(2016 ഒക്ടോബർ-ഡിസംബർ ലക്കം ഓശാനയില്നിന്ന് )
നമ്മുടെ പൂര്‍വ
പാരമ്പര്യത്തിലേക്ക് മടങ്ങണമെന്ന അഭിനിവേശം നസ്രാണിക്രിസ്ത്യാനികളില്‍ ആരംഭിച്ചത്
രണ്ടാം വത്തിക്കാന്‍ സിനഡിനുശേഷമാണ്. അതുവരെ റോമന്‍ കത്തോലിക്കാ സഭ മാര്‍പാപ്പായുടെ
കീഴിലുള്ള ഒരു ഏകമുഖമായുള്ള സഭയാണെന്നാണ് നാം തെറ്റിദ്ധരിച്ചിരുന്നത്. പോര്‍ട്ടുഗീസുകാരുടെ
ആഗമനത്തോടുകൂടിയാണ് കേരളത്തിലുണ്ടായിരുന്ന പുരാതന നസ്രാണിസഭ റോമിലെ പാപ്പായുടെ
നേതൃത്വത്തിലുള്ള ഒരു ഏകമുഖ സഭയുടെ കീഴിലായത്. പോര്‍ട്ടുഗീസുകാര്‍ ഇവിടെ
എത്തുന്നത് കേവലം കച്ചവടക്കാരായിട്ടല്ല; മറിച്ച്
കിഴക്കുള്ള പ്രദേശങ്ങളിലെ സഭയും പള്ളികളും എല്ലാം മാര്‍പാപ്പായുടേതാക്കി തീര്‍ക്കുവാനുള്ള
പ്രതിജ്ഞയോടെയായിരുന്നു. പോര്‍ട്ടുഗീസുകാരുടെ ആഗമനം കേവലമൊരു രാഷ്ട്രീയ
അധിനിവേശത്തിനുവേണ്ടിയുള്ള ലക്ഷ്യത്തോടുകൂടിമാത്രമായിരുന്നില്ല. ലോകത്തെ എമ്പാടും
റോമാസഭയുടെ കീഴില്‍ കൊണ്ടുവരുക എന്നതും അവരുടെ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു.
പോര്‍ട്ടുഗീസ്
രാജാവിന് മാര്‍പാപ്പായില്‍ നിന്നും കിട്ടിയ പ്രത്യേകമായ ചില അവകാശങ്ങളുടെ
പത്രികയുമായാണ് വാസ്‌കോഡിഗാമയും അതിനുപിന്നാലെ വന്നവരും ഇന്ത്യയില്‍ എത്തിയത്.
കോഴിക്കോട് കാപ്പാട് കരയില്‍ ഇറങ്ങിയ വാസ്‌കോഡിഗാമ കേരളത്തിലെ ജനങ്ങള്‍
ക്രൈസ്തവരാണെന്ന ഒരു തെറ്റിദ്ധാരണയുമായാണ് തിരിച്ച് പോര്‍ട്ടുഗലിലേക്ക് പോയത്.
പിന്നെ നടന്ന പോര്‍ട്ടുഗീസ് അധിനിവേശം കേരളത്തിലെ ക്രിസ്ത്യാനികളെ മാത്രമല്ല
കേരളത്തെത്തന്നെ റോമിലെ പോപ്പിനും പോര്‍ട്ടുഗല്‍ രാജാവിനും
കീഴാക്കുന്നതിനുവേണ്ടിയുള്ള പരിശ്രമത്തിനാണ് ആരംഭമിട്ടത്. അതിനിടയില്‍ കേരളത്തില്‍
കുറെ ക്രിസ്ത്യാനികള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും അവരെ റോമിന്റെ കീഴിലേക്ക്
ഉറപ്പിക്കാന്‍ ഉദയംപേരൂര്‍ സൂനഹദോസിലൂടെ പോര്‍ട്ടുഗീസ് ആര്‍ച്ച്ബിഷപ് ദോം മെനേസിസ്
ഒരു പള്ളി പ്രതിപുരുഷയോഗം വിളിച്ചുകൂട്ടുകയും ചെയ്തു. പോര്‍ട്ടുഗീസ്
രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ഈ പള്ളിപ്രതിപുരുഷയോഗത്തെ
കത്തോലിക്കാ സഭയുടെ പരമ്പരാഗതമായുള്ള ഒരു സൂനഹദോസായി കണക്കാക്കാന്‍ നിര്‍വാഹമില്ല
എന്ന് പല ചരിത്ര ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ഏതായാലും ഉദയംപേരൂര്‍
സൂനഹദോസിനുശേഷമാണ് കേരളത്തിലെ നസ്രാണി ക്രിസ്ത്യാനികള്‍ റോമാ മാര്‍പാപ്പായുടെ ഏക
ശാസനാധികാരം സ്വീകരിച്ചത് എന്നതിന് സംശയമില്ല.
സൂനഹദോസിനുമുമ്പ്
ഇവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ക്ക് ഏതു സംസ്‌കാരമാണ് ഉണ്ടായിരുന്നതെന്ന് നാം
കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ആ പാരമ്പര്യത്തിലേക്കു മടങ്ങാനുള്ള അനുവാദമാണ്
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നല്‍കിയിരുന്നത്. നമ്മുടെ പൂര്‍വ സംസ്‌കാരത്തെ
സംബന്ധിച്ച് ഇന്നു തര്‍ക്കമുണ്ട്. റോമാ നസ്രാണിസഭയെ അംഗീകരിക്കുകയും തുല്യസഭയായി
കണക്കാക്കുകയും ചെയ്യുന്നുണ്ടെങ്കിലും റോമിന്റെ ആധിപത്യം ഇന്നും നസ്രാണി സഭയില്‍
നിലനില്‍ക്കുകയായി. സഭയുടെ ഭരണക്രമമായി ഇന്ന് അംഗീകരിച്ചിരിക്കുന്ന ഈസ്റ്റേണ്‍
കാനോന്‍ നിയമം റോമില്‍ രൂപംകൊടുത്തതാണ്. റോം പാശ്ചാത്യ സഭകള്‍ക്കായി രൂപം കൊടുത്ത
കാനോന്‍നിയമം ചില ചില്ലറ വ്യത്യാസങ്ങളോടുകൂടിയാണ് പൗരസ്ത്യകാനോന്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പൗരസ്ത്യ കാനോന്‍
നിയമം പ്രഖ്യാപിച്ചുകൊണ്ട് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ നടത്തിയ
പ്രഭാഷണത്തില്‍ ഈ നിയമം ഏതെല്ലാം സഭകളെ ബാധിക്കുമെന്ന് ഇങ്ങനെ പറയുന്നു. : 'In such a wondrous variety of rites, that
is, in the liturgical, theological, spiritual and disciplinary patrimony of the
individual Churches, which from venerable traditions take their origin from
Alexandria, Antioch, Armenia, Chaldea and Constantinople, the sacred canons
deservedly are considered to be clearly a conspicuous part of this same
patrimony, which constitutes a single and common foundation of canons for
ordering all the churches'
അതായത് ഈ കാനോന്‍
നിയമം അലക്‌സാണ്ട്രിയ, അന്ത്യോഖ്യാ, അര്‍മേനിയ, കാല്‍ഡിയ, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ സഭാ
കുടുംബത്തിലെ അംഗങ്ങള്‍ക്കാണ് ബാധകമാക്കിയിരിക്കുന്നത്. നസ്രാണി സഭ
ചരിത്രകാരന്മാരുടെ ദൃഷ്ടിയില്‍ ഒരിക്കലും കല്‍ദായ സഭയുടെ പുത്രീ സഭയല്ല.
.....അപ്പസ്‌തോലനായ തോമായാല്‍ സ്ഥാപിതമാണ്
ഇന്ത്യയിലെ സഭയെന്നും അതിന് അപ്പസ്‌തോലികമായ പിന്‍തുടര്‍ച്ചാവകാശം ഉണ്ടെന്നുമാണ്
കരുതപ്പെടുന്നത്. മാര്‍തോമ്മാ കേരളത്തില്‍ വന്നു എന്നുള്ളതിന് ചരിത്രപരമായി
തെളിവുകളൊന്നുമില്ല. എങ്കിലും 2000 കൊല്ലത്തെ ഒരു അപ്പസ്‌തോലിക പാരമ്പര്യമാണ് ഈ
സഭയ്ക്ക് ഉണ്ടായിരുന്നത് എന്ന് എക്കാലവും മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍
വിശ്വസിച്ചിരുന്നു. അവരുടെ സഭാ ജീവിതത്തിന്റെ (സംസ്‌കാരത്തിന്റെ) ആകെതുകയായി അവര്‍
കരുതിപ്പോന്നിരുന്നത് മാര്‍ത്തോമ്മായുടെ നിയമമായിരുന്നു (മാര്‍ത്തോമ്മായുടെ മാര്‍ഗവും
വഴിപാടും). മാര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും സംബന്ധിച്ച് വിശദമായ പഠനങ്ങള്‍
ചരിത്രഗവേഷകര്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ തൃശൂര്‍ മെത്രാപ്പോലീത്ത ആയിരിക്കുന്ന
മാര്‍ ആന്‍ഡ്രൂസ് താഴത്ത് മാര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും എന്ന
വിഷയത്തെക്കുറിച്ച് ഒരു ഗ്രന്ഥം (ഘീം ീള ഠവീാമ)െ തന്നെ രചിച്ചിട്ടുണ്ട്. സഭാ
ചരിത്രകാരന്മാരായ പ്ലാസിഡ് പൊടിപാറയും സേവ്യര്‍ കൂടപ്പുഴയും ചങ്ങനാശ്ശേരി രൂപതയുടെ
മെത്രാപ്പോലീത്ത ആയ മാര്‍ പവ്വത്തിലും മാര്‍ത്തോമ്മായുടെ നിയമത്തെ സംബന്ധിച്ച്
വിശദമായി എഴുതിയിട്ടുണ്ട്. മാര്‍ത്തോമ്മായുടെ നിയമത്തില്‍ സഭാഭരണത്തിന്
അതിപ്രധാനമായ സ്ഥാനമാണ് അര്‍ക്കാദിയാക്കോന്, ജാതിക്കുകര്‍ത്തവ്യന്
ഉണ്ടായിരുന്നത്. ജാതിക്കുകര്‍ത്തവ്യന്‍ അഥവാ ആര്‍ച്ച് ഡീക്കന്‍ ആണ് ആകമാനസഭയുടെ
നേതാവായിരുന്നത്. മെത്രാന്‍ കേവലം ആദ്ധ്യാത്മികനായിരുന്നു. ബിഷപ്പ് റോസ്
നിയമാവലിയിലൂടെ അര്‍ക്കാദിയാക്കോന്റെ സ്ഥാനം ഇല്ലായ്മ ചെയ്യുകയായിരുന്നു പോര്‍ട്ടുഗീസ്
ഭരണം ആദ്യമായി ചെയ്തത്. മാര്‍ത്തോമ്മായുടെ നിയമത്തിലെ അതിപ്രധാനമായ ഒരു
ഘടകമായിരുന്നു ആര്‍ച്ച് ഡീക്കന്‍. സഭക്ക് പൂര്‍വപാരമ്പര്യത്തിലേക്ക്
മടങ്ങിപോകാമെന്നുള്ള രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനമനുസരിച്ച് ഇപ്പോള്‍
നമുക്ക് ഒരു മേജര്‍ ആര്‍ച്ച് ബിഷപ്പിനെ ലഭിച്ചിട്ടുണ്ട്. ആ മേജര്‍ ആര്‍ച്ച്്
ബിഷപ്പ് പൗരസ്ത്യ കാനോന്‍ നിയമത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കേണ്ടത്. പൗരസ്ത്യ
കാനോന്‍ നിയമമാകട്ടെ പാശ്ചാത്യ കാനോന്‍ നിയമത്തിന്റെ ഒരു കോപ്പി മാത്രമാണ്.
നസ്രാണികളുടെ പൂര്‍വ പാരമ്പര്യവുമായി ഈ കാനോന്‍ നിയമത്തിന് യാതൊരു ബന്ധവുമില്ല.
പാശ്ചാത്യ കാനോന്‍ നിയമമനുസരിച്ച് ഇടവകപ്പള്ളി വക സ്വത്തുക്കള്‍ മെത്രാന്റേതാണ്.
പൗരസ്ത്യ നിയമത്തിലും അതുതന്നെയാണ് പറഞ്ഞിരിക്കുന്നത്.
നമ്മുടെ പൂര്‍വ
പാരമ്പര്യമനുസരിച്ച് ഇടവകയോഗമായിരുന്നു പള്ളിയുടെ സാമ്പത്തിക കാര്യങ്ങള്‍ നിര്‍വഹിച്ചുപോന്നിരുന്നത്.
ഇത് എല്ലാ സഭാചരിത്രകാരന്മാരും സമ്മതിച്ചിട്ടുളള കാര്യമാണ്. ഇടവകയോഗത്തോടൊപ്പം
തെരഞ്ഞെടുക്കപ്പെട്ട മഹായോഗവും കേരള സഭയ്ക്കുണ്ടായിരുന്നു. ഇന്ന് ആ മഹായോഗം ഇല്ല.
മഹായോഗമായിരുന്നു ആര്‍ച്ച് ഡീക്കനെ തെരഞ്ഞെടുത്തിരുന്നത്. ഇന്ന് നിലവില്‍
ഉണ്ടെന്നു പറയുന്ന എപ്പിസ്‌കോപ്പല്‍ അസംബ്ലി മഹായോഗത്തിന്റെ ഒരു കാര്‍ബണ്‍കോപ്പി
മാത്രമാണ്. പൂര്‍വപാരമ്പര്യമനുസരിച്ചുള്ള
യഥാര്‍ത്ഥമായ അധികാരങ്ങള്‍ സിനഡിന് നല്‍കിയിട്ടില്ല. ഈ അടുത്തയിട
കൊട്ടിഘോഷത്തോടുകൂടി ഇരിങ്ങാലക്കുടയില്‍ കൂടിയ സീറോമലബാര്‍ സഭയുടെ സിനഡിന് പൂര്‍വപാരമ്പര്യമനുസരിച്ചുള്ള
ഒരു അധികാരവും കൈമാറിയിട്ടില്ല. പൂര്‍വപാരമ്പര്യമനുസരിച്ചുള്ള സീറോ മലബാര്‍ സഭയുടെ
മഹായോഗമാണ് സിനഡെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ പറ്റിയ പ്രചാരങ്ങളാണ് നടന്നത്.
സീറോമലബാര്‍ സഭയുടെ മഹായോഗത്തെക്കുറിച്ച് അറിവുള്ള സഭാചരിത്രകാരന്മാര്‍ക്ക് ഈ
സിനഡ് ഒരു തമാശമാത്രമാണ്. നമുക്ക് നമ്മുടെ പൂര്‍വപാരമ്പര്യങ്ങളിലേക്ക് പോകാനുള്ള
പൂര്‍ണാനുമതിയാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തന്നിരിക്കുന്നത്. നമ്മുടെ പൂര്‍വ
പാരമ്പര്യം കല്‍ദായമല്ല. അതിനാല്‍ കല്‍ദായ സഭയുടെ കുടുംബത്തില്‍പ്പെടുത്തി
പൗരസ്ത്യ കാനോന്‍ നിയമം സീറോ മലബാര്‍ സഭയുടെമേല്‍ അടിച്ചേല്‍പ്പിച്ചത് രണ്ടാം
വത്തിക്കാന്‍ സൂനഹദോസിന്റെ തീരുമാനങ്ങളോടുള്ള ഒരു വെല്ലുവിളിയാണ്. ഇപ്പോള്‍ സീറോ
മലബാര്‍ സഭയ്ക്ക് അവളുടെ പൂര്‍വ പാരമ്പര്യം തീരുമാനിക്കാനുള്ള അധികാരം
ലഭിച്ചിരിക്കുന്നു. ആ അധികാരം ഉപയോഗിച്ച്
അര്‍ക്കാദിയാക്കോന്‍ പദവിയും സഭാ മഹായോഗവും പുനരുദ്ധരിക്കേണ്ടിയിരിക്കുന്നു. പാശ്ചാത്യ
കാനോന്‍ നിയമമനുസരിച്ചുള്ള കുറച്ചു മെത്രാന്മാരെ സീറോ മലബാര്‍ സഭയ്ക്ക് നല്‍കി
എന്നതിനപ്പുറം സഭയുടെ പൂര്‍വ പാരമ്പര്യങ്ങളിലേക്ക് മടങ്ങിപ്പോകാനുള്ള ഒരു
പരിശ്രമവും നടത്തിയിട്ടില്ല. സീറോ മലബാര്‍ മെത്രാന്മാര്‍ വേഷഭൂഷാദികളില്‍ ലത്തീന്‍
മെത്രാന്മാരില്‍നിന്നും ഒട്ടും വിഭിന്നരല്ല. അരയില്‍ ചുവന്ന കെട്ടും തലയില്‍
കിരീടവും വെച്ചുകൊണ്ടുള്ള അവരുടെ വേഷഭൂഷാദികള്‍ കേരള സഭാ പാരമ്പര്യങ്ങള്‍ക്ക്
യോജിച്ചതല്ല എന്ന് നാം പറയേണ്ടിയിരിക്കുന്നു.....
രണ്ടാം
വത്തിക്കാന്‍ സൂനഹദോസിന്റെ പ്രഖ്യാപനമനുസരിച്ച് നമുക്ക് നമ്മുടെ പൂര്‍വ പാരമ്പര്യ തനിമയിലേക്ക്
മടങ്ങിപ്പോകാനുള്ള എല്ലാ അവകാശവും ഉണ്ട്. ആ അവകാശം പുനസ്ഥാപിക്കാന്‍ ഫ്രാന്‍സിസ്
മാര്‍പാപ്പായുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നുള്ളതാണ് സീറോ മലബാര്‍ സഭയിലെ
മെത്രാന്മാരുടെ കടമ. ഈ കടമ നിര്‍വഹിക്കാതെയുള്ള നമ്മുടെ മെത്രാന്മാരുടെ ഏതു
നടപടിയും ആത്മവഞ്ചനാപരമാണ്. അവര്‍ക്ക് ഇവയെക്കുറിച്ച് അറിഞ്ഞുകൂടായ്മയില്ല.
മറിച്ച്, പൂര്‍ണമായും അവര്‍ നമ്മുടെ പൂര്‍വപാരമ്പര്യമല്ല
ഇന്ന് നടപ്പിലാക്കുന്നതെന്നു തികച്ചും അറിഞ്ഞുകൊണ്ടുതന്നെയാണ് മുന്നോട്ടു
പോകുന്നത്. നമ്മുടെ ഇടവകയോഗം സഭയുടെ പൂര്‍വ പാരമ്പര്യങ്ങളോട് ഒട്ടും യോജിക്കുന്നതല്ല.
ഇടവകയോഗമായിരുന്നു പള്ളിയുടെ എല്ലാ കാര്യങ്ങളും തീരുമാനിച്ചുപോന്നത്. ഇന്ന് ആ
സ്ഥാനം വികാരിയും മെത്രാനും ഏറ്റെടുത്തിരിക്കുകയാണ്. ഇടവകക്കാരുടെ
ആവശ്യത്തിനുവേണ്ടി സ്ഥാപിതമായിരിക്കുന്ന സിമിത്തേരിയില്‍ മൃതദേഹ സംസ്‌കാരം
നടത്താനുള്ള അവകാശം ഇന്ന് വികാരിമാര്‍ നിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഉഴുവ സംഭവം
ഓര്‍ക്കുക. നിയമവിരുദ്ധമായി മൃതദേഹസംസ്‌കാരം നടത്താതിരുന്ന പുരോഹിതരെ ശാസിക്കാനോ
ശിക്ഷിക്കാനോ ആലഞ്ചേരി മെത്രാന്‍ തയ്യാറായില്ല എന്നത് സഭാംഗങ്ങള്‍ക്ക് അതീവ
ഖേദകരമാണ്.
ഓശാന ത്രൈമാസികയുടെ 2016 ഒക്ടോബര്‍-ഡിസംബര്‍ ലക്കം വായിക്കുക:
http://www.josephpulikunnel.com/hosanna
No comments:
Post a Comment