Translate
Sunday, March 25, 2012
അവന്റെ രണ്ടാം വരവ് (നാടകം)
ജോര്‍ജ് മൂലേച്ചാലില്‍
[തിരുവല്ലയില്‍നിന്നും പുറത്തിറക്കിയിരുന്ന 'ഡൈനാമിക് ആക്ഷന്‍' എന്ന മാസികയുടെ 1988 ജൂണ്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച നാടകം 12 ഭാഗങ്ങളായി]
(ദുഃഖവെള്ളിയാഴ്ച. 'കുരിശിന്റെ വഴി' പത്താം സ്ഥലത്തുനിന്നും പതിനൊന്നാം സ്ഥലത്തേയ്ക്ക് ഗാനാലാപനത്തോടെ നീങ്ങുന്നു. അച്ചന്റെ കയ്യില്‍ ഒരു ചെറിയ സ്വര്‍ണ്ണക്കുരിശ്. ബാക്കി എല്ലാവരുടെയും കൈകളില്‍ ചെറിയ മരക്കുരിശുകള്‍. നടുഭാഗത്തായി ഒരാള്‍ ആള്‍
വലുപ്പമുള്ള ഒരു മരക്കുരിശ് വളരെ ബദ്ധപ്പെട്ടു ചുമക്കുന്നു. ഒരു വിലാപയാത്ര നീങ്ങുന്നതുപോലെ മന്ദഗതിയിലാണ് എല്ലാവരുടെയും നീക്കം. ഗാനാലാപനം ഏതാണ്ടു പകുതിയോളമായി. വലിയ കുരിശ് മുന്നിലുയര്‍ത്തി നടക്കുന്ന ആളുടെ കയ്യില്‍ കുരിശ് ഉലയുന്നുണ്ട്. അതു നേരെ നിര്‍ത്താന്‍ അയാള്‍ പാടുപെടുന്നു. മടുത്തപ്പോള്‍ ആ കുരിശ് താഴ്ത്തി തോളേല്‍ ചാരുന്നു. അതു കണ്ടുകൊണ്ട്, കാഴ്ചയില്‍ പ്രമാണിത്തം തോന്നിക്കുന്ന ഒന്നുരണ്ടു പേര്‍ അയാളുടെ അടുത്തെത്തുന്നു.)
ഒരു പ്രമാണി : എന്താടാ ഔസേപ്പേ ഇത്? കുരിശ് നേരെ ഉയര്‍ത്തിപ്പിടിയെടാ.
മറ്റെ പ്രമാണി : മറ്റുള്ളവരൊക്കെ എങ്ങിനെയാ കുരിശു പിടിച്ചിരിക്കുന്നതെന്ന് നിനക്കെന്നാടാ കാണാന്‍ മേലേ?
(ഈ സംസാരത്തിലേയ്ക്ക് ആള്‍ക്കാരുടെ ശ്രദ്ധ തിരിയുകയും, ഗാനം മുറിയുകയും ചെയ്യുന്നു. അച്ചനും പുറകോട്ടു തിരിഞ്ഞ് നോക്കുന്നു. ചടങ്ങു തടസ്സപ്പെട്ടതിലുള്ള നീരസഭാവം അച്ചന്റെ മുഖത്ത് വളരെ പ്രകടമാണ്. ഔസേപ്പ് ഒന്നും പറയാതെ വെറുതെ നില്‍ക്കുക മാത്രം ചെയ്യുന്നു.)
ഒരു പ്രമാണി : (അക്ഷമനായി) നോക്കിക്കേ നില്‍ക്കുന്നത്, കള്ളക്കാളയെപ്പോലെ! (ഒന്നുകൂടി നോക്കിയിട്ട് ഉച്ചത്തില്‍) എടുക്കടാ കുരിശ്.
ഔസേപ്പ് : ഞാന്‍ മടുത്തു. എന്റെ കൈ വല്ലാതെ കഴയ്ക്കുന്നു.
മറ്റെ പ്രമാണി : ങ്‌ഹേ! നീ തര്‍ക്കുത്തരം പറയുന്നോ? (രംഗം വീക്ഷിച്ചുകൊണ്ടിരുന്ന അച്ചന്‍, 'എന്താണവിടെ, എന്താണവിടെ' എന്നു ചോദിച്ചുകൊണ്ട് അവരുടെ അടുത്തേയ്ക്കു വരുന്നു. അടുത്തെത്തിയ അച്ചനോട്, ഔസേപ്പ്)
ഔസേപ്പ് : എന്റെ അച്ചോ, എന്റെ കൈ വല്ലാതെ കഴച്ചു. ഞാനാകെ മടുത്തു.
അച്ചന്‍ : (മുഖത്തെ നീരസഭാവമൊക്കെ മാറ്റി, അനുനയ സ്വരത്തില്‍) മകനേ, ഔസേപ്പേ! ഈ കുരിശിന്റെ വഴി എന്നു പറയുന്നത് ഒരു പരിഹാര പ്രദക്ഷിണമാണ്. നമ്മള്‍ മടുക്കണം. മടുക്കുന്തോറും നമ്മുടെ പാപങ്ങള്‍ പോക്കപ്പെടുകയും പുണ്യം വര്‍ദ്ധിക്കുകയുമാണു ചെയ്യുന്നത്. അതിനാല്‍, കൂടുതല്‍ മടുത്ത നീ കൂടുതല്‍ ഭാഗ്യവാനാണ്. സ്വര്‍ഗ്ഗരാജ്യത്തില്‍ നിനക്ക് കൂടുതല്‍ ആശ്വാസം ലഭിക്കും.
ഔസേപ്പ് : എന്റെ അച്ചോ, അല്പംകൂടി മടുപ്പു തീര്‍ന്നോട്ടെ. തല്ക്കാലം കുറെ നേരം ഞാനിതു തോളേല്‍ ചുമക്കാം. (ഒന്നോര്‍ത്തിട്ട്) ഈശോ പോലും അങ്ങനെയാണല്ലോ കുരിശ് ചുമന്നത്.
ഒരു പ്രമാണി : (എടുത്തടിച്ചതുപോലെ) അതിനു നിന്നെ കൊല്ലാനല്ലല്ലോ കൊണ്ടുപോകുന്നത്.
അച്ചന്‍ : (ഔസേപ്പിനെ നോക്കി താക്കീതിന്റെ സ്വരത്തില്‍) കര്‍ത്താവിന്റെ പ്രതിപുരുഷനോടാണ് നീ ഈ ധിക്കാരം പറഞ്ഞതെന്നോര്‍മ്മയിരിക്കട്ടെ. (പരിഹാസസ്വരത്തില്‍) ഒരീശോ മിശിഹാ!
(അച്ചന്‍ അയാളെ, ഗൗരവത്തില്‍, അടിമുടി ഒന്നിരുത്തി നോക്കുന്നു. അപ്പോഴേയ്ക്കും പ്രമാണിമാര്‍, 'പൊക്കടാ കുരിശ്. ഉയര്‍ത്തിപ്പിടിയെടാ' എന്നിങ്ങനെ ആക്രോശിക്കുകയും അയാള്‍ അതനുസരിക്കുകയും ചെയ്യുന്നു. അച്ചന്‍ മടങ്ങുന്നു. ജനങ്ങളില്‍ സമ്മിശ്രവികാരങ്ങള്‍.)
ഒരു പ്രമാണി : (വിജയഭാവത്തില്‍) നീയേ, ഞങ്ങള്‍ പറയുന്നതുപോലെ വെറും ഔസേപ്പായങ്ങു നടന്നേച്ചാല്‍ മതി കേട്ടോ; ഈശോയൊന്നുമാകണ്ടാ.
മറ്റേ പ്രമാണി : ഹല്ല! അതിനിപ്പം നിന്നേക്കൊണ്ട് വെറുതെയൊന്നുമല്ലല്ലോ, കൂലി തന്നിട്ടല്ലേ ചുമക്കാന്‍ പറയുന്നത്?
ഔസേപ്പ് : (അതൃപ്തിയോടെ) പത്തു രൂപ! ശരിക്കൊന്നു കാപ്പികുടിക്കാന്‍തന്നെ അതു തികഞ്ഞില്ല.
(അതു കേട്ട് അച്ചന്‍ പെട്ടെന്നു തിരിഞ്ഞു നില്‍ക്കുന്നു)
അച്ചന്‍ : ങ്‌ഹേ! നീ ഇന്നു കാപ്പികുടിച്ചെന്നോ? ദുഃഖവെള്ളിയാഴ്ചയായ ഇന്ന് നീ കാപ്പികുടിച്ചെന്നോ? ഇന്ന് ഒരുനേരം ആചാരിക്കണമെന്ന് നിനക്കറിഞ്ഞു കൂടേ? തിരുസഭയുടെ കല്പനയാണ് നീ ധിക്കരിച്ചിരിക്കുന്നത്. (സ്വരമുയര്‍ത്തി) ഈ വിശുദ്ധ കുരിശ് സ്പര്‍ശിക്കാന്‍ നിനക്കിനി അര്‍ഹതയില്ല. (പ്രമാണിമാരോട്) കുരിശ് ഈ പാപിയുടെ കയ്യില്‍നിന്നും വേറെ ആരെയെങ്കിലും ഏല്‍പിക്കുവിന്‍.
(പ്രമാണിമാര്‍ നിസ്സഹായതയോടും അല്പം പരിഭ്രാന്തിയോടുംകൂടി അച്ചന്റെ അടുത്ത് ഓടി എത്തുന്നു. അച്ചനോട് രഹസ്യം പറയുന്നതുപോലെ, പക്ഷെ കേള്‍ക്കാവുന്ന സ്വരത്തില്‍)
ഒരു പ്രമാണി : അച്ചോ, തല്ക്കാലം അവന്‍തന്നെ ചുമക്കട്ടെ; കൂലി മുഴുവന്‍ കൊടുക്കുകേംചെയ്തു.
മറ്റെ പ്രമാണി : സാരമില്ലച്ചോ; പാപികളാണെങ്കിലും സഭാകാര്യങ്ങളില്‍ ഇങ്ങനെ ചില പങ്കാളിത്തങ്ങള്‍ നല്‍കി നമുക്കിവന്മാരെ ഉദ്ധരിക്കാം. (എന്നിട്ടു കൗശലഭാവത്തില്‍, അച്ചന്റെ ചെവിയിലേയ്ക്ക് രഹസ്യം പറയുന്നതുപോലെ) അവന്‍തന്നെ ചുമക്കട്ടെ അച്ചോ; ഇനിയിപ്പോ വേറെ ആരെയും അതിനു കിട്ടില്ല.
(അച്ചന്‍ ആലോചിക്കുന്നു. എന്നിട്ട്, ഔസേപ്പിനോട്)
അച്ചന്‍ : ദൈവത്തിന്റെ അനന്തമായ ക്ഷമ തല്ക്കാലത്തേയ്ക്ക് നിന്നെ കടാക്ഷിച്ചിരിക്കുന്നു. ഒരുനേരം അനുഷ്ഠിക്കാത്തതിനു പരിഹാരമായി, നീ തന്നെ ഈ കുരിശ് തുടര്‍ന്നും ചുമക്കുക. (എന്നിട്ട് എല്ലാവരോടുമായി ആജ്ഞാസ്വരത്തില്‍) ഇവനെ ആരും സഹായിച്ചു പോകരുത്. കാരണം, ഇവന്റെ പാപപരിഹാരത്തെ അതു തടസ്സപ്പെടുത്തും.
(തുടരും)
Subscribe to:
Post Comments (Atom)
No comments:
Post a Comment