Translate

Saturday, July 25, 2020

ലോകത്തിനു ജീവന്‍ നല്കാന്‍ യേശു വിഭാവനംചെയ്തവിധം സഭയില്‍ ഉരുത്തിരിയേണ്ട നൂതന ആരാധനക്രമത്തിന്റെ കരടുരൂപം:


കെ.കെ. ജോസഫ് കുളിരാനി

(അപ്പോ. പ്രവ. 2: 42-47 കാണുക)

അപ്പംമുറിക്കലും സമ്മേളനവും അപ്പോസ്തലന്മാരുടെ കാലത്തേതുപോലെ വീടുകളിലേക്കുതന്നെ മാറ്റണം. ഇതാണു ശരിയായ ഉറവിടം.

കല്‍ദായ കുര്‍ബാനയോ ലത്തീന്‍ കുര്‍ബാനയോ ഉറവിടമല്ല.

           

[യശഃശരീരനായ ജോസഫ് കുളിരാനി സാര്‍ 2001 മാര്‍ച്ചില്‍, 'യേശുവിന്റെ അന്ത്യഅത്താഴമേശ- അര്‍ത്ഥവും ദൗത്യവും' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച പഠനപ്രബന്ധത്തിന്റെ അവസാനഭാഗത്തെ മാര്‍ഗ്ഗനിര്‍ദ്ദേശമാണിത്. 2012 നവം. ലക്കം സത്യജ്വാലയില്‍ ഈ പ്രബന്ധം പൂര്‍ണമായി പ്രസിദ്ധീകരിച്ചിരുന്നു (പേജ്. 14-19) ദൈവാലയകേന്ദ്രിതമല്ലാത്തതും പുരോഹിതമുക്തവുമായ ഒരു മതജീവിതത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ഉത്തേജകമായേക്കാം എന്ന പ്രതീക്ഷയോടെ ഇത് പുനഃപ്രസിദ്ധീകരിക്കുന്നു.]

1) അപ്പംമുറിക്കലും സമ്മേളനവും അപ്പോസ്തലന്മാരുടെ കാലത്തേതുപോലെ വീടുകളിലേക്കുതന്നെ മാറ്റണം. ഇതാണു ശരിയായ ഉറവിടം. കല്‍ദായ കുര്‍ബാനയോ ലത്തീന്‍ കുര്‍ബാനയോ ഉറവിടമല്ല (അപ്പോ. പ്രവ. 2: 42-47 കാണുക).


2) ഇടവക യൂണിറ്റുകള്‍ ഓരോ കൂട്ടായ്മയായി എടുക്കാം. ഓരോ വാര്‍ഡിനും അതിലെ അംഗങ്ങള്‍തന്നെ തിരഞ്ഞെടുക്കുന്ന ഒരു പ്രസിഡന്റും സെക്രട്ടറിയും ഉണ്ടായിരിക്കണം. സെക്രട്ടറിക്കു പള്ളിയോഗ്രപതിനിധി എന്ന സ്ഥാനവും നല്‍കാം.


3) മാസത്തിലൊരിക്കല്‍ ഒരു നിശ്ചിതദിവസം (ആദ്യഞായര്‍ നല്ലത്), ഒരു ക്ലിപ്തസമയത്ത് (4. പി.എം ഉത്തമം), വീട്ടുകാരുടെ സ്നേഹസമ്മേളനവും വിരുന്നും വാര്‍ഡിലെ ഓരോ വീട്ടിലും മാറി മാറി നടത്തണം.


4) സമ്മേളനം ആരംഭിക്കുന്നതിനുമുമ്പ് സെക്രട്ടറി രജിസ്റ്റര്‍ നോക്കി വീട്ടുകാരുടെ ഹാജര്‍ എടുക്കണം, വരാത്തവരെ അന്വേഷിക്കണം.


5) തുടര്‍ന്ന്, സെക്രട്ടറിയോ അദ്ദേഹം നിശ്ചയിക്കുന്ന ആളോ സമ്മേളനസ്ഥലത്തു മേശയില്‍ കുരിശുരൂപത്തിനു മുമ്പില്‍ വച്ചിരിക്കുന്ന ബൈബിള്‍ എടുത്ത് യോഹന്നാന്റെ സുവിശേഷം 13-ാം അദ്ധ്യായം സാവകാശം വായിക്കണം. വായന കഴിയുമ്പോള്‍ എല്ലാവരും എഴുന്നേറ്റുനിന്ന് സമൂഹത്തില്‍ സന്നിഹിതനായിരിക്കുന്ന യേശുവിനെയും വായിച്ചുകേട്ട അദ്ദേഹത്തിന്റെ വചനങ്ങളെയുംപറ്റി 5 മിനിറ്റു നേരമെങ്കിലും കണ്ണടച്ചു ധ്യാനിക്കണം.


6) അനന്തരം, പുരുഷന്മാരുടെ ഭാഗത്തുനിന്നു രണ്ടുപേരും സ്ത്രീകളുടെ ഭാഗത്തുനിന്നു രണ്ടുപേരും മേശയ്ക്കടുത്തേക്കുവന്ന് അവിടെ പാത്രത്തില്‍വച്ചിരിക്കുന്ന വെള്ളമെടുത്ത് പരസ്പരം കാലുകഴുകി തോര്‍ത്തുകൊണ്ടു തുടയ്ക്കണം. ആരുടെ കാലു കഴുകപ്പെടുന്നുവോ അയാള്‍ക്കു സ്റ്റൂളില്‍ ഇരിക്കാം. (ആന്റണി എബ്രഹാമിന്റെ കാലു കഴുകിയാല്‍ എബ്രഹാം ആന്റണിയുടെയും കാലു കുഴുകണം- അതുപോലെതന്നെ ചെയ്യണം ഏലിയും മറിയാമ്മയും.) സമത്വവും സാഹോദര്യവും സ്‌നേഹവും സേവനവും പ്രകടമാക്കുന്ന കര്‍മ്മം. ഓരോ സമ്മേളനത്തിലും ഓരോ ജോഡി ആളുകള്‍ മാറിമാറി വരണം.


7) പിന്നീടു പ്രസിഡന്റ് സ്‌നേഹസംഭാഷണം നടത്തണം. അദ്ദേഹത്തിനു പ്രത്യേക സീറ്റു പാടില്ല. സമ്മേളനത്തിന് അരൂപിയില്‍ സന്നിഹിതനായിരിക്കുന്ന യേശുവാണ് അധ്യക്ഷന്‍. 'നമ്മുടെ വാര്‍ഡിലെ വീട്ടുകാരില്‍ രോഗംമൂലമോ ദാരിദ്ര്യംമൂലമോ കഷ്ടപ്പെടുന്നവരുണ്ടോ? വീടു കെട്ടിമേയാന്‍ വശമില്ലാത്തവരോ വീടില്ലാത്തവരോ ഉണ്ടോ? അന്യോന്യം പിണങ്ങിക്കഴിയുന്നവരുണ്ടോ?' ഇത്യാദി ജീവകാരുണ്യപരമായ കാര്യങ്ങള്‍ അന്വേഷിച്ചു ചര്‍ച്ചനടത്തി അതിനു പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കുക.  പണസഹായം വേണ്ടപ്പോള്‍ പണം, സേവനം വേണ്ടിടത്തു സേവനം, കഴിവുപോലെ എല്ലാവരും നല്കുക. ഇതാണ് ക്രൈസ്തവര്‍ നടത്തേണ്ട ബലി (എബ്രാ. 13: 16, യോഹ. 4: 23-24 കാണുക).


8) അനന്തരം, സമാനസുവിശേഷങ്ങളില്‍, ഏതെങ്കിലും ഒന്നില്‍നിന്ന് യേശുവിന്റെ അന്ത്യഅത്താഴവിരുന്നിനെപ്പറ്റി വിവരിക്കുന്ന ഭാഗം ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ അതു ശ്രദ്ധിച്ചു ധ്യാനിക്കുകയും വേണം.


9) ആ സമയത്ത് നമ്മുടെ വീടുകളില്‍ പെസഹാ വ്യാഴാഴ്ച ഉണ്ടാക്കുന്നതുപോലുള്ള  ഒരു വലിയ പ്ലേറ്റ് ഇണ്ടറിയപ്പ(INRI അപ്പം)വും ഒരു വലിയ മൊന്തയില്‍ പാല്‍ കാച്ചിയതും സമ്മേളനം നടത്തുന്ന വീട്ടുകാരനും സഖിയുംകൂടി മേശപ്പുറത്തു കൊണ്ടുവന്നു വയ്ക്കണം. കുടെ ഒരു മേശക്കത്തിയും ഒന്നു രണ്ടു ചെറിയ കപ്പുകളും വേണം.


10) അനന്തരം പ്രസിഡന്റ് ഉച്ചത്തില്‍ ഇങ്ങനെ പറയുന്നു; 'സഹോദരങ്ങളേ, നമ്മുടെ ഗുരുവും കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴമേശയിലെ കല്പനയനുസരിച്ചു സജ്ജമാക്കിയിരിക്കുന്ന ഈ അപ്പത്തില്‍നിന്നു ഭക്ഷിക്കാനും ഈ പാനപാത്രത്തില്‍നിന്നു കുടിക്കാനും നമ്മള്‍ യോഗ്യരാണോ എന്നു നമുക്ക് അല്പനേരം ആത്മപരിശോധന നടത്താം. നമ്മള്‍ നിഷ്‌ക്കളങ്കരായിരിക്കയും നമുക്കുള്ളവ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചും ഈ പാനപാത്രത്തില്‍നിന്നു കുടിച്ചും യേശുവിന്റെ സ്‌നേഹത്തില്‍ വസിക്കാം! അപ്പോള്‍ യേശുവിന്റെ മാംസ-രക്തങ്ങളും നമ്മുടെ മാംസ-രക്തങ്ങളും ഒന്നായിത്തീരുകയും, യേശുവും അവിടുത്തെ പിതാവും നമ്മള്‍ ഓരോരുത്തരിലും വന്നു വസിക്കുകയും ചെയ്യും' (യോഹ. 6: 56, 14: 23-24).


11) പിന്നീട്, ഒരു പുരുഷന്‍, ഒരു സ്ത്രീ എന്ന ക്രമത്തില്‍ ഓരോരുത്തര്‍ മുമ്പോട്ടുവന്ന് അപ്പത്തില്‍നിന്നു മുറിച്ചെടുത്തു ഭക്ഷിക്കുകയും പാനപാത്രത്തില്‍നിന്നു കപ്പില്‍ പകര്‍ന്നു കുടിക്കുകയും ചെയ്യുന്നു. കുട്ടികളെ കൊണ്ടുവന്നിട്ടുള്ളവര്‍ അവര്‍ക്കും എടുത്തുകൊടുക്കണം. ഭക്ഷണം നടക്കുമ്പോള്‍, സമുഹം വി. ഗ്രന്ഥത്തില്‍നിന്ന് മലയിലെ പ്രസംഗം (മത്താ. 5) മൗനമായി വായിച്ചുകൊണ്ടിരിക്കണം.


12)        പിന്നീട് എല്ലാവരുംകൂടി 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥന ഉച്ചത്തില്‍ ചൊല്ലി അടുത്തയോഗം എവിടെ എന്നു നിശ്ചയിച്ച് പിരിഞ്ഞുപോകുന്നു.


പരിശുദ്ധാത്മാവേ എഴുന്നള്ളി വരണമേ, ഒരു നവീന പന്തക്കുസ്താ സംജാതമാക്കണമേ!

No comments:

Post a Comment