Translate

Tuesday, November 21, 2017

'യേശുവും സഭയും' എന്ന് ഗ്രന്ഥത്തിന്റെ അവതാരിക



ഡോ. ജെയിംസ് ഗുരുദാസ് നടുവിലേക്കുറ്റ് (ഡയറക്ടര്‍, സ്‌നേഹവാണി)

ജോര്‍ജ് മൂലേച്ചാലില്‍ രചിച്ച 'യേശുവും സഭയും' എന്ന് ഗ്രന്ഥത്തിന്റെ അവതാരിക

ചിന്തിക്കാന്‍ വിധിക്കപ്പെട്ടവനാകയാല്‍ മനുഷ്യനു ചോദ്യങ്ങളുണ്ട്; പ്രത്യേകിച്ച്, ആത്യന്തികയാഥാര്‍ത്ഥ്യങ്ങളെ സംബന്ധിച്ച ചോദ്യങ്ങള്‍: ഞാനും പ്രപഞ്ചവും എങ്ങനെയുണ്ടായി? ഞാനുള്‍പ്പെട്ട മനുഷ്യവര്‍ഗ്ഗത്തിന്റെ പരമലക്ഷ്യമെന്ത്? രക്ഷയ്ക്കുവേണ്ടി, സമഗ്രമായ ക്ഷേമത്തിനു വേണ്ടി, നിത്യം നിലനില്‍ക്കുന്ന ആനന്ദത്തിനുവേണ്ടി മനുഷ്യന്‍ എന്തുചെയ്യണം? ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ ഒരുമിച്ചു ചേര്‍ത്താല്‍ അതാണവന്റെ മതം - അഭിപ്രായം, ദര്‍ശനം, വീക്ഷണം. മഹാന്മാരുടെ മതങ്ങള്‍ നിലനില്‍ക്കും. അവ മനുഷ്യവര്‍ഗ്ഗത്തിനു മാര്‍ഗ്ഗദീപങ്ങളായിത്തീരുകയും ചെയ്യും.
എന്നാല്‍ മറ്റൊരു ദുഃഖസത്യത്തിനുകൂടി ചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ട്. ഈശ്വരദര്‍ശനവും വിശ്വദര്‍ശനവുമായ മതം ക്രമേണ നിയമങ്ങളും അനുഷ്ഠാനങ്ങളും അധികാരങ്ങളുംകൊണ്ടു തീര്‍ത്ത, ശ്വാസം മുട്ടിക്കുന്ന ചട്ടക്കൂടായി മാറുന്നു; മതത്തിനടിസ്ഥാനമായ സത്യദര്‍ശനം നല്കിയ ഗുരുവിനെയും അദ്ദേഹത്തിന്റെ അമൂല്ല്യമായ ദര്‍ശനത്തെയും മറക്കുന്നു.
മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മതം മനുഷ്യനെ മദം പിടിപ്പിച്ചു മദയാനയാക്കുന്നു. ഏകദൈവവിശ്വാസത്തെ മുറുകെപ്പിടിക്കുന്നു എന്നഭിമാനിക്കുന്ന പ്രധാന സെമിറ്റിക്ക് മതങ്ങളായ യഹൂദ, ക്രൈസ്തവ, ഇസ്ലാം മതങ്ങള്‍ക്കു പല കാലഘട്ടങ്ങളില്‍ ഭ്രാന്തു പിടിച്ചിട്ടുണ്ടെന്ന പച്ചപ്പരമാര്‍ത്ഥം സത്യസ്‌നേഹികള്‍ക്കു മറക്കാനാവില്ലല്ലോ.
മനുഷ്യവര്‍ഗ്ഗത്തെ ഒരൊറ്റ കുടുംബമാക്കി സത്യാനന്ദത്തിലേയ്ക്കും നിത്യാനന്ദത്തിലേയ്ക്കും നയിക്കാനുതകുന്ന മഹനീയമതമായിരുന്നു യേശുവിന്റേത്. ആ മതത്തിന്റെ സാരാംശമെന്തെന്നോ? ദൈവം സര്‍വ്വ മനുഷ്യരുടെയും ആബ്ബ, പിതാവ്, ആകുന്നു. ദൈവം തന്റെയും സര്‍വ്വമനുഷ്യരുടെയും പിതാവാണെന്ന യേശുവിന്റെ അനുഭവാധിഷ്ഠിതമായ ബോധം അവിടുത്തെ ബോധ്യമായിരുന്നു, ബോധനവുമായിരുന്നു. ബോധ്യമെന്നാല്‍ വിശ്വാസം, ബോധനമെന്നാല്‍ സുവിശേഷം.
ആ സുവിശേഷത്തിന്റെ, സദ്‌വാര്‍ത്തയുടെ, നല്ല വര്‍ത്തമാനത്തിന്റെ പശ്ചാത്തലം മനസ്സിലാക്കിയാലേ യേശു എന്ന പരമഗുരുവിന്റെ മാഹാത്മ്യം വ്യക്തമാകുകയുള്ളൂ.
യേശു അംഗമായിരുന്ന അന്നത്തെ യഹൂദമതത്തില്‍, പഞ്ചഗ്രന്ഥിപ്രധാനമായ വേദഗ്രന്ഥത്തില്‍ പ്രാവീണ്യമുള്ളവരെ ദൈവമക്കള്‍ എന്നു വിളിക്കാമായിരുന്നു. അതുപോലെ, യഹൂദനിയമങ്ങളും പാരമ്പര്യങ്ങളും അന്ധമായും അക്ഷരംപ്രതിയും അനുസരിച്ചു 'വിശുദ്ധ'രായി ജീവിക്കുന്നവരെയും ദൈവമക്കളെന്നു വിളിക്കാം. പക്ഷേ, അതിനുള്ള അര്‍ഹത ഇല്ലാത്തവരായിരുന്നു അന്നത്തെ യഹൂദരില്‍ തൊണ്ണൂറു ശതമാനംപേരും. ഇവര്‍ പരമദരിദ്രരും നിരക്ഷരകുക്ഷികളുമായിരുന്നു. അക്ഷരജ്ഞാനമില്ലാത്തവര്‍ എങ്ങനെ തോറ പഠിക്കും; വായിക്കാന്‍പോലും അവര്‍ക്കു കഴിവില്ലല്ലോ. മാത്രമല്ല, ഇവര്‍ യഹൂദനിയമപ്രകാരം ഭ്രഷ്ടരും അധഃകൃതരും ആയിരുന്നു. കാരണം, ദാരിദ്ര്യത്തിന്റെ സമ്മര്‍ദ്ദംമൂലം യഹൂദര്‍ക്കു നിഷിദ്ധമായ പന്നിയിറച്ചി ഭക്ഷിക്കുന്നവരായിരുന്നു ഇവര്‍. സ്വയം ശ്രേഷ്ഠരായി കണക്കാക്കിയിരുന്ന പത്തു ശതമാനം യഹൂദര്‍ ഇവരെ വിളിച്ചിരുന്നതെന്തെന്നോ: 'ഹം ഹ ആറേസ്', മലമൂഢന്മാര്‍!
യഹൂദമതത്തിലെ ഈ മലമൂഢന്മാരെയും, ജാതി ദുഷിച്ചവരെന്നു കണക്കാക്കപ്പെട്ടിരുന്ന ശമറായരെയും, പുറംജാതികളെന്നു വിളിക്കപ്പെട്ടിരുന്ന റോമാക്കാരെയും യവനരെയും, മനുഷ്യരായ സകലരെയും, യേശു ദൈവത്തിന്റെ മക്കളെന്നു വിളിച്ചു. മാത്രമല്ല, മുപ്പത്തിയെട്ടു സാബ്ബത്ത് നിയമങ്ങളുള്‍പ്പെടെയുള്ള യഹൂദരുടെ 613 നിയമങ്ങളില്‍ നിന്നും സര്‍വവിധ പാരമ്പര്യങ്ങളില്‍നിന്നും യേശു തന്റേടപൂര്‍വ്വം അവര്‍ക്ക് ഒഴിവുനല്കുകയും ചെയ്തു.
പിതാവിന്റെ പരിപാലനയ്ക്കു സ്വയം സമര്‍പ്പിച്ച്, കഴിവില്‍പ്പെട്ടതു ചെയ്തും കഴിവില്‍പ്പെടാത്തതിനെ മോഹിക്കാതെയും, കുട്ടികളെപ്പോലെയും കുരുവികളെപ്പോലെയും സസ്യങ്ങളെപ്പോലെയും അവിടുത്തെ മുന്‍പില്‍ വ്യാപരിക്കണമെന്നു മാത്രമേ അവിടുന്നു നിഷ്‌കര്‍ഷിച്ചുള്ളൂ. അതുകൊണ്ടാണല്ലോ യേശു തലയില്‍ വച്ചുകൊടുത്ത ചുമടു ലഘുവും ചുമലില്‍ വച്ചുകൊടുത്ത നുകം മധുരവുമാണെന്നു പ്രഘോഷിക്കാന്‍ അവിടുത്തെ ശിഷ്യന്മാര്‍ക്കു കഴിഞ്ഞത്. യേശുവിന്റെ അധരങ്ങളില്‍ ആരോപിച്ചിരിക്കുന്ന ഇത്തരം വാക്കുകള്‍ ആദിമയേശുസമൂഹത്തിന്റെ അനുഭവസാക്ഷ്യമാണെന്ന യാഥാര്‍ഥ്യം ബൈബിള്‍പണ്ഡിതന്മാര്‍ നിഷേധിക്കുകയില്ലല്ലോ.
യഹൂദമതത്തിലെ സാധാരണക്കാര്‍ താങ്ങേണ്ടിയിരുന്ന ചുമട് എത്ര ദുര്‍വ്വഹവും ദുര്‍ഗ്ഗന്ധം വമിക്കുന്നതുമായിരുന്നുവെന്നു ചില ഉദാഹരണങ്ങളില്‍നിന്നു മനസ്സിലാക്കാം:
സാബ്ബത്തുദിവസം ഭക്ഷണം കാലമാക്കാന്‍ വിറകുശേഖരിച്ച ആളെ മോശെയുടെയും യഹോവായുടെയും നാമത്തില്‍ കല്ലെറിഞ്ഞു കൊന്ന കാര്യം സംഖ്യയുടെ പുസ്തകത്തില്‍തന്നെ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ (15: 32-36). സാബ്ബത്തില്‍ ആഭരണം ധരിച്ചാല്‍ പാപം. ആഭരണം ഭാരമല്ലേ; ഭാരമെടുക്കുന്നതു വേല; വേല ചെയ്യുന്നതു പാപം! സാബ്ബത്തില്‍ രണ്ടക്ഷരം ഒരുമിച്ചെഴുതരുത്. രണ്ടക്ഷരം ഒരുമിച്ചെഴുതിയാല്‍ അതു വാക്കാകും; ഒരു വാക്കെഴുതിയാലും അത് എഴുത്തുതന്നെയല്ലേ. എഴുതുന്നതു വേല; വേല ചെയ്യുന്നതു പാപം! സാബ്ബത്തില്‍ സൂചിയുടെ കുഴയിലൂടെ നൂല്‍ കയറ്റി മടക്കി രണ്ടാക്കരുത്. അങ്ങനെ ചെയ്യുന്നതു തയിക്കാനല്ലേ; തയ്യല്‍ വേലയല്ലേ; വേല ചെയ്യുന്നതു സാബ്ബത്തുലംഘനം തന്നെ! ഇന്നുള്ള യഹൂദരിലെ പാരമ്പര്യവാദികള്‍ ശനിയാഴ്ച റ്റി.വി. കാണുകയില്ല. ന്യായം രസകരംതന്നെ. സ്വിച്ചമര്‍ത്താതെ റ്റി.വി. കാണാന്‍ കഴിയുമോ? സ്വിച്ചമര്‍ത്തുന്നതു ജോലി; സാബ്ബത്തില്‍ ജോലി കുറ്റകരം!
യേശു നിര്‍വ്വഹിച്ച സമഗ്രവിമോചനംനിമിത്തം ലഘുവായ ഭാണ്ഡവും മാധുര്യമുള്ള നുകവും പേറി യേശുസമൂഹം രണ്ടുമൂന്നു നൂറ്റാണ്ടുകളോളം മുന്നോട്ടുനീങ്ങി. നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി യേശുസമൂഹത്തെ സാമ്രാജ്യവല്‍ക്കരിച്ചതോടെ ആരംഭിച്ചു അതിന്റെ അപഭ്രംശവും അധഃപതനവും. നിയമം (ഘമം), അനുഷ്ഠാനം, (ഈഹ)േ, അധികാരം (ജീംലൃ) ഇവ മൂന്നും അപ്രധാനമായിരുന്ന സഭാമന്ദിരത്തില്‍, ഇവതന്നെ അടിത്തറയും തൂണും ഭിത്തികളും മേല്‍ക്കൂരയുമൊക്കെ ആയി മാറി. ആ ദുഃസ്ഥിതി നല്ലൊരളവുവരെ ഇന്നും നിലനില്ക്കുന്നു. സഭയുടെ തൂണുകളും ഉത്തരങ്ങളും കാഠിന്യമുള്ള കാനോന്‍നിയമത്തടികൊണ്ടും, കഴുക്കോലും പട്ടികയുമൊക്കെ രൂപതാനിയമത്തടികൊണ്ടും നിര്‍മ്മിച്ചവയാണെന്നേ തോന്നൂ.
മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, ആലപ്പുഴ കടല്‍പ്പാലത്തില്‍ നിന്നുകൊണ്ടു താഴേയ്ക്കു നോക്കുന്ന ഒരനുഭവം! ഇരുമ്പു തൂണുകള്‍ കാണാനേയില്ല; കക്കകള്‍ ഒരുമിച്ചുചേര്‍ന്നു പാലം താങ്ങുന്നുവെന്നുതന്നെ തോന്നും!
അതിവിശിഷ്ടമായതു ചീയുമ്പോള്‍ അസഹ്യമായ ദുര്‍ഗ്ഗന്ധമുണ്ടാകുമല്ലോ. ആദിമസഭയിലുണ്ടായിരുന്ന സ്‌നേഹാധിഷ്ഠിതമായ അധികാരം അളിഞ്ഞു ദുര്‍ഗ്ഗന്ധം പരത്തുകയാണിന്ന്; കത്തോലിക്കാ സഭയിലും, പ്രത്യേകിച്ചു സീറോ-മലബാര്‍ സഭയിലും.
ദൈവമക്കള്‍ക്കര്‍ഹതപ്പെട്ട സ്വാതന്ത്ര്യം സ്ഥാപിക്കാന്‍വേണ്ടി മരിച്ച യേശുവിനെ അനുസ്മരിക്കുന്ന അധികാരികള്‍ നന്നേ ചുരുക്കം. ദൈവത്തെ പിതാവെന്നു വിളിച്ചതുകൊണ്ടും സാബ്ബത്തു ലംഘിച്ചതുകൊണ്ടുമാണ് യഹൂദമതാധികാരികള്‍ അവിടുത്തെ കുരിശിലേറ്റി കൊന്നതെന്നു ബൈബിള്‍തന്നെ സാക്ഷ്യം നല്കുന്നു (യോഹ 5: 17-18). ''എനിക്കു ജീവിക്കുക എന്നാല്‍ മിശിഹാ ആകുന്നു, മരിക്കുന്നതു ലാഭവുമാകുന്നു'' (ഫിലി 1: 21) എന്നു പ്രഖ്യാപിച്ചുകൊണ്ട് യേശുവിനോടു പരിപൂര്‍ണ്ണ വിശ്വസ്തത പുലര്‍ത്തിയ പൗലോസ്ശ്ലീഹാ പറഞ്ഞ പ്രധാനപ്പെട്ട പല കാര്യങ്ങളും ഇന്നത്തെ സഭാധികാരികള്‍ വിസ്മരിക്കുന്നു; ''പ്രിയപ്പെട്ടവരേ, സ്വാതന്ത്ര്യത്തിലേക്കാണു ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. ആ സ്വാതന്ത്ര്യത്തില്‍ ഉറച്ചുനില്ക്കുവിന്‍. അടിമത്തത്തിന്റെ നുകത്തിനു ഇനിയും നിങ്ങള്‍ വിധേയരാകരുത്'' (ഗലാ 5: 1). ''സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണു നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഭൗതികസുഖത്തിനുള്ള ലൈസന്‍സായി അതിനെ ഗണിക്കരുതെന്നുമാത്രം. സ്‌നേഹത്തോടുകൂടി ദാസരെപ്പോലെ പരസ്പരം സ്‌നേഹിക്കുവിന്‍. എന്തെന്നാല്‍ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന ഒരേ ഒരു കല്പനയില്‍ നിയമം മുഴുവന്‍ അടങ്ങിയിരിക്കുന്നു'' (ഗലാ 5: 13-14). ''പരസ്പരം സ്‌നേഹിക്കുക എന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം മുഴുവന്‍ പൂര്‍ത്തീകരിച്ചുകഴിഞ്ഞു. വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കല്പനയും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു'' (റോമാ 13: 8-10).
വെള്ളിയാഴ്ച മാംസം ഭക്ഷിക്കുന്നതുപോലും മാരകപാപമാണെന്നു പ്രസംഗിക്കുന്ന മൂഢപുരോഹിതര്‍ പൗലോസിനെ കടത്തിവെട്ടുന്ന യേശുഭക്തരല്ലയോ! സീറോ-മലബാര്‍ സഭയില്‍പ്പെടാന്‍ വിധിക്കപ്പെട്ട നിര്‍ഭാഗ്യര്‍ മാത്രമേ വെള്ളിയാഴ്ച മാംസം തിന്നു മാരകപാപികളായി നരകത്തില്‍ പതിക്കുകയുള്ളൂ എന്നു പ്രത്യേകം ഓര്‍ക്കേണ്ടതുതന്നെ! ലത്തീന്‍ സഭാംഗങ്ങള്‍ എത്ര ഭാഗ്യമുള്ളവര്‍!
യാതൊരുവിധ സംഘടിതമതവും സ്ഥാപിക്കാതെ സമഗ്രസ്വാതന്ത്ര്യത്തിന്റെയും സാര്‍വ്വത്രികസാഹോദര്യത്തിന്റെയും സുവിശേഷം പ്രഘോഷിക്കുകയും, സ്വന്തം പ്രസംഗവും പ്രസംഗത്തിനനുസരിച്ച പ്രവര്‍ത്തനവും നിമിത്തം കുറ്റവാളിയായി വിധിക്കപ്പെട്ട് ക്രൂശിക്കപ്പെടുകയും ചെയ്ത യേശുവിന്റെ നാമത്തില്‍ രൂപംകൊണ്ട, സര്‍വ്വഥാ സംഘടിതമായ, കത്തോലിക്കാസഭയുടെ ഇന്നത്തെ ദുഃസ്ഥിതി തുറന്നുകാട്ടി സസൂക്ഷ്മം വിശകലനം ചെയ്യുന്ന ഒരു വിശിഷ്ഠ ഗ്രന്ഥമാണ് ശ്രീ. ജോര്‍ജ്ജ് മൂലേച്ചാലില്‍ രചിച്ചിരിക്കുന്ന 'യേശുവും സഭയും'.
അദ്ദേഹത്തിന്റെ ആദ്യഗ്രന്ഥങ്ങളായ 'ആധ്യാത്മികത ഉണര്‍ത്തുന്ന ചോദ്യങ്ങള്‍', 'നവോത്ഥാനം നവനാഗരികതയില്‍' എന്നിവ സശ്രദ്ധം വായിച്ചിട്ടുള്ള എനിക്ക്, അദ്ദേഹത്തിന്റെതന്നെ മൂന്നാം ഗ്രന്ഥമായ 'യേശുവും സഭയും' വായിച്ചു വിലയിരുത്തുവാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവും സംതൃപ്തിയുമുണ്ട്.
സ്‌നേഹനിയമത്താല്‍ മാത്രം ബന്ധിതരായി ദൈവമക്കള്‍ക്കര്‍ഹമായ സ്വാതന്ത്ര്യമനുഭവിക്കാന്‍ ആഗ്രഹിക്കുന്നവരെ ആവേശം കൊള്ളിക്കുന്ന ഒരു അമൂല്യഗ്രന്ഥമാണിത്. സഗൗരവം നടത്തിയ പഠനത്തിന്റെയും ഗവേഷണത്തിന്റെയും മനനത്തിന്റെയും വെളിച്ചത്തില്‍ ആദര്‍ശനിഷ്ഠയോടുകൂടി നടത്തിയിരിക്കുന്ന വിചിന്തനങ്ങള്‍; കടഞ്ഞെടുത്ത പദങ്ങള്‍, കുറിക്കു കൊള്ളുന്ന പരാമര്‍ശങ്ങള്‍, ഉള്ളില്‍ തട്ടുന്ന ഉള്‍ക്കാഴ്ചകള്‍, ആത്മാര്‍ഥതയുടെ അരംകൊണ്ടു രാകി മൂര്‍ച്ച കൂട്ടിയ പ്രസ്താവനകള്‍, കാര്യബോധത്തോടുകൂടി കാരണസഹിതം നടത്തിയിരിക്കുന്ന വിമര്‍ശനങ്ങള്‍..... ഗ്രന്ഥകാരന്റെ ധിഷണാവൈഭവം വിസ്മയകരംതന്നെ. കുശാഗ്രബുദ്ധിയായ അദ്ദേഹം, തന്റെ സൂക്ഷ്മബുദ്ധിയാകുന്ന സൂക്ഷ്മദര്‍ശിനിയിലൂടെ സഭാഗാത്രത്തിലെ സകല രോഗാണുക്കളെയും കണ്ടുപിടിച്ചിരിക്കുന്നു. മാത്രമല്ല, സ്‌നേഹമാകുന്ന സര്‍വ്വരോഗസംഹാരികൊണ്ട് അവയെ സമൂലം സംഹരിക്കാമെന്നു സയുക്തം സമര്‍ത്ഥിക്കുകയും ചെയ്തിരിക്കുന്നു.
ദൈവശാസ്ത്രമണ്ഡലത്തില്‍ ദശകങ്ങള്‍ അദ്ധ്യയനവും അദ്ധ്യാപനവും നടത്തിയിട്ടുള്ള ഉന്നത ബിരുദധാരികളായ സെമിനാരി പ്രൊഫസറര്‍മാരെപ്പോലും ആശ്ചര്യഭരിതരാക്കുന്ന മഹനീയഗ്രന്ഥമാണ് 'യേശുവും സഭയും'.
'പാരതന്ത്ര്യം മാനികള്‍ക്കു മൃതിയെക്കാള്‍ ഭയാനകം' എന്നു വിശ്വസിക്കുന്ന അനേകര്‍ക്ക്, ക്രൈസ്തവവിമോചനത്തിനുള്ള കാഹളം വിളിയാണ് ഈ ഗ്രന്ഥം.
ത്യാഗനിര്‍ഭരമായ പഠനം നടത്തി നല്ലൊരു ഗ്രന്ഥം രചിച്ച് കേരളക്രൈസ്തവരെ ധന്യരാക്കിയ ഗ്രന്ഥകാരന് ഹൃദയംനിറഞ്ഞ നന്ദി; അകമഴിഞ്ഞ അനുമോദനം!
യേശുവിന്റെ സദ്‌വാര്‍ത്തയനുസരിച്ച് സമഗ്രവിമോചനത്തിനു വഴിയൊരുക്കുകയും വഴിമരുന്നിടുകയും ചെയ്യുന്ന ഈ വിശിഷ്ടഗ്രന്ഥം ക്രൈസ്തവരെല്ലാം ശ്രദ്ധാപൂര്‍വ്വം വായിക്കണമേ എന്ന് അതിയായി ആഗ്രഹിക്കുകയും ആത്മാര്‍ത്ഥമായി ആശംസിക്കുകയും പ്രത്യാശയോടെ പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

No comments:

Post a Comment