ലൂസി കളപ്പുര
സിസ്റ്ററിൻറെ പ്രശ്നവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വത്തിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാനഹാനിയ്ക്ക്
തടയിടാൻ ഈ അടുത്തകാലത്ത് മാന്തവാടിയിലും തൃശൂരും ചങ്ങനാശ്ശേരിയിലും വൈദിക/സന്ന്യസ്ത
ന്യായീകരണ സമ്മേളനങ്ങൾ നടക്കുകയുണ്ടായല്ലോ. അതിൽ സംബന്ധിച്ച കന്ന്യാസ്ത്രീകൾ
മനഃസാക്ഷിവിരുദ്ധമായി വിളിച്ചുപറഞ്ഞതാണ് "ഞങ്ങൾ അടിമകളല്ല" എന്ന്. അടിമകളായ
പാവം കന്ന്യാസ്ത്രീകളെ പഴിച്ചിട്ട് കാര്യമില്ല. കന്ന്യാസ്ത്രീ ജീവിതത്തെപ്പറ്റി
പഠിക്കുകയോ ആഗോള മാധ്യമവാർത്ത പിന്തുടരുകയോ ചെയ്താൽ, അവർ പുരോഹിത മേധാവിത്വത്തിൻറെ അടിമകളാണെന്ന് എളുപ്പം
മനസ്സിലാകും. അതിന് ദൈവശാസ്ത്രം പഠിക്കേണ്ട ആവശ്യമില്ല. സന്ന്യസ്ത സംഗമത്തിൻറെ
ഒളിപ്പോര് കന്ന്യാസ്ത്രീകൾക്കെതിരായി കന്ന്യാസ്ത്രീകളെ രംഗത്തിറക്കുക എന്നതാണെന്ന്
സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകും.
ജലന്ധർ രൂപതയുടെ
മെത്രാനായിരുന്ന ഫ്രാങ്കോ തൻറെ കീഴിലുണ്ടായിരുന്ന ഒരു കന്ന്യാസ്ത്രീയെ ലൈംഗികമായി
പീഡിപ്പിച്ചു എന്ന ആരോപണം ഉണ്ടാകുകയും അത് പോലീസ് കേസാക്കുകയും ചെയ്തു. കന്ന്യാസ്ത്രീകൾകൂടി
പങ്കെടുത്ത വഞ്ചിസ്‌ക്വയർ സമരത്തെ തുടർന്ന് ഫ്രാങ്കോയെ അറസ്റ്റുചെയ്ത് ഏതാനും
ദിവസത്തേയ്ക്ക് ജയിലിലടച്ചു. ലൂസി കളപ്പുര കന്ന്യാസ്ത്രീ വഞ്ചിസ്‌ക്വയർ സമരത്തിൽ
സംബന്ധിച്ച് അവരുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. അതോടെ അവർ സഭാമേലധികാരികളുടെ
നോട്ടപ്പുള്ളിയുമായി. ഈ അടുത്തകാലത്ത് കളപ്പുര സിസ്റ്ററിൻറെ മാതൃസഭയായ FCC, സിസ്റ്ററിനെ കോൺഗ്രിഗേഷനിൽനിന്നും പുറത്താക്കി. ഫ്രാങ്കോ
വിഷയത്തിലും ലൂസി വിഷയത്തിലും സീറോ മലബാർ സഭാനേതൃത്വം സത്യത്തിൻറെയും നീതിയുടെയും
പക്ഷത്തുനില്ക്കാതെ വേട്ടക്കാരോടൊപ്പം നില്ക്കുന്നു എന്ന കാര്യം
സമുദായാംഗങ്ങൾക്കും മറ്റു മതസ്ഥർക്കും വ്യക്തമായി അറിയാം.
ലൂസി
സിസ്റ്ററിൻറെ സഹനസമരം ഒറ്റപ്പെട്ട സമരമല്ല. ഭാരതത്തിലെ കന്ന്യാസ്ത്രീമഠങ്ങളിൽ
കാലോചിതമായ പരിവർത്തനങ്ങൾക്കും ഗുണപരമായ മാറ്റങ്ങൾക്കും അത് കാരണമാകും. മതമാഫിയായെ
എതിർക്കുവാനുള്ള ആർജവം, ലൂസി സിസ്റ്ററിൻറെ ത്യാഗത്തിൻറെ ആശയഗൗരവം എല്ലാം
വിശ്വാസികൾ തിരിച്ചറിഞ്ഞു തുടങ്ങിയപ്പോൾ സഭാനേതൃത്വം വാലിൽ തീപിടിച്ച
വാനരന്മാരെപ്പോലെയായി. അതിന് അവർ കണ്ടുപിടിച്ച ഒരു പോംവഴിയാണ് കന്ന്യാസ്ത്രീകളെ
തടുത്തുകൂടി സന്ന്യസ്തസമ്മേളനം നടത്തി ഞങ്ങൾ മെത്രാന്മാരുടെയും പുരോഹിതരുടെയും
അടിമകളല്ലായെന്ന് അവരെക്കൊണ്ട് വിളിച്ചുപറയിപ്പിക്കുക. അനുസരണം എന്ന വൃതത്തെ
ദുർവ്യാഖ്യാനംചെയ്ത് കന്ന്യാസ്ത്രീകളുടെ വ്യക്തിത്വത്തെ സഭാമേലധികാരം പണ്ടേ
തകർത്തു കളഞ്ഞു. അത്തരം അടിമകന്ന്യാസ്ത്രീകളെ
സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ പുരോഹിത മേധാവിത്വത്തിന് എളുപ്പം സാധിക്കും.
അതാണ് നാം മാനന്തവാടിയിലും തൃശൂരും ചങ്ങനാശ്ശേരിയിലും കണ്ടത്.
കന്ന്യാസ്ത്രീകൾ
സാധാരണ അടിമകൾ മാത്രമല്ലാ; അവർ പുരോഹിതരുടെയും മെത്രാന്മാരുടെയും ലൈംഗിക
അടിമകൾ കൂടിയാണ്. അടുത്തകാലത്ത് ഫ്രാൻസിസ് പാപ്പ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്
നൽകിയ മറുപടിയാണിത്. ദുരുപയോഗത്തിൻറെ കാഠിന്യം മൂലം ബനഡിക്ട് പതിനാറാമൻ മാർപാപ്പ 2005 -ൽ ഫ്രാൻസിലെ ഒരു
കോൺഗ്രിഗേഷൻതന്നെ പിരിച്ചുവിടേണ്ടിവന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർക്കുകകൂടി ഉണ്ടായി.
കാലാകാലങ്ങളായി സഭയിൽ നിലനിൽക്കുന്ന ഭയാനകമായ നിശ്ശബ്ദതയുടെയും രഹസ്യത്തിൻറെയും
സംസ്‌കാരം മൂലമാണ് ലൈംഗിക പീഡനങ്ങൾ വെളിച്ചത്തുകൊണ്ടുവരാൻ കന്ന്യാസ്ത്രീകൾക്ക് സാധിക്കാതെ പോകുന്നത് എന്നാണ്
അവരുടെ ആഗോള സംഘടനകൾ വിലയിരുത്തുന്നത്.
ഏതാനും
വർഷങ്ങൾക്കുമുമ്പ് ഫ്രാങ്കോ മുളക്കന്മാർ ചിലിയിലും (Chile) കുറെ വിലസി.
പരാതിപ്പെട്ട കന്ന്യാസ്ത്രീകളെ മഠത്തിൽനിന്നും പറഞ്ഞുവിടുകയാണ് അവിടേയും ചെയ്തത്. ആഫ്രിക്കയിലും ഇറ്റലിയിലും
സമാനസംഭവങ്ങൾ അരങ്ങേറി. ബലാത്സംഗഗർഭം അലസിപ്പിച്ച് ആ പാപഭാരത്തിൽ ജീവിതകാലം മുഴുവൻ
കഴിയാൻ ഒരു കന്ന്യാസ്ത്രീക്ക് ഇടവരുന്നതിലും കൂടിയ അടിമത്തം ഈ ലോകത്ത്
മറ്റെന്താണുള്ളത്? ലൈംഗിക അടിമകളുടെ ഗർഭം ബലമായി
അലസിപ്പിക്കുന്ന സഭതന്നെയാണ് ഗർഭച്ഛിദ്രത്തിനെതിരായി
വാതോരാതെ പ്രസംഗിക്കുന്നതെന്നോർക്കണം! ദാസ്യവേല, അമിത ജോലി, കുറഞ്ഞ വേതനം (കിട്ടുന്ന വേതനം മഠാധികാരികളെ ഏൽപ്പിക്കണം), പുരോഹിതന്മാരെ
സേവിച്ച് മടുത്ത കന്ന്യാസ്ത്രീകൾ - അവർ അടിമകളാണോ? ഈ അടിമകന്ന്യാസ്ത്രീകൾ ആഫ്രിക്കയിലും തെക്കേ
അമേരിക്കയിലും ഏഷ്യയിലും ധാരാളം ഉണ്ട് എന്നുള്ളതാണ് ഈ വിഷയത്തിലെ ദുഃഖസത്യം.
പരാതിപ്പെടുന്ന കന്ന്യാസ്ത്രീകൾക്കും അവരുടെ കോൺഗ്രിഗേഷനുമെതിരായി സഭാധികാരം
പ്രതികാര നടപടികൾ സ്വീകരിക്കും. സഭയ്ക്കുള്ളിലെ ആശ്രയത്വം അവരുടെ പ്രതികാരശേഷിയെ
ദുർബലപ്പെടുത്തുന്നു.
പുരോഹിതർ
കന്ന്യാസ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത്
അടിമകളാക്കുന്നു എന്ന ഫ്രാൻസിസ് പാപ്പയുടെ അഭിപ്രായപ്രകടനത്തിനുശേഷം
വത്തിക്കാൽറെ പ്രസിദ്ധീകരണമായ "Women Church
World" എന്ന മാസിക
പുരോഹിത ബലാത്സംഗത്തെ നിശിതമായി വിമർശിച്ചു. ആഗോളസഭയിൽ നടക്കുന്ന ലൈംഗിക
ചൂഷണഫലമായി കന്ന്യാസ്ത്രീകൾ ഗർഭിണികളാകുകയും ഗർഭം അലസിപ്പിക്കൽ നടക്കുകയും
അപ്പനില്ലാകുട്ടികളെ പ്രസവിയ്ക്കുകയും ചെയ്യുന്ന ക്രൂരകൃത്യങ്ങളെ മാസിക
തുറന്നുകാട്ടി. അതിൻറെ പരിണതഫലമായി സഭാധികാരത്തിൽനിന്നും എഡിറ്റോറിയൽ ഇടപെടൽ ഉണ്ടായി. അതോടെ മാസികയുടെ സ്ത്രീകളായ
മുഴുവൻ ബോർഡ്അംഗങ്ങളും കൂട്ടത്തോടെ രാജിവെച്ച് ഇറങ്ങിപ്പോയി. പുരുഷ മേധാവിത്വ
അജണ്ട നടപ്പിലാക്കാൻ പരിശുദ്ധ സിംഹാസനം കൂടുതൽ 'അനുസരണയുള്ള' വരെ എഡിറ്റോറിയൽ
ബോർഡിലേയ്ക്ക് കൊണ്ടുവരുവാൻ പരിശ്രമിക്കുന്നുയെന്ന് മുൻ ചീഫ് എഡിറ്റർ ലുസെറ്റ
സ്കറാഫിയ (Lucetta Scaraffia) കുറ്റപ്പെടുത്തി. അനുസരണയുള്ള സ്ത്രീകളെ
തപ്പിത്തേടി തലപ്പത്തുവെയ്ക്കുന്ന പഴയ ശീലമാണ് സഭ ഇന്നും തുടരുന്നതെന്ന് വ്യക്തം.
ഒരു കന്ന്യാസ്ത്രീയെ പുരോഹിതനോ മെത്രാനോ ബലാത്സംഗം ചെയ്താലോ ലൈംഗിക അടിമയായി
സൂക്ഷിച്ചാലോ ഗർഭിണിയാക്കിയാലോ ഗർഭം അലസിപ്പിക്കേണ്ടിവന്നാലോ അപ്പനില്ലാ കുട്ടിയെ പ്രസവിച്ചാലോ ആ
കന്ന്യാസ്ത്രീ മിണ്ടിപ്പോകരുത്. മേലധികാരികളോട് പരാതിപ്പെടരുത്. മൗനത്തോടെ
സഹിച്ച് ജീവിച്ചുകൊള്ളണം. പരാതിപ്പെടുന്നവൾ അനുസരണകെട്ടവളാണ്. ഫ്രാങ്കോ, റോബിൻ തുടങ്ങിയ
സഭയിലെ വൃത്തികെട്ട പുരോഹിതർ എത്ര എത്ര കന്ന്യാസ്ത്രീകളെയും കുടുംബങ്ങളെയുമാണ്
നശിപ്പിച്ചത്. ആഗോളസഭയിൽ ആയിരക്കണക്കിന് പുരോഹിതരാണ് കുട്ടികളോടും സ്ത്രീകളോടും
ലൈംഗിക അതിക്രമങ്ങൾ നടത്തിയിട്ടുള്ളത്! സംഭവം വെളിച്ചത്തു കൊണ്ടുവരുന്ന
മാധ്യമങ്ങളെയും സഭ നല്ലപാഠം പഠിപ്പിക്കാൻ ശ്രമിക്കുന്നു. ഫാ റോയി കണ്ണംച്ചിറ സിഎംഐ
തൻറെ പ്രസംഗത്തിൽ കേരളത്തിലെ മാധ്യമങ്ങളെ 'ചാനൽ തമ്പുരാക്കന്മാർ', 'മാധ്യമ പ്രഭുക്കൾ' എന്നെല്ലാം വിളിച്ച് ആക്ഷേപിച്ചത് മറ്റൊന്നുംകൊണ്ടല്ല.
തിരുത്തലിന് തയ്യാറാകാതെ ചാനലുകാരെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം? സ്ത്രീകളെ, അവർ കന്ന്യാസ്ത്രീകൾ
ആയിരുന്നാൽപോലും, അടിച്ചമർത്തുന്ന സഭാരീതി സോഷ്യൽ മീഡിയായുടെ
ആവിർഭാവത്തോടെ ഇനി വിലപ്പോകില്ല. പുരോഹിതരുടെ കൊള്ളരുതായ്മകൾ
വെളിച്ചത്തുകൊണ്ടുവരാൻ ആയിരക്കണക്കിന് പുലിക്കുന്നന്മാർ ഫേസ്ബുക്കിലും
വാട്സാപ്പിലും ഉണ്ടെന്നുള്ളത് ആശ്വാസകരംതന്നെ.
മാർപാപ്പമാരും
കർദിനാളന്മാരും മെത്രാന്മാരും കന്ന്യാസ്ത്രീകളെ വീട്ടുജോലിക്കാരികളായി
ഉപയോഗിക്കുന്ന പാരമ്പര്യമാണ് കത്തോലിക്കാസഭയ്ക്കുള്ളത്. പുരോഹിതർക്ക് അവർ ഭക്ഷണം
പാകംചെയ്തു കൊടുക്കുന്നു; വസ്ത്രം അലക്കി ഇസ്തിരിയിട്ടു കൊടുക്കുന്നു.
അത്തരം വിലകുറഞ്ഞ പ്രവർത്തികളെ അപലപിക്കാൻ കന്ന്യാസ്ത്രീകൾക്ക് ആത്മവിശ്വാസമോ
ധൈര്യമോ ഇല്ല. "Sex Slaves in the Catholic
Church" എന്ന ഒരു
ഡോക്യുമെൻററി ജർമൻ-ഫ്രഞ്ച്‍ ചാനലായ ആർട്ടി (Arte) പ്രക്ഷേപണം ചെയ്യുകവരെ ഉണ്ടായി. കന്ന്യാസ്ത്രീ
സുപ്പീരിയർന്മാരുടെ ലോക സംഘടനയായ International
Union of Superiors General കന്ന്യാസ്ത്രീകളോടുള്ള പുരോഹിത ലൈംഗിക അതിക്രമങ്ങളെ അവരുടെ മേലധികാരികളെ
ധരിപ്പിക്കുകയും പോലീസിൽ റിപ്പോർട്ട് ചെയ്യുകയും വേണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്.
കുറവിലങ്ങാട്ടെ കന്ന്യാസ്ത്രീയും മറ്റനവധി കന്ന്യാസ്ത്രീകളും സഭാമേലധികാരികളെ
അറിയിച്ചപ്പോൾ അവർക്കുണ്ടായ അനുഭവങ്ങൾ നമ്മുടെ കണ്മുമ്പിൽത്തന്നെ ഉണ്ടല്ലോ.
കത്തോലിക്കാ സഭാധികാരികൾ ഇന്നും സ്ത്രീകളെ രണ്ടാംതരം പൗരനായി കാണുന്നു. #MeToo ചലനത്തിൻറെ കാലഘട്ടമായ
ഇന്ന് #NunsToo യുഗംകൂടി പിറന്നിരിക്കയാണ്.
വത്തിക്കാൻറെ
തൊട്ടു വെളിയിലുള്ള ഒരു മഠത്തിൽ 2003-ൽ
ചേർന്ന ഡോറിസ് വാഗ്നർ (Doris Wagner) എന്ന ജർമൻ കന്ന്യാസ്ത്രീയെ
2008 മുതൽ ഒരു പുരോഹിതൻ ബലാത്സംഗം ചെയ്തുതുടങ്ങി. അക്കാര്യം
മഠാധിപയോട് പരാതിപ്പെട്ടപ്പോൾ അവർ കുപിതയാകുകയും പുരോഹിതന് ആ കന്ന്യാസ്ത്രീ
അപകടകാരിയാണെന്നു പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് ചെയ്തത്. അതിനുശേഷം അവരുടെ
നടപ്പിനുകുറ്റം ഇരിപ്പിനുകുറ്റം നോട്ടത്തിനുകുറ്റം സംസാരത്തിനുകുറ്റം. തുടർച്ചയായി
ഉണ്ടായ നിന്ദ സഹിക്കവയ്യാതെ അവസാനം സൻറ് പീറ്റേഴ്‌സിൻറെ മുകളിൽനിന്ന് എടുത്തുചാടി
ആത്മഹത്യ ചെയ്യാൻവരെ തുനിഞ്ഞെന്ന് PBS ചാനലിലെ ക്രിസ്റ്റഫർ
ലിവ്‌സെ (Christopher Livesay)-യ്ക്ക് കൊടുത്ത ഒരു
അഭിമുഖത്തിൽ ആ കന്ന്യാസ്ത്രീ പറയുകയുണ്ടായി. മഠങ്ങളിൽ ശ്വാസംമുട്ടി കഴിയുന്ന
സിസ്റ്റേഴ്സിന് മഠം വിട്ടുപോകുന്ന കാര്യം ചിന്തിക്കാൻപോലും സാധിക്കയില്ല. കാരണം, അവർക്ക് മറ്റൊരു ബദൽ വഴിയില്ല. പുരോഹിത ലൈംഗിക പീഡനത്തിന് ഒരു കന്ന്യാസ്ത്രീ
ഇരയായാൽ, സഭ ആ പുരോഹിതനെ അമേരിക്കൻ ഫുട്ബാൾ ഫീൽഡിലെ ഡിഫൻഡറെപോലെ
പൊരുതി രക്ഷപ്പെടുത്തും. അവസാനം കന്ന്യാസ്ത്രീ മഠത്തിൽനിന്ന് പോകേണ്ടിയും വരും. കന്ന്യാസ്ത്രീകൾ
അടിമകൾ അല്ലപോലും!
ലോകവ്യാപകമായി
കത്തോലിക്കാസഭയിൽ നടന്നുകൊണ്ടിരിക്കുന്ന പുരോഹിതരുടെ കന്ന്യാസ്ത്രീലൈംഗിക പീഡനങ്ങൾ
മൂടിവെയ്ക്കാൻ സഭാധികാരികൾ നടത്തുന്ന കുൽസിത ശ്രമങ്ങൾ പ്രശ്നങ്ങൾ കൂടുതൽ
വഷളാക്കുകയാണ് ചെയ്യുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് ഫ്രാങ്കോ കേസ്. കുറ്റവാളികളായ
പുരോഹിതർക്ക് സഭാധികാരികൾ രാഷ്ട്രീയസംരക്ഷണംവരെ നൽകുന്നു. എന്നാൽ ക്രിമിനലുകളായ
പുരോഹിതരെ പൗരോഹിത്യത്തിൽനിന്നും പുറത്താക്കുകയും സിവിൽ അധികാരികൾക്ക്
ഏല്പിച്ചുകൊടുക്കുകയുമാണ് സഭാധികൃതർ ചെയ്യേണ്ടത്. സ്വന്തം രക്തത്തിൻറെ രക്തമായ
മക്കളെ കൈകൊണ്ട് സ്പർശിക്കാൻപോലും അറപ്പുകാണിക്കുന്ന, സ്വന്തം മക്കളെ ജാരസന്തതികളായി കാണുന്ന കപടവേഷധാരികൾ
കന്ന്യാസ്ത്രീകളുടെ ഹൃദയവും മനസ്സും ശരീരവും ആത്മാവും കാർന്നുതിന്നുന്നു.
അനുരാഗക്രീഡയിൽ മുങ്ങിപ്പൊങ്ങുന്ന മെത്രാന്മാരിൽനിന്നും പുരോഹിതരിൽനിന്നും
കന്ന്യാസ്ത്രീകൾ എന്ന് മോചിതരാകുമോ എന്നവർക്ക് പറയാം ഞങ്ങൾ അടിമകളല്ല എന്ന്. ഇന്നത്തെ
സഭാചുറ്റുപാടിൽ കന്ന്യാസ്ത്രീകളെ നിങ്ങൾ അടിമകൾതന്നെയാണ്.
No comments:
Post a Comment