ആന്റോ മാങ്കൂട്ടം
(അസ്സോസിയേറ്റ് എഡിറ്റര്‍, സഫലം മാസിക) ഫോണ്‍: 9447136392
കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടി പള്ളിവികാരിയുടെ, ഒരു വിധവയുമായിട്ടുള്ള അവിഹിതബന്ധത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വന്ന സംഭവവും, ഈ വൈദികന്‍ ഇടുക്കിരൂപതയുടെ ഒരു മെത്രാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു എന്ന അറിവും വിശ്വാസികളില്‍ ഒട്ടൊന്നുമല്ല ഞെട്ടലുളവാക്കിയത്.
*
ഇറ്റലിയിലെ ദേവാലയവാതിലുകള്‍ വിശ്വാസികളുടെ മുമ്പില്‍ കൊട്ടിയടയ്ക്കപ്പെട്ടു. ഒരുപക്ഷേ, സഭാചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും മാര്‍പാപ്പ ഏകനായി വലിയ ആഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ ചെയ്തത്. സമൂഹവ്യാപനം തടയാന്‍ ഇതുമാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.
*
യൂറോപ്പിലെ സഭ ഒരു കാലത്ത് ആഗോളസഭയുടെ ഈറ്റില്ലമായിരുന്നു. ഇറ്റലിയും ഇംഗ്ലണ്ടും ജര്‍മ്മനിയും ഫ്രാന്‍സും സ്‌പെയി നും ഇതിനു മകുടോദാഹരണങ്ങളാണ്. ഏതാണ്ട് നൂറു വര്‍ഷംകൊണ്ടാണ് യൂറോപ്പിലെ സഭ തകര്‍ന്നുതരിപ്പണമായത്.
*
ജൂലൈ മുതല്‍ ദേവാലയങ്ങള്‍ തുറക്കുവാനും കുര്‍ബാനകള്‍ അര്‍പ്പിക്കുവാനും സഭാനേതൃത്വം തീരുമാനിച്ചു. എന്നാല്‍, വൈദികമേലധികാരികളെ അമ്പരിപ്പിക്കുന്ന പ്രതികരണമാണ് വിശ്വാസികളില്‍നിന്നുണ്ടായത്.
*
കോവിഡ് 19 എന്ന മഹാവ്യാധി മനുഷ്യജീവിതത്തെ ആകെ
മാറ്റിമറിച്ചിരിക്കുകയാണ്. ഇക്കാലമത്രയും സ്വരുക്കൂട്ടിവന്ന ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, സാംസ്‌കാരിക,
മത മേഖലകളില്‍ സമ്പൂര്‍ണ്ണവ്യതിയാനം അതുണ്ടാക്കിക്കഴിഞ്ഞു. ഇനി ഒരു തിരിച്ചുപോക്ക്
എന്നുണ്ടാകുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ പറ്റില്ല. ജീവിതത്തില്‍ പുതിയ ചിന്താസരണികള്‍
രൂപപ്പെട്ടുതുടങ്ങി. സാമ്പത്തിക രംഗം ആകെ താറുമാറായിക്കഴിഞ്ഞു. ആളുകള്‍ അന്തംവിട്ടു
കഴിയുകയാണ്. പട്ടിണിമരണങ്ങള്‍ ഉണ്ടാകുമെന്ന തിരിച്ചറിവുകള്‍ വന്നു തുടങ്ങി. ലോകമാസകലം
ദാരിദ്ര്യത്തിന്റെ അലയടികള്‍ ദൃശ്യമായി. സമ്പന്നരാഷ്ട്രങ്ങളായ അമേരിക്കയും ജര്‍മ്മനിയും
ഇറ്റലിയും ഫ്രാന്‍സും സ്‌പെയിനും ഇംഗ്ലണ്ടും
ഇതികര്‍ത്തവ്യതാമൂഢതയില്‍ പകച്ചുനില്‍ക്കുകയാണ്.
കോവിഡ് മതരംഗത്ത് വളരെ
വലിയ വ്യതിയാനമാണ് വരുത്തിവെച്ചത്. കോവിഡ് എന്ന മഹാമാരി ആദ്യമായി ആഞ്ഞടിച്ചത് ഇറ്റലി
എന്ന ക്രൈസ്തവരാജ്യത്താണ്. ആ രാജ്യത്തെ സാധാരണ ജനങ്ങളുടെ മരണരോദനമാണ് ലോകത്ത് ആദ്യമായി
അലയടിച്ചത്. മാര്‍പാപ്പയും ഡസന്‍കണക്കിന് കര്‍ദ്ദിനാളന്മാരും നൂറുകണക്കിന് മെത്രാന്മാരും
ആയിരക്കണക്കിന് വൈദികരും കോവിഡിന്റെ മുമ്പില്‍ സ്തംഭിച്ചുപോയി. ഇത് ലോകജനത കണ്‍തുറന്നു
കണ്ടതാണ്.
ഇറ്റലിയിലെ ദേവാലയവാതിലുകള്‍
വിശ്വാസികളുടെ മുമ്പില്‍ കൊട്ടിയടയ്ക്കപ്പെട്ടു. ഒരുപക്ഷേ, സഭാചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും
മാര്‍പാപ്പ ഏകനായി വലിയ ആഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ ചെയ്തത്. സമൂഹവ്യാപനം തടയാന്‍
ഇതുമാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.
കേരളത്തില്‍
മാര്‍ച്ച് മൂന്നാംവാരംമുതല്‍
ഇന്ത്യയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചുവല്ലോ. തുടര്‍ന്നുള്ള നൂറ് ദിവസങ്ങള്‍ കേരളത്തിലെ
എല്ലാ ആരാധനാലയങ്ങളും വിശ്വാസികളുടെ മുമ്പില്‍ കൊട്ടിയടച്ചിരിക്കുകയായിരുന്നു. ആള്‍ദൈവങ്ങളും
രോഗശാന്തിക്കാരും പ്രവാചകന്മാരും മാസ്‌ക് ധരിച്ച് മാളത്തില്‍ ഒളിച്ചു. ഒരു കത്തോലിക്കനെ
സംബന്ധിച്ച,് അയാളുടെ വിശ്വാസത്തിന്റെ
ഏറ്റവും പ്രധാനമായ കാര്യമാണ് വി.കര്‍ബാന. ഇക്കഴിഞ്ഞ നൂറുദിവസത്തിനുള്ളില്‍ ജനപങ്കാളിത്തത്തോടെ
ബലിയര്‍പ്പണം നടക്കുകയുണ്ടായില്ല.
ടെലിവിഷനെയും ഇന്റര്‍നെറ്റിനെയും
മൊബൈല്‍ഫോണിനെയും ശപിച്ചുതള്ളിയ ആത്മീയപിതാക്കന്മാര്‍ ഇതിലൂടെയെല്ലാം വിശുദ്ധകുര്‍ബാന
കാണുവാന്‍ വിശ്വാസികളെ നിര്‍ബന്ധിച്ചു. ആദ്യദിവസങ്ങളില്‍ ഒരു കൗതുകമെന്നോണം വിശ്വാസികള്‍
ടെലിവിഷനുമുമ്പിലും ഫോണിന്റെമുമ്പിലും സമയം ചെലവഴിച്ചു. ആഴ്ചകള്‍ പിന്നിട്ടപ്പോള്‍
ഈ ഇലക്ട്രോണിക് മാദ്ധ്യമത്തിലൂടെ കാണുന്ന വിശുദ്ധകുര്‍ബാനയ്ക്ക് കര്‍ട്ടനിട്ടുകൊണ്ട്
പതിവ് ടെലിവിഷന്‍ പരമ്പരകളിലേക്ക് വിശ്വാസികള്‍ മാറിപ്പോയി.
വര്‍ഷങ്ങളായി തങ്ങളുടെ
നേര്‍ച്ചകാഴ്ചകള്‍കൊണ്ട് കുംഭവീര്‍പ്പിച്ച പുരോഹിതനേതൃത്വം പാവപ്പെട്ട വിശ്വാസികളെ
മറന്നു. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സാധുക്കളായ വിശ്വാസികളുടെ ദാരിദ്ര്യദുഃഖമകറ്റാന്‍
വൈദികമേലാളന്മാര്‍ ഒട്ടും ശ്രദ്ധിച്ചില്ല. എന്നുമാത്രമല്ല, നൊവേനയും പെരുന്നാളുകളും ആഘോഷങ്ങളും നടത്തുവാന്‍
വലിയ ഫീസുമായി വരണമെന്നുള്ള ചിലരുടെ ആഹ്വാനങ്ങള്‍ ഒരുപിടി വിശ്വാസികളില്‍ കൗതുകവും
വേദനയും അമര്‍ഷവും പുച്ഛവും ഉളവാക്കി എന്നതാണ് പച്ചപ്പരമാര്‍ത്ഥം. കാലാകാലങ്ങളില്‍
വിശ്വാസികളില്‍നിന്നു പിരിച്ചെടുത്ത പണത്തിന്റെ ഒരു നേരിയ അംശം തങ്ങളുടെ പട്ടിണിക്കാലത്ത്
ലഭിക്കുമെന്ന് കുറെ വിശ്വാസികളെങ്കിലും പ്രതീക്ഷിച്ചു. പക്ഷേ, ലഭിച്ചില്ല. (ഏതാനും
ചില പള്ളികള്‍ ചില്ലറ സഹായങ്ങള്‍ ചെയ്തതായി കണ്ട വാര്‍ത്തകള്‍ മറക്കുന്നില്ല). തന്മൂലം,
പള്ളിസംവിധാനത്തോടും പൗരോഹിത്യത്തോടും അവര്‍ രൂപപ്പെടുത്തിയ വിശ്വാസങ്ങളോടുമുള്ള
മതിപ്പ് വിശ്വാസികളില്‍ സാവധാനം കുറഞ്ഞുതുടങ്ങി.
ഇതിനിടയിലാണ്, സഭാധികാരത്തിന്റെ നെറികേടുകള്‍ വ്യക്തമാക്കുന്ന
നിരവധി സംഭവങ്ങള്‍ കടന്നുവന്നത്. തിരുവല്ല
ബസേലിയന്‍ മഠത്തിലെ ദിവ്യ പി. ജോണ്‍ എന്ന സന്ന്യാസാര്‍ത്ഥിനി മഠത്തിലെ കിണറ്റില്‍വീണു
മരിച്ച ദുരൂഹസംഭവത്തെപ്പറ്റി അന്വേഷണം നടത്തണമെന്ന് ഒരു മെത്രാനും ഒരച്ചനും ഒരു സന്ന്യാസസമൂഹവും
ആവശ്യപ്പെട്ടില്ല എന്നത് സഭാധികാരത്തെ സംശയത്തോടെ വീക്ഷിക്കാന്‍ വിശ്വാസിസമൂഹത്തെ പ്രേരിപ്പിച്ചു. ദിവ്യ പി. ജോണ്‍ മറ്റൊരു സിസ്റ്റര്‍ അഭയാ ആണെന്ന്
വിശ്വസിക്കുന്നവര്‍ വളരെയുണ്ട് ഈ സഭയില്‍.
ചരിത്രത്തിലാദ്യമായി വൈദികനും മരണക്കിണര്‍ തീര്‍ത്തിരിക്കുന്നു, സഭ. ഫാദര്‍ ജോര്‍ജ് എട്ടുപറയില്‍ എന്ന
വൈദികന്റെ ജഢം പുന്നത്തുറ പള്ളിയിലെ കിണറ്റില്‍ പ്രത്യക്ഷപ്പെട്ടതിനുപിന്നില്‍ ചങ്ങനാശ്ശേരി
മെത്രാന്റെ അദൃശ്യകരം ഉണ്ടെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ദിവസംചെല്ലുന്തോറും കൂടിവരികയാണ്.
അദ്ദേഹത്തിന്റെ ജഡം കിണറ്റില്‍ കണ്ടെത്തി മിനിറ്റുകള്‍ക്കുള്ളില്‍, അദ്ദേഹം ഒരു മാനസികരോഗിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള രൂപതാധികാരികളുടെയും
സഹവൈദികരുടെയും ഉത്സാഹം നാം കണ്ടതാണ്. ഈ രണ്ടു ദുരൂഹമരണങ്ങളുടെയും കാര്യത്തിലുള്ള അന്വേഷണത്തില്‍
എന്തെങ്കിലും പുരോഗതിയുണ്ടോ എന്നതും സംശയാസ്പദമാണ്.
കട്ടപ്പനയ്ക്കടുത്ത്
വെള്ളയാംകുടി പള്ളിവികാരിയും ഒരു വീട്ടമ്മയുമായിട്ടുള്ള
അവിഹിതബന്ധത്തിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വന്ന സംഭവവും, ഈ വൈദികന്‍ ഇടുക്കിരൂപതയുടെ ഒരു മെത്രാന്‍
സ്ഥാനാര്‍ത്ഥിയായിരുന്നു എന്ന അറിവും വിശ്വാസികളെ ഒട്ടൊന്നുമല്ല ഞെട്ടിച്ചത്. അയാളെ
വൈദികവൃത്തിയില്‍നിന്ന് ഇപ്പോഴും മാറ്റിയിട്ടില്ല എന്നതിലുള്ള അമര്‍ഷവും വിശ്വാസിസമൂഹത്തിനുണ്ട്.
ലോക്ഡൗണ്‍ തുടരുന്ന
ഈ സമയത്താണ് മാനന്തവാടി രൂപതയിലെ കാരയ്ക്കാമലപള്ളിയിലെ വികാരിയും പള്ളിയുടെ സമീപത്തുള്ള
എഇഇ മഠത്തിലെ മദര്‍സുപ്പീരിയറും തമ്മിലുള്ള ലൈംഗികവേഴ്ച സിസ്റ്റര്‍ ലൂസി കളപ്പുര നേരിട്ടു
കണ്ടതും വാര്‍ത്തായതും. അവിടെയും, വികാരിയേയും മദര്‍ സുപ്പീരിയറിനെയും നിരപരാധികളായി ചിത്രീകരിക്കാനും സിസ്റ്റര്‍
ലൂസിയെ കുറ്റക്കാരിയാക്കാനുമാണ് സഭാധികാരം ശ്രമിച്ചത്.
തലശ്ശേരിരൂപതയിലെ പൊട്ടന്‍പ്ലാവ്
എന്ന മലയോര ഇടവകയുടെ പള്ളിമുറിയില്‍ രണ്ട് മുന്‍ വികാരിമാര്‍ നടത്തിയ ലൈംഗികകേളികള്‍
സംബന്ധിച്ചുള്ള അവരുടെ ഏറ്റുപറച്ചിലിന്റെയും പൊട്ടിക്കരച്ചിലിന്റെയും ശബ്ദരേഖ പുറത്തുവന്നു.
കേവലമൊരു കൂലിപ്പണിക്കാരനായ പോളേട്ടനെന്ന അടിയുറച്ച ക്രൈസ്തവവിശ്വാസിയുടെ ഇടപെടലിലൂടെയാണ് ഇതു വെളിയില്‍ വന്നത്. തലശ്ശേരി
സഹായമെത്രാന്‍ ജോസഫ് പാബ്ലാനിവരെ സംശയത്തിന്റെ നിഴലിലാണിന്ന്. മെത്രാന്‍, വൈദിക, കന്യാസ്ത്രീ
അവിശുദ്ധകൂട്ടുകെട്ടിന്റെ വ്യാപ്തി സാധാരണക്കാരായ ജനത്തിനുമുന്നില്‍ കൂടുതല്‍ കൂടുതലായി
അനാവരണം ചെയ്യപ്പെട്ടുകഴിഞ്ഞു; സഭാനേതൃത്വം വമിര്‍ശന ശരശയ്യയില്‍ക്കിടന്ന്
പുളയുന്ന ഒരു കാലയളവായിത്തീര്‍ന്നിരിക്കുന്ന ഇന്ന്.
ഇതുകൊണ്ടെല്ലാം, സഭാസമൂഹത്തിനും പൊതുസമൂഹത്തിനും മുമ്പില്‍ സഭാധികാരത്തിന്റെ പ്രതിച്ഛായ തീര്‍ത്തും
തകര്‍ന്നിരിക്കുന്ന ഒരു ചരിത്രമുഹൂര്‍ത്തമാണിത് എന്നു പറയാം. ഇക്കൂട്ടര്‍ അര്‍പ്പിക്കുന്ന
കുര്‍ബാനാനുഷ്ഠാനത്തിനും മറ്റും എന്തു വിലയാണുള്ളത് എന്നുപോലും വിശ്വാസികള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.
സഭ തകര്‍ച്ചയുടെ വക്കില്‍
യൂറോപ്പിലെ സഭ ഒരു കാലത്ത്
ആഗോളസഭയുടെ ഈറ്റില്ലമായിരുന്നു. ഇറ്റലിയും ഇംഗ്ലണ്ടും ജര്‍മ്മനിയും ഫ്രാന്‍സും സ്‌പെയിനും
ഇതിനു മകുടോദാഹരണങ്ങളാണ്. ഏതാണ്ട് നൂറു വര്‍ഷംകൊണ്ടാണ് യൂറോപ്പിലെ സഭ തകര്‍ന്നുതരിപ്പണമായത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍വരെ ഇവിടങ്ങളിലൊക്കെ
വലിയ വിശ്വാസി സമൂഹങ്ങളുണ്ടായിരുന്നു. ഈ രാജ്യങ്ങളിലുള്ള മെത്രാന്മാരുടെയും വൈദികരുടെയും
സന്യാസിനീ - സന്ന്യാസിമാരുടെയും പ്രവൃത്തികളുടെ ഫലമായിട്ടാണ് അവിടങ്ങളില്‍ സഭ നാമാവശേഷമായത്.
യൂറോപ്പില്‍ സഭ തകര്‍ന്നടിയുവാന്‍
നൂറോളം വര്‍ഷമെടുത്തെങ്കില്‍, കേരളസഭയില്‍ കേവലം നൂറു ദിവസംകൊണ്ടുതന്നെ ഇവിടത്തെ മെത്രാന്‍-വൈദിക-സന്ന്യസ്തകൂട്ടുകെട്ടിന്റെ
പ്രവര്‍ത്തനദൂഷ്യംമൂലം കേരളസഭ തകര്‍ന്നു കഴിഞ്ഞു. ഇതു വെറുതെ പറയുന്നതല്ല.
മെയ്മാസത്തില്‍ കേരളമെത്രാന്മാര്‍
പള്ളികള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജൂണ്‍ രണ്ടാംവാരം
പള്ളികള്‍ തുറക്കുന്നതിനും പ്രാര്‍ത്ഥനാനുഷ്ഠാനങ്ങള്‍ നടത്തുന്നതിനും കേന്ദ്ര-കേരളസര്‍ക്കാരുകള്‍
അനുമതി നല്കി. വിശ്വാസിസമൂഹം ഒന്നടങ്കം എതിര്‍പ്പുമായി രംഗത്തെത്തി. അങ്ങനെ പള്ളിതുറക്കല്‍
നീണ്ടുപോയി.
ജൂലൈ മുതല്‍ ദേവാലയങ്ങള്‍
തുറക്കുവാനും കുര്‍ബാനകള്‍ അര്‍പ്പിക്കുവാനും സഭാനേതൃത്വം തീരുമാനിച്ചു. എന്നാല്‍, വൈദികമേലധികാരികളെ അമ്പരിപ്പിക്കുന്ന
പ്രതികരണമാണ് വിശ്വാസികളില്‍നിന്നുണ്ടായത്. സര്‍ക്കാര്‍ നിയമങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടുതന്നെ
കുര്‍ബാനഅര്‍പ്പണം തുടര്‍ന്നു. ഇടവകയിലെ കൂട്ടായ്മകളിലൂടെ ശക്തമായ പ്രചാരണവും വൈദികരുടെ
വ്യക്തിപരമായ ആവശ്യപ്പെടലുകളും ഉണ്ടായിട്ടുപോലും വിശ്വാസികള്‍ കാര്യമായി ദേവാലയങ്ങളില്‍
എത്തിയില്ലെന്നത് പൗരോഹിത്യത്തെയാകെ ഞെട്ടിച്ചുകളഞ്ഞു. ചില പള്ളികളില്‍ പത്തും എട്ടും
അഞ്ചും മൂന്നും വിശുദ്ധകുര്‍ബാനകള്‍ ചൊല്ലുവാന്‍ വൈദികര്‍ തയ്യാറായെങ്കിലും,
വിശ്വാസികള്‍ ദേവാലയങ്ങളെ ഏതാണ്ട് ബഹിഷ്‌ക്കരിക്കുന്ന കാഴ്ചയാണ് കണ്ടത്.
പത്ത് കുര്‍ബാനയ്ക്ക് ആയിരം പേരെ പ്രതീക്ഷിച്ച പള്ളികളില്‍ നൂറില്‍ത്താഴെ വിശ്വാസികള്‍
മാത്രമാണെത്തിയത്. അതാണു പറഞ്ഞത്, നൂറുവര്‍ഷം കൊണ്ട് യൂറോപ്പില്‍
സംഭവിച്ച സഭാവിശ്വാസത്തകര്‍ച്ച നൂറുദിവസംകൊണ്ട് കേരളത്തില്‍ സാധിച്ചുവെന്ന്. ഈ തകര്‍ച്ചയുടെ
മുഖ്യകാരണക്കാര്‍ കര്‍ദ്ദിനാളും മെത്രാന്മാരും വൈദികരുംതന്നെയാണ്. ഈ മൂവര്‍സംഘം അതു
സമ്മതിച്ചു തരില്ല എന്നറിയാം. എങ്കിലും ഒരു ക്രൈസ്തവവിശ്വാസി എന്ന നിലയ്ക്ക് ഭീകരമായ ഈ യാഥാര്‍ത്ഥ്യം കാണാതിരിക്കാന്‍ കഴിയില്ല.
ഇവരുടെ പാവങ്ങളോടുള്ള
അവഗണനയും വിശ്വാസികളോടുള്ള മെക്കിട്ടുകയറ്റവും വൈദിക-സന്ന്യസ്ത ലൈംഗികബന്ധങ്ങളും സാമ്പത്തിക
തിരിമറികളും ആര്‍ഭാടജീവിതവുമൊക്കെ ഒന്നിച്ചപ്പോള്‍, ഇതെല്ലാം സോഷ്യല്‍ മീഡിയയിലൂടെ കണ്ട വിശ്വാസിസമൂഹം താല്‍ക്കാലികമായെങ്കിലും
ഇവരില്‍നിന്ന് ഓടി അകലുകയാണ്. കത്തോലിക്കാവിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ കുര്‍ബാനയ്ക്കുപോലും
അവരെ പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. ഒരു വിശ്വാസി എന്ന നിലയില്‍ എന്റെ സഭയുടെ
ഈ അധഃപതനത്തില്‍ ഈയുള്ളവന് ദുഃഖമുണ്ട്. പഴയ ഒരു വാക്യം ഓര്‍മ്മ വരികയാണ്: ''കുറേക്കാലത്തേക്ക് എല്ലാവരെയും പറ്റിക്കാം, കുറേപ്പേരെ
എക്കാലത്തും പറ്റിക്കാം, എന്നാല്‍ എല്ലാവരെയും എല്ലാ കാലത്തും
പറ്റിക്കാന്‍ പറ്റില്ല.'' അതാണ് ലോകനീതി.
No comments:
Post a Comment