Translate

Monday, March 26, 2012

അവന്റെ രണ്ടാം വരവ് (നാടകം) - തുടര്‍ച്ച :2


ജോര്‍ജ് മൂലേച്ചാലില്‍
(തുടര്‍ന്ന്, എല്ലാവരും പരിഹാരപ്രദക്ഷിണം തുടരുന്നു. മുങ്ങിപ്പോയ ഗാനാലാപനവും തുടരുന്നു. അതു തീരുമ്പോള്‍ പതിനൊന്നാം സ്ഥലം. എല്ലാവരും മുട്ടുകുത്തുന്നു. കപ്യാര്‍ പുസ്തകത്തില്‍ നോക്കി പതിനൊന്നാം സ്ഥലത്തിന്റെ വിവരണവും, തുടര്‍ന്ന് പ്രാര്‍ത്ഥനയും വായിക്കുന്നു. പ്രാര്‍ത്ഥനയുടെ അന്ത്യത്തില്‍ അതിന്റെ അവസാനത്തെ വാചകം വളരെ ഭക്തി നിര്‍ഭരമായ സ്വരത്തില്‍ അച്ചന്‍ ആവര്‍ത്തിക്കുന്നു. എന്നിട്ടെണീക്കുന്നു. ഒരു പ്രസംഗത്തിനുള്ള ആരംഭം)
അച്ചന്‍ : (പ്രസംഗമാരംഭിക്കുന്നു) കര്‍ത്താവില്‍ പ്രിയ മക്കളേ! (സ്വരത്തില്‍ കൃത്രിമമെന്നു തോന്നിക്കുന്ന ഒരു ദുഃഖഭാവം) രക്ഷാകരദൗത്യത്തിന്റെ അന്ത്യമുഹൂര്‍ത്തത്തിലേക്ക് നമ്മുടെ കര്‍ത്താവായ യേശു ഇതാ, ഭാരിച്ച കുരിശും വഹിച്ച്, അത്യന്തം വിവശനും ക്‌ളേശിതനുമായി കടന്നുവരുന്നു... ചമ്മട്ടിയടികളേറ്റ്, നമ്മുടെ കര്‍ത്താവിന്റെ തിരുശരീരമാകെ അതാ രക്തം വാര്‍ന്ന്, കട്ടപിടിച്ച് കരുവാളിച്ചിരിക്കുന്നു. എന്നിട്ടും ആ മുഖം എത്ര ശാന്തമായിരിക്കുന്നു.! അവിടെ പരാതിയോ എതിര്‍പ്പോ നിഴലിക്കുന്നു പോലുമില്ല. അതെ, തന്നോടു യൂദന്‍മാര്‍ കാണിച്ച എല്ലാ ക്രൂരതകളെയും അനീതികളെയും യാതൊരു പ്രതിഷേധവും കൂടാതെ ഏറ്റുവാങ്ങുകയും സഹിക്കുകയുമാണവിടുന്ന് ചെയ്തത്. (അല്പമെന്നു നിറുത്തിയിട്ട് തുടരുന്നു) കര്‍ത്താവില്‍ പ്രിയമക്കളേ! നമ്മുടെ കര്‍ത്താവ് തന്റെ പീഡാനുഭവത്തിലൂടെ കാണിച്ചു തരുന്ന ഈ ജീവിതസന്ദേശം നമുക്കും ഉള്‍ക്കൊള്ളാം. വലത്തെ ചെകിട്ടില്‍ അടിക്കുന്നവര്‍ക്ക് ഇടത്തെ ചെകിടുകൂടി കാണിച്ചുകൊടുക്കുക എന്നാണല്ലോ നമ്മുടെ ദിവ്യനാഥന്‍ അരുളിച്ചെയ്തിട്ടുള്ളത്. ജീവിതത്തില്‍ അനീതികളെയും അക്രമങ്ങളെയും ഒക്കെ നമുക്കും നേരിടേണ്ടി വന്നേക്കാം. അപ്പോഴൊക്കെയും യാതൊരുവിധ എതിര്‍പ്പുകളോ മുറുമുറുപ്പുകളോ കൂടാതെ അവയെല്ലാം സഹിക്കാനും ക്ഷമിക്കാനും നമുക്കു കഴിയണം. അതിനുപകരം, സ്വര്‍ഗത്തില്‍ നമുക്ക് പത്തിരട്ടിയും നൂറിരട്ടിയുമായി പ്രതിഫലം ലഭിക്കുമെന്ന ഉറച്ച വിശ്വാസമായിരിക്കണം അപ്പോഴൊക്കെയും നമ്മെ നയിക്കേണ്ടത്.
(അല്പം നിര്‍ത്തി, എല്ലാവരേയും ഒന്നവലോകനം ചെയ്തിട്ട് പ്രസംഗത്തിന്റെ അവസാന ഘട്ടത്തിലേക്കു കടക്കുന്നു.) സഭാ സ്‌നേഹികളേ! കര്‍ത്താവിന്റെ പീഡാനുഭവങ്ങള്‍ അനുസ്മരിക്കുകയും, നമ്മുടെ ഹൃദയങ്ങള്‍ ദുഃഖംകൊണ്ടു നിറയ്ക്കുകയും ചെയ്യേണ്ടുന്നതിനായി മാത്രം മാറ്റിവച്ചിരിക്കുന്ന ദിവസമാണല്ലോ ദുഃഖവെള്ളിയാഴ്ച. അതിനാല്‍, അവിടുത്തെ പീഡാനുഭവരംഗങ്ങള്‍ ഓരോന്നായി വീണ്ടും നിങ്ങള്‍ ഭാവനയില്‍ കാണുകയും അതില്‍ ദുഃഖിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. വ്യാകുലമാതാവ് നിങ്ങളെ ഇതില്‍ സഹായിക്കട്ടെ! എല്ലാവരും കണ്ണടച്ച് ധ്യാനനിമഗ്നരായിരിക്കുക. (എല്ലാവരേയും ഒന്നു നോക്കി ഉറപ്പുവരുത്തിയ ശേഷം അച്ചന്‍ തുടരുന്നു) അതാ, നമ്മുടെ കര്‍ത്താവായ യേശു തന്റെ ഭാരിച്ച കുരിശും ചുമന്നുകൊണ്ട് ഗാഗുല്‍ത്താമല കയറുന്നു. ക്ഷീണിച്ചവശനായ യേശുവിന്റെ തിരുമുഖത്തേക്ക് പട്ടാളക്കാര്‍ പരിഹാസത്തോടെ കാര്‍ക്കിച്ചു തുപ്പുന്നതു കാണുക. കുരിശുമായി ഓരോ പ്രാവശ്യം വീഴുമ്പോഴും, അവര്‍ ചമ്മട്ടികള്‍ വീശിയടിക്കുന്നതും ചവിട്ടുന്നതും ഭാവനയില്‍ കണ്ടുകൊണ്ട് മനസ്സ് ദുഃഖപൂരിതമാക്കുക.
(പലരും ദുഃഖത്തിന്റെതായ സ്വരങ്ങള്‍ പുറപ്പെടുവിച്ചതു തുടങ്ങുന്നു. അച്ചന്‍ ഗദ്ഗദകണ്ഠനായി പ്രാര്‍ത്ഥിക്കുന്നു.) ഓ.... എന്റെ ദൈവമേ, ആ വിശുദ്ധമായ കുരിശൊന്നു താങ്ങിത്തരുവാന്‍ എനിക്കു കഴിഞ്ഞിരുന്നെങ്കില്‍.... (ആള്‍ക്കാര്‍ വിലാപസ്വരങ്ങള്‍ കൂടുതലായി പുറപ്പെടുവിക്കുന്നു. ദുഃഖം നിറച്ച സ്വരത്തില്‍ അച്ചന്‍ തുടരുന്നു.) എന്റെ കര്‍ത്താവേ, ഞാനിതാ ദുഃഖംകൊണ്ടു നിറഞ്ഞിരിക്കുന്നു. നിന്റെ പീഡാനുഭവം വര്‍ണ്ണിക്കുവാന്‍ ഞാനശ്ശക്തനായീത്തീര്‍ന്നിരിക്കുന്നു. എന്റെ കണ്ഠം ഇടറുകയാണല്ലോ.
(അച്ചന്‍ കണ്ണടച്ചു ധ്യാനിക്കുന്നു. ജനങ്ങളില്‍ നിന്നുള്ള വിലാപസ്വരം കുറഞ്ഞുവരുന്നു... ഈ സമയം ജനക്കൂട്ടത്തില്‍ നിന്നൊരാള്‍ അടുത്തു നില്‍ക്കുന്നയാളോട്, ഔസേപ്പിനെ ചൂണ്ടിക്കാട്ടിക്കൊണ്ട്)
അയാള്‍ : ആ മനുഷ്യന്‍ വല്ലാതെ വലഞ്ഞിരിക്കുന്നു.
(അയാളും തുടര്‍ന്ന് മറ്റ് ചിലരും ധ്യാനത്തില്‍നിന്നും പ്രലപനത്തില്‍നിന്നുമുണര്‍ന്ന് ഔസേപ്പിനെ നോക്കുന്നു. ഔസേപ്പ് അവശനായി ആടി നില്‍ക്കുകയാണ്. തുടര്‍ന്ന് കൂടുതല്‍ കൂടുതല്‍ ആള്‍ക്കാരുടെ ശ്രദ്ധ ഔസേപ്പിലേയ്ക്കു തിരിയുന്നു. ഇതിനിടെ അച്ചന്‍ കണ്ണു തുറന്ന് പ്രസംഗം തുടരുന്നു.)
അച്ചന്‍ : കര്‍ത്താവില്‍ പ്രിയമക്കളേ! നമ്മുടെ കര്‍ത്താവിതാ...
(എന്തോ പന്തികേട് തോന്നിയ അച്ചന്‍ ആള്‍ക്കാരെ ശ്രദ്ധിക്കുന്നു. അവരുടെ ശ്രദ്ധ മുഴുവന്‍ ആടി നില്ക്കുന്ന ഔസേപ്പിലാണ്. അവര്‍ അയാളെ ചൂണ്ടി പരസ്പരം കുശുകുശുക്കുന്നുമുണ്ട്. ഔസേപ്പിന്റെ അവശത ആദ്യം ശ്രദ്ധിച്ചയാള്‍ അയാളുടെ അടുത്തേക്ക് സാവധാനം ചെല്ലുന്നു)
അയാള്‍ : (ഔസേപ്പിനോട്) ഇനി ഞാന്‍ കുറേനേരം പിടിക്കാം. ചേട്ടന്‍ മാറിക്കൊള്ളൂ.
(രംഗം ശ്രദ്ധിച്ചു നില്‍ക്കുന്ന അച്ചന്റെ മുഖത്ത് ഗൗരവം)
അച്ചന്‍ : (അധികാര സ്വരത്തില്‍) എന്തുണ്ടായി? അവിടെ എന്തു സംഭവിച്ചു?
അയാള്‍ : ഈ ചേട്ടന്‍ ആകെ അവശനായിരിക്കുന്നു. അല്പസമയം വിശ്രമിക്കട്ടെ, കുരിശു ഞാനെടുത്തുകൊള്ളാം.
(ആള്‍ക്കാരുടെ ഇടയില്‍ അനുകൂലമായും പ്രതികൂലമായുമുള്ള കുശുകുശുക്കല്‍. അച്ചന്‍ എല്ലാവരെയും ആധികാരികമായ ഭാവത്തില്‍ ഒന്നു വീക്ഷിക്കുന്നു)
അച്ചന്‍ : (അധികാരം നിറഞ്ഞ സ്വരത്തില്‍) എല്ലാവരും നിശ്ശബ്ദരും ഭക്തിനിര്‍ഭരരും ആയിരിക്കുവിന്‍. (കുശുകുശുപ്പുകള്‍ പെട്ടെന്നു നിലയ്ക്കുന്നു)
ഒരു പ്രമാണി : കര്‍ത്താവിന്റെ പീഡാനുഭവങ്ങളില്‍ ഒന്നു മുഴുകാമെന്നു വിചാരിക്കുകേം, വന്നു ഒരു പരോപകാരി; ശല്യം!
അച്ചന്‍ : പരോപകാരമോ? ഉതപ്പാണിത്, ഈ കുഞ്ഞാടുകളില്‍ ഇടര്‍ച്ചയുണ്ടാക്കുവാനും, ദൈവകാര്യങ്ങളില്‍ നിന്ന് അവരെ അകറ്റാനുമുള്ള, പിശാചിന്റെ തന്ത്രമാണിതെന്ന് നിങ്ങളറിഞ്ഞുകൊള്ളുക. പിശാചിനെ അനുസരിക്കുന്നവന്‍ പിശാചിനെ ഏറ്റുപറയുന്നു. പിശാചിനെ ഏറ്റുപറയുന്നവനോ ദൈവദൂഷണം പറയുന്നു. (കൂടുതല്‍ രൂക്ഷമായി) ദൈവകോപത്തിന്റെ ഇടിത്തീ നിങ്ങളുടെയും നിങ്ങളുടെ തലമുറയുടെയുംമേല്‍ നിപതിക്കാതെ നോക്കിക്കൊള്ളുവിന്‍.
(തുടരും)

No comments:

Post a Comment