(കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിയെട്ടാമത് ടെലികോൺഫെറൻസിൽ
ശ്രീ ജെയിംസ് കുരീക്കാട്ടിൽ വിഷയം അവതരിപ്പിച്ചുകൊണ്ട് ചെയ്ത പ്രഭാഷണത്തിൻറെ ലിഖിത
രൂപം)
'സ്വാതന്ത്രചിന്തകനായ യേശു' എന്ന വിഷയം കേൾക്കുമ്പോൾത്തന്നെ നിങ്ങളിൽ
ചിലർക്കെങ്കിലും കൗതുകം തോന്നാം. എന്താണീ സ്വാതന്ത്രചിന്തകനായ യേശു എന്ന
പ്രയോഗംകൊണ്ട് അർത്ഥമാക്കുന്നത്? സ്വാതന്ത്രചിന്തകർ എന്നുവെച്ചാൽ നിരീശ്വരവാദികളാണ് എന്ന തെറ്റായ ഒരു ധാരണ
ചിലർക്കെങ്കിലും ഉണ്ടായേക്കാം. വിഷയത്തിലേക്ക് കടക്കുന്നതിനുമുമ്പ്, സ്വാതന്ത്രചിന്തകർ ആരാണ് എന്ന് നമുക്കൊന്നുനോക്കാം. ഏതെങ്കിലും ഒരു
പ്രത്യയശാസ്ത്രത്തിൽ അധിഷ്ഠിതമായ ആശയത്തെ (ideology) തലയിലേറ്റി, അതുമാത്രമാണ് ശരിയെന്ന് കരുതി നടക്കുന്നവരാണ് മനുഷ്യരിലധികവും. എന്നാൽ
അതിൽനിന്നും വിഭിന്നമായി ഒരു പ്രത്യയശാസ്ത്രത്തിൽറെ ആശയത്തെ മാത്രം സ്വീകരിക്കാതെ, അതുമാത്രം
തലയിലേറ്റി നടക്കാതെ, എല്ലാ പ്രത്യയശാസ്ത്ര ആശയങ്ങളെയും വിശകലനം ചെയ്ത് ഉൾക്കൊള്ളാൻ
കഴിയുന്ന എതിർ ചിന്തകരെയാണ് സ്വാതന്ത്രചിന്തകർ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഇന്ന് ഇതിൽ സംബന്ധിക്കുന്ന അധികംപേരും ക്രിസ്ത്യാനികളാണ്. എന്തുകൊണ്ട് നാം
ക്രിസ്ത്യാനികളായി? ലളിതമായി
പറഞ്ഞാൽ, നാം ഒരു
ക്രിസ്തീയ കുടുംബത്തിൽ ജനിച്ചതുകൊണ്ടുമാത്രമാണ് ക്രിസ്ത്യാനികളായത്. അതുകൊണ്ട്
യേശു നമുക്ക് ദൈവമായി. ഒരു ക്രിസ്ത്യാനിക്ക് കൃഷ്ണനെയോ ശിവനെയോ ദൈവമായി ആരാധിക്കാൻ
കഴിയുമോ? കോടിക്കണക്കിന്
ജനങ്ങൾ ആരാധിക്കുന്ന അള്ളാഹുവിനെ ആരാധിക്കാൻ കഴിയുമോ? ഇല്ല. നാം ഒരു
മതത്തിൽ ജനിച്ചതുകൊണ്ട് ആ മതത്തിലെ ദൈവസങ്കല്പമാണ് നമ്മുടെ ദൈവസങ്കല്പം; ആ മതത്തിലെ
ആചാരാനുഷ്ടാനങ്ങളാണ് നമ്മുടെ ആചാരാനുഷ്ഠാനങ്ങൾ. മതത്തിൻറെ കാര്യത്തിൽ മാത്രമല്ല
ഇങ്ങനെ സംഭവിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റുകാരനാണെങ്കിൽ കമ്മ്യൂണിസം
മാത്രമായിരിക്കും അയാളുടെ തലയിൽ ഉണ്ടായിരിക്കുന്നത്. ആ പാർട്ടി ഒരു തെറ്റുചെയ്താൽ
അതിനെ ന്യായീകരിക്കാൻവരെ അയാൾ ശ്രമിക്കും.
അപ്പോൾ നിങ്ങളുടെ മനസ്സിൽ ഒരു ചോദ്യം പൊന്തിവരാം. യഹൂദമതത്തിൽ ജനിച്ച യേശു
എങ്ങനെയാണ് ഒരു സ്വതന്ത്രചിന്തകനായത്, എന്ന്. യഹൂദമതത്തിൻറെ
ചട്ടക്കൂട്ടിൽനിന്നുകൊണ്ട് ആ മതത്തിൻറെ നിയങ്ങളെ ചോദ്യം ചെയ്യുകയും ലംഘിക്കുകയും
ചെയ്തുകൊണ്ട് ഒരു പുതിയ നിയമത്തെ യേശു തൻറെ ശിഷ്യരുടെ ഇടയിൽ അവതരിപ്പിച്ചു. അങ്ങനെ യേശു യഹൂദനിയമങ്ങളെ പൊളിച്ചെഴുതി. പുതിയ
നിയമങ്ങളെ ആവിഷ്ക്കരിച്ചുകൊണ്ട് യഹൂദമതത്തെ നവീകരിക്കാൻ ശ്രമിച്ച ഒരു
സ്വതന്ത്രചിന്തകനായിട്ടാണ് യേശുവിനെ പ്രഥമമായി നാം കാണുന്നത്. യേശുവിൻറെ മാനുഷിക
തലങ്ങളെ ആശ്രയിച്ചുകൊണ്ടുതന്നെയായിരിക്കണം
സ്വാതന്ത്രചിന്തകനായ യേശുവിനെ നാം അന്വേഷിക്കേണ്ടത്.
യേശുവിൻറെ സ്വാതന്ത്രചിന്തയെക്കുറിച്ച് ചിന്തിക്കുമ്പോൾ, യേശു ചെയ്ത പ്രധാനപ്പെട്ട ചില യഹൂദമത നിയമവിരുദ്ധതയെ ഉദാഹരണങ്ങളായി
നമുക്ക് സ്വീകരിക്കാം. “ശാബത്ത് മനുഷ്യന്നുവേണ്ടിയാണ്; അല്ലാതെ
മനുഷ്യൻ ശാബത്തിന്നു വേണ്ടിയല്ല” (മാർക്കോ. 2: 27) എന്ന് യേശു തറപ്പിച്ചുതന്നെ പറഞ്ഞു. ശാബത്ത് ലംഘിക്കുന്നവന് വധശിക്ഷവരെ
നടപ്പിലാക്കിയിരുന്ന കാലത്താണ് യേശു ഇത് പരസ്യമായി പറയുന്നത്. സർവ്വവ്യാപിയായ ദൈവം
ആരാധനാലയങ്ങളിൽ മാത്രം ഒതുങ്ങിക്കിടക്കുന്നില്ല എങ്കിലും ഈ കോവിഡ് കാലത്തുപോലും
ആചാരാനുഷ്ഠാനങ്ങളാൽ തളയ്ക്കപ്പെട്ടവർ ആയതിനാലാണെല്ലോ പള്ളികളിലേയ്ക്കു പോകാൻ
വിശ്വാസികൾ തിടുക്കം കാണിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളിൽക്കൂടി മാത്രമല്ല
ദൈവസാക്ഷാത്കാരം നേടേണ്ടത് എന്ന്, മനുഷ്യൻ ശാബത്തിനുവേണ്ടിയല്ല എന്ന ആദർശത്തിലൂടെ യേശു നമ്മെ
പഠിപ്പിക്കുന്നത്. ബലിയല്ല കരുണയാണാവശ്യം (മത്താ. 9:
13) എന്ന് യേശു പഠിപ്പിക്കുമ്പോൾ ആചാരാനുഷ്ഠാന ജീവിതമല്ല, മറിച്ച് സഹജീവികളോട് കരുണ കാണിക്കണമെന്ന പ്രമാണത്തിൻറെ പ്രാധാന്യത്തെയാണ്
നാമിവിടെ കൂട്ടിവായിക്കേണ്ടത്. ആചാരാനുഷ്ഠാന ബന്ധിതരായ പുരോഹിത വർഗത്തിൻറെ
പൊള്ളത്തരത്തെ തുറന്നുകാട്ടുന്ന പ്രസക്തമായ ഒന്നാണ് നല്ല ശമര്യാക്കാരൻറെ ഉപമ
(ലൂക്കോ. 10: 29-37). ഇന്ന്
ക്രിസ്തീയ ദേവാലയങ്ങളിൽ നടക്കുന്ന കൂദാശ
പാരികർമങ്ങളോ പള്ളിപെരുന്നാളുകളോ മാറ്റ് നൂറുകൂട്ടം ആചാരാനുഷ്ഠാനങ്ങളോ അല്ല
പ്രധാനം, കരുണയാണ്
യഥാർത്ഥ ബലിയെന്ന് യേശു ആ ഉപമവഴി പഠിപ്പിക്കുന്നു.
സീസറിനുള്ള നികുതി സംസാരവിഷയമായപ്പോൾ, "സീസറിൻറേതു സീസറിനും ദൈവത്തിൻറേതു ദൈവത്തിനും കൊടുക്കുക" (ലൂക്കോ. 20: 25) എന്ന് യേശു
പ്രത്യുത്തരിച്ചു. മതത്തെയും രാഷ്ട്രീയത്തെയും
കൃത്യമായി വേർതിരിച്ച് കാണിക്കുകയായിരുന്നു യേശു ഇവിടെ ചെയ്തത്. സ്വാതന്ത്രചിന്തകനായ യേശുവിന് രാഷ്‌ടീയ
മുതലെടുപ്പിനുവേണ്ടി മതത്തെ ദുരുപയോഗം ചെയ്യാൻ സാധിക്കുകയില്ല. രണ്ടായിരം വർഷം
കഴിഞ്ഞിട്ടും യേശുവിൻറെ പഠനങ്ങൾ നടപ്പിലാകുന്നില്ല എന്ന് ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. ദരിദ്രനും
വിശക്കുന്നവനും പീഡിതനും തെരുവിൽ
കഴിയുന്നവനുമായ സഹോദരന് നിങ്ങൾ സഹായം ചെയ്തപ്പോൾ നിങ്ങൾ എനിക്കാണ് ചെയ്തത് എന്നാണ്
യേശു പഠിപ്പിച്ചത് (മത്താ. 25: 40). യേശുവിൻറെ ദൈവസങ്കല്പം
പോലും അപരനിലായിരുന്നു. ബലിയല്ലാ ദൈവം ആഗ്രഹിക്കുന്നത്; കാരണം
തെരുവിലെ വിശക്കുന്നവൻറെ കരച്ചിലിലാണ് ദൈവം. സ്നേഹത്തിൻറെയും ക്ഷമയുടേയും
കാരുണ്യത്തിൻറെയുമെല്ലാം ചേർന്ന ഒരു വിശ്വദർശനമായിരുന്നു യേശുവിൻറേത്. അവനവൻറെ
ഉള്ളിലാണ് ദൈവം. യേശു പറഞ്ഞു: " ഞാനും പിതാവും ഒന്നാണ്" (യോഹ. 10: 30). സ്വതന്ത്ര
ചിന്തയുടെയും സമത്വ ബോധത്തിൻറെയുമെല്ലാം ഉദാത്ത ദർശനങ്ങളാണ് ഇവിടെ നമുക്ക് കാണാൻ
കഴിയുന്നത്.
സുഹൃത്തുക്കളെ സ്‌നേഹിക്കുകയും ശത്രുക്കളെ വെറുക്കുകയും ചെയ്തിരുന്ന
കാലഘട്ടത്തിൽ ശത്രുക്കളെ സ്നേഹിക്കുക (മത്താ. 5: 44) എന്ന ഏറ്റവും പ്രബുദ്ധമായ തത്ത്വം പഠിപ്പിച്ച സ്വതന്ത്ര ചിന്തകനാണ്, യേശു. പുരോഹിത
അടിമത്തത്തിൽ മനസ്സിനെ തടവറയിലാക്കിയ യഹൂദജനതയെ സ്വതന്ത്രമായി ചിന്തിക്കാൻ
പഠിപ്പിച്ച സ്വതന്ത്ര ചിന്തകനാണ്, യേശു. യേശു
അനുയായികൾക്ക് സ്വതന്ത്രചിന്ത
ഒഴിച്ചുകൂട്ടാൻ പാടില്ലാത്ത ഘടകമാണ്. കാരണം നമ്മുടെ മതവിശ്വാസവും ചിന്താ
സ്വാതന്ത്യവും സംയോജിപ്പിക്കണമെന്നാണ് യേശു നമ്മെ പഠിപ്പിക്കുന്നത്.
സ്വതന്ത്രചിന്തകനായ യേശുവിൻറെ പഠനങ്ങളുടെ സത്യവും സൗന്ദര്യവുമാണ് ക്രിസ്തുമതം.
No comments:
Post a Comment