ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ പ്രസ്താവനകളോടു ചേര്‍ത്ത് ശ്രീ ചാക്കോ കളരിക്കലിന്റെ പുസ്തകങ്ങള്‍ വായിക്കാവുന്നതാണ്. അദ്ദേഹത്തിന്റെ അവസാനത്തെ പുസ്തകമായ ''സഭാനവീകരണത്തിലേക്ക് ഒരു വഴി''യില്‍ ഉള്ള ''നസ്രാണിക്കത്തോലിക്കാസഭ - നവീകരണചരിത്രം'' എന്ന അധ്യായത്തിന്റെ ആദ്യഭാഗം ഇവിടെ ബ്ലോഗ് പോസ്റ്റായി പ്രസിദ്ധീകരിക്കുന്നു. ഇത് സത്യജ്വാലയില്‍നിന്ന് ഹാര്‍ഡ് കോപ്പി വാങ്ങിയോ നമ്മുടെ ഇലക്ട്രോണിക് ലൈബ്രറിയില്‍നിന്ന് ആ പുസ്തകം ഡൗണ്‍ലോഡ് ചെയ്‌തെടുത്തോ അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വായിക്കാന്‍ അല്മായശബ്ദം വായനക്കാരെ പ്രേരിപ്പിക്കാന്‍കൂടിയാണ്.
നസ്രാണിക്കത്തോലിക്കാസഭ - നവീകരണചരിത്രം
ചാക്കോ കളരിക്കൽ
നമ്മുടെ കര്‍ത്താവിന്റെ 12 അപ്പോസ്തലരില്‍ ഒരുവനായ മാര്‍ത്തോമ്മാ കേരളത്തിലെത്തി ക്രിസ്തുവേദം പ്രസംഗിച്ച്, ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ഇവിടെ ക്രിസ്തുമതം സ്ഥാപിച്ചെന്ന് കേരളീയര്‍ വിശ്വസിക്കുന്നു. 16-ാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാര്‍ മലങ്കരയില്‍ എത്തുന്നതുവരെ - ഒന്നാം നൂറ്റാണ്ടുമുതല്‍ 16-ാം നൂറ്റാണ്ടുവരെ - മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ എങ്ങനെ വളര്‍ന്നുവെന്നും അവരുടെ ആരാധനക്രമം എപ്രകാരമായിരുന്നുവെന്നും വ്യക്തമായ ചരിത്രത്തെളിവുകളൊന്നുമില്ല. എന്നാല്‍, പേര്‍ഷ്യന്‍ മെത്രാന്മാര്‍ കേരളത്തിലെത്തി നസ്രാണികള്‍ക്ക് ആത്മീയ ശുശ്രൂഷകള്‍ നല്‍കിയിരുന്നെന്നും, മാര്‍ത്തോമ്മായുടെ നിയമമനുസരിച്ച് പള്ളിക്കാര്യങ്ങള്‍ പള്ളിക്കാര്‍ നിര്‍ഹിച്ചിരുന്നെന്നും, നസ്രാണി കൂട്ടായ്മയ്ക്കുനാഥനായി ജാതിക്കു കര്‍ത്തവ്യന്‍ അഥവാ ആര്‍ക്കദ്യാക്കോന്‍ എന്ന ഒരു സ്ഥാനി ഉണ്ടായിരുന്നെന്നും തെളിയിക്കാന്‍ കഴിയും.
മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ ആരാധനഭാഷ സുറിയാനി ആയിരുന്നതിനാല്‍ അവരെ 'സുറിയാനിക്കാര്‍' എന്ന് പാശ്ചാത്യര്‍ വിളിച്ചിരുന്നു. പാശ്ചാത്യകത്തോലിക്കാവിശ്വാസവും പാശ്ചാത്യ പള്ളിഭരണ സമ്പ്രദായവും കൈമുതലായി മലങ്കരയിലെത്തിയ പോര്‍ട്ട്ഗീസുകാരും മറ്റു പാശ്ചാത്യമിഷനറിമാരും കേരളത്തിലെ സുറിയാനിക്കാര്‍ റോമില്‍ വാഴുന്ന പോപ്പിനു വഴങ്ങിയ യഥാര്‍ഥ കത്തോലിക്കരല്ലെന്നു ധരിച്ച് അവരെ ഉദയമ്പേരൂര്‍ സുനഹദോസിലൂടെ പോപ്പിനു കീഴിലാക്കി. ആരാധനക്രമത്തില്‍ കടന്നുകൂടിയ നെസ്‌തോറിയന്‍ പാഷാണ്ഡത കലര്‍ന്ന പദങ്ങളെ നീക്കംചെയ്ത് പുതിയ ആരാധനക്രമം റോസ് മെത്രാന്‍ സുറിയാനി ഭാഷയില്‍ തന്നെ പുനരുദ്ധരിച്ചു. പള്ളിഭരണം പദ്രുവാദോയുടെയും പ്രൊപ്പഗാന്തായുടെയും പാശ്ചാത്യമെത്രാന്മാരുടെയും കീഴിലാക്കി. മുന്‍ അധ്യായത്തില്‍ ഇക്കാര്യങ്ങള്‍ - പോര്‍ട്ടുഗീസുകാരുടെ ആഗമനം, ഉദയമ്പേരൂര്‍ സൂനഹദോസ്, കൂനന്‍ കുരിശു സത്യം, പദ്രുവാദോ - പ്രൊപ്പഗാന്താ സമരം, അങ്കമാലി മഹാസമ്മേളനം, കുറവിലങ്ങാട്ടു പള്ളി പ്രതിപുരുഷയോഗം, നാട്ടുമെത്രാന്‍ തുടങ്ങിയ ശീര്‍ഷകങ്ങളില്‍ - വിശദീകരിച്ചിരുന്നു.
6-ാം നൂറ്റാണ്ടിലെ പോര്‍ട്ടുഗീസുകാരുടെ രംഗപ്രവേശനം മുതല്‍ നമ്മുടെ പൂര്‍വികര്‍ നമ്മുടെ സഭയുടെ പഴയ പാരമ്പര്യങ്ങളെ കാത്തുസൂക്ഷിക്കാന്‍ നീണ്ടസമരംതന്നെ നടത്തുകയുണ്ടായി. 19-ാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തില്‍ മാര്‍ത്തോമ്മാക്രിസ്ത്യാനികള്‍ക്ക് നാട്ടുമെത്രാനെ റോം നല്കി. നാട്ടുമെത്രാനെ നമുക്കു ലഭിച്ചതോടെ പാശ്ചാത്യരോടുള്ള വഴക്കും വക്കാണവും അവസാനിച്ചെന്നും നാട്ടുമെത്രാന്മാര്‍ മാര്‍തോമ്മാ നസ്രാണിസഭാപൈതൃകത്തെ കാത്തുസൂക്ഷിക്കുമെന്നും വിശ്വാസികള്‍ വ്യാമോഹിച്ചു. എന്നാല്‍, പാശ്ചാത്യമെത്രാന്മാര്‍ നമ്മുടെ പൈതൃകത്തെ എങ്ങനെ ചവിട്ടി മെതിച്ചോ അതില്‍കൂടുതലായി മാക്കീല്‍ മെത്രാന്‍ മുതല്‍ ഇന്നുവരെയുള്ള നാട്ടുമെത്രാന്മാര്‍ നമ്മുടെ പൈതൃകത്തെ മുച്ചൂടും നശിപ്പിച്ച് പാശ്ചാത്യരീതിയിലുള്ള പള്ളിഭരണവും കല്‍ദായരീതിയിലുള്ള ആരാധനക്രമവും പൗരസ്ത്യകാനോന്‍ നിയമവും നമ്മുടെ സഭയുടെമേല്‍ കെട്ടിയേല്പിച്ചു.
മാര്‍ മാക്കീല്‍ പാശ്ചാത്യമെത്രാന്റെ രാജകീയ മെത്രാന്‍ വേഷവിധാനങ്ങള്‍ സ്വീകരിച്ചതും, പാശ്ചാത്യപള്ളിഭരണ സമ്പ്രദായത്തിലധിഷ്ഠിതമായ പള്ളിനിയമങ്ങള്‍ അടങ്ങിയ 'ദെക്രേത്തു പുസ്തകം' വഴി നസ്രാണികളെ ഭരിക്കാനാരംഭിച്ചതും മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ റോമുമായി അനുരൂപപ്പെടുത്താനുള്ള നാട്ടുമെത്രാന്മാരുടെ പരിശ്രമത്തിന്റെ തുടക്കം മാത്രമായിരുന്നു. മാര്‍ത്തോമ്മാക്രിസ്ത്യാനികളുടെ തനിയമയാര്‍ന്ന പൈതൃകത്തെ നാട്ടുമെത്രാന്മാരും നശിപ്പിക്കുന്നു എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ സഭയെ കാലോചിതമായി നവീകരിക്കണമെന്നുള്ള മുറവിളിയുമായി പ്രബുദ്ധരായ നസ്രാണി നേതാക്കള്‍ മുമ്പോട്ടു വന്നു എന്നുള്ളത് വസ്തുനിഷ്ഠമായ ഒരു കാര്യമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ വെളിച്ചത്തിലും സീറോ-മലബാര്‍ സഭയ്ക്ക് റോം സ്വയംഭരണാധികാരം നല്‍കിയതിന്റെ അടിസ്ഥാനത്തിലും നമ്മുടെ സഭ മാര്‍ത്തോമ്മായുടെ നിയമത്തിനനുസൃതമായി പുനരുദ്ധരിക്കുമെന്ന് വിശ്വാസികള്‍ ധരിച്ചു. എന്നാല്‍ നാട്ടുമെത്രാന്മാര്‍ സീറോ-മലബാര്‍ സഭയെ കൂടുതല്‍ കൂടുതല്‍ പാശ്ചാത്യ/പൗരസ്ത്യവല്‍ക്കരിച്ചുകൊണ്ടിരിക്കുകയാണിന്ന്.
ഇതിന്റെ എല്ലാം അടിസ്ഥാനത്തില്‍ കേരളസഭാനവീകരണചരിത്രം അല്പം വിശദമായിത്തന്നെ ഈ പുസ്തകത്തില്‍ നല്‍കാനുള്ള ശ്രമത്തിന്റെ ഫലമാണ് ഈ അധ്യായം. മണ്‍മറഞ്ഞുപോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ സഭാസ്‌നേഹികളായ സഭാനവീകരണസാരഥികള്‍ കേരളകത്തോലിക്കാ നസ്രാണി സഭയ്ക്ക് ഇന്നോളം നല്‍കിയിട്ടുള്ള സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. അവരുടെ മുമ്പില്‍ കൂപ്പുകൈകളോടെ ഈ അധ്യായം ഞാന്‍ ആരംഭിക്കട്ടെ.
കേരളത്തിന്റെ‚പ്രസക്തി, ആഗോളസഭയില്‍
റോമില്‍ കൂടിയ നസ്രാണിമെത്രാന്മാരുടെ സൂനഹദോസിനെ അഭിസംബോധന ചെയ്തുകൊണ്ട് ഈശോസഭയിലെ പ്രമുഖ വൈദികന്‍ റോബര്‍ട്ട് ടാഫ്റ്റ് (Fr. Robert Taft) ഇങ്ങനെ പറഞ്ഞു: ''നിങ്ങള്‍ കത്തോലിക്കാസഭയുടെ ഒരു വലിയ വിജയഗാഥയാണ്. ഭൂമുഖത്ത് കിഴക്കോ പടിഞ്ഞാറോ, തെക്കോ വടക്കോ കത്തോലിക്കാസമൂഹത്തിലോ ഓര്‍ത്തഡോക്‌സ് സമൂഹത്തിലോ വിശ്വാസത്താലും ഭക്തിയാലും ഇത്രയും ദീപ്തമായ വേറൊരു സഭയില്ല. തിങ്ങിനിറഞ്ഞ ഇടവകപ്പള്ളികളിലും സന്യാസിനീസഭകളിലും കേരളത്തിലെ സെമിനാരി ചാപ്പലുകളിലും ഞാന്‍ വ്യക്തിപരമായി അനുഭവിച്ച അത്ഭുതകരമായ വിശ്വാസത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ കണ്ണുകളില്‍ കണ്ണുനീര്‍ കിനിയുന്നു'' (Acts of the Synod of the Bishops of the Syro-Malabar Church, 1996).
ഈ ഒരേ ഒരുദ്ധരണി മതി കത്തോലിക്കാസഭാനവീകരണത്തില്‍ കേരളത്തിനുള്ള പ്രത്യേക പ്രസക്തി വ്യക്തമാക്കാന്‍.
(തുടരും)
നന്നായി ചരിത്രം പഠിച്ചു തയ്യാറാക്കിയിരിക്കുന്ന ശ്രി. ചാക്കോ കളരിക്കലിന്‍റെ ഗ്രന്ഥങ്ങള്‍ സഭാ ചരിത്രത്തില്‍ ഒരു മുതല്ക്കൂട്ടായിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവിടെ ലഭ്യമായ ചരിത്രങ്ങള്‍ പലതും നിഗമനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, പിന്‍ബലമായി കാണിക്കുന്ന പല സാദ്ധ്യതകളും തെളിയിക്കപ്പെട്ടിട്ടുള്ളതുമല്ല. ഇത് മനസ്സിലാക്കാന്‍ കുടുംബ ചരിത്രം തയ്യാറാക്കിയിട്ടുള്ള ആരോടെങ്കിലും ചോദിച്ചാല്‍ മതി. അങ്ങേയറ്റം നാനൂറു വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് നിഗമനങ്ങള്‍ പോലും സാദ്ധ്യമല്ലായെന്നു ബോദ്ധ്യമായവരണവരൊക്കെ.
ReplyDeleteഅനേകം നാട്ടുരാജ്യങ്ങള്‍ ഉണ്ടായിരുന്ന കേരളത്തിന്‍റെ പ്രാചീനകാലത്ത് പല കാരണങ്ങള്‍കൊണ്ടും ക്രിസ്ത്യാനികള്‍ ദേശ ദേശാന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. ബന്ധുക്കളെ ഇടയ്ക്കിടെ സന്ദര്‍ശിക്കുകയെന്നത് എളുപ്പമല്ലായിരുന്നെങ്കിലും, പുരാതന പള്ളികളിലെ തിരുനാളുകള്‍ക്ക് അവര്‍ ഒത്തു കൂടുമായിരുന്നുവെന്നതിനു സൂചനകളുണ്ട്. ക്രിസ്ത്യാനികള്‍ തൊട്ടാല്‍ എണ്ണ ശുദ്ധിയാകും എന്ന ഒരു വിശ്വാസത്താല്‍ പ്രമുഖ ക്രിസ്ത്യാനികളെ ക്ഷേത്രങ്ങള്‍ക്ക് സമീപം സ്ഥലവും സൌകര്യവും കൊടുത്ത് പാര്‍പ്പിക്കുന്ന ഒരു രീതിയുമുണ്ടായിരുന്നു, ആ വഴിയും കുടുംബങ്ങള്‍ വഴി പിരിയാറുണ്ടായിരുന്നു.
ആദ്യകാല ദേവാലയങ്ങള്‍ പലതും ക്ഷേത്രങ്ങള്‍ക്കടുത്തായിരുന്നുവെന്നത് ശ്രദ്ധിക്കുക.
അന്നത്തെ പ്രഭുക്കന്മാരുടെ ഇഷ്ടക്കാരായും, സൈന്യാംഗങ്ങള്‍ ആയും, വേറെയും ചില കുടുംബങ്ങള്‍ വഴിമാറി പോയിട്ടുണ്ട്. ഇതിനിടെ കാതോടു കാത്തു പറഞ്ഞു പോന്ന കഥകള്‍ മാത്രമായിരുന്നു നമുക്ക് വേണ്ടി അവ്യക്തമായി അവര്‍ ബാക്കി വെച്ചത്. വെറും 200 വര്‍ഷങ്ങള്‍ക്കൊണ്ട് യേശുവിന്‍റെ കുരിശു മരണ കഥ പോലും കീഴ്മേല്‍ മരിഞ്ഞില്ലേ? ഇടത്തും വലത്തും കിടന്ന കള്ളന്മാര്‍ യേശുവിനെ പരിഹസിച്ചുവെന്നു രണ്ടു സുവിശേഷകര്‍ പറയുമ്പോള്‍ നല്ല കള്ളന്‍ രക്ഷപെട്ട കഥ ഒരൊറ്റയാള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ. ഏതാണ് വാസ്തവമെന്നു നാമെങ്ങിനെ സ്ഥിരീകരിക്കും? നല്ല കള്ളനെ നമ്മള്‍ സ്വീകരിച്ചതുപോലെയെ ഉള്ളൂ, നാം ഇന്ന് വിശ്വസിക്കുന്ന പല ചരിത്രവും. അങ്ങിനെയുള്ള ഒരു പശ്ചാത്തലത്തില്‍ പ്രത്യേക ഗൂഢ ലക്ഷ്യങ്ങളില്ലാതെ രചിക്കപ്പെടുന്ന ചരിത്ര ഗ്രന്ഥങ്ങള്‍ ഏറെ ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതെടുത്തു പറയാന്‍ കാരണം നമുക്ക് ലഭിച്ചിരിക്കുന്ന ചരിത്രങ്ങള്‍ പലതും മതത്തെ ദുര്ബ്ബലപ്പെടുത്തരുതെന്ന ലഘു ഉദ്ദേശ്യമെങ്കിലും ഇല്ലാതെ വിരചിക്കപ്പെട്ടതല്ലായെന്നതാണ്. ഒരു കോമ്മാ മാറിയാല്‍ മതിയില്ലേ, അര്‍ത്ഥം മാറാന്‍!
വസ്തുതകളെ വളച്ചൊടിക്കാതെ ആധികാരികമായ സഭാ ചരിത്രവിശേഷങ്ങൾ നിറഞ്ഞതാണ് ശ്രീ ചാക്കോ കളരിക്കൽ എഴുതിയ പുസ്തകങ്ങൾ. ഞാൻ വായിച്ച അദ്ദേഹത്തിന്റെ നാലുപുസ്തകങ്ങളും കേരളസഭയുടെ വിജ്ഞാനകോശമാണെന്നതിൽ സംശയമില്ല. അലങ്കാരഭാഷകൾ ഉപയോഗിച്ച് വായനക്കാരെ ബോറടിപ്പിക്കാതെ വായിച്ചാൽ മനസിലാകുന്ന തുറന്ന മലയാളഭാഷയിലാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ.
ReplyDeleteമലയാളത്തിലെ ഏതു ക്രിസ്ത്യൻചരിത്രങ്ങൾ വായിച്ചാലും കള്ളത്തരങ്ങൾ മാത്രം കുത്തി നിറച്ചിട്ടുള്ളതെന്നു കാണാം. പൊടിപ്പും തൊങ്ങലും വീരഗാഥകളും ഉണ്ണിയാർച്ചയും നിറച്ചാലെ ചരിത്രം പൂർണ്ണമാവൂ എന്നാണ് എഴുതുന്നവരുടെ തെറ്റിധാരണ. ഇതിനൊരപവാദമാണ് ശ്രീ ചാക്കോയുടെ പുസ്തകങ്ങൾ.
ശ്രീ മറ്റപ്പള്ളി നിർദ്ദേശിച്ചതനുസരിച്ച് കുടുംബചരിത്രങ്ങളൊന്നും ആധികാരികമായ ചരിത്രകൃതികളായി കണക്കാക്കാൻ സാധിക്കുകയില്ല. പാലായിലെ ഒരു പ്രമുഖ കുടുംബത്തിലെ പുരോഹിതൻ എഴുതിയ കുടുംബ ചരിത്രം ഇന്റർനെറ്റിൽ വായിച്ചു. അദ്ദേഹത്തിന്റെ പൂർവികരിൽ പൂർവികനായ ഒരു പരമേശ്വരൻ നമ്പൂതിരിയെ മാർത്തോമ്മാ സ്നാനം ചെയ്തുവെന്നാണ് ചരിത്രം. മറ്റൊരാൾ ഡി.എൻ എ യിൽ അയാളുടെ രക്തം നമ്പൂതിരിവർഗമെന്ന് കണ്ടുപോലും.
കേരളചരിത്രം ഒമ്പതാം നൂറ്റാണ്ടിനുമുമ്പ് ഇരുട്ടിൽ തപ്പി നടക്കുമ്പോൾ കേരളക്രിസ്ത്യാനികൾ തോമസ്ചരിത്രം എ.ഡി. 52 മുതൽ കൃത്യമായ തിയതിസഹിതം വർണ്ണിച്ചിട്ടുണ്ട്. ഈ ചരിത്രകാർ ആരും നോബൽസമ്മാനത്തിന് അർഹാരാകാഞ്ഞത് എന്തെന്നും ഓർത്തു പോവുന്നു. ചരിത്രത്തെ വഞ്ചിച്ച് സർക്കാരിനെക്കൊണ്ടുവരെ വി. തോമസ് ഇന്ത്യയിൽ വന്നുവെന്ന് സ്റ്റാമ്പും ഇറക്കിച്ചു.
ലോകത്തിലെ പ്രമുഖ യൂണിവേഴ്സിറ്റികൾ കോടിക്കണക്കിന് ഡോളർ ക്രിസ്തുവിനെയും ക്രിസ്തു ശിക്ഷ്യന്മാരെയും പഠിക്കുവാൻ ചെലവാക്കിയിട്ടുണ്ട്. അവരാരും തോമസിന്റെ ഭാരതപര്യടനത്തെ നീതികരിച്ചിട്ടില്ല. പ്ലാസിഡച്ചന്റെയും, മുണ്ടാടന്റെയും ചാഴികാടന്റെയും ചരിത്രങ്ങൾ ലോക ആർക്കൈവിൽ ഇതുവരെയും ഉൾപ്പെടുത്താതിൽ കേരള ക്രൈസ്തവർ പ്രതിക്ഷേധശബ്ദം ഉയർത്താതിലും അതിശയിക്കുന്നു.
എ.ഡി. 1449 ൽ മലയാളത്തിലെ മേടം മാസം ഇരുപത്തിയൊന്നാം തിയതി തെക്കൻകൂർ രാജാവിന്റെ കല്പ്പന അനുസരിച്ച് കാഞ്ഞിരപ്പള്ളി പഴയപള്ളി പണി കഴിപ്പിച്ചെന്നുള്ള രാജകല്പ്പന പള്ളിയിൽ ഇന്നും സൂക്ഷിക്കുന്നുണ്ട്. അന്നുവരെ കാഞ്ഞിരപ്പള്ളിക്കാർ അരീത്രപ്പള്ളി ഇടവകക്കാരായിരുന്നു. മലയാളഭാഷ അന്നുണ്ടായിരുന്നില്ല. തമിഴിന്റെ ഉപഭാക്ഷയായ നാനംമൊനത്തിലാണ് ഈ കല്പ്പന പുറപ്പെടുവിച്ചിരിക്കുന്നത്.
കേരള ക്രിസ്ത്യാനികളെപ്പറ്റി ധാരാളം വ്യാജചരിത്രങ്ങൾ പോർട്ടുഗീസുകാർ പ്രചരിപ്പിച്ചിട്ടുണ്ട്. മിഷിനറി പ്രചരണമായിരുന്നു മുഖ്യഉദ്ദേശവും.
മാർതോമ്മാ നിയമം എന്ന് കേൾക്കുമ്പോൾ പലരും തോമ്മാസ്ലീഹാ നടപ്പിലാക്കിയ നിയമങ്ങളെന്ന് തെറ്റി ധരിക്കും. മാർത്തോമ്മാ ഒരു നിയമവും ഇവിടെ കൊണ്ടുവന്നിട്ടില്ല. പോർട്ടുഗീസുകാർ വരുന്നതിനു മുമ്പുണ്ടായിരുന്ന സഭാപരമായ ചില ആചാരനടപടികളെ പോർട്ടുഗീസുകാർ മാർതോമ്മാ നിയമങ്ങളെന്ന് ഓമന പേരിട്ടു. ആര്‍ക്കദ്യാക്കോൻ, ജാതിക്കു കർത്തവ്യൻ എന്നീ വിശേഷണപദങ്ങൾ പാലാ, മീനച്ചിൽ, കാഞ്ഞിരപ്പള്ളി ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടായിരുന്നതായി അറിവില്ല. ഉദയംപേരൂർ സുനഹദോസ് കാലങ്ങളിൽ കൊച്ചി, വാരാപ്പുഴ അതിർത്തികളിൽ ക്രിസ്ത്യാനികളുടെ കൂട്ടായ്മകൾ ഉണ്ടായിരുന്നു.
നമ്പൂതിരിമാരോ, ബ്രാഹ്മണരുടെ ഷൈവയിസമോ വൈഷ്ണവിസമോ ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ ഉണ്ടായിരുന്നില്ല. ആറാം നൂറ്റാണ്ടുമുതലാണ് നമ്പൂതിരികളുടെ കേരള കുടിയേറ്റം ആരംഭിച്ചത്. ഇടക്കൽ ഗുഹകളിൽനിന്നും പുരാവസ്തു ഗവേഷകർ അതിന് തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. കൽദായാക്കാർ ക്രിസ്ത്യാനികൾ ആകണമെന്നില്ല. അവർ പല രാജ്യങ്ങളിലും ഉണ്ട്. മൈലാപ്പൂരിൽ പേഗൻ ദൈവങ്ങളെയും സൂര്യനെയും ആരാധിച്ചിരുന്ന 'തമസ്' എന്ന വർഗക്കാരെ തോമസ് ക്രിസ്ത്യാനികൾ എന്ന് പോർഗീസ്കാർ വിളിച്ചു. അവർ കറുത്ത സൂര്യനെ നമസ്ക്കരിച്ചിരുന്നു. ക്രിസ്തു ഇല്ലാത്ത കല്ദായ എഴുത്തുപുസ്തകങ്ങൾ പോർട്ടുഗീസുകാർ അവരിൽ നിന്ന് കത്തിച്ചു കളഞ്ഞു. യേശുവോ വചനങ്ങളോ ഇല്ലാതിരുന്ന കല്ദായവിഷം കുത്തിവെക്കാനാണ് ഇന്ന് കേരളമെത്രാന്മാർ ശ്രമിക്കുന്നത്.
ജോസഫ് മാത്യുവിൻറെ കമെന്റ് - തമസ് ആരാധകരാണ് തോമസ് ക്രിസ്ത്യാനികൾ എന്നതുൾപ്പെടെ - വായിച്ചപ്പോൾ എനിക്ക് ഒരിക്കലുമില്ലാത്തെ കണ്ഫ്യൂഷൻ ഉണ്ടായിക്കഴിഞ്ഞു. ഒരു കണക്കിന് ചരിത്രം എഴുതി ശീലമില്ലാത്ത ഈ നാട്ടിൽ നിന്ന് ഇതുവരെ 'കണ്ടെടുത്ത' സഭാചരിത്രമൊക്കെ ചുമ്മാ അങ്ങ് മറന്നിട്ട്, എല്ലാം പുതുതെന്നപോലെ തുടങ്ങുന്നതല്ലേ മെച്ചം എന്ന് തോന്നിപ്പോകുന്നു. ഞാൻ പറയുന്നത് ഇവിടുത്തെ പഴയതും പുതിയതുമായ, തങ്ങൾ ആര്യരക്തമുള്ള നമ്പൂതിരിമാരാണെന്നു വരെ പിടിവാശിക്കാരായ ക്രിസ്ത്യാനികളുടെ കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം മാർത്തോമ്മായൊ കൽദായമൊ റോമായോ ഒന്നും ഒരു കഷണം ചുക്കിന്റെ പോലും വിലയുള്ളതോ പ്രശ്നമുണ്ടാക്കുന്നതോ ആയ കാര്യമാല്ല. ഞാനൊരു ഇന്ത്യാക്കാരനാണ്. ഒരു മതത്തിലോട്ടും ചായ്വുമില്ല ഒന്നിനോടും അവജ്ഞയുമില്ല. ഒരു ചരിത്രവും രക്തശുദ്ധിയും അവകാശപ്പെടുന്നുമില്ല. ഇവരൊക്കെ കളിക്കുന്ന പകിടക ളിലൊന്നും എനിക്കൊട്ടു താത്പര്യവുമില്ല. ദൈവം തന്നിരിക്കുന്ന ഒരു മനസ്സാക്ഷിയുണ്ട്, അതിനനുസരിച്ച് ജീവിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ എന്നതാണ് എന്റെ മതം. അതിനായി ഒരു പോപ്പോ മെത്രാനൊ വൈദികനൊ സഹായത്തിനെത്തേണ്ട ഒരാവശ്യവുമില്ല താനും.
ReplyDeleteആര്ക്കും ഒരു ഗുണവും ചെയ്യാത്ത അന്വേഷണങ്ങൾക്കും പ്രതിശ്ചായക്കും പാരമ്പര്യമേന്മക്കുമായി കിട്ടിയ സമയമെല്ലാം പാഴാക്കിയിട്ട്, സ്വസ്ഥമായി ഒരാഴ്ചയെങ്കിലും ജീവിക്കാൻ സമയമില്ലാതെ പോയാൽ മനുഷ്യന്മാരെ നിങ്ങള്ക്ക് എന്ത് നേട്ടം എന്നാണ് റോമായിലും കാക്കനാട്ടും പലായിലുമൊക്കെ തല പുണ്ണാക്കുന്നവരോടും അവരെ പിന്നിൽ നിന്ന് ഉന്തുന്നവരോടും ലോകമെങ്ങും നടന്ന് പിരിവു നടത്തുന്നവരോടുമൊക്കെ എനിക്ക് ചോദിക്കാനുള്ളത്.