ഇപ്പന്‍
ജീവിതത്തില്‍ ഒരു നല്ല വേദപാഠക്ലാസിലേ ഞാന്‍ ഇരുന്നിട്ടുള്ളൂ. പാലാ കോളേജിലെ ഇക്കണോമിക്‌സ് അദ്ധ്യാപകനായിരുന്ന പി.ജെ. ജയിംസ് സാറിന്റെ സഭാചരിത്രക്ലാസില്‍. എന്റെ അറിവു ശരിയാണെങ്കില്‍, വേദപാഠത്തിന് പാലാരൂപതയില്‍നിന്ന് റിക്കാര്‍ഡ് മാര്‍ക്കോടെ സ്‌കോളര്‍ഷിപ്പ് വാങ്ങിയ ആളാണദ്ദേഹം. അദ്ദേഹം ഇന്ന് സി.പി.ഐ. (എം.എല്‍)-ന്റെ കേന്ദ്രകമ്മിറ്റി അംഗമാണ്. (ഹൈപ്പേഷ്യയെ വലിച്ചുകീറിയ സഭയുടെ ചരിത്രം പഠിക്കുന്നവര്‍ നക്‌സലൈറ്റുകളാവാന്‍ സാധ്യതയുണ്ട്! മക്കളെ സ്‌നേഹമുള്ള മാതാപിതാക്കള്‍ ജാഗ്രതൈ!) ഈയിടെ അദ്ദേഹം ഫ്രാന്‍സീസ് മാര്‍പാപ്പായെക്കുറിച്ചു ചില നല്ല കാര്യങ്ങള്‍ എന്നോടു പറഞ്ഞു. ''അദ്ദേഹം കണ്ണിങ്ങ്-cunning ആണ്. കണ്ണിങ്ങാണെന്നു പറഞ്ഞത് നല്ല അര്‍ത്ഥത്തിലാണുകേട്ടോ. ലാറ്റിനമേരിക്കയിലെ പട്ടാളഭരണകൂടത്തിനുകീഴില്‍ അടങ്ങിയൊതുങ്ങിക്കഴിഞ്ഞു. അവിടെ പല മെത്രാന്മാരുടെയും കര്‍ദ്ദിനാളന്മാരുടെയും തലവെട്ടി. അദ്ദേഹംമാത്രം രക്ഷപ്പെട്ടു. അധികാരം കിട്ടി സുരക്ഷിതസ്ഥാനത്തെത്തിയപ്പോള്‍ തന്ത്രപൂര്‍വ്വം ജൈത്രയാത്രയും ആരംഭിച്ചു. വലിയ കാര്യങ്ങളാണദ്ദേഹം ഇപ്പോള്‍ പറയുന്നതും ചെയ്യുന്നതും.''ശ്രീ ജോര്‍ജ് മൂലേച്ചാലിലിന്റെ 'കെ.സി.ആര്‍.എമ്മും സഭാനവീകരണവും' എന്ന മുഖക്കുറിക്കു പ്രതികരണമെഴുതിത്തുടങ്ങിയപ്പോള്‍ എന്റെ മനോമുകുരത്തില്‍ ആദ്യം തെളിഞ്ഞത് സിനഡില്‍ കര്‍ദ്ദിനാളനമാരുടെ ഇടയില്‍ക്കൂടി കള്ളപ്പുഞ്ചിരി പൊഴിച്ചുകൊണ്ടു സഞ്ചരിക്കുന്ന പഞ്ചതന്ത്രജ്ഞനായ പാപ്പായുടെ ചിത്രമാണ്. ദീര്‍ഘസ്പര്‍ശനശക്തിയുള്ള അതിമാനുഷമസ്തിഷ്‌കവും വിപ്ലവബോധംകൊണ്ടു തുടിക്കുന്ന ഇരട്ടച്ചങ്കും മനുഷ്യസ്‌നേഹസുധാപരിപൂര്‍ണ്ണമായ വാടാക്കരളും ഒത്തിണങ്ങിയ ഒരു പോപ്പുതന്നെ നവീകരണനായകനാവുക! ആഃ ചരിത്രം നവീകരണപ്രസ്ഥാനങ്ങളെ ഇതിനുമപ്പുറം വാരിക്കോരി അനുഗ്രഹിക്കാനുണ്ടോ? നായകനെ അനുസരിക്കാനുള്ള ബാദ്ധ്യത അനുയായികള്‍ക്കുണ്ട്. ആ ബാധ്യത എഡിറ്റര്‍ തൃപ്തികരമായി നിറവേറ്റുന്നുണ്ട്, മുഖക്കുറിയില്‍. രസകരമായ ഉപമകളിലൂടെയും ഉദാഹരണങ്ങളിലൂടെയും ആശയങ്ങള്‍ വിശദീകരിച്ചിരിക്കുന്നു. മദ്യലഹരിക്കടിപ്പെട്ടവനെയും ഭക്തിലഹരിക്കടിപ്പെട്ടവനെയും ഒരേ വണ്ടിക്കുകെട്ടി മാലോപമയുടെ മാലപ്പടക്കം പൊട്ടിക്കുന്നതുനോക്കുക. മുഖപ്രസംഗത്തിലെ വിശദീകരണങ്ങളും നിര്‍ദ്ദേശങ്ങളും പാപ്പായുടെ നയങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും വിരുദ്ധമല്ല. എങ്കിലും ആ മുഖപ്രസംഗത്തോട് നീതി പുലര്‍ത്തണമെങ്കില്‍, പ്രതികരണം തന്ത്രശാലിയായ പാപ്പായെ കുറച്ചുകൂടി അടുത്തുനിന്നു കാണുവാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്നതാവണമെന്ന് എനിക്കുതോന്നി.
അധികാരമേറ്റ അന്നുമുതല്‍ മാധ്യമങ്ങളുടെ വെള്ളിവെളിച്ചത്തിലേക്കു നീങ്ങനില്‍ക്കുവാന്‍ അദ്ദേഹം ശ്രമിക്കുന്നതു കാണാം; ഒരു ന്യൂസ്‌മേക്കറാവാന്‍ തിടുക്കപ്പെടുന്നതുപോലെ. ഒന്നാമത്, ഇതു സ്വയരക്ഷയെ മുന്‍നിര്‍ത്തിയാണ്. ജോണ്‍പോള്‍ ഒന്നാമന്റെ ഗതി വരരുതല്ലോ. അതോടൊപ്പം, തന്ത്രപൂര്‍വ്വം എത്രയുംവേഗം താന്‍ പ്രതിനിധാനംചെയ്യുന്ന ആശയങ്ങള്‍ അദ്ദേഹം ലോകത്തിന്റെ മുമ്പില്‍ എത്തിച്ചു. അഥവാ തന്റെ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടാല്‍ തന്റെ രക്തം തന്റെ ആശയങ്ങളെ അനശ്വരമാക്കണമെന്ന് ആ ക്രാന്തദര്‍ശി കണക്കുകൂട്ടി. കത്തോലിക്കാമാഫിയായുടെ ബുദ്ധികേന്ദ്രം ഇനി ആ കഠോരകൃത്യത്തിനു തയ്യാറാവുകയില്ലെന്നാണെന്റെ അനുമാനം. അദ്ദേഹത്തിന്റെ ആത്മാവ് പോകുന്ന പോക്കില്‍ കുഞ്ചൈക്കുട്ടിപ്പിള്ളക്കാര്യക്കാരെപ്പോലെ, കത്തോലിക്കാസഭയുടെ രണ്ടായിരം വര്‍ഷത്തെ സമ്പാദ്യമായ മലിനജലസേതു തകര്‍ത്തുകൊണ്ടേ പോകൂ എന്ന് അവര്‍ക്കറിയാം (സി.വി.രാമന്‍പിള്ളയുടെ രാജ്യസ്‌നേഹിയായ ഈ കഥാപാത്രം യോഗബലംകൊണ്ട് കുണ്ഡലിനീശക്തിയെ മൂലാധാരത്തില്‍നിന്നുണര്‍ത്തി മൂര്‍ദ്ധാവിലെത്തിച്ച് ആ ശക്തികൊണ്ട് ആലുവാപ്പുഴയിലെ അണക്കെട്ട് ഒറ്റയ്ക്കു തകര്‍ത്ത് ആലുവാ മണപ്പുറത്തു തമ്പടിച്ചിരുന്ന ടിപ്പുവിന്റെ സൈന്യത്തോടൊപ്പം ഒലിച്ചുപോയി.)
പാപ്പായെ പിന്തുടര്‍ന്നുതുടങ്ങിയ അന്നുമുതല്‍ പാപ്പാവാര്‍ത്തകള്‍ ഞാന്‍ പത്രങ്ങളില്‍ പരതുവാന്‍ തുടങ്ങി. പാപ്പായോട് അധികം നീതി പുലര്‍ത്തിയത് മംഗളവും അനീതി ചെയ്തത് മനോരമയുമായിരുന്നു. ലോകത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ തന്നെയും തന്റെ ആശയങ്ങളെയും ക്രമേണ അവഗണിക്കുകയാണോ എന്ന് ആ തന്ത്രശാലിക്കു തോന്നിക്കാണണം. ഹരിതകേരളത്തെക്കുറിച്ചുള്ള ചര്‍ച്ച ബഹുജനങ്ങളെ ചാനലുകളുടെ മുമ്പിലെത്തിക്കില്ല. ആളുകള്‍ തടിച്ചുകൂടണമെങ്കില്‍ സരിതകേരളം ചാക്യാര്‍ കൂത്തുവേണം. പാപ്പാ ന്യൂ ജനറേഷന്‍ ചീട്ട് ഇറക്കി. പാണ്ഡിത്യ പിചിണ്ഡിലങ്ങളായ ചര്‍ച്ചാവിഷയങ്ങളൊക്കെ ഒരുവശത്തേക്കു മാറ്റിയിട്ട്, 'ഇച്ചീച്ചി' വിഷയങ്ങളെക്കുറിച്ച് ഒരു സിനഡ്! സ്വവര്‍ഗ്ഗരതി, ലിവിങ് ടുഗെദര്‍, വിവാഹം, ഗര്‍ഭം, ഗര്‍ഭച്ഛിദ്രം, വിവാഹമോചനം..... ലോകം ഇളകിമറിഞ്ഞു. സോഷ്യല്‍ മീഡിയാകളിലും മുഖ്യധാരാപത്രങ്ങളിലും ചര്‍ച്ചകള്‍ കത്തിത്തകര്‍ത്തു. ആനയെ അളുക്കിലടയ്ക്കാന്‍ പറ്റില്ലെന്ന് മനോരമയ്ക്കും മനസ്സിലായി. അവരിപ്പോള്‍ മംഗളത്തെയും കടത്തിവെട്ടി ഗോളടിച്ചുതുടങ്ങി. സിനഡില്‍ പ്രമേയങ്ങളൊന്നും പാസായില്ലെങ്കിലും മൈക്ക് പാപ്പായുടെ കൈയിലായി. കുഞ്ഞുങ്ങള്‍ വിശന്നു കരയുമ്പോള്‍, 'കണ്ണാ നിനക്കെങ്ങനെ കനകാഭരണങ്ങള്‍ അണിയാന്‍ കഴിയുന്നു' എന്നു പാടിയ ഭക്തമീരയുടെ വികാരപാരവശ്യത്തോടെ ആ മൈക്കിലൂടെ മനുഷ്യസ്‌നേഹിയായ ആ ന്യൂസ്‌മേക്കര്‍ അരവയര്‍ നിറയാതെ കീറ ഉറക്കപ്പായില്‍ക്കിടന്നു പിച്ചും പേയും പറയുന്ന കോടിക്കണക്കിനു കുഞ്ഞുമക്കള്‍ക്കുവേണ്ടി കണ്ഠക്ഷോഭം കൂട്ടിക്കരയുന്നു. ഭോഗവും ഗര്‍ഭവും ച്ഛിദ്രവുമൊക്കെ അദ്ദേഹം മാധ്യമങ്ങള്‍ക്കുവേണ്ടി ഇട്ട ചൂണ്ടയില്‍ കോര്‍ത്ത ഇരകള്‍മാത്രം!
പാപ്പാവൃത്തത്തിനൊത്തില്ലെങ്കില്‍ വൃത്തത്തെ പാപ്പായ്‌ക്കൊപ്പിക്കുക എന്ന നയമാണ് പാപ്പായുടെ കാര്യത്തില്‍മാത്രം ഞാന്‍ സ്വീകരിക്കുക. പുരോഗമനക്കാരനായ പാപ്പാ ആയിരങ്ങളെ പുണ്യവാന്മാരാക്കുന്നതെന്തുകൊണ്ടെന്നു ചോദിച്ചവരോട്, അതു നിലവിലുള്ള പുണ്യവാളന്മാരുടെയുംകൂടി വിലയിടിക്കാനുള്ള പാപ്പായുടെ തന്ത്രമാണെന്നു ഞാന്‍ പറഞ്ഞു. ഈയിടെ പതിന്നാലായിരം പേരെ ഒന്നിച്ചാണ് പുണ്യവാന്മാരാക്കിയത്! കാര്യങ്ങള്‍ ഇങ്ങനെ പുരോഗമിച്ചാല്‍ പാപ്പാ റിട്ടയര്‍ ചെയ്യുന്നതിനുമുമ്പ് എല്ലാ കത്തോലിക്കരും പുണ്യവാന്മാരായിരിക്കും. വിശ്വാസികള്‍ ആദിമസഭയില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത് 'വിശുദ്ധജനം' എന്നായിരുന്നല്ലോതാനും. പുരോഹിതബ്രഹ്മചര്യം ഉടനടി എന്തുകൊണ്ടു നിര്‍ത്തലാക്കുന്നില്ലെന്നു ചോദിച്ചവരോട്, ഇരുന്നിട്ടു കാലുനീട്ടുന്നവനാണദ്ദേഹമെന്നു ഞാന്‍ പറഞ്ഞു. ചിലര്‍ക്കറിയേണ്ടത് അറയ്ക്കല്‍ പിതാവിനെ എന്തുകൊണ്ട് ഉടനടി മഹറോന്‍ ചൊല്ലുന്നില്ലെന്നാണ്. ചോദ്യകര്‍ത്താക്കന്മാരെല്ലാം ഇങ്ങനെ അറക്കുന്നതിനുമുമ്പേ പിടയ്ക്കാന്‍ തുടങ്ങിയാലോ? യൂറോപ്പിലൊരു മെത്രാനെ മഹറോന്‍ ചൊല്ലിയാല്‍ അയാളുടെ കൂടെക്കൂടാന്‍ ആരും കാണില്ല. ഇവിടെ അമ്പതുശതമാനം മണ്ടന്മാര്‍ മെത്രാന്മാരുടെ കൂടെക്കൂടാനും കാണും. അവര്‍ പാപ്പാ യുക്തിവാദിയാണെന്നും നിരീശ്വരനാണെന്നും മാവോയിസ്റ്റാണെന്നുംവരെ പറഞ്ഞുപരത്തും. കേരളത്തിലെ മെത്രാന്മാര്‍ക്ക് അദ്ദേഹം അതുകൊണ്ട് ആയുര്‍വ്വേദ ചികിത്സയാണ് കൊടുക്കുന്നത്. അതു കാലക്രമേണ അവരെ തളര്‍ത്തിക്കൊള്ളും.
ഒപ്പം, 'ഒരു കത്തോലിക്കാ ദൈവവമില്ല' എന്ന പ്രസ്താവനവഴി അലോപ്പതി മാര്‍ഗ്ഗത്തില്‍ ഷോക്ക്ട്രീറ്റുമെന്റ് നടത്തി കത്തോലിക്കാ മാഫിയായുടെ മാത്രമല്ല, എല്ലാ സെമിറ്റിക് മതമാഫിയാകളുടെയും അസ്തിവാരം തകര്‍ക്കുകയും ചെയ്യുന്നു. എന്റെ ദൈവം മാത്രമാണു സത്യദൈവമെന്ന മൂഢവിശ്വാസത്തില്‍നിന്നാണ് വര്‍ഗ്ഗീയതയുടെയും മതതീവ്രവാദത്തിന്റെയും ഉദയം. ആ ഒറ്റ പ്രസ്താവനവഴി അദ്ദേഹം ചാടിയത് ഒരു ഹനുമാന്‍ ചാട്ടമാണ്. ഹനുമാന്‍ ചാടിയത് അയോധ്യയില്‍നിന്നു ലങ്കയിലേക്കാണെങ്കില്‍, പാപ്പാ ചാടിയത് വ്യാജ ആത്മീയതയുടെ ഊഷരഭൂമിയില്‍നിന്ന് ആരോഗ്യകരമായ ആത്മീയതയുടെ നവശാദ്വലഭൂമിയിലേക്കാണ്. അവിടെനിന്നും മനുഷ്യകേന്ദ്രിതമായ ആത്മീയതയിലേക്ക് ദൂരം വളരെ കുറച്ചേയുള്ളൂ. അവിടെ എത്തിയാലോ? ആഃ അവിടമാണ് പാലും തേനും ഒഴുകുന്ന സാക്ഷാല്‍ കാനാന്‍ ദേശം!
എഡിറ്റര്‍ക്ക് ഇങ്ങനെയൊരു മുഖപ്രസംഗം കുറിക്കാന്‍ പ്രേരണയായത്, 'സത്യജ്വാല'യില്‍ പ്രത്യക്ഷപ്പെട്ട 'കെ.സി.ആര്‍.എം. മാതാവി'നോടുള്ള പ്രാര്‍ത്ഥനയെക്കുറിച്ച് തകിടിയേല്‍ മാത്തുക്കുട്ടിച്ചായനും ജെയിംസ് ഐസക് കുടമാളൂര്‍ സാറും എഴുതിയ വിയോജനക്കുറിപ്പുകളാണെന്നു തോന്നുന്നു. ഓശാനയില്‍ പുലിക്കുന്നേല്‍ സാറിന്റേതുകഴിഞ്ഞാല്‍ ഞാന്‍ താല്പര്യത്തോടെ വായിച്ചിരുന്ന ലേഖനങ്ങളാണു ഈ രണ്ടുപേരുടെയും. പിഗ്മികളായ നമുക്കൊക്കെ അഹങ്കാരംകൊണ്ട് ലേശം പൊക്കക്കൂടുതല്‍ തോന്നുന്നുണ്ടെങ്കില്‍ അത് ആ പൂര്‍വ്വസൂരികളുടെ തോളില്‍ കയറി നില്‍ക്കുന്നതുകൊണ്ടു മാത്രമാണ്. നവീകരണം ഒരു റിലേ ഓട്ടമാണ്. അവരൊക്കെ ത്യാഗനിര്‍ഭരമായ മാരത്തണ്‍ ഓട്ടം കഴിഞ്ഞ് നമ്മെ ഏല്പിച്ച കമ്പാണു നമ്മുടെ കൈയിലിരിക്കുന്നതെന്ന കാര്യം നമ്മള്‍ ഒരിക്കലും വിസ്മരിക്കരുത്. നമ്മളതൊടിക്കുകയാണെന്നു തോന്നിയാല്‍ അവര്‍ക്ക് വായ് പൂട്ടി ഇരിക്കാനാവില്ല. കെ.സി.ആര്‍.എമ്മിന്റെ മാസയോഗങ്ങളില്‍ പങ്കെടുക്കുന്നവരും 'സത്യജ്വാല' വായിക്കുന്നവരും ബുദ്ധിജീവികളും സ്വതന്ത്രചിന്തകരുമാണ്. വട്ടായിലച്ചന്മാരുടെ ധ്യാനങ്ങളും വചനോത്സവവും ഒക്കെ ചെകിടിച്ചിട്ടാണ് അവര്‍ കെ.സി.ആര്‍.എമ്മിലെത്തി 'സത്യജ്വാല'യും കക്ഷത്തിലിടുക്കിക്കൊണ്ടുപോകുന്നത്. ഇവിടെ പന്തോം കൊളുത്തി പടയായാലോ? ഉത്തരത്തിലിരിക്കുന്ന അന്ധവിശ്വാസികളായ കുഞ്ഞാടുകളെ പിടിക്കാനുള്ള ശ്രമം കക്ഷത്തിലിരിക്കുന്ന സ്വതന്ത്രചിന്തകരെ നഷ്ടപ്പെടുത്തിയെന്നിരിക്കും. അന്ധവിശ്വാസികളും ഭീരുക്കളുമായ പത്തുകോടി കുഞ്ഞാടുകളെക്കാള്‍ ശത്രുക്കള്‍ ഭയപ്പെടുന്നത് ഒരു 'പുലി'യെയാണ്. 16 അക്ഷൗഹിണി യാദവപ്പട വേണോ, തന്നെ വേണോ എന്നു ഭഗവാന്‍ അര്‍ജ്ജുനനോടും ദുര്യോധനനോടും ചോദിച്ചപ്പോള്‍, അങ്ങയെ വേണം എന്നാണ് ബുദ്ധിമാനായ അര്‍ജ്ജുനന്‍ പറഞ്ഞത്. യോഗത്തിന്റെ തുടക്കത്തിലുള്ള മൗനപ്രാര്‍ത്ഥന കണിശ്ശമായും വേണം. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ നമുക്കു കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയും ഉണ്ടല്ലോ. കെ.സി.ആര്‍.എം. യോഗങ്ങളും സത്യജ്വാലയും മുഖ്യമായും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള വേദിയായിരിക്കണം. അടുത്ത പ്രധാന സിനഡിനുള്ള വിഷയം നിര്‍ദ്ദേശിച്ചിട്ട് ഫ്രാന്‍സീസ് മാര്‍പാപ്പാ പറഞ്ഞത് പ്രാര്‍ത്ഥിക്കാനല്ല, ഇടവകതലംതൊട്ട് മേപ്പടി വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ്.
പുലിക്കുന്നേല്‍ സാറു പറഞ്ഞ ഒരനുഭവം കുറിച്ച് ഉപസംഹരിക്കാം. ഏതോ ഇടവകയിലൊരു ഭിന്നിപ്പ്. ഇടനിലക്കാരനായി സാറുചെന്നു. വാഗ്വാദം ഗോഗ്വാവിളിയിലെത്തി. അടി ഇപ്പോള്‍ പൊട്ടുമെന്ന മട്ടായി. സാറു ചാടി എഴുന്നേറ്റ് ഉച്ചത്തില്‍ പറഞ്ഞു. 'നമുക്കു ബൈബിള്‍ വായിച്ചു പ്രാര്‍ത്ഥിച്ചശേഷം ചര്‍ച്ച തുടരാം.' മൊട്ടുസൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദതയായി. സാറ് ഉചിതമായ ഒരു സുവിശേഷഭാഗം വായിച്ചു. അതു വ്യാഖ്യാനിച്ചു. അതിന്റെ വെളിച്ചത്തില്‍ ഒരു സ്വയം പ്രേരിതപ്രാര്‍ത്ഥന നടത്തി. പ്രശ്‌നവും പരിഹരിച്ചു. ഈ അനുഭവത്തിന്റെ ഗുണപാഠമെന്താണ്? പ്രാര്‍ത്ഥന വേണമെന്നാണോ? വേണ്ടെന്നാണോ? ഇതൊന്നുമല്ല. ബുദ്ധിമാന്മാര്‍ കാലദേശാവസ്ഥാനുരൂപമായി പ്രവര്‍ത്തിക്കും, അത്രതന്നെ. മണ്ണയ്ക്കനാട്ടും കുരീപ്പുഴയിലും ആളിയ ഭക്തിജ്വാലയില്‍ വെന്ത പരിപ്പ് കെ.സി.ആര്‍.എമ്മിന്റെ 'സത്യജ്വാല'യില്‍ വേവില്ല. ഫോണ്‍: 9446561252
കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് തിരുശേഷിപ്പു വ്യവസായം. ഒരാളെ വിശുദ്ധനൊ വിശുദ്ധയോ ആയി പ്രഖ്യാപിക്കുമ്പോൾ നൂറു കണക്കിനു തിരുശേഷിപ്പു പൂജാ കേന്ദ്രങ്ങളാണ് തുറക്കപ്പെടുന്നതും ആയിരക്കണക്കിന് പാവപ്പെട്ടവരുടെ പണം ആഗോള തലത്തിൽ ശേഖരിക്കപെടുന്നതും. ഈ തട്ടിപ്പിൽ സർവകാല റെക്കോർഡ് സ്ഥാപിക്കുന്നതും ഈ പോപ് ആണെന്ന സത്യം എന്നെ അത്ഭുതപ്പെടുത്തുന്നു. തനിക്കു പിടിച്ചു നിൽക്കാനുള്ള തന്ത്രമാണ് ഇതെങ്കിൽ പോലും ഇക്കാര്യത്തിൽ അദ്ദേഹത്തോട് യോജിക്കാനാവില്ല.
ReplyDeleteനേരത്തേ എഴുതിയിട്ടുള്ള കാര്യമാണ്, എന്നാലും ഒരിക്കൽ കൂടെ പറയുവാൻ തോന്നുന്നു. പോപ് ഫ്രാൻസിസ് ആരാധ്യനാണ്, ധൈര്യശാലിയാണ്., ചെയ്യുന്നതും പറയുന്നതും വിപ്ലവാത്മകമാണ്. എന്നാലും കൂടുതൽ കൂടുതൽ മെത്രാന്മാരെയും കരടിനാളന്മാരെയും, പൊതുസമൂഹത്തിന് ഒരു ഗതികിട്ടാനേരമ്പോക്കായിത്തീരുന്ന ഈ പുണ്യാളന്മാരെയും സൃഷ്ടിച്ചുകൂട്ടുന്ന പരിപാടി അപലപനീയം തന്നെയാണ്. ശ്രീ ഇപ്പന്റെ കാഴ്ചപ്പാട് - മൊത്തം പുണ്യാളന്മാരെ തരംതാഴ്ത്താനുള്ള ഒരു വിദ്യയാണിത് എന്നത് - ഒരു തമാശയായി എടുക്കാം. ഇന്ന് സഭയെയും സഭാനുഷ്ഠാനങ്ങളെയും പരിഹാസ്യമാക്കുന്ന, പ്രത്യേകിച്ച് ഇന്ത്യയിൽ, അമിതഭക്തിക്ക് വളംവച്ചുകൊടുക്കുന്ന ഈ കലാപരിപാടി പതിയെപ്പതിയെ നിറുത്തുകയാണ് വേണ്ടത്. ശരിയായ ദൈവാവബോധത്തിലേയ്ക്ക് മനുഷ്യർ എത്താത്തതിന്റെ പ്രധാന കാരണം മാതാവുള്പ്പെടെയുള്ള പരദൈവങ്ങളുടെയും വിഗ്രഹങ്ങളുടെയും ആരാധനയെ പ്രോത്സാഹിപ്പിക്കലാണ്. നമ്മുടെ വിശുദ്ധരിൽതന്നെ യഥാർഥ വിശുദ്ധിയിൽ ജീവിച്ചിട്ടുള്ളവർ നന്നേ വിരളമാണ്. മിക്കവരും വിശുദ്ധിയുടെ അഹന്തയിൽ എരിഞ്ഞടങ്ങിയ, പോപ് ജോണ്‍പോൾ രണ്ടാമനെപ്പോലുള്ള pseudoകളാണ്.
ReplyDeleteതന്‍റെ അംശവടിയ്ക്കുള്ളില്‍ സ്വര്‍ണ്ണം ഒളിപ്പിച്ചുവച്ചു കള്ളക്കടത്ത് നടത്തിയതിനു ബോംബെ കസ്ടംസ് പിടികൂടിയ മെത്രാനെതന്നെ പിന്നീട് കാലം കാതോലിക്കോസ് ആക്കുകയും ,അതിയാനെ "കാലം ചെയ്തപ്പോള്‍", ലോക്കല്‍ അച്ചെന്മാര്‍ പുണ്ണ്യവാളനുമാക്കിയ ചരിത്രം പേറുന്ന സഭയാണ് എന്റേത് ! ആ പുതിയ പുണ്യാളന്റെ ശവകുടീരത്തില്‍ ദാ കാശിടാന്‍ സ്ഥാപിച്ച കിഴുത്തകളിലൂടെ കോടികള്‍ വീണ്ടും കത്തനാര്‍ കീശയിലാക്കുന്നു ! ഹോ,ആണ്ടോടാണ്ട് തീര്‍ഥാടന പദയാത്രകള്‍ പള്ളികള്‍ സംഘടിപ്പിക്കുന്നു, പാവം ജനം നടന്നു ചെരുപ്പ് തേയിക്കുന്നു! മോശയുടെ സീനായിമലയും പത്തുകല്പനയും (ഒന്നാം കല്പനയും) പാതിരി മാറ്റിക്കുറിക്കുന്നു ! ഇതുപോലുള്ള കുട്ടിദൈവങ്ങളെ കാലമുണ്ടാക്കും എന്ന മുന്നറിവുകൊണ്ടായിരിക്കാം അന്നു "ഞാന്‍ ഒഴികെ അന്യദൈവങ്ങള്‍ നിങ്ങള്ക്ക് ഉണ്ടാകരുത്" എന്നു പാവം യഹോവ അട്വന്സായി കല്പലകയില്‍ അഗ്നികൊണ്ട് എഴതി കല്പിച്ചതു!
ReplyDeleteതന്നെലേതന്നെ 'താനെന്ന' ബോധമാണീശ്വരന്‍,(അഹംബ്രഹ്മാസ്മി ) എന്ന സത്യത്തിലെയ്ക്ക് ഒരിക്കലും ആരാലും നയിക്കപ്പെടാത്ത വഴിതെറ്റിയ ആട്ടിന്‍ കൂട്ടങ്ങളാണ് അച്ചായസഭകള്‍ ആകമാനം ! കാലമേ ,നിനക്കഭിനന്ദനം ! യഹോവയെ തോല്‍പ്പിച്ചു വിഗ്രഹാരാധന മെയിന്‍ അജണ്ടയാക്കിയ, മൂലധനശേഖരണമാര്‍ഗമാക്കിയ പാതിരിപ്പടയേ , നിനക്കെന്‍ പുലര്‍കാല വന്ദനം !