ഇപ്പന്‍ (ഫോണ്‍: 9446561252)
(സത്യജ്വാല ആഗസ്ത് 2018)
(പ്രാവിന്റെ ചിറകടിയൊച്ച......)
റൂഹാ : എടാ ശപ്പാ, ഏറ്റു വല്ലതും
കഴിക്കെടാ.
ഞാന്‍ : തമ്പുരാനെങ്ങനെ അറിഞ്ഞു ഞാന്‍ പട്ടിണിയാണെന്ന്?
റൂഹാ : നിന്റെ കെട്ടിയോളു പറഞ്ഞു.
ഞാന്‍ : അപ്പം അങ്ങേയ്‌ക്കെന്നോട് സ്‌നേഹമുണ്ട്.
റൂഹാ : നിന്നോടു മാത്രമല്ല,
കര്‍ത്താവിന്റെ
മുന്തിരിത്തോട്ടത്തില്‍ കളപറിക്കാനിറങ്ങിയ എല്ലാവരോടും സ്‌നേഹമുണ്ട്. അതിരിക്കട്ടെ, നിന്റെ നിരാഹാരസത്യഗ്രഹത്തിന്റെ ഉദ്ദേശ്യം?
ഞാന്‍ : പൊന്നുടയതേ, സത്യഗ്രഹമൊന്നുമില്ല.
ഉത്തരംമുട്ടിയിട്ടു വിശപ്പുകെട്ടുപോയതാണ്.
റൂഹാ : അതെന്താ ഉത്തരം മുട്ടാന്‍?
ഞാന്‍ : ദേശീയവനിതാക്കമ്മീഷന്‍ കുമ്പസാരം സംബന്ധിച്ച്
കേന്ദ്രത്തിന്റെ മുമ്പില്‍ നിരോധനനിര്‍ദ്ദേശം വച്ചല്ലോ.
റൂഹാ : അതിനെന്താ? വനിതകള്‍ക്കു
ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കലാണല്ലോ അവരുടെ ജോലി.
ഞാന്‍ : അതല്ല, അതിനെക്കുറിച്ച് അല്‍ഫോന്‍സ്
കണ്ണന്താനം പറഞ്ഞ കമന്റുകള്‍!
റൂഹാ : അതിനെന്താ, അവനും അഭിപ്രായസ്വാതന്ത്ര്യമുണ്ടല്ലോ.
ഞാന്‍ : മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം കൊടുത്ത മറുപടികളുടെ
പഴുതില്ലാത്ത യുക്തിയാണ് എന്റെ ഉത്തരവും അന്നവും മുട്ടിച്ചത്.
റൂഹാ : അതു യുക്തിയല്ലെടാ,
അതിന്റെ
പേരാണ് കുയുക്തി.
ഞാന്‍ : അദ്ദേഹം IAS കാരനല്ലേ തമ്പുരാനേ?
റൂഹാ : രാഷ്ട്രീയത്തില്‍ പ്രവേശിച്ചതോടെ അവന്‍ 'I'നഷ്ടപ്പെട്ട ASS ആയി. എന്നുവച്ചാല്‍
വ്യക്തിത്വം നഷ്ടപ്പെട്ട കഴുത! ഇതവന്റെമാത്രം ഗതികേടല്ല. ജാതിമതാധിഷ്ഠിതമായ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്ന എല്ലാവന്റെയും
ഗതികേടാണ്; നീ പ്രവേശിച്ചാല്‍ നിന്റെയും.
വോട്ടുബാങ്കിന്റെ ഗോര്‍ഡിയല്‍ കുരുക്കിലാണ് ഇന്ത്യയിലെ രാഷ്ട്രീയക്കാരെല്ലാം.
ഞാന്‍ : സമര്‍ത്ഥരായ നല്ല മനുഷ്യര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കണ്ട
എന്നാണോ? മാലാഖമാര്‍ അറച്ചുനില്‍ക്കുന്നിടത്തേക്ക്
ചെകുത്താന്‍മാര്‍ ഇരച്ചുകയറില്ലേ?
റൂഹാ : കൈക്കൂലിമേടിക്കാത്ത അല്‍ഫോന്‍സിനെ എനിക്കും ഇഷ്ടമാണ്. അവന്
കഴിവുമുണ്ട്. നന്മയും സാമര്‍ത്ഥ്യവും ഉള്ളവര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുക
തന്നെ വേണം. പക്ഷേ, ഏറ്റവും സുന്ദരമായ
പുഷ്പങ്ങള്‍ ഈശ്വരാര്‍ച്ചനയ്ക്കുള്ളതാണ്. എല്ലാ സാമൂഹിക പരിഷ്‌കരണങ്ങളുടെയും
ഈറ്റില്ലമായ മതപരിഷ്‌കരണരംഗത്ത് അവര്‍ പ്രവര്‍ത്തിക്കണം. കാലോചിതമായി ആശയങ്ങള്‍
ഉല്പാദിപ്പിച്ച് അവയെ ത്യാഗപൂര്‍ണ്ണമായ കഠിനപ്രയത്‌നത്തിലൂടെ ജനകീയ
മാക്കി പുരോഗമനപരമായ നിയമനിര്‍മ്മാണത്തിനും നിയമഭേദഗതിക്കും അനുകൂലമായ
സാഹചര്യം സൃഷ്ടിക്കുന്നത് മതരംഗത്തും സാമൂഹികരംഗത്തൂം പ്രവര്‍ത്തിക്കുന്ന പരിഷ്‌കര്‍ത്താക്കളാണ്.
ഇതു കട്ടാരമുള്ളുകള്‍ കൊള്ളുന്ന കളപറിക്കലാണ്. സമൂഹം ഒരു ആശയത്തെ ഏറ്റുവാങ്ങാന്‍
പാകപ്പെട്ടുകഴിയുമ്പോള്‍ രാഷ്ട്രീയസംവിധാനം അതനുസരിച്ചു നിയമം നിര്‍മ്മിക്കാന്‍
നിര്‍ബന്ധിതമാകുന്നു. ജുഡീഷ്യറി അതിനെ വ്യാഖ്യാനിക്കുന്നു. ഉദ്യോഗസ്ഥസംവിധാനം അതു
നടപ്പാക്കുന്നു.
ഞാന്‍ : പ്രഭോ, അല്‍ഫോന്‍സിന്റെ
യുക്തിയില്‍ കഴമ്പില്ലേ? വല്ലപ്പോഴും അപകടങ്ങള്‍
ഉണ്ടാകുന്നുവെന്നുവെച്ച് റോഡും ഡ്രൈവിങ്ങും നിരോധിക്കാന്‍ പറ്റുമോ? ഓര്‍ത്തഡോക്‌സ് വൈദികരുടെ പീഡനം ഒരു അപൂര്‍വ്വസംഭവമല്ലേ?
റൂഹാ : അതു വെളിച്ചത്തുവന്ന ഒരു സംഭവം. വെളിച്ചത്തുവരാത്ത എത്രയോ
സംഭവങ്ങള്‍! മറ്റൊരു സ്ത്രീയുടെ ആത്മഹത്യയിലേക്കു നയിച്ചില്ലേ കുമ്പസാര
രഹസ്യച്ചോര്‍ച്ച? ചോറു വെന്തോന്നു
നോക്കാന്‍ എല്ലാ ചോറും ഞെക്കിനോക്കേണ്ടതില്ല. വനിതാകമ്മീഷന്‍ കുമ്പസാരം
നിരോധിക്കണമെന്നുപറഞ്ഞപ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരുടെ ചെവിയില്‍
കുമ്പസാരിക്കുന്ന ഏര്‍പ്പാട് അവസാനിപ്പിക്കണമെന്നേ ഉദ്ദേശിച്ചു കാണൂ.
കന്യാസ്ത്രീകള്‍ സ്ത്രീകളെ കുമ്പസാരിപ്പിക്കുന്ന ഏര്‍പ്പാടിനും പിഴമൂളലിനും അവര്‍ക്ക് എതിര്‍പ്പുണ്ടാവില്ല.
റോഡും ഡ്രൈവിങ്ങും അനുവദിച്ചിരിക്കുന്നു എന്നുവച്ച് റോഡ് നിയമങ്ങളും ഡ്രൈവിങ്ങ്
നിയമങ്ങളും വേണ്ടാ
ന്നാണോ? മദ്യപിച്ചിട്ടുള്ള
ഡ്രൈവിംഗ് നിരോധിച്ചിട്ടില്ലേ? കുമ്പസാരം അപകടരഹിതമാക്കണമെന്നല്ലേ നിങ്ങള്‍
ആവശ്യപ്പെടുന്നുള്ളൂ.
ഞാന്‍ : അല്‍ഫോന്‍സ് വേറൊരു യുക്തിയും പറഞ്ഞു. കുമ്പസാരം 2000 വര്‍ഷമായി തുടരുന്ന ആചാരമാണെന്ന്. അതുകൊണ്ടത്
അവസാനിപ്പിക്കാന്‍ പറ്റില്ലെന്ന്.
റൂഹാ : ശാന്തം പാപം! 13-ാം നൂറ്റാണ്ടില്‍ ഇന്നസെന്റ് മൂന്നാമന്‍ എന്ന വിദ്വാന്‍ തുടങ്ങിവച്ചതാണ് കുമ്പസാരം. ഇണചേരാനുള്ള
ലൈസന്‍സ് നഷ്ടപ്പെട്ട പുരോഹിതന് അനുവദിച്ച ഇടക്കാലാശ്വാസം! ഇനി 2000 വര്‍ഷമായി തുടരുന്നതാണെന്നിരിക്കട്ടെ. ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍
തുണിയുടുക്കാതെ നടന്നതിനുശേഷമാണ് നീയൊക്കെ പച്ചിലകൊണ്ടെങ്കിലും നാണം
മറച്ചുതുടങ്ങിയത്. അതു
കൊണ്ട് തുണി ഉടുക്കാതെ നടക്കണമെന്ന് അല്‍ഫോന്‍സ് പറയുമോ?
ഞാന്‍ : ലോകം മുഴുവന്‍ കോടിക്കണക്കിനു ക്രിസ്ത്യാ
നികള്‍ അനുഷ്ഠിക്കുന്ന ആചാരമാണെന്നാണ് അല്‍ഫോന്‍സിന്റെ അടുത്ത വാദം.
റൂഹാ : ലോകം മുഴുവന്‍ ഒരു കാലത്ത് കോടിക്കണക്കിനാളുകള്‍ നഗ്നരായി വിലസിയിരുന്നു. ചുണയുണ്ടെങ്കിലവന്‍ ആ വേഷത്തില്‍ ഒരു
പത്രസമ്മേളനം നടത്തട്ടെ. ചരിത്രത്തില്‍ ഏറ്റവും അധികം പരിഹാസം നേരിടേണ്ടിവന്നത് ആദ്യം തുണിയുടുത്ത സാധുവിനായിരിക്കണം. മണ്ടാ, എത്ര കൊല്ലങ്ങളായി ചെയ്യുന്നു, എത്രപേര്‍ ചെയ്യുന്നു എന്നതൊന്നുമല്ല ശരിയുടെ മാനദണ്ഡം.
ശരിയുടെ മാനദണ്ഡം ശരിമാത്രമാണ്.
ഞാന്‍ : ബൈബിളില്‍ കുമ്പസാരത്തെ സാധൂകരിക്കുന്ന വചനങ്ങളുണ്ടെന്ന് ചിലര്‍ പറയുന്നു.
റൂഹാ : എന്തായാലും പുരോഹിതന്റെ ചെവിയില്‍ പെണ്ണുങ്ങള്‍
ലൈംഗികപാപങ്ങള്‍ പറയണമെന്ന് എഴുതിയിട്ടില്ലല്ലോ. ഇനി അങ്ങനെ ബൈബിളില്‍ എഴുതിയിട്ടുണ്ടെങ്കില്‍ത്തന്നെ അത് യേശു പറഞ്ഞതാണെന്ന് എങ്ങനെ ഉറപ്പിക്കാം? 1500 വര്‍ഷം കത്തനാന്മാരുടെ കക്ഷത്തിലായിരുന്നല്ലോ ബൈബിള്‍. താനൊരു പുസ്തകാരാധകനല്ലെന്ന് നെഹ്‌റു പറഞ്ഞിരുന്നു.
പുസ്തകം- അതു മത ഗ്രന്ഥമായാലും -വിമര്‍ശബുദ്ധ്യാ വായിക്കാനുളളതാണ്.
ഞാന്‍ : പ്രഭോ അങ്ങ് നിരീശ്വരനായ നെഹ്‌റുവിനെ ഉദ്ധരിക്കുകയോ?
റൂഹാ : ഉള്ളതു പറയുന്നവനെ ഉടയതമ്പുരാനും അംഗീകരിക്കും.
ഞാന്‍ : കുമ്പസാരരഹസ്യം സൂക്ഷിക്കുന്നതിനുവേണ്ടി രക്തസാക്ഷികളായവരെ
ഓര്‍ക്കണമെന്ന് കുമ്പസാരത്തിന്റെ അപ്പോസ്തലന്മാര്‍ സാമൂഹികമാധ്യമങ്ങളില്‍
മാലപ്പടക്കം പൊട്ടിച്ചുകൊണ്ടിരിക്കുന്നു.
റൂഹാ : അങ്ങനെ 'രക്തസാക്ഷി'യായ ഒരു എമ്പോക്കിയുടെ പിറകേ നീയുള്‍പ്പെടെയുള്ള കെ.സി.ആര്‍.എം കമ്മീഷന്‍ മന്ദമരുതി
പ്രദേശത്ത് കറങ്ങിനടന്നിട്ട് എന്തായി? അവന്‍ കൊടും
കുറ്റവാളിയാണെന്നുള്ളതിന് മറിയക്കുട്ടിയുടെ രക്തംതന്നെ സാക്ഷി.
ഞാന്‍ : കുമ്പസാരത്തില്‍നിന്നു ലഭിക്കുന്ന മാനസിക സംഘര്‍ഷലാഘവത്തെ
നിഷേധിക്കാനാവുമോ?
റൂഹാ : അതിനു പെണ്ണുങ്ങള്‍ കാമഭ്രാന്തുപിടിച്ച പുരോഹിതന്മാരുടെ
ചെവികടിക്കാന്‍ പോവുകയല്ല വേണ്ടത്. സൈക്കോളജി പഠിച്ചവരുടെ അടുത്ത്
ബന്ധുമിത്രാദികളോടൊപ്പം പോകണം.
ഞാന്‍ : ചാനല്‍ ചര്‍ച്ചയ്ക്കിടക്ക് ഒരു വിദ്വാന്‍ പറയുന്നതുകേട്ടു, ഓര്‍ത്തഡോക്‌സ് സഭയിലല്ലേ കുമ്പസാരചൂഷണം നടന്നതെന്ന്.
കത്തോലിക്കാസഭയുടെ ചരിത്രത്തിലിതുവരെ നടന്നിട്ടില്ലത്രേ!
റൂഹാ : 700 വര്‍ഷങ്ങളായി അവന്‍
കത്തോലിക്കാ കുമ്പസാരക്കൂടുകളില്‍ പൊരുന്നയിരിക്കുകയായിരുന്നോ, ഇത്ര ആധികാരികമായി പറയാന്‍? 14-ാമത്തെ വയസ്സില്‍ നിനക്കൊരു ദുരനുഭവം ഉണ്ടായില്ലേ, കത്തോലിക്കാ കുമ്പസാരക്കൂട്ടില്‍ വെച്ച്? ആര്‍ക്കെ
ങ്കിലും ഒരനുഭവം ഉണ്ടായാല്‍ അതുമാത്രംമതി, ഈ വൃത്തികെട്ട അനാചാരം അവസാനിപ്പിക്കാന്‍.
ഞാന്‍ : അങ്ങനെയെങ്കില്‍, സ്ത്രീകളെ കന്യാസ്ത്രീകള്‍ കുമ്പസാരിപ്പിക്കട്ടെ എന്നാണോ അങ്ങയുടെ നിര്‍ദ്ദേശം?
റൂഹാ : സ്വവര്‍ഗ്ഗാനുരാഗിയായ ഒരു കന്യാസ്ത്രീ പെണ്‍കുട്ടികളെ
കുമ്പസാരിപ്പിച്ചാലും ഈ അപകടസാധ്യതയുണ്ട്,
പശുവിന്റെ
മുമ്പില്‍ പുല്ലിട്ടുകൊടുക്കുന്നതുപോലെ. ആരുടെയെങ്കിലും ചെവിയില്‍ പാപം പറഞ്ഞേ തീരൂ എന്നു നിര്‍ബന്ധമുള്ള
പെണ്ണുങ്ങള്‍ക്കുവേണ്ടി ഒരഡ്ജസ്റ്റ്‌മെന്റ് എന്ന് ഓര്‍ത്താല്‍ മതി, നിങ്ങളുടെ നിര്‍ദ്ദേശം. തിന്മ കുറഞ്ഞ ചെകുത്താനെ
സ്വീകരിക്കല്‍, അത്രതന്നെ! എന്റെ
അഭിപ്രായത്തില്‍ പിഴമൂളല്‍ ആണ് ഏറ്റവും യോഗ്യം.
ഞാന്‍ : കുമ്പസാരത്തിനിടയില്‍ ഗുരു മൂരിശൃംഗാരമോഹിതനായാല്‍
പരാതിപ്പെടാന്‍ സഭയ്ക്കുള്ളില്‍ത്തന്നെ പല വേദികളുണ്ടെന്നാണ് ചാനലുകളില്‍
പ്രത്യക്ഷപ്പെടുന്ന കപ്യാരന്മാര്‍ വാദിക്കുന്നത്.
റൂഹാ : സിംഹത്തിനു വായ് നാറ്റമുണ്ടെന്ന് ഏതേലും മൃഗം പരാതിപ്പെടാന്‍
പോകുമോടാ? കുറുക്കന്മാരോടു ചോദിച്ചാല്‍ത്തന്നെ
ജലദോഷമുള്ള
തുകൊണ്ട് മണം മനസ്സിലാകില്ലെന്നു പറഞ്ഞു ഒഴിയുകയേ ഉള്ളൂ.
ഞാന്‍ : വിശ്വാസികളില്‍ ആര്‍ക്കും പരാതിയില്ലെങ്കില്‍ പാവം പിതാക്കന്മാര്‍ എന്തു ചെയ്യും?
റൂഹാ : പാവപ്പെട്ടവനെ തല്ലിയതിനു പോലീസ് സ്റ്റേഷന്‍ മാര്‍ച്ചു
നടത്തുന്ന പൊന്‍കുന്നം വര്‍ക്കിയുടെ മുമ്പാകെ അവനെ കൊണ്ടുചെന്നു നിറുത്തിയിട്ട്
എസ്.ഐ പറഞ്ഞു, 'ഇവന് പരാതിയില്ലല്ലോ' എന്ന്. 'അവനു പരാതിയില്ലെങ്കില്‍
ആണുങ്ങള്‍ക്ക് പരാതിയുണ്ടെടാ' എന്നുപറഞ്ഞുകൊണ്ട് വര്‍ക്കി
മാര്‍ച്ചു തുടര്‍ന്നു. അന്ധവിശ്വാസികള്‍ക്ക് പരാതിയില്ലെങ്കിലെന്താ, നിങ്ങള്‍ക്കു പരാതി ഉണ്ടല്ലോ.
അറിവില്ലാത്തവര്‍ക്കുവേണ്ടി അറിവുള്ളവര്‍ക്കു കൊടുക്കാനുള്ളതാണ് പൊതുതാല്പര്യ ഹര്‍ജി.
ഞാന്‍ : കുമ്പസാരം നിര്‍ബന്ധമല്ലെന്ന് ഒരു വിശുദ്ധ ഗുണ്ട ഗര്‍ജ്ജിക്കുന്നതു
കേട്ടു.
റൂഹാ : കണ്ട അണ്ടനും അടകോടനുമൊക്കെ വിളിച്ചുകൂവുന്നതിനെല്ലാം മറുപടി
പറയേണ്ട ഗതികേടിലാണല്ലേ ഞാന്‍. ആണ്ടുകുമ്പസാരം മുടക്കി ചാവുദോഷം ചെയ്ത്
ഒറ്റപ്പെട്ട കുടുംബത്തില്‍നിന്ന് നീയൊക്കെ പെണ്ണെടുക്കുമോ? ഫ്രാങ്കോയെപ്പോലെയുള്ള ആത്മീയ അധോലോകനേതാക്കന്മാരെ അജയ്യരാക്കുന്ന നിന്റെയൊക്കെ
അജ്ഞതയാണ് യഥാര്‍ത്ഥ പ്രശ്‌നം.
ഞാന്‍ : കുമ്പസാരം സംബന്ധിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയല്ലോ.
റൂഹാ : അത്, അനുകൂലവാര്‍ത്ത
സൃഷ്ടിക്കാന്‍ ശത്രുക്കള്‍ നല്‍കിയ ഹര്‍ജിയല്ലേ. തള്ളാതെ നിവൃത്തിയില്ലാത്ത
രീതിയില്‍ ഹര്‍ജി തയ്യാറാക്കിയാല്‍ ജഡ്ജിമാരെന്തുചെയ്യും?
ഞാന്‍ : തമ്പുരാനേ, പൂച്ചക്കാട്ടിലച്ചന്‍
പറഞ്ഞല്ലോ, അച്ചന്മാര്‍ എല്ലാ വര്‍ഷവും
കുമ്പസാരിപ്പിക്കാനുള്ള യോഗ്യതാ സര്‍ട്ടിഫിക്കറ്റ് മെത്രാന്റെ അടുത്തുനിന്നും
പുതുക്കിവാങ്ങേണ്ടതുണ്ടെന്ന്. പുതുക്കിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍
തയ്യാറുള്ള കുമ്പസാരഗുരുക്കന്മാരുടെ അടുത്ത് ഞങ്ങള്‍ കുമ്പസാരിക്കുന്നതിലെന്താ കുഴപ്പം?
റൂഹാ : മെത്രാന്മാര്‍ ബലാല്‍സംഗ കേസുകളില്‍
പ്രതികളായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് നീയെന്താ അല്‍ഫോന്‍സിനു പഠിക്കുകയാണോ? ഈനാഞ്ചാത്തി മരപ്പട്ടിക്കു കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റല്ലേടാ
അത്? ഞാനിനീം നിന്നാല്‍ നിയിങ്ങനെ
ഓരോരോ ഊളന്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. എനിക്കു വേറെ പണിയുണ്ട്. നീ
എഴുന്നേറ്റ് കഞ്ഞികുടിക്ക്. പാവം, അവളുറക്കമിളച്ചു
കാത്തിരിക്കുന്നു.
(അകന്നുപോകുന്ന പ്രാവിന്റെ
ചിറകടി യൊച്ചകള്‍)
ആഗസ്റ്റ് ലക്കം സത്യജ്വാല മാസിക ഇന്നേ തപാലില്‍ അയയ്ക്കുകയുള്ളു
ReplyDelete