ചാക്കോ കളരിക്കൽ
ജലന്ധർ മെത്രാൻ ഫ്രാങ്കോ, കുറവിലങ്ങാട്ട് കന്യാസ്ത്രിമഠത്തിലെ അന്തേവാസിയായ
ഒരു സിസ്റ്ററിനെ ബലാത്സംഗവും പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമങ്ങളും നടത്തി പീഢിപ്പിച്ചു
എന്ന് പോലീസിൽ പരാതികൊടുത്തിട്ട് 77 ദിവസങ്ങൾ കഴിഞ്ഞിട്ടും മെത്രാനെ പോലീസ് അറസ്റ്റ്
ചെയ്‌ത് ചോദ്യംചെയ്യാതിരിക്കുന്നതിൽ പ്രതിഷേധിച്ച്, കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ
ആദ്യമായി കന്യാസ്ത്രികൾ പൊതുനിരത്തിൽ നിരാഹാര സത്യാഗ്രഹ സമരവുമായി വന്നിരിക്കുന്നു.
ഈ അവസരത്തിൽ നിരാലംബയായ ആ സഹോദരിക്ക് നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള മിഷനറീസ് ഓഫ്
ജീസസ് സഹോദരിമാരുടെയും ഗുണകാംഷികളായ പൊതുജനങ്ങളുടെയും സമരത്തിന് KCRM-NORTH
AMERICA ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
പണവും പ്രതാപവും അധികാരവും ഒരു വ്യക്തിയിൽ ഒതുങ്ങിപ്പോയാൽ അതിൽ ചിലരെങ്കിലും
ദുർവൃത്തിയിൽ അകപ്പെട്ടുപോകും. അതിൻറെ ഒന്നാംതരം ഉദാഹരണമാണ് ഫ്രാങ്കോ മെത്രാൻ അയാളുടെ
കീഴിലുള്ള കന്യാസ്ത്രീകളെ ലൈംഗികമായി പീഢിപ്പിക്കാൻ തയ്യാറായത്. ഇട്ടിരിക്കുന്ന കുപ്പായത്തിൻറെയും
ഇരിക്കുന്ന സ്ഥാനത്തിൻറെയും മഹത്വം തിരിച്ചറിയാൻ കഴിയാത്ത ഒരു വ്യക്തി ഇത്തരം നികൃഷ്ട
കൃത്യങ്ങൾ ചെയ്യാൻ മടിക്കുകയില്ല.
അയാൾ ചെയ്യുന്നത് എന്താണെന്ന് അറിഞ്ഞുകൊണ്ടാണ് അയാൾ ചെയ്യുന്നത്.
കാരണം, മെത്രാന്മാരും വൈദികരും കന്യാസ്ത്രികളും ബഹുഭൂരിപക്ഷം ളോഹതാങ്ങികളായ അല്മായരും
അയാൾ കുറ്റം ചെയ്താലും അയാളെ താങ്ങുമെന്ന് അയാൾക്കറിയാം. സഭ ധനവാനും ദരിദ്രനും സ്ത്രീയ്ക്കും
പുരുഷനും പുരോഹിതർക്കും അല്മായർക്കും ഒന്നുപോലെ ആയിരിക്കണ്ടതാണ്. സഭയിൽ ക്രിസ്തീയത
തൊട്ടുതേച്ചിട്ടില്ലാത്ത എന്നാൽ പ്രത്യേകാവകാശങ്ങൾ ഉള്ളവർ ധാരാളമുണ്ട്. വനം വകുപ്പിൻറെ
മലമുകളിൽ കുരിശുനാട്ടി സ്ഥലം കൈയ്യേറുന്നതും ഭൂമി കള്ളക്കച്ചവടം നടത്തുന്നതും പുരോഹിതർ
കന്യാസ്ത്രികളെ ലൈംഗികമായി പീഢിപ്പിക്കുന്നതും അത്തരം കുറ്റങ്ങളെ മൂടിവെയ്ക്കാൻ ഗൂഢാലോചന
ചെയ്യുന്നതുമെല്ലാം കുറ്റകൃത്യങ്ങൾത്തന്നെയാണെന്ന് അറിയാത്തവരല്ല, അവർ. ഗവൺമെൻറിനെത്തന്നെ
അട്ടിമറിക്കാനുള്ള സാമ്പത്തിക ശേഷിയുള്ള വൻ മാഫിയാകളാണവർ. പരമ്പരാഗതമായി സാമ്പത്തിക/ലൈംഗിക
ചെളികുഴിയിൽ മുങ്ങിക്കിടക്കുന്ന റോമൻ കത്തോലിക്കാ സഭയിൽ ജാലിയൻവാലാബാഗ്, ഭൂമികുംഭകോണം,
വ്യഭിചാരിമെത്രാന്മാർ ഒക്കെ ഉണ്ടെന്നുള്ളതിൽ അത്ഭുതപ്പെടാനൊന്നുമില്ല. എന്നാൽ സഭയെ
മൊത്തം നാറ്റിച്ചുകൊണ്ടുള്ള സഭാധികാരികളുടെ ഫ്രാങ്കോ വിഷയത്തിലെ കഠിനമിണ്ടടക്കവും ആ
വിഷയത്തെ ന്യായീകരിച്ചുകൊണ്ടുള്ള ചില വൈദിക വാലാട്ടികളുടെ ചാനൽ ചർച്ചകളുമാണ് നമ്മെ
അത്ഭുതപ്പെടുത്തുന്നത്. അമ്മ-പെങ്ങന്മാരുള്ളവർക്ക് ഫ്രാങ്കോയുടെ പ്രവർത്തിയെ എങ്ങനെ
ന്യായീകരിക്കാൻ സാധിക്കും!?
തിരുവസ്ത്രധാരി ലൈംഗികപീഢനം ചെയ്‌താൽ അത് വെറുമൊരു ഉണ്ണിയപ്പം കഴിച്ച
ലാഘവത്തോടെ നോക്കിക്കാണുന്ന സംസ്ഥാന ഭരണകൂടത്തെയും ക്രൈസ്തവ സഭാ നേതൃത്വത്തെയുംപ്പറ്റി
എന്തുപറയാൻ! കന്യാസ്ത്രികൾ നുണയരും പാപികളും മെത്രാൻ പരിശുദ്ധനും!! സ്ത്രീത്വത്തെ അവഹേളിക്കുന്ന
'വോട്ടുബാങ്ക്നയം' ഒരു സർക്കാരിന് ഭൂഷണമല്ല. തെറ്റുചെയ്ത മെത്രാനെ സംരക്ഷിച്ച് സഭയുടെ
സൽപ്പേര് നിലനിർത്താമെന്ന് സഭാനേതൃത്വം ധരിക്കുന്നെങ്കിൽ അവർക്ക് തെറ്റുപറ്റി. കാരണം
കന്യാസ്ത്രിയെ മാനഭംഗപ്പെടുത്തിയത് ഒരു പുണ്യപ്രവർത്തിയല്ലെന്ന് എല്ലാവർക്കും അറിയാം.
"സഭയുടെ അടിത്തറ ഇളകി" എന്നാണ് ഫാ. ജേക്കബ് നാലുപാറയിൽ
പറയുന്നത്. എന്താണതിനുകാരണം? സഭാമേലധികാരികളുടെ അധാർമികതയ്‌ക്കെതിരായി പരാതിപ്പെട്ടാൽ
അത് കേട്ടതായിട്ടുപോലും സഭാധികാരം ഭാവിക്കുകയില്ല. അവരുടെ ധിക്കാരപരമായ മൗനം സഭാസമൂഹത്തിന്
നീതി കിട്ടാതെ പോകുന്നു. സഭാമേലധികാരികളിലും പോലീസിലും സർക്കാരിലുമുള്ള വിശ്വാസം ഇന്ന്
ആ കന്യാസ്ത്രികൾക്കും ഭാരതജനതയ്ക്കും നഷ്ടപ്പെട്ടിരിക്കുകയാണ്. പൊതുസമൂഹത്തിന് സഭയിലുള്ള
വിശ്വാസം നഷ്ടപ്പെട്ടാൽ സഭയ്ക്ക് എല്ലാം നഷ്ടപ്പെട്ടു; അവിടെ സഭയുടെ അടിത്തറ ഇളകും.
ജലന്ധറിലും കുറവിലങ്ങാട്ടുമുള്ള മിഷനറീസ് ഓഫ് ജീസസ് സഹോദരിമാരുടെ കന്യാന്തപുരങ്ങളിൽ
സംഭവിച്ച കാമകേളികൾ പൊതുജനമധ്യത്തിൽ വിചാരണവിഷയമായപ്പോൾ സഭ ദുരന്തത്തിലായി. ഇന്നിപ്പോൾ
അത് കോമാളിത്തത്തിലേയ്ക്ക് കടന്നിരിക്കയാണ്.
ആ സന്യാസിനികൾ വഴിതെറ്റിയ മോശക്കാരാണെന്നും ഫ്രാങ്കോ തെറ്റുകാരനല്ലെന്നും
വരുത്തിത്തീർക്കാൻ കെ. സി. ബി. സി. കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. അതിനു കാരണം ഫ്രാങ്കോയെ
അറസ്റ്റ് ചെയ്‌താൽ ഭാവിയിൽ മറ്റു മെത്രാന്മാർക്ക് അത് ദോഷകരമായി തീരും എന്ന അവരുടെ
ശരിയായ തിരിച്ചറിവാണ്. കാരണം അതൊരു കീഴ്വഴക്കമായി മാറുമല്ലോ.
സ്വന്തം രൂപതയുടെയും സന്യാസസമൂഹത്തിൻറെയും എല്ലാവിധ ഉന്നമനത്തിനുംവേണ്ടി
അഹോരാത്രം കഠിനാദ്ധ്വാനം ചെയ്യുന്ന നല്ല കന്യാസ്ത്രികൾ അവരുടെ തിരുവസ്ത്രങ്ങൾ ധരിച്ചുകൊണ്ട്,
വരുവാൻ പോകുന്ന അനിശ്ചിതങ്ങളെയും യാതനകളെയും മുമ്പിൽ കണ്ടുകൊണ്ട് സ്വന്തം മേലധികാരിക്കെതിരെ
റോഡിലിറങ്ങുന്നത് അളമുട്ടിയിട്ടല്ലേയെന്ന് നാം ചിന്തിക്കണം. അവരുടെ അപ്രിയവും ധീരവുമായ
ആ തീരുമാനത്തിൻറെ അടിയൊഴുക്കുശക്തി നമുക്ക് അളക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ സത്യവും
നീതിയും സ്നേഹവും നിറഞ്ഞ ഒരു സമൂഹമായി കോത്തോലിക്കാസഭാ മേലധികാരികളെ കാണാൻ സാധിക്കയില്ല.
അവരുടെ പ്രാമാണികത്വവും അധികാരദുർവിനയോഗവും സുഖലോലുപജീവിതവും അതിന് സാക്ഷ്യം വഹിക്കുന്നു.
മദ്ധ്യകാലനൂറ്റാണ്ടുകളിലെ സഭയും അതിൻറെ അധികാരശ്രേണിയും കല്പിച്ച പൗരോഹിത്യ/കന്യാസ്ത്രി
അവസ്ഥ വഴിമാറി സഞ്ചരിക്കേണ്ടിയിരിക്കുന്നു.
ആ സഹോദരിമാരുടെ ഇന്നത്തെ ശോചനീയാവസ്ഥയിൽ പങ്കുചേരുകയും നീതിക്കായുള്ള
അവരുടെ സമരത്തിന് പിന്തുണയും വാഗ്‌ദാനം ചെയ്യുന്നു.
No comments:
Post a Comment