(കെസിആർഎം നോർത് അമേരിക്ക മെയ് 29, 2020-ൽ സംഘടിപ്പിച്ച
ടെലിമീറ്റിംഗിൻറെ പ്രാരംഭത്തിൽ സംഘടനയുടെ പ്രസിഡണ്ട് ചാക്കോ കളരിക്കൽ നടത്തിയ
പ്രഭാഷണത്തിൻറെ പൂർണരൂപം)
കെസിആർഎം നോർത് അമേരിക്ക
എന്ന സംഘടനയെ സംബന്ധിച്ച് വിശദമായ ചർച്ചകൾക്ക് അവസരം ഒരുക്കിയിരിക്കുന്ന ഈ സന്ദർഭത്തിൽ, ഈ അടുത്തകാലത്ത് ‘സത്യദീപം’ സംഘടിപ്പിച്ച
ഒരു സിമ്പോസിയത്തിൽ മനോരമ ന്യൂസ് ഡയറക്ടർ ശ്രീ ജോണി ലൂക്കോസ് സീറോ മലബാർ
സഭയെപ്പറ്റി വിമർശനാത്മകമായ ഒരു പ്രബന്ധം അവതരിപ്പിക്കുകയുണ്ടായി. വളരെ കാര്യമാത്രപ്രസക്തമായ ആ പ്രബന്ധത്തെ ആധാരശിലയാക്കി
ചില സഭാ നവീകരണ ആശയങ്ങൾ
നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. അതിനുശേഷം സംഘടനയെ സംബന്ധിക്കുന്ന കാര്യങ്ങൾ
നമുക്ക് വിശദമായി ചർച്ച ചെയ്യാം.
യേശുവിനെ കൂടുതൽ
ഫലപ്രദമായി ലോകത്തിന് എങ്ങനെ നൽകാം
എന്ന സന്ദേശത്തിലെ അടയാളങ്ങളും തുറവിയുമാണ്, ഫ്രാൻസിസ്
മാർപാപ്പയുടെ പുതിയകാല പ്രോബോധനങ്ങൾ. അത് നമുക്ക്, പ്രത്യേകിച്ച് സഭാമേലധികാരികൾക്ക്, ഉൾകൊള്ളാൻ സാധിക്കുമോ എന്നതാണ് ഇപ്പോഴത്തെ
ചോദ്യം.
അടിസ്ഥാന പ്രമാണങ്ങളെയും
നിലപാടുകളെയും മുറുകെ പിടിച്ച് മുമ്പോട്ടു നീങ്ങുകയല്ലാതെ കത്തോലിക്ക സഭയ്ക്ക്
മറ്റെന്തുവഴി എന്ന് ആലോചിക്കുമ്പോൾ, വഴിമുട്ടി
നിൽക്കുന്ന ഒരവസ്ഥയാണ് ഇന്നുള്ളത്. കമ്പോള മൂല്യമനുസരിച്ച്
അടിസ്ഥാന പ്രമാണങ്ങളെ മാറ്റാവുന്ന ഒരു കോർപറേറ്റ് സ്ഥാപനമല്ലല്ലോ കത്തോലിക്ക സഭ.
മാർപാപ്പയുടെ നിലപാടുകൾ,
ഉദാഹരണത്തിന് സ്വവർഗവിവാഹം, അത് അനുവദിക്കും എന്നദ്ദേഹം പറഞ്ഞിട്ടില്ല.
പക്ഷെ, അവരെപ്പറ്റി, ക്രിസ്തു പഠനങ്ങളെയും കാഴ്ചപ്പാടുകളെയും അടിസ്ഥാനമാക്കി,
വളരെ ആർദ്രമായ രീതിയിലെ അദ്ദേഹം
സംസാരിച്ചിട്ടൊള്ളു. സ്ത്രീകൾക്ക് പൗരോഹിത്യം നൽകുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.
പക്ഷെ, സ്ത്രീകളുടെ പദവി
ഉയർത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. വത്തിക്കാനിലെ സമുന്നത പദവികളിൽ സ്ത്രീകളെ
നിയമിച്ചുകൊണ്ട് മാതൃക കാണിച്ചിട്ടുണ്ട്. കത്തോലിക്ക ദൈവത്തെ കുറിച്ച് അറിയില്ല എന്ന് മാർപാപ്പ പറയുമ്പോൾ ദൈവം ഒന്നേ
ഉള്ളൂ എന്ന അർത്ഥം എടുത്താൽ
മതി. സത്യദൈവത്തെ അറിഞ്ഞിട്ടും നിഷേധിക്കുന്ന ഒരുവനേക്കാൾ നിരീശ്വരവാദമാണ്
ശരിയെന്ന് ആത്മാർത്ഥമായി വിശ്വസിക്കുകയും ധാർമികമായി ജീവിക്കുകയും ചെയ്യുന്ന ഒരാൾ
മരിച്ചാൽ നശിക്കുകയില്ല എന്ന നിലപാടാണ് മാർപാപ്പയുടേത്. വൈദികർ കൂദാശാ പാരികർമങ്ങൾക്ക് പ്രതിഫലം വാങ്ങാൻ
പാടില്ലായെന്ന് പറയുമ്പോൾ പൗരോഹിത്യത്തിലെ ശുശ്രൂഷാ സേവനത്തെയാണ്
അദ്ദേഹം അർത്ഥമാക്കുന്നത്. മേല്പറഞ്ഞതൊന്നും നാം നിരാകരിക്കണ്ടതല്ല.
എന്തുകൊണ്ടെന്നാൽ, ദൈവം ഒരു മഹാ
കാരുണികനാണെന്നും, അങ്ങനെകണ്ട് നാം
ജീവിക്കണമെന്നുമാണ് അതിൻറെയെല്ലാം
പൊരുൾ. ചുരുക്കത്തിൽ വലിയ
ശക്തിയും പ്രതാപവും അധികാരവും
ആധിപത്യവും അസഹിഷ്ണതയും ഉണ്ടായിരുന്ന സഭയുടെ പഴയ
കാലഘട്ടത്തിലേക്ക് നാം പോകരുത് എന്നാണ് മാർപാപ്പ നമ്മെ പഠിപ്പിക്കുന്നത്.
വത്തിക്കാനിലെ കൊട്ടാര
സദൃശ്യമായ ഭവനം മാർപാപ്പ ഉപേക്ഷിച്ചതുകൊണ്ട് അതുവരെ കൊട്ടാരങ്ങളിൽ താമസിച്ച
മാർപാപ്പാമാർ ചെയ്തത് ശരിയല്ല എന്നു സ്ഥാപിച്ച് നാം വ്യാഖ്യാനിക്കരുത്. ആ പ്രവർത്തിയിൽ അന്തർലീനമായ സന്ദേശത്തെ നാം
ഉൾകൊള്ളുകയാണ് വേണ്ടത്. അവിടെ ബഹുമാന്യത കുറയുകയല്ലാ, കൂടുകയാണ് ചെയ്യുന്നത്. നമ്മുടെയൊക്കെ
ചെറുപ്പത്തിൽ ഇമ്പാലാ കാറിൽ പള്ളിമുറ്റത്തിറങ്ങുന്ന മെത്രാന്മാരെ നമ്മൾ
ഓർമിക്കുന്നുണ്ട്. അന്ന് മെത്രാനെക്കാൾ എനിക്കിഷ്ടം ആ ഇമ്പാലാ കാറിനോടും, ബഹുമാനം അത് ഓടിച്ചിരുന്ന മഹാമനുഷ്യനായി എൻറെ
കൊച്ചുമനസ്സ് കണ്ടിരുന്ന
മാണിചേട്ടൻ എന്ന
ഡ്രൈവറോഡുമായിരുന്നു. അക്കാലത്ത് മെത്രാന്മാരുടെ ഇടവക
സന്ദർശനം ഔപചാരികമായിരുന്നു. എന്നാൽ ഫ്രാൻസിസ് പാപ്പയുടെ അനൗപചാരികത സഭയുടെ
രൂപാന്തരീകരണത്തിന് ഉപകരിക്കും. അത് ഇന്നിൻറെ ആവശ്യവുമാണ്.
കാലികമായ മാറ്റങ്ങൾ
ഉൾക്കൊള്ളാതെയും ഉൾച്ചേർക്കാതെയും സഭയ്ക്ക് മുമ്പോട്ടുപോകാൻ ആവില്ല. അതിന്
അധികാരത്തിൻറെയും ആധിപത്യത്തിൻറെയും സ്വരം, വേഷം, സംവിധാനം എല്ലാം മാറ്റിവെയ്ക്കണമെങ്കിൽ, അത് ചെയ്യണം.
അതിന് സഹിഷ്ണതകാട്ടാൻ സന്നദ്ധരാകണം. മാർപാപ്പ ഉദ്ദേശിക്കുന്ന പരിണാമം, രൂപാന്തരീകരണം, നവോദ്ധാനം മറ്റൊന്നുമല്ല. മാറ്റം എന്ന് കേൾക്കുമ്പോഴെ
സഭയിൽ ചിലർക്ക് പേടിയാണ്. സഭയിലെ വിള്ളൽ തകർച്ചയാണ് എന്ന് ചിന്തിക്കുന്ന
മെത്രാന്മാരും വൈദികരുമാണ് അധികവും. മാറ്റം സംഭവിച്ചാൽ സഭ നിലനിൽക്കില്ല എന്ന
ആശങ്ക അവരെ അലട്ടുന്നു. അർത്ഥമില്ലാത്ത അനുഷ്ഠാനങ്ങൾ കൊണ്ടോ ആരാധന ക്രമങ്ങൾ കൊണ്ടോ
കൂദാശകൾ കൊണ്ടോ മാറ്റേണ്ട മാറ്റങ്ങളെ പിടിച്ചുനിർത്താൻ സാധിക്കുമെന്ന് നമുക്ക്
കരുതാൻ സാധിക്കയില്ല. ഇന്നത്തെ കാലത്ത് പാരമ്പര്യവും പൈതൃകവും ന്യായീകരണ
തുറുപ്പുചീട്ടുകളായി ഇറക്കിയാലും അടിയൊഴുക്കിനെ തടയാൻ കഴിയില്ല.
സഭ ഇന്ന് ഒരു സൂപ്പർ
കോർപ്പറേറ്റ് ഘടനയായി വളർന്നിരിക്കുന്നു.
ആ സൂപ്പർ ഘടനയെ താങ്ങി നിർത്താനുള്ള ഉത്തരവാദിത്വ ബോധവുമായാണ് ഓരോ പുരോഹിതനും
സഭയിലേക്ക് കടന്നുവരുന്നത്. ഫ്രാഞ്ചൈസ് വാങ്ങിയ ഒരു കൊച്ചുമുതലാളിയുടെ
മാനിസികാവസ്ഥയാണ് അദ്ദേഹത്തിനുള്ളത്. അപ്പോൾ, തന്നെ ഏല്പിക്കുന്ന
ഇടവകയെ എങ്ങനെ ലാഭത്തിൽ മുമ്പോട്ടു കൊണ്ടുപോകാം എന്ന ചിന്തയിലാണ് വൈദികർ. അതാണ്
രൂപതയ്ക്കുള്ള അവരുടെ സംഭാവന. ഇവിടെ ഇടവകയിലെ ദൈവജനത്തിൻറെ ആത്മീയ
ഗുണവർദ്ധനവിനെപ്പറ്റി അദ്ദേഹത്തിന് ചിന്തിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണല്ലോ
പള്ളികളിൽ എല്ലാവിധ കച്ചവടങ്ങളും നടക്കുന്നത്. സഭയുടെ അടിസ്ഥാന ശിലയാണ് വൈദികസമൂഹം. ആരാണ്
നല്ല വൈദികൻ? തിളങ്ങുന്ന ലോഹ ധരിക്കുന്ന അച്ചനാണോ? വചനം പ്രസംഗിച്ച് ബഹളം വയ്ക്കുന്ന അച്ചനാണോ? വലിയ പള്ളിപണിയുന്ന
അച്ചനാണോ? യഥാർത്ഥത്തിൽ അവരാരുമല്ല. പദവികൾ ആഗ്രഹിക്കാത്ത, മനുഷ്യകുലത്തിൻറെ രക്ഷകനായ യേശുക്രിസ്തുവിനെപ്പോലെ ആക്കപ്പെടാൻ
ദൈവജനത്തിൽനിന്നും വലിച്ചെടുക്കപ്പെട്ട ശുശ്രൂഷകനായിരിക്കണം, ഒരു പുരോഹിതൻ. ഒരു വൈദികന് ഭൗതികമായി ഒന്നും
അവശേഷിക്കാൻ പാടില്ല എന്ന സങ്കല്പം വൈദിക ബ്രഹ്മചര്യത്തിലുണ്ട്, എന്നുനാം തിരിച്ചറിയണം. നല്ല ഇടവകയെ
വിലയിരുത്തി വൈദികന് സമ്മാനം നൽകുന്നത് ശരിയോയെന്ന് ചിന്തിക്കണം. ടെക്‌നോളജി
മെച്ചമായി കൈകാര്യം ചെയ്യുന്നവർക്ക് മേൽകൈ കിട്ടുന്ന കാലമാണിത്. പാസ്റ്ററൽ മാനേജ്‌മെൻറ്റിൽ ആത്മീയതയുടെ ആവശ്യമില്ല; നേതൃത്വഗുണം മതി. അതുകൊണ്ട്,
പുതുതലമുറ വൈദികരെപ്പറ്റി
ദൈവജനത്തിന് ആശങ്കയെ ഉള്ളൂ. വൈദികരെ ചോദ്യം ചെയ്യുന്നവരെ പുറത്താക്കുകയും
പുരോഹിതർക്ക് യാതൊന്നും സംഭവിക്കാതെ സംരക്ഷിക്കുന്ന അധികാര ഘടനയെ നാം ഭയപ്പെടണം.
ക്രിമിനലുകളായ പാതിരിമാർ സഭയിൽ എല്ലാക്കാലത്തും ഉണ്ടാകും. പക്ഷെ അവരെ വാഴ്ത്തുന്ന
പ്രവണത ആശങ്കപ്പെടുത്തേണ്ടതാണ്. റോബിൻ
വടക്കുംഞ്ചേരി ഒറ്റദിവസംകൊണ്ട് കത്തോലിക്ക സഭയിൽ മുളച്ച് പൊങ്ങിയതല്ല. ഒരുപറ്റം വൈദികർക്കും
കന്യാസ്ത്രികൾക്കും മെത്രാന്മാർക്കും അയാളുടെ ചെയ്തികളെപ്പറ്റി നേരത്തെ
അറിയാമായിരുന്നു. സഭാസമൂഹംതന്നെയാണ് ഇത്തരക്കാരെ വളർത്തികൊണ്ടുവരുന്നത്. ഇത്തരം
കാര്യങ്ങളിൽ സഭാധികാരികളുടെ അശ്രദ്ധ
അപലപനീയമാണ്. ഈ സാഹചര്യത്തിൽ ഒരു നല്ല ക്രൈസ്തവന് സഭയോട് ചേർന്നു നിൽക്കാനോ
ചിന്തിക്കാനോ ആകുമോ? വഴിതെറ്റിയ കുഞ്ഞാടിനെ നേർവഴിക്ക് കൊണ്ടുവരുന്ന
വൈദികനെക്കാൾ പുകഴ്ത്തപ്പെടുന്നത് കർശനക്കാരനെയാണ്. മനുഷ്യരെക്കുറിച്ച് ചിന്തിക്കാൻ പള്ളിയ്ക്ക്
സമയമില്ല. അതുകൊണ്ട് നാളെ കേരളസഭ ഇല്ലാതാകുമെന്നോ ചുരിങ്ങിപ്പോകുമെന്നോ ഞാൻ
കരുതുന്നില്ല.
ശരിയായ സമയത്ത് ശരിയായ
കാര്യം ചെയ്തോ എന്നതാണ് ചോദ്യം. അടുത്ത കാലത്ത് മൂന്നാറിൽ ഒരു കുരിശ്
പൊളിച്ചുമാറ്റി. പ്രഥമദൃഷ്ട്യാ കൈയ്യേറ്റമാണെന്നും ന്യായീകരിക്കാൻ അസാധ്യമായ
സംഭവമാണെന്നും മനസ്സിലായാൽ അങ്ങനെ പറയാൻ എന്താണ് സഭാനേതൃത്വത്തിന് തടസ്സം? കുരിശ് ക്രിസ്ത്യാനികളുടെ പ്രതീകമാണ്. കുരിശേൽ തൊട്ടുകളിച്ചാൽ, അത് തകർത്താൽ ക്രിസ്ത്യാനികളുടെ വികാരം പൊട്ടിയൊഴുകും. എന്നാൽ കുരിശ്
അനധികൃതമായി സ്ഥാപിച്ചതാണെങ്കിൽ ഞങ്ങൾ അത് അനുവദിക്കുന്നില്ല എന്ന്
അർദ്ധശങ്കയില്ലാതെ ശക്തമായ ഭാഷയിൽ എന്തുകൊണ്ട് സഭാനേതൃത്വം പറയുന്നില്ല? കുരിശിലെ പലകകളോ കോൺക്രീറ്റോ അല്ലാ പ്രാധാന്യം അർഹിക്കുന്നത്. മറിച്ച്, യേശുവിൻറെ ത്യാഗത്തിൻറെ സന്ദേശമാണ്.
അനധികൃതമായി കൈയ്യേറി കുരിശുകൃഷി നടത്തി
ക്രൈസ്തവസഭ വളരേണ്ട കാര്യമില്ല. അത് സഭ തിരിച്ചറിയണം. സഭാനിയമത്തെയും രാഷ്ട്രനിയമത്തെയും ഒരേസമയം
ലംഘിച്ച് ഒരു പെൺകുട്ടിയെ റോബിൻ വടക്കുംഞ്ചേരി
ഗർഭിണിയാക്കിയെങ്കിൽ, റോബിൻ ഒരു
വൈദികനായതുകൊണ്ട് അയാളെ ന്യായീകരിക്കണ്ട ആവശ്യം സഭയ്ക്കില്ല. ഭൂമി കള്ളക്കച്ചവടം
നടത്തിയ ആലഞ്ചേരി മെത്രാപ്പോലീത്ത സഭാതലവനായതുകൊണ്ട് അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ട
കാര്യം സഭയ്ക്കില്ല. അവർ നിയമനടപടികൾ നേരിടട്ടെ എന്നാണ് സഭ ചിന്തിക്കേണ്ടത്. അധ്യാപക
നിയമനങ്ങളിലെ അഴിമതി അധാർമികവും യേശുവിരുദ്ധവുമാണെന്ന് എല്ലാവർക്കും അറിയാം.
രാഷ്ട്രീയ തെരെഞ്ഞെടുപ്പുകളിലും പരിസ്ഥിതിപ്രശ്നനങ്ങളിലും മെത്രാന്മാരുടെ
ഇടപെടലുകൾ സ്വാർത്ഥ താല്പര്യങ്ങൾ കൊണ്ടാണെന്നും ജനം തിരിച്ചറിയുന്നുണ്ട്. നിർമാണ
മേഖലയിൽനിന്നും സഭ പിന്മാറേണ്ട കാലം കഴിഞ്ഞു. പാവപ്പെട്ടവരെ ഉദ്ധരിക്കുന്നതിൽ സഭ
മുൻകൈ എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്രതികരണശേഷി നഷ്ടപ്പെട്ട
ക്രിസ്തീയ വിശ്വാസികളെ വളർത്തിയെടുക്കുന്ന സഭയുടെ ഇന്നത്തെ പോക്ക് ശരിയല്ല. ക്രൂശിതനായ ക്രിസ്തുവിനു പകരം സിംഹാസനാരൂഢനായ
ക്രിസ്തുവിനെ പ്രതീകമാക്കുന്ന സഭയെ നാം
ഭയപ്പെടണം. ധാർമികശക്തി അനുദിനം ഒലിച്ചു പൊയ്ക്കൊണ്ടിരുന്ന സഭ, നമുക്ക് നാണക്കേടാണ്.
ഞാൻ ഇത്രയും പറഞ്ഞത്, നമ്മുടെ സംഘടനയുടെ പ്രശക്തിയെപ്പറ്റി
ഓർമപ്പെടുത്താനാണ്. സഭയിൽ പരിവർത്തനങ്ങൾ ഉണ്ടാകണമെങ്കിൽ, നവോദ്ധാനം സംഭവിക്കണമെങ്കിൽ സഭയെ വിമർശിച്ചേ തീരു. രാമായണം എഴുതിയത് രാമനെ
വിമർശിക്കാനാണ്. ദൈവങ്ങളെപ്പോലും മനുഷ്യർ ഇന്ന് വിമർശിക്കുന്നുണ്ട്. പൗരോഹിത്യ കുറ്റകൃത്യങ്ങളെ
നാം വിമർശിക്കണം. എല്ലാ വിമർശനങ്ങളുടെയും അടിസ്ഥാനം മത വിമർശനമായിരിക്കണം.
ക്രിസ്തു യഹൂദ മത വിമർശകനായിരുന്നു. യഹൂദ മതത്തോട് വിയോജിക്കാനുള്ള ആർജവം
യേശുവിനുണ്ടായിരുന്നു. എന്തെല്ലാം കണ്ടാലും കൊണ്ടാലും പരാതികളില്ലാത്ത ഒരു വർഗമായി
നാം മാറാൻ പാടില്ല. സ്വന്തം മകളുടെ ഗർഭം ഏറ്റെടുക്കാൻമാത്രം നാം അധഃപതിക്കാൻ
പാടില്ല. ആലഞ്ചേരിയും പീലിയാനിക്കലും ജോസഫ് പാംപ്ലാനിയും സാമ്പത്തിക ക്രമക്കേടുകൾ
കാണിച്ചുയെന്ന് പറയാനുള്ള ബൗദ്ധിക
സ്വാതന്ത്ര്യം നമുക്കുണ്ടാകണം. ആദിത്യനെ ക്രൂരമായി മർദിച്ച് ചോദ്യം ചെയ്തതിൻറെ
പിന്നിൽ ഹൃദയമില്ലാത്ത ഒരു തൊപ്പിക്കാരനാണെന്ന് നാം മനസ്സിലാക്കണം. ലൂസി കളപ്പുര, ലിസി വടക്കേൽ, കുറവിലങ്ങാട്ടെ സഹോദരികളെയെല്ലാം അവരുടെ സഭാ
മേധാവികളാണ് പീഡിപ്പിക്കുന്നത്. അവരുടെ മനുഷാവകാശങ്ങൾ പോലും അവർക്ക് നിഷേധിക്കപ്പെടുന്നു. ഏതുതരത്തിലുള്ള
ഒരു സഭയിലാണ് നമ്മൾ ജീവിക്കുന്നത്?
സന്യാസിനി സഹോദരികൾക്കും
വീട്ടമ്മമാർക്കും സുരക്ഷിതത്വമില്ലാത്ത
ഒരു സഭയിലോ? നസ്രാണികളുടെ പൈതൃകം
കല്ദായമാണെന്നും നസ്രാണികളുടെ കുരിശ് മാനിക്കേയൻ കുരിശാണെന്നു സ്ഥാപിച്ചെടുക്കാൻ
പരിശ്രമിക്കുന്ന ഒരു സഭയിലോ? പൗരസ്ത്യ കാനോൻ നിയമത്തിൻറെ മറവിൽ പള്ളികളും
പള്ളിസ്വത്തുക്കളും അല്മായർക്ക് നഷ്ടപ്പെട്ട ഒരു സഭയിലോ? സ്നേഹിതരെ നിങ്ങൾ
ചിന്തിക്കുവിൻ!
നിങ്ങൾ നിങ്ങളുടെ സഭയെ
സ്നേഹിക്കുന്നുണ്ടോ എന്നതാണ് പ്രഥമവും
പ്രധാനവുമായ ചോദ്യം. ഉണ്ട് എങ്കിൽ, സഭയിൽ തിരുത്തലിനുവേണ്ടി നിങ്ങൾ ആത്മാർത്ഥമായി
പരിശ്രമിക്കും. അതാണ് എൻറെയും നിങ്ങളുടെയും ദൗത്യം. സഭാനവീകരണത്തിനുള്ള ഒരു വഴിയാണ് കെസിആർഎം നോർത് അമേരിക്ക എന്ന സംഘടനയും അതിൻറെ പ്രവർത്തനങ്ങളുമെന്ന് ഞാൻ ആത്മാർത്ഥമായി
വിശ്വസിക്കുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ നിങ്ങളുടെ വിലയേറിയ സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചുകൊണ്ട്
എൻറെ വാക്കുകളെ ഞാൻ
ഉപസംഹരിക്കുന്നു.
No comments:
Post a Comment