ചാക്കോ കളരിക്കൽ
കെസിആർഎം നോർത്
അമേരിക്ക ഡിസംബർ 11, 2019 (December 11, 2019) ബുധനാഴ്ച്ച നടത്തിയ ഇരുപത്തിരണ്ടാമത് ടെലികോൺഫെറൻസിൻറെ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു.
രണ്ടരമണിക്കൂറോളം നീണ്ടുനിന്ന ആ ടെലികോൺഫെറൻസ് ശ്രീ എ സി ജോർജ് കൊച്ചിയിൽനിന്ന്
മോഡറേറ്റ് ചെയ്തു. അമേരിക്കയിലെയും കാനഡയിലെയും വിവിധ പ്രദേശങ്ങളിൽനിന്നുമായി വളരെ
അധികം ആൾക്കാർ അതിൽ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകൻ റവ ഡോ വൽസൻ തമ്പു (Rev. Dr. Valson Thampu) ആയിരുന്നു. വിഷയം: "മതം
മനുഷ്യനുവേണ്ടിയോ അതോ മനുഷ്യൻ മതത്തിനുവേണ്ടിയോ" (Religion for man, or man for religion). ഡോ തമ്പു
യാത്രയിലായിരുന്നതിനാൽ കൊൽക്കത്ത എയർപോർട്ടിലിരുന്നാണ് സംസാരിച്ചത്.
വിഷയസംബന്ധമായി അവതരിപ്പിക്കപ്പെട്ട പ്രധാന പോയിൻറുകൾ ചുവടെ
കൊടുക്കുന്നു. മാർക്കോസിൻറെ സുവിശേഷം 2: 28, “സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യൻ
സാബത്തിനുവേണ്ടിയല്ല”. മതങ്ങളിൽ വ്യതിയാനങ്ങൾ എന്നും
ഉണ്ടായിക്കൊണ്ടിരിക്കുന്നു. യേശുവിൻറെ കാലത്ത് യഹൂദമതം അനീതിനിറഞ്ഞ് ലജ്ഞാകരമായ
അവസ്ഥയിലായിരുന്നു. മതങ്ങളിൽ പണം കുമിഞ്ഞുകൂടിയപ്പോൾ പുരോഹിത വർഗം ഉണ്ടായി. ധനവും
അധികാരവും ഒന്നിക്കുമ്പോൾ നിരീശ്വരചിന്ത രൂപപ്പെടും. മതത്തെ സ്ഥാപനവൽക്കരിച്ചുകൊണ്ടാണ്
പുരോഹിത വർഗം അധികാരം നിലനിർത്തുന്നത്. യേശു അന്ന് അഭിമുഖീകരിച്ചതും അതുതന്നെ.
പുരോഹിതർ ഇന്ന്, ദൈവത്തിനും മനുഷ്യനുമിടക്കുള്ള ഇടനിലക്കാരായായാണ് വർത്തിക്കുന്നത്. ആ
ഇടനിലക്കാർ പാലമാകാതെ മതിലാകുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളുംകൊണ്ടവർ മതിൽ
കെട്ടുന്നു. അത് പാടില്ല. യേശു ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തള്ളിപ്പറഞ്ഞു.
ആചാരം യാന്ത്രികമാണ്; അടിമത്തമാണ്. ആചാരാനുഷ്ഠാനങ്ങളുടെ
നാലുകെട്ടിൽനിന്ന് വെളിയിൽ വരണം. ശിഷ്യരെ പഠിപ്പിക്കുകയാണ് യേശു ചെയ്തത്. വളർച്ചയുടെ
സംസ്കാരത്തിലേക്ക് മാറണം. മത്തായിയുടെ 7: 7-ൽ പറയുന്നത് "....അന്വേഷിപ്പിൻ നിങ്ങൾ കണ്ടെത്തും...." എന്നാണ്.
മതദർശനം ഊന്നിനിൽക്കണ്ടത് അന്വേഷണത്തിലാണ്. പാശ്ചാത്യമനുഷ്യർ വചനത്തോട്
ബന്ധംവരുത്തി അന്വേഷിക്കാൻ തുടങ്ങി. അതോടെ അവർ ആചാരാനുഷ്ഠാനങ്ങളിൽനിന്നും
മാറിത്തുടങ്ങി.
പുരോഹിതവർഗത്തിൻറെ ദൈവം ധനമാണ്. ദൈവത്തെയും മാമോനെയും
ഒരുമിച്ചു സേവിക്കുക സാധ്യമല്ല. പണം ദൈവമല്ലാത്ത ആത്മീയതയിലേക്ക്, മാമോനെ ആരാധിക്കാത്ത ആത്മീയതയിലേയ്ക്ക് സഭ മാറണം.
പുരോഹിതവർഗത്തെ വഷളാക്കുന്നത് അല്മായരാണ്. അത് പ്രധാനമായി
രണ്ടു കാരണങ്ങൾ കൊണ്ടാണ്. പള്ളിയ്ക്ക് വീണ്ടും വീണ്ടും പണം കൊടുക്കുക. വൈദികർ
പറയുന്നത് മുഴുവൻ വെട്ടിവിഴുങ്ങുക. മറുപടി പറയാൻ സഭയിൽ അവസരമില്ല. ചോദ്യം
ചോദിക്കാത്ത ആത്മീയഅടിമത്തമാണ് ഇന്നുനടക്കുന്നത്. പുരോഹിതരെ ആശ്രയിക്കാതെ സ്വന്തം
കാലിൽ നിൽക്കാൻ അല്മായർ പഠിക്കുക. ദൈവത്തിനും മനുഷ്യനും ഇടയ്ക്ക് ഇടനിലക്കാരായ
പുരോഹിതർ വേണ്ട. പുരോഹിതവർഗത്തിൻറെ നുകത്തിൻകീഴിൽ കെട്ടിയിട്ട മനുഷ്യർ
മനസ്സിലാക്കണം മനുഷ്യൻ മതത്തിനുവേണ്ടിയല്ലായെന്ന്. വസ്തുനിഷ്ഠമായും, വചനാധിഷ്ഠിതവുമായുള്ള നിരന്തര അന്വേഷണത്തിലൂടെ സമൂലമായ
മാറ്റം അനിവാര്യമാണ്. ജീവിതം ഒരു അനുഭവമാണ്, രൂപാന്തരണമാണ്,സംസ്‌കാരമാണ്. അത് പുരോഹിതരുടെ നാടകംകളിയാകാൻ
പാടില്ല. അന്ധവിശ്വാസത്തെ പരിപോഷിപ്പിച്ചാണ് പുരോഹിതർ നിലനിൽക്കുന്നത്.
വിഷയാവതരണത്തിനുശേഷം
സുദീർഘവും വളരെ സജീവവുമായ ചർച്ച നടക്കുകയുണ്ടായി. ചില പ്രധാന പോയിൻറുകൾ ചുവടെ
ചേർക്കുന്നു: യേശു ശിഷ്യരെയാണ് തെരെഞ്ഞെടുത്തത്. പുരോഹിതരെ നിയമിച്ചില്ല. യേശു മതം
സ്ഥാപിച്ചിട്ടില്ല. സഹോദരർ പരസ്പരം സ്നേഹിക്കണമെന്ന് യേശു പഠിപ്പിച്ചു. ഇന്നത്തെ സഭ
റോമാസാമ്രാജ്യത്തിൻറെ തനി പകർപ്പാണ്. പൗരോഹിത്യ മേധാവിത്വത്തിൽനിന്നും ജനങ്ങൾ
രക്ഷപ്പെട്ടാൽ പുരോഹിതരുടെ കച്ചവടം പൂട്ടും. സഭയിൽ നിന്നുകൊണ്ട് നവീകരണം
അസാധ്യമാണ്. യഹൂദ മത ചട്ടക്കൂട്ടിൽ
നിന്നുകൊണ്ട് യേശു യഹൂദമതത്തെ പരിഷ്‌ക്കരിക്കാൻ ശ്രമിച്ച് പരാജയപ്പൂട്ടു. യഹൂദജനം
തച്ചൻറെ മകനെ ആക്ഷേപിക്കുകയാണ് ചെയ്തത് (മത്താ. 13). അവസാനം കുരിശിൽ തൂക്കി
കൊല്ലുകയും ചെയ്തു. യാതൊരുവക സംവാദത്തിനും സഭാധികാരം നില്ക്കില്ല.
യുവതീയുവാക്കന്മാർ സഭയെ ഉപേക്ഷിച്ചു പോയിത്തുടങ്ങി.
ഡോ വൽസൻ തമ്പുവിൻറെ വിഷയാവതരണം ബൗദ്ധികമായ ഒരു ഉണർവിന്
കാരണമായിയെന്ന് കോൺഫെറൻസിൽ സംബന്ധിച്ച എല്ലാവരുംതന്നെ അഭിപ്രായപ്പെടുകയുണ്ടായി. മോഡറേറ്റർ
ശ്രീ എ സി ജോർജ് എല്ലാവർക്കും പ്രത്യേകിച്ച് ഡോ വൽസൻ തമ്പുവിനും നന്ദി
രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.
അടുത്ത
ടെലികോൺഫെറൻസ് ജനുവരി 08, 2020 ബുധനാഴ്ച 09 PM (EST) നടത്തുന്നതാണ്. വിഷയം അവതരിപ്പിക്കുന്നത് അഖില കേരള ചർച്ച് ആക്ട് ആക്ഷൻ
കൗൺസിലിൻറെ (AKCAAC)
ചെയർമാൻ അഡ്വ ബോറിസ് പോൾ ആയിരിക്കും. വിഷയം: 'ക്രിസ്ത്യൻ
സ്വത്തുഭരണത്തിലെ അഴിമതികളും ചർച്ച് പ്രോപ്പർട്ടീസ് ട്രസ്റ്റ് ബില്ലും'.