ജോർജ് മൂലേച്ചാലിൽ
എഡിറ്റോറിയല്‍, സത്യജ്വാല, 21017 നവംബര്‍
സംഘടിത-പുരോഹിതമതങ്ങള്‍
ഏറ്റവുമധികം ദുരുപയോഗിക്കുന്ന ഒന്നാണ് 'വിശ്വാസം' എന്ന വാക്ക്. മതത്തെ സംബന്ധിച്ച് ഏറ്റവും
മുഖ്യമായിരിക്കുന്ന ഈ വാക്കിന്റെ ദുരുപയോഗം, മതത്തെയും
ആത്യന്തികമായി ഒരു മതജീവിയായിരിക്കുന്ന മനുഷ്യനെയും ദുഷിപ്പിക്കും. അതുകൊണ്ട്,
വിശ്വാസമെന്നാലെന്ത് എന്നതു സംബന്ധിച്ച് വ്യക്തത നേടേണ്ടത് ഏതു
മതവിശ്വാസിയെ സംബന്ധിച്ചും ഏറ്റം പ്രധാനപ്പെട്ട കാര്യമാണെന്നു വരുന്നു.
ഓരോ
സംഘടിതമതത്തിനും പ്രത്യേകമായ വിശ്വാസസംഹിതയുണ്ട്. കത്തോലിക്കരെ സംബന്ധിച്ച്, ആധികാരികമായി പ്രഖ്യാപിച്ചിട്ടുള്ള
വിശ്വാസപ്രമാണങ്ങളും കാലാകാലങ്ങളില്‍ മാര്‍പാപ്പാമാര്‍ പ്രഖ്യാപിക്കുന്ന
വിശ്വാസസത്യങ്ങളും മറ്റു ദൈവശാസ്ത്രസിദ്ധാന്തങ്ങളും ഓരോരുത്തരും വിശ്വസിച്ചേതീരൂ.
ഉദാഹരണത്തിന്, ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന
ത്രിതൈ്വക ദൈവസിദ്ധാന്തത്തിലെ പ്രകടവൈരുദ്ധ്യത്തോടു വിയോജിക്കാന്‍ ഒരു
കത്തോലിക്കനും അവകാശമില്ല! അതുപോലെതന്നെ, യേശുവിന്റെ അമ്മയായ
മറിയം കന്യാത്വത്തിന് അന്തരംവരാതെയാണ് യേശുവിനെ ഗര്‍ഭംധരിച്ചതെന്നും, ദൈവത്തിന്റെ മാതാവാണെന്നും, ഉടലോടെ സ്വര്‍ഗാരോപിതയായെന്നുമൊക്കെയുള്ള
ആധികാരികപ്രഖ്യാപനങ്ങളെയും ചോദ്യംചെയ്യാതെ അംഗീകരിക്കണം! ഇപ്രകാരം, സഭ ആധികാരികമായി പറഞ്ഞുവച്ചിട്ടുള്ള എത്രയോ വിശ്വാസ'സത്യ'ങ്ങളും ദൈവശാസ്ത്രസിദ്ധാന്തങ്ങളുമാണ്, കണ്ണടച്ചും
ഉയരുന്ന സംശയങ്ങളും ചോദ്യങ്ങളും അമര്‍ത്തിവച്ചും, 'എന്തെങ്കിലുമാകട്ടെ,
ആര്‍ക്കെന്തുനഷ്ടം' എന്ന ഉദാസീനഭാവത്തിലും
വിശ്വാസപ്രഖ്യാപനമെന്ന നിലയില്‍ നാമെല്ലാം നൂറ്റാണ്ടുകളായി ഏറ്റുചൊല്ലി
അംഗീകരിച്ചുകൊണ്ടിരിക്കുന്നത്! ഇതൊക്കെ തന്റെ വിശ്വാസമാണെന്ന്
സമ്മതിക്കുന്നവനേക്കൊണ്ട്, വേറെന്തൊക്കെയാണു
വിശ്വസിപ്പിച്ചുകൂടാത്തത്!
ഇവിടെ ഉയരുന്നത്
പ്രധാനമായും മൂന്നു പ്രശ്‌നങ്ങളാണ്. ഒന്നാമത്തേത്, ബോധ്യപ്പെടാത്തവ സ്വന്തം വിശ്വാസമായി ഏറ്റുചൊല്ലുന്നതിലെ
ആത്മവഞ്ചനയും കാപട്യവുമാണ്. രണ്ടാമതായി, എന്തിനോവേണ്ടി,
എന്നോ രൂപംകൊണ്ട ആരുടെയോ ഒരു വിശ്വാസം ഏറ്റുചൊല്ലേണ്ടിവരുന്നതിലുള്ള
ആത്മനിന്ദയാണ്. വിശ്വാസമെന്ന മര്‍മ്മപ്രധാനമായ കാര്യത്തെ തെറ്റിദ്ധരിക്കാനും
നിസ്സാരവല്‍ക്കരിച്ചുകാണാനും കാരണമാകുന്നു എന്നതാണ് മൂന്നാമത്തെ കാര്യം.
കത്തോലിക്കാ
കുടുംബങ്ങളില്‍ ഓരോ ആണ്‍കുഞ്ഞും പെണ്‍കുഞ്ഞും വളരുന്നത് ഈ ജന്മവൈകല്യങ്ങളും
പേറിയാണ് എന്നോര്‍ക്കുക. ഓരോ മനുഷ്യനെ സംബന്ധിച്ചും തന്റെ അസ്തിത്വബോധത്തിന്റെയും
ആത്മീയാവബോധത്തിന്റെയും വ്യക്തിത്വത്തിന്റെയും മൂലക്കല്ലായിരിക്കേണ്ടതാണ്
വിശ്വാസമെന്നിരിക്കേ, അതു
കരുപ്പിടിപ്പിക്കാനോ അതെന്തെന്നന്വേഷിക്കാന്‍പോലുമോ ഉള്ള അവസരം ഓരോ കത്തോലിക്കനും
നിഷേധിക്കപ്പെടുകയാണ്. പകരം, അന്യവിശ്വാസസംഹിതകള്‍ അടിച്ചേല്‍പ്പിച്ച്,
അതാണു വിശ്വാസമെന്നു തോന്നിപ്പിച്ച് അന്ധവിശ്വാസികളാക്കി, തങ്ങളറിയാതെതന്നെ കാപട്യത്തിന്റെയും ആത്മവഞ്ചനയുടെയും ആത്മനിന്ദയുടെയും
വിത്തുകള്‍ മനുഷ്യമനസ്സുകളില്‍ വിതയ്ക്കുകയാണ്, സഭ; വിശേഷബുദ്ധിയിലെ യുക്തിബോധം, അന്വേഷണത്വര, കല്പനാവൈഭവം, മനനംചെയ്യാനും ധ്യാന(meditation)ത്തിലൂടെ സ്വന്തം ആന്തരികതയിലേക്ക് ആഴപ്പെടാനുമുള്ള ശേഷി എന്നീ ഘടകങ്ങളെ
നിഷ്‌ക്കാസനംചെയ്യുകയാണ്. അങ്ങനെ, ആത്മീയമായി
അന്ധരാക്കുകയാണ്.
ജന്മനാ അന്ധരായവര്‍ക്ക്
കാഴ്ചയെന്നാലെന്ത് എന്നതിനേക്കുറിച്ചു ധാരണയില്ലാത്തതുപോലെ, ജന്മനാ അന്ധവിശ്വാസവും
ആത്മീയാന്ധതയും ബാധിച്ചവര്‍ക്ക് വിശ്വാസമെന്നാലെന്ത് എന്നതുസംബന്ധിച്ചും
ആത്മീയതയെന്നാലെന്ത് എന്നതു സംബന്ധിച്ചും എന്തെങ്കിലും ധാരണയോ ബോധ്യമോ
ഉണ്ടാകുന്നില്ല. അതുകൊണ്ടാണ്, വിശ്വാസസംഹിതകള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന
സംഘടിത-പുരോഹിതമതങ്ങള്‍ മതങ്ങളല്ലെന്നും മതവിരുദ്ധമാണെന്നും പറയേണ്ടിവരുന്നത്.
മതമെന്നാല്‍, ഉണ്മയെക്കുറിച്ച്, അഥവാ
സത്യത്തെക്കുറിച്ച്, മനുഷ്യന്‍ സ്വതന്ത്രമായി സ്വരൂപിക്കുന്ന
ആത്യന്തികഅഭിപ്രായമോ ബോധ്യമോ ആണെന്നിരിക്കേ, ഈ ബോധ്യം സ്വയം
നേടാനനുവദിക്കാത്ത പുരോഹിതമതങ്ങള്‍ക്ക് എങ്ങനെ മതത്തിന്റെ പദവി കൈവരും?
ഓരോരുത്തരെ
സംബന്ധിച്ചും അവനവന്റെ ബോധ്യംമാത്രമേ വിശ്വാസമാകുകയുള്ളൂ. എത്രതന്നെ ശരിയായ ഒരു
കാര്യംപോലും, ഒരാള്‍ക്കു
ബോധ്യമാകുംവരെ അയാളുടെ വിശ്വാസമാകുന്നില്ല എന്നതാണു സത്യം. ഒരു ഭക്ഷണപദാര്‍ത്ഥം
എത്രതന്നെ പോഷകമുള്ളതായാലും, സ്വന്തം ഉദരത്തിലെത്തി
ദഹിക്കുംവരെ ഒരാളുടെ ശരീരത്തില്‍ അതു സ്വാംശീകരിക്കപ്പെടുന്നില്ല
എന്നതുപോലെയാണിത്. അപ്പോള്‍പ്പിന്നെ ഒരിക്കലും ദഹിക്കുകയില്ലാത്ത കല്ലും മണ്ണും
ഇട്ടു കൊടുത്താലോ? മനുഷ്യന്റെ വിശേഷബുദ്ധിക്ക് ഒരിക്കലും
ദഹിപ്പിക്കാനാകാത്ത കല്ലും മണ്ണുമാണ്, അതിവിചിത്രവും
പ്രകടമായിത്തന്നെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമായ കത്തോലിക്കാസിദ്ധാന്തങ്ങളും
വിശ്വാസസത്യങ്ങളുമെന്ന് അതോരോന്നുമെടുത്തു നോക്കിയാല്‍ ആര്‍ക്കും കാണാം.
അല്ലായിരുന്നെങ്കില്‍, പുരോഹിതര്‍ക്കെങ്കിലും അവ സ്വയം
ബോധ്യപ്പെടാനും മനുഷ്യരെ ബോധ്യപ്പെടുത്താനും കഴിയുമായിരുന്നല്ലോ. സ്വയം
ബോധ്യപ്പെടാത്ത കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ആര്‍ക്കെങ്ങനെ കഴിയും! അതുകൊണ്ടവര്‍
അവയെല്ലാം വിശ്വാസരഹസ്യങ്ങളാണെന്നു വിശദീകരിക്കുകയാണ്! 'കാണാതെ
വിശ്വസിക്കുന്നവന്‍ അനുഗൃഹീതന്‍' എന്ന യേശുവചസ്സിന്റെ മറവില്‍, അവ മനുഷ്യബുദ്ധിക്കതീതമാണെന്നു വ്യാഖ്യാനിച്ചും, കെട്ടാനും
അഴിക്കാനുമുള്ള അധികാരം തങ്ങള്‍ക്കു നല്‍കപ്പെട്ടിരിക്കുന്നതിനാല്‍ തങ്ങള്‍
സത്യമെന്നു പ്രഖ്യാപിക്കുന്നവയെല്ലാം വിശ്വസിക്കുവാന്‍ സകലരും ബാധ്യസ്ഥരാണെന്നു
കല്പിച്ചും അവര്‍ അതെല്ലാം അടിച്ചേല്‍പ്പിക്കുകയാണ്. തിരിച്ചറിവുപോലുമില്ലാത്ത
പ്രായത്തിലും കുടുംബത്തിന്റെയും സമുദായത്തിന്റെയും സഹകരണത്തോടെയുമായതിനാല്‍ ഈ
അടിച്ചേല്‍പ്പിക്കലിനെ പ്രതിരോധിക്കാന്‍ ആര്‍ക്കും കഴിയുന്നുമില്ല.
ഇങ്ങനെ, അബദ്ധവിശ്വാസങ്ങളുടെ മണലില്‍
അടിത്തറയിട്ടു പണിതുയര്‍ത്തിയതും ശരിയായ വിശ്വാസത്തിന്റെ ഒരു ചെറിയ കാറ്റൂതിയാല്‍
മറിഞ്ഞുവീഴുന്നതുമായ ഒരു പുരോഹിതമണിമന്ദിരമായി കത്തോലിക്കാസഭയെ വീക്ഷിക്കാമെന്നു
തോന്നുന്നു. മറിഞ്ഞു വീണേക്കുമോ എന്ന ഭീതിമൂലമാണ്, അത്തരമൊരു
ചെറുകാറ്റുപോലും വീശാതിരിക്കാന്‍ അക്ഷരാഭ്യാസത്തെയും ബൈബിള്‍ വായനയെയും
വധശിക്ഷയ്ക്കുകീഴില്‍ വിലക്കിയതും, ബൈബിള്‍
വായിക്കാനനുവാദമുണ്ടായിരുന്ന പുരോഹിതരില്‍ വിമതചിന്ത ഉയര്‍ത്തിയ ജോണ്‍ ഹസ്സ്,
സാവനറോള, സ്വിംഗ്ലി, വില്യം
ടിന്‍ഡേല്‍ എന്നിവരേപ്പോലുള്ളവരെ പച്ചയ്ക്കു കത്തിച്ചും തൂക്കിലേറ്റിയുമൊക്കെ
കൊന്നുകളഞ്ഞതും. സ്വതന്ത്രമായ ദൈവാന്വേഷണത്തെയും വിശ്വാസരൂപീകരണത്തെയും ഔപചാരികസഭ
എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നതിന്, ഇന്നസെന്റ് 3-ാമന്‍
മാര്‍പാപ്പായുടെ, ''സഭയുടെ ആധികാരികപ്രമാണങ്ങളില്‍നിന്നു
വ്യത്യസ്തമായി, ദൈവത്തെക്കുറിച്ച് ഒരു ധാരണ വ്യക്തിഗതമായി
രൂപീകരിക്കാന്‍ ശ്രമിക്കുന്നവരെ നിര്‍ദ്ദാക്ഷിണ്യം അഗ്നിക്കിരയാക്കേണ്ടതാണ്''
(ഉദ്ധരണി, ജോര്‍ജ് നെടുവേലില്‍ രചിച്ച 'ഡാന്യൂബിന്റെ നാട്ടില്‍' എന്ന ഗ്രന്ഥത്തില്‍നിന്ന് -
പേജ്, 162) എന്ന അനുശാസനംതന്നെ തെളിവാണ്.
മാര്‍ട്ടിന്‍
ലൂഥറിന്റെ ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ പേറുന്നതും ആഴമില്ലാത്തതുമായ ഏതാനും ചോദ്യങ്ങള്‍ക്കുമുമ്പില്‍
ആടിയുലഞ്ഞുപോയി എന്നതില്‍നിന്നുതന്നെ, മുടിചൂടിനില്‍ക്കുന്നു എന്നഭിമാനിക്കുന്ന കത്തോലിക്കാസഭ വിശ്വാസത്തിന്റെ
പാറമേലല്ല പണിയപ്പെട്ടിരിക്കുന്നത് എന്നു തെളിയുന്നുണ്ട്. ശരിയായ വിശ്വാസാടിത്തറ
ഉണ്ടായിരുന്നെങ്കില്‍, അതിന്റെ അടിസ്ഥാനത്തില്‍ അവയ്‌ക്കെല്ലാം
കൃത്യമായ മറുപടി നല്‍കി ലൂഥറെയും അനുയായികളെയും തിരിച്ചുകൊണ്ടുവരുവാന്‍ മാര്‍പാപ്പാ
ശ്രമിക്കുമായിരുന്നു. താന്‍ സംസാരിക്കുമ്പോള്‍ ആരുടെയെങ്കിലും മനസ്സില്‍
എന്തെങ്കിലും സംശയമോ ചോദ്യമോ വിമര്‍ശനമോ ഉയരുന്നുണ്ടെന്നു തോന്നിയാലുടനെ പ്രസംഗം
നിര്‍ത്തി അതിനു മറുപടി പറയുമായിരുന്ന യേശുവിന്റെ അപ്പസ്‌തോലന്മാര്‍
എന്നവകാശപ്പെടുന്ന മാര്‍പാപ്പാമാരുള്‍പ്പെടെയുള്ളവര്‍,
വിശ്വാസിസമൂഹത്തില്‍നിന്നുയരുന്ന ന്യായമായ ചോദ്യങ്ങള്‍ക്കുമുമ്പില്‍പ്പോലും കണ്ണും
കാതും ഹൃദയവും അടയ്ക്കുന്നതാണ് ഇന്നു നാം കണ്ടുവരുന്നത്. പകരം, യേശുവചസ്സുകളുമായി യാതൊരു ബന്ധവുമില്ലാത്ത അതേ പഴഞ്ചന്‍ വിശ്വാസസംഹിതകള്‍തന്നെ
വര്‍ദ്ധിതവീര്യത്തോടെ പ്രഘോഷിച്ചുകൊണ്ടേയിരിക്കുന്നു, അവര്‍.
ആത്മീയാന്ധതയില്‍ പിറന്നുവീഴാന്‍ വിധിക്കപ്പെട്ട ഓരോ കത്തോലിക്കാവിശ്വാസിയും അതിന്‍പ്രകാരം
സ്വന്തം ദൈവമെന്നു തെറ്റിദ്ധരിച്ച് പുരോഹിതസിദ്ധാന്തങ്ങളില്‍ വിശ്വസിച്ചും,
ദൈവാരാധനയെന്നു തെറ്റിദ്ധരിച്ച് പുരോഹിതാനുഷ്ഠാനങ്ങളില്‍ ആമഗ്നരായും,
വിശ്വാസമെന്നുകരുതി അന്ധവിശ്വാസങ്ങളുടെ ഈറ്റില്ലമായ പൗരോഹിത്യം
പെറ്റുകൂട്ടുന്ന പുണ്യാളഭക്തി, തിരുശേഷിപ്പുഭക്തി, കഴുന്നുഭക്തി, കുരിശുമലഭക്തി, കൊന്തഭക്തി,
പ്രദക്ഷിണഭക്തി, നൊവേനഭക്തി എന്നിങ്ങനെ
വീട്-കാര്‍ വെഞ്ചരിപ്പുഭക്തിവരെയുള്ള അനവധിയായ ആചാരാഭാസങ്ങളില്‍ വിശ്വസിച്ചും
നെട്ടോട്ടമോടുകയാണ്. ഏതാനും മാസംമുമ്പ്, കാഞ്ഞിരപ്പള്ളി-പാലാ
രൂപതകളില്‍ 'അന്തോനീസിന്റെ അഴുകാത്ത സ്വനനാളിപ്രതിഷ്ഠ'യുടെ പിന്നിലായിരുന്നു ഓട്ടമെങ്കില്‍, ഇപ്പോള്‍ 'ഫാത്തിമാമാതാവി'ന്റെ രൂപതതോറുമുള്ള
വിഗ്രഹപ്രതിഷ്ഠയ്ക്കും ഫ്രാന്‍സീസ് അസീസ്സിയുടെ തിരുശേഷിപ്പുപ്രതിഷ്ഠയ്ക്കും
പിന്നിലാണ് ഓട്ടം!
വിശ്വാസിസമൂഹത്തെ
ആദ്ധ്യാത്മികമായി നയിക്കാന്‍ ചുമതലപ്പെട്ടവര്‍ക്ക് അല്പമെങ്കിലും ബൗദ്ധികസത്യസന്ധതയുണ്ടെങ്കില്‍, ഈ ഭക്തിപ്രസ്ഥാനങ്ങളെ
സുവിശേഷാടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ചുസമര്‍ത്ഥിക്കാന്‍ തയ്യാറാകുമായിരുന്നു.
അന്തോനീസിന്റെ സ്വനനാളി ഒരു അഴുകാവസ്തു ആണെന്നിരുന്നാല്‍ത്തന്നെ, അതിന്റെപേരില്‍ എന്തു ദിവ്യതയാണതിനു കൈവരുന്നത്, ഇങ്ങനെ
എഴുന്നള്ളിച്ചു നടക്കാന്‍? അഴുകി മണ്ണിലേക്കു ലയിക്കുകയെന്ന
ദൈവനിയമത്തിനു വിപരീതമായി ഒരു ശരീരഭാഗം അഴുകാതിരിക്കുന്നത് ഏതെങ്കിലും
പുണ്യത്തിന്റെ സൂചനയായി യേശുവോ ശിഷ്യന്മാരോ പറഞ്ഞിട്ടുണ്ടോ? അതുപോലെതന്നെ,
മാതാവിന്റെ ഒരു പ്രതിമ ഫാത്തിമായില്‍നിന്നുള്ളതായതുകൊണ്ട് എന്തു
പ്രത്യേക മേന്മയാണതിനുള്ളത്? 'അങ്ങയുടെ ആഗമനംവരെ
മരിച്ചവരെല്ലാം നിദ്രചെയ്യുന്നു' എന്ന സഭാപ്രബോധനം
ശരിയെങ്കില്‍, വിശുദ്ധരുടെ മാധ്യസ്ഥ്യം സംബന്ധിച്ച
സിദ്ധാന്തങ്ങള്‍ എങ്ങനെ ശരിയാകും? ശരിയല്ലെങ്കില്‍ പിന്നെ
യെന്തിന് നൊവേനകളും
കഴുന്നെടുക്കലും എണ്ണയൊഴിക്കലും പ്രോത്സാഹിപ്പിക്കുന്നു? വിഗ്രഹങ്ങള്‍ക്കുമുമ്പില്‍
പ്രണമിക്കരുത് എന്നത് ദൈവകല്പനയായി പഠിപ്പിക്കുന്ന കത്തോലിക്കാസഭയ്ക്ക്, വിശുദ്ധരുടെ വിഗ്രഹങ്ങള്‍ക്കുമുമ്പില്‍ വൈദികര്‍ തലകുമ്പിട്ട് ധൂപാര്‍പ്പണം
നടത്തുന്നതിനെ എങ്ങനെ ന്യായീകരിക്കാനാകും?
ചിന്താശക്തി തീര്‍ത്തും
വറ്റിപ്പോയിട്ടില്ലാത്ത സഭാപൗരന്മാര്‍ എക്കാലത്തും ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.
മുന്‍കാലങ്ങളില്‍ അത്തരക്കാരെ പീഡിപ്പിച്ചോ കൊന്നോ നിശ്ശബ്ദരാക്കുകയാണു
ചെയ്തിരുന്നതെങ്കില്‍,
ഇന്ന് അതൊന്നും കേള്‍ക്കുന്നതേയില്ല എന്നു നടിച്ച് നിശ്ശബ്ദതപാലിക്കുകയാണ്
കത്തോലിക്കാസഭ. ഒന്നിനും വിശദീകരണം നല്‍കാതെ, മനുഷ്യരെ
അന്ധമായ അനേകം ആചാരാഭാസങ്ങള്‍ക്കടിമകളാക്കി ധനസമാഹരണം നടത്തുകയെന്ന പ്രക്രിയ,
മാമോന്‍ ആരാധനക്രമം, പൗരോഹിത്യസംവിധാനത്തിന്റെ
ആത്മീയപരിവേഷത്തിന്റെയും അധികാരശക്തിയുടെയും ബലത്തില്‍ തുടരുകയാണ്.
കേരളകത്തോലിക്കാസഭയിലേക്കു
നോക്കിയാല്‍ ഇന്നു നാം കാണുക, ആരൊക്കെയോ എന്തിനൊക്കെയോവേണ്ടി ഏതൊക്കെയോ കാലഘട്ടങ്ങളില്‍ നിര്‍മ്മിച്ചെടുത്ത
വിശ്വാസപ്രമാണങ്ങളുടെയും വിശ്വാസസത്യങ്ങളുടെയും മതസിദ്ധാന്തങ്ങളുടെയും
മതനിയമങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അനവധിയായ ആചാരാഭാസങ്ങളുടെയും
ഭാണ്ഡക്കെട്ടുകള്‍ ഭയ-ഭക്തിപാരവശ്യത്തോടെ തലയില്‍ചുമന്ന് പുരോഹിതര്‍
പറയുന്നിടത്തേക്കൊക്കെ ഓടി നടക്കുന്ന അന്തസാരശൂന്യരും വ്യക്തിത്വം കെട്ടവരും
അടിമമനസ്‌ക്കരുമായിത്തീര്‍ന്ന ഒരു ആള്‍ക്കൂട്ടസമൂഹത്തെയാണ്. യേശുവിനെയോ യേശുവിന്റെ
പ്രബോധനങ്ങളെയോ മനസ്സിലാക്കാനുള്ള കെല്പുനഷ്ടപ്പെട്ട്, ജീവിതവ്യഗ്രതയുടെ
ചുഴികളില്‍ അവനവന്‍നോക്കികളായി ചുരുങ്ങിക്കൂടിയും, രക്ഷയ്ക്കായി
ധ്യാനകേന്ദ്രങ്ങള്‍തോറും 'യേശുവേ' എന്നലറിവിളിച്ചും
തീര്‍ത്ഥാടനകേന്ദ്രങ്ങളിലലഞ്ഞും വലയുന്ന വിശ്വാസമില്ലാത്ത ഈ ജനത്തെ നോക്കിനിന്നാല്‍, ജെറുശലേമിനെ നോക്കി യേശു വിലപിച്ചതുപോലെ (മത്താ. 23:37-38), സുബോധം നഷ്ടപ്പെടാത്തവരാരും വിലപിച്ചുപോകും.
ഈ ദുരവസ്ഥയ്ക്ക്
അടിസ്ഥാനകാരണം വിശ്വാസമില്ലായ്മതന്നെയാണ്;
പരിഹാരം, വിശ്വാസം
കരുപ്പിടിപ്പിക്കുകയെന്നതും. സൂക്ഷ്മമായി നോക്കിയാല്‍,
മനുഷ്യന്‍ പുലര്‍ത്തുന്ന വിശ്വാസമാണ് ലോകത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നത് എന്നു
കാണാം. ഓരോ മനുഷ്യനിലും തനതായ ഒരു വിശ്വാസം രൂപപ്പെടാനിടയായാല്‍ ഈ ലോകമാകെ
ഐശ്വര്യത്തിലേക്കു കുതിക്കും. മറിച്ച്, അന്യവിശ്വാസങ്ങള്‍
സ്വന്തമെന്നപോലെ തലയില്‍ ചുമക്കുന്ന വ്യക്തിത്വമില്ലാത്തവരായി ഓരോരുത്തരും
മാറിയാല്‍ ലോകം അധഃപതനത്തിലേക്കു കൂപ്പുകുത്തുകയുംചെയ്യും.
ഇവിടെ
വിശ്വാസമെന്നാല്‍, ഓരോ
മനുഷ്യന്റെയും തനതു ബോധ്യം എന്നുമാത്രമാണര്‍ത്ഥം-ആകമാന ഉണ്മയെക്കുറിച്ച്
ആചാര്യവചനങ്ങളുടെ സഹായത്താലോ അല്ലാതെതന്നെയോ സ്വയം സ്വരൂപിക്കുന്ന പരമ
ബോധ്യമാണ്
വിശ്വാസം. മതമെന്ന വാക്കിനും അതേ അര്‍ത്ഥംതന്നെയാണുള്ളതെന്ന് അല്പമാലോചിച്ചാല്‍
ആര്‍ക്കും മനസ്സിലാക്കാം. പക്ഷേ, ഈ മതത്തില്‍, ബോധ്യത്തില്‍,
അഥവാ വിശ്വാസത്തില്‍ എത്താന്‍, ഒരുവന് തന്റെ
ബോധമണ്ഡലത്തിനപ്പുറത്തേക്കു കടക്കേണ്ടതുണ്ട്. ''കാണാതെ
വിശ്വസിക്കുന്നവന്‍ അനുഗൃഹീതന്‍'' എന്നു പറയപ്പെടുന്നത് ഈ
അര്‍ത്ഥത്തിലാണ്. കാരണം, ബാഹ്യമായി കാണപ്പെടുന്ന സകലതിനുമടിയില്‍, അഥവാ
ഉള്ളില്‍, പ്രത്യക്ഷത്തില്‍ കാണപ്പെടാത്ത ഒരു അടിസ്ഥാനമുണ്ട്;
വൃക്ഷം കാണാം, വേര് പ്രത്യക്ഷത്തില്‍
കാണുന്നില്ല എന്നതുപോലെ. ഞാനിപ്പോള്‍ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് എന്റെ
ബോധത്തില്‍ എനിക്കറിയാം. എനിക്കതു പ്രത്യക്ഷത്തില്‍ കാണുകയും ചെയ്യാം. എന്നാല്‍, അതിനുവേണ്ടി എന്റെ ശരീരത്തില്‍, പ്രത്യേകിച്ചു
മസ്തിഷ്‌കത്തില്‍, നടക്കുന്ന പ്രക്രിയകള്‍ എന്തെന്നും,
അവയുടെയെല്ലം ഏകോപനം സംഘടിതമായി എങ്ങനെ ആരു നടത്തുന്നുവെന്നും
കാണാനോ മനസ്സിലാക്കാനോ എനിക്കു കഴിയുന്നില്ല. പക്ഷേ, അങ്ങനെയെന്തെങ്കിലും
നടക്കാതെ ഈ എഴുത്തു സംഭവിക്കുകയില്ല എന്നെനിക്കറിയാം. എനിക്കു പ്രത്യക്ഷത്തില്‍
കാണാവുന്ന 'ഈ ഞാന്‍' ഇതൊന്നും
നടത്തുന്നില്ല എന്നെനിക്കു നിശ്ചയമുണ്ടുതാനും. അപ്പോള്‍പ്പിന്നെ അതെങ്ങനെ
നടക്കുന്നു? ഇവിടെയാണ്, മനുഷ്യന്റെ
കേവലമായ യുക്തിബോധത്തിനപ്പുറത്തേക്ക്, അവന്റെ ആന്തരികതയിലേക്ക്,
നോക്കേണ്ടതിന്റെ ആവശ്യകത അനുഭവപ്പെടുന്നത്. ഞാന്‍ ഗാഢമായി
ഉറങ്ങുമ്പോഴും എന്റെ ശാരീരികപ്രക്രിയകളെല്ലാം ഓരോ നിമിഷാര്‍ത്ഥത്തിലും കൃത്യമായി
നടക്കുന്നുവെങ്കില്‍, ഞാന്‍ പ്രത്യക്ഷത്തില്‍ കാണുന്ന ഈ 'ഞാനി'നപ്പുറം മറ്റൊരു 'ഞാന്‍' എന്നില്‍ ഒരു സത്തയായി, അല്ലെങ്കില്‍ നിയതമായ ഒരു
നിയമമായി, വര്‍ത്തിക്കുന്നുണ്ടാവണമെന്ന് എന്റെ പ്രത്യക്ഷമായ
യുക്തിബോധത്തിനപ്പുറമുള്ള എന്റെതന്നെ കല്പനാവൈഭവംകൊണ്ട് എനിക്കനുമാനിക്കാനാകും.
ഇതു കാണാതെ വിശ്വസിക്കലാണ്; പക്ഷേ, അനുഭവബോധ്യവുമാണ്.
ഇതുപോലെ എന്റെ ബോധത്തിന് ഉള്‍ക്കൊള്ളാനാകാത്തത്ര അപാരമായിരിക്കുന്ന ഈ
പ്രപഞ്ചത്തിന്റെ ചലനാത്മകവും സജീവവുമായ നിലനില്പിനുപിന്നിലും, അതിന്റെ എല്ലാ 'ശൂന്യസ്ഥല'ങ്ങളില്‍പ്പോലും,
അദൃശ്യമായ ഒരു ചൈതന്യസത്ത, അഥവാ നിയതി എന്നു
പറയാവുന്ന നിയതമായൊരു പ്രപഞ്ചനിയമം, ഉണ്ടാവാതെ വയ്യ എന്നും
എന്റെ കല്പനാശേഷിയുപയോഗിച്ച് എനിക്കനുമാനിക്കാനാകും. ഇതും കാണാതെ വിശ്വസിക്കലാണ്;
ബോധ്യപ്പെടലാണ്. ഞാന്‍ ഈ പ്രപഞ്ചത്തിന്റെ ഭാഗമായതിനാല്‍, ഈ എന്നിലും മുഴുവന്‍ ചരാചരങ്ങളിലും വര്‍ത്തിച്ച് എന്നെയും എല്ലാറ്റിനെയും
സജീവമാക്കി നിര്‍ത്തുന്നത് ഏതോ ഒരു ചൈതന്യസത്ത, അല്ലെങ്കില്‍
പ്രപഞ്ചനിയമം ആണെന്നും എനിക്കനുമാനിക്കാനാവും.
ഇത്തരം
അനുമാനബോധ്യത്തില്‍നിന്നാണ് ആത്മീയത സംബന്ധിച്ച ധാരണ മനുഷ്യനുണ്ടാകുന്നത്.
ആത്മീയതയെന്നാല്‍,
കാണുന്നതും കാണപ്പെടാത്തതുമായ സകലതും ഒരു ചൈതന്യസത്തയാല്‍,
അഥവാ ഒരു സാര്‍വ്വത്രികനിയമത്താല്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും
തന്മൂലം, എല്ലാം ഒന്നുതന്നെയാണെന്നുമുള്ള അവബോധമല്ലാതെ
മറ്റൊന്നുമല്ല. സകലതും സകലരും ഒന്നുതന്നെയെന്ന ബോധ്യം, അഥവാ
വിശ്വാസം, സകലതിനെയും സകലരെയും തന്റെതന്നെ ഭാഗമായി കാണുവാന്‍
മനുഷ്യരെ പ്രേരിപ്പിക്കും. സ്‌നേഹത്തിന്റെയും മുഴുവന്‍ മാനുഷികമൂല്യങ്ങളുടെയും
സ്രോതസായി ആത്മീയത മാറുന്നതിങ്ങനെയാണ്. ആദ്ധ്യാത്മികാവബോധത്തിന്റെ സമ്പൂര്‍ണ്ണതയില്‍, തന്നില്‍ വര്‍ത്തിക്കുന്ന നിത്യസത്തയായി, അഥവാ
നിത്യം നിലനില്ക്കുന്ന സാര്‍വ്വത്രികനിയമമായി സ്വയം തിരിച്ചറിഞ്ഞ്, യേശുവിനേപ്പോലെ അദ്വൈതാനുഭവത്തിലെത്താനും നിത്യത രുചിക്കുവാനും മനുഷ്യനു
കഴിയുന്നു. മനുഷ്യനെ ദൈവികന്‍ ആക്കാന്‍ വിശ്വാസത്തിനു കഴിയുന്നു!
ബുദ്ധികൊണ്ട്
യുക്തിഭദ്രമായും കല്പനാവൈഭവംകൊണ്ട് കേവലബുദ്ധിക്കപ്പുറത്തേക്കു കടന്ന്
യുക്തിക്കതീതമായും അന്വേഷിക്കുകയും ഭാവനചെയ്യുകയും സത്യം കണ്ടെത്തുകയും
ചെയ്യേണ്ടത് ഓരോ മനുഷ്യവ്യക്തിയുമാണെന്നതാണ് ഇവിടെ മനസ്സിലാക്കാനുള്ള മറ്റൊരു
കാര്യം. അന്വേഷണരീതിയും അന്വേഷണഫലവും എത്തിച്ചേര്‍ന്ന ബോധ്യ(വിശ്വാസം)വും
സമൂഹവുമായി പങ്കുവയ്ക്കാമെന്നും, അങ്ങനെ സമൂഹത്തിലുള്ള വ്യക്തികളെ സത്യാന്വേഷണത്തിലേക്കു
പ്രചോദിപ്പിക്കാമെന്നുമല്ലാതെ സംഘടിതമായി ഇങ്ങനെയൊരു അന്വേഷണവും കണ്ടെത്തലും
സാധ്യമല്ല. കാരണം, അന്വേഷിക്കാനുള്ള മനസ്സും വിശേഷബുദ്ധിയും
മനുഷ്യവ്യക്തികള്‍ക്കാണു നല്‍കപ്പെട്ടിരിക്കുന്നത്, സമൂഹത്തിനോ
സഭയ്‌ക്കോ അല്ല. അതുകൊണ്ടാണ് സംഘടിതമതങ്ങള്‍ മതങ്ങളേയല്ല എന്നു പറയേണ്ടിവരുന്നത്.
പരമാവധി, തങ്ങളുടെ ആചാര്യന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും
അതേക്കുറിച്ചു മനനം ചെയ്യാനും ചെയ്യിക്കാനുമുള്ള ആചാര്യന്മാരുടെ ഒരു സംവിധാനമാകാം.
അതിനപ്പുറത്തേക്ക് ഒരു 'മതം' സംഘടിതമായിത്തീരുമ്പോള്‍
അതിനു രാഷ്ട്രീയസ്വഭാവം കൈവരുകയാണുചെയ്യുന്നത്. മനുഷ്യരെ പരസ്പരം
ഉത്തേജിപ്പിക്കുകയും ഒന്നിപ്പിക്കുകയും ചെയ്യേണ്ട മതം, അതോടെ
മനുഷ്യനെ തളര്‍ത്തുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന ഒരു ശക്തിയായിത്തീരുന്നു.
സ്വതന്ത്രമായി
ചിന്തിക്കാനും സത്യാന്വേഷണം നടത്താനും സ്വന്തം കണ്ടെത്തലുകളിലെത്തി ജീവിച്ച്
ജീവിതത്തിനര്‍ത്ഥം കൊടുക്കാനുമുള്ള മനുഷ്യന്റെ ജന്മാവകാശം എന്തു വിലകൊടുത്തും
മനുഷ്യന്‍ നേടിയെടുക്കേണ്ടതാവശ്യമായിരിക്കുന്നു. അന്ധവിശ്വാസജഡിലമായി അങ്ങേയറ്റം
ജീര്‍ണ്ണതയിലാണ്ടിരിക്കുന്ന കേരളകത്തോലിക്കാസമുദായത്തിന്റെ സമുദ്ധാരണത്തിനും ഇത്
അവശ്യം ആവശ്യമാണ്.
കത്തോലിക്കാസഭയുടെ
ആധികാരിക മതബോധനഗ്രന്ഥത്തിന്റെ ആരും തുറക്കാറില്ലാത്ത ഏടുകളില്‍
മനുഷ്യവ്യക്തിക്കുള്ള ഈ മൗലികസ്വാതന്ത്ര്യം അംഗീകരിച്ചിട്ടുണ്ടത്രെ! അതിന്റെ
1730-ാം ഖണ്ഡികയില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ''.... മനുഷ്യന്‍ അവന്റെതന്നെ ആലോചനാശക്തിയുടെ
നിയന്ത്രണത്തിലായിരിക്കണമെന്ന് ദൈവം നിശ്ചയിച്ചു. സ്വമേധയാ സ്വന്തം സ്രഷ്ടാവിനെ
അന്വേഷിക്കാനും അവിടുത്തോടു ചേര്‍ന്നുനിന്നുകൊണ്ട് സമ്പൂര്‍ണ്ണവും
സൗഭാഗ്യപൂരിതവുമായ പൂര്‍ണ്ണതയിലേക്കു സ്വതന്ത്രമായി എത്താനും വേണ്ടിയാണത്''
(ഫാ. ഡേവീസ് കാച്ചപ്പള്ളിയുടെ ലേഖനം കാണുക, പേജ്:
28).
കത്തോലിക്കാസഭയുടെ
ഈ ആധികാരികപ്രബോധനം പ്രായോഗികമാക്കിയാല്‍മാത്രംമതി, കത്തോലിക്കാസഭയും കത്തോലിക്കരും രക്ഷപെടും; മിക്കവാറും, അതേത്തുടര്‍ന്ന് മുഴുവന്‍ ലോകംതന്നെയും
രക്ഷപ്പെട്ടുകൊള്ളും.
എഡിറ്റര്‍
No comments:
Post a Comment