KCRM-North America-യുടെ എട്ടാമത് ടെലികോൺഫറൻസ് മെയ് 09, 2018 ബുധനാഴ്ച
നടത്തുകയുണ്ടായി. ശ്രീ എ. സി. ജോർജ് മോഡറേറ്ററായിരുന്നു. അമേരിക്കയുടെ പല ഭാഗങ്ങളിൽ
നിന്നുമായി അനേകർ അതിൽ പങ്കെടുത്തു. ശ്രീ എബ്രഹാം നെടുങ്ങാട്ട് 'എൻഡോഗമിയും ഇടവകാംഗത്വവും'
എന്ന വിഷയം അവതരിപ്പിച്ചു. ക്‌നാനായ സമുദായാംഗവും ഈ വിഷയത്തെ സംബന്ധിച്ച് ചരിത്ര/സാമൂഹ്യ/സഭാ
തലങ്ങളിൽ ഗാഢമായ പഠനങ്ങൾ നടത്തുകയും ചെയ്തിട്ടുള്ള അദ്ദേഹം ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ
കോട്ടയം അതിരൂപതയും പ്രവാസികളായ ക്‌നാനായക്കാരും ഏതു ദിശയിലൂടെയാണ് ആ വിഷയത്തിൽ മുൻപോട്ടുപോകേണ്ടെത്
എന്നതിനെ സംബന്ധിച്ച് വ്യക്തമായ ഒരു അവതരണം ടെലികോൺഫെറൻസിൽ സംബന്ധിച്ചവർക്ക് നൽകുകയുണ്ടായി.
സ്വജാതിവിവാഹം നിർബന്ധമായി പാലിച്ചിരിക്കണമെന്നും സമുദായത്തിൽനിന്നും മാറി വിവാഹം കഴിക്കുന്നവർക്ക്
ഇടവകാംഗത്വം നിഷേധിക്കണമെന്നുമുള്ള അഭിപ്രായവുമായി ആരും മുൻപോട്ടുവന്നില്ല. സീറോ-മലബാർ
സഭയുടെ പരമോന്നത അധികാരമായ പൗരസ്ത്യ തിരുസംഘത്തിൻറെ കഴിഞ്ഞ മുപ്പത്തിരണ്ടുവർഷത്തെ തുടർച്ചയായ
തീരുമാനത്തെ മാറ്റിക്കിട്ടാൻ രാപകലില്ലാതെ പരിശ്രമിക്കുന്ന ക്‌നാനായ സമുദായത്തിലെ ഒരു
വ്യക്തിപോലും ആ ടെലികോൺഫെറൻസിൽ സംബന്ധിച്ച് എൻഡോഗമി എന്തുകൊണ്ട് സമുദായ തലത്തിൽ മാത്രമല്ലാ
സഭാതലത്തിലും നിലനിർത്തണം എന്ന് വാദിച്ച് സ്ഥാപിച്ചില്ല എന്നകാര്യം ഒരു ചോദ്യമായി അവശേഷിക്കുന്നു.
അതുകൊണ്ട് കോൺഫെറൻസിൽ സംബന്ധിച്ചവരെ ബോദ്ധ്യപ്പെടുത്താനുള്ള നല്ലൊരവസരം എൻഡോഗമി വക്താക്കൾ
നഷ്ടപ്പെടുത്തിക്കളയുകയാണ് ചെയ്തത്.
വിഷയാവതരണത്തിനുശേഷം ദീർഘമായ ചർച്ച നടക്കുകയുണ്ടായി. കോട്ടയം അതിരൂപതയുടെയും
ഷിക്കാഗോ സീറോ-മലബാർ രൂപതയുടെയും മേലധ്യക്ഷന്മാരുടെ എൻഡോഗാമി വിഷയം സംബന്ധിച്ച നിലപാടിനെയും
റോമിൽനിന്നും ലഭിച്ചിരിക്കുന്ന നിർദേശങ്ങളെ നടപ്പാക്കാതിരിക്കുകയും ചെയ്യുന്നതിൽ ടെലികോൺഫെറൻസിൽ
സംബന്ധിച്ചവർ ആശങ്ക പ്രകരിപ്പിച്ചു. അതിൻറെ ഫലമായി ഷിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ്
അങ്ങാടിയത്തിന് റോമിൻറെ നിർദേശങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് കാണിച്ച് ഒരു മെമ്മോറാണ്ടം
നൽകാനും തീരുമാനിക്കുകയുണ്ടായി. ജനറൽ കോർഡിനേറ്ററെ അക്കാര്യം ചുമതലപ്പെടുത്തി.
കെ സി ആർ എം-നോർത്ത് അമേരിക്കയ്ക്ക് പുതിയതായി ഒരു ഇമെയിൽ ഐഡി ഉണ്ടാക്കി.
kcrmnorthamerica@gmail.com മേലിൽ കെ സി ആർ
എം-നോർത്ത് അമേരിക്കയെ സംബന്ധിക്കുന്ന കത്തിടപാടുകൾ ഈ ഇമെയിൽവഴി നടത്തണമെന്ന് എല്ലാവരെയും
അറിയിച്ചുകൊള്ളുന്നു.
ചാക്കോ കളരിക്കൽ
ജനറൽ കോർഡിനേറ്റർ
No comments:
Post a Comment