലെ, അഭിപ്രായം പറയാനുള്ള അവകാശമെങ്കിലും അവനു കിട്ടൂ. പക്ഷെ, വിദേശത്തുള്ളവർക്ക് ഈ കൂട്ടായ്മ ഇഷ്ടമാ; ഒന്നിച്ചു കൂടി ഒരുമിച്ചിരുന്നു തിന്നു കുടിച്ചു പോകാൻ ആർക്കാ ഇഷ്ടമില്ലാതെ വരുക. കൂട്ടായ്മ പ്രാർത്ഥന ലീഡു ചെയ്യാൻ മൽപ്പാന്മാർ എന്നൊരു വിഭാഗം തന്നെയുണ്ട്. കൂട്ടായ്മയുടെ വിഭവങ്ങളിൽ സിവിൽ സപ്ലൈസ് ഇല്ലാന്നുറപ്പുവരുത്തുന്നതവരാണ്.

കൂട്ടായ്മയും പൊളിഞ്ഞു കൊണ്ടിരിക്കുന്നു; അങ്കമാലിയിൽ നഴ്സുമാർക്കെതിരെ ഫൊറോനാ മുഴുവൻ അണിനിരത്തിയപ്പോൾ ഉദ്ദേശിച്ചതിന്റെ പത്തിലൊന്നു പോലും എത്തിയില്ല. എ കെ സി സി കേരളയാത്രയും കഴിഞ്ഞ് അങ്കമാലിയിൽ നടത്തിയ സമാപന യോഗത്തിന്റെ കാര്യം പറഞ്ഞാൽ പലർക്കും കരച്ചിൽ വരും. ആകെപ്പാടെ വിജയിച്ചത് ഒല്ലൂരിൽ ഒരു റാഫേലിനെതിരെ അയാളുടെ മകന്റെ വിവാഹം മുടക്കാൻ വേണ്ടി നടത്തിയ പ്രകടനം മാത്രം. പ്രകടനം വിജയിച്ചു; പക്ഷേ, വികാരി മേലാൽ ഇത്തരമൊന്നു സംഘടിപ്പിക്കാൻ ഇടയില്ല. ​ചേർത്തലയിൽ ലീലാമ്മ റ്റീച്ചറിന്റെ അടക്കിന്റെ കാര്യം വന്നപ്പോൾ ഈ ചൈതന്യം കുടുംബയൂണിറ്റുകളിൽ നിന്നു വഴിഞ്ഞൊഴുകിയെന്നു ഫെയിസ് ബുക്കിൽ നിന്നു കേട്ടു. 

പണ്ടൊക്കെ, പറയുന്നതു പോലെ പ്രവർത്തിക്കുന്നവരായിരുന്നു മെത്രാന്മാർ. സീറോ മലബാർ തലക്കു പിടിച്ചപ്പോൾ സുനാമി വന്നതുപോലെയായിപ്പോയി. ഒരുദാഹരണത്തിന്, 1989 മാർച്ച് 12 ഞായറഴ്ച  കേരളത്തിലെ പ്രഗൽഭരായ എല്ലാ മെത്രാന്മാരെയും അണിനിരത്തി ഒരു സംയുക്ത ഇടയലേഖനം പള്ളികളിൽ വായിച്ചിരുന്നു. ആരും മറക്കാൻ പാടില്ല, അതിൻപ്രകാരം കമ്യുണിസ്റ്റ് പാർട്ടിയിലോ അതിന്റെ പോഷക സംഘടനകളിലോ അംഗത്യ്വമുള്ള ഒരുത്തനേയും പള്ളിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും അടുപ്പിക്കാൻ പാടില്ലായിരുന്നു. എന്താ പിന്നീട് സംഭവിച്ചതെന്നു ഞാൻ പറയണോ? പാർട്ടി സെക്രട്ടറിയെ അരമനയിൽ വിളിച്ചു വരുത്തി സൽക്കരിച്ചവരെ വരെ നാം പിന്നീടു കണ്ടു. ജനം എല്ലാം മറക്കുമെന്നാണ് ഇവർ കരുതുന്നത്. ഈ വർഗ്ഗത്തെ ബഹുമാനിക്കാതിരിക്കുന്നതാണോ തെറ്റ്? 

എനിക്കു തോന്നുന്ന ഒരെളിയ കാര്യം ഞാൻ പറയാം, ശ്രാമ്പിക്കൽ മെത്രാൻ വളരെ സൂക്ഷിച്ചു നിന്നില്ലെങ്കിൽ പാലും വെള്ളത്തിൽ തന്നെ പണികിട്ടാൻ സാദ്ധ്യതയുണ്ട്. നോട്ടിങ്ഹാമിൽ സാക്ഷാൽ പരി. ആത്മാവിന്റെ സ്വന്തം ആളു നിന്നു വിയർത്തത് ഓർമ്മിക്കുന്നതും നല്ലതാ. ഈ സ്വീകരണം ഏറ്റു വാങ്ങിയിട്ട്, ഇതിനു വേണ്ടി വിയർപ്പൊഴുക്കിയ വൈദികരെ നിലക്കു നിർത്താൻ മെത്രാനു പിന്നീടു കഴിയണമെന്നില്ല. ജനങ്ങൾക്കറിയാം, ഇംഗ്ലീഷ് പള്ളികളില്‍ നിന്ന് തികച്ചും സൌജന്യമായും ഉപാധികളില്ലാതെയും ലഭിച്ചുകൊണ്ടിരുന്ന കുര്‍ബാനയില്‍ക്കവിഞ്ഞ മറ്റൊരു സേവനവും പ്രെസ്റ്റണിലെ രൂപതയിൽനിന്നും ആർക്കും കിട്ടാൻ പോകുന്നില്ലെന്ന്. അതിനു കുഞ്ഞാടുകള്‍ കൊടുക്കേണ്ടി വരുന്ന കനത്ത വിലയും വിശ്വാസികൾക്കറിയാം. അരമന, എല്ലാ മുക്കിലും മൂലയിലും പള്ളികള്‍, പള്ളിമേടകള്‍, വാഹനങ്ങള്‍, ശമ്പളം, കിമ്പളം ..... ഇതെല്ലാം ആരെല്ലാം കഷ്ടപ്പെട്ടുണ്ടാക്കുന്ന തുകകൊണ്ട് വേണം ഉണ്ടാക്കാൻ? ഫുട്ബോള്‍ സ്റ്റേഡിയം ഫ്രീയായി കിട്ടിയിട്ടും, മിക്ക കാര്യങ്ങൾക്കും സ്പൊൺസർമാർ ഉണ്ടായിട്ടും പിരിവ് തകൃതിയില്‍ നടക്കുന്നു. മെത്രാന്റെ ലാളിത്യത്തിന്റെ ചിലവിലേക്ക്, കൈക്കാരൻ പിഴിയുന്നവരില്‍, പഠനം കഴിഞ്ഞുകിട്ടുന്ന സമയത്ത് പാത്രം കഴുകിയും നിലം തുടച്ചും ഉപജീവനം തേടുന്ന വിദ്യാര്‍ഥികളും ഉണ്ടെന്നോര്‍ക്കുക. കുറിയുടെ പേരിലുള്ള ബ്ലാക്ക്മെയിലിങിൽ നിന്ന് പിരിവു കൊടുക്കുന്നവർ ഒഴിവാകും എന്ന പ്രതീക്ഷ വേണ്ട. മിനിറ്റ് വെച്ച് കാര്യങ്ങൾ തടസ്സമില്ലാതെ നടന്നു കിട്ടാൻ, ഒരമേരിക്കക്കാരൻ ചെയ്തതുപോലെ ഒരു വക്കീലിനെ ഒപ്പം കൂട്ടുന്നതു നല്ലതാ. ​അപ്പോ, നമുക്കു പരിപാടി തുടങ്ങാമല്ലേ? പ്രൈസ് ദി ലോർഡ്!​

എന്റെ ഓർമ്മ ശരിയാണെങ്കിൽ, മാമ്മോദീസായുടെ സമയത്ത് 'പിശാചിനേയും അവന്റെ ആർഭാടങ്ങളേയും ഉപേക്ഷിക്കാൻ തയാറാണോ'ന്ന് അച്ചൻ ചോദിക്കും. എന്താ പിശാച്, എന്താ ആർഭാടം എന്നൊക്കെ അറിയാൻ താൽപ്പര്യമുള്ളവർ ഇംഗ്ലണ്ടിൽ വന്നു നോക്കുക. അവിടെ ഇപ്പറഞ്ഞതൊന്നും കണ്ടില്ലെങ്കിൽ എന്നെ കുറ്റം പറയരുത്, കേട്ടോ. എല്ലാം ഒരു പ്രതീക്ഷയല്ലേ? 

No comments:

Post a Comment