സക്കറിയാസ് നെടുങ്കനാല്‍ ഫോണ്‍: 9061944169
('സത്യജ്വാല' അന്ധവിശ്വാസവിരുദ്ധ വിശേഷാല്‍പ്പതിപ്പില്‍നിന്ന്)
സഭയില്‍
ആരാധിക്കപ്പെടുന്ന ദൈവത്തെപ്പറ്റി, യേശുവിനെപ്പറ്റിയും മറിയത്തെപ്പറ്റിയും, ആധികാരികമായിട്ടെന്നപോലെ
എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നവര്‍ എന്നുമുണ്ട്. ഇതൊക്കെ വേദഗ്രന്ഥങ്ങളെ
ഉദ്ധരിച്ച് വളരെ ധൈര്യത്തോടെയും കൗശലപൂര്‍വവുമാണ് അവര്‍ ചെയ്യുന്നത്. കേട്ടാല്‍
തോന്നും ഇവര്‍ക്ക് നേരിട്ടു വെളിപാടു കിട്ടിയിട്ടുണ്ടെന്ന്. എന്നാല്‍, ഇതിനെല്ലാം എതിരെയും അവരുടേതുപോലെതന്നെ ശക്തമായ വെളിപാടു കിട്ടിയവരും
ഉണ്ടാവാം. നിഷ്പക്ഷ കാഴ്ചപ്പാടുള്ള ബലഹീനഹൃദയര്‍ക്ക് ആകെ കണ്‍ഫ്യൂഷനാണ് ഫലം. ഈ
വിഹ്വലസാഹചര്യത്തില്‍നിന്ന് മുക്തി നേടാന്‍ വഴിയുണ്ടോ?
അതിഗഹനവും
വിസ്തൃതവുമായ ഈ പ്രപഞ്ചത്തില്‍, അതിന്റെ നിയന്താവായ ദൈവത്തിന്, മനുഷ്യനായി
ജനിക്കേണ്ട ആവശ്യം ആര്‍ക്കെങ്കിലും മനോനില തെറ്റാതെ പറഞ്ഞു പിടിപ്പിക്കാനാകുമോ?
യേശുവിലൂടെ ദൈവം ചെയ്‌തെന്നു പറയുന്നവ അങ്ങനെയല്ലാതെ, നേരിട്ടുതന്നെ ചെയ്യാവുന്നവനല്ലേ ദൈവം? അതോ ദൈവവും
മനുഷ്യന്റെ നിര്‍വചനങ്ങളില്‍ ഒതുങ്ങിക്കൊള്ളണമെന്നാണോ ഈ (കു)ബുദ്ധിമാന്മാരുടെ
കടുംപിടുത്തം?
കാതലായ ചോദ്യം:
മുകളില്‍ മനുഷ്യന്റെ നിര്‍വചനങ്ങള്‍ എന്നു പറഞ്ഞവയില്‍പ്പെടും, ക്രിസ്ത്യാനികളുടെ ഭക്തിശീല
ങ്ങളിലെന്നപോലെ മറ്റു മതങ്ങളിലും നിലനില്ക്കുന്ന എണ്ണമറ്റ വിശ്വാസാഭ്യാസങ്ങള്‍.
ഇവയില്‍ ഏതെങ്കിലും ഒന്ന് തള്ളിക്കളഞ്ഞു എന്നുവച്ച് ശുദ്ധഗതിക്കാരനായ (മനസ്സില്‍
കളങ്കമില്ലാത്ത) ഒരാള്‍ക്ക് മനസ്സമാധാനം നഷ്ടപ്പെടുമോ? സാരമായ
അല്പം ആത്മശോധനയ്ക്കു തയ്യാറാണെങ്കില്‍, ന്യായമായ ഈ
സംശയത്തിന് ഒരുത്തരം കണ്ടെത്താമെന്നാണ് എനിക്കു തോന്നുന്നത്.
നിങ്ങളുടെ മതമോ
സമൂഹമോ നിങ്ങളെ പറഞ്ഞു വിശ്വസിപ്പിക്കുന്ന പ്രധാന കാര്യങ്ങള്‍ മനസ്സില്‍
അല്ലെങ്കില്‍ ഒരു കടലാസില്‍ കുറിക്കുക. അവയില്‍ ഓരോന്നായി എടുത്ത് പരിശോധിച്ചിട്ട്, സ്വന്തം മനസ്സാക്ഷിയെയോ അന്യരോടുള്ള
മനുഷ്യത്വപരമായ ഇടപെടലിനെയോ സാരമായി ബാധിക്കുകയില്ലെന്ന് സാമാന്യബുദ്ധികൊണ്ടു്
തീര്‍പ്പു കല്പിക്കാവുന്നവയെ വെട്ടിക്കളയുക. ഉദാഹരണത്തിന്, മറിയം
കന്യകയും ദൈവമാതാവുമാണ് എന്ന വിശ്വാസമെടുക്കാം. ലിസ്റ്റില്‍നിന്ന് അതങ്ങ് നീക്കം
ചെയ്താല്‍ എന്തു് സംഭവിക്കും? വേറൊന്നും സംഭവിക്കില്ല.
നിങ്ങള്‍ക്ക് ബൗദ്ധികമായ ഒരയവു തോന്നും. ആദ്ധ്യാത്മികമായ ഒരു കുറവും തോന്നുകയില്ല.
ദൈവത്തിന്റെ പ്രവര്‍ത്തനരീതിയില്‍ യാതൊരു തകരാറും സംഭവിച്ചതായി നിങ്ങള്‍ക്കനുഭവപ്പെടുകയുമില്ല.
എങ്കില്‍പ്പിന്നെ എന്തിനായിരുന്നു ഈ കാലമെല്ലാം നിങ്ങളെ സംബന്ധിച്ച് ഒരു പ്രസ്‌ക്തിയുമില്ലാത്ത
ഇത്തരം കണ്ടുപിടുത്തങ്ങളുമായി സഭ നിങ്ങളെ അലട്ടിക്കൊണ്ടിരുന്നത് എന്ന് സ്വയം
ചോദിച്ചുപോകും. അല്പബുദ്ധിയെങ്കിലും ഉപയോഗിക്കുന്നയാളെങ്കില്‍ ഈ കണ്ടെത്തല്‍ ഒരു
വലിയ ആശ്വാസമായി നിങ്ങള്‍ക്കനുഭവപ്പെടണം. ഇങ്ങനെ, അനാവശ്യമായവയെ
ഓരോന്നോരോന്നായി നീക്കംചെയ്ത്, അന്യര്‍ അനുവാദമില്ലാതെ നിങ്ങളില്‍
കെട്ടിയേല്പിച്ച വിശ്വാസസംഹിതയുടെ കനം കുറയ്ക്കുക. ഈ പ്രക്രിയ തുടര്‍ന്നാല്‍
ബാക്കിയാവുന്നത് ഒരു പക്ഷേ, സര്‍വനിയന്താവായ ഒരു
പരാശക്തിയിലുള്ള യുക്തിസഹമായ വിശ്വാസത്തിന്റെ കുളിര്‍മയുള്ള സുരക്ഷിതത്വം മാത്രമായിരിക്കും.
അതിനപ്പുറത്തുള്ള ഒന്നും വിശ്വസിക്കാന്‍ ആരും ആരെയും നിര്‍ബന്ധിക്കരുതാത്തതാണ്.
കൂലങ്കഷമായി
വിലയിരുത്തിയാല്‍ ദൈവത്തിലുള്ള വിശ്വാസംപോലും മനുഷ്യന്റെ സുസ്ഥിതിക്ക്
അനിവാര്യമല്ല. ഈ പറഞ്ഞ ആത്മശോധന വിപുലീകരിക്കാന്‍ ധൈര്യമുള്ളവര്‍ക്ക് തങ്ങളെ
ചെറുപ്പം മുതല്‍ സ്വാധീനിച്ചുപോരുന്ന വളരെ ബൃഹത്തായ വിശ്വാസപ്രമാണത്തെ
അദ്ഭുതകരമെന്നോണം അങ്ങേയറ്റം ലഘുവും സരളവുമാക്കാം. അതോടെ, കലുഷിതമായ ഒരാത്മീയപരിവേഷത്തിനും
അതുണ്ടാക്കുന്ന അനേകം മാനസികസംഘട്ടനങ്ങള്‍ക്കും പരിഹാരമാകും. ശാശ്വതമായി
നിലനില്ക്കുന്ന ഒരു ശാന്തി നിങ്ങളെ വലയംചെയ്യും. ചെറുപ്പംമുതല്‍ ഓരോരുത്തരിലും
മതവും കുടുംബവും കുത്തിത്തിരുകുന്ന വിശ്വാസങ്ങളെല്ലാംതന്നെ തത്പരകക്ഷികള്‍
അന്ധമായി സ്വരൂപിച്ച്, അടുത്ത തലമുറയിലേക്ക് അന്ധമായി
അടിച്ചേല്‍പിച്ചവയായിരുന്നു എന്ന തിരിച്ചറിവുണ്ടാകുന്നതോടെ ആദ്ധ്യാത്മികജീവിതത്തില്‍
സ്വാശ്രിതനും ബലവാനുമായി മുന്നേറാന്‍ ഏതൊരാള്‍ക്കും സാധിക്കും. അത്തരമൊരു
മാനസികാവസ്ഥയില്‍മാത്രമേ മനുഷ്യര്‍ സ്വാതന്ത്ര്യം രുചിച്ചുതുടങ്ങൂ.
നിരന്തരമായ
നിരീക്ഷണങ്ങളിലൂടെ ജീവികളെ തിരിച്ചറിയാനുള്ള വൈദഗ്ധ്യം നേടിയിരുന്ന ചാള്‍സ് ഡാര്‍വിനെ
ഒന്ന് പറ്റിക്കാമോ എന്ന് അദ്ദേഹത്തിന്റെ അയല്‍വാസികളായ ചില കുസൃതിക്കുട്ടികള്‍ ഒരു പരീക്ഷണം നടത്തി.
തുമ്പി, ചിത്രശലഭം,
തേള് തുടങ്ങിയ ജീവികളെ പിടിച്ചിട്ട് അവയുടെ ശരീരഭാഗങ്ങള്‍ മാറ്റിയും
മറിച്ചും ചേര്‍ത്തുവച്ചു് അവര്‍ ഒരു പുതിയ ജീവിയുടെ ജഡമുണ്ടാക്കി. തങ്ങള്‍ വലയില്‍
കുടുക്കിയ ഒരു ബഗ് (bug = കീടം) ആണിത്, ഇതിന്റെ പേര് പറയാമോ എന്ന് ഭവ്യതയോടെ അവര്‍ ഡാര്‍വിനോട് ചോദിച്ചു.
കാര്യം
മനസ്സിലാക്കിയ ശാസ്ത്രജ്ഞന്‍ തിരിച്ചുചോദിച്ചു: 'നിങ്ങള്‍ പിടിക്കുമ്പോള്‍ അത് ഹം (hum = മൂളുക) ചെയ്യുന്നുണ്ടായിരുന്നു, അല്ലേ?'
'ഉവ്വ്'
എന്ന് കുട്ടികള്‍.
'എങ്കില്‍
ഇതൊരു ഹംബഗ് തന്നെ', ഡാര്‍വിന്‍ പറഞ്ഞു.
മതമേതായാലും
ചെറുപ്പംമുതല്‍ അതിലെ അംഗങ്ങളുടെ ഉള്‍ബോധത്തിലേക്ക് തള്ളിക്കയറ്റുന്ന വിശ്വാസങ്ങള്‍ക്ക്
അതിരില്ല. യുക്തിക്ക് അതില്‍ അല്പംപോലും
സ്വാധീനമില്ല. ക്രിസ്ത്യാനികളെ സംബന്ധിച്ചു പറഞ്ഞാല്‍ ദൈവത്രിത്വം, യേശു, മേരി,
വിശുദ്ധര്‍, ബലി, കൂദാശകള്‍, രക്ഷ, സ്വര്‍ഗം, നരകം
എന്നിത്യാദികളെ ചുറ്റിപ്പറ്റിയുള്ള ചില അമിതഭക്തരുടെ ഓരോരോ സങ്കല്പങ്ങള്‍
കാലക്രമേണ കൂട്ടിച്ചേര്‍ത്താണ് ഇപ്പോഴുള്ള വിശ്വാസസംഹിത മെനഞ്ഞെടുത്തിട്ടുള്ളത്.
അവയില്‍ ഒന്നുപോലും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. അവ തമ്മില്‍ സ്ഥായിയായ
യാതൊരു ബന്ധവുമില്ല. ചുരുക്കത്തില്‍ pure humbug (ശുദ്ധമാന
തട്ടിപ്പ്) എന്നുപറയാം.
No comments:
Post a Comment