Translate

Tuesday, November 12, 2019

കെസിആർഎം നോർത് അമേരിക്ക: ഇരുപത്തൊന്നാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്



കെസിആർഎം നോർത് അമേരിക്ക നവംബർ 06, 2019 (November 06, 2019) ബുധനാഴ്ച്ച നടത്തിയ ഇരുപത്തൊന്നാമത് ടെലികോൺഫെറൻസിൻറെ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. രണ്ടരമണിക്കൂറോളം നീണ്ടുനിന്ന ആ ടെലികോൺഫെറൻസ് ശ്രീ എ സി ജോർജ് മോഡറേറ്റ് ചെയ്തു. അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളിൽനിന്നുമായി വളരെ അധികം ആൾക്കാർ അതിൽ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകൻ പ്രൊഫ. ഡോ. ജോസഫ് വർഗീസ് (ഇപ്പൻ) ആയിരുന്നു. വിഷയം: "യാക്കോബായ സഭയുടെ അസ്തിത്വപ്രതിസന്ധി-ആസന്നമായ വസന്തത്തിൻറെ ഇടിമുഴക്കം!
മോഡറേറ്റർ ആവശ്യപ്പെട്ടപ്രകാരം വിഷയാവതാരകനായ ഇപ്പൻസാറിനെ ചാക്കോ കളരിക്കൽ എല്ലാവർക്കും പരിചയപ്പെടുത്തി.

കുറെ വർഷങ്ങൾക്കുമുമ്പ്  ഇപ്പൻസാറിൻറെ മകൾ ഇന്ദുലേഖയ്ക്ക്‌ മാരകമായ അസുഖം പിടിപെട്ട് ബെംഗളൂരുള്ള സെൻറ് ജോൺസ് മെഡിക്കൽകോളേജിൻ ചികിത്സതേടി. മകൾ മരിച്ചുപോയേക്കും എന്ന അതികഠിനമായ ഭീതിയോടെ അദ്ദേഹം ആശുപത്രിയുടെ ഇടനാഴികകളിൽകൂടി നടന്നുപ്രാർത്ഥിച്ചു. പ്രവർത്തിയാണ് പ്രാർത്ഥനയെന്ന് അദ്ദേഹത്തിന് പണ്ടേ ബോദ്ധ്യമുണ്ടായിരുന്നു. അതിൻറെ വെളിച്ചത്തിൽ അന്ന് അദ്ദേഹമെടുത്ത പ്രതിജ്ഞയാണ് ശിഷ്ടകാലം മുഴുവൻ കർത്താവിൻറെ മുന്തിരിത്തോട്ടത്തിലെ കളപറിച്ചുകൊള്ളാമെന്ന്. സഭയിലെ ആധ്യാത്മിക കാര്യങ്ങൾ പുരോഹിതരിലും പള്ളിയുടെ ഭൗതകഭരണകാര്യങ്ങൾ അല്മായരായ വിശ്വാസികളിലും എന്ന ജോസഫ് പുലിക്കുന്നേലിലിൻറെ ആശയത്തെ ഉൾക്കൊണ്ടുകൊണ്ടുണ്ടായ ചർച്ച് ട്രസ്റ്റ് ബിൽ പാസാക്കിയെടുക്കാൻവേണ്ടിയുള്ള പ്രവർത്തനങ്ങൾ ശരിയായ ഒരു മാനവസേവനമാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. അന്നുമുതൽ അദ്ദേഹം ചർച്ച് ട്രസ്റ്റ് ബില്ലിൻറെ പ്രചാരകനായിമാറി.

മാർ ആലഞ്ചേരി മെത്രാപ്പോലീത്തയുടെ ഭൂമികുംഭകോണകേസ് പൊട്ടിപ്പുറപ്പെട്ടതും വഞ്ചിസ്ക്വയറിലെ കന്ന്യാസ്ത്രി സമരവും ലൂസി കളപ്പുര സിസ്റ്ററിനെതിരായ ശിക്ഷണനടപടികളും മയങ്ങി കിടന്നിരുന്ന ചുർച്ച് ട്രസ്റ്റ് ബില്ലിൻറെ ഉയർത്തെഴുനേല്പിനും അതിൻറെ അതിവേഗപ്രചാരണത്തിനും  അപ്രതീക്ഷിതമായ ഉത്തേജനം ലഭിച്ചെന്ന് ഇപ്പൻസാർ എടുത്തുപറയുകയുണ്ടായി. ചുർച്ച് ട്രസ്റ്റ് ബില്ലിൻറെ പ്രചാരണത്തിനിടെ പലപ്രാവശ്യം ശാരീരിക മർദനംവരെ അദ്ദേഹം ഏറ്റുവാങ്ങുകയും അതിൻറെ ഫലമായി ആശുപത്രിയിൽ കിടന്ന് വൈദ്യസഹായം തേടേണ്ടിവരുകയും ഉണ്ടായിട്ടുണ്ട്.
ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന യാക്കോബായ/ ഓർത്തഡോക്സ്‌ സഭാതർക്കത്തിലെ കോടതിവിധി നിയമത്തിൻറെ കണ്ണിൽ ശരിയാകാമെങ്കിലും നീതിയുടെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോൾ അത് ആർക്കും ഉൾകൊള്ളാൻ സാധിക്കുകയില്ല. പള്ളിത്തർക്കത്തിൽ ഉൾപ്പെട്ടിരിക്കുന്ന മൊത്തം ഇരുപത്തിമൂന്നുലക്ഷം വിശ്വാസികളിൽ പതിനേഴുലക്ഷം വിശ്വാസികളും യാക്കോബായ വിഭാഗക്കാരാണ്. കോടതിവിധിപ്രകാരം അവരുടെ എല്ലാ പള്ളികളും ഓർത്തഡോക്സ്‌ വിഭാഗത്തിൻറേതായി മാറി. ആയിരക്കണക്കിന് ഇടവകക്കാരുള്ള ഒരു യാക്കോബായ ഇടവകയിൽ ചുരുക്കം ചില ഓർത്തഡോക്സ് കുടുംബങ്ങൾ മാത്രം ഉണ്ടായിരുന്നാൽപോലും ആ പള്ളി ഓർത്തഡോക്സ് വിഭാഗം ബലമായി പിടിച്ചെടുക്കുന്നത് അനീതിയാണ്. അവിടെ യേശുവിൻറെ  സഹോദര സ്നേഹത്തിൻറെയും ഉപവിയുടെയും കാരുണ്യത്തിൻറെയും പ്രബോധനങ്ങൾ തമസ്ക്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. ആ നിലപാട് ക്രിസ്തു അനുയായികൾക്ക് ചേർന്നതല്ല.

യാക്കോബായക്കാർക്ക് പ്രതികൂലമായ ആ കോടതിവിധിയെ മറികടക്കാൻ ഇനി ഒരേയൊരു മാർഗമേയുള്ളു-ചുർച്ച് ട്രസ്റ്റ് ബിൽ പാസാക്കിയെടുക്കുക. നിയമസഭയിൽ ചുർച്ച് ട്രസ്റ്റ് ബിൽ പാസാക്കിയെടുക്കാനുള്ള വലിയ ഒരു സാധ്യത ഇന്ന് കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിന് തുറന്നു കിട്ടിയിരിക്കുകയാണ്. കാരണം യാക്കോബായക്കാരുടെ ജീവൻമരണ പ്രശ്നമാണത്; അവരുടെ നിലനില്പിനുവേണ്ടിയുള്ള പോരാട്ടമാണത്.
നൂറ്റാണ്ടുകളായി, തലമുറകളായി സ്വന്തമായിരുന്ന ആരാധനാലയങ്ങളും ആരാധനാസ്വാതന്ത്ര്യവും കൂദാശകളും സിമിത്തേരിതന്നെയും നഷ്ടപ്പെട്ടാലത്തെ അനുഭവം ഒന്ന് ചിന്തിച്ചുനോക്കുക. ബുദ്ധിയും നന്മയുമുള്ള മനുഷ്യർക്ക് സഹിക്കാനാവുന്നതിലും അപ്പുറമാണത്. അപ്പോൾ അത് യാക്കോബായക്കാരുടെ മാത്രം പ്രശ്നമല്ല. പള്ളിയുടെ സാമ്പത്തിക ഭരണത്തിൽ ജനാധിപത്യം വേണമെന്ന് വാദിക്കുന്ന എല്ലാ നല്ല ക്രിസ്ത്യാനികളുടെയും പ്രശ്നമാണത്.

അഡ്വ ഇന്ദുലേഖ സിസ്റ്റർ ലൂസി കളപ്പുരയുമായി നടത്തിയ അഭിമുഖത്തിൽ സിസ്റ്റർ ലൂസിയും ചർച്ച് ട്രസ്റ്റ് ബി ഇന്നത്തെ സംഘടിത സഭാന്തരീക്ഷത്തിൽ അനിവാര്യമാണെന്ന് പറയുകയുണ്ടായി. അത് യേശുവിൻറെ കാരുണ്യ ദർശനത്തിൻറെയും ജനാധിപത്യത്തിൻറെയും സാക്ഷാത്കാരമാണ്.
യാക്കോബായസഭയുടെ ഇന്നത്തെ അസ്തിത്വപ്രതിസന്ധി ആസന്നമായ വസന്തത്തിൻറെ ഇടിമുഴക്കമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇപ്പൻസാർ തൻറെ അരമണിക്കൂർ നീണ്ടുനിന്ന വിഷയാവതരണം അവസാനിപ്പിച്ചത്.

വിഷയാവതരണത്തിനുശേഷം സുദീർഘവും വളരെ സജീവവുമായ ചർച്ച നടക്കുകയുണ്ടായി. ചർച്ചയിലെ പ്രധാനപ്പെട്ട ആശയങ്ങൾ:
ഇപ്പൻസാറിൻറെ വിഷയാവതരണം വളരെ വിവരദായമായിരുന്നു എന്ന് കോൺഫെറൻസിൽ സംബന്ധിച്ച എല്ലാവരുംതന്നെ അഭിപ്രായപ്പെടുകയുണ്ടായി.

യാക്കോബായസഭയ്ക്ക് സുപ്രീം കോടതി വിധിയിൽ എന്തുകൊണ്ട് പരാജയം സംഭവിച്ചു, ആ പരാജയത്തിലേക്ക് നയിച്ച ചരിത്രവസ്തുതകൾ എന്തെല്ലാമെന്ന് ശ്രീ ജോസഫ് പടന്നമാക്കൽ കോൺഫെറൻസിൽ സംബന്ധിച്ച ഒരാളുടെ ചോദ്യത്തിനുത്തരമായി വിശദീകരിച്ചു. എല്ലാവരുടെയും അറിവിലേക്കായി അതിൻറെ ലിങ്ക് ഇവിടെ ചേർക്കുന്നു:


ചർച്ച് ട്രസ്റ്റ് ബിൽ നിയമമായിക്കഴിയുമ്പോൾ സഭാഭരണത്തിൽ ജീർണത ഉണ്ടാകാതിരിക്കാൻ വിശ്വാസികൾ കൂടുതൽ ജാഗരൂകരായിരിക്കണമെന്ന് ഇപ്പൻസാറും കോൺഫറൻസിൽ സംബന്ധിച്ച പലരും അഭിപ്രായപ്പെടുകയുണ്ടായി.

കുറെ യാക്കോബായ സഹോദരങ്ങൾ ഇപ്രാവശ്യത്തെ ടെലികോൺഫെറൻസിൽ സംബന്ധിച്ച് സംസാരിക്കുകയുണ്ടായി. സുപ്രീം കോടതിയുടെ വിധി കാരണം ആ സമുദായം ഇന്നനുഭവിക്കുന്ന യാതനകളെയും വേദനകളെയും സംബന്ധിച്ച് അരിസോണ സ്റ്റേറ്റിൽ നിന്ന് ശ്രീ ചെറിയാൻ ജേക്കബ് വിശദമായി സംസാരിച്ചു. യാക്കോബായസമുദായത്തിന് പള്ളികൾ നഷ്ടപ്പെടുന്നു; ആരാധനാസ്വാതന്ത്ര്യം നഷ്ടപ്പെടുന്നു; വേണ്ടവിധത്തിൽ കൂദാശകൾ ലഭ്യമല്ലാതാകുന്നു; ശവം സ്വന്തം പള്ളിയിലെ സിമിത്തേരിയിൽ അടക്കം ചെയ്യാൻ സാധിക്കാതെ വരുന്നു.
ജനകീയ രാഷ്ട്രീയ സമ്മർദംവഴി പാർലമെൻറ്റിലോ അസംബ്ലിയിലോ ചർച്ച് ട്രസ്റ്റ് ബിൽ നിയമമാക്കി എടുക്കാനുള്ള സാധ്യതകളെസംബന്ധിച്ച് ടെലികോൺഫെറൻസ് വിശദമായി ചർച്ചചെയ്യുകയുണ്ടായി.

ആൾ കേരള ചർച്ച് ആക്ട് ആക്ഷൻ കൗൺസിലിൻറെ (AKCAAC) ആഭിമുഖ്യത്തിൽ നവംബർ 27, 2019-ൽ ലക്ഷംപേർ പങ്കെടുക്കുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റ് മാർച്ചും ധർണയും  വിജയിപ്പിക്കുന്നതിനുവേണ്ടി കെസിആർഎം നോർത് അമേരിക്ക  എല്ലാവിധ സഹായസഹകരണങ്ങളും വാഗ്‌ദാനം ചെയ്‌തു. കെസിആർഎം നോർത് അമേരിക്കയുടെ ട്രെഷറർ ശ്രീ ജോർജ് നെടുവേലിൽ, ടെലികോൺഫെറൻസ് മോഡറേറ്റർ ശ്രീ എ സി ജോർജ് തുടങ്ങിയവർ നവംബർ 27-ലെ തിരുവനന്തപുരം സമ്മേളനത്തിൽ കെസിആർഎം നോർത് അമേരിക്കയെ പ്രതിനിധീകരിച്ച് സംബന്ധിക്കുന്നതുമാണ്. 

വിഷയാവതാരകാൻ ഇപ്പൻസാറിനും ടെലികോൺഫെറൻസിൽ സംബന്ധിച്ച എല്ലാവർക്കും മോഡറേറ്റർ ശ്രീ എ സി ജോർജ് നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.
അടുത്ത ടെലികോൺഫെറൻസ് ഡിസംബർ 11, 2019 ബുധനാഴ്ച നടത്തുന്നതാണ്.

ചാക്കോ കളരിക്കൽ

(KCRMNA പ്രസിഡണ്ട്)

No comments:

Post a Comment