Translate

Thursday, December 27, 2018

പുലിക്കുന്നേലിന്റെ ഓര്‍മ്മയ്ക്ക് ഒരു പഴയ കത്ത്!

വര്‍ഗീസ് ആന്റണി, കൊല്ലംപറമ്പില്‍ (അനിയന്‍) തത്തംപള്ളി, ആലപ്പുഴ 

16-7-2004


പ്രിയപ്പെട്ട ജോസഫ് പുലിക്കുന്നേല്‍,
അങ്ങയുടെ വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ പലതും ആത്മനിന്ദയായിമാത്രമാണ് എനിക്ക് ആദ്യമൊക്കെ തോന്നിയിരുന്നത്. കേരളത്തിലെ പ്രഗത്ഭനായ ഒരു ആര്‍ച്ചുബിഷപ്പ് അടുത്ത ബന്ധുവായും, മൂന്ന് വൈദികര്‍ ജ്യേഷ്ഠസഹോദരന്മാരായും ഉണ്ടായിരുന്ന എനിക്ക് അപ്രകാരം തോന്നിയത് സ്വാഭാവികമാണല്ലോ. എന്നാല്‍, സഭാസേവനത്തിന് ഏറ്റവും ഉപയുക്തമായ ആത്മശോധനയായിട്ടാണ് ഇന്നു ഞാന്‍ 'ഓശാന'യെ വിലയിരുത്തുന്നത്. എന്റെ എളിയ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ!
കത്തോലിക്കാസഭയിലെ ആദ്ധ്യാത്മികതയുടെ കടപുഴക്കുന്ന, തികച്ചും വൈയക്തികമായ വൈദികനേതൃത്വം നമ്മെയെല്ലാം ഇന്ന് ആശങ്കാകുലരാക്കുന്നു. സഭയിലെ ആദ്ധ്യാത്മികനവീകരണത്തിന് പ്രചോദനമരുളുകയും നേതൃത്വംനല്‍കുകയും ചെയ്യുന്ന ക്രാന്തദര്‍ശികളായ ഏതാനും ബിഷപ്പുമാരും ധാരാളം വൈദികരും നമ്മോടൊപ്പം ഉണ്ടെന്നുള്ളത് ശുഭോദര്‍ക്കമാണ്. കേരളത്തില്‍ പലയിടത്തും ഈ അടുത്ത നാളുകളില്‍ സ്ഥാപിതമായി പ്രവര്‍ത്തിച്ചു വരുന്ന ധ്യാനമന്ദിരങ്ങള്‍ ധാരാളം അക്രൈസ്തവരെയും ആകര്‍ഷിക്കുന്നുണ്ടല്ലോ.
നമ്മുടെ ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ലാഭേച്ഛയോടെ നടത്തപ്പെടുന്ന വ്യവസായ സംരംഭങ്ങളായിട്ടാണ് സമൂഹം ഇന്ന് വിലയിരുത്തുന്നത്. സേവനസന്നദ്ധരായ കന്യാസ്ത്രീകളെയും വൈദികരെയും അല്മായപ്രേഷിതരെയും വിസ്മരിക്കുന്നില്ല. മദര്‍ തെരേസയേപ്പോലെയുള്ളവരുടെ സേവനം വ്യക്തിയധിഷ്ഠിതമായിട്ടാണ് സമൂഹം കാണുന്നത്. പോര്‍ട്ടുഗീസുകാരുടെയും ബ്രിട്ടീഷുകാരുടെയും കോളണിവാഴ്ചക്കാലം ധാരാളം സമ്പത്തും ഭരണരംഗങ്ങളില്‍ സ്വാധീനവും ഉണ്ടായിരുന്ന കത്തോലിക്കാസഭയ്ക്ക് സുവിശേഷവത്കരണത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചോ? സമൂഹികസേവനരംഗങ്ങളില്‍പ്പോലും സായിബാവയെയും അമൃതാനന്ദമയിയെയുംപോലെയുള്ളവര്‍ നമ്മെ നിഷ്പ്രഭമാക്കിക്കൊണ്ടിരിക്കുന്നു. ദൈനംദിന വാര്‍ത്തകള്‍ പരിശോധിക്കുന്നവര്‍ക്ക് നാം സാമൂഹികവിരുദ്ധപ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലാണെന്നേ തോന്നുകയുള്ളു. ക്രിസ്തീയ നാമധാരികളാണ് ഏറെയും.
ക്ഷയോന്മുഖമായ ആഗോള കത്തോലിക്കാസഭ ഇന്ന് പലയിടങ്ങളിലും, പ്രത്യേകിച്ച് യൂറോപ്പിലും ലാറ്റിനമേരിക്കയിലും ആഫ്രിക്കന്‍ നാടുകളിലും നിലനില്‍പ്പിനായി ഊര്‍ദ്ധശ്വാസം വലിക്കുന്ന കാര്യം കേരളത്തില്‍ അധികമാര്‍ക്കും അറിയുകയില്ല. അവിടെയെല്ലാം വൈദികദുഷ്പ്രഭുത്വമാണ് സഭാശോഷണത്തിന് കാരണമായത്. ഭാരതസഭയിലും ഏതാദൃശമായി വിള്ളലുകള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. ഇതിനോട് കേരളത്തിലേ ഒരു ബിഷപ്പിന്റെ പ്രതികരണം നമ്മെയെല്ലാം ഞെട്ടിപ്പിക്കുന്നതായിരുന്നു: 'പോകുന്നവനെല്ലാം പൊയ്‌ക്കോട്ടടാ' എന്നാണ് ഭൗതികനായ ആ ബിഷപ്പ് പറഞ്ഞത്!
മാമ്മോദീസാമുതല്‍ മരിച്ചടക്കുവരെയുള്ള എല്ലാ ചടങ്ങുകളും നിര്‍വിഘ്‌നം നടന്നുകിട്ടണമെന്നു മാത്രം ചിന്തിക്കുന്ന സമുദായാംഗങ്ങള്‍ക്ക് സഭാചരിത്രപഠനമോ സുവിശേഷ സത്യാന്വേഷണമോ ആദ്ധ്യാത്മിക നവീകരണമോ അടിയന്തിരമായ പ്രശ്‌നങ്ങളല്ല. ബിഷപ്പുമാര്‍ ക്രിസ്തുശിഷ്യനായ പത്രോസിന്റെ അധികാരശ്രേണിയിലെ മുറിയാത്ത കണ്ണികളാണെന്ന് വിശ്വസിക്കാനാണ് അവര്‍ക്കിഷ്ടം. കൈവച്ചു കൈവച്ച് കൈമാറിയതാണല്ലോ ഈ അധികാരം. അകത്തോലിക്കരും അക്രൈസ്തവരും നമ്മുടെ ഈ മൂഢസ്വര്‍ഗ്ഗത്തെയോര്‍ത്ത് മൂകമായി ചിരിക്കുന്നുണ്ടാവും- 'നമുക്കെന്തു കാര്യം' എന്ന്  അവര്‍ ഉള്ളില്‍ പറയും. എന്നാല്‍  അവരുംകൂടി അറിയണം, ബിഷപ്പുമാര്‍ സമൂഹത്തിന് പൊതുവെയും ക്രിസ്തീയസഭയ്ക്ക് പ്രത്യേകിച്ചും വരുത്തിവയ്ക്കുന്ന ആഘാതങ്ങള്‍.
ഈ ദിശയില്‍ 'ഓശാന' കുറെക്കൂടി വിശാലമായ ഒരു അപഗ്രഥനത്തിന് തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ബിഷപ്പുമാര്‍ കൈയടക്കി വെച്ചിരിക്കുന്ന ധനസമ്പത്തുക്കള്‍ അതിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക് കൈമാറണം. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിക്ക് നിരക്കാത്ത പഴയ കോളണിവാഴ്ചയുടെ അവസാനത്തെ അവശിഷ്ടമാണ് ബിഷപ്പുമാരുടെ സര്‍വ്വാധിപത്യം. രാഷ്ട്രീയനേതാക്കളും ഭരണകര്‍ത്താക്കളും ഇതു മനസിലാക്കണം. ഇത് ലക്ഷ്യമാക്കി, അങ്ങയേപ്പോലുള്ള സഭാസ്‌നേഹികളുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിജയം ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. മുകളില്‍ അടിവരയിട്ടിരിക്കുന്ന 'ആഘാതങ്ങളേ'പ്പറ്റി വിശദമായി ഇനിയൊരിക്കല്‍ എഴുതാം.
സ്‌നേഹാദരങ്ങളോടെ,
അനിയന്‍

No comments:

Post a Comment