Translate
Saturday, November 30, 2019
Thursday, November 28, 2019
തിരുവനന്തപുരത്തു നടന്ന ചർച്ച് ട്രസ്റ്റ് ബിൽ റാലി വൻ വിജയം
ചാക്കോ കളരിക്കൽ
കേരളത്തിലെ
വിവിധ ക്രൈസ്തവ സഭകൾ രൂപീകരിച്ചിട്ടുള്ള ചർച്ച് ട്രസ്റ്റ് ബിൽ സംഘടനകളുടെ സംയുക്ത
സമിതിയായ AKCAAC-യുടെ നേതൃത്വത്തിലും MACCABI-യുടെ സഹകരണത്തോടെയും സംഘടിപ്പിച്ച തിരുവനന്തപുരം
ചർച്ച് ട്രസ്റ്റ് ബിൽ റാലിയിൽ ഏകദേശം രണ്ടുലക്ഷത്തോളം ക്രൈസ്തവ വിശ്വാസികൾ പങ്കെടുത്ത്
വിജയിപ്പിച്ചു. സംസ്ഥാനനഗരിയെ പ്രകമ്പനം കൊള്ളിച്ച നവംബർ 27, 2019-ലെ പ്രകടനം
കേരളജനതയേയും സർക്കാരിനേയും ഉണർത്തിയിട്ടുണ്ടെന്ന കാര്യത്തിൽ ഇനി തർക്കമുണ്ടാകാൻ
വഴിയില്ല. പ്രവർത്തി ദിവസമായിരുന്നിട്ടും ഇത്രയേറെ ആളുകൾ റാലിയിൽ പങ്കെടുക്കാൻ
എത്തിയതുതന്നെ ഈ സമരത്തിൻറെ പ്രാധാന്യത്തെ വിളിച്ചറിയിക്കുകയാണ് ചെയ്യുന്നത്. നൂറുപേർ
വരുകയില്ലായെന്ന് പരിഹസിച്ചവർ ലക്ഷങ്ങൾ പങ്കെടുത്ത റാലി കണ്ടുവിശ്വസിച്ചെന്ന്
കരുതണം. ഈ ചരിത്ര സമരത്തിൽ പങ്കെടുത്തവർക്ക് അഭിനന്ദനങ്ങൾ!
“ജയ് ജയ്
ചർച്ചാക്റ്റ്. ചർച്ചാക്റ്റ് നിയമമാക്കുക.” എന്നുതുടങ്ങിയ
മുദ്രാവാക്യങ്ങളോടെ നടന്നു നീങ്ങിയ ജനക്കൂട്ടം ഒന്നേ സർക്കാരിനോട്
ആവശ്യപ്പെടുന്നൊള്ളു: ചർച്ച് ട്രസ്റ്റ് ബിൽ പാസാക്കിത്തരുക.
ഒന്നര ലക്ഷത്തിലധികം പേർ ചർച്ച് ആക്റ്റ്
നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തലസ്ഥാനനഗരിയിൽ സഘടിച്ചിട്ടും സംഘടിത സഭ അതൊന്നും അറിഞ്ഞ
മട്ടു കാണിക്കുന്നില്ല. KCBC-യുടെ അഹങ്കാര നിലപാടിന് തലസ്ഥാന നഗരിയിലെ
പ്രകടനം തിരിച്ചടി തന്നെയാണ്. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്തവർ! ചർച്ച്
ട്രസ്റ്റ് ബിൽ വിജയിക്കട്ടെ.
രാവിലെ 10 മണിക്ക് ബിഷപ്പ് പെരേര ഹാളിന് മുന്നിൽ സ. പന്ന്യൻ രവീന്ദ്രൻ ഫ്ലാഗ് കൈമാറിക്കൊണ്ട് മാർച്ച് ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലെ ധർണയ്ക്ക് AKCCAC ചെയർമാൻ അഡ്വ ബോറിസ് പോൾ അധ്യക്ഷനായിരുന്നു. സിസ്റ്റർ ലൂസി കളപ്പുര ധർണ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഒരു സാംസ്കാരിക തിരുത്തലിനിടയാക്കുന്ന ചരിത്രം സൃഷ്ടിക്കുമെന്ന് സിസ്റ്റർ ലൂസി കളപ്പുര തൻറെ ഉദ്ഘാടന പ്രസംഗത്തിൽ പറയുകയുണ്ടായി.
മക്കാബി ഡയറക്ടർ റവ. ബർ യൂഹാനോൻ റമ്പാൻ, സ്വാമി അഗ്നിവേശ്, ഡോ. വത്സൻ തമ്പു തുടങ്ങിയ നിരവധി പ്രമുഖർ തടിച്ചുകൂടിയ വമ്പിച്ച ജനാവലിയെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചു.
ചർച്ച് ആക്റ്റ് ക്രൂസേഡ് ഇന്ന് ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുക്കുകയാണ്! ചർച്ച് ആക്റ്റ് ഇനി അവഗണിക്കാനാവില്ല എന്നും ആ നിയമം നടപ്പാക്കാൻ
കേരള മുഖ്യമന്ത്രി സ. പിണറായി വിജയനോട്
താൻ നേരിട്ട് ആവശ്യപ്പെടുമെന്നും സ്വാമി അഗ്നിവേശ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. പൗരോഹിത്യാധിപത്യം മൂലം അഴിമതിയിൽ
മുങ്ങി വഷളായ പള്ളി സ്വത്ത് ഭരണം ചർച്ച് ആക്റ്റ് മൂലം സുതാര്യവും സത്യസന്ധവും
ആകുമെന്ന് മക്കാബി ഡയറക്ടർ റവ. ബർ യൂഹാനോൻ റമ്പാൻ പറഞ്ഞു. തെറ്റ് ചെയ്യുന്നവരാണ്
നിയമത്തെ ഭയക്കുന്നതെന്നാണ് ഡോ. വത്സൻ തമ്പുവിൻറെ അഭിപ്രായം. ബിഷപ്പുമാരുടെ അധികാരഗർവ്വ് അവസാനിപ്പിക്കണം. ചർച്ച്
ട്രസ്റ്റ് ബിൽ അവരുടെ അടിമത്തത്തിൽ നിന്നും സാധാരണ ക്രിസ്ത്യാനികൾക്കുള്ള മോചനമാണ്. പുരോഹിതരും അത് മനസ്സിലാക്കണം. കെ.സി.ബി.സി ചർച്ച് ആക്റ്റിനെ
എതിർക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണെന്നും അതിനെ വിശ്വാസികൾ
എതിർത്ത് തോൽപ്പിക്കുമെന്നും മക്കാബി ജനറൽ സെക്രട്ടറി അഡ്വ ബോബൻ വർഗ്ഗീസ് അഭിപ്രായപ്പെട്ടു.
കാര്യത്തിൻറെ
ഗൗരവം മനസിലാക്കിയ കേരള ഗവർണർ ബഹു. ആരിഫ്
മുഹമ്മദ് ഖാൻ സമരത്തിലെ അഞ്ച് നേതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് അഡ്വ ബോറിസ് പോൾ, ബർ യൂഹാനോൻ
റമ്പാൻ, ഡോ. വത്സൻ തമ്പു, സിസ്റ്റർ
ലൂസി കളപ്പുര എന്നിവർ അദ്ദേഹത്തെ
കണ്ട് ചർച്ച നടത്തുകയുണ്ടായി. അങ്ങനെ ഈ വമ്പിച്ച സമരം ചരിത്രത്തിൻറെ ഭാഗമായി!
“…. ദിവസങ്ങളായി ഊണും ഉറക്കവും നഷ്ടപ്പെട്ട് ഇതിന് വേണ്ടി
പ്രവർത്തിച്ച എല്ലാ വോളണ്ടിയർമാരോടും എല്ലാവിധ സഹായങ്ങളും ചെയ്തു തന്ന സെന്റ്
പീറ്റേഴ്സ് പള്ളി ഭാരവാഹികളോടും ഇടവകാംഗങ്ങളോടുമുള്ള നന്ദി അറിയിക്കുന്നു. ഇത്രയും ഭംഗിയായും ചിട്ടയായും ഒരു സമരം അടുത്ത കാലത്തെങ്ങും അനന്തപുരി
കണ്ടിട്ടുണ്ടാവില്ല. എന്തൊരു ജനപങ്കാളിത്തം! എന്തൊരു ചിട്ട!
സംഘാടകരെ മുക്തകണ്ഠം അഭിനന്ദിക്കുന്നു.” നിരണം
ഭദ്രാസനാധിപൻ കൂറിലോസ് മോർ ഗീവറുഗീസ് മെത്രാപ്പോലീത്ത
തിരുവനന്തപുരത്തു നടന്ന സമരത്തെപ്പറ്റി പറഞ്ഞ വാക്കുകളാണിത്..
ചർച്ച് ട്രസ്റ്റ്
ബിൽ റാലി വൻ വിജയ മാക്കിത്തീർത്ത എല്ലാ ക്രൈസ്തവ വിശ്വാസികളോടുമുള്ള ഹൃദയംനിറഞ്ഞ നന്ദിയും
ഈ സമരത്തിൽ കെസിആർഎം നോർത് അമേരിക്കക്ക് പങ്കുചേരാൻ സാധിച്ചതിലുള്ള സംതൃത്തിയും
ഇവിടെ രേഖപ്പെടുത്തിക്കൊള്ളുന്നു.
Wednesday, November 27, 2019
ചർച്ച് ആക്റ്റ് ക്രൂസേഡ് ദേശീയശ്രദ്ധയിലേക്ക്!
ഇന്ന് (നവംബർ 27) ഒരു ലക്ഷം ക്രൈസ്തവർ കേരളമെമ്പാട് നിന്നു
തിരുവനന്തപുരത്ത് എത്തുകയാണ്.
ചർച്ച് ആക്റ്റ് ക്രൂസേഡ്
എന്ന ചരിത്രസമരത്തിൽ പങ്കാളിയാകാൻ.
ചർച്ച് ആക്റ്റ് ഇനി
അവഗണിക്കാനാവില്ല എന്നും ആ നിയമം നടപ്പാക്കാൻ കേരള മുഖ്യമന്ത്രി സ: പിണറായി വിജയനോട്
താൻ നേരിട്ട് ആവശ്യപ്പെടുമെന്നും സ്വാമി അഗ്നിവേശ് ഇന്ന് തിരുവനന്തപുരത്ത് നടത്തിയ
പത്രസമ്മേളനത്തിൽ പറഞ്ഞു.
ഭരണഘടനാദിനമായ ഇന്ന്
ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നാളത്തെ സമരം കേരളത്തിൽ
ഒരു സാംസ്കാരിക തിരുത്തലിനിടയാക്കുന്ന ചരിത്രം സൃഷ്ടിക്കുമെന്ന് സിസ്റ്റർ ലൂസി കളപ്പുര
പറഞ്ഞു.
പൗരോഹിത്യാധിപത്യം മൂലം
അഴിമതിയിൽ മുങ്ങി വഷളായ പള്ളി സ്വത്ത് ഭരണം ചർച്ച് ആക്റ്റ് മൂലം സുതാര്യവും സത്യസന്ധവും
ആകുമെന്ന് മക്കാബി ഡയറക്ടർ റവ. ബർ യൂഹാനോൻ റമ്പാൻ പറഞ്ഞു.
തെറ്റ് ചെയ്യുന്നവരാണ്
നിയമത്തെ ഭയക്കുന്നതെന്ന് ഡോ വത്സൻ തമ്പു പറഞ്ഞു.
ബിഷപ്പുമാരുടെ അധികാരഗർവ്വ്
അവസാനിക്കുമെന്നും ഈ നിയമം അവരുടെ അടിമത്തത്തിൽ നിന്നും തങ്ങൾക്ക് മോചനം ലഭിക്കുമെന്നും
പുരോഹിതർ മനസ്സിലാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
നാളത്തെ സമരത്തെ അട്ടിമറിക്കാനും
ചെറുതാക്കി കാട്ടാനുമുള്ള കെ.സി.ബി.സിയുടെ ശ്രമങ്ങളെ AKCAAC ചെയർമാൻ അഡ്വ ബോറിസ് പോൾ അപലപിച്ചു.
കെ.സി.ബി.സി ചർച്ച്
ആക്റ്റിനെ എതിർക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചാണെന്നും അതിനെ വിശ്വാസികൾ
എതിർത്ത് തോൽപ്പിക്കുമെന്നും മക്കാബി ജനറൽ സെക്രട്ടറി അഡ്വ ബോബൻ വർഗ്ഗീസ് പറഞ്ഞു.
നാളെ രാവിലെ 10 മണിക്ക് ബിഷപ്പ് പെരേര ഹാളിന് മുന്നിൽ
സ: പന്ന്യൻ രവീന്ദ്രൻ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും.
സെക്രട്ടേറിയറ്റിന്
മുന്നിലെ ധർണ്ണ സിസ്റ്റർ ലൂസി കളപ്പുര ഉദ്ഘാടനം ചെയ്യും.
സ്വാമി അഗ്നിവേശ്, ഡോ.വത്സൻ തമ്പു തുടങ്ങിയ നിരവധി പ്രമുഖർ
അഭിസംബോധന ചെയ്യും.
ചേരുക ഞങ്ങൾക്കൊപ്പം.
ചരിത്രത്തിന്റെ ഭാഗമാവുക!
അഡ്വ ബോറിസ് പോൾ,
ചെയർമാൻ,
അഖില കേരള ചർച്ച് ആക്റ്റ്
ആക്ഷൻ കൗൺസിൽ
#WeWantChurchAct
Tuesday, November 26, 2019
'ചര്‍ച്ച് ആക്ട് ക്രൂസേഡ്'-വിജ്ഞാാപനം!
റവ. യൂഹാനോന്‍ റമ്പാന്‍ ഡയറക്ടര്‍, 'MACCABI' ഫോണ്‍: 9645939736
വന്ദ്യപിതാക്കന്മാരേ, ബഹുമാനപ്പെട്ട പുരോഹിതശ്രേഷ്ഠരേ,
സന്ന്യസ്തരേ, പാസ്റ്റര്‍മാരേ, സുവിശേഷകരേ, പരിശുദ്ധസഭയിലെ ഭക്തസംഘടനകളുടെ ഭാരവാഹികളും
പ്രവര്‍ത്തകരും ആയവരേ, സര്‍വ്വോപരി പ്രിയപ്പെട്ട വിശ്വാസികളുടെ
സമൂഹമേ,
കേരളത്തിലെ ക്രൈസ്തവസഭകളിലെ
വിശ്വാസികളുടെ സമൂഹം ഒരു നവോത്ഥാനത്തിനുവേണ്ടി സഭാനേതൃത്വത്തോടും ഭരണകൂടത്തോടും നിലവിളിക്കുന്ന
ഒരു കാലഘട്ടമാണല്ലോ ഇത്. കേരളസഭകളില്‍ മുമ്പെങ്ങും കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവിധത്തിലുള്ള
മാരകമായ പാപവീഴ്ചയില്‍ക്കൂടിയാണ് ഇന്ന് ക്രൈസ്തവസമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നത്. കൊലപാതകം, വ്യഭിചാരം, സ്ത്രീപീഡനം,
ഭൂമികുംഭകോണം, ശീമോന്യപാപം, കന്യാസ്ത്രീപീഡനം, സ്വവര്‍ഗ്ഗലൈംഗികപീഡനം, ശവസംസ്‌കാരനിഷേധം, ദേവാലയ കൈയേറ്റം, രോഗശാന്തി തട്ടിപ്പ് തുടങ്ങി ക്രിസ്തീയസാക്ഷ്യം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്ന
ജീര്‍ണ്ണതയുടെ ഒരു കാലത്തിലൂടെയാണ് ക്രൈസ്തവസമൂഹം ഇന്നു ജീവിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ ഒരു സഭയില്‍മാത്രം
കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയില്‍ ഇരുപതിലധികം കന്യാസ്ത്രീകള്‍ ദുരൂഹസാഹചര്യത്തില്‍
കൊല്ലപ്പെട്ടു. മറ്റൊരു സഭയില്‍ വിശുദ്ധ കുമ്പസാരത്തിന്റെ മറവില്‍ ഏഴോളം വൈദികര്‍ ഒരു
വീട്ടമ്മയെ പീഡിപ്പിച്ചു. മറ്റൊരു വീട്ടമ്മ പുരോഹിതനാല്‍ പീഡിപ്പിക്കപ്പെട്ടതിനേത്തുടര്‍ന്ന്
ആത്മഹത്യചെയ്തു. അനേകം വിശ്വാസികളുടെ മൃതദേഹങ്ങള്‍ ചില സഭാനേതൃത്വത്തിന്റെ വിലപേശല്‍മുഖാന്തിരം
കബറടക്കം നിഷേധിക്കപ്പെട്ട് തെരുവില്‍ കിടന്നു. ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും വിശ്വാസികളുടെ
വികാരങ്ങള്‍ വ്രണപ്പെടുകയും ചെയ്തു. ചരിത്രത്തിലാദ്യമായി ഒരു സഭാപിതാവ്, 'സഭാസ്വത്തുക്കളില്‍ വിശ്വാസികള്‍ക്ക്
ഉടമസ്ഥാവകാശം ഇല്ല' എന്നു കോടതിയില്‍ രേഖപ്പെടുത്തി. ഭക്ഷണവും
മരുന്നും കിട്ടാതെ ചില പുരോഹിതന്മാര്‍ ആത്മഹത്യചെയ്തു. ഇങ്ങനെ എണ്ണിയാല്‍ത്തീരാത്ത
കളങ്കങ്ങളുമായി, കേരളക്രൈസ്തവസഭ ഒരു ഇരുണ്ടകാലഘട്ടത്തിലൂടെ ഇന്ന്
കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. അതിനാല്‍, ഒരു നവോത്ഥാനം ക്രൈസ്തവസഭകള്‍ക്ക്
ആവശ്യമായി വന്നിരിക്കുന്നു.
1 പത്രോസ് 2:12-ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ''സര്‍വ്വ മനുഷ്യരുടെയുംമുമ്പില്‍
നിങ്ങളുടെ നടപടികള്‍ നന്നായിരിക്കണം. അങ്ങനെ നിങ്ങള്‍ക്കെതിരായി ദുഷിച്ച വാക്കുകള്‍
പറയുന്നവര്‍ നിങ്ങളുടെ സല്‍പ്രവൃത്തികള്‍ കണ്ടിട്ട്, പരിശോധനാദിവസത്തില്‍
ദൈവത്തെ സ്തുതിപ്പാന്‍ ഇടയാകട്ടെ''. എന്നാല്‍ ഇന്നോ, സമൂഹത്തിന്റെമുമ്പില്‍ നാംമൂലം നമ്മുടെ കര്‍ത്താവായ യേശുവിന്റെ നാമം ദുഷിക്കപ്പെടുന്നു;
പൂര്‍വ്വിക ക്രൈസ്തവസമൂഹം നേടിത്തന്ന സല്‍പ്പേരും ക്രിസ്തീയമഹത്വവും
നമുക്ക് നഷ്ടമായിരിക്കുന്നു; ഇന്ന് ക്രിസ്ത്യാനികളായ നാം വളരെ
ഞെരുക്കത്തില്‍ ആയിരിക്കുന്നു. ''എന്നാല്‍ സ്വന്തം കുറ്റങ്ങള്‍നിമിത്തം
ഞെരുക്കങ്ങള്‍ സഹിക്കേണ്ടിവരുന്നവര്‍ക്ക് എന്തു മഹിമയാണുള്ളത്?'' എന്ന് പത്രോസ് അപ്പോസ്തലന്‍ നമ്മോട് ചോദിക്കുന്നു. ''നായ തന്റെ ഛര്‍ദ്ദിയിലേക്കും കുളിച്ച പന്നി ചെളിയില്‍ ഉരുളുന്നതിലേക്കും തിരിയുന്നു
എന്നുള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവര്‍ക്ക് സംഭവിച്ചു'' (2 പത്രോ.
2:22) എന്ന് പത്രോസ് അപ്പോസ്തലന്‍ പറഞ്ഞത് കേരളത്തിലെ സഭകളില്‍
നിവൃത്തിയായിരിക്കുന്നു. എന്തുകൊണ്ടാണ് സഭ ഇപ്രകാരം അധഃപതിച്ചതും ദൈവത്തില്‍നിന്ന്
അകന്നുപോയതും എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആ തിരിച്ചറിവില്‍നിന്ന് പാഠം
ഉള്‍ക്കൊണ്ടുകൊണ്ട് ഈ അധഃപതനത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഒരു സമൂഹമായി
നാം മാറണം. ആയതിനുവേണ്ടി നടത്തുന്ന 'ചര്‍ച്ച് ആക്ട് ക്രൂസേഡി'ല്‍ പങ്കെടുക്കണമെന്ന് എല്ലാവരോടും
അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഒരു വിജ്ഞാപനമാണിത്.
വിശുദ്ധ മത്തായി എഴുതിയ
സുവിശേഷം 6: 24-ല്‍ ഇപ്രകാരം
നമ്മുടെ കര്‍ത്താവ് അരുളിചെയ്യുന്നു: ''രണ്ട് യജമാനന്മാരെ സേവിപ്പാന്‍
ആര്‍ക്കും സാധ്യമല്ല. എന്തെന്നാല്‍ ഒരുവനെ വെറുക്കുകയും മറ്റവനെ സ്‌നേഹിക്കുകയും ചെയ്യും.
അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും മറ്റവനെ ദുഷിക്കുകയും ചെയ്യും. ദൈവത്തെയും ദ്രവ്യത്തെയും
ഒപ്പം സ്‌നേഹിപ്പാന്‍ നിങ്ങള്‍ക്ക് സാദ്ധ്യമല്ല''. സകല തിന്മകളിലേക്കും
ഒരുവനെ നയിക്കുവാന്‍ ദ്രവ്യാഗ്രഹത്തിനു സാധിക്കുന്നു. ദ്രവ്യാഗ്രഹംമൂലം സ്ഥാനമോഹം,
അധികാരദുര്‍വിനിയോഗം, ദുഷ്ടസംസര്‍ഗം, കൊലപാതകം, പീഡനം തുടങ്ങി അനേകം പാപങ്ങള്‍ക്ക് ഒരുവന്‍
അടിമയായിത്തീരുവാന്‍ ഇടയാകും. ഇതുമൂലമാണ് ക്രൈസ്തവസഭയില്‍ ദ്രവ്യമുപേക്ഷിച്ചുകൊണ്ട്
ദൈവത്തെ പിന്തുടരുന്ന സന്ന്യാസസമൂഹങ്ങള്‍ ഉണ്ടായിവന്നത്.
അപ്പോസ്തല പ്രവര്‍ത്തനങ്ങളില്‍
വിശുദ്ധ ശ്ലീഹന്മാര്‍ പഠിപ്പിച്ചതും ഇതുതന്നെയാണ്: ''അപ്പോള്‍ ശ്ലീഹന്മാര്‍ പന്ത്രണ്ടുപേരുംകൂടി ശിഷ്യസമൂഹത്തെ
മുഴുവനും വിളിച്ചുകൂട്ടി അവരോട്: 'ഞങ്ങള്‍ ദൈവവചനം വിട്ടിട്ട്
മേശകളില്‍ പരിചരിക്കുന്നത് നല്ലതല്ല' എന്നുപറഞ്ഞു. ആകയാല്‍ എന്റെ
സഹോദരരേ, അവരെക്കുറിച്ച് സാക്ഷ്യമുള്ളവരും ദൈവത്തിന്റെ ആത്മാവും
വിജ്ഞാനവും നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നുതന്നെ പരിശോധിച്ച് തിരഞ്ഞെടുക്കുവിന്‍.
ഞങ്ങള്‍ അവരെ ഇക്കാര്യത്തിനായി നിയോഗിക്കാം. ഞങ്ങളോ, എപ്പോഴും
പ്രാര്‍ത്ഥനയിലും വചനശുശ്രൂഷയിലും വ്യാപൃതരുമായിരിക്കാം' എന്ന്
പറഞ്ഞു'' (അപ്പോ. പ്രവ. 6 : 3 -4). ജനങ്ങള്‍
തിരഞ്ഞെടക്കുന്നവരെ സഭയുടെ ഭൗതികകാര്യങ്ങളുടെ ഭരണത്തിനായി നിയമിച്ചുകൊണ്ട് അപ്പോസ്‌തോലന്മാര്‍
കൂടുതല്‍ സമയം പ്രാര്‍ത്ഥനയ്ക്കും വചനശുശ്രൂഷയ്ക്കുമായി തങ്ങളെ സമര്‍പ്പിച്ചതുകൊണ്ടാണ്
ഇന്ന് ലോകംമുഴുവന്‍ ക്രിസ്തീയവിശ്വാസം വ്യാപിച്ചിരിക്കുന്നത്.
ഒരു കാലത്ത് ദൈവജനം
തിരഞ്ഞെടുത്ത അര്‍ക്കദിയാക്കോന്റെ നേതൃത്വത്തിലാണ് മലങ്കരസഭയുടെ ഭൗതികസ്വത്തുക്കള്‍
ഭരിക്കപ്പെട്ടിരുന്നത് എന്നത് ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത ചരിത്രസത്യമായി നിലനില്‍ക്കുന്നു.
പള്ളിസ്വത്തുക്കളുടെ ഉടമസ്ഥര്‍ ഇടവകയിലെ വിശ്വാസികള്‍ ആയിരുന്നു.പള്ളി പൊതുയോഗംകൂടി
തിരഞ്ഞെടുക്കുന്ന സമിതിയിലൂടെ ആയിരുന്നു ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്തുഭരണം നടന്നിരുന്നത്.
കാലത്തിന്റെ കുത്തൊഴുക്കില്‍, വിശ്വാസികള്‍പോലും അറിയാതെ, സമൂഹസ്വത്തുക്കള്‍ക്കുമേലുള്ള
അവരുടെ അവകാശവും ഭരണനിയന്ത്രണവും അവര്‍ക്കു നഷ്ടപ്പെട്ടു. ആ സ്വത്തുക്കള്‍ക്കുവേണ്ടി
പുരോഹിതമേലദ്ധ്യക്ഷന്മാരുടെയിടയില്‍ തര്‍ക്കങ്ങളുണ്ടാകുന്നതിനും, സഭാരാഷ്ട്രീയത്തിലൂടെ വിശ്വാസികള്‍പോലും വിഭാഗീയപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനും,
സഭകള്‍ പിളരുന്നതിനും അതു കാരണമായി ഭവിച്ചു. ഇതുകൂടാതെ, കുമിഞ്ഞുകൂടിക്കൊണ്ടിരുന്ന സ്വത്തുക്കളുടെ ദുര്‍വിനിയോഗംമൂലം അധികാരികള്‍ ദൈവത്തില്‍നിന്ന്
അകന്നുപോകുകയും, തുടക്കത്തില്‍ സൂചിപ്പിച്ചതുപോലുള്ള പാപങ്ങള്‍
സഭയില്‍ പെരുകുന്നതിനു കാരണമാവുകയുംചെയ്തു.
ഇനി എന്താണ് ഇതിനൊരു
പോംവഴി? പൂര്‍വ്വികരുടെ ആ
നല്ല നാളുകളിലേക്കുള്ള ഒരു മടക്കം എങ്ങനെ സാധിക്കും? എപ്രകാരം
ഒരു ക്രിസ്തീയനവോത്ഥാനം കേരളത്തില്‍ സാധ്യമാകും?
ഇന്ത്യയുടെ ഭരണഘടന, ഇന്ത്യയിലുള്ള എല്ലാ മതവിഭാഗങ്ങള്‍ക്കും
അവരുടെ നല്ല വളര്‍ച്ചയ്ക്കും കാലാനുസൃത നവോത്ഥാനത്തിനുമായി ആവശ്യമായ നിയമങ്ങള്‍ നിര്‍മ്മിക്കുവാന്‍
വ്യവസ്ഥചെയ്തിട്ടുണ്ട്. ഇതിലൊന്നാണ്, മതങ്ങളുടെ സ്വത്തുക്കള്‍
സംബന്ധിച്ച നിയമനിര്‍മ്മാണത്തെക്കുറിച്ചുള്ള ഭരണഘടനയുടെ 25, 26 ആര്‍ട്ടിക്കുകള്‍. ഈ ആര്‍ട്ടിക്കിള്‍ പ്രകാരമാണ് ഹൈന്ദവര്‍ക്കു 'ഹിന്ദു റിലീജിയസ് & ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്
ആക്ട്', മുസ്ലീങ്ങള്‍ക്കു 'വക്കഫ് ആക്ട്',
സിഖ് മതവിഭാഗത്തിനു 'ഗുരുദ്വാര ആക്ട്' എന്നിങ്ങനെയുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. ഇതേപോലെ, ക്രിസ്ത്യന്‍ സഭകളുടെ സ്വത്തുക്കള്‍, പ്രത്യേകിച്ചും
ഇടവകപ്പള്ളികളും സ്വത്തുക്കളും, ഇടവകപ്പൊതുയോഗം തിരഞ്ഞെടുക്കുന്ന
മാനേജിങ് കമ്മിറ്റിയില്‍ നിക്ഷിപ്തമാക്കുന്ന ഒരു നിയമനിര്‍മ്മാണത്തിനുള്ള കരട് ആണ്
2009-ല്‍ വി. ആര്‍ കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായുള്ള നിയമപരിഷ്‌കരണ
കമ്മീഷന്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്കു സമര്‍പ്പിച്ചത്.
'ചര്‍ച്ച് ബില്‍-2009'
നിയമം ആക്കുന്നതുവഴി, ക്രിസ്ത്യന്‍ സഭകളില്‍ ഇപ്പോഴുള്ള
വലിയ ജീര്‍ണ്ണതയ്ക്ക് വിപ്ലവകരമായ ഒരു മാറ്റമുണ്ടാകും. സഭാഭരണത്തില്‍ അക്കൗണ്ടബിലിറ്റിയും
സുതാര്യതയും ജനാധിപത്യക്രമത്തിലുള്ള തിരഞ്ഞെടുപ്പും ഉണ്ടാകുകയും, ആത്മീയ ശുശ്രൂഷകരുടെയും അത്മായരുടെയും സ്വാഭാവികനീതിക്കൊപ്പം, മൗലികവും മാനുഷികവുമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുംചെയ്യും. ഇടവകപ്പള്ളികളും
സ്വത്തുക്കളും ഇടവകജനത്തിന്റെ ഉടമസ്ഥതയില്‍ ആവുകയുംചെയ്യും. സര്‍ക്കാരോ സര്‍ക്കാരിന്റെ
പ്രതിനിധികളോ സഭാഭരണത്തില്‍ ഇടപെടുകയില്ല എന്ന വലിയ നേട്ടവും ഈ നിയമത്തിലുണ്ട്.
ആയതിനാല്‍, തങ്ങളുടെ സഭകളിലെ ജീര്‍ണ്ണതകള്‍ക്കെതിരെ
പൊരുതുവാന്‍ ആഗ്രഹിക്കുന്ന എല്ലാ സഭാവിശ്വാസികളോടും ഞങ്ങള്‍ അറിയിക്കുന്നത്,
വിവിധ ക്രൈസ്തവസഭകളിലേ ചര്‍ച്ച് ആക്ട് അനുകൂലസംഘടനകളുമായിച്ചേര്‍ന്ന് ഈ മാസം 27-നു നടത്തുവാന്‍
പോകുന്ന 'ചര്‍ച്ച് ആക്ട് ക്രൂസേഡ്' വിജയിപ്പിക്കണമെന്നാണ്;
അതിനായി നിങ്ങളുടെ കുടുംബത്തിലുള്ള 18 വയസ്സ് പൂര്‍ത്തിയായ
എല്ലാ സ്ത്രീ-പുരുഷന്മാരും ഞങ്ങളോടൊപ്പംചേര്‍ന്ന് സെക്രട്ടേറിയേറ്റ് മാര്‍ച്ചിലും ധര്‍ണ്ണയിലും
പങ്കാളിത്തം വഹിക്കണം എന്നാണ്.
കേരളത്തിലെ എല്ലാ ക്രൈസ്തവസഭകളുടെയും
നല്ല ഭാവിക്കും നവോത്ഥാനത്തിനുമായി, 'ഓള്‍ കേരളാ ചര്‍ച്ച് ആക്ട് ആക്ഷന്‍
കൗണ്‍സി'ലിന്റെ നേതൃത്വത്തില്‍,
നവംബര്‍ 27 ബുധനാഴ്ച ഒരു ലക്ഷം ക്രൈസ്തവവിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട്
സെക്രട്ടേറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും 'ചര്‍ച്ച് ആക്ട് ക്രൂസേഡ്'
എന്ന പേരില്‍ നടത്തുമ്പോള്‍, ആയതില്‍ പങ്കെടുക്കാന്‍
നിങ്ങളെയെല്ലാം ആഹ്വാനം ചെയ്തുകൊള്ളുന്നു!
'നമ്മുടെ കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ!''
ചർച്ച് ട്രസ്റ്റ് ബില്ലു പാസാക്കാൻ ലക്ഷം ക്രൈസ്തവരുടെ സെക്രട്ടേറിയറ്റ് മാർച്ചിന് കെസിആർഎം നോർത് അമേരിക്കയുടെ പിന്തുണ
ചാക്കോ കളരിക്കൽ
കെസിആർഎം നോർത്
അമേരിക്ക (KCRMNA) നവംബർ 06, 2019 ബുധനാഴ്ച്
സംഘടിപ്പിച്ച ടെലികോൺഫെറൻസിൽ ആൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ആഭിമുഖ്യത്തിൽ
നവംബർ 27, 2019-ൽ ലക്ഷംപേർ
പങ്കെടുക്കുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാർച്ചും ധർണയും വിജയിപ്പിക്കുന്നതിനുവേണ്ടി എല്ലാവിധ
സഹായസഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തിരുന്നു. കൂടാതെ, കെസിആർഎം നോർത് അമേരിക്കയുടെ ട്രെഷറർ ശ്രീ ജോർജ്
നെടുവേലിൽ, ടെലികോൺഫെറൻസ് മോഡറേറ്റർ ശ്രീ എ സി ജോർജ് തുടങ്ങിയവർ കെസിആർഎം നോർത്
അമേരിക്കയെ പ്രതിനിധീകരിച്ച് സമ്മേളനത്തിൽ സംബന്ധിക്കുന്നതുമാണ്.
https://www.emalayalee.com/varthaFull.php?newsId=199347#
സഭാസ്വത്തുക്കൾ
ഇന്ന് ഭരിക്കുന്നതും കൈകാര്യം ചെയ്യുന്നതും മെത്രാന്മാരും വൈദികരുമാണ്. അല്മായ പ്രതിനിധികൾ
പൊതുയോഗത്തിലോ പാരീഷ് കൗൺസിലിലോ പങ്കെടുത്താലും അവർക്ക്
തീരുമാനമെടുക്കാനുള്ള അധികാരമില്ല; ഉപദേശകാവകാശമേയുള്ളു. അതിൻറെ ഫലമായി പല
ക്രിസ്ത്യൻ സഭകളിലും ഈ അടുത്ത കാലത്ത് അനധികൃതവും തട്ടിപ്പ് നിറഞ്ഞതുമായ ഭൂമി
ക്രയവിക്രയങ്ങളും സാമ്പത്തിക തിരിമറികളും നടക്കുകയുണ്ടായി. പത്തു വർഷങ്ങൾക്കു
മുൻപ് കേരള നിയമ പരിഷ്കരണ കമ്മീഷൻ ക്രിസ്ത്യൻ സഭകളുടെ സ്വത്തു ഭരിക്കുന്നതിന് ഒരു
ഡ്രാഫ്റ്റ് ചർച്ച് ട്രസ്റ്റ് ബിൽ സർക്കാരിന് സമർപ്പിച്ചിരുന്നു. മാറിമാറിവരുന്ന
സർക്കാരുകൾ നാളിതുവരെ ആയിട്ടും ആ കരടുബില്ല് നിയമസഭയിൽ കൊണ്ടുവന്ന് പാസാക്കാൻ
തുനിഞ്ഞിട്ടില്ല. മറ്റ് മത വിശ്വാസികൾക്ക് അവരുടെ സ്വത്തുക്കൾ ഭരിക്കാൻ നിയമം
നിലവിൽ ഉണ്ടായിരിക്കുകയും ഇന്ത്യൻ ഭരണഘടന എല്ലാ മതക്കാരുടെയും സ്വത്തു ഭരിക്കാൻ
നിയമം ഉണ്ടാക്കണമെന്ന് അനുശാസിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്തുകൊണ്ട്
ക്രിസ്ത്യൻ സമുദായത്തോട് സർക്കാർ വിവേചനാപരമായി പെരുമാറുന്നു എന്ന ചോദ്യം വളരെ
പ്രസക്തമാണ്. പുരോഹിതരെ ഭരമേല്പിച്ചിരിക്കുന്ന ചുമതല വചന ശുശ്രൂഷയും കൂദാശാ
പാരികർമങ്ങൾ തുടങ്ങിയ ആദ്ധ്യാത്മിക ശുശ്രൂഷകളുമാണ്. പള്ളികളുടെ ഭൗതിക വസ്തുക്കളുടെ
നടത്തിപ്പ് അല്മായരുടെ ചുമതലയാണ്. അത് സുവിശേഷാധിഷ്ഠിതവും (നടപടി പുസ്തകം ആറാം
അദ്ധ്യായം കാണുക) മാർതോമാ ക്രിസ്ത്യാനികളുടെ പാരമ്പര്യവുമാണ്. മേല്പറഞ്ഞ രണ്ടു
ചുമതലകളും മുൻകാലങ്ങളിൽ ദേശത്തുപട്ടക്കാരും ഇടവകാംഗങ്ങളായ അല്മേനികളും
ഒത്തൊരുമിച്ച് വളരെ ഭംഗിയായി നടത്തിയിരുന്നു. ക്രിസ്ത്യാനികളുടെ പള്ളിസ്വത്തുഭരണത്തിൽ റോമിലെ
കാനോൻ നിയമം ബാധകമാക്കിയ അന്നുമുതൽ ദൈവജനത്തിൻറെ കൂട്ടായ്മ (Community of the people of God) എന്ന അവസ്ഥ മാറി. ഇപ്പോൾ പുരോഹിത സമുന്നത വർഗവും അല്മേനി
അടിമ വർഗവുമെന്ന രണ്ടു തട്ടാണ് സഭയിലുള്ളത്. ഉദ്യോഗസ്ഥാധിപത്യമുള്ള വമ്പിച്ച ഒരു സംഘടനയാണ്, സഭ ഇന്ന്. യേശുവിൻറെ
സ്നേഹസന്ദേശമായിരുന്നു ആദിമസഭ ഉൾക്കൊണ്ടത്. എന്നാൽ ഇപ്പോഴത്തെ സഭാമേലധികാരികൾക്ക്
പീലാത്തോസിനെപ്പോലെ "എന്താണ് സത്യം?" എന്ന് മനസ്സിലാക്കാൻ സാധിക്കുന്നില്ല. കർത്താവിൻറെ
ശിഷ്യന്മാരായിരുന്ന അപ്പോസ്തലന്മാരിൽനിന്നും ഇന്നത്തെ ഇടയന്മാർ എത്രയോ അകന്നുപോയി!
പള്ളിസ്വത്തുഭരണകാര്യങ്ങളിൽ
കടിഞ്ഞാണില്ലാതെ ഓടുന്ന അധികാരികളെ നിലയ്ക്കുനിർത്താൻ ചർച്ച് ട്രസ്റ്റ് ബിൽ പാസായി
നടപ്പിൽ വന്നേ തീരൂ. "പള്ളിവക ആസ്തികൾ നോക്കിനടത്താൻ കത്തോലിക്കാസഭയ്ക്ക് സുദൃഢമായ നിയമ
വ്യവസ്ഥ" നിലവിലുണ്ടെന്നാണ് വർക്കി വിതയത്തിൽ മെത്രാപ്പോലീത്ത ഒരിക്കൽ
അഭിപ്രായപ്പെട്ടത്. ആ എറണാകുളം-അങ്കമാലി അതിരൂപതയിലാണ് ഈ അടുത്ത കാലത്ത് ഭൂമികുംഭകോണം
നടന്നതെന്നോർക്കണം. "സുദൃഢമായ നിയമ വ്യവസ്ഥ" എതിലെ പോയി? കേന്ദ്ര നിയമസഭയോ സംസ്ഥാന
നിയമസഭയോ പാസാക്കുന്ന നിയമങ്ങളാണ് ഇന്ത്യൻ പൗരന്മാരെ ബാധിക്കുന്ന നിയമങ്ങൾ എന്ന്
എല്ലാവർക്കും അറിയാം. അപ്പോൾ ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ സ്വത്തു
ഭരിക്കുന്നതിനുള്ള നിയമം ഇന്ത്യയിലുള്ള ജനപ്രതിനിധി സഭയാണ് ഉണ്ടാക്കേണ്ടത്. പൊതു
മുതൽ സത്യസന്ധമായിട്ടാണ് ഭരിക്കപ്പെടുന്നത് എന്ന് ഉറപ്പുവരുത്താനാണ് നിയമം;
മറിച്ച്, പാംബ്ളാനി മെത്രാൻ കള്ളം
പ്രചരിപ്പിക്കുന്നതുപോലെ പള്ളിസ്വത്തുമുഴുവൻ സർക്കാരിനെ ഏല്പിക്കുകയല്ല.
നിർദ്ദേശിച്ചിരിക്കുന്ന ചർച്ച് ട്രസ്റ്റ് ബില്ലിൻറെ ലിങ്ക് ഇവിടെ ചേർക്കുന്നു: https://1drv.ms/b/s!ArEfEAVOW_h4jBNXd8KTBhwyIFCM ക്രിസ്ത്യാനികളുടെ
സ്വത്തു ഭരിക്കുന്ന ഏകാധിപതികളായ മെത്രാന്മാരുടെ വാക്കുകൾ കേൾക്കാതെ നിങ്ങൾതന്നെ
ബില്ലു വായിച്ച് സത്യം മനസിലാക്കുക.
ക്രിസ്ത്യൻ
ചർച്ച് ട്രസ്റ്റ് ബിൽ ക്രിസ്ത്യാനികളുടെ ഭൗതിക സ്വത്തുഭരണത്തെ സംബന്ധിച്ചിടത്തോളം
വളരെ നിർണായകമായ ഒരു നിയമമാണ്. സഭയെ
സംരക്ഷിക്കുന്നതിനുള്ള ഏക മാർഗ്മാണത്. അക്കാരണത്താൽത്തന്നെ നവംബർ 27, 2019-ൽ ലക്ഷംപേർ പങ്കെടുക്കുന്ന തിരുവനന്തപുരം
സെക്രട്ടേറിയറ്റ് മാർച്ചും ധർണയും വിജയിപ്പിക്കാൻ നാം കടപ്പെട്ടവരുമാണ്. വടക്കെ
അമേരിക്കയിലെ നവോത്ഥാന സംഘടനയായ കെസിആർഎം നോർത് അമേരിക്ക (KCRMNA), കേരളത്തിലെ ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളുടെ
നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തിൽ പങ്കുചേരുകയും വിജയം ആശംസിക്കുകയും
ചെയ്യുന്നു.
https://www.emalayalee.com/varthaFull.php?newsId=199347#
Saturday, November 23, 2019
ഞാനില്ലാത്ത ഈ പള്ളി നിനക്കെന്തിനാണ്?
8 കോടി രൂപക്ക് പള്ളി പണിയാൻ വികാരിക്ക്
തോന്നി. അതിനായി വെള്ള കുപ്പായത്തിനുള്ളിലെ ദേഹം വിയർത്തില്ല, മനസ്സ്
പതറിയില്ല, എങ്ങനെ പണിയുമെന്ന് ചിന്തിച്ച് രാപകൽ വിഷമിച്ചില്ല.
കാരണം മണ്ടന്മാരായ ഭക്തര്‍ ഉണ്ടല്ലോ വിയർക്കാനും അധ്വാനിക്കാനും പണം കൊണ്ട് വരാനും.
പിറ്റേ
ഞായറാഴ്ച കുർബാനയുടെ ഇടയ്ക്ക് അച്ചൻ പറഞ്ഞു. നമ്മുക്ക് പള്ളിയൊന്ന്
പുതുക്കി പണിയണം. അപ്പുറത്തെ പള്ളി നോക്ക് 5 കോടിക്കാ പണിതത്. നമുക്ക് ഒരു 8
കോടിയെങ്കിലും മുടക്കി പണിയണം.
8 കോടിയുടെ പള്ളി പണിതാൽ തനിക്ക് കിട്ടുന്ന പേരും പെരുമയും കമ്മീഷനും ഓർത്ത് വികാരി പുളകം കൊണ്ടു.
അങ്ങനെ
പള്ളി പണിയാനായി അടുത്ത ദിവസം കമ്മിറ്റി കൂടി. ചിലർ വലിയ പ്രോജക്ടിനേ
എതിർത്തു. ചിലർ അനുകൂലിച്ചു. അനുകൂലിച്ചവർ 50 ലക്ഷം കത്തിപോയാലും
സാരമില്ലെന്ന് ചിന്തിക്കുന്ന വ്യവസായികൾ.
അവസാനം പള്ളി പണിക്ക് തീരുമാനമായി. അങ്ങനെ അച്ചനും കമ്മിറ്റിയും കൂടി ഓരോ കുടുംബ ത്തിനും തുക നിശ്ചയിച്ചു .
ഏറ്റവും കുറഞ്ഞത് 25000 രൂപ.
ഇടവക
അംഗമായ പൊറുഞ്ചുവാണ് സഭയിലെ ഏറ്റവും പാവപ്പെട്ട വിശ്വാസി. താമസം കനാലിന്റെ
പുറത്ത് പുറമ്പോക്കിൽ. ജോലി ഒരു പലചരക്ക് കടയിൽ നിൽക്കുന്നു. നടുവിന്
പ്രശ്നമുണ്ട്. രണ്ട് പെൺമക്കൾ.
കനാലിന്റെ
പുറത്ത് താമസിക്കുന്ന പൊറുഞ്ചുവിൻെറ ഷീറ്റിട്ട ചെറിയ വീട്ടിൽ അച്ചനും
കമ്മിറ്റി പരിവാരങ്ങളും വന്നു. അച്ചൻ ആദ്യമായാണ് ഇടവക അംഗമായ പൊറുഞ്ചുവിൻെറ
വീട്ടിൽ വരുന്നത്.
വന്നതും ഒരു രസീത് കൊടുത്തിട്ട് പറഞ്ഞു. 25000 രൂപ പള്ളിപണിക്ക് അഞ്ച് തവണയായി പള്ളിയിൽ അടയ്ക്കണം.
അയ്യോ
അച്ചാ, അത്രയും തരാൻ ഉണ്ടാവില്ല.ആകെ ബുദ്ധിമുട്ടാണ്. ഒന്നിനും
തികയുന്നില്ല. ഇൗ വീട് പൊളിച്ച് മാറ്റേണ്ടി വരും. കുറച്ച് എന്തെങ്കിലും
തരാം.
അതൊന്നും പറ്റില്ല. ഏറ്റവും കുറവ് ഇവിടെയാണ്. ഒരുമിച്ച് വേണ്ട. അഞ്ച് തവണയായി അടയ്ക്കണം.
ഇല്ലാത്തത് കൊണ്ടാണ് അച്ചോ.
അതേ,
പൊറുഞ്ചുവിന്റെ മക്കൾ വളർന്നു വരുന്നു. ആദ്യ കുർബാന, പിന്നെ കല്ല്യാണം
ആവശ്യങ്ങൾ ഒത്തിരി വരും. പള്ളി പണിക്ക് തന്നിലേൽ ഇതൊന്നും ചെയ്ത് തരില്ല
എന്ന് പറഞ്ഞ് അച്ചൻ പോയി.
പാവം
പൊറുഞ്ചു, ആകെ വെട്ടിലായി. ഭാര്യയുടെ കാതിൽ കിടന്ന നാല് ഗ്രാം കമ്മൽ
കൊണ്ട് പോയി പണയം വെച്ചു. മാലയൊക്കെ മുക്കാണ്. 10,000 രൂപ കിട്ടി. അത്
കൊണ്ട് പോയി അടച്ചു. അങ്ങനെ ഓരോ പാവങ്ങളും ഉള്ളത് പോലെ അടച്ചു
കൊണ്ടിരുന്നു.
അവസാനം പള്ളി പണി കഴിഞ്ഞു. 8 കോടി എന്നത് പത്തായി. വീണ്ടും 2000 കൊടുക്കാൻ പൊറുഞ്ചുവിനോട് പറഞ്ഞു. പാവം അതും കൊടുത്തു.
പള്ളി ഉത്ഘാടനം ചെയ്യാൻ തിരുമേനിമാർ ബെൻസിലും BMW വിലും വന്നു.
അന്ന് പെയ്ത മഴയിൽ പുറമ്പോക്കിൽ നിന്ന പൊറുഞ്ചുവിന്റെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണു.
അത് കണ്ട് അയാള് കരഞ്ഞു.
അപ്പോ
പള്ളിയിലെ സെൻട്രൽ എസി നല്ല തണുത്ത കാറ്റ് പുറപ്പെടുവിച്ച് കൊണ്ടിരുന്നു.
സ്വർണം പൂശിയ കുരിശ് led വെട്ടത്തിൽ തിളങ്ങി കൊണ്ടിരുന്നു.
ഉത്ഘാടനം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് പൊറുഞ്ചു അച്ചനെ കാണാൻ പോയി സങ്കടം പറഞ്ഞു. വീട് ഇടിഞ്ഞ് പോയി. എന്തേലും സഹായം വേണം.
അച്ചൻ
പറഞ്ഞു, പള്ളിയുടെ ഏറ്റവും മുകളിൽ വെക്കാൻ പണിത കുരിശ് സ്വർണ്ണം പൂശാൻ
കൊടുത്തിരിക്കുന്നത് പറഞ്ഞില്ലേ. അതിന് കൊടുക്കാനുള്ള കാശേ ഉള്ളൂ.
സഹായത്തിന് പള്ളിക്ക് കാശില്ല. പൊറുഞ്ചു പോ.
ഇത്
പോലെ പള്ളി വക സ്കൂളിൽ/കോളേജിൽ മക്കൾക്ക് അഡ്മിഷൻ കിട്ടാൻ വരുമാനം
കുറവുള്ള എന്നാൽ പള്ളി പണിക്ക് പണം കൊടുത്ത പലർക്കും നിരാശയായിരുന്നു ഫലം.
തിരിച്ച് പോരാൻ നേരം അയാൾ, 10 കോടിയുടെ പള്ളിയുടെ മുന്നിൽ നിന്നു നോക്കി. തിരിഞ്ഞ് നടക്കാൻ നേരം ആരോ വിളിക്കുന്ന പോലെ തോന്നി.
തിരിഞ്ഞ് നോക്കി ആരുമില്ല.
തോന്നിയതവും എന്ന് കരുതി പൊറുഞ്ചു നടന്നു.
വീണ്ടും വിളിച്ചു.
ആരാ
ഞാനാണ് ഞാൻ യേശുവാണ്, ശബ്ദം മാത്രം പൊറുഞ്ചു കേട്ടു. ഞെട്ടിയ പൊറുഞ്ചു ചോദിച്ചു. കർത്താവേ അടിയൻ.
ഞാനില്ലാത്ത ഈ പള്ളി നിനക്കെന്തിനാണ്? ഇനി നീ ഇവിടെ വരേണ്ടതില്ല.
അപ്പോ കർത്താവേ, എന്റെ മക്കളുടെ ആദ്യ കുർബാന.
അങ്ങനെ കൊടുക്കാൻ ഞാൻ പറഞ്ഞിട്ടുണ്ടോ?
ഇല്ല.
എങ്കിൽ അത് വേണ്ട.
അപ്പോ കർത്താവേ മക്കളുടെ കല്ല്യാണം.
റെജിസ്റ്റർ ഓഫീസ് ഇല്ലേ?
ഉണ്ട്
അത് ഉപയോഗപ്പെടുത്തുക, ഞാൻ അവരെ അനുഗ്രഹിക്കും.
അപ്പോ മരിച്ചാൽ അടക്കം?
പൊതു സ്മശാനമുണ്ട്, ശരീരം എവിടെ അടക്കിയാൽ എന്ത്. നിന്റെ ആത്മാവിനെ എനിക്ക് മതി.
എന്റെ വീട് ഇടിഞ്ഞ് പോയി കർത്താവേ?
ധൈര്യമായി ചെല്ലു. പരിഹാരം ഞാൻ ചെയ്തിട്ടുണ്ട്.
കർത്താവ് പോയി. അയാൾ, വീട്ടിൽ വന്നപ്പോൾ വില്ലേജിൽ നിന്നുള്ള ഒരു കത്ത് കിട്ടി.
പുറമ്പോക്ക് ഭൂമി ക്കാർക്ക് പഞ്ചായത്ത് സ്ഥലവും വീടും വെച്ച് കൊടുക്കുന്നു. ആറ് മാസത്തിനുള്ളിൽ മാറാം.
പള്ളി പണിക്ക് പാവങ്ങളെ പിഴിയുന്ന പരിപാടി ഇന്നും തുടരുന്നു. പൊറുഞ്ചുമാർ വലയുന്നു.
എട്ട് കോടി രൂപയുടെ കരാറിൽ അച്ചൻ ഒപ്പിക്കുന്ന കമ്മീഷൻ എത്ര ഒപ്പീസ് പാടിയാലാണ് കിട്ടുക ?
Subscribe to:
Posts (Atom)