Translate

Wednesday, May 30, 2018

സങ്കല്പകഥകള്‍ 'കാതലായ വിശ്വാസസത്യ'ങ്ങളായി! (ഭാഗം 4)


പ്രൊഫ: പി.എല്‍. ലൂക്കോസ് ഫോണ്‍: 944-657-8174

ലോകാരംഭം മുതല്‍ ഇപ്പോഴും തുടരുന്നു എന്നു കരുതപ്പെടുന്ന ഭീകരമായ ഉത്ഭവപാപത്തിനു കാരണക്കാരായ ആദത്തിന്റെയും ഹവ്വയുടെയും പാപം എന്തായിരുന്നുവെന്നത് ഇപ്പോഴും അജ്ഞാതമാണ്. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നതാണു പാപമെന്ന് ഉത്പത്തിപ്പുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ദൈവം പ്രത്യേക താത്പര്യമെടുത്തു സൃഷ്ടിച്ച ആദവും ഹവ്വായും നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിവില്ലാത്ത മന്ദബുദ്ധികളായി പറുദീസായില്‍ കഴിയട്ടെ എന്നായിരുന്നോ ദൈവഹിതം എന്ന ചോദ്യം തത്കാലം വിട്ടുകളയാം. എന്നാല്‍, മാമ്പഴമോ ആപ്പിളോ തിന്നതിന്റെ വിരസമായ കഥ പറഞ്ഞു ധ്യാനം നടത്താന്‍ പല വൈദികര്‍ക്കും താത്പര്യമില്ല. അഞ്ചാറുമാസം മുന്‍പ് ഡിവൈന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ഫാ. പനയ്ക്കലിന്റെ ഒരു വാചകം തികച്ചും യാദ്യച്ഛികമായി ഗുഡ്‌നസ് ടി വി. ചാനലില്‍ കേള്‍ക്കാനിടയായി. 'ആദവും ഹവ്വയും ശരീരംകൊണ്ടു ചെയ്ത പാപത്തിനു പരിഹാരമായിട്ടാണ് നമ്മുടെ കര്‍ത്താവ് ഈശോമിശിഹാ ദേഹമാസകലം മുറിവേറ്റ് കുരിശില്‍ തൂങ്ങി മരിച്ചത്'എന്നു കേട്ടപ്പോള്‍ ഞെട്ടിപ്പോയി! റ്റി.വി സ്‌ക്രീനിലേക്ക് കൈയിലിരുന്ന റിമോട്ട് വലിച്ചെറിയാന്‍ തോന്നിയെങ്കിലും എറിഞ്ഞില്ല. ഇത്ര കൃത്യമായി ആദത്തിന്റെ പാപം പനയ്ക്കലച്ചന്‍ എങ്ങനെയറിഞ്ഞു എന്നു മനസ്സിലാകുന്നില്ല. ദൈവവുമായി ഹോട്ട്‌ലൈന്‍ ടെലഫോണ്‍ കണക്ഷനുള്ളതുകൊണ്ട് ചിലപ്പോള്‍ ദൈവത്തോടു ചോദിച്ചുകാണും. അടുത്ത പ്രാവശ്യം താഴെ പറയുന്ന ചോദ്യങ്ങള്‍ പനയ്ക്കലച്ചന്‍ ദൈവത്തോടു ചോദിക്കണമെന്നു താത്പര്യപ്പെടുന്നു. ആദത്തിന്റെ ഏകാന്തത കണ്ട് അനുകമ്പ തോന്നിയ ദൈവം ഒന്നോ രണ്ടോ കൂട്ടുകാരെ സൃഷ്ടിച്ചുകൊടുക്കാതെ അതീവ സുന്ദരിയായ ഹവ്വയെ സൃഷ്ടിച്ച് നഗ്നയായി ആദത്തിന്റെ കൂടെ വിട്ടത് എന്തിനായിരുന്നു? പാപം ചെയ്തു കഴിഞ്ഞപ്പോള്‍ ദൈവമായ കര്‍ത്താവ് തോലുകൊണ്ട് ഉടയാടയുണ്ടാക്കി ആദത്തെയും അവന്റെ ഭാര്യയെയും ധരിപ്പിച്ചു'എന്നാണല്ലോ ഉത്പത്തിപ്പുസ്തകത്തിലുള്ളത്. ആ ഉപായം നേരത്തേ  പ്രയോഗിക്കാതെ,  കുതിര മോഷ്ടിക്കപ്പെട്ട ശേഷം ലായം പൂട്ടിയതുകൊണ്ട് എന്തായിരുന്നു പ്രയോജനം? മൃഗശാലയിലെ പാമ്പിന്റെ കൂട്ടില്‍ തവളയെ ഇട്ടുകൊടുത്തിട്ട് തവളയെ തിന്നുന്ന പാമ്പിനെ ശിക്ഷിക്കുന്നതു നീതിയാണോ?
ഉത്ഭവപാപത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും ധ്യാനിക്കാന്‍ വരുന്ന മന്ദബുദ്ധികളെ രസിപ്പിക്കാനും വേണ്ടി ആദത്തിന്റെയും ഹവ്വയുടെയും രതിക്രീഡ വര്‍ണിക്കാന്‍ താത്പര്യപ്പെടുന്ന പനയ്ക്കലച്ചനെപ്പോലെയുള്ള ധ്യാനഗുരുക്കന്മാര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം പരിചയപ്പെടുത്താം. അമേരിക്കക്കാരായ മൂന്നു പ്രശസ്ത ദൈവശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്നു തയ്യാറാക്കിയ 'The Teaching of Christ' എന്ന ഗ്രന്ഥം 1974/75-ല്‍ റോമില്‍വെച്ച് കര്‍ദ്ദിനാള്‍ പാറേക്കാട്ടില്‍ കാണാനിടയായി. വായി ച്ചുനോക്കിയപ്പോള്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങളും സഭയുടെ സിദ്ധാന്തങ്ങളുംമറ്റും വേദപുസ്തകത്തെ ആധാരമാക്കിയും വത്തിക്കാന്‍ കൗണ്‍സിലിന്റെ ശിപാര്‍ശകള്‍ പരിഗണിച്ചും സമ്യക്കായി വിവരിച്ചിരിക്കുന്നു എന്നു ബോധ്യപ്പെട്ടു. അദ്ദേഹത്തിന്റെ താത്പര്യമനുസരിച്ച് സത്യദീപത്തിന്റെ മുന്‍ പത്രാധിപര്‍ ഫാ. ജോസഫ് വിതയത്തില്‍ ആ ഗ്രന്ഥം വിവര്‍ത്തനംചെയ്ത് 'ക്രൈസ്തവവിജ്ഞാനീയം' എന്ന പേരില്‍ കെ. സി. ബി. സി.യുടെ Mass Media Commission പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ ഒന്നാം പതിപ്പിന്റെ 69-ാമത്തെ പേജില്‍ ജന്മപാപത്തെപ്പറ്റി പറയുന്നത് 'ആദ്യപാപത്തിന്റെ കൃത്യമായ സ്വഭാവം നമുക്കജ്ഞാതമത്രേ' എന്നാണ്. അതുകൊണ്ട് ഈ ഗ്രന്ഥത്തിലെ ജന്മപാപത്തെപ്പറ്റിയുള്ള അധ്യായമെങ്കിലും വചനപ്രഘോഷണക്കാര്‍ രണ്ടു മൂന്നു പ്രാവശ്യം വായിക്കുന്നതു നന്നായിരിക്കും.
''മാനവചരിത്രത്തിനു മുഴുവന്‍ ക്ഷതമേല്പിച്ചു''വെന്ന് ക.സ.മ ഗ്രന്ഥരചയിതാക്കള്‍ വളരെ ശക്തമായി കുറ്റാരോപണം നടത്തുന്ന ആദിമാതാപിതാക്കളുടെ പാപം ഏകദേശം എത്ര വര്‍ഷങ്ങള്‍ മുമ്പു നടന്നിരിക്കാമെന്നാണ് ഈ പാപത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുന്ന വൈദികരുടെയും വൈദികശ്രേഷ്ഠന്മാരുടെയും അനുമാനം?  സുവിശേഷകന്മാരില്‍ താരതമ്യേന വിദ്യാസമ്പന്നന്‍ എന്നു കരുതപ്പെടുന്ന വി. ലൂക്കാ പഴയനിയമഗ്രന്ഥാവലി മുഴുവന്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ചു തയ്യാറാക്കിയ യേശുവിന്റെ വംശാവലിയില്‍ യേശുമുതല്‍ പിറകോട്ട് ആദംവരെയുള്ള തലമുറകളുടെ എണ്ണം കേവലം 77 മാത്രമാണ്. ഒരു തലമുറയുടെ കാലയളവ് 30 വര്‍ഷം എന്ന നിരക്കില്‍ കണക്കാക്കിയാല്‍ യേശുവിനുമുമ്പ് 77 x 30 = 2310  വര്‍ഷങ്ങള്‍ക്കപ്പുറമാണ് ആദവും ഹവ്വയും ജീവിച്ചിരുന്നത് എന്നു സമ്മതിക്കേണ്ടിവരും. ഇതു കേട്ടാല്‍ സാമാന്യബുദ്ധിയുള്ള ആരും ചിരിക്കാതിരിക്കില്ല. പ്രഖ്യാതരായ നരവംശശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം മനുഷ്യന്‍ ഭൂമിയില്‍ രംഗപ്രവേശം ചെയ്തിട്ട് ഏകദേശം 20/24 ലക്ഷം വര്‍ഷം കഴിഞ്ഞിട്ടുണ്ടാവും എന്നാണ്. ഭൂമിയുടെ പ്രായം ഏകദേശം 450 കോടി വര്‍ഷവും.
2017-ല്‍മാത്രം വാര്‍ത്തകളില്‍ വന്ന രണ്ടു മൂന്നു ഗവേഷണഫലങ്ങള്‍ ചുരുങ്ങിയ വാക്കുകളില്‍ സൂചിപ്പിക്കട്ടെ. കാനഡായിലെ ക്യൂബക്കില്‍ നുവ്വാഗിട്ടിക് സൂപ്രക്രിസ്റ്റല്‍ ബെല്‍റ്റിലെ ശിലാപാളികള്‍ക്കിടയില്‍ നിന്നു കണ്ടെടുത്തതും ഭൂമിയില്‍  കണ്ടെത്തിയതില്‍ ഏറ്റവും പ്രായം കൂടിയതുമായ ജൈവഫോസിലിന് 377 കോടി മുതല്‍ 430 കോടി വര്‍ഷംവരെ പഴക്കം കണ്ടേക്കാമെന്ന് നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധത്തില്‍ പറയുന്നു (മാതൃഭൂമി, 3-3-2017). കാനഡായിലെ ആല്‍ബര്‍ട്ടയില്‍ മില്ലേനിയം ഖനിയില്‍നിന്ന് 2011-ല്‍ ലഭിച്ചതും ഡ്രം ഹെല്ലര്‍ റോയല്‍ ടൈറല്‍ പാലിയന്തോളജി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതും അഞ്ചരമീറ്റര്‍ നീളവും 1300 കിലോ തൂക്കവുമുള്ള ദിനോസറിന്റെ ഫോസിലിന് 11 കോടി വര്‍ഷം പഴക്കമാണ് കണക്കാക്കിയിരിക്കുന്നത് (മാതൃഭൂമി, 5-8-2017). ദക്ഷിണാ
ഫ്രിക്കയിലെ ക്യാസുലു മേഖലയില്‍ 2500 വര്‍ഷം മുമ്പ് നായാട്ടുജീവിതം നയിച്ചിരുന്ന മൂന്നു പേരുടെയും കര്‍ഷകരായിരുന്ന നാലു പേരുടെയും മൃതദേഹാവശിഷ്ടങ്ങള്‍ ജനിതകപരിശോധനകള്‍ക്കു വിധേയമാക്കിയശേഷം സ്വീഡനിലെ ഉപ്‌സല സര്‍വ്വകലാശാലയിലെയും ജോഹാനസ്ബര്‍ഗ് സര്‍വ്വകലാശാലയിലെയും ശാസ്ത്രജ്ഞന്മാരുടെ നിഗമനം,  ആധുനിക മനുഷ്യവര്‍ഗത്തിന്റെ പ്രായം മൂന്നരലക്ഷം വര്‍ഷമാണെന്നാണ്. പൂര്‍വ്വിക മനുഷ്യവര്‍ഗങ്ങളില്‍നിന്ന് ആധുനിക മനുഷ്യന്‍ പിറവിയെടുത്തത് ആഫ്രിക്കാ വന്‍കരയിലാണെന്ന നിഗമനത്തെ പുതിയ പഠനവും ശരിവയ്ക്കുന്നു. ജൂണില്‍ മൊറോക്കോയില്‍നിന്ന് മൂന്നു ലക്ഷം വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ ഫോസില്‍ കണ്ടെത്തിയിരുന്നു ( മാതൃഭൂമി, 2-10-2017).
പഴയനിയമഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് ക്രിസ്തുവിനുമുമ്പുള്ള പത്തു നൂറ്റാണ്ടു കാലത്താണെന്ന് കുറേക്കാലമായി സഭ സമ്മതിച്ചിട്ടുണ്ട്. ഈ ഗ്രന്ഥാവലി ബി.സി 586-നും 200-നും ഇടയ്ക്കുള്ള 386 വര്‍ഷക്കാലത്താണ് വിരചിതമായതെന്ന് ഇസ്രായേലിലെ ടെല്‍ അവീവ് യൂണിവേഴ്‌സിറ്റിയുടെ ഗവേഷണസംഘം ഉറച്ച നിഗമനത്തിലെത്തിയ കാര്യം മുമ്പൊരു ലേഖനത്തില്‍ സൂചിപ്പിച്ചിരുന്നതാണ്. പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസ് രണ്ടാമന്‍ ബാബിലോണ്‍ ആക്രമിച്ചു കീഴടക്കിയശേഷം ബി. സി 538-ല്‍ ബാബിലോണ്‍ അടിമത്തത്തില്‍ നിന്നു മോചിതരായ യഹൂദര്‍ യൂദായില്‍ തിരിച്ചെത്തിയശേഷമാണ് ഉത്പത്തിപ്പുസ്തകം രചിച്ചത് എന്നുള്ള ചില ബൈബിള്‍ ചരിത്രകാരന്മാരുടെ അഭിപ്രായം ടെല്‍ അവീവ് യൂണിവേഴ്‌സിറ്റി സംഘത്തിന്റെ കണ്ടെത്തലുമായി പൊരുത്തപ്പെടുന്നുണ്ട്. മനുഷ്യവംശത്തിന്റെ കാലപ്പഴക്കം ഇരുപതോ ഇരുപത്തിനാലോ ലക്ഷം വര്‍ഷങ്ങള്‍ എന്ന നിഗമനം വാദത്തിനുവേണ്ടി മാറ്റിവച്ചിട്ട്, മൊറോക്കോയില്‍ കണ്ടെത്തിയ ഫോസിലിന്റെ മാത്രം അടിസ്ഥാനത്തില്‍ ആദിമാതാപിതാക്കള്‍ മൂന്നു ലക്ഷം വര്‍ഷങ്ങള്‍ മുമ്പാണു ജീവിച്ചിരുന്നത് എന്നു സങ്കല്പിച്ചാല്‍പ്പോലും ബി. സി. 538-നുശേഷം ഉത്പത്തിയുടെ കഥയെഴുതിയ വിദ്വാന്‍ മൂന്നു ലക്ഷം വര്‍ഷം മുമ്പുള്ള ആദത്തെ എങ്ങനെ കണ്ടെത്തി എന്ന ചോദ്യം വളരെയേറെ പ്രസക്തമല്ലേ? സ്വന്തം ഭാവനയല്ലാതെ എന്തെങ്കിലും ഗവേഷണഫലമോ ചരിത്രരേഖകളോ അദ്ദേഹത്തിന്റെ സഹായത്തിനുണ്ടായിരുന്നോ? ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡയനേഷ്യസ് എക്‌സിഗുവുസ് (ഒരു ആശ്രമാധിപന്‍  - abbot) അന്നത്തെ മാര്‍പാപ്പായുടെ നിര്‍ദ്ദേശപ്രകാരം യേശുവിന്റെ ജനനം മുതല്‍ വര്‍ഷങ്ങള്‍ കണക്കാക്കുന്ന രീതി (Anno Domini-A.D) ആരംഭിച്ചിട്ടും, ചരിത്രപുരുഷനായ യേശുവിന്റെ ജനന-മരണത്തീയതികള്‍, വര്‍ഷമെങ്കിലും, കൃത്യമായി നിര്‍ണയിക്കാന്‍ ഇതുവരെ ക്രിസ്തീയസഭകള്‍ക്കു സാധിച്ചിട്ടില്ല. യേശുവിന്റെ ജനനം മാര്‍ച്ച് 28-ന്, ഏപ്രില്‍ 19-ന്, അല്ല മെയ് 29-ന് എന്നൊക്കെ ഊഹാപോഹങ്ങളുണ്ടെങ്കിലും ഡിസംബര്‍ 25-നല്ലേ നമ്മള്‍ ക്രിസ്മസ് ആഘോഷിക്കുന്നത്? രണ്ടായിരം വര്‍ഷം മുമ്പുള്ള കാര്യം വിട്ടുകളയാം, 1871 ജനുവരി 3-ാം തീയതി മരിച്ച ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ ഭൗതികാവശിഷ്ടം കൂനമ്മാവിലാണോ മാന്നാനംകുന്നിലാണോ എന്നു കൃത്യമായി പറയാന്‍ കേരളത്തില്‍ ആര്‍ക്കൊക്കെ സാധിക്കും? എന്നിട്ടാണ് 20-24 ലക്ഷം വര്‍ഷം മുമ്പു ജീവിച്ചിരുന്നു എന്നു സങ്കല്പിക്കേണ്ട ആദം ചെയ്ത പാപത്തെപ്പറ്റി ഇത്ര കൃത്യമായി നമ്മുടെ വൈദികര്‍ വായ്‌തോരാതെ പ്രസംഗിച്ചു നടക്കുന്നത്!
ആദിമാതാപിതാക്കള്‍ ചെയ്ത കഠോരപാപത്തെപ്പറ്റിയും ആ പാപത്തിന്റെ ഉത്പന്നമായ ഉത്ഭവപാപത്തെ പ്പറ്റിയും ഇടതടവില്ലാതെ സംസാരിക്കുന്ന വചനപ്രഘോഷണക്കാരും ബാബ്‌റിമസ്ജിത് സ്ഥിതിചെയ്തിരുന്ന സ്ഥലത്തുതന്നെയാണ് ശ്രീരാമന്‍ പിറന്നത് എന്നു ശഠിക്കുന്ന തീവ്രഹിന്ദുത്വവാദികളും തമ്മിലുള്ള സാമ്യം ഒട്ടും ചെറുതല്ല. ചതുര്‍യുഗങ്ങളില്‍ രണ്ടാമത്തേതും 12,96,000 വര്‍ഷങ്ങള്‍ ദൈര്‍ഘ്യമുള്ളതുമായ ത്രേത്രായുഗത്തില്‍ എപ്പോഴോ സീതാരാമന്മാര്‍ ജീവിച്ചിരുന്നതായിട്ടാണ് കവിസങ്കല്പം! മൂന്നാമത്തേതും 8,94,000 വര്‍ഷങ്ങളുള്ളതുമായ ദ്വാപരയുഗത്തിനുശേഷം 4,32,000 വര്‍ഷങ്ങളുള്ള കലിയുഗത്തിലാണത്രേ നമ്മള്‍ ജീവിക്കുന്നത്! കലിയുഗത്തിന്റെ പൂര്‍വ്വാര്‍ധം കഴിഞ്ഞെങ്കില്‍ നമ്മുടെ ആദിമാതാപിതാക്കളും രാമായണകഥാപാത്രങ്ങളായ സീതാരാമന്മാരും ഏകദേശം 20 ലക്ഷം വര്‍ഷം മുമ്പായിരിക്കണം ജീവിച്ചിരുന്നത്! അഞ്ചാറു വര്‍ഷം മുമ്പ് രാമജന്മഭൂമി സംബന്ധിച്ച കേസ് സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ ബാബ്‌റി മസ്ജിദ് സ്ഥിതിചെയ്തിരുന്ന സ്ഥലത്തിന്റെ കൃത്യം ഏതു ഭാഗത്തായിരുന്നു സീതയുടെ അടുക്കളയെന്ന് ഒരു ജഡ്ജി നിഷ്പ്രയാസം ചൂണ്ടിക്കാണിച്ചു. ആ വാര്‍ത്ത വായിച്ചപ്പോള്‍ ഇന്നു ലോകത്തില്‍ ജീവിച്ചിരിക്കുന്ന എഴൂന്നൂറോളം കോടി മനുഷ്യരില്‍ ഏറ്റവും വലിയ മഠയന്‍ ആ ജഡ്ജിയാണെന്നു തോന്നിപ്പോയി. എന്നാല്‍, ഉത്ഭവപാപം കാതലായ ഒരു വിശ്വാസസത്യമാണെന്നും നമ്മുടെ ആദിമാതാപിതാക്കന്മാര്‍ സ്വതന്ത്രമായി ചെയ്ത ആദ്യപാപം മാനവചരിത്രത്തിനു മുഴുവന്‍ ക്ഷതമേല്പിച്ചുവെന്നും പ്രജനനത്തിലൂടെയും സംപ്രദാനത്തിലൂടെയും ഈ പാപം സമസ്ത മാനവരാശിയിലേക്കും സംക്രമിച്ചു കൊണ്ടിരിക്കുന്നു എന്നും ക.സ.മ. ഗ്രന്ഥത്തില്‍ വായിച്ചപ്പോള്‍, അതൊക്കെ എഴുതിവെച്ച മെത്രാന്മാരും കര്‍ദ്ദിനാള്‍മാരുമാണ് മുന്‍പറഞ്ഞ ജഡ്ജിയെ വെല്ലുന്ന മഠയശിരോമണികള്‍ എന്നു ബോധ്യമായി!
(തുടരും)


No comments:

Post a Comment