Translate

Friday, March 23, 2012

ലോകമേ, ഗീത പാടൂ



1. ത്രേതായുഗത്തിലാ ബീസിയില്‍ ഭാരതം
ലോകത്തിനാകെ അറിവരുളും
ശാസ്ത്ര പഠനശാലയായിരുന്നുപോല്‍
തക്ഷശില-നളന്ദ പേരിലായ്.
2. നാനാവിധ ജ്ഞാനമേറുവാന്‍ ജ്ഞാനികള്‍
മാമുനി ചാരേയണഞ്ഞ കാലം,
വേദം പഠിക്കുവാന്‍ മാനസ്സാഴങ്ങളില്‍
നീന്തുവാന്‍ ഭാരതം തേടി ലോകം.
3. പന്ത്രണ്ടിലെത്തിയോന്‍ മുപ്പതാകും വരെ
എപ്പോഴെവിടെ എന്തായിരുന്നു
എന്നു പറയുവാന്‍ ബൈബിളിലേശുവിന്‍
പുണ്യചരിതങ്ങള്‍ ഏതുമില്ല.
4. ഭാരതം തന്നിലെ ജ്ഞാനമാം സാഗരേ
യേശുവും നീന്തിത്തുടിച്ചു പോലും,
ഉപനിഷത്തോതിയ വേദാന്തസൂക്തങ്ങള്‍
നസറായന്‍ നാവില്‍ നിറച്ചു നന്നായ്.
5. മൂഢമാം പൈതൃകാനുഷ്ഠാനാരാധന
ആകെയവന്‍ മാറ്റി, പാഴ്‌നിയമം;
“പുത്തനാം സിദ്ധാന്തമാണിതെന്‍ കല്‍പ്പന
കേള്‍ക്കുവാന്‍ കാതുള്ളോര്‍ കേള്‍ക്കാ”നോതി.
6. കാളയെക്കൊന്നതിന്‍ മേദസ്സില്‍ മോദരായ്
മേവിയ നീചപുരോഹിതര്‍ക്കോ
വേദാന്തശാസ്ത്രവും ജ്ഞാനവുമേറില്ല
ബറബാസിനെ മതി, യേശു ക്രൂശില്‍!
7. ഹിന്ദുമതത്തിന്‍ പുരോഹിതര്‍ ബ്രാഹ്മണര്‍
മ്ലേച്ചരായ് ഞങ്ങളെ കണ്ടമൂലം;
വേദമകലെയായ് തീണ്ടല്‍ തൊടീലുമായ്,
എങ്കിലും ജംബറഴിച്ചു കാണാന്‍.
8. പച്ചയനീതി ചെറുക്കാന്‍ കഴിയാതെ
പാതിരി മേയ്ച്ച പുതുവഴിയെ
മെച്ചമാം പുല്‍പ്പുറം തേടുമജങ്ങളെ
പള്ളിവഴക്കില്‍ കശാപ്പു ചെയ്തു.
9. ക്രൂശില്‍ മരിച്ചോന്റെ മൊഴിതെല്ലും കേള്‍ക്കാതെ
കീശയില്‍ കാശേറാന്‍ ചൂഷകരായ്,
യേശുവിന്‍ സ്‌നേഹമാം വേദമറിയാത്ത
കോലങ്ങളെന്നും പുരോഹിതന്മാര്‍.
10. അവരുടെ കുപ്പായ നിറഭംഗി കരളിനു
കുളിരാക്കി തീയില്‍ ശലഭങ്ങള്‍പോല്‍
തുരുതുരെ തലമുറ കരിയുന്നു! കാലമേ,
ഇനിയുമാ ഗീത നീ പാടു വീണ്ടും.
കലഞ്ഞൂര്‍, 23-03-2012 സാമുവല്‍ കൂടല്‍

1 comment:

  1. ലോകമേ ഗീത പാടൂ, സാമുവല്‍ കൂടലിന്‍റെ ഈ കവിത ഒരു നവലോകത്തിനുവേണ്ടിയുള്ള ആഹ്വാനമാണ്. ഒപ്പം ആഴമേറിയ ദേശസ്നേഹം നാടിനെ സ്നേഹിക്കുന്നവരില്‍ സ്വഭിമാനമുയര്‍ത്തും.
    സുറിയാനി, ക്നനായ്, ലത്തീന്‍, കല്‍ദായ ക്രിസ്ത്യാനിയെന്നു വീമ്പടിക്കുന്ന മതഭ്രാന്തന്മാര്‍ ഈ കവിത ഒന്നു വായിച്ചു നോക്കണമെന്നും ആഗ്രഹിക്കുന്നു. ഹൈസ്കൂള്‍ പഠനകാലങ്ങളില്‍
    എന്നിലും സുറിയാനി ക്രിസ്ത്യാനിയെന്ന അഭിമാനത്തിന്‍റെ മിഥ്യയുണ്ടായിരുന്നു. നമ്മുടെ നാടിനോട് തുലനം ചെയ്യുവാന്‍ ലോകത്ത് മറ്റൊരു സംസ്ക്കാരമില്ലെന്നു അനുഭവത്തില്‍ നിന്നും
    മനസ്സിലായി.

    ത്രേതായുഗത്തിലെ കൃഷ്ണ ഗീതയെപ്പറ്റി കവി പറയുന്നുണ്ടെങ്കിലും അങ്ങനെ ഒരു യുഗത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും ഈ രാജ്യം അറിവിന്‍റെ പര്‍ണ്ണശാലയായിരുന്നു. ദിവ്യയേശു പിറന്നപ്പോള്‍ അവിടെ സന്നിഹിതരായ ജ്ഞാനികള്‍ ഭാരതത്തില്‍ നിന്നുള്ളവരെന്നും അനുമാനിക്കുന്നവര്‍ ഉണ്ട്. കാരണം കുന്തിരക്കവും സ്വര്‍ണ്ണവും ഏറ്റവും സുലഭമായ രാജ്യം ഭാരതമായിരുന്നു. ഭാരത ജ്ഞാനികള്‍ ജ്യോതിര്‍ശാസ്ത്രത്തില്‍ പ്രാവിണ്യരായിരുന്നുവെന്നും വേദങ്ങള്‍ പറയുന്നു.

    ഇന്നുള്ള ലോകം പ്രാകൃത യുഗത്തിനു സമാനമെന്നു കവി ഇവിടെ സ്ഥാപിക്കുന്നുണ്ട്. കാളയെ ആരാധിച്ച വര്‍ഗവും, യേശുവിനെ വേണ്ട ബരാബസ്സിനെ മതിയെന്ന് ഉച്ചത്തില്‍ അലറിയവരുടെ
    കലികാല സന്തതികളുമായിട്ടാണ് പുരോഹിത വര്‍ഗത്തെ തുല്ല്യപ്പെടുത്തിയിരിക്കുന്നത്.

    ബ്രാഹ്മണര്‍ വേദങ്ങളെയും ഭാരത സംസ്ക്കാരത്തെയും കീഴ്പെടുത്തി ബ്രാഹ്മണ
    നിഘണ്ടുവില്‍ ഉള്‍പ്പെടുത്തി. ദ്രാവിഡരെ കീഴ്പ്പെടുത്തി ചണ്ടാളന്‍മാരാക്കി. ചണ്ടാളനായ
    വേദവ്യാസമുനിയെ ബ്രാഹ്മണരുടെ
    വേദ ഗ്രന്ഥപ്പുരയില്‍മാത്രം ഒതുക്കി നിര്‍ത്തി.

    തീണ്ടലും തോടീലുമായി ദ്രാവിഡ ഗോത്രങ്ങള്‍ മ്ലെച്ചന്‍മാരായി. മ്ലേച്ചന്‍മാര്‍ക്ക് വേദം നിഷേധിക്കപ്പെട്ടു. എങ്കിലും ബ്രാഹ്മണന്‍ അടങ്ങാത്ത കാമഭ്രാന്തില്‍ മതിമറന്നു ചണ്ടാളസ്ത്രീയുടെ
    മൈഥുനങ്ങളില്‍‍ ഹൃദയം അര്‍പ്പിച്ചിരുന്നു.
    അവളുടെ മാറിടങ്ങളില്‍ അവനു തീണ്ടലും തൊടീലുമില്ലായിരുന്നു.

    ഇന്നു യേശുവിന്‍റെ വേദമറിയാത്ത പുരോഹിതരും ഭൌതിക കുപ്പായങ്ങള്‍ക്ക് നിറംനല്‍കി പുതു തലമുറകളെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് കവി പറയുന്നു. തേന്‍ നുകരുന്ന തേന്‍
    വണ്ടുകളെയും പൂപാറ്റകളെയും തീയിലിട്ടു ചുട്ടു കരിക്കുന്നതിന് സമാനമായിട്ടാണ് ഇന്നുള്ള പുരോഹിതരുടെ ക്രൂരപ്രവര്‍ത്തികളെ കവി വീഷിക്കുന്നത്. എത്രയെത്ര മാലാഖകുഞ്ഞുങ്ങളുടെ
    ചാരിത്രം പുരോഹിതവര്‍ഗം
    കവര്‍ന്നെടുത്തിരിക്കുന്നു.

    അധര്‍മ്മവാദികളായ പുരോഹിത വര്‍ഗത്തെ ഇല്ലായ്മ ചെയ്യുവാന്‍ ധര്‍മ്മം ജയിച്ചേ മതിയാവൂ. ഇവിടെ ഗീതാ നീ വീണ്ടും പാടൂ എന്നു സ്വര്‍ഗസ്ഥനായ പിതാവിനെ നോക്കി കവി പാടുകയാണ്. കൂടലിന് അനുമോദനങ്ങളും പോസ്റ്റ് ചെയ്ത ജോര്‍ജു മൂലെച്ചാലിനു ഒരിക്കല്‍ക്കൂടി നന്ദിയും.

    ReplyDelete