Translate

Monday, January 6, 2020

മാനസാന്തരത്തിന്‍റെ നൂതനവഴികളുമായി ആമസോണ്‍ സിനഡ് രേഖ

http://sathyadeepam.org/coverstory/amazon-synod-rekha/

ഡോ. സജി മാത്യു കണയങ്കല്‍ സിഎസ്ടി
2019 ഒക്ടോബര്‍ 6 മുതല്‍ 27 വരെ റോമില്‍ സമ്മേളിച്ച ‘ആമസോണ്‍ സിനഡ്’ പരിവര്‍ത്തനോന്മുഖമായ വ്യത്യസ്ത നിര്‍ദ്ദേശങ്ങളാല്‍ ആഗോളസമൂഹത്തിന്‍റെ ശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. ആമസോണ്‍ നദിയുടെ ചുറ്റുമായി വ്യാപിച്ചുകിടക്കുന്ന ഒമ്പതു രാജ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആമസോണ്‍ വനമേഖല ലോകത്തിന്‍റെ ‘ജൈവഹൃദയം’ (biological heart) ‘ശ്വസനപേടകം’ എന്നിങ്ങനെയുള്ള വിവിധ പേരുകളാല്‍ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ആവാസവ്യവസ്ഥയുടെ സവിശേഷതകൊണ്ടും ജൈവവൈവിദ്ധ്യത്തിന്‍റെ സങ്കീര്‍ണതകൊണ്ടും വ്യത്യസ്തങ്ങളായ തദ്ദേശീയ ഗോത്രവര്‍ഗങ്ങളുടെ സാന്നിദ്ധ്യംകൊണ്ടും ആമസോണ്‍ വനമേഖല ലോകത്തിന്‍റെ മറ്റേതു പ്രദേശത്തേക്കാളും സമ്പന്നമാണ്; ഒപ്പം സങ്കീര്‍ണവും.
ആമസോണ്‍ യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള തുറവിയും തദ്ദേശീയരോടുള്ള ആദരവും പ്രകൃതിയോടും അതിലെ സമസ്തജീവജാലങ്ങളോടുമുള്ള കരുതലുമാണ് ഈ സിനഡിന്‍റെ മുഖമുദ്ര. സഭയുടെ ഔദ്യോഗികമായ സമീപനം, പ്രമേയം, പങ്കാളിത്തം അവതരണം എന്നീ തലങ്ങളിലെല്ലാം ഏറെ വ്യത്യസ്തതകളുള്ള ഒന്നായിരുന്നു ഈ സിനഡ്. സിനഡിനൊരുക്കമായ മാര്‍ഗരേഖയെക്കുറിച്ചുള്ള പഠനത്തിലും ചര്‍ച്ചയിലും സിനഡിലുമായി ആമസോണ്‍ പ്രദേശത്തെ 87000-ലധികം ആളുകള്‍ നേരിട്ടു പങ്കാളികളായി. മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ദൈവശാസ്ത്രജ്ഞര്‍ക്കുമൊപ്പം ഈ പ്രദേശത്തെ അല്മായസമൂഹത്തിന്‍റെ – പ്രത്യേകമായി വനിതകളുടെയും യുവജനങ്ങളുടെയും സജീവമായ സാന്നിദ്ധ്യം ഈ സിനഡിന്‍റെ സവിശേഷതയായിരുന്നു. പതിനാറു വ്യത്യസ്ത ഗോത്രവിഭാഗങ്ങളുടെ പ്രതിനിധികളുടെ പങ്കാളിത്തം ഇതിന്‍റെ ചര്‍ച്ചയിലും നയരൂപീകരണത്തിലും സ്വാധീനം ചെലുത്തിയിട്ടുമുണ്ട്.
അഞ്ച് അദ്ധ്യായങ്ങളിലായി 120 നമ്പറുകളില്‍ ക്രമപ്പെടുത്തിയിരിക്കുന്ന ‘സിനഡ് രേഖ’യെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാക്രികലേഖനമായ ‘ലൗദാത്തോ സി’യുടെ സന്താനമായാണു നിരൂപകര്‍ വിലയിരുത്തിയിരിക്കുന്നത്. ആമസോണ്‍ പ്രദേശത്തിന്‍റെ നട്ടെല്ലായ സാംസ്കാരികവും വംശീയവുമായ വൈവിദ്ധ്യത്തിന്‍റെയും ജീവിതരീതിയുടെയും പ്രാധാന്യവും സൗന്ദര്യവും ഏറ്റുപറയുന്ന സിനഡ് രേഖ ഈ മേഖലയ്ക്ക് ഇന്നുണ്ടായിരിക്കുന്ന തകര്‍ച്ചയെയും തുറന്നു കാണിക്കുന്നു. ഈ പ്രദേശത്തെ ഓരോ സംസ്കാരവും ഗോത്രവും രൂപപ്പെടുത്തിയിരിക്കുന്ന പ്രാപഞ്ചികദര്‍ശനത്തിന്‍റെ ആഴം മനസ്സിലാക്കുന്ന സിനഡ് ഇവയുടെ തനതു മൂല്യം അംഗീകരിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളായി തദ്ദേശവാസികള്‍ ഇവിടെ ജീവിച്ചുവരുന്നു; ഇവിടത്തെ മണ്ണിനെയും മരത്തെയും ജലസ്രോതസ്സുകളെയും സംരക്ഷിച്ച ഈ ജനതയുടെ നന്മയുടെ സദ്ഫലങ്ങള്‍ ലോകം മുഴുവനും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക നാഗരികതയുടെ കടന്നുകയറ്റവും മനുഷ്യന്‍റെ ഒടുങ്ങാത്ത ദുരയും ഹിംസ്രാത്മകമായ ആക്രമണവും മൂലം മുറിവേറ്റിരിക്കുന്നത് ആമസോണിന്‍റെ ഹൃദയത്തിനാണ്. ഈ ഭൂമിയുടെയും അതിലെ നിസ്വരായ സകല നിവാസികളുടെയും അതിജീവനത്തിനായുള്ള നിലവിളി കേട്ടു സമഗ്രമായ മാനസാന്തരത്തിലൂടെ ക്രിസ്തു വിഭാവനം ചെയ്ത സ്വാതന്ത്ര്യത്തിന്‍റെ സന്ദേശം എല്ലാവര്‍ക്കും എത്തിക്കുവാനുള്ള പുതിയ വഴികള്‍ കണ്ടെത്താനാണു സിനഡ് ആഹ്വാനം ചെയ്യുന്നത്.
പരിവര്‍ത്തനത്തിന്‍റെ ഈ നവവഴിയില്‍ നാലു തലത്തിലുള്ള മാനസാന്തരം നടക്കേണ്ടതുണ്ട്. അജപാലനപരവും സാംസ്കാരികവും പാരിസ്ഥിതികവും പങ്കാളിത്തപരവുമായ മാനസാന്തരത്തിലൂടെ ഈ ജനതയുടെയും ഈ കാലഘട്ടത്തിന്‍റെയും നൊമ്പരങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരമാകാനുള്ള ഉത്തരവാദിത്വമാണ് ഇന്നു സഭയ്ക്കുള്ളത്.
അജപാലനപരമായ മാനസാന്തരം നടക്കേണ്ടതു നിശ്ചലമായ ഒരു സഭയിലല്ല. ആമസോണിന്‍റെ ഹൃദയമായ ആ നദികളിലൂടെയും വനപ്രദേശങ്ങളിലൂടെയും തദ്ദേശീയ ജീവിതങ്ങളിലൂടെയും സഞ്ചരിക്കുന്ന ഒരു സഭ, ഗോത്രസംസ്കൃതിയില്‍ ലീനമായിരിക്കുന്ന അനുഷ്ഠാനങ്ങളുടെയും പ്രതീകങ്ങളുടെയും നന്മയെയും ദൈവാനുഭവത്തെയും ഉള്‍ക്കൊള്ളുന്ന ഒന്നായിരിക്കണം. സമരിയാക്കാരന്‍റെ നന്മയും അനുകമ്പയും പങ്കുചേരലും മഗ്ദലനയുടെ സ്നേഹവും അനുരഞ്ജനവും മറിയത്തിന്‍റെ കരുതലും വാത്സല്യവും ആര്‍ദ്രതയും സഭയ്ക്കു വീണ്ടെടുക്കേണ്ടതായുണ്ട്. മാനസാന്തരത്തിന്‍റെ ഈ അടയാളങ്ങള്‍ കേവലം ബാഹ്യചിഹ്നങ്ങളില്‍ ഒതുക്കിനിര്‍ത്തേണ്ട ഒന്നല്ല. മറിച്ചു തികച്ചും മൂര്‍ത്തവും വ്യക്തവുമായ തലങ്ങളില്‍ ആവിഷ് കൃതമാകേണ്ടതും നിര്‍ണായകമായ നിലപാടുകളില്‍ വ്യക്തത വരുത്തേണ്ടതുമായ ഒന്നാണ്.
ആമസോണ്‍ ജനതയുടെ ജീവിതത്തിലേക്കും ദര്‍ശനത്തിലേക്കും തനിമയിലേക്കുമുള്ള അടിസ്ഥാനപരമായ തുറവിയാണു സാംസ്കാരിക മാനസാന്തരം ലക്ഷ്യംവയ്ക്കുന്നത്. തദ്ദേശീയമായ എല്ലാറ്റിനെയും മാനിക്കാനും അവയുടെ മൂല്യങ്ങളെ സ്വാംശീകരിക്കുവാനും അത് ഉള്‍ക്കൊള്ളുവാനും സഭയ്ക്കു കഴിയണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം വളരെ സജീവമായിരുന്നതും പിന്നീടു നാം വിസ്മരിച്ചതുമായ ‘സാംസ്കാരിക അനുരൂപണ’മെന്ന പദം ഈ രേഖയില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നുണ്ട്. സാംസ്കാരിക അനുരൂപണത്തിനൊപ്പംതന്നെ സാംസ്കാരിക ഇടകലരുകളും (inter culturations) പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നു സിനഡ് വ്യക്തമാക്കുന്നു. ആമസോണ്‍ പ്രദേശത്തെ പാരമ്പര്യങ്ങള്‍ക്കും ഗോത്രാനുഷ്ഠാനങ്ങള്‍ക്കും യാഥാര്‍ത്ഥ്യത്തിന്‍റെ സമഗ്രതയെ സ്വായത്തമാക്കാനുള്ള ഉള്‍ക്കരുത്തുണ്ട്; ഇവയില്‍ വിശ്വാസപ്രഖ്യാപനത്തിന്‍റെ ആഘോഷവുമുണ്ട്. ഇവയുടെ മൂല്യങ്ങളെ ഉള്‍ക്കൊള്ളുവാനും പ്രോത്സാഹിപ്പിക്കുവാനും പിന്തുടരുവാനുള്ള സഭയുടെ കൂട്ടായ ശ്രമമാണു സാംസ്കാരികമാനസാന്തരം ലക്ഷ്യം വയ്ക്കുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പ വിഭാവനം ചെയ്ത സമഗ്ര പരിസ്ഥിതിയുടെ (integral ecology) ചുവടുറപ്പിച്ചാണു പാരിസ്ഥിതിക മാനസാന്തരത്തെ സിനഡ് വിവരിക്കുന്നത്. “എല്ലാം പരസ്പരം ബന്ധിതമാണ്” എന്ന ദര്‍ശനമാണ് ഇതിന്‍റെ ആധാരംതന്നെ. തദ്ദേശീയരുടെയും ഗോത്രവംശജരുടെയും പാരമ്പര്യജ്ഞാനത്തെയും അനുഭവസമ്പത്തിന്‍റെ ഖനിയെയും ചൂഷണം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്യുന്ന കയ്യേറ്റത്തെ ജൈവചോരണം (biopiracy) എന്നു വിശേഷിപ്പിക്കുന്ന സിനഡ് പാരിസ്ഥിതിക പാപത്തെയും നിര്‍വഹിക്കുന്നു. ഈ സിനഡിന്‍റെ ഏറ്റവും മികച്ച സംഭാവനയെന്നു നിരൂപകര്‍ വിലയിരുത്തിയിരിക്കുന്നതു പാരിസ്ഥിതിക പാപത്തെ നിര്‍വചിക്കാന്‍ കഴിഞ്ഞതാണ്.
പ്രപഞ്ചത്തിന്‍റെ ഏകതാനതയെയോ ഐക്യത്തെയോ നശിപ്പിക്കുകയോ മുറിപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും പാരിസ്ഥിതിക പാപമാണ് (ecological sin). പ്രപഞ്ചത്തിലെ ജീവജാലങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ മുറിപ്പെടുത്തലും ജൈവപാരസ്പര്യത്തിന്‍റെ ലംഘനവുമായ പാരിസ്ഥിതിക പാപം വരുംതലമുറയ്ക്ക് എതിരായ പ്രവൃത്തിയും നീതിയുടെ ലംഘനവുമാണ്.
പാരിസ്ഥിതിക പാപത്തെക്കുറിച്ചുള്ള ഈ നിര്‍വചനം ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ഇതിനകം വഴിതെളിച്ചിട്ടുമുണ്ട്. ഈ നിര്‍വചനം സഭയുടെ മതബോധനഗ്രന്ഥത്തില്‍ കൂട്ടിച്ചേര്‍ക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പിന്നീടു പറയുകയുണ്ടായി. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ജൈവഹത്യ (ecocide) ലോകസമാധാനത്തെ ഹനിക്കുന്ന ശിക്ഷാര്‍ഹമായ കുറ്റമാണ്.
സിനഡിലെ ഏറ്റവും പുരോഗമനപരമായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് അവസാന അദ്ധ്യായത്തിലാണ്. Synodal Convention എന്നു വിശേഷിപ്പിക്കുന്ന ഈ ഭാഗം സഭയുടെ ശുശ്രൂഷാമേഖലകളിലും പങ്കാളിത്ത മണ്ഡലങ്ങളിലും സ്വീകരിക്കേണ്ട പുതിയ രീതികളെക്കുറിച്ചാണു വിശദീകരിച്ചിരിക്കുന്നത്. മാമ്മോദീസാ സ്വീകരിച്ച എല്ലാവര്‍ക്കും സുവിശേഷപ്രഘോഷണത്തിനും സഭാശുശ്രൂഷയ്ക്കും കൂട്ടായ ഉത്തരവാദിത്വമാണുള്ളത്. മനുഷ്യാവതാരത്തിലൂടെ എല്ലാ ഗോത്രങ്ങളെയും മനുഷ്യവ്യക്തികളെയും തന്നിലേക്ക് ഒന്നിപ്പിക്കുന്ന ക്രിസ്തുവാണു വിശ്വാസത്തിന്‍റെ കേന്ദ്രം. ഈ വിശ്വാസത്തോടുള്ള വിശ്വസ്തത മാമ്മോദീസാ സ്വീകരിക്കുന്ന എല്ലാവര്‍ക്കും പൊതുവായി ലഭിക്കുന്ന ദാനവുമാണ്. അതുകൊണ്ടുതന്നെ അജപാലനപ്രവര്‍ത്തനങ്ങള്‍ക്കും സഭാത്മക ശുശ്രൂഷകള്‍ക്കും അല്മായര്‍ക്കു പ്രത്യേകിച്ചു സ്ത്രീകള്‍ക്കു പങ്കാളിത്തം നല്കേണ്ടതുണ്ട്.
ആമസോണ്‍ ഭൂപ്രദേശത്തിന്‍റെയും സഭയുടെയും പ്രത്യേക പരിതോവസ്ഥയില്‍ ചെറിയ ചെറിയ സമൂഹങ്ങളില്‍ വിശ്വാസം പങ്കുവയ്ക്കപ്പെടുവാനും പ്രഘോഷിക്കപ്പെടുവാനും ആഘോഷിക്കുവാനുമുള്ള സാദ്ധ്യതകള്‍ ഏറെയുണ്ട്. ഇത്തരം ശുശ്രൂഷകള്‍ക്കു നേതൃത്വം വഹിക്കുവാന്‍ അല്മായരായ സ്ത്രീ-പുരുഷന്മാരെ നിയമിക്കാവുന്നതാണ്. ആവശ്യത്തിനു വൈദികരില്ലാത വരുന്ന പശ്ചാത്തലത്തില്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവരും പരിശീലനം സിദ്ധിച്ചവരുമായ അല്മായരെ സവിശേഷമായ അനുഷ്ഠാനവിധികളോടെ മെത്രാന്‍ നിയമിക്കുന്നതു വിശ്വാസപ്രഘോഷണത്തിനുളള കൂടുതല്‍ സാദ്ധ്യതകള്‍ തുറന്നു തരും.
പൗരോഹിത്യശുശ്രൂഷയില്‍ സഹകാരികളായി വര്‍ത്തിക്കുവാന്‍ സ്ഥിരം ഡീക്കന്മാരെ നിയമിക്കണമെന്ന നിര്‍ദ്ദേശവും സിനഡ് അവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സഭയുടെ ശുശ്രൂഷാമണ്ഡലങ്ങളില്‍ വനിതകളുടെ സാന്നിദ്ധ്യത്തിന്‍റെ സാദ്ധ്യതയും പ്രസക്തിയും സിനഡ് ഗൗരവപൂര്‍വം വിലയിരുത്തി. ലോകത്തിന്‍റെ പല ഭാഗത്തും വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ധാരാളം വനിതകള്‍ ഉള്ളതുകൊണ്ടുതന്നെ സഭയുടെ തീരുമാനമെടുക്കുന്ന സമിതികളിലും ശുശ്രൂഷാമേഖലകളിലും സ്ത്രീകള്‍ക്കു തനതായ സംഭാവന നല്കാന്‍ കഴിയും. സഭാസമൂഹത്തിന് നേതൃത്വം നല്കാനായി സ്ത്രീകളെ നിയമിക്കാന്‍ (Women Directoress) ശിപാര്‍ശ ചെയ്യുന്ന സിനഡ് സഭയില്‍ ശുശ്രൂഷയ്ക്കായി വനിത ഡീക്കന്മാരുടെ സാംഗത്യത്തെ പഠിക്കുവാനായി നിയമിച്ചിരിക്കുന്ന കമ്മീഷനെ സ്വാഗതം ചെയ്യുകയും ചെയ്യുന്നുണ്ട്.
ആമസോണ്‍ പ്രദേശത്തിന്‍റെ സവിശേഷപശ്ചാത്തലത്തില്‍ നടത്തപ്പെട്ട ഈ സിനഡിന്‍റെ വിചിന്തനങ്ങളും ഉള്‍ക്കാഴ്ചകളും സാര്‍വത്രികസഭയ്ക്കാകമാനം പുതിയ ദിശാബോധവും നവഅവബോധവും നല്കുവാന്‍ പര്യാപ്തമാണ്. വിവിധ തലങ്ങളിലുള്ള മാനസാന്തരത്തിലൂടെ പുതിയ വഴികള്‍ തുറക്കുവാനും സമകാലലോകവും ഈ പ്രപഞ്ചവും നേരിടുന്ന ഗൗരവമായ വെല്ലുവിളികളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുവാനും കാലികസമൂഹത്തെയും സഭയെയും പ്രാപ്തരാക്കുന്നതാണു സിനഡ് നിര്‍ദ്ദേശങ്ങള്‍. കാലഘട്ടത്തിന്‍റെ സ്പന്ദനങ്ങള്‍ തിരിച്ചറിയാനും അവയോടു ക്രിയാത്മകമായി സംവദിച്ചു പുതിയ വഴികള്‍ കണ്ടെത്താനും സമൂഹത്തിലും സഭയിലും നിറഞ്ഞുനില്ക്കുന്ന പരിശുദ്ധാത്മാവിന്‍റെ നിവേശനത്തിനായി ഉള്ളു തുറക്കുവാനുമുള്ള ആമസോണ്‍ സിനഡിന്‍റെ ആത്മാര്‍ത്ഥമായ ശ്രമം സഭയുടെ മുന്നോട്ടുള്ള പ്രയാണത്തിനു കരുത്തു പകരും.

No comments:

Post a Comment