ജോസഫ് മറ്റപ്പള്ളി ഫോണ്‍: 9495875338
['ലൂമന്‍ ഇന്ത്യ'യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞമാസം നടന്ന അന്തര്‍ദേശീയ ഓണ്‍ലൈന്‍ വീഡിയോ സെമിനാറില്‍ അത്മായസമൂഹത്തെ പ്രതിനിധീകരിച്ച് ലേഖകന്‍ നടത്തിയ പ്രഭാഷണം. ഇതു രണ്ടു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്നു]
ഭൂമിയിലെന്നല്ല പ്രപഞ്ചത്തില്‍ത്തന്നെ എന്ത് ക്രിയ നടന്നാലും
അതിനുപിന്നില്‍ ഒരു പ്രാപഞ്ചികബുദ്ധിയുണ്ട്. സൗരയൂഥത്തിന്റെ ബുദ്ധിയെന്നത് ഒരു പ്രത്യേക
ഗ്രഹത്തിലോ സൂര്യനിലോ അല്ല, സര്‍വ്വതിനെയും സ്പര്‍ശിച്ചിരിക്കുന്ന ശൂന്യതയിലാണെന്നു
നമുക്കറിയാം. ആ പ്രവര്‍ത്തനങ്ങളെയെല്ലാം ദൈവേഷ്ടം എന്ന് നമുക്ക് വിശേഷിപ്പിക്കാം.
*
ദൈവത്തെ വിട്ട് നിയമത്തിന്റെ
പിന്നാലെ പോയതുകൊണ്ട് സംഭവിച്ചതാണ്, ഇന്ന് സഭയ്ക്കുണ്ടായിരിക്കുന്ന ഈ അപചയം. ഒരു സഭാംഗത്തിന്റെ സ്വാതന്ത്ര്യത്തിനു വീഴുന്ന ആദ്യത്തെ വിലങ്ങിതാണ്
- ദൈവം തോന്നിക്കുന്നതുപോലെ ചെയ്യാന്‍ അവനനുവാദമില്ല; ഉള്ളിലും പുറത്തും
നിറഞ്ഞിരിക്കുന്ന ദൈവത്തോട് കാനോന്‍ നിയമം നോക്കി സംവദിക്കേണ്ട ഗതികേട്! നിങ്ങള്‍ക്കുവേണ്ടിയുംകൂടി ഞങ്ങള്‍ ചിന്തിച്ചുകൊള്ളാമെന്ന്
പറയുന്ന ഒരു നേതൃത്വവും, 'ചിന്തിച്ചോ അച്ചാ, കാശെത്രയാണെന്നു
പറഞ്ഞാമതി'യെന്നു
പറയുന്ന കുറെ ആടുകളും കൂടിയായപ്പോള്‍ സുന്ദരന്‍ സഭയായി നാം!
*
ഇത് കേള്‍ക്കുകയോ കാണുകയോ ചെയ്യുന്ന ലോകമെമ്പാടുമുള്ളവര്‍ക്ക്
ഒരു നല്ല ദിവസം ഞാന്‍ ആശംസിക്കുന്നു! ഭാരതകത്തോലിക്കാസഭ ചെയ്യേണ്ടി യിരുന്ന ഒരു വലിയ
കാര്യമാണ് ബഹു. ജോസ് വള്ളിക്കാട്ട് എം എസ് റ്റി തുടങ്ങിവെച്ചിരിക്കുന്ന, കോവിഡാനന്തര സഭയെ
ഉദ്ദേശിച്ചുള്ള ഈ ആഗോള വെബിനാര്‍. സമഗ്രമായ ഒരു ആത്മപരിശോധനയ്ക്കുള്ള സമയം വല്ലാതെ
അതിക്രമിച്ചിരുന്നു. നേരത്തെ സംസാരിച്ച ബഹുമാനപ്പെട്ട വൈദികരായ ജോര്‍ജ്ജച്ചനും സൂരജച്ചനും
നാലുപറയച്ചനു മൊക്കെ മറയില്ലാതെ പറഞ്ഞത് സമഗ്രമായ ഒരു മാറ്റം കൂടിയേ തീരൂവെന്നാണ്.
അത്മായരും അഭിഷിക്തരുംതമ്മില്‍ ഇന്നു നടക്കുന്ന തെരുവുയുദ്ധം, ഒരു നിമിഷം പോലും
തുടരാന്‍ അനുവദിച്ചുകൂടാ - വേണ്ടത് ഒരു മേജര്‍ ഓപ്പറേഷനാണ്. വിവേകമെന്നത് നമുക്കു നഷ്ടപ്പെട്ടു
കൊണ്ടിരിക്കുകയാണോ എന്നു ഞാന്‍ സംശയിക്കുന്നു. ദ്വാരത്തിന്റെ വലിപ്പം കുറവാണെന്നതിന്റെ
പേരിലോ കപ്പല്‍ ഉമ്മിണി വലുതാണെന്ന അഹങ്കാരത്തിലോ ആണു പലരുമെന്നും ഞാന്‍ കരുതുന്നു.
സഭയെന്ന വല്യാനയിപ്പോള്‍ ഒരു കൊച്ചു വൈറസിന്റെമുമ്പില്‍ പകച്ചു നില്‍ക്കുകയാണെന്നോര്‍ക്കുക.
ഇക്കഴിഞ്ഞ ദിവസം ഒരു വൈദികന്‍ എന്നോടു ഫോണില്‍ ചില കാര്യങ്ങള്‍
പറയുകയുണ്ടായി. അദ്ദേഹം പറഞ്ഞത്, കഴിഞ്ഞ 100 വര്‍ഷങ്ങളായി നിലനിന്നിരുന്ന
സഭയുടെ സാമൂഹിക പഠനങ്ങള്‍ക്കപ്പുറത്തേക്കാണ് ഈ ചര്‍ച്ചകള്‍ പോകേണ്ടതെന്നാണ്; സഭയുടെ ഹൈരാര്‍ക്കിക്കല്‍
സംവാദഘടന മാറ്റപ്പെടണമെന്നും, അത്മായരുമായിക്കൂടി ആലോചനകള്‍ നടത്തിയിട്ടുവേണം തീരുമാനങ്ങളിലെത്താനെന്നും
അദ്ദേഹം പറഞ്ഞു. എല്ലാ അധികാരസ്ഥാനങ്ങള്‍ക്കും ചുറ്റും, പായല്‍പോലെ ഒട്ടിപ്പിടിച്ചിരിക്കുന്ന
ജീവിക്കുന്ന വാഴ്ത്തപ്പെട്ടവരെയല്ല അദ്ദേഹം
ഉദ്ദേശിച്ചതെന്ന് ഞാന്‍ കരുതുന്നു. എല്ലാറ്റിലുമുപരി, സഭ ഒരു മതമാണോ
ജീവിതശൈലിയാണോ എന്നു നിര്‍വ്വചിക്കപ്പെടുകകൂടി വേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സഭാംഗങ്ങളുടെ നഷ്ടപ്പെട്ട സ്വാതന്ത്ര്യത്തെ സംബന്ധിച്ച്, ഏതാനും കാര്യങ്ങള്‍
സവിനയം അവതരിപ്പിക്കട്ടെ. സന്ന്യസ്തര്‍ക്കും
വേണ്ടത്ര സ്വാതന്ത്ര്യം ഇവിടെയുണ്ടോയെന്ന് സംശയമുണ്ട്. ഒത്തിരി രാജി-മുങ്ങല്‍ കഥകള്‍
നാം സമീപകാലത്തു കേള്‍ക്കുന്നുണ്ടല്ലോ! നമ്മുടെ സഭയില്‍, മേലധികാരികളോട്
ഒരു പരാതി പറഞ്ഞാല്‍, അതു കടുത്ത നീതിനിഷേധമാണെന്ന് ഉറപ്പാണെങ്കില്‍പ്പോലും, കേള്‍ക്കുന്ന ഒരു
സ്ഥിരം പല്ലവിയുണ്ട്; നിങ്ങളില്‍ പലരും കേട്ടിരിക്കും - 'എനിക്കു ചില പരിമിതികളുണ്ട്'! അത്മായരെ
സംബന്ധിച്ചിടത്തോളം അവനു വേണ്ടത് നീതി നടത്തിക്കൊടുക്കാന്‍ കെല്‍പ്പുള്ള, പരിമിതികളില്ലാത്ത
അധികാരികളെയാണ്. ഒരു ചര്‍ച്ച് ആക്ടില്‍ ഒതുങ്ങുന്നതല്ല ഞാനുദ്ദേശിക്കുന്ന സ്വാതന്ത്ര്യം.
വളരെ മൗലികമായ ചില കാര്യങ്ങളാണ് ഞാന്‍ പരാമര്‍ശിക്കുന്നത്. എന്നുമുതല്‍, ക്രിസ്ത്വാനുയായികള്‍
ഒരു മതമായി മാറിയോ, എന്ന് അതിനുള്ളില്‍ നിയമങ്ങളുണ്ടായോ അന്നുമുതല്‍ അത്മായര്‍ വിലങ്ങുകളിലാണെന്ന്
പറയാം. ഇനി അഥവാ അവന്‍ സ്വതന്ത്രനാണെങ്കില്‍ അതവനെ ബോദ്ധ്യപ്പെടുത്തിയേ തീരൂ.
കോവിഡ്, രണ്ടുവര്‍ഷം കൂടിയെങ്കിലും ഭൂമുഖത്തുണ്ടാവും - കുറേ
ലക്ഷം ജനങ്ങള്‍കൂടി മണ്ണടിയുകയും ചെയ്യുമെന്നത് ഉറപ്പാണ്. നാം വിശ്വാസികളില്‍ അടിച്ചേല്‍പ്പിച്ച
പലതും അനാവശ്യമായിരുന്നെന്നോ അല്ലെങ്കില്‍ കാര്യം സാധിക്കാന്‍ അതിലും നല്ല ഉപായമുണ്ടായിരുന്നെന്നോ
ചിന്തിക്കുന്ന ഒരു സമൂഹത്തെയാണ് കോവിഡാനന്തരം സഭ അഭിമുഖീകരിക്കേണ്ടിവരുന്നത്. സാമൂഹിക
ജീവിതരീതിയും ആചാരരീതികളുമെല്ലാം മാറും. ബംഗാളിക്കുപകരം മാത്രമല്ല, കപ്യാര്‍ക്ക് പകരവും
റോബോട്ടുകള്‍ വന്നേക്കാം. പള്ളികളില്‍ ചെന്നാലവിടെയും സാമൂഹിക അകലം പാലിക്കേണ്ടിയും
വന്നേക്കാം. തൊഴില്‍രഹിത വൈദികരുടെ എണ്ണം കൂടുമെന്നുള്ളതും ഉറപ്പാണ്. ഇന്നു ഭൂമിക്ക്
ഏറ്റവും ഭാരമായിരിക്കുന്ന രണ്ടു വിപത്തുകളായി മതങ്ങളെയും മനുഷ്യനെയും പ്രകൃതി മാര്‍ക്ക്
ചെയ്തുകഴിഞ്ഞു.
ആദ്യകാല ക്രൈസ്തവകൂട്ടായ്മകളുടെ ചരിത്രം എടുത്തു നോക്കിയാല്‍, ഓരോ കൂട്ടായ്മയും
അവരവരുടേതായ വ്യാഖ്യാനങ്ങളും അവരവരുടേതായ മനസ്സിലാക്കലുകളുമായി സന്തോഷപുരസ്സരം ജീവിച്ചു
പോന്നിരുന്നുവെന്നു കാണാം. ഒരു കാലത്ത്, യേശു ദൈവമാണെന്നു വാദിച്ചവരും അല്ലെന്നു
വാദിച്ചവരുമെല്ലാം ഉണ്ടായിരുന്നു - അതിലൊരു തീരുമാനമുണ്ടാവാന്‍ ഒത്തിരി അനുരഞ്ജന ചര്‍ച്ചകളും
ഇവിടെ നടന്നിട്ടുണ്ടെന്നാണ് ഞാന്‍ കേട്ടിരിക്കുന്നത്. നാം നോക്കുമ്പോള്‍ അതില്‍ തെറ്റുമുണ്ടാവാം
ശരിയുമുണ്ടാവാം. ഒരു കാര്യം, ഒരേസമയം തെറ്റും ശരിയുമാകാമെന്നു ഗീതയും പറയുന്നു. വിധിക്കരുതെന്നു യേശുവും പറഞ്ഞിട്ടുണ്ട്. കൂട്ടം
വിട്ടു പോയ കുഞ്ഞാടിനെ തേടുന്ന ഒരിടയനായിമാത്രമല്ല യേശുവിനെ കാണേണ്ടത് - തിരഞ്ഞെടുക്കപ്പെട്ടവരെന്ന്
അവകാശപ്പെടുന്നവരല്ലാതെയുള്ളവര്‍ക്കും സ്വര്‍ഗ്ഗത്തില്‍ മന്ദിരങ്ങളുണ്ടെന്നു പറഞ്ഞ
വഴികാട്ടിയായുംകൂടിയാണ് യേശുവിനെ കാണേണ്ടത്. പുതിയ നിയമം മുഴുവന്‍ അരിച്ചെടുത്തു നോക്കിക്കൊള്ളൂ
- മനുഷ്യന് രക്ഷ കിട്ടിയേക്കാമെന്നല്ല യേശു പറഞ്ഞത്, എല്ലാവര്‍ക്കും
അതുണ്ടെന്നാണ്. ഒരു രജിസ്റ്റേര്‍ഡ് കൂട്ടായ്മയിലോ ഒരു മതത്തില്‍ത്തന്നെയോ യേശു വിശ്വസിച്ചിരുന്നുവെന്ന്
എനിക്കു തോന്നുന്നില്ല. എന്റെയടുത്ത് വരുന്നവര്‍ ആളിനെക്കൂട്ടിയേ വരാവൂവെന്ന് യേശു
ഒരിക്കലും പറഞ്ഞിട്ടില്ല - യേശു പ്രസംഗിച്ചത്, പ്രധാനമായും ആളുകൂടുന്ന
നഗരങ്ങളിലുമല്ല. ദുഃഖിതര്‍ക്കും പീഡിതര്‍ക്കുമൊക്കെ യേശു കൊടുത്തത് ലൈഫ് പാസ്സാണ്.
മനുഷ്യരെപ്പിടിക്കുന്ന മുക്കുവരെപ്പറ്റിയാണ് യേശു പറഞ്ഞത്, അല്ലാതെ സംഘടനകളെപ്പറ്റിയല്ല.
ആദ്യകാലത്തുണ്ടായിരുന്നതുപോലെ ഒരു കൂട്ടായ്മാ ശുശ്രൂഷാസംസ്‌കാരമാണു
നമുക്കുണ്ടായിരുന്നതെങ്കില്‍ ഇതിലേറെ ആളുകള്‍ വിശുദ്ധ ജീവിതം നയിക്കുമായിരുന്നെന്നു
ഞാന്‍ കരുതുന്നു. എങ്കില്‍, എന്തു പ്രതിസന്ധിയാണെങ്കിലും
കുലുങ്ങാത്ത ഒരു വിശ്വാസിസമൂഹവും നമുക്കുണ്ടാകുമായിരുന്നു. ഏതു തരം പീഡനത്തെയും അതിജീവിക്കാന്‍
ആദിമക്രിസ്ത്യാനികള്‍ക്ക് കരുത്തുണ്ടായിരുന്നു. സത്സംഗിനും സത്തുക്കളുടെ കൂട്ടായ്മകള്‍ക്കുമൊക്കെ
അര്‍ത്ഥമുണ്ട്. സത്യത്തിലെത്തിച്ചേരാന്‍ പാകമാകുന്നിടംവരെ വിത്തുകളെ സംരക്ഷിക്കുകയെന്നത്
കൂട്ടായ്മകളുടെ ലക്ഷ്യമാണ്. നെല്ല്, മുളച്ചുകഴിഞ്ഞാലും ചെടിയെ ഉള്ളിലൊതുക്കി നിര്‍ത്താന്‍
ശ്രമിക്കുന്ന ഉമി പോലെയാവാതെ, ചെടിയെ വളരാന്‍ അനുവദിക്കുകയും സന്തോഷത്തോടെ മറ്റൊന്നിനുവേണ്ടി
അഴുകിയില്ലാതാവുകയും ചെയ്യുന്ന ഉമിയായി മാറുന്ന കൂട്ടായ്മകളായിരുന്നു മതങ്ങള്‍ക്കുപകരം
നമുക്കിവിടെ വേണ്ടിയിരുന്നത്.
പക്ഷേ, സ്വാതന്ത്ര്യമെന്നത് ഉമിയില്‍നിന്ന് ചെടിയായി മാറിയതുകൊണ്ടുമാത്രം
എളുപ്പത്തില്‍ കിട്ടുന്നതല്ല. 'Ye shall know the truth, and the truth shall make you
free' (John 8:32). ഈ വചനം ശ്രദ്ധിച്ചുവായിച്ചാല്‍, സത്യം
അറിയലുണ്ടായാലേ സ്വാതന്ത്ര്യത്തിലേക്കൊരാള്‍ ശരിക്കും വരുന്നുള്ളൂവെന്നാണ് യേശു പറഞ്ഞതെന്ന്
മനസ്സിലാക്കാം. സത്യം അറിയാനുള്ള മാര്‍ഗ്ഗമേതാണ്? അതു പറഞ്ഞാണ്, 'സ്വര്‍ഗ്ഗസ്ഥനായ
ഞങ്ങളുടെ പിതാവേ'യെന്ന വ്യവസ്ഥകളുടെയും
ഉപവ്യവസ്ഥകളുടെയും ഒരു സമാഹാരമെന്നു പറയപ്പെടുന്ന പ്രാര്‍ത്ഥന, യേശു അവസാനിപ്പിച്ചത്.
'Thy will
be done on earth as it is in heaven,' എന്നു പറയുമ്പോള്‍ വളരെ നിസ്സാരമായി, ദൈവേഷ്ടം എന്നെങ്കിലും
ഇവിടെ നിറവേറട്ടെ എന്നാശംസിച്ചുകൊണ്ട് കടന്നു പോകുന്നവര്‍, അതിന്റെ
ശരിയായ അര്‍ത്ഥത്തിലേക്ക് കടന്നിട്ടില്ലായെന്നാണ് എനിക്ക് തോന്നുന്നത് - അതുകൊണ്ടാണ്
സ്വാതന്ത്ര്യം എന്താണെന്നു മനസ്സിലാവാതെ പോയതും.
ഇവിടെ 'ഇഷ്ടം' എന്ന പദത്തിന്
ഒരു വിശേഷണമുണ്ട്, 'അവിടുത്തെ' എന്ന്. അങ്ങനെ ഒരു തിരിവുണ്ടായത്, 'ഇവിടുത്തെ' എന്ന വിശേഷണം ചേര്‍ക്കാന്‍
പറ്റുന്ന ഒരുതരം ഇഷ്ടം കൂടിയുള്ളതുകൊണ്ടായിരിക്കണമല്ലോ?
ഭൂമിയിലെന്നല്ല പ്രപഞ്ചത്തില്‍ത്തന്നെ എന്ത് ക്രിയ നടന്നാലും
അതിനുപിന്നില്‍ ഒരു പ്രാപഞ്ചികബുദ്ധിയുണ്ട്. സൗരയൂഥത്തിന്റെ ബുദ്ധിയെന്നത് ഒരു പ്രത്യേക
ഗ്രഹത്തിലോ സൂര്യനിലോ അല്ല, സര്‍വ്വതിനെയും സ്പര്‍ശിച്ചിരിക്കുന്ന ശൂന്യതയിലാണെന്നു
നമുക്കറിയാം. ആ പ്രവര്‍ത്തനങ്ങളെയെല്ലാം ദൈവേഷ്ടം എന്ന് നമുക്ക് വിശേഷിപ്പിക്കാം. പക്ഷേ, മനുഷ്യന്റെ കാര്യം
പറയുമ്പോള്‍ ഒരു മനുഷ്യേഷ്ടംകൂടി അവിടെ വരും. കാരണം, അവന്‍ വിശേഷബുദ്ധിയോടെ
സൃഷ്ടിക്കപ്പെട്ടവനാണ് - ഞാന്‍ ചിന്തിക്കുകയാണെന്നു
ചിന്തിക്കാന്‍ കഴിയുന്ന ഇരട്ട ബോധം നമ്മുടെ അറിവില്‍ അവനു മാത്രമേയുള്ളു. 36.5 ട്രില്യണ്‍
കോശങ്ങള്‍ പരസ്പരം സഹവര്‍ത്തിത്ത്വത്തോടെ പ്രവര്‍ത്തിക്കുമ്പോഴാണ് ആത്മാവും മനസ്സും
ശരീരവുമുള്ള നാം ഏകനിയോഗത്തോടെ ചലിക്കുന്നത്. അല്ലെങ്കില്‍, ഒരു കണ്ണു
മാങ്ങാ കാണുമ്പോള്‍ അടുത്ത കണ്ണ് തേങ്ങാ കാണുമായിരുന്നു. അതായത്, ഒരു ശരീരം പ്രവര്‍ത്തിക്കുന്നത്
മനുഷ്യന് ലഭിച്ചിട്ടുള്ള വിശേഷബുദ്ധികൊണ്ടല്ല-അതിന്റെ പിന്നിലുള്ളയൊരു മഹാബുദ്ധികൊണ്ടാണെന്നു കാണണം. നമുക്കറിയാം, ആകെയുള്ള ശരീരത്തില്‍
വെറും പത്തു ശതമാനം കാര്യങ്ങള്‍മാത്രമേ നമ്മുടെ നിയന്ത്രണത്തിലുള്ളുവെന്ന്. ഭക്ഷണം
കഴിക്കാനോ കഴിക്കാതിരിക്കാനോ നമുക്ക് കഴിയുമായിരിക്കും, പക്ഷേ അത് ദഹിപ്പിക്കാനോ
ദഹിപ്പിക്കാതിരിക്കാനോ നമുക്ക് കഴിയില്ല. ഹൃദയത്തിന്റെ ഇടിപ്പു നിര്‍ത്താനോ അതിന്റെ
എണ്ണം കൂട്ടാനോ നമുക്കു കഴിയില്ല. ഈ പത്തു
ശതമാനം ജോലി ഇവിടെ നടക്കണമെന്നുണ്ടെങ്കിലും മഹാബോധത്തിന്റെ അനുവാദംവേണം.
ഇവിടെയാണ്, യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ കുരുക്ക്. സാധാരണ ജീവിതത്തില്‍
ചെയ്യേണ്ടതെന്തെന്ന് നമ്മുടെ കൊച്ചുബോധം നിശ്ചയിക്കുന്നു. അവനിട്ടെനിക്കടിക്കണം; മഹാബോധം പറയും, അടിച്ചോ! എനിക്കിപ്പോള്‍
അതു തിന്നണം,
മഹാബോധം പറയും, തിന്നോ! അങ്ങനെ മഹാബോധം സമ്മതിച്ചിരുന്നില്ലെങ്കില്‍ ഈ പത്തു
ശതമാനം നിയന്ത്രണങ്ങള്‍കൊണ്ട് നമുക്കിതൊന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. അടിക്കണമെങ്കിലും
തിന്നണമെങ്കിലും കൈ പൊങ്ങണമല്ലോ! കൈ പ്രവര്‍ത്തിക്കാന്‍ പ്രതികരിക്കേണ്ട മസ്സിലുകളും
സെന്‍ട്രല്‍ കമ്മ്യുണിക്കേഷന്‍ സിസ്റ്റവുമൊന്നും നമ്മുടെ കണ്‍ട്രോളിലുള്ളവയല്ല! പക്ഷേ, നാമെന്തുദ്ദേശിച്ചാലും
അതിനനുസരിച്ചു ശരീരവും മനസ്സും മുഴുവന്‍ ചലിപ്പിക്കാന്‍ മഹാബോധം അനുവദിക്കുന്നു - അതുകൊണ്ട്
നമ്മള്‍ ഇതെല്ലാം സാധിക്കുന്നു.
യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയിലേക്ക് വരാം. 'അവിടുത്തെയിഷ്ടം
നിറവേറട്ടെ'യെന്നതാണത്.
അതായത്, സദാ അവബോധത്തി
(awareness)ലായിരുന്നുകൊണ്ട്
എന്തെങ്കിലും ചെയ്യുന്നതിനുമുമ്പ് അവിടുത്തെയിഷ്ടം എന്താണെന്നന്വേഷിക്കുകയും അതിവിടെ
നടപ്പാക്കുകയും ചെയ്യുന്നതുവഴി മഹാബോധത്തിന്റെയിഷ്ടം ഇവിടെ നിവൃത്തിയാക്കുകയെന്നതാണ്
ഓരോരുത്തരും ചെയ്യേണ്ടിയിരിക്കുന്നത്. സര്‍വ്വതിനെപ്പറ്റിയും
സര്‍വ്വതും അറിയുന്ന ഈശ്വരനാകുന്ന മഹാബോധത്തിനേ
നമുക്കുചിതമായിരിക്കുന്നതെന്തെന്നു കാണാനാവൂ. ഒരു ക്രിസ്ത്യാനി, ഏതൊരു അസന്ദിഗ്ദ്ധാവസ്ഥയിലും
അനുവര്‍ത്തിക്കേണ്ടത് ഈ മാര്‍ഗ്ഗമാണ്, അല്ലാതെ മറ്റൊരു നിയമവുമല്ല. ഓരോ അവസരത്തിലും
എന്തു ചെയ്യണമെന്ന് ഞാനെന്റെ ഗുരുനാഥനോട് ചോദിക്കട്ടെയെന്ന് പറയുന്ന അധികം പേര്‍ ഇന്ന്
കത്തോലിക്കാസഭയിയിലില്ല. ദൈവത്തെ വിട്ട് നിയമത്തിന്റെ
പിന്നാലെ പോയതുകൊണ്ട് സംഭവിച്ചതാണ്, ഇന്ന് സഭയ്ക്കുണ്ടായിരിക്കുന്ന ഈ അപചയം. ഒരു സഭാംഗത്തിന്റെ സ്വാതന്ത്ര്യത്തിനു വീഴുന്ന ആദ്യത്തെ വിലങ്ങിതാണ്
- ദൈവം തോന്നിക്കുന്നതുപോലെ ചെയ്യാന്‍ അവനനുവാദമില്ല; ഉള്ളിലും പുറത്തും
നിറഞ്ഞിരിക്കുന്ന ദൈവത്തോട് കാനോന്‍ നിയമം നോക്കി സംവദിക്കേണ്ട ഗതികേട്! നിങ്ങള്‍ക്കുവേണ്ടിയുംകൂടി ഞങ്ങള്‍ ചിന്തിച്ചുകൊള്ളാമെന്ന്
പറയുന്ന ഒരു നേതൃത്വവും, 'ചിന്തിച്ചോ അച്ചാ, കാശെത്രയാണെന്നു
പറഞ്ഞാമതി'യെന്നു
പറയുന്ന കുറെ ആടുകളും കൂടിയായപ്പോള്‍ സുന്ദരന്‍ സഭയായി നാം!
ഓരോ വ്യക്തിയും, ഒരു പ്രത്യേക സാഹചര്യത്തില്‍ എന്താണു ചെയ്യേണ്ടതെന്നതിനെപ്പറ്റി
ഒരു നിയമാവലി യേശു ഉണ്ടാക്കിയിട്ടില്ല. നല്‍കിയത് മാര്‍ഗ്ഗരേഖയാണ് - എവിടെയും പ്രയോഗിക്കാവുന്നവ.
എന്തു ചെയ്താലും അതു സ്‌നേഹത്തില്‍ അടിസ്ഥാനമാക്കിയായിരിക്കണം എന്നേ നിഷ്‌കര്‍ഷിച്ചിട്ടുള്ളു.
എന്താണ് പറയേണ്ടതെങ്കില്‍, അതപ്പോള്‍ പറയിപ്പിക്കുന്ന
ഒരു പരി. ആത്മാവിനെയാണ് യേശു പരിചയപ്പെടുത്തിയത്. എനിക്കങ്ങനെ തോന്നിയതുകൊണ്ടാണങ്ങനെ
ചെയ്തതെന്ന് ഒരു വിശ്വാസി വികാരിയച്ചനോട് പറഞ്ഞാല്‍, അവന്റെ
ശവം ആ പള്ളി സിമിത്തേരിയില്‍ അടക്കാന്‍ കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. കുറച്ചു
കാലം മുമ്പ്,
കുറവിലങ്ങാട്ടുകാരന്‍ കുര്യന്‍ സാറിനെ അടക്കിയത് പള്ളി സെമിത്തേരിയിലല്ല. സത്യത്തില്‍, സിസ്റ്റര്‍
ലൂസിക്കും പറ്റിയതതല്ലേ? ഇവിടെ, ആയിരിക്കുന്ന 700 കോടി ജനങ്ങളെപ്പറ്റിയും
700 കോടി പദ്ധതികളുള്ള
ഒരു സ്രഷ്ടാവിനെയാണ് നാം കാണേണ്ടത്. എല്ലാവരെയും സ്വാതന്ത്ര്യത്തിനു വിട്ടാല്‍ അവന്‍
തുലയത്തേയുള്ളൂവെന്നാണ് സഭാധികാരികള്‍ എക്കാലവും ചിന്തിക്കുന്നത്. ആയിരം പുരോഹിതന്മാര്‍
ആയിരം മതങ്ങളെന്നാണ് ബുദ്ധിസ്റ്റുകളുടെ മാര്‍ഗ്ഗരേഖ. അതിന്റെപേരില്‍ ബുദ്ധിസം തകര്‍ന്നിട്ടില്ല.
അമ്പലത്തില്‍ പോകാന്‍ നിര്‍ബന്ധിക്കാന്‍ ആരുമില്ലെങ്കിലും ഹിന്ദു ധര്‍മ്മവും പുഷ്ടിപ്പെടുകയാണു
ചെയ്യുന്നത്.
പതിനെട്ടു പുരാണങ്ങളും എഴുതിയ വ്യാസന്‍ എഴുതി, 'അഷ്ടാദശാ
പുരാണേഷു വ്യാസസ്യ വചനദ്വയം, പരോപകാര പുണ്യായ പാപായ പരപീഡനം' എന്ന്. അര്‍ത്ഥം, ഈ കഥകളും ഈ ഉപമകളുമെല്ലാം
രചിച്ച എനിക്ക് രണ്ടേ രണ്ട് കാര്യമേ പറയാനുള്ളു - പരോപകാരം പുണ്യവും പരദ്രോഹം പാപവുമാണെന്നു
മാത്രം. ഒരിതിഹാസവും എഴുതാതെ, യേശു പറഞ്ഞു: സ്‌നേഹിക്കുക, ശത്രുവിനെപ്പോലും
സ്‌നേഹിക്കുക. ഇതാണ്, എനിക്ക് നല്‍കാനുള്ള സന്ദേശമെന്ന്. റീത്ത് ലത്തീനാണെങ്കിലും
സുറിയാനിയാണെങ്കിലും ഈ തത്ത്വം പാലിക്കാന്‍ നാം തീര്‍ത്തും തല്പരരല്ല. കോവിഡാനന്തര
ലോകത്തു ചെയ്യേണ്ടവകളുടെ ലിസ്റ്റിലല്ല ഇവയൊക്കെ നാം പെടുത്തേണ്ടത്. സഭ ചെയ്യാതിരുന്ന
ഗുരുതരമായ തെറ്റുകളുടെ കൂട്ടത്തിലാണ് സഭ നടത്തിയ ഈ സ്വാതന്ത്ര്യനിഷേധം പെടുത്തേണ്ടത്. (തുടരും)
No comments:
Post a Comment