(സത്യജ്വാല ആഗസ്റ്റ് 2018, എഡിറ്റോറിയൽ)
സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ദുരുപയോഗിക്കാന്‍ ക്രൈസ്തവപുരോഹിതര്‍
കുമ്പസാരത്തെ ഒരുപാധിയാക്കുന്നു എന്നു തെളിയിക്കുന്ന സംഭവങ്ങള്‍ പുറത്തായതോടെ
കേരളത്തില്‍ കുമ്പസാരമെന്ന കൂദാശതന്നെ ഒരു വിവാദവിഷയമായിരിക്കുകയാണ്. പുരോഹിതശ്രേഷ്ഠരും
സഭാവക്താക്കളും സഭയുടെ ആധികാരികസംഘടനകളും ചില രാഷ്ട്രീയനേതാക്കളും ഇതെല്ലാം
ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും, യേശു സ്ഥാപിച്ച
കുമ്പസാരമെന്ന കൂദാശ ക്രൈസ്തവവിശ്വാസത്തിന്റെ അവിഭാജ്യഭാഗമാണെന്നും, അതു വേണ്ടെന്നുവയ്ക്കാനോ അതില്‍ പരിഷ്‌കാരങ്ങള്‍ വരുത്താനോ
ആവില്ലെന്നും, കുമ്പസാരിക്കണമോ വേണ്ടയോ എന്നു
തീരുമാനിക്കാന്‍ വിശ്വാസികള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നും, സഭ അതിനാരെയും നിര്‍ബന്ധിക്കുന്നില്ലെന്നും
വാദിച്ചുകൊണ്ടിരിക്കുന്നു. അതേസമയം, സ്വതന്ത്രചിന്തകരും
സഭാനവീകരണപ്രവര്‍ത്തകരും, സ്വതന്ത്രബുദ്ധിയോടുകൂടി
പ്രവര്‍ത്തിക്കുന്ന വാര്‍ത്താചാനലുകളുടെ പ്രഗല്ഭരായ അവതാരകര്‍ ഒരുക്കിത്തരുന്ന ചര്‍ച്ചാവേദികളില്‍
മറുവാദങ്ങളുന്നയിച്ച് അതിനെയെല്ലാം യാഥാസ്ഥിതികമെന്നും പുരോഹിതസൃഷ്ടമെന്നും
ചൂഷണോപാധിയെന്നും ക്രിസ്തുവിരുദ്ധമെന്നും അപഹസിച്ചൊതുക്കുകയും ചെയ്യുന്നു.
കുമ്പസാരരഹസ്യംവച്ചു ബ്ലാക്‌മെയില്‍ ചെയ്ത് ഒരു വീട്ടമ്മയെ പല പുരോഹിതര്‍
ലൈംഗികമായി ദുരുപയോഗിച്ച സംഭവത്തിന്റെയും മറ്റു പരാതികളുടെയും അടിസ്ഥാനത്തില്‍, ദേശീയ വനിതാകമ്മീഷന്‍ കേന്ദ്രഗവണ്മെന്റിനു കുമ്പസാരം
നിരോധിക്കണമെന്ന ശിപാര്‍ശ നല്‍കുകകൂടി ചെയ്തതോടെ കുമ്പസാരം എന്ന കൂദാശ ഇപ്പോള്‍
പ്രതിക്കൂട്ടിലുമായിരിക്കുന്നു! ഈ സാഹചര്യത്തില്‍ കുമ്പസാരമെന്ന ക്രൈസ്തവ
ആചാരത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ രൂപീകരിച്ചു മുന്നോട്ടുപോകാന്‍ ക്രൈസ്തവര്‍ക്കു
കടമയുണ്ട്.
കുമ്പസാരമുള്‍പ്പെടെ കത്തോലിക്കാസഭയുടെ ഏഴു കൂദാശകളും യേശു
സ്ഥാപിച്ചവയാണെന്നാണ് കത്തോലിക്കാസഭയുടെ ആധികാരിക നിലപാട്. സഭാപഠനമനുസരിച്ച്
കൂദാശകളോരോന്നും ആന്തരികമായ ദൈവവരപ്രസാദത്തിന്റെ ഓരോ സ്രോതസുകളാണ്. അങ്ങനെ
നോക്കുമ്പോള്‍ കുമ്പസാരത്തിലൂടെ പാപങ്ങള്‍ ക്ഷമിക്കപ്പെടുകമാത്രമല്ല ചെയ്യുന്നത്, അതിലൂടെ ഒരാള്‍ക്ക് സവിശേഷമായ ദൈവവരപ്രസാദം ലഭിക്കുകകൂടി
ചെയ്യുന്നു.
കുമ്പസാരം യേശു സ്ഥാപിച്ചതാണെന്ന് സമര്‍ത്ഥിക്കാന്‍ സഭ ഉദ്ധരിക്കുന്നത്
മുഖ്യമായും, ''....പിതാവ് എന്നെ
അയച്ചിരിക്കുന്നതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.... അവന്‍ പറഞ്ഞു: പരിശുദ്ധാത്മാവിനെ സ്വീകരിക്കുക. നിങ്ങള്‍
ആരുടെയെങ്കിലും പാപങ്ങള്‍ ക്ഷമിച്ചാല്‍ അവ ക്ഷമിക്കപ്പെടും. നിങ്ങള്‍
ആരുടെയെങ്കിലും പാപങ്ങള്‍ നിലനിര്‍ത്തിയാല്‍ അവ നിലനിര്‍ത്തപ്പെടും'' (യോഹ. 20:21-23) എന്ന ബൈബിള്‍ വാക്യങ്ങളാണ്. യേശു ഇതു
പറയുന്നത്, ഭയം നിമിത്തം വാതിലടച്ച്
ഇരുന്നിരുന്ന, തോമാശ്ലീഹാ ഒഴികെയുള്ള
ശ്ലീഹന്മാരോടുമാത്രമാണ്. അതുകൊണ്ടാണ,് ഈ പാപമോചനാധികാരം
അപ്പോസ്തലന്മാര്‍ക്കുമാത്രമായി നല്‍കപ്പെട്ടതാണെന്ന് ആധികാരികസഭ
വാദിക്കുന്നത്.
''യഹൂദര്‍ ഭക്ഷണത്തിനുമുമ്പും
പിമ്പും പിറ്റേന്നു രാവിലെയും തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറഞ്ഞിരുന്നു''വെന്നും, ''പാപങ്ങള്‍
ക്ഷമിക്കപ്പെടുന്നതിനായി പ്രാര്‍ത്ഥിച്ചിരുന്നു'' ('How did Christ said the First Mass' by Fr. James L. Meagher. DD,
Page 323, സ്വന്തം തര്‍ജ്ജമ) എന്നും മറ്റുമുള്ള യഹൂദ
പാരമ്പര്യങ്ങളുദ്ധരിച്ച്, കുമ്പസാരപാരമ്പര്യം
പഴയനിയമകാലം മുതലുണ്ട് എന്ന വാദവും സഭകള്‍ ഉയര്‍ത്തുന്നുണ്ട്.
ആദിമസഭയിലും കുമ്പസാരിക്കുന്ന സമ്പ്രദായമുണ്ടായിരുന്നെന്ന് സ്ഥാപിക്കാന്‍, ''വിശ്വാസം സ്വീകരിച്ച പലരും വന്ന് തങ്ങളുടെ ചെയ്തികള്‍
ഏറ്റുപറഞ്ഞ് കുറ്റം സമ്മതിച്ചു'' (അപ്പോ.പ്രവ. 19:18)
എന്ന വാക്യം സഭാധികൃതര്‍ ഉദ്ധരിച്ചുകാണുന്നു. ആദിമസഭാപിതാക്കന്മാരുടെ
പ്രബോധനങ്ങളടങ്ങിയ 'ഡിഡാക്കെ' (Didache) യില്‍നിന്ന്,
''നിങ്ങളുടെ
പാപങ്ങള്‍ ഏറ്റുപറയണം. ദുഷിച്ച മനഃസാക്ഷിയുമായി നിങ്ങള്‍ പ്രാര്‍ത്ഥനയ്ക്കു
പോകരുത്. ഇതാണ് വെളിച്ചത്തിന്റെ വഴി'' എന്ന ബെര്‍ണബാസിന്റെ AD 74-ലെ കത്തിന്റെ ഭാഗം,
ബൈബിളില്‍
കാണുന്ന ആദിമസഭയ്ക്കുശേഷവും കുമ്പസാരം സഭയില്‍ തുടര്‍ന്നിരുന്നു എന്നു കാണിക്കാന്‍
ആധികാരികസഭ എടുത്തു കാട്ടാറുണ്ട്. സമാനമായ ഒരു സമ്പ്രദായം 'പിഴമൂളല്‍' എന്ന പേരില്‍ കേരള
നസ്രാണിസഭയിലും 1599-ലെ ഉദയംപേരൂര്‍ സൂനഹദോസുവരെ ഉണ്ടായിരുന്നു എന്ന് ഇവിടെ
നമുക്കുക്കോര്‍ക്കാം.
ഓരോ മനുഷ്യനെയും അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കും നയിച്ച്
അവരോരുത്തരെയും പുതിയ മനുഷ്യരാക്കി, ദൈവരാജ്യപൗരന്മാരാക്കി, രൂപാന്തരപ്പെടുത്തുകയെന്നതായിരുന്നുവല്ലോ യേശുവിന്റെ
ലക്ഷ്യംതന്നെ. അങ്ങനെ നോക്കുമ്പോള്‍, ആദിമസഭയിലും
കേരളസഭയിലും നിലനിന്നിരുന്ന, പാപങ്ങള്‍
ഏറ്റുപറയുന്നതും പിഴമൂളുന്നതുമായ രീതി യേശുവിന്റെ പ്രബോധനങ്ങള്‍ക്കനുസൃതമാണെന്നുകാണാം.
എന്നാല്‍, ഇതൊക്കെ പൊതുകുമ്പസാരത്തിന്റെ
ഗണത്തിലാണു വരുന്നതെന്നും അതൊന്നും കുമ്പസാരത്തിന്റെ ഇന്നത്തെ രീതിയെ, പുരോഹിതന്റെ അടുത്ത് പാപങ്ങള്‍ രഹസ്യമായി ഏറ്റുപറയുന്ന
സമ്പ്രദായത്തെ, പിന്തുണയ്ക്കുന്നില്ലെന്നും
അല്പമൊരു താരതമ്യത്തില്‍നിന്നുതന്നെ ആര്‍ക്കും കണ്ടെത്താനാകും.
അനുതാപം, പാപങ്ങളുടെ ഏറ്റുപറച്ചില്‍
എന്നീ ക്രൈസ്തവമൂല്യങ്ങളുടെ മറവില്‍, പാപമോചനാധികാരം
തങ്ങളുടെ കുത്തകയാക്കിവച്ച് വിശ്വാസികളെ തങ്ങളുടെ ആദ്ധ്യാത്മിക അടിമകളാക്കാന്‍
പൗരോഹിത്യം സൃഷ്ടിച്ചെടുത്ത ഒന്നാണ് ഇന്നത്തെ രഹസ്യക്കുമ്പസാരസമ്പ്രദായം എന്നു
കരുതേണ്ടിയിരിക്കുന്നു. അല്ലായിരുന്നെങ്കില്‍, യോഹന്നാന്റെ മുമ്പുദ്ധരിച്ച വാക്യങ്ങളിലെ (20:21-23) യേശുവിന്റെ
പ്രഖ്യാപനത്തിലൂടെ പാപമോചനാധികാരം ലഭിച്ച അപ്പോസ്തലന്മാര്‍ അന്നത്തെ വിശ്വാസികളെ
കുമ്പസാരിപ്പിക്കാതിരിക്കുമായിരുന്നോ? അപ്പോസ്തല പ്രവര്‍ത്തനങ്ങളിലോ
ശ്ലീഹന്മാരുടെ ലേഖനങ്ങളിലോ അവര്‍ വിശ്വാസികളെ കുമ്പസാരിപ്പിച്ചതിന്റെ ഒരു പരാമര്‍ശംപോലും
ഇല്ലതാനും.
എന്നിരുന്നാലും, യോഹന്നാന്റെ 20:21
മുതല്‍ 23 വരെയുള്ള മുമ്പുദ്ധരിച്ച വാക്യങ്ങളെ നാം എങ്ങനെ മനസ്സിലാക്കണം എന്ന ചോദ്യം ഇനിയും അവശേഷിക്കുന്നു. ഭയന്നു
വാതിലടച്ചിരുന്ന 10 അപ്പോസ്തലന്മാര്‍ക്കു മാത്രമായാണ് യേശു പ്രത്യക്ഷപ്പെട്ട്
പാപമോചനാധികാരം നല്‍കിയത് എന്നു കരുതാമോ?
യേശുവിനെപ്പോലൊരാള്‍
അങ്ങനെ വിഭാഗം തിരിച്ച് ഉപദേശങ്ങളും കല്പനകളും നല്‍കുമെന്നു കരുതാനാകുമോ? ഒരു ലോകഗുരുവിന്റെ എല്ലാ ഉപദേശങ്ങളും കല്പനകളും സര്‍വ്വാശ്ലേഷി
ആയിരിക്കില്ലേ? ശ്ലീഹന്മാരിരുന്ന മുറിയില്‍
മറ്റാരും ഇല്ലായിരുന്നു എന്നതുകൊണ്ട്, യേശു പറഞ്ഞ
പാപമോചനാധികാരം അവരുടെമാത്രം കുത്തകയായിത്തീരുന്നതെങ്ങനെ? (അങ്ങനെയെങ്കില്‍, ഈ അധികാരത്തില്‍
പങ്കുപറ്റാന്‍ കഴിയാതെപോയ തോമാശ്ലീഹാ സ്ഥാപിച്ച സഭകളിലെ കുമ്പസാരം എങ്ങനെ
സാധുവാകും? എന്നൊരു ചോദ്യവും ഉ യരുന്നുണ്ട്)
ഏതായാലും യേശുവിന്റെ അപ്പോസ്തലന്മാര്‍ ആരെയും കുമ്പസാരിപ്പിച്ചില്ല എന്നതില്‍
നിന്നുതന്നെ, ഈ വചനഭാഗവുമായി ബന്ധപ്പെട്ട്
പിന്നീടുണ്ടായ പുരോഹിതവ്യാഖ്യാനങ്ങളും പ്രബോധനങ്ങളും അസ്ഥാനത്താണെന്നു
തെളിയുന്നുണ്ട്.
പാപമോചനാധികാരം പരിശുദ്ധാത്മാവിനെ സ്വീകരിക്കന്നവര്‍ക്കു മാത്രമുള്ളതാണെന്ന്, 'പരിശുദ്ധാത്മാവിനെ
സ്വീകരിക്കുക' എന്നു പറഞ്ഞതിനുശേഷമാണ്
പാപമോചനാധികാരത്തെപ്പറ്റി യേശു ഇവിടെ പറഞ്ഞിരിക്കുന്നത് എന്നതില്‍നിന്നു വ്യക്തമാണ്.
അതാണ് അടിസ്ഥാന യോഗ്യത. പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്ന, ദൈവാരൂപിയില്‍ വസിക്കുന്ന, എല്ലാ മനുഷ്യര്‍ക്കും ലഭ്യമാകുന്ന അധികാരത്തെക്കുറിച്ചാണ് യേശു ഇവിടെ
പറയുന്നത്. യേശുവിന്റെ ഉപദേശപ്രകാരം അനുതപിച്ച് പരിശുദ്ധാരൂപിയെ സ്വീകരിച്ച്
ആദ്ധ്യാത്മികരൂപാന്തരം പ്രാപിക്കുന്ന എല്ലാവരും ദൈവികമനുഷ്യരാണ്, അഥവാ ദൈവപുത്രന്മാരാണ്. 'ഞാന്‍ ഭാവ' (ego)ത്തെ മറികടന്ന്
ദൈവികതയെ പുല്‍കുന്ന അവര്‍ക്ക് മറ്റു മനുഷ്യരുടെ ഹൃദയങ്ങളെ കാണാനും ദൈവികമായ
തലത്തില്‍നിന്ന് അവരുടെ പാപങ്ങള്‍ മോചിക്കാനുമുള്ള ധാര്‍മ്മികാധികാരം
ഉണ്ടായിരിക്കുമെന്നാണ് യേശു പഠിപ്പിക്കുന്നത്.
പാപമോചനാധികാരം ആര്‍ക്കും പ്രത്യേകമായി യേശു പതിച്ചുനല്‍കിയിട്ടില്ല എന്നതിന്
ബൈബിളില്‍ വേറെയും തെളിവുണ്ട്. മത്തായിയുടെ 18-ാം അദ്ധ്യായം 18 -ാം വാക്യം ഇങ്ങനെ
പറയുന്നു: ''സത്യമായി ഞാന്‍ നിങ്ങളോടു
പറയുന്നു, നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം
സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം
സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും''
പാപംപോക്കാനും
നിലനിര്‍ത്താനുമുള്‍പ്പെടെ മനുഷ്യനുള്ള ആദ്ധ്യാത്മികാധികാരമാണ് ഇവിടെയും യേശു
പ്രഖ്യാപിക്കുന്നത്. ഇത് യേശു പറയുന്നത് തന്നെ ശ്രവിച്ചുകൊണ്ടിരുന്ന
എല്ലാവരോടുമായാണ്; അല്ലാതെ, അപ്പോസ്തലന്മാരോടു മാത്രമായിട്ടായിരുന്നില്ല.
സഭയിലെ കേവലം നൈയാമികമായ കൈവയ്പുവഴി അപ്പോസ്തലികപിന്തുടര്‍ച്ചയും അവര്‍
നേടിയിരുന്ന ഈ ആദ്ധ്യാത്മികാധികാരവും കൈവരുമെന്നാണ് നമ്മുടെ സഭാമേലാളന്മാര്‍
വിചാരിച്ചുവച്ചിരിക്കുന്നത്. ആദ്ധ്യാത്മികാധികാരം വ്യാവഹാരികമായ അര്‍ത്ഥത്തിലുള്ള
അധികാരമല്ല എന്നുപോലും അവര്‍ മനസ്സിലാക്കുന്നില്ല. വ്യക്തിസത്തയെ അതിജീവിച്ച്
ദൈവികസത്തയെ പ്രാപിച്ചവര്‍ക്ക്, ദൈവികകാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള
ധാര്‍മ്മികമായ അധികാരമാണുള്ളത്. എളിമയോടും സ്‌നേഹത്തോടും കരുണയോടും ക്ഷമയോടുംകൂടി
മറ്റുള്ളവരെ കൈപിടിച്ചുയര്‍ത്താനും ആത്മീയമായി ഊട്ടിവളര്‍ത്താനുമുള്ള ധാര്‍മ്മികശക്തിയും
അതിന്റെ വിനിയോഗവുമാണത്; അല്ലാതെ, വ്യാവഹാരികാര്‍ത്ഥത്തിലുള്ള ഭരണാധികാരമല്ല.
ഈ ആദ്ധ്യാത്മികാധികാരമാണ് യേശുവിനുണ്ടായിരുന്നത്. ആ അധികാരത്തിന്റെ
പ്രയോഗമായിട്ടായിരുന്നു, 'മകനേ, ധൈര്യമായിരിക്കൂ,
നിന്റെ
പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു'വെന്ന് തളര്‍വാതരോഗിയോട്
യേശു പറഞ്ഞതും, തുടര്‍ന്ന് 'മനുഷ്യപുത്രന് ഭൂമിയില്‍ പാപമോചനാധികാരമുണ്ടെന്ന് നിങ്ങള്‍
അറിയാന്‍വേണ്ടി' എന്നു പറഞ്ഞുകൊണ്ട്, 'എഴുന്നേല്‍ക്കുക,
നിന്റെ
കിടക്കയുമെടുത്ത് വീട്ടില്‍ പോകുക' എന്ന് കല്പിച്ചതും
(മത്താ. 9:2-6). ഈ കല്പന അധികാരത്തെ ദ്യോതിപ്പിക്കുന്നുവെങ്കിലും യഥാര്‍ത്ഥത്തില്‍
ആത്മീയശക്തിയില്‍ ഊന്നിനിന്നുള്ള ശുശ്രൂഷയുടെ പ്രകാശനമാണ്. ഇങ്ങനെ കല്പിക്കാനും
പാപമോചനം നല്‍കാനുമുള്ള 'അധികാരം' ആദ്ധ്യാത്മികത ആര്‍ജ്ജിക്കുന്ന ഈ ഭൂമിയിലെ ഓരോ
മനുഷ്യനുമുണ്ട് എന്നാണ് യേശു ഇവിടെ പ്രഖ്യാപിക്കുന്നത്. ''എന്നില്‍ വിശ്വസിക്കുന്നവന്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍
ചെയ്യും; ഇവയേക്കാള്‍ വലിയ പ്രവൃത്തികള്‍
ചെയ്യും'' (യോഹ. 14:12) എന്ന് യേശു ഉറപ്പു
നല്‍കിയതും ഈ ഭൂമിയിലെ മനുഷ്യപുത്രന്മാരോടാണ് എന്നിവിടെ ഓര്‍ക്കാം. മനുഷ്യനെ
ദൈവികതയിലേക്ക് ഉയര്‍ത്തുകയാണ്, ഉയരാന്‍ ക്ഷണിക്കുകയാണ്
യേശു.
പാപമോചനാധികാരത്തിന്റെ ഉയര്‍ന്ന തലത്തെപ്പറ്റിയാണ് ഇതുവരെ പറഞ്ഞത്. എന്നാല്‍, ആദ്ധ്യാത്മികമായ ഔന്നത്യത്തിലെത്താത്ത സാധാരണ മനുഷ്യര്‍ക്കും
പാപമോചനാധികാരമുണ്ട് എന്ന് യേശുവും പുതിയനിയമലേഖനകര്‍ത്താക്കളും നമ്മെ
പഠിപ്പിക്കുന്നുണ്ട്. യേശു പറയുന്നു: ''നിന്റെ സഹോദരന്
നിന്നോട് തെറ്റുചെയ്താല്‍, നീയും അയാളും
മാത്രമുള്ളപ്പോള്‍ തെറ്റ് അയാളെ ധരിപ്പിക്കുക. നീ പറയുന്നത് അയാള്‍ ചെവിക്കൊണ്ടാല്‍
നീ നിന്റെ സഹോദരനെ നേടിക്കഴിഞ്ഞു''(മത്താ. 18:15). അങ്ങനെ
ചെവിക്കൊള്ളുമ്പോള്‍ അയാള്‍ തന്റെ കുറ്റം മനഃസ്താപത്തോടെ സമ്മതിക്കുകയാണ്. നീ
നിന്റെ സഹോദരനെ നേടിക്കഴിഞ്ഞു എന്നു പറയുമ്പോള്‍ അയാളോടു ക്ഷമിച്ച്
പാപവിമുക്തനാക്കിയെന്നും മനസിലാക്കാം. അതുപോലെതന്നെയാണ്, 'നിന്റെ സഹോദരന് നിന്നോട്
പിണക്കമുണ്ട് എന്നോര്‍മ്മിക്കുകയാണെങ്കില്‍... ആദ്യം നിന്റെ സഹോദരനുമായി
രമ്യപ്പെടുക' (മത്താ. 5:23-24) എന്ന കല്പനയും.
ഇവിടെ, പിണക്കമുണ്ടെന്ന് ഓര്‍മിക്കുമ്പോള്‍തന്നെ
അതില്‍ പശ്ചാത്താപമുണ്ട്. രമ്യതയിലെത്തുമ്പോള്‍ മറുഭാഗത്ത് ക്ഷമിക്കലും
പാപവിമുക്തിയുമുണ്ട്. യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ, 'ഞങ്ങളോടു തെറ്റു ചെയ്തവരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ
ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ'
എന്ന
ഭാഗത്ത് മാനുഷികതലത്തിലുള്ള ഈ പരസ്പരകുമ്പസാരത്തിന്റെയും അതുവഴിയുള്ള പാപവിമോചനത്തിന്റെയും
വലിയൊരു ദര്‍ശനംതന്നെ നമുക്ക് കാണാനാകും. ''അതിനാല്‍, നിങ്ങള്‍ അന്യോന്യം പാപങ്ങള്‍ ഏറ്റുപറയുക'' (യാക്കോ. 5:16) എന്ന യാക്കോബ് ശ്ലീഹായുടെ ഉപദേശവും
സുവിശേഷത്തില്‍ ഉടനീളമുള്ള സമാന ഉപദേശങ്ങളും പരസ്പരം ക്ഷമിച്ച് പാപം പോക്കാനുള്ള
മനുഷ്യന്റെ കടമയും അധികാരവും സ്ഥാപിക്കുന്നുണ്ട്.
അങ്ങനെനോക്കുമ്പോള്‍, പാപമോചനത്തിന്
മൂന്നുവിധത്തിലുള്ള പാരമ്പര്യങ്ങളാണ് സഭയ്ക്കുള്ളത് എന്നു കണാനാകും: (1)
ദൈവാരൂപിയില്‍ വസിക്കുന്ന മനുഷ്യന്‍ ആദ്ധ്യാത്മികാധികാരത്തോടെ നടത്തുന്ന
പാപവിമോചനം, (2) തമ്മില്‍ത്തമ്മില്‍ കുറ്റം
ഏറ്റുപറഞ്ഞും ക്ഷമിച്ചുമുള്ള പാപവിമോചനം, അഥവാ പരസ്പര
കുമ്പസാരം, (3) സമൂഹമധ്യേ പാപങ്ങള്‍
ഏറ്റുപറഞ്ഞും പിഴമൂളിയും ദൈവത്തോടു ക്ഷമയാചിച്ചുമുള്ള പൊതുകുമ്പസാരം. ഇതിനപ്പുറം, പുരോഹിതനോട് പാപങ്ങള്‍ രഹസ്യമായി ഏറ്റുപറഞ്ഞുള്ള ഒരു
കുമ്പസാരപാരമ്പര്യം പഴയനിയമത്തിലോ പുതിയനിയമത്തിലോ ആദിമസഭയിലോ ഭാരതസഭയിലോ
കണ്ടെത്താന്‍ ആര്‍ക്കും സാധിക്കുമെന്നു തോന്നുന്നില്ല. അപ്പോള്‍പിന്നെ, ഇത് യേശു സ്ഥാപിച്ച കൂദാശയാണെന്ന് എങ്ങനെ പറയാന്‍ കഴിയും?
കത്തോലിക്കാസഭയില്‍ അടിച്ചേല്പിക്കപ്പെട്ടിരിക്കുന്ന കുമ്പസാരമെന്ന കൂദാശ
സ്ഥാപിച്ചത് യേശുവല്ല; മറിച്ച്, 1215-ലെ 4-ാമത് ലാറ്ററന്‍ കൗണ്‍സിലില്‍വച്ച് ഇന്നസെന്റ്
3-ാമന്‍ മാര്‍പാപ്പയാണ്. ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിച്ചില്ലെങ്കില്‍ അത്
അതില്‍ത്തന്നെ ചാവുദോഷമായിരിക്കുമെന്ന അന്നത്തെ പ്രഖ്യാപനം ഇന്നും തിരുസഭയുടെ
അഞ്ചുകല്പനകളിലൊന്നായി ഒരു മാറ്റവും കൂടാതെ തുടരുന്നു. അപ്പോഴാണ്, പുരോഹിതശ്രേഷ്ഠരും സഭാവക്താക്കളുമൊക്കെ ചാനല്‍ ചര്‍ച്ചകളില്‍
വന്നിരുന്ന് കുമ്പസാരിക്കാന്‍ ആരെയും സഭ നിര്‍ബന്ധിക്കുന്നില്ല എന്നു പറയുന്നത്!
സാധാരണ വിശ്വാസികളെ സംബന്ധിച്ച്, കുമ്പസാരം ഒരു
തഴക്കദോഷംപോലെ ഒഴിവാക്കാനാവാത്ത
ഒന്നായിത്തീര്‍ന്നിട്ടുണ്ട് എന്നതൊരു യാഥാര്‍ത്ഥ്യമാണ്. അത് പെട്ടെന്ന്
നിറുത്തല്‍ ചെയ്യുന്നത് അവരില്‍ വലിയ മാനസികപ്രശ്‌നങ്ങള്‍ക്കു കാരണമാകും.
അതുകൊണ്ട് ഇപ്പോഴത്തെ കുമ്പസാരരീതിനിലനിര്‍ത്തിക്കൊണ്ടുതന്നെ, അതു നിര്‍ബന്ധമല്ല എന്ന് സഭ ആധികാരികമായി പ്രഖ്യാപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒപ്പം സ്ത്രീകളില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന
പുരോഹിതഭീതി ഒഴിവാക്കിക്കൊടുക്കാന്‍, കുമ്പസാരത്തിന്
കന്യാസ്ത്രീകളെ അധികാരപ്പെടുത്താനാവശ്യമായ നടപടികളും സ്വീകരിക്കേണ്ടിയിരിക്കുന്നു. തുടര്‍ന്ന്, കേരളസഭയുടെ വിശുദ്ധ പാരമ്പര്യമായ 'പിഴമൂളല്‍' എന്ന പൊതുകുമ്പസാരരീതി ഈ സഭയില്‍ പുനഃസ്ഥാപിക്കാനുള്ള
ശ്രമങ്ങളുണ്ടാകണം. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രഖ്യാപനങ്ങളുടെ അടിസ്ഥാനത്തില്‍, കേരളസഭയുടെ ഈ പൂര്‍വ്വപാരമ്പര്യം എപ്പോള്‍ വേണമെങ്കിലും
വീണ്ടെടുക്കാന്‍ സീറോ-മലബാര്‍, സീറോ-മലങ്കര സഭകള്‍ക്കുകഴിയും-
മെത്രാന്‍ സിനഡ് തീരുമാനിച്ചാല്‍ മാത്രംമതി. പാപങ്ങള്‍ പൊതുവായി ഏറ്റുപറയുന്ന
ആദിമസഭാസമ്പ്രദായത്തിലേക്ക് മാറണമെന്ന ആവശ്യം ലത്തീന്‍ സഭയിലും ഉയരണം. ഒപ്പംതന്നെ, ഒരാള്‍ ആരോടു ദ്രോഹംചെയ്‌തോ, അയാളോട് നേരിട്ട് ക്ഷമചോദിച്ചും പരിഹാരംചെയ്തുമുള്ള പരസ്പരകുമ്പസാരവും
പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. യേശുവിന്റെ പ്രബോധനങ്ങള്‍ക്കും ആദിമസഭാപാരമ്പര്യങ്ങള്‍ക്കും
അനുസൃതമായ ഈ രണ്ടു രീതികളും ഹൃദയശുദ്ധീകരണത്തെ സഹായിക്കും.
മൈക്കിള്‍ ഡി. അന്റോണിയോ എന്ന ചിന്തകന്‍ എഴുതിയ 'History of confession is a tale of sexual
obsession, exploitation' എന്ന പഠനത്തിലെ ഒരു വാക്യം ഇങ്ങനെയാണ്: ''പുരോഹിതര്‍ നൂറ്റാണ്ടുകളായി, തെളിവെടുപ്പു പരിശോധകരെ (forensic
interrogators) പ്പോലെ, തങ്ങള്‍ക്കു സ്വയം ഏറ്റവും ലജ്ജ
സ്വയംതോന്നിയ രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ പുരുഷന്മാരെയും
സ്ത്രീകളെയുംകുട്ടികളെയും നിര്‍ബന്ധപൂര്‍വ്വം പ്രേരിപ്പിച്ചുപോരുന്നു. ലൈംഗികപാപം
കേന്ദ്രീകരിച്ചുള്ള വൈദികരിലെ ഈ 'ലൈംഗികചിന്താബാധ'
(sexual obsession) നമ്മോടു പറയുന്നത്, അവര്‍ സ്വയം ഈ പാപബോധത്താല്‍
പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നാണ്.'' (NCR News letter, 2014 ഏപ്രില്‍ 25 -മെയ് 8, സ്വന്തം തര്‍ജ്ജമ). പ്രമുഖ സഭാനിരീക്ഷകനായ ജോണ്‍ കോണ്‍വെല്‍ (John Cornwell ) തന്റെ 'The Dark Box' എന്ന ഗ്രന്ഥത്തില്‍ പറയുന്നത്, ''ഇന്നത്തെ രീതിയിലുള്ള കുമ്പസാരമാണ്, പുരോഹിതരുടെ ബാലലൈംഗികപീഡനംമുതല്‍ സന്ന്യസ്തസമൂഹങ്ങളുടെ
ശോഷണംവരെ സഭ നേരിടുന്ന നിരവധിയായ പ്രശ്‌നങ്ങളുടെ അടിസ്ഥാനകാരണം'' എന്നാണ്. തന്റെ ബാല്യകാലത്തെ അയവിറക്കിക്കൊണ്ട്, ഏഴു വയസ്സുമുതല്‍ കുട്ടികള്‍ കുമ്പസാരിക്കണമെന്ന 10-ാം
പീയൂസ് മാര്‍പാപ്പയുടെ കല്പന കത്തോലിക്കാ
സമൂഹത്തെ എത്ര പ്രതികൂലമായി ബാധിച്ചു എന്നദ്ദേഹം ഇങ്ങനെ എഴുതിയിരിക്കുന്നു: ''.....ശുദ്ധതയ്‌ക്കെതിരായ പാപം, അതെത്ര നിസ്സാരമായിട്ടുള്ളതായാലും പറഞ്ഞുകുമ്പസാരിക്കേണ്ട
ചാവുദോഷമാണെന്നാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ഒരു കൊച്ചുകുട്ടിയുടെ ചിന്തയിലും
പ്രവൃത്തിയിലും ശുദ്ധതയ്‌ക്കെതിരായ എന്തു പാപമാണാവോ ഉണ്ടാകുക? എന്റെ ബാല്യകാലത്ത്
ഇതൊരു വലിയ പ്രശ്‌നമായിരുന്നു. കാരണം,
അത്ര
ചെറുപ്രായത്തില്‍ത്തന്നെ സ്വന്തം ശരീരത്തെയോര്‍ത്ത് ലജ്ജിക്കാനാവശ്യപ്പെടുന്ന ഒരു
പ്രബോധനമായിരുന്നു, അത്. അതിന്റെ ഫലം, പാപബോധത്താല്‍ ഗ്രസിക്കപ്പെട്ട നിരവധി കത്തോലിക്കാ തലമുറകള്‍
ജന്മംകൊണ്ടു എന്നതായിരുന്നു'' (സ്വന്തം തര്‍ജ്ജമ).
ബാലികാ-ബാലന്മാര്‍ മാത്രമല്ല, കന്യാസ്ത്രീകളുള്‍പ്പെടെ
ധാരാളം സ്ത്രീകളും പുരോഹിതരുമായി ലൈംഗികബന്ധത്തിനു വിധേയപ്പെടാനും അവര്‍ മുഖേന
പീഡിപ്പിക്കപ്പെടാനും ഇന്നത്തെ കുമ്പസാരസമ്പ്രദായം ഒരു മറയായി
ഉപയോഗിക്കപ്പെടുന്നുണ്ട് എന്നത് ഒരു വസ്തുതയാണെന്ന് ഇന്നെല്ലാവര്‍ക്കും അറിയാം.
കുമ്പസാരരഹസ്യംപോലും പാലിക്കാതെ അതും വിലപേശലിന് ഉപാധിയാക്കുന്ന ഈ കാലഘട്ടം, ഇന്നത്തെ അക്രൈസ്തവവും അശാസ്ത്രീയവുമായ
കുമ്പസാരസമ്പ്രദായത്തെ പുനഃപരിശോധിക്കാനും പരിഷ്‌ക്കരിക്കാനും നമ്മെ നിര്‍ബന്ധിതരാക്കുന്നു.
കാലത്തിന്റെ ഈ വിളികേള്‍ക്കാന്‍ സഭാദ്ധ്യക്ഷന്മാര്‍ സ്വയം തയ്യാറായാല്‍ അത് അവര്‍ക്കു
നല്ലത്. അതല്ലെങ്കില്‍, രഹസ്യകുമ്പസാരം
നിരോധിക്കണമെന്ന് വിശ്വാസിസമൂഹംതന്നെ ഗവണ്മെന്റിനോട് വൈകാതെ ആവശ്യപ്പെട്ടെന്നു
വന്നേക്കാം.
ജോർജ് മൂലേച്ചാലിൽ എഡിറ്റര്‍-94970 88904
No comments:
Post a Comment