Translate

Monday, November 18, 2019

'ചര്‍ച്ച് ആക്ട് ക്രൂസേഡ്' ചരിത്രവിജയമാക്കുക!


ഫലം കായ്ക്കാന്‍ പാകത്തില്‍ പൂത്തുലഞ്ഞ് ചര്‍ച്ച് ആക്ട്!


ജോർജ് മൂലേച്ചാലില്‍, എഡിറ്റര്‍, 'സത്യജ്വാല'


ചര്‍ച്ച് ആക്ട് എന്ന ആശയവിത്ത് കേരളമണ്ണില്‍ വീണിട്ട് 15 വര്‍ഷമേ ആയിട്ടുള്ളൂ. 2004 ആഗസ്റ്റ് 21-നായിരുന്നുവല്ലോ, കോട്ടയം 'ഡി.സി.കിഴക്കേമുറി ഇട'ത്തില്‍ ഡോ.എം.വി.പൈലി ആദ്ധ്യക്ഷ്യംവഹിച്ച ക്രൈസ്തവനേതാക്കളുടെ യോഗത്തില്‍വച്ച് പ്രൊഫ. ജോസഫ് പുലിക്കുന്നേല്‍ ചര്‍ച്ച് ആക്ട് എന്ന ആശയം അതിന്റെ സമഗ്രതയില്‍ ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോള്‍ 2019. വെറും 15 വര്‍ഷം! ആശയാവതരണത്തെത്തുടര്‍ന്ന് കേവലം 5 വര്‍ഷത്തിനുള്ളില്‍, 2009-ല്‍, ''Kerala Church Properties and Itnsitutions Trust Bill' എന്ന പേരില്‍ അതൊരു കരടുനിയമമായി ക്രോഡീകരിക്കപ്പെടുന്നു! അതിനുശേഷം ഇപ്പോള്‍ വെറും 10 വര്‍ഷമേ ആയിട്ടുള്ളൂ. ചരിത്രത്തിന്റെ കാലഗണനയില്‍ ഈ 10-ഉം 15-ഉം വര്‍ഷമൊക്കെ ഏതാനും നിമിഷങ്ങള്‍ മാത്രം! ഇത്ര ഹ്രസ്വമായ ഒരു കാലയളവുകൊണ്ടുതന്നെ ഈ ആശയം ജനമനസ്സുകളില്‍ പൊട്ടിമുളച്ച്, തായ്‌വേരാഴ്ത്തി, പക്കുവേരുകള്‍ ചുറ്റുംപടര്‍ത്തി, ഇലച്ചാര്‍ത്തുകള്‍വീശി അനേകര്‍ക്കു തണലേകാന്‍ പാകത്തില്‍ ഒരു വടവൃക്ഷമായി വളര്‍ന്നിരിക്കുന്നു!
ഈ വളര്‍ച്ച അത്ഭുതകരമാണ്. പ്രത്യേകിച്ചും, യാഥാസ്ഥിതികരും അധികാരമത്തുപിടിച്ചവരുമായ സഭാദ്ധ്യക്ഷന്മാരും അവരെ അന്ധമായി അനുസരിക്കാന്‍മാത്രം അറിയാവുന്ന പുരോഹിതവൃന്ദവും ചര്‍ച്ച് ആക്ടിനെ നഖശിഖാന്തം എതിര്‍ത്തും, അതിനെതിരെ സഭയുടെ ആധികാരികസംവിധാനമുപയോഗിച്ച് വിശ്വാസിസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചും നിലകൊണ്ട സാഹചര്യത്തില്‍. അവരുടെ കാര്‍മ്മികത്വത്തില്‍ അനുയായി വൃന്ദങ്ങളെക്കൊണ്ട് അതിന്റെ നാമ്പ് മുളയിലേ നുള്ളിക്കളയാന്‍ നോക്കി; നുണകളുടെ ആസിഡ് അതിന്റെ ചുവട്ടിലൊഴിച്ച് കരിച്ചുകളയാന്‍ നോക്കി; വെള്ളവും വളവും നല്‍കി അതിനെ പരിപാലിക്കാനിറങ്ങിത്തിരിച്ച ചര്‍ച്ച് ആക്ട് ധര്‍മ്മഭടന്മാരെ സഭാവിരുദ്ധരെന്നും കമ്മ്യൂണിസ്റ്റുകാരെന്നും നിരീശ്വരരെന്നും തീവ്രവാദികളെന്നും മാവോയിസ്റ്റുകളെന്നും സാത്താന്‍ സേവക്കാരെന്നും മുദ്രകുത്തി ഒറ്റപ്പെടുത്താനും ആട്ടിയോടിക്കാനും നോക്കി; രാഷ്ട്രീയപാര്‍ട്ടികളെയും ഗവണ്‍മെന്റുകളെയും തങ്ങളുടെ ഇല്ലാത്ത വോട്ടുബാങ്ക് വീര്‍പ്പിച്ചുകാട്ടി വിരട്ടിനോക്കി.... എന്നാല്‍, ഈ എതിര്‍പ്പുകളുടെ തീച്ചൂടില്‍ ചര്‍ച്ച് ആക്ട് എന്ന ആശയം വാടിക്കരിഞ്ഞുപോവുകയല്ല ചെയ്തത്; മറിച്ച്, അതില്‍നിന്നെല്ലാം ഊര്‍ജ്ജം വലിച്ചെടുത്ത് കൂടുതല്‍കൂടുതല്‍ കരുത്തോടെ അത് ആര്‍ത്തുവളരുകയായിരുന്നു. ഇന്നിതാ, ഈ ആശയവൃക്ഷം ഫലംകായ്ക്കാന്‍ പാകത്തില്‍ പൂത്തുലഞ്ഞുനില്‍ക്കുന്നു!   
ഈ പൂത്തുലയല്‍, കേരളവും ലോകവും ഈ നവംബര്‍ 27-ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പില്‍ പ്രത്യക്ഷത്തില്‍ കാണാന്‍പോകുകയാണ്. അന്നാണ്, കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലുംവരെയുള്ള ഇടവകകളില്‍നിന്ന്, അല്പമെങ്കിലും ചിന്തിക്കാനും പ്രതികരിക്കാനും ശേഷിയുള്ള ക്രൈസ്തവരിലേറെയും ട്രെയിനുകളിലും ആയിരക്കണക്കിനു ബസ്സുകളിലുമായി, 'ചര്‍ച്ച് ആക്ട് ക്രൂസേഡി'ല്‍ പങ്കെടുക്കാന്‍ അതിരാവിലെ  തിരുവനന്തപുരത്തേക്കൊഴുകുന്നത് ; അന്നാണ്, സെക്രട്ടറിയേറ്റുപടി ഇന്നുവരെ കണ്ടിട്ടില്ലാത്തവിധം, 'ആള്‍ കേരളാ ചര്‍ച്ച് ആക്ട് ആക്ഷന്‍ കൗണ്‍സി'ലിന്റെ ബാനറിനുപിന്നില്‍ വ്യത്യസ്തങ്ങളായ നിരവധി സ്വതന്ത്രസഭാസംഘടനകളുടെ നൂറുകണക്കിനു കൊടികളുയര്‍ത്തിപ്പിടിച്ച,് ആയിരക്കണക്കിനു പ്ലക്കാര്‍ഡുകളുമേന്തി, 'ചര്‍ച്ച് ആക്ട് ക്രൂസേഡി'ന്റെ മുദ്രാവാക്യങ്ങള്‍ ദിഗന്തങ്ങള്‍ പൊട്ടുമാറുച്ചത്തില്‍ മുഴക്കി, ജനലക്ഷങ്ങളുടെ ഒരു അലകടല്‍ പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് അലയടിച്ചെത്തുന്നതും സെക്രട്ടറിയേറ്റ് പടിക്കലേക്ക് മഹാജാഥയായി ഒഴുകുന്നതും....
അന്നാണ്, എല്ലാ ക്രൈസ്തവസഭകളുടെയും ഉന്നതതലങ്ങളില്‍ നടക്കുന്ന വന്‍ അഴിമതികളും ഭൂമികുംഭകോണങ്ങളും കണ്ടുമടുത്ത, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരെയുള്ള മെത്രാന്മാരുടെയും പുരോഹിതരുടെയും ലൈംഗികാതിക്രമവാര്‍ത്തകള്‍ കേട്ടുമടുത്ത, അവയ്‌ക്കെതിരെ നീതിയുടെ വിരല്‍ചൂണ്ടുന്നവരെയെല്ലാം സംഘടിതമായി തകര്‍ക്കാന്‍ നോക്കുന്ന അനീതിയുടെ ബീഭത്സമുഖം കണ്ടു മനംമടുത്ത, വ്യാപകമായി നടന്നുവരുന്ന പള്ളിപിടിച്ചടക്കലുകളിലെയും മൃതദേഹസംസ്‌കാരനിഷേധങ്ങളിലെയും ക്രൂരതയും അക്രൈസ്തവികതയും കണ്ടു സഹികെട്ട ക്രൈസ്തവലക്ഷങ്ങള്‍ ഇളകിയൊഴുകി തലസ്ഥാനത്തെത്തുന്നത്. അന്നാണ്, ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായ ചര്‍ച്ച് ആക്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് 'ചര്‍ച്ച് ആക്ട് ക്രൂസേഡ്' എന്ന പേരില്‍ അത്യുജ്ജ്വലമായ ഒരു വിപ്ലവത്തിനു തിരികൊളുത്തുന്നത്;  അന്നാണ്, ചര്‍ച്ച് ആക്ടിനനുകൂലമായ ജനവികാരത്തെ ഇനിയും തടുത്തുനിര്‍ത്താന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന വസ്തുത എല്ലാ രാഷ്ട്രീയകക്ഷികളും സര്‍ക്കാരും മനസ്സിലാക്കാന്‍ പോകുന്നത്. കേരളസഭാചരിത്രത്തില്‍, ഒരുപക്ഷേ, കേരളത്തിന്റെതന്നെ സാംസ്‌കാരിക ചരിത്രത്തില്‍, ഒരു നാഴികക്കല്ലായി, ഒരു വഴിത്തിരിവായിത്തീരാന്‍പോകുന്ന ദിവസവും അന്നുതന്നെയാണ്...
ചര്‍ച്ച് ആക്ട് പാസായാല്‍മാത്രം ആത്മശാന്തി ലഭിക്കുന്ന രണ്ടു മഹത്തുക്കള്‍ നമ്മെവിട്ടുപോയിട്ടുണ്ട്. പ്രൊഫ. ജോസഫ്  പുലിക്കുന്നേലും ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുമാണ്, ആ രണ്ടുപേര്‍. 16 നൂറ്റാണ്ടുകാലം സഭാത്മകജനാധിപത്യം പുലര്‍ന്നിരുന്ന കേരളസഭയില്‍ അടിച്ചേല്പിക്കപ്പെട്ട രാജകീയ ഭരണവ്യവസ്ഥയ്‌ക്കെതിരെ ഒരു പുരുഷായുസ്സ് മുഴുവന്‍ ഒറ്റയാള്‍പട്ടാളമായി ബൗദ്ധികയുദ്ധം നടത്തിയ ജോസഫ് പുലിക്കുന്നേല്‍ എന്ന ധീരപുരുഷന്റെയും, കേവലം ഒരു രൂപാമാത്രം മാസശമ്പളം പറ്റി, നിയമപരിഷ്‌കരണം ഒരു ദൈവികവേലയായി ഏറ്റെടുത്ത് ചര്‍ച്ച് ആക്ടിനു രൂപംകൊടുത്ത് ഗവണ്‍മെന്റിനു സമര്‍പ്പിച്ച ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെയും പാവനസ്മരണയ്ക്കുമുമ്പില്‍ ശിരസ്സ് നമിച്ചുകൊണ്ടാകട്ടെ, 'ചര്‍ച്ച് ആക്ട് ക്രൂസേഡി'നുള്ള നമ്മുടെ പുറപ്പാട്!... 'ചര്‍ച്ച് ആക്ട് ക്രൂസേഡ്' ഒരു ഉജ്ജ്വലവിജയമാക്കാന്‍ നമുക്കെല്ലാം നവം. 27-ന് തിരുവനന്തപുരത്ത് ഒത്തുചേരാം! 

                                                                                  എഡിറ്റര്‍
                                                                                                                  

No comments:

Post a Comment