Translate

Tuesday, May 22, 2018

സഭകളുടെ പൊതുസമ്പത്ത് ഭരിക്കാന്‍ ചര്ച്ച് ആക്ട് ഉടന്‍ വേണം - ജസ്റ്റീസ് കെ. ടി. തോമസ്


കേരളത്തിലെ ക്രൈസ്തവസഭകള്‍ അവരുടെ 'ഭൗതികസ്വത്തുക്കള്‍' സംബന്ധിച്ച തര്‍ക്കങ്ങളും ഭിന്നതകളും മൂലം വിശ്വാസ്യത തകര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍, ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്ന ആവശ്യവുമായി സുപ്രീംകോടതി മുന്‍ ജഡ്ജി പത്മഭൂഷണ്‍ ജസ്റ്റീസ് കെ. ടി. തോമസ് രംഗത്തുവന്നിരിക്കുന്നു. 'വൈദ്യന്‍ ചികിത്സിക്കുന്നു; ദൈവം സൗഖ്യമാക്കുന്നു' എന്ന തന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് ഒരദ്ധ്യായത്തിലൂടെ ജസ്റ്റിസ് തോമസ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. അദ്ദേഹം പറയുന്നു:
'ഇന്ത്യ ഭരണഘടനാധിഷ്ഠിതമായ ഒരു റിപ്പബ്ലിക് ആയതുകൊണ്ട് നിയമത്തിന്റെ കീഴില്‍ കൊണ്ടുവരാത്ത യാതൊരു പ്രവര്‍ത്തനമണ്ഡലങ്ങളും റിപ്പബ്ലിക്കില്‍ ഉണ്ടാവാന്‍ പാടില്ലെന്നുള്ളത് പ്രജാഭരണത്തിലെ ഒരു അടിസ്ഥാനപ്രമാണമാണ്. അതുകൊണ്ട് സഭകളുടെ വരുമാനങ്ങളും സ്വത്തുക്കളും നിയമത്തിന് വിധേയമായിരിക്കണം എന്നുള്ളത് ആര്‍ക്കും നിഷേധിക്കാന്‍ പാടില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജനാധിപത്യറിപ്പബ്ലിക്കിലെ ഏറ്റവും ഉന്നതനായ വ്യക്തിയും നിയമത്തിന് താഴെയാണ്. ഇത് റിപ്പബ്ലിക്കിന്റെ പരമപ്രധാനമായ പ്രതിപാദ്യധര്‍മ്മമാണ്.
മതവിശ്വാസികള്‍ക്ക് പ്രവര്‍ത്തിക്കാനും പ്രചരണംനടത്താനുമുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കിയിരുന്നത്, മതസമുദായങ്ങള്‍ക്കല്ല, വ്യക്തികള്‍ക്കാണ്. അത് 25-ാം അനുച്ഛേദത്തില്‍ വ്യക്തമായി പറയുന്നുണ്ട്.
ഇന്ന് ഇന്ത്യയിലെ ഇതര മതവിഭാഗങ്ങളിലെയും സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കപ്പെടുന്നത് രാഷ്ട്രത്തിന്റെ നിയമം അനുസരിച്ചാണ്. എന്നാല്‍ കഷ്ടമെന്ന് പറയട്ടെ, ക്രൈസ്തവസഭകളുടെ സമ്പത്ത് ഭരിക്കപ്പെടുന്നത് രാഷ്ട്രനിയമത്തിന് വിധേയമായിട്ടല്ല.
ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രം തിരുപ്പതിയിലെ തിരുമല ക്ഷേത്രമാണ്. അതിനുമാത്രമായി ഒരു നിയമം പാര്‍ലമെന്റ് പാസ്സാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ആ ക്ഷേത്രത്തിന്റെ വമ്പിച്ച സ്വത്തുക്കളും വരുമാനങ്ങളും ഭരിക്കപ്പെടാനാവുകയുള്ളു. അതിന്റെ കണക്കുകള്‍ സുതാര്യവും പരിശോധനാ വിധേയവുമായിരിക്കേണ്ടതാണെന്ന് അനുശാസിക്കുന്നു. നിയമങ്ങള്‍ ഹിന്ദുക്കളുടെ ക്ഷേത്രങ്ങള്‍ക്കു മാത്രമായിരിക്കരുത്.
മതന്യൂനപക്ഷങ്ങള്‍ ഇപ്രകാരമൊരു നിയമത്തിന്റെ കീഴില്‍ വരേണ്ട കാര്യമില്ലായെന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണ മാത്രമാണ്. ഇന്ത്യയിലെ മതന്യൂനപക്ഷമായ മുസ്ലീങ്ങളുടെ പൊതുസ്വത്തക്കളെ സംബന്ധിച്ച് ഒരു നിയമം ഇന്ന് നിലവിലുണ്ട്. അതിനെ വഖഫ് ആക്ട് എന്നുപറയാം. വഖഫ് എന്നത് മുസ്ലീങ്ങളുടെ പൊതുസ്വത്തിനു പറയുന്ന അറബിവാക്കാണ്. വഖഫ് ആക്ട് പ്രകാരം മുസ്ലീങ്ങളുടെ പൊതുസ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കം തീരുമാനിക്കാന്‍ ഒരു ട്രൈബ്യൂണല്‍തന്നെയുണ്ട്.
ഇന്ത്യയിലെ മറ്റൊരു മതന്യൂനപക്ഷമായ സിഖുകാര്‍ക്കും അവരുടെ മതസ്ഥാപനങ്ങള്‍ സംബന്ധിച്ച് ഒരു നിയമമുണ്ട്. സിഖ് ഗുരുദ്വാര ആക്ട്. അവരുടെ സ്വത്തുക്കളും വരുമാനവും ഭരിക്കുന്നത് ഈ ആക്ടിന്റെ വ്യവസ്ഥകളനുസരിച്ചാണ്.
വിവിധ സ്രോതസ്സുകളിലായി കുമിഞ്ഞുകൂടുന്ന സഭകളുടെ സ്വത്തുക്കളുടെ ഭരണം നിയന്ത്രിക്കുന്നതിന് നിയമം വന്നാല്‍ ആ സ്വത്തുക്കള്‍ ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് ശരിയല്ല. നിയമം ഉള്ളതുകൊണ്ട് ഹിന്ദുസമുദായങ്ങളുടെയോ മുസ്ലീങ്ങളുടെയോ സിഖുക്കാരുടെയോ സമൂഹസമ്പത്ത് സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ല; ഏറ്റെടുക്കാനാവുകയുമില്ല. സഭകളുടെ സാമ്പത്തികകാര്യങ്ങളില്‍ പൊതു സുതാര്യത ഉണ്ടാവുന്നത് നവോത്ഥാനത്തിനും ശുചീകരണത്തിനും ഉപകാരമായിത്തീരുകയേയുള്ളു.

No comments:

Post a Comment