Translate

Tuesday, May 1, 2018

കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് സ്‌നേഹപൂര്‍വ്വം

പ്രൊഫ. ഡോ. എം.പി മത്തായി ഫോണ്‍: 9447575322
(ലേഖകന്റെ മാര്‍ച്ച് 31-ലെ ഇംഗ്ലീഷിലുള്ള ഫേസ്ബുക്ക് പോസ്റ്റ്. അദ്ദേഹത്തിന്റെ സ്വന്തം തര്‍ജമ.)

കേരളത്തിലെ കത്തോലിക്കാസഭയുടെ അച്ചടക്കത്തെയും കെട്ടുറപ്പിനെയും തച്ചുടക്കുകയും, ഈ നാട്ടിലെ മുഴുവന്‍ ക്രൈസ്തവസമൂദായങ്ങള്‍ക്കും അവമതി വരുത്തിവയ്ക്കുകയുംചെയ്ത ഭൂമിക്കച്ചവടവിവാദത്തെ (കുംഭകോണത്തെ)പ്പറ്റി പല സുഹൃത്തുക്കളും എന്റെ പ്രതികരണം ആരാഞ്ഞുവെങ്കിലും ഒരു കത്തോലിക്കനല്ലാത്ത ഞാന്‍ ഈ പ്രശ്‌നത്തെപ്പറ്റി അഭിപ്രായപ്രകടനം നടത്തുന്നത് അനുചിതമായിരിക്കും എന്നതുകൊണ്ട് മൗനം പാലിക്കുകയാണുണ്ടായത്. എന്നാല്‍ മാര്‍ ആലഞ്ചേരിതന്നെ ഈ സാഹചര്യം മാറ്റിത്തീര്‍ത്തിരിക്കുന്നു.
'കത്തോലിക്കാസഭയും സഭയിലെ വൈദികരും വിശ്വാസികളും, ദൈവനിയമവും കാനോന്‍ നിയമങ്ങളും അനുവര്‍ത്തിക്കാനാണ് പ്രാഥമികമായി ബാധ്യസ്ഥരായിരിക്കുന്നത്. നിയമനിര്‍മ്മാണസഭകളും കോടതികളും നിര്‍മ്മിച്ചിട്ടുള്ള ലൗകികനിയമങ്ങള്‍ ഉപയോഗിച്ച് സഭയുടെയും ബിഷപ്പുമാരുടെയും നടപടികളെ അളക്കുന്നത് ശരിയല്ല. അങ്ങനെ ചെയ്യാന്‍ ചിലര്‍ ഈയിടെ ശ്രമിക്കുന്നുണ്ട്; അവര്‍ ചെയ്യുന്നത് തെറ്റാണ്; കരുതിയിരിക്കണം' - പീഡാനുഭവാഴ്ചയിലെ തന്റെ പ്രബോധനങ്ങളില്‍ മാര്‍ ആലഞ്ചേരി ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തിയ ആശയങ്ങളാണ് മുകളില്‍ ക്രോഡീകരിച്ചിരിക്കുന്നത്. മനുഷ്യനിര്‍മ്മിത നിയമങ്ങള്‍ക്കുപരി ദൈവനിയമം പാലിക്കുക എന്നതാണ് തന്റെ കര്‍ത്തവ്യവും നിലപാടും എന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കിയിരിക്കുന്നു. ദൈവനിയമത്തെ ഈ വിവാദപ്രശ്‌നവുമായി കണ്ണിചേര്‍ക്കാന്‍ ശ്രമിക്കുകവഴി ഈ വിവാദത്തെ കത്തോലിക്കാസഭയുടെ സ്വകാര്യവൃത്തത്തില്‍നിന്നു വിടര്‍ത്തി, പൊതുസമൂഹത്തിന്റെ ഇടത്തില്‍ നിര്‍ത്തുകയാണ്, മനഃപൂര്‍വ്വമല്ലെങ്കിലും, മാര്‍ ആലഞ്ചേരി ചെയ്തിരിക്കുന്നത്. അതുകൊണ്ടാണ് ഇപ്രകാരം ഒരു പ്രത്യാഖ്യാനത്തിന് മുതിരുന്നത്.
സഭകള്‍ ഏതു രാജ്യത്ത് സ്ഥിതിചെയ്യുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവോ ആ രാജ്യത്തിന്റെ നിയമങ്ങള്‍ക്ക് സമ്പൂര്‍ണ്ണമായും വിധേയമായിരിക്കും - ആയിരിക്കണം - സഭയുടെ നിയമങ്ങളും പ്രവര്‍ത്തനങ്ങളും എന്ന് മനസ്സിലാക്കാന്‍ പ്രത്യേക നിയമപാണ്ഡിത്യമൊന്നും ആവശ്യമില്ല. ഒരു രാജ്യത്തിന്റെ ഭരണഘടനയ്ക്കും, ഭരണഘടനാപരമായി നിര്‍മ്മിക്കപ്പെടുന്ന നിയമങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കാന്‍ ആ രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മതസംഘടനകളുള്‍പ്പെടെ എല്ലാ സംഘടനകളും സ്ഥാപനങ്ങളും നിയമപരമായി ബാധ്യസ്ഥമാണെന്ന് ഈ വിവാദവുമായി ബന്ധപ്പെട്ടുള്ള പ്രതികരണങ്ങളില്‍ ജസ്റ്റീസ് കെ.ടി. തോമസ് ഉള്‍പ്പെടെ പല നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുകയുണ്ടായല്ലോ. ദൈവനാമം ഉയര്‍ത്തിക്കാട്ടി ഒരു മതസംഘടനയ്ക്കും ദേശത്തെ നിയമങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കാനാവില്ല. ക്രൈസ്തവസഭകളുടെ ആഭ്യന്തരഭരണം കാനോന്‍ നിയമ പ്രകാരം നടത്താവുന്നതാണ്. പക്ഷേ, കാനോന്‍ നിയമങ്ങള്‍ക്ക് സവിശേഷ പരിരക്ഷയൊന്നും അവകാശപ്പെടാനാവില്ല. നിശ്ചയമായും അവ രാജ്യത്തിന്റെ ഭരണഘടനാപരമായ നിയമങ്ങള്‍ക്ക് വിധേയമായിരിക്കുകതന്നെവേണം. കാനോന്‍ നിയമങ്ങളുടെ മറവില്‍ ഭരണഘടനാപരമായ നിയമങ്ങള്‍ ലംഘിച്ചാല്‍ അതു കുറ്റകരമാണ്. അപ്രകാരമുള്ള കുറ്റം ചെയ്തിട്ട് കാനോന്‍ നിയമം ഉയര്‍ത്തിക്കാട്ടി കുറ്റത്തില്‍നിന്ന് സംരക്ഷണം നേടാം എന്നു കരുതുന്നത് മൗഢ്യമാണ്. ലളിതവും സുവ്യക്തവുമാണ് ഇക്കാര്യങ്ങള്‍.
സിവില്‍ നിയമലംഘനത്തിന്റെ താത്വികാടിസ്ഥാനം വിശദീകരിച്ചപ്പോള്‍ മഹാത്മാഗാന്ധിയാണ്, ദൈവനിയമവും മനുഷ്യനിര്‍മ്മിത (സിവില്‍) നിയമങ്ങളും തമ്മിലുണ്ടാകേണ്ട ജൈവബന്ധത്തെപ്പറ്റി പ്രതിപാദിച്ചത് എന്നത് പ്രഖ്യാതമാണല്ലോ? ഗാന്ധിജിയുടെ കാഴ്ചപ്പാടില്‍ ദൈവനിയമം, അഥവാ  HIGHER LAW ആയിരിക്കണം, എല്ലാ മനുഷ്യനിര്‍മ്മിത നിയങ്ങളുടെയും സാധുതയും സ്വീകാര്യതയും നിര്‍ണ്ണയിക്കാനുള്ള ആത്യന്തിക മാനദണ്ഡം. എവിടെയെല്ലാം, എപ്പോഴെല്ലാം ദൈവനിയമത്തിന്റെ തത്വങ്ങള്‍ ലംഘിക്കപ്പെടുന്നുവോ, അപ്പോഴാണ് ദൈവനിയമത്തെ നാം ഉയര്‍ത്തിപ്പിടിക്കേണ്ടതും ദൈവനിയമത്തിലേക്ക് മാനവശ്രദ്ധ ക്ഷണിക്കേണ്ടതും ആവശ്യമായി വരുന്നത്. ഗാന്ധിജിയുടെ ധാരണയില്‍, മനുഷ്യനെ സംബന്ധിച്ച് ദൈവനിയമം അടിസ്ഥാന നൈതികതതന്നെയാണ്. അതിലെ ഏറ്റവും മൗലികമായ തത്വം - പ്രമാണം - മനുഷ്യന്റെ സഹജമായ അന്തസ്സ് (dignity) ആണ്. ഗാന്ധിജിയുടെ ദര്‍ശനത്തില്‍ മനുഷ്യര്‍ ഉള്‍പ്പെടെ എല്ലാ ജീവജാലങ്ങളും ഈശ്വരന്റെ രൂപഭേദങ്ങള്‍ അഥവാ അഭിവ്യക്തിയാണ്. അതുകൊണ്ട് മനുഷ്യരില്‍ ഈശ്വരചൈതന്യത്തിന്റെ ഒരു ചെറുകണം കുടികൊള്ളുന്നുണ്ട്. ഈ ഈശ്വരാംശമാണ് മനുഷ്യനിലെ ദിവ്യത്വത്തിനു നിദാനം. ഈ ദിവ്യത്വമാണ് മനുഷ്യന്റെ അന്തസ്സിന്റെ നിഷ്പത്തി, അഥവാ അടിസ്ഥാനം. ഗാന്ധിജിയുടെ അഭിപ്രായത്തില്‍, മനുഷ്യന്റെ അന്തസ്സും സമത്വവും നീതിയും നിഷേധിക്കുകയും അതുവഴി മനുഷ്യരെയും സമുദായങ്ങളെയും അപമാനവീകരിക്കുകയും ചെയ്യുന്ന ഏതു നിയമവും ദൈവനിയമത്തിനു വിരുദ്ധവും അതുകൊണ്ടുതന്നെ ലംഘിക്കപ്പെടേണ്ടതുമാണ്.
'ദൈവനിയമം' എന്നതുകൊണ്ട് എന്താണ് വിവക്ഷിക്കുന്നത് എന്ന് മാര്‍ ആലഞ്ചേരി എവിടെയും വിശദീകരിച്ചിട്ടില്ല. ദൈവനിയമത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ ധാരണ മുകളില്‍ വ്യക്തമാക്കിയിരിക്കുന്നവിധം ധാര്‍മ്മിക അടിസ്ഥാനത്തില്‍ അധിഷ്ഠിതമാണ് എന്ന് അനുമാനിക്കാനുള്ള തെളിവുകളൊന്നും അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ നല്‍കുന്നുമില്ല. ദൈവനിയമം എന്ന് ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ട് തനിക്കുചുറ്റും ഒരു സംരക്ഷണവലയം തീര്‍ക്കാമെന്നും വിശ്വാസികളെ സ്വാധീനിക്കാമെന്നും അങ്ങനെ താനും സഭയും മനുഷ്യനിര്‍മ്മിത നിയമങ്ങളാല്‍ ന്യായം വിധിക്കപ്പെടേണ്ടവരല്ല എന്നൊരു (മിഥ്യാ)ധാരണ പ്രചരിപ്പിച്ച് വിവാദത്തില്‍നിന്ന് തലയൂരാം എന്നുമാണ് അദ്ദേഹം ധരിച്ചുവശായിരിക്കുന്നത് എന്നു തോന്നുന്നു.
വിവാദ ഭൂമിക്കച്ചവടത്തിലെ ക്രമക്കേടുകള്‍ വെളിച്ചത്തായ ആദ്യനാളുകളില്‍ പ്രകടിപ്പിക്കപ്പെട്ട ജനവികാരം ക്രോധത്തിന്റേതായിരു ന്നില്ല; മറിച്ച്, അനുനയത്തിന്റെയും അപേക്ഷയുടേതുമായിരുന്നു. മാര്‍ ആലഞ്ചേരിയും അദ്ദേഹത്തോടൊപ്പം ഈ ഇടപാടില്‍ പങ്കെടുത്തവരും ദൈവനിമയത്തിനനുസൃതമായി, സത്യസന്ധമായി, ദൂരക്കാഴ്ചയോടുകൂടി വിശ്വാസിസമൂഹത്തെക്കൂടി വിശ്വാസത്തിലെടുത്ത് ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നായിരുന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ദൈവവഴിയല്ല, മറിച്ച് പലരും ആരോപിക്കുന്നപ്രകാരം, മാമ്മോന്റെ വഴിയാണ് കര്‍ദ്ദിനാളും സംഘവും അനുധാവനംചെയ്യുന്നത് എന്ന് സംശയിക്കേണ്ടവിധമാണ് അവര്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.
ഈ ഭൂമി ഇടപാടില്‍ മാര്‍ ആലഞ്ചേരിയും സഹവൈദികരും ദൈവനിയമത്തിന്റെ ഏതെല്ലാം തത്വങ്ങളാണ് പാലിച്ചത്? ഈ ഇടപാടിലെ ക്രമക്കേടുകള്‍ അന്വേഷിച്ച് നിയമാനുസൃതം നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടവര്‍ ദൈവനിയമത്തിലെ ഏതെല്ലാം പ്രമാണങ്ങളാണ് ലംഘിച്ചത്? സഭയെയും തന്നെയും സംബന്ധിച്ച് ദൈവനിയമമാണ് പ്രഥമവും പ്രധാനവും, അതാണ് വിശ്വാസികള്‍ മുറുകെ പിടിക്കേണ്ടത് എന്ന് ഉദ്‌ബോധിപ്പിക്കുന്ന ബഹു. കര്‍ദ്ദിനാള്‍ ചുരുങ്ങിയപക്ഷം ഈ ചോദ്യങ്ങള്‍ക്കെങ്കിലും മറുപടി നല്‍കിയിരുന്നെങ്കില്‍ പ്രശ്‌നത്തിന് കുറെക്കൂടെ വ്യക്തത ലഭിക്കുമായിരുന്നു.
ബഹു. മാര്‍ ആലഞ്ചേരിയുടെ ശ്രദ്ധ ഒരു പഴമൊഴിയിലേക്ക് വിനയപൂര്‍വ്വം ക്ഷണിച്ചുകൊള്ളട്ടെ: ''എല്ലാ വിശുദ്ധന്‍മാര്‍ക്കും ഒരു ഭൂതകാലമുണ്ടായിരുന്നു; എല്ലാ പാപികള്‍ക്കും ഒരു ഭാവിയുണ്ട്.  സമയം അതിക്രമിച്ചിട്ടില്ല; അവസരം കൈവിട്ടു പോയിട്ടുമില്ല.''

1 comment:

  1. https://www.facebook.com/joseph.tj.73/posts/2012745812132421

    ReplyDelete