KCRMNA-യുടെ പന്ത്രണ്ടാമത് ടെലികോൺഫെറൻസ് ഡിസംബർ 12,
2018 ബുധനാഴ്ച വൈകിട്ട് ഒമ്പതുമണിക്ക് (EST) നടത്തുകയുണ്ടായി. രണ്ടരമണിക്കൂർ നീണ്ടുനിന്നതും
ഹ്യുസ്റ്റനിൽനിന്ന് ശ്രീ എ സി ജോർജ് മോഡറേറ്റ് ചെയ്തതുമായ ആ ടെലികോൺഫെറൻസിൽ അമേരിക്കയിലെയും
കാനഡയിലെയും വിവിധ ഭാഗങ്ങളിൽനിന്നുമായി അൻപതോളം ആൾക്കാർ പങ്കെടുക്കുകയുണ്ടായി. മൗന ഈശ്വര പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ഫാദർ അഗസ്റ്റിൻ
വട്ടോളിയായിരുന്നു ഇപ്രാവശ്യം വിഷയം അവതരിപ്പിച്ചത്. കെ സി ആർ എം നോർത്
അമേരിക്കയുടെ ജനറൽ കോർഡിനേറ്റർ ശ്രീ ചാക്കോ കളരിക്കൽ വട്ടോളിയച്ചനെ ടെലികോൺഫെറൻസിൽ
സംബന്ധിച്ച എല്ലാവർക്കും പരിചയപ്പെടുത്തി. യേശുവിൻറെ ജീവിതശൈലി സ്വന്തം ജീവിതത്തിൽ
പ്രാവർത്തികമാക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുന്ന ഒരു വൈദികനാണ് വട്ടോളിയച്ചൻ.
അതിനാൽത്തന്നെ, അദ്ദേഹം സാമൂഹ്യരംഗത്തും സഭാതലത്തിലും സംഭവിക്കുന്ന
അനീതികൾക്കെതിരായി ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുന്നു. സഭാധികാരത്തിൻറെ
അനീതികൾക്കെതിരായി ശബ്ദമുയർത്താൻ പാടില്ല എന്ന അവരുടെ നിലപാട് അച്ചൻറെ നിലപാടുമായി
യോജിച്ചുപോകുക സാധ്യമല്ല. ഈ അടുത്തകാലത്ത്, സഭാധികാരം അദ്ദേഹത്തിന് മൂക്കുകയറിടാൻ
പരിശ്രമിച്ചുകൊണ്ടിരിക്കുന്ന കാര്യം നമുക്കെല്ലാം അറിവുള്ളതാണ്. "ക്രൈസ്തവസഭകളും ജനാധിപത്യവും" എന്ന വിഷയത്തെ ആസ്‌പദമാക്കി
നടന്ന ചർച്ച ഈ സാഹചര്യത്തിൽ എല്ലാംകൊണ്ടും സമയോചിതമായിരുന്നു എന്ന് പറയാതെ വയ്യ. വട്ടോളിയച്ചൻറെ
പ്രൗഢഗംഭീരമായ വിഷയാവതരണം കോൺഫെറൻസിൽ പങ്കെടുത്ത എല്ലാവരെയും സംതൃപ്തരാക്കി. വിഷയത്തോട്
അനുബന്ധമായി അച്ചൻ അവതരിപ്പിച്ച പ്രധാന ആശയങ്ങൾ വായനക്കാർക്കായി ഞാനിവിടെ
പങ്കുവെയ്ക്കുന്നു.
ടെലികോൺഫെറൻസിൽ സംബന്ധിച്ച എല്ലാവർക്കും
അഭിവാദ്യങ്ങൾ നേർന്നുകൊണ്ടും അച്ചനെ സംബന്ധിച്ച് ചുരുക്കമായി സംസാരിച്ചുകൊണ്ടുമാണ്
വിഷയത്തിലേയ്ക്ക് വട്ടോളിയച്ചൻ കടന്നത്. ദീർഘകാലമായി ജനകീയസമരങ്ങളിൽ പങ്കെടുക്കുന്ന
കാര്യവും അദ്ദേഹം വിവരിക്കുകയുണ്ടായി. ആദിമ ക്രൈസ്തവസഭ ഒരു ജനപങ്കാളിത്തസഭ
(ജനാധിപത്യസഭ) ആയിരുന്നുയെന്ന് നടപടിപുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം എടുത്തു
പറയുകയുണ്ടായി. സഭ നൂറ്റാണ്ടുകൾ താണ്ടിയപ്പോൾ ജീർണിച്ച പേട്ടുമരം പോലെയായി. ആ സന്ദർഭത്തിലാണ്
രണ്ടാം വത്തിക്കാൻ കൗൺസിൽ മാറ്റത്തിൻറെ പുതിയ ചലനങ്ങളുമായി മുൻപോട്ടുവന്നത്. കൗൺസിലിൻറെ
പല പ്രമാണരേഖകളിലും ആദിമസഭയിലേക്കുള്ള തിരുച്ചുപോക്കിനെ - ആദിവാസി സംസ്കാരം
നശിപ്പിക്കാതെ കാത്തുസൂക്ഷിക്കുന്നതിനെ - സംബന്ധിച്ച് വീണ്ടും വീണ്ടും ഉത്‌ബോധിപ്പിച്ചിട്ടുണ്ട്.
ആദിവാസി സംസ്കാരത്തിലെ സൂക്ഷ്‌മമായ
ജനപങ്കാളിത്തക്രമം-ജനാധിപത്യക്രമം- കൊണ്ടാണ് നാമിന്നും നിലനിൽക്കുന്നത്. മഹാത്മാ ഗാന്ധി
(Mahatma Gandhi)-യുടെയും നെൽസൺ മണ്ടേല (Nelson Mandela)-യുടെയുമെല്ലാം
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള നീണ്ട യാത്ര, ജനകീയ സമര പങ്കാളിത്തത്തിൻറെ
ഉദാഹരണങ്ങളാണ്. ആദിവാസി സംസ്കാരത്തിൽ മൂപ്പൻ എല്ലാവരെയും ശ്രവിക്കുന്നു.
എല്ലാവരെയും കേട്ടശേഷം മൂപ്പൻ തീരുമാനമെടുക്കുന്നു. മൂപ്പനെ വിമർശിക്കാനും ചോദ്യം
ചെയ്യാനും ആദിവാസി സംസ്കാരത്തിൽ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. മഹത്തായ ഒരു
സംസ്‌കൃതിയാണത്. അപ്പോൾ ജനായത്ത ഭരണ സമ്പ്രദായമാണ് കുടുംബത്തെയും സമൂഹത്തെയും
രാഷ്ട്രത്തെയും സംഘടനയേയുമെല്ലാം നിലനിർത്തുന്നത്.
പല രൂപതകളിലെയും, പ്രത്യേകിച്ച്
എർണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവടം, ഫ്രാങ്കോ മെത്രാൻറെ ബലാൽസംഘം തുടങ്ങിയ
അധികാരികളുടെ അഴിമതികളുടെ ആഴത്തിലേയ്ക്ക് ചിന്തിക്കുമ്പോൾ സംഘാതാത്മകത (collegiality)
അഥവാ ജനപങ്കാളിത്തത്തിൻറെ പോരായ്‌മ തെളിഞ്ഞു കാണാം. സഭാഭരണത്തിൽ ചെറുപ്പക്കാർക്ക്
പങ്കാളിത്തമേയില്ല. അവർ ചിന്തിക്കുന്നത് അവരുടെ അഭിപ്രായങ്ങൾക്ക് വിലയില്ല
എന്നാണ്.
ക്രിസ്തുദർശനത്തിൽ ജീവിക്കാനാണ് യേശു
"വന്നു കാണുക" എന്ന് നമ്മെ ഉത്ബോധിപ്പിച്ചത്. ക്രൂരനായ യഹോവേ (Yahweh)
മാറ്റി സ്നേഹനിധിയായ, കാരുണ്ണ്യവാനായ ദൈവത്തെ പിതാവ് -ആബാ- എന്നുവിളിക്കാൻ യഹൂദരെ
യേശു പഠിപ്പിച്ചു. അങ്ങനെ യഹോവേയിൽനിന്നുള്ള അകലം മാറ്റി, പിതാവായ ദൈവത്തെ അടുത്തു
കാണാനും കേൾക്കാനും യേശു യഹൂദർക്ക് അവസരം ഉണ്ടാക്കി.
ഏകാധിപത്യഭരണമാണ് ഇന്ന് സഭയിൽ
നടക്കുന്നത്. സഭാ നേതൃത്വത്തിൻറെ കൊള്ളരുതായ്‌മയും ജനപങ്കാളിത്ത സംവിധാനം
ഇല്ലാതെപോകുന്നതും കൊണ്ട് സഭ നശിച്ചുകൊണ്ടിരിക്കുന്നു. സഭ നിലനിൽക്കണമെങ്കിൽ
സഭാസംവിധാനത്തിൽ അടിമുടി മാറ്റം വരണം; ജനപങ്കാളിത്തം വേണം. ലോകത്തിലെ 21 പ്രധാന
സംസ്‌കാരങ്ങളിൽ 19 എണ്ണവും നശിച്ചുപോയി. ഉള്ളിൽനിന്നുള്ള ചീഞ്ഞഴിയലും നേതൃത്വത്തിൽ
സംഭവിച്ച ജീർണതയുമായിരുന്നു അതിനു കാരണം. പുറം ശക്തികളുടെ ഇടപെടലുകൾ കൊണ്ടല്ല നാശം
സംഭവിച്ചത്.
ഫ്രാൻസിസ് പാപ്പയുടെ ജീവിതം
ഇക്കാര്യത്തിൽ നാം മാതൃകയാക്കേണ്ടതാണ്. ഈശോസഭാ പ്രൊവിൻഷ്യൽ ആയിരിക്കെ അദ്ദേഹം
ഏകാധിപതിയെപ്പോലെ പെരുമാറി. പ്രൊവിൻസിലെ അംഗങ്ങൾതന്നെ രണ്ടായി പിരിഞ്ഞു. പിന്നീട്
ധ്യാനത്തിലൂടെ ജനപങ്കാളിത്തമാണ് സഭാഭരണത്തിന് ഉത്തമമെന്ന് അദ്ദേഹത്തിന് ബാധ്യം
ഉണ്ടായി. ഇന്നദ്ദേഹം എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള ഏതാനും കർദിനാളന്മാരെ
തെരഞ്ഞെടുത്ത് എല്ലാ മൂന്നുമാസത്തിലും അവരുമായി കൂടിയാലോചനകൾ നടത്തിയാണ് സഭാഭരണം
നടത്തുന്നത്. ഏകാധിപത്യ സഭാഭരണത്തിൽനിന്നും ജനപങ്കാളിത്ത സഭാഭരണത്തിലേക്കുള്ള
ഫ്രാൻസിസ് പാപ്പയുടെ മനം മാറ്റം!
ആലഞ്ചേരി മെത്രാപ്പോലീത്തയുടെ വിവാദ
ഭൂമി കച്ചവടവും വഞ്ചിസ്ക്വയറിലെ കന്ന്യാസ്ത്രികളുടെ നിരാഹാര സമരവും ജനകീയ
സമരങ്ങളായിമാറി. സഭാഭരണത്തിലെ ശുദ്ധീകരണത്തിനും ജനപങ്കാളിത്ത സഭാഭരണത്തിനും
മേല്പ്പറഞ്ഞ സമരങ്ങൾ സഹായകമായേ തീരു. ആദിമ സഭാ ചട്ടക്കൂട്ടിൽ എത്തിപ്പെട്ടാലെ
സഭയ്ക്ക് നിലനിൽപ്പൊള്ളൂ.
ക്രിസ്‌തു യഹൂദ പുരോഹിതരെ ചോദ്യം
ചെയ്തു. ചോദ്യം ചെയ്യാൻ ക്രിസ്തു നമ്മെ പഠിപ്പിച്ചു. ക്രിസ്‌തുവിമർശനംപോലെ നാമും
സഭയെ നന്നാക്കാൻവേണ്ടി, ശുദ്ധീകരിക്കാൻവേണ്ടി വിമർശിക്കണം. ഫ്രാൻസിസ് പാപ്പയും അതുതന്നെ
പഠിപ്പിക്കുന്നു. നമ്മുടെ ബൗദ്ധികശേഷി, സമയശേഷി, നന്മനസുശേഷി എല്ലാം സഹജീവികൾക്കായി
ഉപയോഗപ്പെടുത്തുക. ഭൂധനം, സമ്പത്ത്, മനുഷ്യശേഷി എല്ലാം ജനങ്ങൾക്ക് ഉപകാരപ്രദമാകണം.
ധാർമികശക്തിക്കല്ലാതെ രാഷ്ട്രീയശക്തികളെ നിയന്ത്രിക്കാൻ സാധിക്കുകയില്ല. സഭയുടെ
സാമ്പത്തികശക്തി രാഷ്ട്രീയശക്തിയാണ്. അത് ധാർമികശക്തിയല്ല. രാഷ്ട്രീയക്കാർ പറയും നിങ്ങൾ ആദ്യം തിരുത്തു;
പിന്നീട് നിങ്ങൾ ഞങ്ങളെ തിരുത്തൂയെന്ന്. അതുകൊണ്ട് സഭാസംവിധാനം ആദ്യം തിരുത്തപ്പെടണം.
ചർച്ചകളിലൂടെ സാധാരണ ജനങ്ങളിൽ ബോധവൽക്കരണം ഉണ്ടാകണം. മാറ്റത്തിനുള്ള ധൈര്യം
സംഭരിച്ച് പൂച്ചയ്ക്ക് മണികെട്ടാൻ ഒരുങ്ങിത്തിരിച്ചിരിക്കുന്ന കെ സി ആർ എം നോർത്
അമേരിക്കയുടെ പ്രവർത്തനങ്ങളെ പ്രശംസിക്കാനും വട്ടോളിയച്ചൻ മറന്നില്ല. ധാരാളം
നിവേദനങ്ങൾ സഭാധികാരത്തിൻറെ പല തലങ്ങളിലേയ്ക്കും അയക്കാൻ അദ്ദേഹം ഉപദേശിച്ചു.
തെറ്റു ചെയ്ത മെത്രാൻറെകൂടെ മറ്റു
മെത്രാന്മാർ നിലയുറപ്പിക്കുന്നു. കുറ്റവാളികളെ സഭ സംരക്ഷിക്കുന്നു. സഭാധികാരം അഴിമതിയിലൂടെ രാഷ്ട്രീയ
സ്വാധീനം ചെലുത്തുന്നത് ചീഞ്ഞഴിഞ്ഞ അവസ്ഥയാണ്. രാഷ്രീയ അസ്ഥിരത മതമേധാവിത്വത്തിന്
ലഭിക്കുന്ന പ്രതിരോധനശേഷിയാണ്. അതിൽ രാഷ്ട്രീയ ധാർമികതയോ മത ധാർമികതയോ ഇല്ല. അത്
രാഷ്ട്രീയ-മത നെറികേടുകളാണ്.
പ്രകൃതിയെ ദ്രോഹിക്കാതെ, പ്രകൃതിയെ
സ്നേഹിക്കുന്ന ആദിവാസി ആത്മീയത മുഖ്യധാരാ ആത്മീയതയായി മാറണം.
ലോകം നശിക്കുന്നത് വ്യക്തികളുടെ വലിയ
തെറ്റുകൾ കൊണ്ടുമാത്രമല്ല; മറിച്ച്, തെറ്റിനെ വിളിച്ചുപറയാത്ത ഭൂരിപക്ഷം നിശബ്ദത
പാലിക്കുന്നതുകൊണ്ടാണ്. പുരോഹിത ആധിപത്യ പ്രവണതയ്‌ക്കെതിരെ ബോധവൽക്കരണം അഥവാ
തിരിച്ചറിവ് ഉണ്ടാക്കി സഭാസംവിധാനനവീകരണം സാധിച്ചെടുക്കുക വിശ്വാസി സമൂഹത്തിൻറെ
ഉത്തരവാദിത്വമാണ്. അതാണ് ഇന്നിൻറെ അത്യാവശ്യം.
ടെലികോൺഫെറൻസിൽ സംബന്ധിച്ചവരുടെ
ചോദ്യങ്ങൾക്ക് വട്ടോളിയച്ചൻ വ്യക്തവും കൃത്യവുമായ മറുപടി നൽകുകയുണ്ടായി.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവടം, ഫ്രാങ്കോ മെത്രാനെതിരായുള്ള
കന്ന്യാസ്ത്രികളുടെ സമരം, ഈ രണ്ട് വിഷയങ്ങളിലെ സമരങ്ങൾക്ക് എന്തുകൊണ്ട് വട്ടോളിയച്ചൻ നേതൃത്വം നല്‌കി, അച്ചനെതിരായി
സഭാധികാരത്തിൻറെ ശിക്ഷണനടപടികൾക്കുള്ള നീക്കങ്ങൾ, ‘ചർച്ച് ആക്‌ട്’ തുടങ്ങിയ
വിഷയങ്ങളിലായിരുന്നു പ്രധാനപ്പെട്ട ചോദ്യങ്ങൾ.
മോഡറേറ്റർ ശ്രീ എ സി ജോർജ് എല്ലാവർക്കും
പ്രത്യേകിച്ച് ബഹു. വട്ടോളിയച്ചന് നന്ദിപറഞ്ഞ് യോഗം അവസാനിപ്പിച്ചു.
http://www.mangalam.com/news/detail/273705-mangalam-special-bishop-franco-mulakkal-and-nuns.html
ReplyDelete