Translate

Thursday, November 23, 2017

പഴയനിയമത്തിലെ ദൈവത്തിന്റെ ക്രൂരതകള്‍

സ്വാമി ദേവപ്രസാദ് (കാനഡാ) ഫോണ്‍:(001)613-355-1791

[2017 ഒക്ടോബര്‍ ലക്കം സത്യജ്വാലയില്‍നിന്ന്]

(ക്രൂരത മുഖമുദ്രയായുള്ള പഴയനിയമത്തിലെ ദൈവസങ്കല്പത്തില്‍നിന്ന്, യേശു അവതരിപ്പിച്ച 'സ്‌നേഹപിതാവ്' എന്ന ദൈവസങ്കല്പത്തിലേക്കു മനുഷ്യനു നീങ്ങാ ന്‍ കഴിയണമെങ്കില്‍, സഭ നവീകരിക്കപ്പെടണമെങ്കില്‍, സഭ പഴയനിയമം വിട്ട് യേശുവിന്റെ പുതിയനിയമത്തിലേക്കു പൂര്‍ണ്ണമായി വരേണ്ടതില്ലേ എന്ന ചിന്ത ശക്തമായി ഉദിപ്പിക്കുന്ന ഒരു പഴയനിയമ പഠനസര്‍വ്വേ - എഡിറ്റര്‍, സത്യജ്വാല)

മനുഷ്യര്‍ സ്‌നേഹിച്ചു ജീവിക്കാന്‍ യേശു സ്‌നേഹത്തിന്റെ നിയമം പഠിപ്പിച്ചു. പഴയനിയമസംഹിതയും പഴയനിയമ കഥകളും (ഹീബ്രു ബൈബിള്‍) യേശുവിന്റെ സ്‌നേഹത്തിന്റെ നിയമത്തോടെ അപ്രസക്തമായി. യേശുശിഷ്യര്‍ പഴയനിയമസംഹിതയും പഴയനിയമകഥകളുമല്ല ജീവിതനിയമമായി സ്വീകരിക്കേണ്ടത്; പ്രത്യുത, യേശുവിന്റെ പുതിയനിയമമാണ് ജീവിതത്തില്‍ പകര്‍ത്തേണ്ടത്. പഴയനിയമം അവതരിപ്പിക്കുന്ന യഹോവ എന്ന ദൈവത്തില്‍ ക്രൂരതയുടെയും കൊലയുടെയും കൊള്ളയുടെയും വംശഹത്യയുടെയുമായ മുഖമാണ് തെളിഞ്ഞുവരുന്നത്. യേശുവാകുന്ന വെളിച്ചം കണ്ടവര്‍ എന്തിനാണ് ഇരുണ്ട പഴയനിയമകാലഘട്ടത്തിലേക്കു തിരിഞ്ഞുനോക്കുന്നത്? ഇന്നത്തെ ആധുനികസമൂഹം പഴയ അപരിഷ്‌കൃത കാലത്തെ ക്രൂരകഥകളുടെയും ഐതിഹ്യങ്ങളുടെയും പിന്നാലെ പോകേണ്ടതുണ്ടോ? ഇന്നത്തെ തലമുറ അവ വായിച്ചാണോ വളരേണ്ടത്?സ്‌നേഹിക്കാന്‍, ക്ഷമിക്കാന്‍ അറിയാത്ത ക്രൂരനായ ദൈവത്തെയാണ് പഴയനിയമത്തില്‍ ഉടനീളം കാണുന്നത്. പഴയനിയമത്തിലെ കെട്ടുകഥകളിലധികവും കൊലയുടേതും കൊള്ളയുടേതും വംശഹത്യയുടേതുമാണ്. ഇതിന്റെ വ്യക്തമായ കുറെ ഉദാഹരണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്:
'എന്റെ സൃഷ്ടിയായ മനുഷ്യനെ ഭൂമുഖത്തുനിന്നു ഞാന്‍ തുടച്ചുമാറ്റും' (ഉല്പത്തി 6:7).
കന്മഴ പെയ്യിച്ച് മനുഷ്യരെയും മൃഗങ്ങളെയും നശിപ്പിക്കുന്നു (പുറപ്പാട് 9:13-35).
ഈജിപ്റ്റിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതന്മാരെ സംഹരിക്കുന്നു (പുറപ്പാട്  11-12).
ഇസ്രായേല്‍ക്കാരെ പിന്തുടര്‍ന്ന ഫറവോയുടെ സൈന്യത്തെമുഴുവനും കടല്‍വെള്ളംകൊണ്ടു മൂടിക്കളയുന്നു (പുറപ്പാട് 14).
കാളക്കുട്ടിയെ ആരാധിച്ചവരെ വധിക്കുന്നു (പുറപ്പാട് 32:26-29).
അഹറോന്റെ മക്കളെ നിഷ്‌കരുണം വധിക്കുന്നു (ലേവ്യര്‍ 10:1-2). 
തന്റെ കല്പനകള്‍ അനുസരിക്കാത്തവര്‍ക്ക് ശിക്ഷ നല്‍കുന്നു, അവരെ നശിപ്പിക്കുന്നു (ലേവ്യര്‍ 26:14-39).
കാടപ്പക്ഷികളെ തിന്നവരെ മഹാമാരി അയച്ചു ശിക്ഷിക്കുന്നു (സംഖ്യ 11:32-34).
കൊഹാറിനെയും അനുചരന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും ജീവനോടെ ഭൂമിയില്‍ മൂടി. ധൂപാര്‍ച്ചന നടത്തിയ 250 പേരെ ദഹിപ്പിച്ചു. 14700 പേരെ മഹാമാരിയില്‍ കൊന്നു (സംഖ്യ 16:15-35).
അനേകരെ കൊന്നൊടുക്കി ദേശങ്ങളൊക്കെ കൈയടക്കി (സംഖ്യ 21:4-35).
യഹോവയുടെ ആജ്ഞപ്രകാരം ജോഷ്വായുടെ നേതൃത്വത്തില്‍ അയല്‍രാജ്യങ്ങളെ ആക്രമിക്കുകയും കൊള്ളയും കൊലയും നടത്തുകയും ചെയ്യുന്നു (ജോഷ്വാ 10:7-43).
കൈകാലുകളുടെ പെരുവിരലുകള്‍ ഛേദിക്കപ്പെട്ട എഴുപതു രാജാക്കന്മാര്‍ മേശയ്ക്കുകീഴിലെ ഉച്ഛിഷ്ടം പെറുക്കി തിന്നുന്നു (ന്യായാധിപന്മാര്‍ 1:6-7).
മിദിയാന്‍കാരോട് കാണിക്കുന്ന ക്രൂരത (ന്യായാധിപന്മാര്‍ 7:9-25).
കര്‍ത്താവിന്റെ പേടകത്തിലേക്കു നോക്കിയതിനാല്‍ എഴുപത് ബത്ഷെമേഷുകാരെ വധിച്ചു (1 സാമുവേല്‍ 6:19).
ദാവീദ് രാജാവ് നാബാലിന്റെ ഭാര്യയെ സ്വന്തമാക്കാന്‍ അവനെ ചതിവില്‍ കൊല്ലുന്നു (1 സാമുവേല്‍ 25:36-38).
അബദ്ധത്തില്‍ ദൈവത്തിന്റെ പേടകത്തെ തൊട്ട ഉസ്സായെ ദൈവം കൊല്ലുന്നു (2 സാമുവേല്‍ 6:6-8).
ഊറിയായുടെ ഭാര്യ പ്രസവിച്ച ദാവീദിന്റെ കുഞ്ഞു കര്‍ത്താവിന്റെ പ്രഹരമേറ്റ് മരിക്കുന്നു (2 സാമുവേല്‍ 12:13-18).
പ്രതികാരം ചെയ്യുമ്പോള്‍ പ്രസാദിക്കുന്ന, പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം (2 സാമുവേല്‍ 21:1-13).
ദാവീദ് ജനസംഖ്യ എടുത്തതിന് 70000 പേരെ മഹാമാരി അയച്ചു കൊന്നു, പ്രതികാരംചെയ്യുന്ന ദൈവം (2 സാമുവേല്‍ 24:15).
ഭക്ഷണം കഴിച്ചതിനു ശിക്ഷയായി ഒരു ദൈവമനുഷ്യനെ സിംഹത്തെ വിട്ടു കൊല്ലിക്കുന്നു (1 രാജാക്കന്മാര്‍ 13:14-25).
സ്വര്‍ഗ്ഗത്തില്‍നിന്നു അഗ്‌നി ഇറക്കി മനുഷ്യരെ ദഹിപ്പിക്കുന്നു (2 രാജാക്കന്മാര്‍ 1:9-12).
പട്ടണത്തിലെ ചില ബാലന്മാര്‍ പ്രവാചകനെ പരിഹസിച്ചതിനു പ്രതികാരമായി കര്‍ത്താവിന്റെ നാമത്തില്‍ അവരെ ശപിച്ചു. അതിന്റെ ഫലമായി  നാല്പത്തിരണ്ടു ബാലന്മാരെ കരടി പിടിച്ചു തിന്നുന്നു (2 രാജാക്കന്മാര്‍ 2:23-24).
ഒരു സംശയം പ്രകടിപ്പിച്ച ഉദ്യോഗസ്ഥപ്രമാണി ജനങ്ങളാല്‍ ചവിട്ടി മെതിച്ചു കൊല്ലപ്പെടുന്നു (2 രാജാക്കന്മാര്‍7).
രാത്രി കര്‍ത്താവിന്റെ ദൂതന്‍ അസീരിയപാളയത്തില്‍ കടന്ന് ഒരു ലക്ഷത്തി എണ്‍പത്തയ്യായിരം പേരെ വധിച്ചു (2 രാജാക്കന്മാര്‍ 19:35).
യൂദായുടെ ആദ്യജാതനായ ഏര്‍ കര്‍ത്താവിന്റെ ദൃഷ്ടിയില്‍ ദുഷ്ടനായിരുന്നതിനാല്‍ അവിടുന്ന് അവനെ നിഹനിച്ചു (1 ദിനവൃത്താന്തം 2:3).
സാവൂള്‍ കര്‍ത്താവിന്റെ ഹിതം അന്വേഷിച്ചില്ല. അവിടുന്ന് അവനെ വധിച്ചു (10 ദിനവൃത്താന്തം 10:14).
ജെറുസലേമിനെ ദൈവം നശിപ്പിക്കുന്നു. യുവാക്കളോടോ, കന്യകകളോടോ, വൃദ്ധന്മാരോടോ, പടുകിഴവന്മാരോടോ അവന്‍ കരുണ കാണിച്ചില്ല (2 ദിനവൃത്താന്തം 36:).
ഇയ്യോബിനോട്  ക്രൂരമായി പെരുമാറുന്ന ദൈവം (ഇയ്യോബ്).
'ഞാന്‍ ഒരുവനെ എടുത്ത് മറ്റൊരുവന്റെമേല്‍ അടിക്കും. പിതാക്കന്മാരെയും മക്കളെയും ഒരുപോലെ. ഞാന്‍ ആരോടും കരുണകാണിക്കുകയില്ല; ഒരുവനെയും വെറുതെവിടുകയില്ല; എല്ലാവരെയും നിര്‍ദയം നശിപ്പിക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു' (ജെറമിയ 13:13-14).    
ക്രൂരമായ ശിക്ഷാവിധിക്കുന്ന കര്‍ത്താവ് (എസക്കിയേല്‍ 5:8-17).
ദൈവത്തിന്റെ ക്രൂരത (എസക്കിയേല്‍ 14:12-23).
'അവര്‍ക്കു മക്കളുണ്ടായാല്‍ത്തന്നെ ആ അരുമസന്താനങ്ങളെ ഞാന്‍ വധിക്കും' (ഹോസിയ 9:16-17).
'കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ട കരടിയെപ്പോലെ ഞാന്‍ അവരുടെമേല്‍ ചാടിവീഴും. അവരുടെ മാറിടം ഞാന്‍ വലിച്ചുകീറും. സിംഹത്തെപ്പോലെ ഞാന്‍ അവിടെവച്ച് അവരെ വിഴുങ്ങും.വന്യമൃഗത്തെപ്പോലെ ഞാന്‍ അവരെ ചീന്തിക്കളയും' (ഹോസിയ 13:7-9).
'സമരിയ തന്റെ തെറ്റിനു ശിക്ഷയേല്‍ക്കണം. അവള്‍ തന്റെ ദൈവത്തെ ധിക്കരിച്ചു. അവള്‍ വാളിനിരയാകും. അവരുടെ കുഞ്ഞുങ്ങളെ നിലത്തടിച്ചു കൊല്ലും. അവരുടെ ഗര്‍ഭിണികളെ കുത്തിപ്പിളരും' (ഹോസിയ 13:16).
ഞാന്‍ സകല ജനത്തെയുംകൂട്ടി ജെറുസലേമിനെതിരെ യുദ്ധംചെയ്യാന്‍ വരുത്തും. അവര്‍ പട്ടണങ്ങള്‍ പിടിച്ചെടുക്കുകയും വീടുകള്‍ കൊള്ളയടിക്കുകയും സ്ത്രീകളെ അപമാനിക്കുകയുംചെയ്യും (സക്കറിയ 14:2).
ജെറുസലേമിനോട് യുദ്ധം ചെയ്യുന്ന ജനതകളുടെമേല്‍ കര്‍ത്താവ് അയക്കുന്ന മഹാമാരി (സക്കറിയ 14:12-13)
ദൈവത്തിന് എങ്ങനെ ഇത്രമാത്രം ക്രൂരത പ്രവര്‍ത്തിക്കാന്‍ കഴിയും? ഈ കഥകള്‍ വായിച്ചാണോ നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടത്?

No comments:

Post a Comment