'അല്മായശബ്ദ'വും 'സത്യജ്വാല'യും ജനിക്കുന്നതിനുമുമ്പ് KCRM ഓശാനയിലൂടെ പ്രസിദ്ധീകരിച്ചിരുന്ന ഈ ശ്രദ്ധേയ ലേഖനം ഗൗരവപൂര്‍ണമായ ചര്‍ച്ചയ്ക്കായി വീണ്ടും പ്രസിദ്ധീകരിക്കുന്നു
ഞങ്ങള്‍ മാമ്മോദീസാസ്വീകരണംവഴി അംഗങ്ങളായിരിക്കുന്ന കത്തോലിക്കാസഭ യേശുവിന്റെ പ്രബോധനങ്ങളില്‍ വിശ്വാസമര്‍പ്പിക്കുന്നവരുടെ ഒരു കൂട്ടായ്മയാണ് എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. പരസ്പരസ്‌നേഹം മൂലക്കല്ലായിരിക്കുന്ന ഈ കൂട്ടായ്മയിലുള്ള സകലരും പരമപിതാവായ ദൈവത്തിന്റെ മക്കളെന്ന നിലയില്‍, യേശുവില്‍ സാഹോദര്യം പ്രാപിച്ചവരും അതിനാല്‍ തുല്യരുമാണ് എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. യാതൊരുവിധ ഭൗതികാധികാരങ്ങളും യേശു അപ്പോസ്തലര്‍ക്കു നല്‍കിയിട്ടില്ലെന്നും, മറിച്ച്, അധികാരഭരണം സഭയില്‍ വിലക്കുകയാണു ചെയ്തിട്ടുള്ളതെന്നും ബൈബിളില്‍നിന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു (മത്താ. 20:25-26; മര്‍ക്കോ. 10:42-45; ലൂക്കോ. 22:24-27; യോഹ. 13:12-17). അതിനാല്‍, ഈ സഭാകൂട്ടായ്മയില്‍ സാമ്പത്തികമോ ഭരണപരമോ ആയ യാതൊരുവിധ ആധിപത്യസംവിധാനങ്ങളും പാടില്ലാത്തതാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.ഈ സുവിശേഷവീക്ഷണത്തിലൂടെ നോക്കുമ്പോള്‍, യേശുവിരുദ്ധമായ ഒട്ടുവളരെ സാമ്പത്തിക-ഭൗതിക അധികാരഘടനകളും, ക്രൈസ്തവ ആദ്ധ്യാത്മികതയ്ക്കു നിരക്കാത്തതും മനുഷ്യസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും നിഹനിക്കുന്നതുമായ നിയമങ്ങളും ചട്ടക്കൂടുകളും, ചരിത്രത്തിലൂടെ സഭയില്‍ കടന്നുകൂടിയതായും ഇന്നും വ്യവസ്ഥാപിതമായി നിലനില്‍ക്കുന്നതായും ഞങ്ങള്‍ കാണുന്നു.
കാലഗതിയില്‍ സഭയ്ക്കു സംഭവിച്ചുപോയിട്ടുള്ള ഈ അപച്യുതികളെ, യേശുവിന്റെ കാലാതീതമായ പ്രബോധനങ്ങളുടെ വെളിച്ചത്തില്‍ തിരുത്താന്‍ പരിശ്രമിക്കേണ്ടത് കത്തോലിക്കരുടെ ക്രൈസ്തവധര്‍മ്മമാണെന്നു ഞങ്ങള്‍ കരുതുന്നു. ഈ ധര്‍മ്മനിര്‍വ്വഹണത്തിന്റെ ഭാഗമായി താഴെപ്പറയുന്ന ചില അടിസ്ഥാനനിലപാടുമാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും അവയ്ക്കനുസൃതമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ആവശ്യപ്പെടുകയും അവ നേടിയെടുക്കുന്നതിനായി ഞങ്ങള്‍ സര്‍വ്വാത്മനാ പ്രവര്‍ത്തിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു:
1. 'തലചായ്ക്കാനിടമില്ലാ'ത്തവനായിരുന്നു യേശു (മത്താ. 8:20). അപ്പോസ്തലരില്‍ മുഖ്യനായിരുന്ന പത്രോസിനും ഭൗതികസമ്പത്ത് - വെള്ളിയും പൊന്നും - ഇല്ലായിരുന്നു (അപ്പോ. പ്രവ. 3:6). എന്നാല്‍, അതേ പത്രോസിന്റെ പിന്‍ഗാമിയായ മാര്‍പ്പാപ്പാ ഇന്ന് ഒരു രാഷ്ട്രത്തിന്റെ പരമാധികാരിയാണ്! തന്റെ കുഞ്ഞാടുകളെ ആദ്ധ്യാത്മികമായി മേയ്ക്കാനുള്ള യേശുവിന്റെ കല്പന (യോഹ. 21:15-17) സ്വീകരിച്ച് കത്തോലിക്കരുടെ പരമോന്നത ആദ്ധ്യാത്മികാചാര്യനായിരിക്കേണ്ട മാര്‍പ്പാപ്പാ, ആ കല്പന നിരാകരിച്ച് 'സീസറി'നുള്ള രാജസിംഹാസനത്തില്‍ വാണുകൊണ്ട് ദൈവത്തെയും മാമോനെയും ഒന്നിച്ചു സേവിക്കുവാന്‍ നടത്തുന്ന വൃഥാശ്രമം വചനനിഷേധവും യേശുവിന് എതിര്‍സാക്ഷ്യവും എല്ലാ മതസ്ഥര്‍ക്കും ദുര്‍മാതൃകയുമാണ് എന്നു ഞങ്ങള്‍ വിലയിരുത്തുന്നു.
- അതുകൊണ്ട്, വത്തിക്കാന്റെ രാഷ്ട്രപദവിയും മാര്‍പ്പാപ്പായുടെ രാഷ്ട്രാധിപതി എന്ന സ്ഥാനവും വേണ്ടെന്നുവച്ച് മാര്‍പ്പാപ്പായുടെ ആദ്ധ്യാത്മികാചാര്യത്വത്തിന് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കാന്‍ സഭാത്മകമായി തീരുമാനമെടുക്കണമെന്ന മാര്‍പാപ്പയോടും, അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കണമെന്ന് കേരളത്തിലെ മെത്രാന്‍സമിതികളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
2. ഒട്ടേറെ വ്യാജരേഖകളുടെയുംകൂടി അടിസ്ഥാനത്തില്‍ (‘Infallible?’- Hans Kung, പേജ് 95-96, 'തിരുസഭാചരിത്രം' പുതിയ പതിപ്പ് - റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, പേജ് 629), വിശ്വാസിസമൂഹത്തിനു പങ്കാളിത്തമില്ലാതെ സ്വേച്ഛാപരമായി റോമില്‍ രൂപംകൊടുത്ത കാനോന്‍നിയമങ്ങള്‍ മാര്‍പ്പാപ്പായുടെയും മെത്രാന്മാരുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ സമഗ്രാധിപത്യം വ്യത്യസ്ത സഭകളുടെമേല്‍ രാജകീയമായി അടിച്ചേല്‍പ്പിക്കുന്നവയാണ്. അതിലൂടെ വ്യത്യസ്ത രാഷ്ട്രങ്ങളിലുള്ള കത്തോലിക്കാ സമൂഹങ്ങളുടെ പൊതുസ്വത്തുക്കളും സ്ഥാപനങ്ങളുമെല്ലാം വത്തിക്കാന്‍ രാഷ്ട്രത്തലവനായ മാര്‍പ്പാപ്പായുടെ നിയന്ത്രണത്തിലാക്കി, അതാത് ഇടവക-രൂപതാസമൂഹങ്ങള്‍ക്ക് അവയുടെമേല്‍ സ്വാഭാവികമായുള്ള ഉടമസ്ഥതയും നിയന്ത്രണാധികാരവും നിഷേധിച്ചിരിക്കുന്നു. ഇത് ദൈവനിയമങ്ങള്‍ക്ക് (പുറ. 20:15, 17) എതിരും അക്രൈസ്തവുമാണ് എന്നു ഞങ്ങള്‍ കരുതുന്നു. മാത്രമല്ല, കത്തോലിക്കാസഭാധികാരികളെ ഭൗതികസമ്പത്തിന്റെ (മാമോന്റെ) ആരാധകരാക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് ഈ കാനോന്‍നിയമം. ഒപ്പം, യേശു സ്വാതന്ത്ര്യത്തിലേക്കു മോചിപ്പിച്ചിരിക്കുന്ന ദൈവജനത്തെ അടിമത്തത്തിന്റെ നുകത്തിന്‍കീഴില്‍ വീണ്ടും അമര്‍ത്തുകയും (ഗലാ.5:1) ചെയ്യുന്നു.
- അതുകൊണ്ട്, ദൈവത്തില്‍നിന്നും മാമോനിലേക്കു സഭാധികാരികളുടെ ഹൃദയങ്ങളെ വ്യതിചലിപ്പിക്കുന്നതും, 'നിങ്ങളുടെ ഇടയില്‍ അധികാരം ഭരിക്കുന്നവര്‍ ഉണ്ടാകരുത്' എന്ന യേശുവിന്റെ കല്പനയെ ധിക്കരിക്കുന്നതും, സഭയില്‍ അടിമത്തം വ്യവസ്ഥാപിക്കുന്നതുമായ കാനോന്‍നിയമം എത്രയുംവേഗം റദ്ദുചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
3. കാനോന്‍നിയമത്തിന്റെ അടിസ്ഥാനത്തില്‍ സീറോ-മലബാര്‍ സഭാസിനഡ് രൂപംകൊടുത്ത് പ്രാബല്യത്തിലാക്കിയ പുരോഹിതാധിപത്യപരമായ പള്ളിയോഗനടപടിക്രമങ്ങള്‍ ബൈബിളിനും ആദിമ സഭാപാരമ്പര്യത്തിനും ഈ സഭയുടെ പൗരാണികപാരമ്പര്യമായ മാര്‍ത്തോമ്മായുടെ നിയമത്തിനും വിരുദ്ധമാണ് എന്നു ഞങ്ങള്‍ മനസ്സിലാക്കുന്നു. പള്ളിസ്വത്തിന്റെയും സ്ഥാപനങ്ങളുടെയും യഥാര്‍ത്ഥ ഉടമകളായ സഭാംഗങ്ങള്‍ക്ക് അവയുടെമേലുള്ള ഉടമസ്ഥതയും കൈകാര്യകര്‍തൃത്വാവകാശങ്ങളും നിഷേധിക്കുന്ന ചട്ടങ്ങളാണത്.
- അതുകൊണ്ട്, രാജകീയ പുരോഹിതഗണവും ദൈവജനവുമായ (1 പത്രോ. 2:9) സഭാംഗങ്ങളെ താഴ്ത്തിക്കെട്ടുന്ന നിലവിലുള്ള പള്ളിയോഗനടപടിക്രമങ്ങളും കാനോന്‍നിയമത്തോടൊപ്പം റദ്ദുചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
4. 16-ാം നൂറ്റാണ്ടുമുതല്‍ കേരളസഭയില്‍ അടിച്ചേല്പിക്കപ്പെട്ട പാശ്ചാത്യമായ ആധിപത്യസഭാഘടനയില്‍നിന്ന് ഈ സഭയെ മുക്തമാക്കുക എന്നതും, അതുവരെ ഇവിടെ നിലനിന്നിരുന്ന 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' അനുസരിച്ചുള്ള പള്ളിയോഗസമ്പ്രദായം വീണ്ടെടുക്കുക എന്നതുമാണ് സഭയെ ക്രിസ്തുവല്‍ക്കരിക്കുന്നതിനുള്ള ആദ്യപടി എന്നു ഞങ്ങള്‍ കരുതുന്നു. സ്വന്തം സഭയുടെ പൂര്‍വ്വപാരമ്പര്യങ്ങള്‍ വീണ്ടെടുക്കാമെന്നും സ്വന്തം നിലയില്‍ത്തന്നെ വീണ്ടെടുക്കണമെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പൗരസ്ത്യദേശത്തെ സഭകളോട് ആഹ്വാനം ചെയ്തിട്ടുമുണ്ട് (രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രമാണരേഖകള്‍, പേജ് 158). ഇന്നത്തെ നിലയില്‍, കേരളത്തിലുള്ള രണ്ടു കത്തോലിക്കാ റീത്തുകളിലെങ്കിലും മെത്രാന്മാര്‍ ഇച്ഛാശക്തിയോടെ സിനഡു ചേര്‍ന്നു തീരുമാനമെടുത്താല്‍ സാധിക്കാവുന്നതേയുള്ളു ഇത്. വിശ്വാസികളുടെ അനവധി സംഘടനകളും പ്രസ്ഥാനങ്ങളും ഈ ആവശ്യമുന്നയിച്ച് പതിറ്റാണ്ടുകളായി എണ്ണിയാലൊടുങ്ങാത്തത്ര നിവേദനങ്ങള്‍ മെത്രാന്‍സമിതിക്കു നല്‍കിയിട്ടുമുണ്ട്. എന്നാല്‍, പാശ്ചാത്യ സഭാഘടന നല്‍കുന്ന അധികാരത്തിന്റെയും സമ്പത്തിന്റെയും സുഖാലസ്യത്തില്‍ ആദ്ധ്യാത്മികനിദ്രയിലാണ്ടു കിടക്കുന്ന സഭാധികാരികള്‍ വിശ്വാസിസമൂഹത്തിന്റെ ഈ മുറവിളി കേള്‍ക്കാന്‍ ഇന്നുവരെ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ്, ക്രൈസ്തവരുടെ പൊതുസ്വത്തും സ്ഥാപനങ്ങളും ഭരിക്കുന്നതിന് നസ്രാണി പാരമ്പര്യത്തിലധിഷ്ഠിതമായ ഒരു നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ സംഘടനകള്‍ ഗവണ്‍മെന്റിനെ സമീപിക്കാനിടയായത്. നിയമപരിഷ്‌ക്കരണകമ്മീഷന്റെ അതു സംബന്ധിച്ച ശിപാര്‍ശകള്‍ സഭാധികാരികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണിപ്പോള്‍.
- അതുകൊണ്ട്, ഇനിയെങ്കിലും അക്രൈസ്തവമായ പാശ്ചാത്യസഭാഘടനയില്‍നിന്നു കേരളസഭയെ സ്വതന്ത്രമാക്കി, ഈ സഭയുടെ പൗരാണികപാരമ്പര്യമായ പള്ളിയോഗസമ്പ്രദായം സഭാത്മകമായി വ്യവസ്ഥാപിക്കണമെന്ന് സീറോ-മലബാര്‍, സീറോ-മലങ്കര സിനഡുകളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
5. വിവാഹവും, കുടുംബജീവിതവും തന്റെ ശിഷ്യരാകുന്നതിനോ അപ്പോസ്തലരാകുന്നതിനോ തടസ്സമായി യേശു കണ്ടിരുന്നതായി ബൈബിളില്‍ സൂചനയില്ല. ആദിമസഭയിലോ, 16-ാം നൂറ്റാണ്ടുവരെ നസ്രാണിസഭയിലോ സഭാശുശ്രൂഷകര്‍ക്ക് വിവാഹം വിലക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നുമില്ല. തന്മൂലം, സഭാശുശ്രൂഷകരാകാനാഗ്രഹിക്കുന്ന യുവതീ-യുവാക്കളെക്കൊണ്ട് കന്യാത്വ-ബ്രഹ്മചര്യവ്രതങ്ങള്‍ എടുപ്പിക്കുന്നത് ബൈബിളിനും ആദിമസഭാപാരമ്പര്യത്തിനും നസ്രാണിസഭാപാരമ്പര്യത്തിനും വിരുദ്ധമാണെന്നു ഞങ്ങള്‍ കരുതുന്നു. അവരില്‍ ഒട്ടുവളരെ മാനസ്സിക സമ്മര്‍ദ്ദങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കും കാരണമാകുകയും കുറ്റകൃത്യങ്ങള്‍ക്കുപോലും ഇടനല്‍കുകയും ചെയ്യുന്നുണ്ട്, വിവാഹം വിലക്കുന്ന ഇന്നത്തെ സമ്പ്രദായം എന്നു ഞങ്ങള്‍ കാണുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശപ്രകാരം, ഇക്കാര്യത്തിലും കുടുംബജീവിതം നയിച്ചുകൊണ്ടുള്ള നസ്രാണി സഭാശുശ്രൂഷകസമ്പ്രദായം വീണ്ടെടുക്കാന്‍ നസ്രാണിപാരമ്പര്യമുള്ള കേരളത്തിലെ കത്തോലിക്കാ റീത്തുകള്‍ക്ക് അവകാശമുണ്ട്.
- അതുകൊണ്ട്, നിലവില്‍ വിവാഹം ആഗ്രഹിക്കുന്ന വൈദികരെയും കന്യാസ്ത്രീകളെയും, കാമത്തിലെരിയാന്‍ വിടാതെ (1 കോറി. 7:9) സഭാത്മകമായി വിവാഹിതരാകാന്‍ അനുവദിക്കണമെന്നും, നസ്രാണിസഭയുടെ കുടുംബസ്ഥ സഭാശുശ്രൂഷകസമ്പ്രദായം വീണ്ടെടുക്കാന്‍ എത്രയുംവേഗം നടപടികള്‍ സ്വീകരിക്കണമെന്നും സീറോ-മലബാര്‍, സീറോ-മലങ്കര സിനഡുകളോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു.
6. വൈദികരും കന്യാസ്ത്രീകളുമാകാനുള്ള പരിശീലനത്തിനായി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും സെമിനാരികളിലേയ്ക്കും മഠങ്ങളിലേക്കും കൗമാരപ്രായത്തില്‍ത്തന്നെ ആനയിക്കുന്ന ഇന്നത്തെ സമ്പ്രദായം വിവേകരഹിതവും അശാസ്ത്രീയവുമാണെന്നു ഞങ്ങള്‍ കരുതുന്നു. കൗമാരമനസ്സ് ഏറെ തരളമാണ്, എങ്ങോട്ടും വഴങ്ങുന്നതാണ്. ആദ്ധ്യാത്മികപരിവേഷമുള്ള അന്തരീക്ഷത്തില്‍ അച്ചടക്കത്തോടെ, വൈദിക-കന്യാസ്ത്രീരൂപീകരണം ലക്ഷ്യംവച്ചുനടത്തുന്ന പരിശീലനത്തില്‍ മിക്കവരും അതിനനുസൃതമായിത്തന്നെ പരുവപ്പെടുന്നു എന്നതാണു വസ്തുത. ഈ സാഹചര്യത്തില്‍, വൈദികനാകാനും കന്യാസ്ത്രീയാകാനും ഓരോരുത്തരും അന്തിമ തീരുമാനമെടുക്കുന്നത് പ്രായപൂര്‍ത്തിയായതിനുശേഷമാണെന്ന സഭാധികൃതരുടെ ന്യായീകരണവാദം നിലനില്‍ക്കുന്നതല്ല.
മറ്റൊന്ന്, വൈദികരും സന്ന്യസ്തരും ആകാനുദ്ദേശിക്കുന്നവരെക്കൊണ്ട് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന വ്രതവാഗ്ദാനം എടുപ്പിക്കുന്നതിലെ അനൗചിത്യമാണ്. ഓരോ വ്യക്തിയുടെയും ഭാവിയുടെ വിധാതാവ് ദൈവമായിരിക്കേ, കേവലം മനുഷ്യരായ വൈദികരെയും കന്യാസ്ത്രീകളെയുംകൊണ്ട് സ്വന്തം ഭാവി ജീവിതത്തിനുമേല്‍ വിധി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിക്കുന്നത് ദൈവദൂഷണമാണെന്നു ഞങ്ങള്‍ കരുതുന്നു.
-അതുകൊണ്ട,് സ്വന്തം സഹജപ്രകൃതത്തെയും ചോദനകളെയും തിരിച്ചറിയാനും സ്വജീവിതത്തിന്റെ സ്വാഭാവികചാല്‍ ഏതെന്നു തീരുമാനിക്കാനുംമാത്രം പ്രായവും പക്വതയും ആകുന്നതിനുമുമ്പ്, കുറഞ്ഞത് 21 വയസ്സെങ്കിലും ആകുന്നതിനുമുമ്പ,് വൈദികപരിശീലനത്തിനോ കന്യാസ്ത്രീപരിശീലനത്തിനോ ആരംഭം കുറിക്കരുത് എന്ന് മനുഷ്യസ്‌നേഹത്തെപ്രതി, ഞങ്ങള്‍ സഭാധികൃതരോട് ആവശ്യപ്പെടുന്നു.
അതുപോലെതന്നെ, സ്വയം അറിഞ്ഞുകൂടാത്ത സ്വന്തം ഭാവിജീവിതത്തെയപ്പാടെ ബാധിക്കുന്ന തരത്തിലുള്ള നിത്യവ്രതവാഗ്ദാനസമ്പ്രദായം നിര്‍ത്തലാക്കി 'ദൈവം തിരുമനസ്സാകുന്ന കാലത്തോള'മെന്നു തിരുത്തണമെന്നും അതിന്‍പ്രകാരം തങ്ങളുടെ വൈദിക-കന്യാസ്ത്രീജീവിതാന്തസ്സ് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും മാന്യമായി വേണ്ടെന്നുവയ്ക്കാന്‍ സഹായകമായ വിധത്തില്‍ അനുഭാവപൂര്‍വ്വകമായ സഭാന്തരീക്ഷം സൃഷ്ടിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
7. കേരളത്തിലെ സന്ന്യസ്തര്‍, പ്രത്യേകിച്ച് കന്യാസ്ത്രീകള്‍, സഭാധികൃതരില്‍നിന്നും വിവിധതരത്തിലുള്ള ചൂഷണങ്ങള്‍ക്കും അസ്വാതന്ത്ര്യങ്ങള്‍ക്കും വിധേയരാണ് എന്നും അവരില്‍ വലിയൊരു വിഭാഗം അസംതൃപ്തിയിലാണ് ജീവിതം തള്ളിനീക്കുന്നതെന്നുമുള്ള വസ്തുത സഭാതലത്തില്‍തന്നെയുള്ള പഠനങ്ങള്‍ വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വമില്ലാത്തതുകൊണ്ടുള്ള നിവൃത്തികേടുകൊണ്ടാണ് പലരും സന്ന്യാസാന്തസില്‍ തുടരാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. അക്രൈസ്തവവും മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്നതുമായ ഈ ദുരവസ്ഥ തിരുത്തപ്പെടേണ്ടത് അത്യാവശ്യമായി ഞങ്ങള്‍ കരുതുന്നു. അതായത്, സഭയില്‍നിന്നു പിരിഞ്ഞുപോകണമെന്നുള്ളവര്‍ക്ക് സുരക്ഷിത്വബോധത്തോടെതന്നെ അങ്ങനെ തീരുമാനമെടുക്കാന്‍ സഹായകമായ സാഹചര്യമൊരുക്കിക്കൊടുക്കാന്‍ സഭയ്ക്കു ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്. അതുപോലെതന്നെ, എന്തെങ്കിലും കാരണത്താല്‍ സഭ പുറത്താക്കുന്നവരുടെ ജീവിതസുരക്ഷിതത്വം ഉറപ്പുവരുത്താനും സഭയ്ക്കു കടമയുണ്ട്.
- അതുകൊണ്ട്, സന്ന്യാസിനീ-സന്ന്യാസ സഭകളില്‍നിന്നു പുറത്താക്കപ്പെടുന്നവര്‍ക്കും സഭയില്‍നിന്നു പിരിഞ്ഞുപോകാന്‍ തീരുമാനിക്കുന്നവര്‍ക്കും ജീവനാംശവും പുനരധിവാസവും ഉറപ്പുവരുത്തുവാനുതകുന്ന നടപടിക്രമങ്ങള്‍ക്ക് എത്രയും വേഗം രൂപംകൊടുത്ത് വ്യവസ്ഥാപിതമാക്കണമെന്ന് എല്ലാ സന്യസ്തസഭകളോടും സഭാസിനഡുകളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
8. കേരളത്തിലെ മിക്ക കത്തോലിക്കാരൂപതകള്‍ക്കും എസ്റ്റേറ്റുകളുള്‍പ്പെടെ ധാരാളം ഭൂസ്വത്തും, കൂടാതെ, അവയുടെ ആസ്ഥാനപട്ടണങ്ങളില്‍ വാടക ലഭിക്കുന്ന ധാരാളം കെട്ടിടങ്ങളും സ്ഥാപനങ്ങളും, ഇവയില്‍നിന്നെല്ലാമായി ആവശ്യത്തിലേറെ വരുമാനവുമുണ്ട് എന്ന വസ്തുത എല്ലാവര്‍ക്കും അറിവുള്ളതാണ്. ഈ സാഹചര്യത്തില്‍, രൂപതയുടെ വരവു-ചെലവു കണക്ക് ഇടവകകളെ അറിയിക്കുകപോലും ചെയ്യാതെ, ഇടവകകളുടെ വരുമാനത്തിന്റെ പത്തും പന്ത്രണ്ടും ശതമാനം രൂപതാവിഹിതമായി വസൂലാക്കുന്നതു ശരിയല്ല എന്നു ഞങ്ങള്‍ കരുതുന്നു.
- അതുകൊണ്ട്, രൂപതാവരുമാനത്തിന്റെ കൃത്യമായ കണക്ക് ഇടവകകളെ അറിയിക്കണമെന്നും, രൂപതയുടെ സാമ്പത്തികസ്ഥിതി കണക്കിലെടുത്തുമാത്രം ഇടവകവിഹിതം തീരുമാനിക്കുന്ന സംവിധാനം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും ഞങ്ങളാവശ്യപ്പെടുന്നു.
9. കേരളത്തില്‍ സാമൂഹികമായി അയിത്തം അനുഭവിച്ചിരുന്നവരെ സഭയിലേക്ക് മതപരിവര്‍ത്തനം നടത്തിയിട്ടും, കത്തോലിക്കാസമുദായത്തിലെ ഒരു കീഴ്ജാതിയായി, ആര്‍ത്തരും അവശരുമായി, ദളിത് ക്രൈസ്തവരെന്ന പുതിയപേരില്‍ അവരിന്നും നിലനില്‍ക്കുന്നു എന്നു ഞങ്ങള്‍ കാണുന്നു. വിദ്യാഭ്യാസപരവും സാമ്പത്തികവും സാമൂഹികവുമായ അവരുടെ അവശതകള്‍ പരിഹരിച്ച് സമുദായത്തിന്റെ മുഖ്യധാരയിലേക്ക് ഈ വിഭാഗത്തെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത് സഭയുടെ അടിയന്തിരമായ ക്രൈസ്തവ ഉത്തരവാദിത്വമാണെന്നു ഞങ്ങള്‍ കരുതുന്നു.
- അതുകൊണ്ട്, ഇടവകകളുടെയും രൂപതകളുടെയും ആകെ വരുമാനത്തിന്റെ ദശാംശമെങ്കിലും ദളിത ക്രൈസ്തവ വിഭാഗത്തിനു വീടുണ്ടാക്കിക്കൊടുക്കുന്നതിനും പെണ്‍മക്കളെ വിവാഹം കഴിച്ചയയ്ക്കുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനുമായി നീക്കിവച്ച് അവരുടെയുംകൂടി നേതൃത്വത്തിലുള്ള ഒരു കമ്മറ്റിയുടെ നിയന്ത്രണത്തില്‍ അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ സംവിധാനമുണ്ടാക്കണമെന്നു ഞങ്ങളാവശ്യപ്പെടുന്നു. അതുപോലെതന്നെ, ഈ വിഭാഗത്തില്‍നിന്നും അര്‍ഹരായവര്‍ക്ക് പ്രത്യേകപരിഗണന നല്‍കി സഭാസ്ഥാപനങ്ങളില്‍ ജോലി നല്‍കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
10. സീറോ-മലബാര്‍ സഭയുടെ ഭാഗമായ കോട്ടയം രൂപതയിലുള്ളവര്‍ മറ്റുരൂപതകളില്‍നിന്നു വിവാഹം കഴിച്ചാല്‍ അവരെ രൂപതയില്‍നിന്നു പുറത്താക്കുന്ന അക്രൈസ്തവസമീപനം കോട്ടയം രൂപതാധികാരം ഇന്നും തുടര്‍ന്നുപോരുന്നു എന്നത് എല്ലാവര്‍ക്കും അറിവുള്ളതാണ്. 'സമുദായംവിട്ട് വിവാഹിതരായ ക്‌നാനായക്കാര്‍ക്ക് രൂപതയില്‍ അംഗത്വം നല്‍കണ'മെന്നുള്ള കല്പന റോമില്‍നിന്നുണ്ടായിട്ട് വര്‍ഷങ്ങളായിട്ടും അതു പാലിക്കുവാന്‍ കോട്ടയം രൂപതാധികാരികള്‍ ഇതുവരെ തയ്യാറായിട്ടില്ലതന്നെ.
- അതുകൊണ്ട്, സ്വന്തം മക്കളോടു തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ക്രൂരത എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് കോട്ടയം രൂപതാധികാരികളോടു ഞങ്ങള്‍ ആവശ്യപ്പെടുന്നു. അവര്‍ അതിനു തയ്യാറാകാത്തപക്ഷം എത്രയും വേഗം സിനഡ് ചേര്‍ന്ന് ഈ ആവശ്യം കോട്ടയം രൂപതാധികാരത്തെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ വേണ്ടതു ചെയ്യണമെന്ന് സീറോ-മലബാര്‍ മെത്രാന്‍ സമിതിയോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
11. ലോകത്തെവിടെയുമുള്ള കത്തോലിക്കരുടെ ആദ്ധ്യാത്മികനിലവാരം മറ്റു മതസ്ഥരുടേതിനെക്കാള്‍ ഇന്ന് ഒട്ടും ഉന്നതമല്ല എന്നു ഞങ്ങള്‍ കരുതുന്നു. സഭ നടത്തിക്കൊണ്ടിരിക്കുന്ന മതപരിവര്‍ത്തന പരിശ്രമങ്ങളുടെ വ്യര്‍ത്ഥതയിലേയ്ക്കാണ് ഈ വസ്തുത വിരല്‍ചൂണ്ടുന്നത്.
- അതുകൊണ്ട്, സഭയുടെ ആളെണ്ണം കൂട്ടുക എന്ന രാഷ്ട്രീയലക്ഷ്യംവച്ചുള്ള ഇന്നത്തെ മതപരിവര്‍ത്തനശ്രമങ്ങളേക്കാള്‍ പ്രാധാന്യം, യേശുവിന്റെ സ്‌നേഹ-സേവനമനോഭാവമാകുന്ന ക്രൈസ്തവ ആദ്ധ്യാത്മികതയിലേക്ക് കത്തോലിക്കരെത്തന്നെ മാനസാന്തരപ്പെടുത്തുക എന്ന 'മതപരിവര്‍ത്തന'പരിശ്രമത്തിനു നല്‍കാന്‍ സഭാനേതൃത്വം ശ്രദ്ധയൂന്നണം എന്നു ഞങ്ങളാവശ്യപ്പെടുന്നു.
12. ഭാരതം ഒരു മതേതര-ജനാധിപത്യരാഷ്ട്രമാണ്. ഇവിടെ ജനങ്ങള്‍ തങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ഇച്ഛകളും അഭിപ്രായങ്ങളും അവതരിപ്പിക്കുന്നതും തീരുമാനങ്ങളെടുക്കുന്നതും ജനപ്രാതിനിധ്യസംവിധാനത്തിലൂടെയാണ്. വിവിധ സമുദായങ്ങളെ പ്രതിനിധീകരിച്ച് അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതും അതാതു സമുദായംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന നേതാക്കളിലൂടെയാണ്. എന്നാല്‍, കത്തോലിക്കാസമുദായംഗങ്ങള്‍ ഒരുതരത്തിലും തങ്ങളുടെ പ്രാതിനിധ്യം ഏല്പിച്ചുകൊടുത്തിട്ടില്ലാത്ത മെത്രാന്മാരും വൈദികരും കത്തോലിക്കാ സമുദായത്തെ പ്രതിനിധീകരിച്ച് സാമുദായിക-രാഷ്ട്രീയ കാര്യങ്ങളില്‍ ഏകപക്ഷീയമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതും, വിശ്വാസികള്‍ക്കുമേലും ഗവണ്മെന്റുകള്‍ക്കുമേലും സമ്മര്‍ദ്ദം ചെലുത്തുന്നതും ഇടപെടുന്നതും ഇന്നു സാധാരണമായിരിക്കുന്നു. ഇപ്രകാരം, കത്തോലിക്കാസഭയെ ഒരു രാഷ്ട്രീയമതമാക്കി മറ്റു മതങ്ങള്‍ക്കു ദുര്‍മാതൃക സൃഷ്ടിക്കുന്നതും പുരോഹിതനേതൃത്വത്തിലുള്ള ഒരു വിധേയസമുദായമാക്കി മാറ്റുന്നതും അങ്ങേയറ്റം അപകടകരമാണെന്നു ഞങ്ങള്‍ കാണുന്നു. കൂടാതെ, ഇത് ഇന്ത്യയിലെ കത്തോലിക്കര്‍ക്കുകൂടി ഭരണഘടനാപരമായി ഉറപ്പു ലഭിച്ചിട്ടുള്ള പൗരാവകാശങ്ങളുടെ ലംഘനവുമാണ് എന്നു ഞങ്ങള്‍ കരുതുന്നു.
- അതുകൊണ്ട്, കത്തോലിക്കാ മതമേലദ്ധ്യക്ഷന്മാരുടെയും വൈദികരുടെയും പ്രവര്‍ത്തനങ്ങള്‍ അവര്‍ സ്വമേധയാ ഏറ്റെടുത്തതും യേശു ഭരമേല്പിച്ചതുമായ ആദ്ധ്യാത്മികശുശ്രൂഷയില്‍മാത്രം ഊന്നിയുള്ളതായിരിക്കണം എന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നു.
ഉപസംഹാരം
സഭയെ ആദിമസഭയുടെ മാതൃകയില്‍ സ്‌നേഹസമൂഹങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആദ്ധ്യാത്മികപ്രബോധനങ്ങളും ജീവിതമാതൃകകളുമാണ് സഭാതലവന്മാരില്‍നിന്നും ഉണ്ടാകേണ്ടത്. അങ്ങനെയെങ്കില്‍, സ്‌നേഹത്തിന്റേതായ ദൈവരാജ്യനിയമങ്ങള്‍ മനുഷ്യഹൃദയങ്ങളില്‍ ആലേഖനം ചെയ്യപ്പെടുകയും അതിന്‍ഫലമായി, സാഹോദര്യത്തിലും പാരസ്പര്യബോധത്തിലും അധിഷ്ഠിതമായ ദൈവരാജ്യസമൂഹങ്ങള്‍ ഭൂമിയില്‍ ഉദയംകൊള്ളുകയും ചെയ്യും. അപ്പോള്‍, അത്തരം സമൂഹങ്ങള്‍ സകലജനങ്ങള്‍ക്കും പ്രീതികരങ്ങളാവുകയും (അപ്പോ. പ്രവ. 3:47) ആദിമസഭയിലെപ്പോലെ, അവര്‍ ആ സ്‌നേഹകൂട്ടായ്മകളിലേക്ക് ചെന്നുചേരുകയും ചെയ്തുകൊള്ളും.
ഇത്തരം ദൈവരാജ്യസൃഷ്ടിയില്‍ പങ്കാളികളാകാനാണ് യേശുശിഷ്യരും അനുയായികളും വിളിക്കപ്പെട്ടിരിക്കുന്നത് എന്നു ഞങ്ങള്‍ കരുതുന്നു. അതുകൊണ്ട്, ആ ലക്ഷ്യം ഉള്ളില്‍പേറി സഭയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുവാനും സഭാകാര്യങ്ങളില്‍ ഇടപെടുവാനും ഞങ്ങള്‍ ഉറച്ചിരിക്കുന്നു. ബാഹ്യപ്രതാപത്തിലും സമ്പത്തിലും സംഘടിതശക്തിയിലും മനസ്സര്‍പ്പിച്ചിരിക്കുന്ന ഇന്നത്തെ കത്തോലിക്കാസഭയെ, ആദിമസഭയുടെ സ്‌നേഹവും വിശുദ്ധിയും ലാളിത്യവും നിറഞ്ഞ ആദ്ധ്യാത്മിക ഉറവിടങ്ങളിലേക്കു തിരിച്ചു നടത്തുക എന്ന ലക്ഷ്യംവച്ചു മുകളില്‍ ഉന്നയിച്ചിരിക്കുന്ന മുഴുവന്‍ കാര്യങ്ങളും സാധിച്ചെടുക്കുന്നതിന് യേശുവില്‍ ധീരരായിനിന്ന് പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ ഉറച്ചിരിക്കുന്നു.
സഭയെ ഒരു ഭൗതികാധികാര ഘടനയാക്കിയിരിക്കുന്ന ഇന്നത്തെ സമ്പ്രദായങ്ങളെ യേശുവചനങ്ങളാല്‍ നിര്‍വീര്യമാക്കി സഭയില്‍ യേശുവിന്റെ സ്‌നേഹചൈതന്യം നിറയ്ക്കുന്നതിന്, ഞങ്ങള്‍ അംഗങ്ങളായിരിക്കുന്ന കത്തോലിക്കാസഭയ്ക്കുള്ളില്‍ പരിവര്‍ത്തനത്തിന്റെ പുളിമാവായി വര്‍ത്തിക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നു പ്രഖ്യാപിക്കുന്നു.
No comments:
Post a Comment