Translate
Monday, March 26, 2012
അമ്മേ, നന്ദി; വല്ല്യപ്പച്ചാ സോറി!
1. അമ്മേ, നന്ദി ചൊല്ലുന്നെന്റെ അന്തരംഗം നിന്നോടെന്നും,
ദൈവവേലയ്‌ക്കെന്നെ നേര്‍ന്ന പുണ്യനാവു നീ!
നിന്നന്തരേ സൂക്ഷ്മാണുവായ് വന്നു ഞാനെന്നറിഞ്ഞനാള്‍
അര്‍പ്പിച്ചെന്നെ ഈശനു; നിന്‍ പുണ്യമാണു ഞാന്‍!
2. പാതിരിതന്‍ വേല ദൈവവേലയല്ലെന്റമ്മേ, സഭ
സംഘടനാവേല ചെയ്യും തൊഴിലാളികള്‍;
പഠിപ്പില്ല, പത്രാസ്സുണ്ട്, ജാഡയുണ്ട് വേലയില്ല
കൂലിവാങ്ങാന്‍ മടിയില്ല; ഞാനതിനില്ല!
3. എങ്കിലുമെന്നുള്‍വിളിയായ് നിന്‍ മൊഴികള്‍ നിറഞ്ഞെന്നില്‍
ദൈവവേല ചെയ്യുന്നു ഞാന്‍ അറിവറിയാന്‍.
കൂലിയില്ലാവേല ചെയ്യാന്‍ വിളിച്ചെന്നെ നസറായന്‍
നിറച്ചെന്റെ മനസ്സിലീ പാട്ടുകള്‍! പാടാം . . . .
*************************************************************************************************************************
4. സവര്‍ണ്ണരെ ഭയന്നന്നു സനാതനമതം വിട്ടീ-
ശ്രേയസ്സെന്തെന്നറിയാത്ത സഭയിലെത്താന്‍,
ഭാരതത്തിന്നുപനിഷത്തുപേക്ഷിച്ചെന്‍ വല്ല്യപ്പച്ഛന്‍
തലമുറയ്ക്കാത്മജ്ഞാന ദാഹമില്ലാതായ്!
5. ഈശനോടു പ്രാര്‍ത്ഥിക്കാതെ പ്രാപിക്കൂ നീ അവനെ നിന്‍
ചേതസ്സിനെ ഉണര്‍ത്തുമാ ബോധചേതന!
മുന്തിരിതന്‍ വള്ളിയോട് ചില്ലയൊന്നും പ്രാര്‍ത്ഥിക്കില്ല,
പ്രാപിച്ചവര്‍ പരസ്പരപൂരക,മൊന്നായ്!
6. രണ്ടാമതൊന്നുണ്ടാക്കുന്നു മായകൊയ്യാന്‍ മനസ്സെന്നും,
ഒന്നായവന്‍ നമ്മിലുള്ളതറിഞ്ഞാല്‍ മോക്ഷം!
പിന്നെ വേണ്ടാ പാതിരിയെ, പള്ളി വേണ്ടാ അരമന
സിംഹാസനമേറുവോനും കോടിതന്‍ കാറും.
7. മലങ്കരസഭ മൂന്നായ്, മാര്‍ത്തോമയ്ക്കു വേറെ സഭ
കത്തോലിക്ക കര്‍ദ്ദിനാള്‍ക്കോ ലത്തീന്‍ സീറോയായ്;
പെന്തക്കോസില്‍ നാടുതോറും സഭകള്‍ വെവ്വേറെയായി
സിഎസ്‌ഐയോ വേറെ, ഈശസ്‌നേഹം തോറ്റുപോയ്!
8. മതമെന്നാലഭിപ്രായം, മാറുമതു ദിനംതോറും
മാറ്റമില്ലാതൊന്നേയുള്ളീ മനസ്സുമാത്രം!
കത്തനാര്‍ക്കുണ്ടഭിപ്രായം, പാസ്റ്റര്‍ക്കുണ്ടു വേറെ മതം;
ക്രിസ്തുവിന്‍ തേന്‍വചനമോ നമുക്കമൃതം!
9. ക്രിസ്തുവിനെ ഹനിക്കുവാന്‍ ക്രിസ്ത്യാനികളേറിയെങ്ങും,
ചാരിത്ര്യം! ആ പദം ലോകം കേട്ടതിന്ത്യയില്‍!
പാതിവ്രത്യമെന്നാലെന്താ? യൂറോപ്പെന്നും ചോദിക്കുന്നു,
മാതാപിതാഗുരുനിന്ദ ഫാഷന്‍ യുഎസേല്‍!
10. വിധിദോഷമെന്നേ ചൊല്ലു ഒരു ജന്മം പാഴായിപോയ്,
പള്ളിവഴക്കതില്‍ നെഞ്ചുനീറി, കാശും പോയ്.
ഈശനുള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ല പള്ളീല്‍,
പഠിപ്പുള്ളോരുണ്ടാകേണ്ടെ ഗുരുക്കളാകാന്‍?
11. ഗുരുവരനേശു ചൊന്നാമൊഴി മാറ്റിപ്പറയുമാ
പഠിപ്പില്ലാപ്പാതിരിക്കും അടിമ ഞങ്ങള്‍!
തലമുറയ്ക്കധോഗതി വരുത്തിയെന്‍ വല്ല്യപ്പച്ഛന്‍,
പ്രേയസ്സുതന്‍ വഴിതേടി അലഞ്ഞ ജന്മം!
12. വരുമെന്നുരച്ചോന്‍ വീണ്ടും വരുന്നൊരാക്കാലം വരെ
അലയട്ടെന്‍ പിതാമഹര്‍ അനന്തതയില്‍;
ആണ്ടുതോറും സെമിത്തേരീല്‍ പുകവീശി കുപ്പായക്കാര്‍
അബ്രഹാമ്മിന്‍ മടി നല്‍കാന്‍ അര്‍ത്ഥിക്കുമല്ലോ!
കലഞ്ഞൂര്‍, 25-03-2012 സാമുവല്‍ കൂടല്‍
Please visit my website www.samuelkoodal.com, which is getting ready for you with 140 visual albums and samasangeetham book with 300 songs. Also visit my Facebook samuelkoodal@gmail.com, Samasangeetham part II Jesus and present churches (New Gospel poems) Thanks in Jesus. Also visit www.alamayasabdam.blogspot.com.
അവന്റെ രണ്ടാം വരവ് (നാടകം) - തുടര്‍ച്ച :2
ജോര്‍ജ് മൂലേച്ചാലില്‍
(തുടര്‍ന്ന്, എല്ലാവരും പരിഹാരപ്രദക്ഷിണം തുടരുന്നു. മുങ്ങിപ്പോയ ഗാനാലാപനവും തുടരുന്നു. അതു തീരുമ്പോള്‍ പതിനൊന്നാം സ്ഥലം. എല്ലാവരും മുട്ടുകുത്തുന്നു. കപ്യാര്‍ പുസ്തകത്തില്‍ നോക്കി പതിനൊന്നാം സ്ഥലത്തിന്റെ വിവരണവും, തുടര്‍ന്ന് പ്രാര്‍ത്ഥനയും വായിക്കുന്നു. പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ അതിന്റെ അവസാനത്തെ വാചകം വളരെ ഭക്തി നിര്‍ഭരമായ സ്വരത്തില്‍ അച്ചന്‍ ആവര്‍ത്തിക്കുന്നു. എന്നിട്ടെണീക്കുന്നു. ഒരു പ്രസംഗത്തിനുള്ള ആരംഭം)
അച്ചന്‍ : (പ്രസംഗമാരംഭിക്കുന്നു) കര്‍ത്താവില്‍ പ്രിയ മക്കളേ! (സ്വരത്തില്‍ കൃത്രിമമെന്നു തോന്നിക്കുന്ന ഒരു ദുഃഖഭാവം) രക്ഷാകരദൗത്യത്തിന്റെ അന്ത്യമുഹൂര്‍ത്തത്തിലേക്ക് നമ്മുടെ കര്‍ത്താവായ യേശു ഇതാ, ഭാരിച്ച കുരിശും വഹിച്ച്, അത്യന്തം വിവശനും ക്‌ളേശിതനുമായി കടന്നുവരുന്നു... ചമ്മട്ടിയടികളേറ്റ്, നമ്മുടെ കര്‍ത്താവിന്റെ തിരുശരീരമാകെ അതാ രക്തം വാര്‍ന്ന്, കട്ടപിടിച്ച് കരുവാളിച്ചിരിക്കുന്നു. എന്നിട്ടും ആ മുഖം എത്ര ശാന്തമായിരിക്കുന്നു.! അവിടെ പരാതിയോ എതിര്‍പ്പോ നിഴലിക്കുന്നു പോലുമില്ല. അതെ, തന്നോടു യൂദന്‍മാര്‍ കാണിച്ച എല്ലാ ക്രൂരതകളെയും അനീതികളെയും യാതൊരു പ്രതിഷേധവും കൂടാതെ ഏറ്റുവാങ്ങുകയും സഹിക്കുകയുമാണവിടുന്ന് ചെയ്തത്. (അല്പമെന്നു നിറുത്തിയിട്ട് തുടരുന്നു) കര്‍ത്താവില്‍ പ്രിയമക്കളേ! നമ്മുടെ കര്‍ത്താവ് തന്റെ പീഡാനുഭവത്തിലൂടെ കാണിച്ചു തരുന്ന ഈ ജീവിതസന്ദേശം നമുക്കും ഉള്‍ക്കൊള്ളാം. വലത്തെ ചെകിട്ടില്‍ അടിക്കുന്നവര്‍ക്ക് ഇടത്തെ ചെകിടുകൂടി കാണിച്ചുകൊടുക്കുക എന്നാണല്ലോ നമ്മുടെ ദിവ്യനാഥന്‍ അരുളിച്ചെയ്തിട്ടുള്ളത്. ജീവിതത്തില്‍ അനീതികളെയും അക്രമങ്ങളെയും ഒക്കെ നമുക്കും നേരിടേണ്ടി വന്നേക്കാം. അപ്പോഴൊക്കെയും യാതൊരുവിധ എതിര്‍പ്പുകളോ മുറുമുറുപ്പുകളോ കൂടാതെ അവയെല്ലാം സഹിക്കാനും ക്ഷമിക്കാനും നമുക്കു കഴിയണം. അതിനുപകരം, സ്വര്‍ഗത്തില്‍ നമുക്ക് പത്തിരട്ടിയും നൂറിരട്ടിയുമായി പ്രതിഫലം ലഭിക്കുമെന്ന ഉറച്ച വിശ്വാസമായിരിക്കണം അപ്പോഴൊക്കെയും നമ്മെ നയിക്കേണ്ടത്.
(അല്പം നിര്‍ത്തി, എല്ലാവരേയും ഒന്നവലോകനം ചെയ്തിട്ട് പ്രസംഗത്തിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുന്നു.) സഭാ സ്‌നേഹികളേ! കര്‍ത്താവിന്റെ പീഡാനുഭവങ്ങള്‍ അനുസ്മരിക്കുകയും, നമ്മുടെ ഹൃദയങ്ങള്‍ ദുഃഖംകൊണ്ടു നിറയ്ക്കുകയും ചെയ്യേണ്ടുന്നതിനായി മാത്രം മാറ്റിവച്ചിരിക്കുന്ന ദിവസമാണല്ലോ ദുഃഖവെള്ളിയാഴ്ച. അതിനാല്‍, അവിടുത്തെ പീഡാനുഭവരംഗങ്ങള്‍ ഓരോന്നായി വീണ്ടും നിങ്ങള്‍ ഭാവനയില്‍ കാണുകയും അതില്‍ ദുഃഖിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. വ്യാകുലമാതാവ് നിങ്ങളെ ഇതില്‍ സഹായിക്കട്ടെ! എല്ലാവരും കണ്ണടച്ച് ധ്യാനനിമഗ്നരായിരിക്കുക. (എല്ലാവരേയും ഒന്നു നോക്കി ഉറപ്പുവരുത്തിയ ശേഷം അച്ചന്‍ തുടരുന്നു) അതാ, നമ്മുടെ കര്‍ത്താവായ യേശു തന്റെ ഭാരിച്ച കുരിശും ചുമന്നുകൊണ്ട് ഗാഗുല്‍ത്താമല കയറുന്നു. ക്ഷീണിച്ചവശനായ യേശുവിന്റെ തിരുമുഖത്തേക്ക് പട്ടാളക്കാര്‍ പരിഹാസത്തോടെ കാര്‍ക്കിച്ചു തുപ്പുന്നതു കാണുക. കുരിശുമായി ഓരോ പ്രാവശ്യം വീഴുമ്പോഴും, അവര്‍ ചമ്മട്ടികള്‍ വീശിയടിക്കുന്നതും ചവിട്ടുന്നതും ഭാവനയില്‍ കണ്ടുകൊണ്ട് മനസ്സ് ദുഃഖപൂരിതമാക്കുക.
(പലരും ദുഃഖത്തിന്റെതായ സ്വരങ്ങള്‍ പുറപ്പെടുവിച്ചതു തുടങ്ങുന്നു. അച്ചന്‍ ഗദ്ഗദകണ്ഠനായി പ്രാര്‍ത്ഥിക്കുന്നു.) ഓ.... എന്റെ ദൈവമേ, ആ വിശുദ്ധമായ കുരിശൊന്നു താങ്ങിത്തരുവാന്‍ എനിക്കു കഴിഞ്ഞിരുന്നെങ്കില്‍.... (ആള്‍ക്കാര്‍ വിലാപസ്വരങ്ങള്‍ കൂടുതലായി പുറപ്പെടുവിക്കുന്നു. ദുഃഖം നിറച്ച സ്വരത്തില്‍ അച്ചന്‍ തുടരുന്നു.) എന്റെ കര്‍ത്താവേ, ഞാനിതാ ദുഃഖംകൊണ്ടു നിറഞ്ഞിരിക്കുന്നു. നിന്റെ പീഡാനുഭവം വര്‍ണ്ണിക്കുവാന്‍ ഞാനശ്ശക്തനായീത്തീര്ന്നിരിക്കു
(അച്ചന്‍ കണ്ണടച്ചു ധ്യാനിക്കുന്നു. ജനങ്ങളില്‍ നിന്നുള്ള വിലാപസ്വരം കുറഞ്ഞുവരുന്നു... ഈ സമയം ജനക്കൂട്ടത്തില്‍ നിന്നൊരാള്‍ അടുത്തു നില്‍ക്കുന്നയാളോട്, ഔസേപ്പിനെ ചൂണ്ടിക്കാട്ടിക്കൊണ്ട്)
അയാള്‍ : ആ മനുഷ്യന്‍ വല്ലാതെ വലഞ്ഞിരിക്കുന്നു.
(അയാളും തുടര്‍ന്ന് മറ്റ് ചിലരും ധ്യാനത്തില്‍നിന്നും പ്രലപനത്തില്‍നിന്നുമുണര്‍ന്ന് ഔസേപ്പിനെ നോക്കുന്നു. ഔസേപ്പ് അവശനായി ആടി നില്‍ക്കുകയാണ്. തുടര്‍ന്ന് കൂടുതല്‍ കൂടുതല്‍ ആള്‍ക്കാരുടെ ശ്രദ്ധ ഔസേപ്പിലേയ്ക്കു തിരിയുന്നു. ഇതിനിടെ അച്ചന്‍ കണ്ണു തുറന്ന് പ്രസംഗം തുടരുന്നു.)
അച്ചന്‍ : കര്‍ത്താവില്‍ പ്രിയമക്കളേ! നമ്മുടെ കര്‍ത്താവിതാ...
അയാള്‍ : (ഔസേപ്പിനോട്) ഇനി ഞാന്‍ കുറേനേരം പിടിക്കാം. ചേട്ടന്‍ മാറിക്കൊള്ളൂ.
(രംഗം ശ്രദ്ധിച്ചു നില്‍ക്കുന്ന അച്ചന്റെ മുഖത്ത് ഗൗരവം)
അച്ചന്‍ : (അധികാര സ്വരത്തില്‍) എന്തുണ്ടായി? അവിടെ എന്തു സംഭവിച്ചു?
അയാള്‍ : ഈ ചേട്ടന്‍ ആകെ അവശനായിരിക്കുന്നു. അല്പസമയം വിശ്രമിക്കട്ടെ, കുരിശു ഞാനെടുത്തുകൊള്ളാം.
(ആള്‍ക്കാരുടെ ഇടയില്‍ അനുകൂലമായും പ്രതികൂലമായുമുള്ള കുശുകുശുക്കല്‍. അച്ചന്‍ എല്ലാവരെയും ആധികാരികമായ ഭാവത്തില്‍ ഒന്നു വീക്ഷിക്കുന്നു)
അച്ചന്‍ : (അധികാരം നിറഞ്ഞ സ്വരത്തില്‍) എല്ലാവരും നിശ്ശബ്ദരും ഭക്തിനിര്‍ഭരരും ആയിരിക്കുവിന്‍. (കുശുകുശുപ്പുകള്‍ പെട്ടെന്നു നിലയ്ക്കുന്നു)
ഒരു പ്രമാണി : കര്‍ത്താവിന്റെ പീഡാനുഭവങ്ങളില്‍ ഒന്നു മുഴുകാമെന്നു വിചാരിക്കുകേം, വന്നു ഒരു പരോപകാരി; ശല്യം!
അച്ചന്‍ : പരോപകാരമോ? ഉതപ്പാണിത്, ഈ കുഞ്ഞാടുകളില്‍ ഇടര്‍ച്ചയുണ്ടാക്കുവാനും, ദൈവകാര്യങ്ങളില്‍ നിന്ന് അവരെ അകറ്റാനുമുള്ള, പിശാചിന്റെ തന്ത്രമാണിതെന്ന് നിങ്ങളറിഞ്ഞുകൊള്ളുക. പിശാചിനെ അനുസരിക്കുന്നവന്‍ പിശാചിനെ ഏറ്റുപറയുന്നു. പിശാചിനെ ഏറ്റുപറയുന്നവനോ ദൈവദൂഷണം പറയുന്നു. (കൂടുതല്‍ രൂക്ഷമായി) ദൈവകോപത്തിന്റെ ഇടിത്തീ നിങ്ങളുടെയും നിങ്ങളുടെ തലമുറയുടെയുംമേല്‍ നിപതിക്കാതെ നോക്കിക്കൊള്ളുവിന്‍.
(തുടരും)
Sunday, March 25, 2012
അവന്റെ രണ്ടാം വരവ് (നാടകം)
ജോര്‍ജ് മൂലേച്ചാലില്‍
[തിരുവല്ലയില്‍നിന്നും പുറത്തിറക്കിയിരുന്ന 'ഡൈനാമിക് ആക്ഷന്‍' എന്ന മാസികയുടെ 1988 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച നാടകം 12 ഭാഗങ്ങളായി]
(ദുഃഖവെള്ളിയാഴ്ച. 'കുരിശിന്റെ വഴി' പത്താം സ്ഥലത്തുനിന്നും പതിനൊന്നാം സ്ഥലത്തേയ്ക്ക് ഗാനാലാപനത്തോടെ നീങ്ങുന്നു. അച്ചന്റെ കയ്യില്‍ ഒരു ചെറിയ സ്വര്‍ണ്ണക്കുരിശ്. ബാക്കി എല്ലാവരുടെയും കൈകളില്‍ ചെറിയ മരക്കുരിശുകള്‍. നടുഭാഗത്തായി ഒരാള്‍ ആള്‍
വലുപ്പമുള്ള ഒരു മരക്കുരിശ് വളരെ ബദ്ധപ്പെട്ടു ചുമക്കുന്നു. ഒരു വിലാപയാത്ര നീങ്ങുന്നതുപോലെ മന്ദഗതിയിലാണ് എല്ലാവരുടെയും നീക്കം. ഗാനാലാപനം ഏതാണ്ടു പകുതിയോളമായി. വലിയ കുരിശ് മുന്നിലുയര്‍ത്തി നടക്കുന്ന ആളുടെ കയ്യില്‍ കുരിശ് ഉലയുന്നുണ്ട്. അതു നേരെ നിര്‍ത്താന്‍ അയാള്‍ പാടുപെടുന്നു. മടുത്തപ്പോള്‍ ആ കുരിശ് താഴ്ത്തി തോളേല്‍ ചാരുന്നു. അതു കണ്ടുകൊണ്ട്, കാഴ്ചയില്‍ പ്രമാണിത്തം തോന്നിക്കുന്ന ഒന്നുരണ്ടു പേര്‍ അയാളുടെ അടുത്തെത്തുന്നു.)
ഒരു പ്രമാണി : എന്താടാ ഔസേപ്പേ ഇത്? കുരിശ് നേരെ ഉയര്‍ത്തിപ്പിടിയെടാ.
മറ്റെ പ്രമാണി : മറ്റുള്ളവരൊക്കെ എങ്ങിനെയാ കുരിശു പിടിച്ചിരിക്കുന്നതെന്ന് നിനക്കെന്നാടാ കാണാന്‍ മേലേ?
(ഈ സംസാരത്തിലേയ്ക്ക് ആള്‍ക്കാരുടെ ശ്രദ്ധ തിരിയുകയും, ഗാനം മുറിയുകയും ചെയ്യുന്നു. അച്ചനും പുറകോട്ടു തിരിഞ്ഞ് നോക്കുന്നു. ചടങ്ങു തടസ്സപ്പെട്ടതിലുള്ള നീരസഭാവം അച്ചന്റെ മുഖത്ത് വളരെ പ്രകടമാണ്. ഔസേപ്പ് ഒന്നും പറയാതെ വെറുതെ നില്‍ക്കുക മാത്രം ചെയ്യുന്നു.)
ഒരു പ്രമാണി : (അക്ഷമനായി) നോക്കിക്കേ നില്‍ക്കുന്നത്, കള്ളക്കാളയെപ്പോലെ! (ഒന്നുകൂടി നോക്കിയിട്ട് ഉച്ചത്തില്‍) എടുക്കടാ കുരിശ്.
ഔസേപ്പ് : ഞാന്‍ മടുത്തു. എന്റെ കൈ വല്ലാതെ കഴയ്ക്കുന്നു.
മറ്റെ പ്രമാണി : ങ്‌ഹേ! നീ തര്‍ക്കുത്തരം പറയുന്നോ? (രംഗം വീക്ഷിച്ചുകൊണ്ടിരുന്ന അച്ചന്‍, 'എന്താണവിടെ, എന്താണവിടെ' എന്നു ചോദിച്ചുകൊണ്ട് അവരുടെ അടുത്തേയ്ക്കു വരുന്നു. അടുത്തെത്തിയ അച്ചനോട്, ഔസേപ്പ്)
ഔസേപ്പ് : എന്റെ അച്ചോ, എന്റെ കൈ വല്ലാതെ കഴച്ചു. ഞാനാകെ മടുത്തു.
അച്ചന്‍ : (മുഖത്തെ നീരസഭാവമൊക്കെ മാറ്റി, അനുനയ സ്വരത്തില്‍) മകനേ, ഔസേപ്പേ! ഈ കുരിശിന്റെ വഴി എന്നു പറയുന്നത് ഒരു പരിഹാര പ്രദക്ഷിണമാണ്. നമ്മള്‍ മടുക്കണം. മടുക്കുന്തോറും നമ്മുടെ പാപങ്ങള്‍ പോക്കപ്പെടുകയും പുണ്യം വര്‍ദ്ധിക്കുകയുമാണു ചെയ്യുന്നത്. അതിനാല്‍, കൂടുതല്‍ മടുത്ത നീ കൂടുതല്‍ ഭാഗ്യവാനാണ്. സ്വര്‍ഗ്ഗരാജ്യത്തില്‍ നിനക്ക് കൂടുതല്‍ ആശ്വാസം ലഭിക്കും.
ഔസേപ്പ് : എന്റെ അച്ചോ, അല്പംകൂടി മടുപ്പു തീര്‍ന്നോട്ടെ. തല്ക്കാലം കുറെ നേരം ഞാനിതു തോളേല്‍ ചുമക്കാം. (ഒന്നോര്‍ത്തിട്ട്) ഈശോ പോലും അങ്ങനെയാണല്ലോ കുരിശ് ചുമന്നത്.
ഒരു പ്രമാണി : (എടുത്തടിച്ചതുപോലെ) അതിനു നിന്നെ കൊല്ലാനല്ലല്ലോ കൊണ്ടുപോകുന്നത്.
അച്ചന്‍ : (ഔസേപ്പിനെ നോക്കി താക്കീതിന്റെ സ്വരത്തില്‍) കര്‍ത്താവിന്റെ പ്രതിപുരുഷനോടാണ് നീ ഈ ധിക്കാരം പറഞ്ഞതെന്നോര്‍മ്മയിരിക്കട്ടെ. (പരിഹാസസ്വരത്തില്‍) ഒരീശോ മിശിഹാ!
(അച്ചന്‍ അയാളെ, ഗൗരവത്തില്‍, അടിമുടി ഒന്നിരുത്തി നോക്കുന്നു. അപ്പോഴേയ്ക്കും പ്രമാണിമാര്‍, 'പൊക്കടാ കുരിശ്. ഉയര്‍ത്തിപ്പിടിയെടാ' എന്നിങ്ങനെ ആക്രോശിക്കുകയും അയാള്‍ അതനുസരിക്കുകയും ചെയ്യുന്നു. അച്ചന്‍ മടങ്ങുന്നു. ജനങ്ങളില്‍ സമ്മിശ്രവികാരങ്ങള്‍.)
ഒരു പ്രമാണി : (വിജയഭാവത്തില്‍) നീയേ, ഞങ്ങള്‍ പറയുന്നതുപോലെ വെറും ഔസേപ്പായങ്ങു നടന്നേച്ചാല്‍ മതി കേട്ടോ; ഈശോയൊന്നുമാകണ്ടാ.
മറ്റേ പ്രമാണി : ഹല്ല! അതിനിപ്പം നിന്നേക്കൊണ്ട് വെറുതെയൊന്നുമല്ലല്ലോ, കൂലി തന്നിട്ടല്ലേ ചുമക്കാന്‍ പറയുന്നത്?
ഔസേപ്പ് : (അതൃപ്തിയോടെ) പത്തു രൂപ! ശരിക്കൊന്നു കാപ്പികുടിക്കാന്‍തന്നെ അതു തികഞ്ഞില്ല.
(അതു കേട്ട് അച്ചന്‍ പെട്ടെന്നു തിരിഞ്ഞു നില്‍ക്കുന്നു)
അച്ചന്‍ : ങ്‌ഹേ! നീ ഇന്നു കാപ്പികുടിച്ചെന്നോ? ദുഃഖവെള്ളിയാഴ്ചയായ ഇന്ന് നീ കാപ്പികുടിച്ചെന്നോ? ഇന്ന് ഒരുനേരം ആചാരിക്കണമെന്ന് നിനക്കറിഞ്ഞു കൂടേ? തിരുസഭയുടെ കല്പനയാണ് നീ ധിക്കരിച്ചിരിക്കുന്നത്. (സ്വരമുയര്‍ത്തി) ഈ വിശുദ്ധ കുരിശ് സ്പര്‍ശിക്കാന്‍ നിനക്കിനി അര്‍ഹതയില്ല. (പ്രമാണിമാരോട്) കുരിശ് ഈ പാപിയുടെ കയ്യില്‍നിന്നും വേറെ ആരെയെങ്കിലും ഏല്‍പിക്കുവിന്‍.
(പ്രമാണിമാര്‍ നിസ്സഹായതയോടും അല്പം പരിഭ്രാന്തിയോടുംകൂടി അച്ചന്റെ അടുത്ത് ഓടി എത്തുന്നു. അച്ചനോട് രഹസ്യം പറയുന്നതുപോലെ, പക്ഷെ കേള്‍ക്കാവുന്ന സ്വരത്തില്‍)
ഒരു പ്രമാണി : അച്ചോ, തല്ക്കാലം അവന്‍തന്നെ ചുമക്കട്ടെ; കൂലി മുഴുവന്‍ കൊടുക്കുകേംചെയ്തു.
മറ്റെ പ്രമാണി : സാരമില്ലച്ചോ; പാപികളാണെങ്കിലും സഭാകാര്യങ്ങളില്‍ ഇങ്ങനെ ചില പങ്കാളിത്തങ്ങള്‍ നല്‍കി നമുക്കിവന്മാരെ ഉദ്ധരിക്കാം. (എന്നിട്ടു കൗശലഭാവത്തില്‍, അച്ചന്റെ ചെവിയിലേയ്ക്ക് രഹസ്യം പറയുന്നതുപോലെ) അവന്‍തന്നെ ചുമക്കട്ടെ അച്ചോ; ഇനിയിപ്പോ വേറെ ആരെയും അതിനു കിട്ടില്ല.
(അച്ചന്‍ ആലോചിക്കുന്നു. എന്നിട്ട്, ഔസേപ്പിനോട്)
അച്ചന്‍ : ദൈവത്തിന്റെ അനന്തമായ ക്ഷമ തല്ക്കാലത്തേയ്ക്ക് നിന്നെ കടാക്ഷിച്ചിരിക്കുന്നു. ഒരുനേരം അനുഷ്ഠിക്കാത്തതിനു പരിഹാരമായി, നീ തന്നെ ഈ കുരിശ് തുടര്‍ന്നും ചുമക്കുക. (എന്നിട്ട് എല്ലാവരോടുമായി ആജ്ഞാസ്വരത്തില്‍) ഇവനെ ആരും സഹായിച്ചു പോകരുത്. കാരണം, ഇവന്റെ പാപപരിഹാരത്തെ അതു തടസ്സപ്പെടുത്തും.
(തുടരും)
Saturday, March 24, 2012
Pope Benedict arrives in Mexico, addresses drug violence
"We must do whatever is possible to combat this destructive evil against humanity and our youth," he told reporters, referring to the violent conflict between rival drug cartels and the state that has killed 50,000 people since 2007.
ഇവിടെ ക്ലിക്ക് ചെയ്യുക
Pope to end Cuba trip with mass, Fidel Castro meeting
ഇവിടെ ക്ലിക്ക് ചെയ്യുക
Friday, March 23, 2012
'അവന്റെ രണ്ടാം വരവ്' എന്ന ബൈബിള്‍ നാടകം
മാര്‍ച്ച് 25 മുതല്‍ ദിവസവും
തിരുവല്ലയില്‍നിന്നു പുറത്തിറക്കിയിരുന്ന 'ഡൈനാമിക് ആക്ഷന്‍' എന്ന മാസികയുടെ
1988 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച,
ജോര്‍ജ് മൂലേച്ചാലിന്റെ
'അവന്റെ രണ്ടാം വരവ്' എന്ന ബൈബിള്‍ നാടകം
12 ഭാഗങ്ങളായി ' അല്‍മായശബ്ദ'ത്തില്‍
പ്രസിദ്ധീകരിക്കുന്നു.
പ്രസിദ്ധീകരിക്കുന്നു.
ലോകമേ, ഗീത പാടൂ
1. ത്രേതായുഗത്തിലാ ബീസിയില്‍ ഭാരതം
ലോകത്തിനാകെ അറിവരുളും
ശാസ്ത്ര പഠനശാലയായിരുന്നുപോല്‍
തക്ഷശില-നളന്ദ പേരിലായ്.
2. നാനാവിധ ജ്ഞാനമേറുവാന്‍ ജ്ഞാനികള്‍
മാമുനി ചാരേയണഞ്ഞ കാലം,
വേദം പഠിക്കുവാന്‍ മാനസ്സാഴങ്ങളില്‍
നീന്തുവാന്‍ ഭാരതം തേടി ലോകം.
3. പന്ത്രണ്ടിലെത്തിയോന്‍ മുപ്പതാകും വരെ
എപ്പോഴെവിടെ എന്തായിരുന്നു
എന്നു പറയുവാന്‍ ബൈബിളിലേശുവിന്‍
പുണ്യചരിതങ്ങള്‍ ഏതുമില്ല.
4. ഭാരതം തന്നിലെ ജ്ഞാനമാം സാഗരേ
യേശുവും നീന്തിത്തുടിച്ചു പോലും,
ഉപനിഷത്തോതിയ വേദാന്തസൂക്തങ്ങള്‍
നസറായന്‍ നാവില്‍ നിറച്ചു നന്നായ്.
5. മൂഢമാം പൈതൃകാനുഷ്ഠാനാരാധന
ആകെയവന്‍ മാറ്റി, പാഴ്‌നിയമം;
“പുത്തനാം സിദ്ധാന്തമാണിതെന്‍ കല്‍പ്പന
കേള്‍ക്കുവാന്‍ കാതുള്ളോര്‍ കേള്‍ക്കാ”നോതി.
6. കാളയെക്കൊന്നതിന്‍ മേദസ്സില്‍ മോദരായ്
മേവിയ നീചപുരോഹിതര്‍ക്കോ
വേദാന്തശാസ്ത്രവും ജ്ഞാനവുമേറില്ല
ബറബാസിനെ മതി, യേശു ക്രൂശില്‍!
7. ഹിന്ദുമതത്തിന്‍ പുരോഹിതര്‍ ബ്രാഹ്മണര്‍
മ്ലേച്ചരായ് ഞങ്ങളെ കണ്ടമൂലം;
വേദമകലെയായ് തീണ്ടല്‍ തൊടീലുമായ്,
എങ്കിലും ജംബറഴിച്ചു കാണാന്‍.
8. പച്ചയനീതി ചെറുക്കാന്‍ കഴിയാതെ
പാതിരി മേയ്ച്ച പുതുവഴിയെ
മെച്ചമാം പുല്‍പ്പുറം തേടുമജങ്ങളെ
പള്ളിവഴക്കില്‍ കശാപ്പു ചെയ്തു.
9. ക്രൂശില്‍ മരിച്ചോന്റെ മൊഴിതെല്ലും കേള്‍ക്കാതെ
കീശയില്‍ കാശേറാന്‍ ചൂഷകരായ്,
യേശുവിന്‍ സ്‌നേഹമാം വേദമറിയാത്ത
കോലങ്ങളെന്നും പുരോഹിതന്മാര്‍.
10. അവരുടെ കുപ്പായ നിറഭംഗി കരളിനു
കുളിരാക്കി തീയില്‍ ശലഭങ്ങള്‍പോല്‍
തുരുതുരെ തലമുറ കരിയുന്നു! കാലമേ,
ഇനിയുമാ ഗീത നീ പാടു വീണ്ടും.
കലഞ്ഞൂര്‍, 23-03-2012 സാമുവല്‍ കൂടല്‍
പരിപാവനമായ ഈസ്റ്റര്‍ കര്‍മ്മങ്ങള്‍ ടിവി ചാനലിനായി നാടകമാക്കിയതില്‍ പ്രതിഷേധം.
ക്രൈസ്തവമതവിശ്വാസത്തിന്റെ അടിസ്ഥാനശിലയായി കരുതപ്പെടുന്ന യേശുവിന്റെ ഉത്ഥാനത്തിന്റെ സ്മരണയായ ഈസ്റ്റര്‍ചടങ്ങുകള്‍ ഒരു മലയാളം ടിവി ചാനലിനുവേണ്ടി നാടകമാക്കിമാറ്റിയ കണ്ണൂര്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കലിന്റെ നടപടിയെ ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ യോഗം അപലപിച്ചു. യേശു മരിച്ചവരില്‍നിന്ന് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നത് ക്രൈസ്തവരുടെ ഏറ്റവും പാവനമായ വിശ്വാസമാണ്. ഈസ്റ്റര്‍ ദിനത്തില്‍ ഏറ്റവും ഭക്തിസാന്ദ്രവും പരിപാവനവുമായി നിര്‍വഹിക്കേണ്ട ആദ്ധ്യാത്മികചടങ്ങുകള്‍ ടിവി ചാനലുകാര്‍ക്ക് പകര്‍ത്താന്‍വേണ്ടി ആയിരക്കണക്കിന് ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ പരിഹാസ്യനാടകമാക്കിയ ബിഷപ്പിന്റെ നടപടി യാതൊരു കാരണവശാലും ന്യായീകരിക്കത്തക്കതല്ല. ആദ്ധ്യാത്മികതയെ കച്ചവടവല്‍ക്കിരിക്കാനുള്ള ഇത്തരം കുത്സിതയത്‌നങ്ങളെ മുളയില്‍ത്തന്നെ നുള്ളണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ലാലന്‍ തരകന്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശ്ശേരി പ്രതിഷേധപ്രമേയം അവതരിപ്പിച്ചു. വര്‍ക്കിങ് പ്രസിഡണ്ട് ജോസഫ് വെളിവില്‍, മുന്‍ ജനറല്‍ സെക്രട്ടറി ഫെലിക്‌സ്. ജെ. പുല്ലൂടന്‍, വൈസ് പ്രസിഡണ്ടുമാരായ ആന്റോ കോക്കാട്ട്, അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോര്‍ജ്ജ് ജോസഫ്, ജോര്‍ജ് മൂലേച്ചാലില്‍, വി.കെ.ജോയ്, ജോഷി ആന്റണി, റെന്‍സന്‍ മാര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
കൊച്ചി ജോയ് പോള്‍ പുതുശ്ശേരി
22-3-2012 ജനറല്‍ സെക്രട്ടറി,
ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍.
ബിലാത്തി വാരാന്ത്യം (Week 12 of 2012)
പ്രക്ഷുബ്ദമായ ഒരു വാരമാണ് കടന്നു പോകുന്നത്. ഇത് സമരവീര്യമോ, നാടിന്റെ ശാപമോ?
മലയാള മനോരമ മുഖപ്രസംഗത്തിലെ വാക്കുകള്‍ കടമെടുത്തു പറഞ്ഞാല്‍ "കുലീനതയും സൌമ്യതയും കമ്യുണിസത്തോടൊപ്പം ചേരുമ്പോള്‍ അതിനു അനന്യമായൊരു ചാരുതയുണ്ടാകുന്നുവെന്നു ജീവിതം കൊണ്ട് അറിയിച്ച" സി.കെ. ചന്ദ്രപ്പന്‍ പോയവാരത്തില്‍ ഓര്‍മയായി. പാര്‍ട്ടിയില്‍ നിന്ന് അധികാരവും സമ്പത്തും ഉണ്ടാക്കാനല്ല, പാര്‍ട്ടിയിലേക്ക് ആവോളം നല്‍കാനാണ് ചന്ദ്രപ്പന്‍ സ്വന്തം ജീവിതത്തെ മാറ്റിവച്ചത്.
കേരളരാഷ്ട്രീയത്തില്‍ താല്പര്യമുള്ളവരെല്ലാം ഉറ്റുനോക്കിയിരുന്നതാണ് പിറവം തെരഞ്ഞെടുപ്പ് ഫലം. യു.ഡി.എഫിന്റെ വിജയത്തെത്തുടര്‍ന്ന് മറ്റൊരു മന്ത്രിമകന്‍ മന്ത്രിയാകുന്നു......
ബിലാത്തി വാരന്ത്യത്തിന്റെ പുതിയ ലക്കം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പാതിരിപ്പാമ്പ്
1. കോപാഗ്നിയില്‍ സ്വയമെരിഞ്ഞെരുശലേം ദേവലയ
കവര്‍ച്ചസംഘത്തെ യേശു മെരുക്കിയില്ലേ?
പള്ളിയെന്നും കള്ളന്മാര്‍ക്കു സങ്കേതമായ് കാണുമിടം
അല്പബുദ്ധി വിശ്വാസികള്‍ തകരുന്നിടം.
2. ഒരു സ്റ്റെണ്‍ഗണ്‍ മശിഹായക്കു കരഗതമായെന്നാലോ
കയ്യഫയാം കര്‍ദ്ദിനാളും മെത്രാന്‍ പാസ്റ്ററും
ഇടനെഞ്ചില്‍ തുരുതുരെ വെടിയേറ്റു മൃതിപൂകും
സ്വയം പരിശുദ്ധരായി വിലസിവാണോര്‍.
3. വരും ന്യായം വിധിക്കുവാന്‍ ദൂതരൊത്തു വാനമേഘേ
അതിനു മുമ്പരിശത്തെ സുനാമിയാക്കി;
ദുരിതങ്ങള്‍ ഈജിപ്തിനെ കവര്‍ന്നതു മറക്കല്ലേ
കുരിശിന്‍ മറവില്‍ പകല്‍ക്കവര്‍ച്ച നിര്‍ത്തു.
4. സ്വയമൊന്നു ചിന്തിക്കുവാന്‍ ഇടനല്‍കാഭാഷണങ്ങള്‍
ഉച്ചഭാഷിണി ഭയക്കാനൊച്ചയുമേറ്റി
കാണാപഠിച്ചതിലേറെ ചിട്ട ചെയ്തു കസറുമാ
പ്രസംഗത്തൊഴിലാളികള്‍ നിറഞ്ഞിവിടെ
5. ഏട്ടിലെ ചുരയ്ക്കാ പോലെ ടിവിയില്‍ കുര്‍ബാനകള്‍
ഏവനു നുകരാനാകും പുരോഹിതരേ?
മശിഹതന്‍ തിരുമേനി നുകരുവാന്‍ ടി.വി സ്‌ക്രീനോ,
പെസഹ വിളമ്പാന്‍ മുഴുത്തെല്ലീഡി സ്‌ക്രീനോ?
6. ചിരി! കൊച്ചു കേരളത്തില്‍ ത്രീമൂര്‍ത്തികള്‍ പോലെ മൂന്നു
പരിശുദ്ധ കാതോലിക്കാ കുരിശുയുദ്ധം!
പാല്‍പ്പൊടി കുറഞ്ഞതിനാല്‍ കൂറുമാറിയജങ്ങളാ
റീത്തു വിട്ടു പെന്തക്കോസിന്‍ കൂട്ടിലായിപോല്‍.
7. പാസ്റ്ററുടെ അഭ്യാസമാം കോലാഹലം മടുത്തപ്പോള്‍
കൂറുമാറ്റം നടക്കില്ല, മുറോന്‍ പൂശണം;
പാമ്പിന്‍ പൊത്തില്‍ കയ്യിട്ടപോലായി പാവമച്ചായന്മാര്‍,
അനവിധി കുടുംബങ്ങള്‍ പാസ്റ്റര്‍ വിഴുങ്ങി!
8. ഒരു ഗ്രാമമോര്‍ത്തു നോക്കു, അമ്പത്താറ് ജാതി ഹിന്ദു,
ഒരു ദേവനൊരുക്ഷേത്രം, മഹോത്സവമായ്!
ഇവിടെന്റെ കുഗ്രാമത്തില്‍ ഇരുപത്തിയേഴായ് സഭ
വിരുദ്ധമാമാരാധന വിശ്വാസയുദ്ധം!
9. 'ആ കനി നീ തിന്നെരുതെ'ന്നീശനോതി എന്നാലേശു
'പ്രാര്‍ത്ഥിക്കുവാന്‍ പള്ളിയില്‍ നീ പോകരുതെന്നും';
പാമ്പുചൊന്നു-ഹൗവ്വ തിന്നു, ആത്മഹത്യ! ആദാം തിന്നു
പാതിരിയാപാസ്റ്ററെല്ലാം പാമ്പുകളെന്നും.
10. കലികാല കര്‍ദ്ദിനാളും പാസ്റ്ററും കലഹിച്ചുപോല്‍,
വയറ്റിപ്പാടിനായ് വേഷമണിഞ്ഞുപോയോര്‍!
'ഈശാവാസമിദംസര്‍വ്വം' ഉപനിഷത്തോതിടുന്ന
മൃദുലസ്‌നേഹാത്മതത്ത്വം ശ്രവിക്കിനിമേല്‍.
കലഞ്ഞൂര്‍, 22-03-2012 സാമുവല്‍ കൂടല്‍
Please visit my website www.samuelkoodal.com, which is getting ready for you with 140 visual albums and samasangeetham book with 300 songs. Also visit my Facebook samuelkoodal@gmail.com, Samasangeetham part II Jesus and present churchs (New Gospal poems) Thanks in Jesus. Also visit www.alamayasabdam.blogspot.com.
ജന്മപാപം
ജന്മപാപം ദൈവവും മനുഷ്യനും കൂടിയെങ്കില്‍ ജനിച്ച ശേഷമുള്ള പാപം മനുഷ്യനും മനുഷ്യനും തമ്മില്‍ . . . ഒരാള്‍ സ്പീഡില്‍ വണ്ടി ഓടിച്ചതിന് ട്രാഫിക്ക് ടിക്കറ്റിന്‍റെ പണം മറ്റൊരാള്‍ കൊടുത്താലും കുറ്റം ചെയ്തത് വണ്ടി ഓടിച്ചയാള്‍ തന്നെയല്ലേ ? പണം കൊടുത്തു സഹായിച്ചതിനും പുറമേ വണ്ടി ഓടിച്ചവന്‍റെ ട്രാഫിക് ലംഘനവും എന്തിനു മൂന്നാമത് ഒരാള്‍ ഏറ്റെടുക്കണം? കൊലയാളിയുടെ പാപം എന്തിനു യേശുവിന്‍റെ ചുമലില്‍ വഹിപ്പിക്കുന്നു. യേശു ഈ പാപം ഏറ്റെടുക്കുന്നതും അനീതിയല്ലേ!!! കൊന്നവന്‍റെ പപാത്തിനു ശിക്ഷ കൊന്നവനു മാത്രം. ===================================== ഉപരിപ്ലവമായി ഇത് ശരിയാണ് . എന്നാല്‍ സ്കൂളിലോ കോളേജിലോ പഠിക്കുന്ന നമ്മുടെ ഒരു വളര്‍ത്തുമകന്‍ അല്ലെങ്കില്‍ മകന്‍ സ്പീഡില്‍ വണ്ടി ഓടിച്ചതിന് ട്രാഫിക്ക് ടിക്കറ്റിന്‍റെ പണം ആര് കൊടുക്കുമെന്നാണ് താങ്കളുടെ അഭിപ്രായം കൊടുക്കുവാന്‍ കഴിവില്ലാത്തവനു (വരുമാനമില്ലാത്തവാന്‍ ) വേണ്ടി രക്ഷിതാവായ നമ്മള്‍ കൊടുത്ത് വീട്ടില്ലേ ? പല പ്രാവശ്യം നമ്മള്‍ മുന്നറിയിപ്പ് കൊടുത്തതാണ് അമിതവേഗതയില്‍ വണ്ടിയോടിക്കരുതെന്നു . എന്നിട്ടും അബദ്ധം വന്നാല്‍ പരിഹരിക്കേണ്ട ഉത്തരവാദിത്വം നമുക്കല്ലേ ? അല്ലാതെ അവനെ കയ്യോഴിയുമോ? ഇന്നത്തെ സഭ വിശ്വസിക്കുന്നതുപോലെ മനുഷ്യന്റെ പാപങ്ങള്‍ ഏറ്റെടുത്തു അവക്കെല്ലാ ഒരു ഒറ്റയാന്‍ പരിഹാരം ചെയ്യാന്‍ വന്നാവനല്ലായിരുന്നു. ============== സഭ അങ്ങനെ പറഞ്ഞാലും , വചനം പറയുന്നത് ലോകത്തിന്റെ (നമ്മുടെ) പാപം നീക്കുവാനാണ് എന്നാണു .എന്നുവെച്ചാല്‍ നമ്മുടെ കുഴപ്പം കൊണ്ടല്ലാതെ തന്നെ നമ്മള്‍ ജനിച്ചപ്പോഴേ പാപികളായ ജന്മപാപം നീക്കുവനാണ് യേശു മരിച്ചത് . നമ്മള്‍ ചെയ്യുന്ന പരിഹരിക്കപ്പെടാത്ത(കുമ്പസാരമല്ല ഉദ്ദേശിച്ചത് ) കര്‍മ്മാപാപങ്ങള്‍ക്കനുസരിച്ചാണ് നമ്മുടെ വിധി . പ്രതിഫലമോ സല്‍ക്കര്‍മ്മങ്ങല്‍ക്കനുസരിച്ചും എന്നാണ് ബൈബിളില്‍നിന്നും എനിക്ക് മനസിലായത് . സ്വാഭാവികമായും എന്താണ് ജന്മപാപം എന്നാ ചോധ്യമുയരും . നാളിതുവരെ ആദം ചെയ്ത പാപം എന്ന വളരെ കാമ്പില്ലാത്ത ഉത്തരമേ കിട്ടിയിട്ടൊള്ളൂ. എന്നാല്‍ ആദം ചെയ്ത പാപം എന്താണ് എന്ന് ചോദിച്ചാല്‍ അനുസരണക്കേടെന്നു ഉടന്‍ ഉത്തരം റെഡി . ഒരു അനുസരനക്കെടിനു പിന്‍തലമുറകളെയെല്ലാം ശിക്ഷിച്ചാല്‍ നമ്മള്‍ അനുനിമിഷം ,മനസ വച്ച കര്‍മണ ചെയ്തുകൊണ്ടിരിക്കുന്ന അനുസരനക്കെടിനു ശിക്ഷിക്കാന്‍ എത്ര ബ്രെഹ്മ്മായുസുകള്‍ വേണ്ടി വരും ? ഇത് ചോദിച്ചാപ്പോഴൊക്കെ പ്രതികരണം പരിഹാസമോ ,നിന്ദയോ ഭീഷണിയോ ഒക്കെയായിരുന്നു . അവസാനം എനിക്ക് ശരിയെന്നു തോന്നുന്ന ഒരുത്തരം കിട്ടി . അതിങ്ങനെ അന്ന് പാറുദീസയില്‍ ആദവും അവ്വയും ദൈവത്തിന്റെ രൂപത്തില്‍ അല്ലെങ്കില്‍ സാദിര്ശ്യത്തില്‍ ആയിരുന്നു. ( ഞാന്‍ മനസിലാക്കുന്നത് വളരെ ഉയര്‍ന്ന ഊര്‍ജനിലയിലുള്ള ഒരു മാനത്തില്‍ - a very high energy state or leval) . അത്രമാത്രം ഉന്നത സ്രെഷ്ട്ട നിലയിയിലിരുന്നു , ചെറിയ തെറ്റ് ചെയ്ത ആദം ഹവ്വ ,സാത്താന്‍ എന്നിവരെ ദൈവം കഠിനമായി ശിക്ഷിച്ചു. എന്നാല്‍ ഇന്നു പാപത്തിന്റെ സാധൃശ്യത്തിലായ(ഇന്ന് നാം ദൈവത്തിന്റെ സാദൃശ്യത്തിലല്ല) നമ്മള്‍ - വെരി ലോ ഡായമെന്‍ഷന്‍)ചെയ്യുന്ന നമ്മുടെ കര്‍മ്മ പാപങ്ങള്‍ പരിഹരിക്കാം . എനിക്ക് മനസിലായ ജന്മപാപം എന്താണെന്ന് ലളിതമായിപറഞാല്‍ മനസിലാക്കാന്‍ എളുപ്പമാണ് . ജന്മപാപമില്ലാത്ത മൂന്നു മനുഷ്യരെയോള്ളൂ വചനത്തില്‍ , അത് ആദവും അവ്വയും ക്രിസ്തുവുമാണ് . യേശുവിന്റെ മാതാവിന്റെ ജന്മപാപം സഭ മാറ്റിയതായി കേട്ടിട്ടുണ്ട്. ഇനി സിസ്റ്റര്‍ അല്ഫോന്സയെയും ഇതില്നിന്നോഴിവാക്കിയെക്കും , ഇതൊക്കെ മറ്റൊരു കഥ . പറഞ്ഞു വന്നത് ഈ മൂന്നുപേരുടെയും ജന്മങ്ങളും മറ്റുള്ളവരുടെ എല്ലാം ജന്മങ്ങളും തമ്മിലുള്ള വ്യത്യാസമാണ് ജന്മപാപം . ആതായത് ദൈവം സൃഷ്ട്ടിച്ചതും മനുഷ്യന്‍ സൃഷ്ട്ടിച്ചടും തമ്മിലുള്ള വ്യത്യാസം . എന്നുവെച്ചാല്‍ Asexual reproduction and sexual reproduction. ചുരുക്കത്തില്‍ രതി തന്നെയാണ് ജന്മപാപം . അതുകൊണ്ടായിരിക്കാം , യേശു രതിയെപ്പറ്റി ചിന്തിക്കാഞ്ഞതും , കല്യാണം കഴിക്കാതിരുന്നതും , ദുഷ്പ്രേരണകള്‍ ഉണ്ടാവാതിരിക്കാന്‍ കല്യാണം കഴിച്ചോളാന്‍ ഒരു ഇളവനുവധിച്ചതും. എന്നാല്‍ തന്നെപ്പോലെ കല്യാണം കഴിക്കതിരുന്നതാണ് കൂടുതല്‍ സ്രെയസ്കാരം എന്നുപറയാനും പൗലോസ് മറന്നില്ല .പാറുദീസയില്‍ ,(സ്വര്‍ഗരാജ്യത്ത് - പുനരുദ്ധാനത്തില്‍ ) വിവാഹമില്ലയെന്നും , ആരും ആര്‍ക്കും ഭാര്യയോ ഭര്‍ത്താവോ അല്ലെന്നും യേശു പറയുന്നു . പാറുദീസയില്‍നിന്നു പുറത്താക്കിയതിനു ശേഷമാണ് ആദം ഹവ്വയോടു ചേര്‍ന്നതായി പറയുന്നത് . ബ്രെഹ്മായുസ് ഹൈന്ദവ വേദങ്ങളിലെ സമയ ക്രമം രണ്ടു മാന്തളിര്‍ കൂട്ടിവെച്ചു , ഒരു മുള്ള് അതില്‍ തറച്ചാല്‍ ഒരു ഇലയില്‍നിന്നും മറ്റൊന്നിലേക്കു മുള്ള് ചെല്ലാനുള്ള സമയം = ഒരു അല്‍പ്പകാലം 30 അല്പകാലം = ഒരു ത്രുടി 30 ത്രുടി = ഒരു കല 30 കല= ഒരു നിമിഷം 4 നിമിഷം ഒരു ഗണിതം 10 ഗണിതം = ഒരു നെടുവീര്‍പ്പ് 6 നെടുവീര്‍പ്പ് =ഒരു വിനാഴിക 60 വിനാഴിക = ഒരു ഘടിക 60 ഘടിക = ഒരു അഹോരാത്രം (രാവും പകലും)24 മണിക്കൂര്‍ 15 അഹോരാത്രം = ഒരു പക്ഷം 2 പക്ഷം = ഒരു ചാന്ദ്രമാസം ( മാസം) 12 മാസം = ഒരു വര്ഷം നമ്മുടെ ഒരു വര്ഷം ( മനുഷ്യ വര്‍ഷം ) = ഒരു ദേവ ദിവസം 360 ദേവ ദിവസം = ഒരു ദേവ വര്ഷം 3000 ദേവ സംവത്സരങ്ങള്‍ = ഒരു യുഗം 12000 ദേവ സംവത്സരങ്ങള്‍ = ഒരു ചതുര്‍ യുഗം (നാല് യുഗം ) 71 യുഗങ്ങള്‍ = ഒരു മന്വന്തരം 14 മന്ന്വന്തരങ്ങള്‍ = ഒരു കല്പം ഒരു കല്പം = ബ്രഹ്മാവിന്റെ ഒരു പകല്‍ രണ്ടു കല്പം = ഒരു ബ്രഹ്മ ദിവസം 360 ബ്രഹ്മ ദിവസം = ഒരു ബ്രഹ്മ വര്ഷം 120 ബ്രഹ്മ വര്ഷം = ഒരു ബ്രഹ്മാവിന്റെ ആയുസ് ( ബ്രഹ്മാവ് മരിക്കും ). |
Thursday, March 22, 2012
പള്ളി അപ്രത്യക്ഷമായി
രാവിലെ മലയാള മനോരമയുടെ കോട്ടയം എഡിഷ്യന്റെ ബാക്ക് പേജില്‍ വന്ന വാര്‍ത്ത വായിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടി. സംഭവം ഇങ്ങിനെ: ഒരു കുര്യന്‍, അദ്ദേഹം കത്തോലിക്കനാണോ മറ്റേതെങ്കിലും വിഭാഗത്തില്‍ പെട്ടവനാണോ എന്നൊന്നും അറിയില്ല. ഏറ്റുമാനൂര്‍ ആണ് സംഭവം. ഏതായാലും കുറെ സഹോദരന്മാര്‍ക്ക് ആക്കെ വിതം വെക്കാനുള്ളത് വെറും പത്തു സെന്റു ഭൂമി. അതില്‍ മനോ ദൌര്‍ബല്യമുള്ള ഒരു കുര്യനും ഭാര്യ മേരിയും താമസിച്ചുപോന്നു. കോടതി ഈ പത്തു സെന്റു ഏല്ലാവര്‍ക്കുമായി വിതിക്കാന്‍ ഉത്തരവിട്ടു. അതിന്‍പ്രകാരം കുര്യന് കിട്ടുന്നത് ഒന്നര സെന്റു. കുര്യന്‍ ജോലിയും കഴിഞ്ഞു രാത്രി വിട്ടിലെത്തിയപ്പോള്‍ മക്കളും മേരിയും വിടിന് പുറത്ത്; വിടാകട്ടെ ആകെ താറുമാറാക്കിയും കിടക്കുന്നു. പിന്നെ നാട്ടുകാര്‍ രാത്രിയില്‍ തന്നെ ചമച്ച പ്ലാസ്ടിക് വിട്ടില്‍ അവര്‍ രാത്രി കഴിഞ്ഞു കൂടിയത്രേ.
പഴയ ചോദ്യം ഞാന്‍ ആവര്‍ത്തിക്കുന്നു, നാഴികക്ക് നാല്‍പ്പതു വട്ടം പിരിവു നടത്തുന്ന പള്ളിക്കാരെവിടെ? അജപാലന ശുശ്രൂഷ എന്ന പേരില്‍ തലപ്പത്തിരിക്കുന്ന വികാരിയും കൂട്ടരും എവിടെ? ഇത് പെട്ടെന്നുണ്ടായ ഒരു സംഭവമല്ല. അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ നോക്കാന്‍ ഇവിടെ ആരുമില്ലേ? സഭയുടെ പേരില്‍ ചലിക്കുന്ന കൊട്ടാരങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന നാട്ടില്‍, പെരുന്നാളുകള്‍ക്ക് ലക്ഷക്കണക്കിന് രൂപ വാരി വിതറുന്ന ഈ നാട്ടില്‍, ഒരു കുരിശിന്റെ പേരില്‍ ഏതറ്റവും വരെ പോകാന്‍ മടിക്കാത്ത ഭരണാധികാരികളുടെ നാട്ടില്‍, യേശുവിനും യേശുവിന്റെ വചനങ്ങള്‍ക്കും ഒരു വിലയുമില്ലേ? ഒരു സാധാരണ ഞായറാഴ്ച ഒരു പള്ളിയില്‍ കിട്ടുന്ന സാദാ പിരിവു, നികുതി കൊടുക്കെണ്ടാത്തത് തന്നെ, പതിനായിരം വരും. ഒരു സാദാ പള്ളിയില്‍ ഒരാഴ്ച ആയിരം വട്ടം പറയുന്നതാണ് സ്നേഹത്തെപ്പറ്റി. ഞാനായിരുന്നു ഈ വാര്‍ത്തക്ക് തലക്കെട്ട് എഴുതുന്നത് എങ്കില്‍ 'പള്ളി അപ്രത്യക്ഷമായി' എന്നെ കൊടുക്കുമായിരുന്നുള്ളു.
അഭിമുഖം: സി ആന്‍ഡ്രൂസ്
അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് സുപരിചിതനും ഗ്രന്ഥകാരനും ബൈബിളിനെകുറിച്ച് ആധികാരികമായി സംസാരിക്കാന്‍ തികഞ്ഞ യോഗ്യനുമായ അമേരിക്കന്‍ മലയാളി ശ്രീ സി. ആന്‍ഡ്രൂസ്സുമായി ഇ-മലയാളിക്ക് വേണ്ടി ഒരു അഭിമുഖം
March 20, 2012
തയ്യാറാക്കിയത്: സുധീര്‍ പണിക്കവീട്ടില്‍
പുതിയ സഹസ്രാബ്ദത്തിനു ഒരു ബൈബിള്‍ എന്നു പ്ര്യാപിച്ച് കൊണ്ട് താങ്കള്‍ എഴുതിയ രണ്ടു പുസ്തകങ്ങള്‍ വായിക്കാന്‍ സാധിച്ചു. അതിനെ ആസ്പദമാക്കി ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ അനുവദിക്കുക.
ഒരാളുടെ മതവിശ്വാസം അയാളുടെ മാതാപിതാക്കളുടെ വിശ്വാസം തന്നെയാണു്. അപൂര്‍വ്വമായിട്ടാണു് മക്കള്‍ മറ്റു വിശ്വാസങ്ങളില്‍ പോകുന്നത്. നിങ്ങളുടെ കുട്ടിക്കാലത്തെ മതവിശ്വാസങ്ങളില്‍നിന്ന് ഇപ്പോള്‍ വ്യത്യാസം വന്നിട്ടുണ്ടോ?
കുട്ടിക്കാലത്തെ മതവിശ്വാസം അനുകരണം മാത്രമാണു്. മനുഷ്യര്‍ വലുതാകുമ്പോള്‍ അനുകരണത്തില്‍നിന്ന് മോചിതരായി സ്വന്തം പാതകള്‍ തിരയണം. മുത്തശ്ശിക്കഥകള്‍ സത്യം എന്ന് വിശ്വസിച്ചാല്‍ മനുഷ്യരുടെ വളര്‍ച്ച അവിടെ അവസാനിക്കും. വിശ്വാസം വെറും തോന്നലാണു്. വളഞ്ഞ കമ്പിയോ വള്ളിയോ കണ്ട് അതു പാമ്പാണെന്നു തോന്നാം. തന്നെയുമല്ല തെറ്റായ വിശ്വാസങ്ങളിലൂടെ ജീവിക്കുന്ന മനുഷ്യന് ശരിയേതെന്നു തിരിച്ചറിയാന്‍ കഴിയാതെവരുന്നു. അതായ്ത് അവനില്‍ ജന്മ്‌നാ കിട്ടിയിട്ടുള്ള തിരിച്ചറിവിനെ തോന്നല്‍ കയ്യടക്കിവയ്ക്കുന്നു. ഇതാണു എന്റെ ചിന്താഗതി. കുട്ടിക്കാലത്തെ മതവിശ്വാസങ്ങളില്‍നിന്ന് വളരെ വിദൂരതയില്‍ ചുവടുകള്‍ താണ്ടുന്നതിന്റെ കാരണവുമതാണ്.
ബൈബിള്‍ ദൈവവചനങ്ങള്‍ അടങ്ങിയിട്ടുള്ള വിശുദ്ധ വേദപുസ്തകം ആണെന്ന് ലോകമെമ്പാടും ജനങ്ങള്‍ കരുതുന്നു.. അതില്‍ ഇതുവരെ പെടുത്താതിരുന്ന മറിയയുടെയും തോമയുടെയും സുവിശേഷങ്ങള്‍ക്ക് ആധികാരികതയുണ്ടോ?
ഇന്നു കാണുന്ന സത്യവേദപുസ്തകം അനേകം സാഹിത്യകൃതികളുടെ സമാഹരമാണു്. സത്യവേദ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് ദൈവവചനമാണെങ്കില്‍ ഈ ദൈവം മറവിക്കാരനും, തിരിച്ചും മറിച്ചും മാറ്റി പറയുന്നവനും, കക്ഷി മാറുന്നവനും, സ്ര്തീവിദ്വേഷിയും ആണു്. ദൈവവചനം ഇടക്കിടെ പഴയതിന്റെ തെറ്റു തിരുത്തി പുതിയവ പ്രസിദ്ധീകരിക്കേണ്ടതുണ്ടോ?
ദൈവങ്ങളെ സ്രുഷ്ടിച്ചവരുടെ മനോഭാവം ആയിരുന്നു തിരുവചനം. ദൈവം അരുളിച്ചെയ്തു എന്ന പേരില്‍ അനേകം രചനകള്‍ ഉണ്ടായിരുന്നു. മിക്കവാറും എല്ലാംതന്നെ വിശുദ്ധ കൃത്രിമം എന്ന് ആദിമ സഭനേതാക്കന്മര്‍ മനസ്സിലാക്കുകയും അവര്‍ അതിനെ ചവറ്റുകൊട്ടയില്‍ എറിയുകയും ചെയ്തു. രാഷ്ട്രീയ പ്രാധാന്യവും മേല്‍കോയ്മയുമുണ്ടായിരുന്ന പ്രദേശങ്ങളിലെ യേശുപ്രസ്ഥാനകാരുടെ സുവിശേഷങ്ങളെ നാലാം നൂറ്റാണ്ടില്‍ വേര്‍തിരിച്ചു. അവ യേശുവിന്റെ ശിഷ്യര്‍ എഴുതി എന്നു തോന്നിക്കുന്ന പേരുകള്‍ കൊടുത്തു് എഴുതപ്പെട്ടവയാണു്. തന്മൂലം ഇന്ന് ലോകമെമ്പാടും നിഷക്കളങ്കരായ ജനം സത്യമറിയാതെ വിശ്വസിച്ച്‌വരുന്ന വേദപുസ്തകം ഊഹാപഹോങ്ങളും കെട്ടുകഥകളും നിറഞ്ഞതാണു്.
ഓരോ വ്യക്തിയുടെ ഉള്ളിലും നന്മ ജനിച്ച് അത് വളര്‍ന്ന് വലുതായി മറ്റുള്ളവരിലേക്ക് പടര്‍ന്ന് ഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം ഉണ്ടാകുവാനുള്ള വഴികളെ കാണിച്ച്തന്ന ഗുരു എന്നതാണു യഥാര്‍ഥ യേശുവുമായി കൂടുതല്‍ സാദൃശ്യം പുലര്‍ത്തുന്നത്. മറിയയുടെയും തോമയുടെയും പേരില്‍ കാണുന്ന സുവിശേഷങ്ങളും യോഹന്നാന്റെ സുവിശേഷവും ഘോഷിക്കുന്ന ഗുരു ആണു് യേശു. അദ്ദേഹം ദൈവപുത്രനാണെന്നുള്ളതിനു് അവരുടെ സുവിശേഷങ്ങളില്‍ തെളിവുകളില്ല.
നിങ്ങളിപ്പോള്‍ ബൈബിള്‍ വചനങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ?
വിഡ്ഢിവേഷം കെട്ടി ആടുവാന്‍ എനിക്ക് താല്‍പര്യമില്ല. അതെനിക്ക് യോജിച്ചതുമല്ല. അനേകം സാഹിത്യരചനകളുടെ സമാഹാരമാണു സത്യവേദപുസ്തകം. ദൈവത്തിന്റെ സാദൃശ്യത്തില്‍ സ്രുഷ്ടിച്ച മനുഷ്യന്റെ അമ്മൂമ്മക്കഥ തിരുവചനം എന്നു പ്രചരിപ്പിച്ച് വചനംകൊണ്ട് ഉപജീവനം കഴിക്കുന്ന വചനതൊഴിലാളികള്‍ കോടികള്‍ വാരികൂട്ടുന്നു. പാവം പൊതുജനം ഈ ചൂഷണം മനസ്സിലാക്കാതെ 'വചനം' തിരുവചനം എന്നു വിശ്വസിക്കുകയും ചെയ്യുന്നു. ജോലി ചെയ്യാതെ ഉപജീവനം കഴിക്കുക എന്നതായിരുന്നു പുരോഹിതരുടെ തന്ത്രം. അതിനായി അവര്‍ ' എന്റെ ദേവാലയത്തിലേക്ക് വഴിപാടും ദശാംശവും കൊണ്ടുവരുവിന്‍ എന്നു ദൈവം കല്‍പ്പിക്കുന്നു എന്നു പ്ര്യാപിച്ചു. സത്യവേദപുസ്തകത്തെ തിരുവചനം എന്നു വിശ്വസിക്കുന്നതിനു പകരം അതു ഒരു സാഹിത്യകൃതിയെന്നപോലെ വായിച്ച് ആസ്വദിക്കുക.
ഇന്നു ലോകത്തില്‍ ശാന്തി നശിക്കുന്നത് ഈശ്വരനെ ചൊല്ലിയും, മതത്തെ ചൊല്ലിയുമുള്ള തര്‍ക്കത്തിലാണു്. തര്‍ക്കമുള്ള ഒരു വിഷയത്തില്‍ എത്രമാത്രം സത്യം ഉണ്ട്.
മതം, ജാതി, വര്‍ണ്ണം അവയുടെ പ്രത്യേക ദൈവങ്ങള്‍ എന്നിവയില്‍ നിന്നും മോചനം ഉണ്ടാകുന്ന കാലത്ത് മാത്രമേ ഭൂമിയില്‍ സമാധാനം ഉണ്ടാകുകയുള്ളു. വന്ദിക്കാത്തവരെ കൊന്നു നശിപ്പിക്കുകയെന്നതായിരുന്നു പഴയ നിയമത്തിലെ യാഹ് എന്ന സൈന്യങ്ങളുടെ ദൈവത്തിന്റെ വിനോദം. അങ്ങനെ ഇരുകാലിമനുഷ്യദൈവങ്ങളുടെ കീര്‍ത്തനങ്ങള്‍ രചിച്ച സാഹിത്യകാരന്മാരും അവര്‍ മെനഞ്ഞെടുത്ത ഈശ്വരന്മാരും നടത്തിയ കൂട്ടക്കൊലയുടെ വര്‍ണനയാണു എല്ലാ വേദസാഹിത്യവും. സത്യത്തിനു മാറ്റമില്ല. അത് തര്‍ക്ക വിഷയവുമല്ല. അപ്പോള്‍ മനുഷ്യര്‍ തന്നെ കെട്ടിച്ചമച്ചുണ്ടാക്കിയ ചില സത്യങ്ങളെ കാലാകാലങ്ങളില്‍ അവര്‍ മാറ്റുന്നു; ഭൂമിയില്‍ ശാന്തി നഷ്ടപ്പെടുന്നു.
നിങ്ങളിപ്പോള്‍ ഏകദേശം അഞ്ചു പുസ്തകങ്ങള്‍ എഴുതിക്കഴിഞ്ഞു. ഈ പുസ്തകങ്ങള്‍ എഴുതാന്‍ എങ്ങനെ നിര്‍ബന്ധിതനായി? ലോകം മുഴുവന്‍ വിശുദ്ധ ബൈബിളില്‍ വിശ്വസിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും ദൈവവചനങ്ങളാണെന്ന് ജനം വിശ്വസിക്കുമ്പോള്‍ അതിലെ അബദ്ധങ്ങളെക്കുറിച്ച് എഴുതുന്നത് ഒരു അബദ്ധമാകുമോ?
മറ്റുള്ളവരുടെമേല്‍ ആധിപത്യം സ്ഥാപിക്കാന്‍ പുരോഹിത എഴുത്തുകാര്‍ എഴുതിയ കൃത്രിമ ചരിത്രമാണു പഴയനിയമം. പുതിയനിയമ എഴുത്തുകാരും അതേറ്റ് പാടി. സ്വന്തം ഉപജീവനം, സുരക്ഷ, സുഖം ഇതു ഉറപ്പാക്കാന്‍ ദൈവതുല്യം പുരോഹിതനെ പൂജിക്കണം എന്നു പുരോഹിതന്‍തന്നെ എഴുതി.കൂട്ടി. അജ്ഞതയുടെ അടിമത്ത്വത്തില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കാന്‍ അനേകം മനുഷ്യസ്‌നേഹികള്‍ പലേ കാലഘട്ടങ്ങളിലും ശ്രമിച്ചു. ഞാനും എന്റെ ശ്രമം തുടരുന്നു. ഇന്നു പ്രബുദ്ധരായ, ചിന്തിക്കാന്‍ ശേഷിയുള്ള മനുഷ്യരുണ്ട്. അവരെങ്കിലും സത്യം മനസ്സിലാക്കുമെന്നു് എനിക്കുറപ്പുണ്ട്. കാര്യകാരണസഹിതം തെളിവുകളും വിവരങ്ങളും നല്‍കികൊണ്ടാണു അജ്ഞതയില്‍ നിന്നുണരാന്‍ ഞാന്‍ മനുഷ്യരാശിയോട് അപേക്ഷിക്കുന്നത്.
തെറ്റായാലും ശരിയായാലും ഉറച്ച്‌പോയ ഒരു വിശ്വാസം ഇളക്കാന്‍ പ്രയാസമല്ലേ? പ്രത്യേകിച്ച് ബൈബിളില്‍ വിശ്വസിച്ചാലും നിങ്ങള്‍ പറയുന്ന തത്വങ്ങളില്‍ വിശ്വസിച്ചാലും ജീവിതത്തില്‍ അതുകൊണ്ട് ഒരു മാറ്റവും വരുന്നില്ലെങ്കില്‍.
മാറ്റം വരണമെങ്കില്‍ മനുഷ്യന്‍തന്നെ അത് നേടിയെടുക്കണം. നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നതിന്റെ സുഖം അനുഭവിക്കുന്നത് പ്രവര്‍ത്തിക്കുന്ന വ്യക്തി തന്നെയാണു. അവയുടെ അനന്തര ഫലം മറ്റുള്ളവരിലേക്ക് പ്രചരിക്കുന്നു. യേശുവിനെപോലെയുള്ള അനേകം ഗുരുക്കന്മര്‍ ഉല്‍ഘോഷിച്ച സുവിശേഷവും ഇതുതന്നെ.
നീചത്വം പ്രവര്‍ത്തിച്ചാല്‍ അതിനു മോചനം ഇല്ല. പാപം ചെയ്യതെ ഇരിക്കുക എന്നത് മാത്രമാണു മോചനം. പാപി അര്‍പ്പിക്കുന്ന വഴിപാടാണു മതത്തിന്റെ വരുമാനമാര്‍ഗ്ഗം. പാപികള്‍ ഇല്ലാതായല്‍ മതവും നിലനില്‍ക്കുകയില്ല. പാപമോചനം വെറും പ്രഹസനമാണു. പാപത്തിനു മോചനം ഉണ്ട് എന്നുള്ള വിശ്വാസമാണു വീണ്ടും പാപം ചെയ്യുവാന്‍ പ്രേരണ നല്‍കുന്നത്.
തെറ്റായ ഒരു വിശ്വാസത്തില്‍ ഉറച്ച്‌പോകുന്നവര്‍ക്ക് വെളിച്ചം പകരാന്‍ എന്റെ പുസ്തകങ്ങള്‍ക്ക് കഴിയുമെന്നാണു എന്റെ വിശ്വാസം. നന്മ മാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തികളാല്‍ ഈ ഭൂമി നിറയുമ്പോള്‍ സ്വര്‍ഗ്ഗരാജ്യം ഇവിടെ ഉണ്ടാകുന്നു. സ്വര്‍ഗ്ഗരാജ്യം ഒരു ഭാവിയല്ല അത് വര്‍ത്തമാനകാലത്തില്‍ മനുഷ്യര്‍ക്ക് അനുഭവപ്പെടും. ഒരു മതത്തിനും സ്വര്‍ഗം നിങ്ങള്‍ക്ക്‌വേണ്ടി നേടിതരാന്‍ കഴിയില്ല. സ്വര്‍ഗം ഓരോ വ്യക്തിയുടെ ഉള്ളിലും ജനിക്കേണ്ടതാണു. ഈ കാര്യത്തില്‍ ജനങ്ങളെ ഉദ്ബുധരാക്കുക എന്നതാണു് എന്റെ ദൗത്യം.
സത്യം എന്താണെന്നു് മനുഷ്യരാശിയെ ബോധ്യപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുത്തവരൊക്കെ കടുത്ത പരീക്ഷകള്‍ക്ക് വിധേയരായി. നിങ്ങള്‍ക്ക് ആ ആത്മധൈര്യമുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണു നിങ്ങള്‍ പ്രതികരിക്കാനും പ്രതിരോധിക്കാനും
ഉദ്ദേശിക്കുന്നത്.
ചൂഷകരില്‍നിന്നും രക്ഷപ്പെട്ടാല്‍ മാത്രമേ ഒരോ വ്യക്തിയും രക്ഷിക്കപ്പെടുകയുള്ളു, മനുഷ്യസമൂഹം നിലനില്‍ക്കുകയുള്ളു. ലോകത്ത് സമാധാനം ഉണ്ടാകുകയുള്ളു. സ്വതന്ത്രമായ ചിന്തയിലൂടേയും പഠനത്തിലൂടെയും കണ്ടെത്തിയ സത്യങ്ങള്‍ പൊതുജനസമക്ഷം സമര്‍പ്പിക്കുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ. സത്യത്തിന്റെ പാത അതറിയാന്‍ ആഗ്രഹിക്കുന്നവരുടെ മുമ്പില്‍ ഞാന്‍ തുറക്കുകയാണു. ആരേയും തേജോവധം ചെയ്യാനല്ല ഈ പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിരിക്കുന്നത്. ഈ പുസ്തകങ്ങളിലൂടെ വെളിപ്പെടുത്തുന്ന സത്യങ്ങള്‍ തേടുന്നവന്‍ കണ്ടെത്തും. അതില്‍ എനിക്ക് പരിപൂര്‍ണ്ണ വിശ്വാസമുണ്ട്..
മതത്തിന്റേയും മതപുരോഹിതന്റെയും ആവശ്യമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക ദുഷ്‌കരമായിരിക്കെ അതിനു മുതിരുന്ന താങ്കള്‍ എന്താണു ആഗ്രഹിക്കുന്നത്?
മതങ്ങളെ മാറ്റിനിര്‍ത്തിയാല്‍ മാത്രമേ മനുഷ്യര്‍ നന്നാവുകയുള്ളു. ദൈവത്തേയും നരകത്തേയും ഭയന്നല്ല മനുഷ്യന്‍ നന്നാകേണ്ടത്. നന്മ പ്രവര്‍ത്തിക്കുന്നവരാണു് നീതിമാന്മാര്‍. അവരുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ ഭൂമിയില്‍ സ്വര്‍ഗ്ഗം ഉണ്ടാകുന്നു. മറിച്ചാണെങ്കില്‍ ഭൂമി നരകമായി മാറും. മതമേതായാലും മനുഷ്യര്‍ നന്നാകണെമെന്നില്ല. അതു കൊണ്ട് മതവും പുരോഹിതനുമൊക്കെ മനുഷ്യരെ ഒരു നുകത്തില്‍ കെട്ടാന്‍ വേണ്ടി ഉണ്ടാക്കിയ പൊള്ളത്തരങ്ങള്‍ മാത്രമാണെന്നു് ഞാന്‍ വിശ്വസിക്കുന്നു.
ദൈവം ഒന്നേയുള്ളു അവനിലെത്താന്‍ യേശുവിലൂടെ മാത്രമേ സാധ്യമാവൂ എന്നു വിശ്വസിക്കുന്നവരുണ്ട്. അങ്ങനെയല്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. പ്രസിദ്ധീകരിച്ച, പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പുസ്തകങ്ങളിലെൂടെ താങ്കള്‍ക്ക് എന്താണു പറയാനുള്ളത്.
കോടാനുകോടി നക്ഷത്രങ്ങള്‍ നിറഞ്ഞ അതിരുകള്‍ ഇല്ലാത്ത പ്രപഞ്ചത്തിന്റെ മഹനീയത ഇന്നു നാം മനസ്സിലാക്കുന്നു. ഈ പ്രപഞ്ചത്തിന്റെ ഹേതു പാലസ്റ്റയിനിലെ പുരുഷരൂപം ഉള്ളവന്‍ എന്ന ധാരണ അജ്ഞതയും, അബദ്ധവും മാത്രമല്ല ദൈവ നിന്ദയും കൂടിയാണു. നസ്രയനായ യേശു ഗുരു ആയിരുന്നു. റോമന്‍ ചക്രവര്‍ത്തിമാര്‍ ദൈവമാണെന്നു് സാഹിത്യ രചന നടത്തിയവരെപോലെയുള്ളവരാണു് യേശുവിനെ ദൈവമാക്കി മാറ്റിയത്. പ്രപഞ്ചത്തിന്റെ ഹേതു ഏതു രൂപം എന്നു ഇന്നുവരെ മനുഷ്യനു അറിയുവാന്‍ സാധിച്ചിട്ടില്ല. ഊഹാപോഹങ്ങളുടെ സമാഹാരം മാത്രമാണു തിയോളോജി. പുരാതന മനുഷ്യന്റെ ഭാവന സത്യമല്ല., ശാസ്ര്തവുമല്ല. അവന്റെ പരിമിത അറിവിന്റെ വെളിച്ചത്തില്‍ വിഭാവനം ചെയ്ത വേദചിന്തയും, അതിന്റെ സമാഹാരമായ വേദപുസ്തകവും സത്യമെന്നോ ദൈവവചനമെന്നോ തെറ്റിദ്ധരിക്കുന്നത് വളരെ ദയനീയമാണു്. ഈ സത്യം അംഗീകരിക്കാന്‍ ഭൂരിഭാഗവും താല്‍പ്പര്യം കാണിക്കുന്നില്ല എന്നത് മതത്തിന്റെ മാസ്മരശക്തിയോ, , മനുഷ്യന്റെ അലസതയോ, അജ്ഞതയോ!!
മതമില്ലാതെ, ഈശ്വരനില്ലാതെ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുമോ? എന്തിനെയെങ്കിലും ആരാധിക്കുക മനുഷ്യരുടെ ബലഹീനതയായിരിക്കെ അതിനെക്കാള്‍ മേന്മയേറിയ ഒരു തത്ത്വം ലോകജനതക്കു മുഴുവന്‍ സ്വീകാര്യമായ ഒരു ആശയം നിങ്ങള്‍ക്ക് ചിട്ടപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്നു തോന്നുന്നുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെ?
മതവും ഈശ്വരനും ഒന്നാണെന്നു് പൊതുജനത്തെ വിശ്വ്‌സിപ്പിക്കാന്‍ മതത്തിനു സാധിച്ചു എന്നതാണു മതത്തിന്റെ നിലനില്‍പ്പിന്റെ രഹസ്യം. മനുഷ്യന്റെ തലച്ചോറില്‍ ഭൂരിഭാഗവും ശൂന്യമാണു. ഭയവും, ജിജ്ഞാസയും ഈ ശൂന്യതയെ ഭരിക്കുന്നു. മതം ഇതു ചൂഷണം ചെയ്ത് മനുഷ്യരെ ബലഹീനരാക്കുന്നു. എന്നാല്‍ പ്രസ്തുത ശൂന്യതയില്‍ വിജ്ഞാനം നിറച്ചാല്‍ ഭയവും ആകുലതയും അകന്നുപോകും. അവിടെ പരസ്പരം സ്‌നേഹിക്കുക, നന്മകള്‍ മാത്രം പ്രവര്‍ത്തിക്കുക, മറ്റുള്ളവര്‍ക്ക് പ്രയോജനകരമായ് പ്രവര്‍ത്തികള്‍ ചെയ്യുക തുടങ്ങിയ നന്മകള്‍ നിറയുന്നു. അങ്ങനെ ഒരു വ്യക്തി നന്നാകുമ്പോള്‍ സത്യത്തിന്റെ പ്രകാശം അവനില്‍ നിറയുന്നത് മറ്റുള്ളവര്‍ക്ക് ദൃശ്യമാകുന്നു. അത് മറ്റുള്ളവരെ ആകര്‍ഷിക്കുന്നു. ക്രമേണ ഭാവിതലമുറ നന്മയുള്ളവരായും മതവിശ്വാസത്തില്‍ നിന്നു് വിമുക്തരായും മാറുന്നു. ഭാവി തലമുറ മനുഷ്യന്റെ സുവര്‍ണ്ണകാലമായി രൂപാന്തരം പ്രാപിക്കട്ടെ എന്നു ഞാന്‍ പ്രത്യാശിക്കുന്നു. അതിനായി ഞാന്‍ എന്റെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. നന്ദി.
( ഈ അഭിമുത്തിനു സഹകരിച്ചതിനു താങ്കള്‍ക്ക് നന്ദി )
(ഈ ചോദ്യോത്തരങ്ങളില്‍ വളരെ ഹൃസ്വമായി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൂടുതല്‍ വിസ്തരിച്ച് മനസ്സിലാക്കുവാന്‍ ശ്രീ സി ആന്‍ഡ്രൂസ് എഴുതിയ താഴെ പറയുന്ന മറ്റു പുസ്തകങ്ങള്‍ വായിക്കുക. കൂടാതെ ഇതിനോടനുബന്ധമായി ഇ-മലയാളിയില്‍ അദ്ദേഹം എഴുതുന്ന ലേനങ്ങളും വായിക്കുക.
സത്യവേദ പുസ്തകം ആരു്, എപ്പോള്‍, എന്തിനു എഴുതി Vol. III
സുവിശേഷത്തിലെ വിഡിഢിത്വങ്ങളും കെട്ടുകഥകളും, Vol. IV
യേശു എന്ന ചരിത്ര പുരുഷന്‍ Vol. 5
സഭയുടെ അജപാലന നവീകരണം
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സുവര്‍ണ്ണ ജൂബിലി:
അജപാലന സംവാദം
അജപാലന സംവാദം
Fr. Davis Kachappilly CMI
രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ ഭാഷയില്‍ ക്രിസ്തുവിന്റെ പ്രേഷിതദൗത്യം ലോകത്തില്‍ നിര്‍വഹിക്കുന്നതിന് ഒരു ഏകീകൃത ജനമായി വിളിക്കപ്പെട്ടിരിക്കുന്നവരുടെ സമൂഹമാണ് “ദൈവജന” മെന്ന് കൗണ്‍സില്‍ വിശേഷിപ്പിക്കുന്ന തിരുസ്സഭ. മാര്‍പാപ്പയും മെത്രാന്മാരും വൈദികരും സന്യാസികളും അല്‍മായരുമായി യേശു ക്രിസ്തുവില്‍ ഐക്യപ്പെട്ടിരിക്കുന്നവരുടെ സമൂഹമാണത്. ഇവിടെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും യേശു നല്‍കിയിരിക്കുന്ന ദൗത്യം “വിശുദ്ധ നേതൃത്വമാണ്”.(L.G. No. 18-29). യേശു വി. പത്രോസിന്റെ നേതൃത്വത്തില്‍ അപ്പസ്‌തോലന്മാരെ ഭരമേല്പിച്ച ദൗത്യമാണിത്. (മത്താ. 28: 19-20) സഭ മുഴുവന്റെയും അജപാലനത്തിന് നേതൃത്വം നല്‍കേണ്ടവരാണവര്‍. തന്മൂലം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അജപാലകരും അജപാലനവും നവീകരിക്കപ്പെട്ടുവോ എന്ന് കൗണ്‍സിലിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ പരിചിന്തിക്കേണ്ടതാണ്.
അജപാലന നവീകരണ ശുശ്രൂഷ
“വിശുദ്ധ നേതൃത്വം” സ്വീകരിച്ചിരിക്കുന്ന അജപാലകരെ സഭയില്‍ തങ്ങളുടെ സഹോദരങ്ങളുടെ സേവകരെന്നാണ് കൗണ്‍സില്‍ വിശേഷിപ്പിക്കുന്നത്: “നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകേണ്ടിയിരിക്കുന്നു” (യോഹ.13:14). ക്രിസ്തു ലോകത്തിന്റെ രക്ഷയ്ക്കായി നിര്‍വഹിച്ച പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നീ ദൗത്യങ്ങളാണ് അജപാലന ശുശ്രൂഷയുടെ ആകെത്തുക. ക്രിസ്തു സത്യത്തിന്റെ പ്രവാചകനും മാര്‍ഗ്ഗനിര്‍ദ്ദേശകനായ ഭരണാധികാരിയും ജനത്തിന് ജീവന്‍ സമൃദ്ധമായി നല്‍കുന്ന വിശുദ്ധീകരണകര്‍ത്താവും ആയതുപോലെ അജപാലകരും ആയിരിക്കണം. വഴിയും സത്യവും ജീവനുമായ യേശുവിന് (യോഹ 14: 6) ലോകത്തിലെ മനുഷ്യര്‍ക്ക് സാക്ഷികളാകേണ്ടവരാണ് അജപാലകര്‍. തന്മൂലം അവര്‍ വിശ്വാസത്തിന്റെയും സുവിശേഷത്തിന്റെയും സാക്ഷികളാകണം. അജപാലകരുടെ വിശുദ്ധ നേതൃത്വത്തിന്റെ (ഭരണത്തിന്റെ) ലക്ഷ്യമെന്നത് ജനങ്ങളുടെ വിശ്വാസവും വിശുദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി സേവനം ചെയ്യുകയെന്നതാണ്. ഈ അദ്ധ്യാപനവും ഭരണവും (സേവനം) സഭയുടെ വിശുദ്ധീകരണം ലക്ഷ്യം വച്ചുകൊണ്ടുള്ളതാകണം എന്നര്‍ത്ഥം. (തിരുസ്സഭ No.39-42).
അജപാലന നവീകരണം മെത്രാന്മാരിലൂടെ
ക്രിസ്തുവിന്റെ സുവിശേഷം മനുഷ്യരെ അറിയിക്കുക എന്നതാണ് മെത്രാന്മാരുടെ സുപ്രധാനകര്‍ത്തവ്യവും ഉത്കൃഷ്ടമായ ദൗത്യവും. മനുഷ്യരുടെ നന്മയ്ക്കുവേണ്ടി. മനുഷ്യരുമായി സമ്പര്‍ക്കം പുലര്‍ത്തുകയെന്നത് അവരുടെ കടമയാണ്. തന്മൂലം മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുമായി ‘ഡയലോഗ്’ നടത്തുകയും ചെയ്യാനുള്ള അവസരങ്ങള്‍ കണ്ടെത്തുകയും അത് ത്വരിതപ്പെടുത്തുകയും ചെയ്യണമെന്നത് മെത്രാന്റെ മുഖ്യധര്‍മ്മമാണ്. ഉപവി, വിനയം, അനാര്‍ഭാടജീവിതം എന്നിവയിലൂടെ വിശുദ്ധിയുടെ മാതൃക നല്‍കാന്‍ തങ്ങള്‍ക്കുള്ള കടമയെപ്പറ്റി മെത്രാന്മാര്‍ ബോധവാന്മാരായിരിക്കണം. പിതാവും അജപാലകനും എന്ന നിലയില്‍ വിശ്വാസികളെ സ്‌നേഹത്തിന്റെ ഐക്യത്തില്‍ ജീവിക്കാന്‍ വേണ്ടി മെത്രാന്മാര്‍ അജഗണത്തെ ഒരുമിച്ചു കൂട്ടുകയും രൂപപ്പെടുത്തുകയും ചെയ്യണം.
അജപാലന കര്‍മ്മം നിര്‍വഹിക്കുമ്പോള്‍, സഭാകാര്യങ്ങളില്‍ വിശ്വാസികള്‍ക്കുള്ള ഉചിതമായ പങ്ക് പരിരക്ഷിക്കേണ്ടവരാണ് മെത്രാന്മാര്‍. ക്രിസ്തുവിന്റെ മൗതികശരീരമായ സഭയെ കരുപ്പിടിപ്പിക്കുന്നതില്‍ സജീവമായി സഹകരിക്കാനുള്ള വിശ്വാസികളുടെ കടമകളും അവകാശങ്ങളും മെത്രാന്മാര്‍ ആദരിക്കുകയും വേണം. ഇടയ ധര്‍മ്മത്തിന്റെ പൂര്‍ണ്ണലക്ഷ്യം വിശ്വാസികളുടെ ആത്മീയസുസ്ഥിതിയാണ്. തന്മൂലം ഇടവകഭരണത്തിന് വികാരിമാരെ കൂടുതല്‍ എളുപ്പത്തിലും ഉചിതമായും നിയമിക്കാന്‍ മെത്രാന് കഴിയണം. ഇതിനൊരു മാര്‍ഗ്ഗമാണ് സന്യാസ വൈദികരെ അജപാലനത്തിന് നിയമിക്കുകയെന്നത്.
മെത്രാന് സ്വന്ത അധികാരത്തില്‍ വരുത്താവുന്ന ഏത് മാറ്റത്തിന്റെ കാര്യത്തിലും ആത്മാക്കളുടെ സുസ്ഥിതി പ്രത്യേകം പരിഗണിക്കേണ്ടതാണ്.
ഇടവകകള്‍ സ്ഥാപിക്കുമ്പോഴും അവ നിറുത്തലാക്കുമ്പോഴും പുനഃക്രമീകരണം ചെയ്യുമ്പോഴും മെത്രാന്മാര്‍ ആത്മാക്കളുടെ സുസ്ഥിതി മാത്രം പരിഗണിക്കേണ്ടതാണെന്ന കൗണ്‍സിലിന്റെ ആഹ്വാനം ഈ കാലഘട്ടത്തില്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നതാണ്. (മെത്രാന്മാര്‍ നമ്പര്‍ 32-42) തൃശൂര്‍ രൂപതയില്‍ തലോരിലെ ഇടവകമാറ്റ നടപടിയിലൂടെ തലോര്‍ ഇടവകയിലെ നാലായിരത്തിലേറെ വിശ്വാസികള്‍ 5 വര്‍ഷമായിട്ട് ഭിന്നതയില്‍ കഴിയുന്നത് മേല്പറഞ്ഞ സുപ്രധാനലക്ഷ്യം മെത്രാന്‍ പരിഗണിച്ചില്ല എന്നതിന് തെളിവാണ്.
അജപാലന നവീകരണം വൈദികരിലൂടെ
വൈദികര്‍ തങ്ങളുടെ ജീവിതവും ശുശ്രൂഷകളും വഴി നേടേണ്ട ലക്ഷ്യം ക്രിസ്തുവിന്റെ മാതൃകയില്‍ പിതാവായ ദൈവത്തിന് മഹത്വം കൈവരുത്തുകയാണ്. അതിനാല്‍ പ്രാര്‍ത്ഥനയിലോ, വചനപ്രഘോഷണത്തിലോ, വി. ബലിയര്‍പ്പണത്തിലോ, മറ്റ് കൂദാശകളുടെ പരികര്‍മ്മത്തിലോ, ഏത് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴോ, വൈദികര്‍ ദൈവമഹത്വം വര്‍ദ്ധിപ്പിക്കുന്നതിലും മനുഷ്യാത്മാക്കളില്‍ ദൈവിക ജീവിതം വര്‍ദ്ധമാനമാക്കുന്നതിലും സഹകരിക്കയാണ് ചെയ്യേണ്ടത്. പാപ പരിഹാരാര്‍ത്ഥം ബലികളും കാഴ്ചകളും സമര്‍പ്പിക്കാന്‍ മനുഷ്യരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വൈദികര്‍ യേശുവിന്റെ മാതൃകയില്‍ പാപമൊഴിച്ച് മറ്റ് സകലത്തിലും സ്വസഹോദരങ്ങളെപ്പോലെ ആയിത്തിരേണ്ടവരാണ്. (വൈദികര്‍ നമ്പര്‍ 1-3). യേശുവിന്റെ ശുശ്രൂഷ ദൈവജനത്തിനിടയില്‍ നിര്‍വഹിക്കുന്ന വൈദികര്‍ എല്ലാ വിശ്വാസികളേയും പോലെ യേശുവിന്റെ ശിഷ്യരാണ്. അതുകൊണ്ട് സ്വന്തകാര്യങ്ങളല്ല, ക്രിസ്തുവിന്റെ കാര്യങ്ങളന്വേഷിക്കുവരെപ്പോലെയാണ് പുരോഹിതര്‍ വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. അവര്‍ അത്മായരോട് സഹകരിച്ച് പ്രവര്‍ത്തിക്കണം. സേവിക്കപ്പെടാനല്ല, സേവിക്കാനും അനേകരുടെ മുക്തിക്കായി സ്വജീവന്‍ സമര്‍പ്പിക്കാനുമായി മനുഷ്യരുടെ ഇടയില്‍ വന്ന ദിവ്യഗുരുവിന്റെ മാതൃകക്ക് ( 20: 28)യോജിച്ച വിധത്തിലായിരിക്കണം അവരുടെ ഇടയില്‍ പുരോഹിതര്‍ വര്‍ത്തിക്കേണ്ടത്. അല്‍മായരുടെ മഹത്വവും അവര്‍ക്ക് സഭയുടെ ദൗത്യത്തിലുള്ള സ്ഥാനവും വൈദികര്‍ ആത്മാര്‍ത്ഥമായി അംഗീകരിക്കുകയും തദനുസരണം അവരോട് വര്‍ത്തിക്കുകയും വേണം. ലോകത്തില്‍ എല്ലാ മനുഷ്യര്‍ക്കുമുള്ള ന്യായമായ സ്വാതന്ത്ര്യം ജാഗ്രതയോടെ ആദരിക്കാന്‍ വൈദികര്‍ കടപ്പെട്ടവരാണ്. സൗമനസ്യപൂര്‍വ്വം അല്‍മായരുടെ അഭിപ്രായം ശ്രവിക്കുക; അവരുടെ താല്പര്യങ്ങളെ സസ്‌നേഹം പരിഗണിക്കുക, വിവിധങ്ങളായ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ അവര്‍ക്കുള്ള അനുഭവജ്ഞാനവും പ്രാപ്തിയും അംഗീകരിക്കുക, അങ്ങനെ അവരോടൊപ്പം കാലത്തിന്റെ അടയാളങ്ങളെ ഗ്രഹിക്കാന്‍ പുരോഹിതര്‍ പ്രാപ്തരാകണം. അല്‍മായര്‍ക്ക് സാമാന്യവും പ്രത്യേകവുമായ വിവിധ സിദ്ധികള്‍ കൈവരാം. അവ ദൈവത്തില്‍നിന്ന് ഉത്ഭൂതമാകുന്നതാണോ എന്ന് പരിശോധിച്ചുകൊണ്ട്, വൈദികര്‍ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ശരിയായവയെ തിരിച്ചറിയുകയും, താല്പര്യപൂര്‍വ്വം അംഗീകരിക്കുകയും വിവേകപൂര്‍വ്വം ഉത്തേജിപ്പിക്കുകയും ചെയ്യണം. അല്‍മായരില്‍ സമൃദ്ധമായി കാണുന്ന വിവിധ ദൈവവരങ്ങളില്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നത് കൂടുതല്‍ അഗാധമായ ആദ്ധ്യാത്മിക ജീവിതത്തിലേക്ക് അനേകരെ ആകര്‍ഷിക്കുന്നവയാണ്. അതുപോലെത്തന്നെ പ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യവും സാഹചര്യവും നല്‍കികൊണ്ട് സഭാസേവനപരമായ ജോലികള്‍ അല്‍മായരെ വിശ്വസ്തതാപൂര്‍വ്വം ഏല്‍പ്പിക്കണം. അത്തരം പ്രവര്‍ത്തനങ്ങള്‍ സ്വമനസ്സാ എറ്റെടുത്ത് നടത്താന്‍ വേണ്ടി മുന്നിട്ടിറങ്ങാന്‍ അവരെ അവസരോചിതമായി ആഹ്വാനം ചെയ്യുന്നതും നല്ലതാണ്. വൈദികരെ അല്‍മായരുടെ ഇടയില്‍ നിയമിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം എല്ലാവരേയും സ്‌നേഹത്തിന്റെ ഐക്യത്തിലേക്കാനയിക്കാനാണ്. വിശ്വാസികളുടെ സമൂഹത്തില്‍ താനൊരന്യനാണെന്ന ബോധം ഒരുത്തനും ഉണ്ടാകാത്തവിധം അഭിപ്രായഭിന്നതകള്‍ പറഞ്ഞുതീര്‍ക്കേണ്ടത് വൈദികരുടെ കര്‍ത്തവ്യമാണ്. (വൈദികര്‍ നമ്പര്‍. 9)
അജപാലന നവീകരണം സന്യസ്തരിലൂടെ
സന്യാസവൈദികര്‍ പൗരോഹിത്യസ്വീകരണം വഴി ദൈവിക കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കുവാന്‍ കടപ്പെട്ടവരായതുകൊണ്ട്, അവരും അജപാലനത്തില്‍ മെത്രാന്മാരുടെ സഹകാരികളും സഹപ്രവര്‍ത്തകരും ആകണമെന്നാണ് കൗണ്‍സില്‍ മെത്രാന്മാര്‍ക്കും സന്യസ്തര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സന്യാസ വൈദികരുടെ പ്രവര്‍ത്തനശൈലിയിലും, മെത്രാന്മാര്‍ക്ക് സന്യാസവൈദികരോടുള്ള പ്രതിബദ്ധതയിലും കാതലായ മാറ്റത്തിന് വഴിയൊരുക്കുന്ന സഭാനവീകരണ നിര്‍ദ്ദേശമാണിത്. ഇക്കാര്യം പ്രാവര്‍ത്തികമാക്കാനായി സന്യാസസഭകളുടെ നിയമാവലി പരിഷ്‌കരിക്കണമെന്നാണ് കൗണ്‍സിലിന്റെ പ്രസ്താവന. തന്മൂലം സന്യാസവൈദികരിലൂടെ ഇടവകപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതിന്റെ അടിയന്തിരസ്വഭാവവും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടവക വികാരി ജോലി ഏറ്റെടുക്കുകയെന്ന സന്യസ്തരുടെ ഈ നൂതന കടമയും ഉത്തരവാദിത്വവും മെത്രാന്മാര്‍ ഉത്തേജിപ്പിക്കണമെന്നുകൂടി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു(മെത്രാന്മാര്‍ നമ്പര്‍. 33). ഈ മഹനീയ ആദര്‍ശത്തില്‍ 33 വര്‍ഷം മുമ്പു മാര്‍ കുണ്ടുകുളം സഭയുടെ കാനോന്‍ നിയമപ്രകാരം സ്ഥാപിച്ച് സന്യാസവൈദികരെ ഏല്പിച്ച തലോര്‍ ഇടവകയിലാണ് തൃശൂര്‍ രൂപതാധ്യക്ഷന്‍ 2009 ല്‍ അട്ടിമറി ഇടവകമാറ്റം നടത്തിയത്. ഇത് സഭയ്ക്കാകെ അവഹേളനമായിരിക്കയാണ്. അജപാലന നവീകരണത്തെ നിര്‍ജീവമാക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ സഭാസമൂഹം ഉണര്‍ന്ന് പ്രതികരിച്ചുകൊണ്ടിരിക്കയാണ്. ഇത്തരം തെറ്റായ നടപടികള്‍ ഈ ജൂബിലി വര്‍ഷത്തില്‍ തിരുത്തേണ്ടതാണ്.
അജപാലന നവീകരണം അല്‍മായരിലൂടെ
തിരുസ്സഭയില്‍ ദൈവജനമായ അല്‍മായരുടെ സമുന്നതസ്ഥാനവും തല്‍ഫലമായ ഉത്തരവാദിത്വങ്ങളും മെത്രാന്മാര്‍ അംഗീകരിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്ന് കൗണ്‍സില്‍ പഠിപ്പിക്കുന്നു. സഭയുടെ ശുശ്രൂഷകളിലുള്ള ചുമതലകള്‍ വിശ്വാസപൂര്‍വ്വം അവരെ ഏല്പിക്കുകയും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്‍കുകയും വേണം. ഇതിനു പുറമെ സ്വന്തം ഉത്തരവാദിത്വത്തില്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ അല്‍മായര്‍ക്ക് പ്രചോദനം നല്‍കേണ്ടതുമാണ്. അല്‍മായര്‍ അവതരിപ്പിക്കുന്ന പദ്ധതികളും നിര്‍ദ്ദേശങ്ങളും ആഗ്രഹങ്ങളും പിതൃസഹജമായ സ്‌നേഹത്തോടെ കര്‍ത്താവില്‍ പരിഗണിക്കാനാകണം. ഈ ലോകജീവിതത്തില്‍ എല്ലാവര്‍ക്കും അര്‍ഹതയുള്ള ന്യായമായ സ്വാതന്ത്ര്യം വകവെച്ചുകൊടുക്കാന്‍ അജപാലകര്‍ക്ക് ശ്രദ്ധയുണ്ടാകണം. അല്‍മായരുടെ അനുഭവസമ്പത്തിന്റെ സഹായത്താല്‍ സഭാകാര്യങ്ങളില്‍ കൂടുതല്‍ ഉചിതവും വ്യക്തവുമായ തീരുമാനങ്ങളും നടപടിക്രമങ്ങളുമെടുക്കാന്‍ മെത്രാന്മാര്‍ക്ക് സാധിക്കുകയും, അതുവഴി അല്‍മായരുടെ ഉത്തരവാദിത്വബോധം ശക്തിപ്പെടുകയും, അവര്‍ക്ക് നവമായ ഉന്മേഷമുണ്ടാകുകയും ചെയ്യും. (തിരുസ്സഭ നമ്പര്‍. 37).
അജപാലന നവീകരണം സ്വതന്ത്രസംഘടനകളിലൂടെ
സത്യത്തിന്റെയും നീതിയുടേയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റേതുമായ ദൈവരാജ്യം അല്‍മായരിലൂടെ വിസ്തൃതമാക്കാന്‍ ക്രിസ്തു ആഗ്രഹിക്കുന്നു. നല്ല അറിവും കാര്യക്ഷമതയും സാമര്‍ത്ഥ്യവുമുള്ള അല്‍മായര്‍ക്ക് സഭയെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റി സ്വന്തമായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യവും കടമയുമുണ്ട്.(തിരുസ്സഭ. നമ്പര്‍. 30-37). അല്‍മായര്‍ തങ്ങളുടെ വ്യക്തിപരവും സാമൂഹ്യവും സാര്‍വ്വലൗകികവും സഭാപരവുമായ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ടതാണ്(അല്‍മായപ്രേഷിതത്വം നമ്പര്‍. 10). സഭാധികാരികള്‍ സന്തോഷത്തോടും കൃതജ്ഞതയോടും കൂടെ അല്‍മായരുടെ സ്വതന്ത്രസംഘടനകളെ സ്വാഗതം ചെയ്യേണ്ടതാണ്. ഇത്തരം സ്വതന്ത്രസംഘാടനകള്‍ സ്ഥാപിച്ച് നടത്താനുള്ള അവകാശം അല്‍മായര്‍ക്കുണ്ട്. അവ നമ്മുടെ കാലഘട്ടത്തില്‍ വിലയേറിയ പ്രേഷിത പ്രവര്‍ത്തിയാണ് നിര്‍വഹിക്കുന്നത്.( അല്‍മായ പ്രേഷിതത്വം നമ്പര്‍. 18-22). ഈ നിര്‍ദ്ദേശം മനസ്സില്ലാക്കാത്തതുകൊണ്ടോ എന്നറിയില്ല, സ്വതന്ത്രസംഘടനകളെ സഭാനേതൃത്വം തള്ളിപ്പറയുകയും തള്ളിക്കളയുകയും ചെയ്യുന്നതാണ് സഭയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിനൊരു ഉദാഹരണമാണ് കേരള കാത്തലിക് ഫെഡറേഷനെ കാരണമൊന്നും ഇല്ലാതെ വ്യാജസംഘടനയെന്ന് കത്തോലിക്കാസഭ എന്ന പത്രത്തിലൂടെ തൃശൂര്‍ രൂപതാകേന്ദ്രം ആക്ഷേപിച്ചത്.
ഉപസംഹാരം
കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അജപാലനം എന്നത് ദൈവജനത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായതും ദൈവത്തെ മഹത്വപ്പെടുത്തുന്നതും യേശുവിന്റെ മാതൃകയിലുള്ളതുമായ ശുശ്രൂഷയാണ്. ഇത് സഭയുടെ കൂട്ടായ പ്രവര്‍ത്തനമായിരിക്കണമെന്ന നൂതന സഭാനവീകരണം സാധിക്കണമെന്നാണ് കൗണ്‍സിലിന്റെ പ്രമാണരേഖകളിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. തന്മൂലം മാര്‍പ്പാപ്പയും മെത്രാന്മാരും വൈദികരും സന്യസ്തരും അല്‍മായവിശ്വാസികളും അജപാലനത്തില്‍ പങ്കാളികളാകേണ്ടവരാണ്. മഹനീയവും നൂതനവും ആയ കൗണ്‍സിലിന്റെ ഈ നിര്‍ദേശളിലൂടെ, അജപാലകരുടെ ആത്മീയത വര്‍ദ്ധിപ്പിക്കാനോ, സഭയെ വളര്‍ത്താനോ, നവീകരിക്കാനോ, സഭയ്ക്കായിട്ടുണ്ടോ എന്നത്, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അമ്പതാം വര്‍ഷസുവര്‍ണ്ണജൂബിലി വേളയില്‍ സഭയ്ക്കു മുമ്പാകെ ഉയരുന്ന ഗൗരവമായ ചോദ്യമാണ്. അജപാലനം എന്നത് ഇന്നും മെത്രാന്മാരുടേയും വൈദികരുടേയും എകാധിപത്യഭരണസംവിധാനമായി നിലനില്‍ക്കുകയും അത്തരത്തില്‍ കൂടുതല്‍ ശക്തമായികൊണ്ടിരിക്കുകയുമല്ലേ? അജപാലനശുശ്രൂഷയില്‍ കൗണ്‍സില്‍ നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങളിലൂടെ സന്യാസ്തരുടേയും അല്‍മായരുടേയും സജീവവും ക്രിയാത്മകവുമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനായിട്ടുണ്ടോ? അജപാലനത്തിന് യുക്തരും സന്നദ്ധരുമായ ധാരാളം സന്യാസവൈദികരുള്ള കേരളസഭയില്‍, അവശ്യാനുസൃതമുള്ള അജപാലകരുടെ ശുശ്രൂഷ ലഭിക്കാതെ വിഷമിക്കുന്ന എത്രയോ ഇടവക കൂട്ടായ്മകളാണുള്ളത്! അജപാലനത്തിന് സന്യസ്തരെ ധാരാളമായി നിയമിക്കാനുള്ള നല്ല മനസ്സ് ബന്ധപ്പെട്ട സഭാനേതൃത്വത്തിന് ഇല്ലാത്തതല്ലെ ഈ ദുരവസ്ഥയ്ക്കടിസ്ഥാനം? “ഇടവക ഭരണം ഇടവക വൈദികരുടേത്” എന്ന പഴയ പല്ലവിയില്‍ പിടിമുറുക്കി രൂപതാഭരണത്തില്‍ വിശ്വാസികളെ അടക്കി ഭരിക്കാനുള്ള പ്രവണതയില്‍ നിന്ന് ഇനി എന്നാണ് സഭയ്ക്ക് കരകയറാനാകുക? കേരളത്തിലെ എല്ലാ വൈദികസന്യാസാശ്രമ ദേവാലയങ്ങളോടും ചേര്‍ന്ന് ഇടവകകള്‍ രൂപപ്പെടുത്താന്‍ പ്രോല്‍സാഹനം നല്‍കാത്തതെന്തുകൊണ്ട്? ഇത്തരം നൂതന അജപാലന മാര്‍ഗ്ഗങ്ങളെക്കുറിച്ച് അല്‍മായരുമായും സന്യസ്തരുമായും ചര്‍ച്ച ചെയ്യാനോ തീരുമാനങ്ങളെടുക്കാനോ സഭാനേതൃത്വം തയ്യാറാകുന്നില്ലല്ലോ. അല്‍മായരുടെ ആവശ്യങ്ങള്‍ അല്‍മായരില്‍നിന്ന് കേള്‍ക്കാനും, പരിഹാരം കണ്ടെത്താനും ശ്രമിക്കേണ്ടത് അജപാലനത്തില്‍ അല്‍മായരുടെ അവകാശമാണെന്ന് സഭ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്വതന്ത്ര സംഘടനകള്‍ കാലഘട്ടത്തിന്റെ വലിയ ആവശ്യമാണെന്ന കൗണ്‍സില്‍ നിര്‍ദ്ദേശം സ്വീകരിച്ച് എല്ലാ ഇടവകകളിലും ഭക്ത സംഘടകള്‍ക്കു പുറമേ ഒരു സ്വതന്ത്ര സംഘടനക്ക് രൂപം നല്‍കാനുള്ള നിര്‍ബന്ധ നിര്‍ദ്ദേശം ഈ ജൂബിലി വര്‍ഷത്തില്‍ സഭാ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇടവക കൂട്ടായ്മകളിലൂടെ നാനാതരത്തില്‍ സഭയ്ക്ക് ലഭിക്കുന്ന സാമ്പത്തിക വരുമാനം അജപാലനത്തിനുപയോഗിച്ച് അജപാലനം സുഗമമാക്കേണ്ടത് കാലഘട്ടത്തിന്റെ വലിയൊരാവശ്യമാണെന്ന് കൂടി ചിന്തിക്കണം. മാത്രമല്ല, സഭയിലെ ഭൂരിഭാഗമായ അല്‍മായര്‍ക്ക് വൈദിക ശുശ്രൂഷ ഒഴികെയുള്ള സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അര്‍ഹമായ നേതൃത്വവും പങ്കാളിത്തവും നല്‍കാനാകണം. ചുരുക്കത്തില്‍ സഭയെ എല്ലാവരുടേയും കൂട്ടായ്മയായി വളര്‍ത്താനും നവീകരിക്കാനുമുള്ള തീവ്രശ്രമങ്ങള്‍ വത്തിക്കാന്‍ കൗണ്‍സിലിന്റെ ജൂബിലി വര്‍ഷത്തില്‍ രൂപീകൃതമാകാനായി സഭാസമൂഹം മുഴുവന്‍ പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Fr. Davis Kachappilly CMI, Carmelgiri Ashram, Kormala
Kuttichira P.O., 680724.
Ph: 9497179433.
Email: frdaviskachappilly@yahoo.in
http://facebook.com/frdaviskachappilly.
Subscribe to:
Posts (Atom)

