Translate

Thursday, September 3, 2015

വിശ്വാസപരമായ നവീകരണവും ഘടനാപരമായ നവീകരണവും - മറുപടി

2015 ജൂലൈ ലക്കം സത്യജ്വാലയില്‍നിന്ന്   

ഇന്നലെ അല്മായശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന, 2015 ജൂലൈ ലക്കം 'സത്യജ്വാല'മാസികയില്‍ റ്റി.റ്റി. മാത്യു, തകടിയേല്‍ എഴുതിയിരുന്ന ലേഖനത്തിന് 

'സത്യജ്വാല' എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍ നല്കിയിരുന്ന മറുപടി

- സഭാനവീകരണത്തിന്റെ നയസമീപനത്തെക്കുറിച്ച് ഇപ്രകാരമൊരു സര്‍ഗ്ഗസംവാദത്തിനു തുടക്കം കുറിച്ച ബഹു. തകിടിയേല്‍ മാത്തുച്ചേട്ടന്‍തന്നെ ഈ പ്രതികരണത്തിലൂടെ അതിനു കൂടുതല്‍ ജീവന്‍ പകര്‍ന്നിരിക്കുന്നു എന്നതില്‍ സന്തോഷം തോന്നുന്നു. സഭാനവീകരണരംഗത്ത് വ്യക്തമായ കാഴ്ചപ്പാടോടെ പതിറ്റാണ്ടുകള്‍ എഴുതിയും പ്രസംഗിച്ചും പ്രവര്‍ത്തിച്ചുംപോരുന്ന അദ്ദേഹത്തിന്റെ ആശയദൃഢതയ്ക്കു മുമ്പില്‍ ശിരസ് നമിക്കാനേ എനിക്ക് കഴിയുന്നുള്ളു. വാസ്തവത്തില്‍, സഭാനവീകരണം സംബന്ധിച്ച് അദ്ദേഹം പങ്കുവയ്ക്കുന്ന ഏതാണ്ടെല്ലാ വീക്ഷണങ്ങളും വ്യക്തിപരമായി അംഗീകരിക്കുന്ന ഒരാളാണു ഞാന്‍. അന്ധവിശ്വാസങ്ങള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നുതന്നെയാണ് ഞാനും കരുതുന്നത്. അതുപോലെതന്നെ, ആശയപരമായ ആത്മവഞ്ചനയും കാപട്യവും വെറുക്കപ്പെടേണ്ടതാണെന്നും ഞാന്‍ കരുതുന്നു. അതോടൊപ്പം, സ്വന്തം സമുദായത്തിലും കുടുംബത്തില്‍പ്പോലും സ്വന്തം ബോദ്ധ്യങ്ങളിലുറച്ചുനിന്നുകൊണ്ട് അതിനനുസൃമായി ജീവിക്കാനോ പ്രവര്‍ത്തിക്കാനോ സാധാരണ മനുഷ്യര്‍ക്ക് എളുപ്പമല്ല എന്ന യാഥാര്‍ത്ഥ്യംകൂടി ഞാന്‍ കാണുന്നു എന്നതു മാത്രമേ വ്യത്യാസമായുള്ളൂ.
ഒരു ആത്മനിരീക്ഷണത്തിനു തയ്യാറായാല്‍, 'ആത്മവഞ്ചന'കളുടെയും 'കാപട്യ'ങ്ങളുടെയും കൂമ്പാരമാണ് നാമോരോരുത്തരുടേയും ജീവിതമെന്ന് ആര്‍ക്കും കാണാനാകും എന്നാണെന്റെ തോന്നല്‍. എന്റെ കാര്യം പറഞ്ഞാല്‍, കൂദാശകളില്‍ വിശ്വാസമില്ലാത്ത ഞാന്‍ പള്ളിയില്‍ വിവാഹമെന്ന കൂദാശാകര്‍മ്മത്തിലൂടെ വിവാഹിതനായി. ആവശ്യമില്ലെന്ന ബോധ്യമുണ്ടായിരുന്നെങ്കിലും, പള്ളിയില്‍ പോകാതിരിക്കുന്നത് ജീവിതസഖിക്കു സഹിക്കാന്‍ കഴിയാത്തത്ര ദുഃഖത്തിനുകാരണമാകുന്നു എന്നു മനസ്സിലാക്കി പള്ളിയില്‍ പോകാന്‍ തുടങ്ങി. ആവശ്യമെന്നു ഞാന്‍ കരുതാത്ത മാമോദീസയിലൂടെയും സ്ഥൈര്യലേപനത്തിലൂ
ടെയും വേദപാഠപഠനത്തിലൂടെയും സ്വന്തം കുട്ടികളെ കയറ്റിയിറക്കി. മൂല്യരഹിതവും യഥാര്‍ത്ഥ ജീവിതത്തില്‍നിന്നകറ്റുന്നതുമാണ് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായമെന്നു നിശ്ചയമുള്ള ഞാന്‍ എന്റെ കുട്ടികളെ അതേ സമ്പ്രദായത്തിലൂടെത്തന്നെ പഠിപ്പിച്ചു.
ഉദ്യോഗജീവിത
ത്തിലേക്കു നോക്കിയാല്‍, ആശയപരമായി എതിര്‍പ്പുള്ള പല മേഖലകളിലും ഞാന്‍ ജോലി ചെയ്തു, ചെയ്യുന്നു. 'മീനച്ചില്‍ നദീജലസംരക്ഷണസമിതി'യുടെ സജീവപ്രവര്‍ത്തകനായി, മണല്‍വാരലിനെതിരെയുംമറ്റും ബോധവല്‍ക്കരണ-സമരപരിപാടികളില്‍ പങ്കാളിത്തം വഹിച്ച ഞാന്‍, അതേ ആറ്റിലെ മണല്‍തന്നെ വാരി സ്വന്തം വീടുപണിക്കുപയോഗിച്ചു. അന്തരീക്ഷമലിനീകരണത്തിന്, ഒരു 'ടൂവിലറി'ലൂടെ മാത്രമാണെങ്കില്‍പ്പോലും, എന്റെ വക പുക ഞാനും സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു. സമൂഹത്തിലെ ചെറിയൊരു ന്യൂനപക്ഷംമാത്രമായ ഉദ്യോഗസ്ഥവിഭാഗത്തിനു ശമ്പളവും പെന്‍ഷനും കൊടുത്ത് ഖജനാവു ചോര്‍ത്തുന്ന രീതി ശരിയല്ലെന്നും, മണ്ണില്‍ പണിയെടുത്ത് സര്‍വ്വരെയും തീറ്റിപ്പോറ്റുന്ന കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമില്ലാത്ത ഒരവകാശത്തിനും മറ്റൊരു വിഭാഗത്തിനും അര്‍ഹതയില്ലെന്നും ആത്മാര്‍ത്ഥമായി കരുതുന്ന ഞാന്‍, അന്നു ശമ്പളം കൈപ്പറ്റുന്നതിലും ഇന്നു പെന്‍ഷന്‍ വാങ്ങുന്നതിലും ഒരു കുറവും വരുത്താന്‍ തയ്യാറായിട്ടില്ല. എനിക്കു യോജിപ്പില്ലാത്ത രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഇഷ്ടമില്ലാത്ത സ്ഥാനാര്‍ത്ഥികള്‍ക്കും ഞാന്‍ വോട്ടു നല്‍കിക്കൊണ്ടിരിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും അവകാശപ്പെട്ട ഈ ഭൂമിയെ തുണ്ടുകളായി മുറിച്ച് വില്പനച്ചരക്കാക്കുന്നത് മഹാ അപരാധമാണെന്നു കരുതുന്ന ഞാന്‍ ഭൂമി വാങ്ങുകയും വില്‍ക്കുകയും ചെയ്തിട്ടുണ്ട്.... ഇങ്ങനെ നോക്കിയാല്‍, ആത്മവഞ്ചനയുടെയും കാപട്യത്തിന്റെയും ഒരു പരമ്പരയാണ് സ്വന്തം ജീവിതമെന്ന് എനിക്ക് പറയേണ്ടിവരും.
പക്ഷേ, ഇതൊക്കെ യഥാര്‍ത്ഥത്തില്‍ ആത്മവഞ്ചനയും കാപട്യവുമാണോ....? ഈ ചോദ്യത്തിന് യാഥാര്‍ത്ഥ്യബോധത്തോടെ ഉത്തരംതേടിയാല്‍, ഇതൊന്നും ആത്മവഞ്ചനയോ കാപട്യമോ അല്ലെന്നു കാണാനാകും. മാത്രമല്ല, നിലവിലുള്ള സാമൂഹിക-സഭാസാഹചര്യങ്ങളെ എതിര്‍ക്കുന്നവര്‍ക്കും മാറ്റിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുമെല്ലാം നിലവിലുള്ള അതേ സാഹചര്യങ്ങള്‍ക്കു വിധേയപ്പെട്ടേ ജീവിക്കാനാവൂ എന്നും, ഈ വിധേയപ്പെടല്‍ കാപട്യത്തെയോ ആത്മവഞ്ചനയെയോ അല്ല, മറിച്ച് നിസ്സഹായതയെയാണു സൂചിപ്പിക്കുന്നതെന്നുകൂടി അപ്പോള്‍ മനസ്സിലാകും. അഴിമതിക്കെതിരെ നിലപാടെടുത്തിട്ടുള്ളവര്‍ക്കും സ്വന്തം മക്കളെ സ്‌കൂളിലും കോളേജിലും ചേര്‍ക്കാന്‍ ഇന്നു കോഴ കൊടുക്കേണ്ടിവരും. അത് ആത്മവഞ്ചനയല്ല, നിവൃത്തികേടാണ്.
മറ്റൊന്ന്, സ്‌നേഹത്തിന്റെ മുമ്പിലുള്ള വിട്ടുവീഴ്ചാമനഃസ്ഥിതിയാണ്. കുമ്പസാരത്തിലും കൂര്‍ബാനയിലുമൊന്നും വിശ്വാസമില്ലാത്ത ഒരാളോട്, 'എടാ, നീ ഒന്ന് കുമ്പസാരിച്ചു കൂര്‍ബ്ബാന കൈക്കൊള്ളുന്നതു കാണാന്‍ എനിക്കാഗ്രഹമുണ്ട്' എന്ന് അയാളുടെ അമ്മ പറയുന്നെങ്കില്‍, ആ ആഗ്രഹം സാധിച്ചു കൊടുക്കുന്നതാണ് ശരി എന്നാണെന്റെ അഭിപ്രായം. മറിച്ചായാല്‍, അതിനെ കുറ്റകരമായ ആദര്‍ശപ്പിടിവാശിയായേ കാണാന്‍ കഴിയൂ. സ്‌നേഹത്തിനു മുമ്പില്‍ തലകുനിച്ചുള്ള പ്രവൃത്തികളെ കേവലം അഭിനയമായാണു കാണേണ്ടത്; ആത്മവഞ്ചനയായോ കാപട്യമായോ അല്ല. സാഹചര്യത്തിനനുസരിച്ച് ഏതു കഥാപാത്രമായിട്ടും അഭിനയിക്കാന്‍ കഴിയുന്നവന്‍ നല്ല അഭിനേതാവുമാത്രമാണ്, കപടനാട്യക്കാരനല്ല. സുവിശേഷത്തിനുവേണ്ടി താന്‍ നടത്തുന്ന 'അഭിനയ'ത്തെപ്പറ്റി പൗലോസ്ശ്ലീഹാ ഇങ്ങനെ പറയുന്നു: ''....യഹൂദരെ നേടേണ്ടതിന് യഹൂദര്‍ക്കു ഞാന്‍ യഹൂദനെപ്പോലെയായി... നിയമത്തിന്‍കീഴിലുള്ളവര്‍ക്കു ഞാന്‍ നിയമത്തിന്‍ കീഴിലുള്ളവനെപ്പോലെയായി.... നിയമത്തിനു പുറത്തുള്ളവരെ നേടേണ്ടതിന്, നിയമത്തിനു പുറത്തുള്ളവര്‍ക്കു ഞാന്‍ നിയമത്തിനു പുറത്തുള്ളവനേപ്പോലെയായി.. ദുര്‍ബലരെ നേടേണ്ടതിനു ദുര്‍ബലര്‍ക്കു ഞാന്‍ ദുര്‍ബലനായി. എല്ലാപ്രകാരത്തിലും കുറെപ്പേരെ നേടേണ്ടതിന് എല്ലാവര്‍ക്കും ഞാന്‍ എല്ലാമായി.... സുവിശേഷത്തിനുവേണ്ടി ഇവയെല്ലാം ഞാന്‍ ചെയ്യുന്നു''(1കോറി. 9:20-23).
അപ്പോള്‍, സഭാനവീകരണത്തിനുവേണ്ടി അന്ധവിശ്വാസികള്‍ക്കും പ്രതിമാവണക്കക്കാര്‍ക്കുമിടയില്‍ സഭാനവീകരണപ്രവര്‍ത്തകര്‍ അന്ധവിശ്വാസികളെപ്പോലെയും പ്രതിമാവണക്കക്കാരെയുംപോലെ അഭിനയിച്ചാല്‍ അതു കാപട്യമാകുമോ? അതില്‍ തെറ്റു പറയാനാകുമോ?
സത്യവും നീതിയും പുലരണമെന്നു കരുതുന്ന മനുഷ്യമനസ്സുകള്‍, സത്യവും നീതിയും പുലരാത്ത ലോകസാഹചര്യങ്ങളോടു പ്രതികരിക്കുകയും സംവദിക്കുകയും ചെയ്യുമ്പോഴാണ് പുരോഗമനാശയങ്ങളും തത്വങ്ങളും ആദര്‍ശങ്ങളും പിറവികൊള്ളുന്നത്. അവയെല്ലാം പ്രാവര്‍ത്തികമാക്കാനുള്ളവയാണ്; അല്ലാതെ, അവ ഉടലെടുക്കുന്ന കാലത്ത് പ്രാവര്‍ത്തികമാകുന്നവയല്ല. മാനുഷികമൂല്യങ്ങളുടെ അസ്തിവാരത്തില്‍ ഇനി പണിയപ്പെടേണ്ട ഒരു നവസമൂഹത്തിലേ അവ പ്രാവര്‍ത്തികമാകൂ. അപ്പോള്‍മാത്രമേ, അതുവരെ പറഞ്ഞുകൊണ്ടിരുന്ന ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അനുസൃതമായി ഒരുവനു ജീവിക്കാനുമാകൂ. അതുവരെ, നിലവിലുള്ള തെറ്റായ സമൂഹവ്യവസ്ഥയുടെ അരികിലൂടെയെങ്കിലും ഒഴുകാതെ ആര്‍ക്കും ജീവിക്കാനാവില്ല. അങ്ങനെ ജീവിക്കുന്നത് കാപട്യമോ ആത്മവഞ്ചനയോ അല്ലെന്നു തിരിച്ചറിയേണ്ടത് അനാവശ്യ കുറ്റപ്പെടുത്തലുകളെ നേരിടാനും അനാവശ്യ കുറ്റബോധം ഉണ്ടാകാതിരിക്കാനും ആവശ്യമാണ്.
'സഭയും സമുദായവും ഒന്നല്ല, രണ്ടാണ്' എന്ന പ്രസ്താവനയും ഇപ്പോള്‍ സൂചിപ്പിച്ച തരത്തില്‍, ഇന്ന് ആശയതലത്തില്‍മാത്രം ശരിയായി നിലകൊള്ളുന്ന ഒരു തത്വമാണ്. സഭയും സമുദായവും രണ്ടാകേണ്ടതുണ്ട്. അതാണുശരി, എന്നേ യഥാര്‍ത്ഥത്തില്‍ നാം അതുകൊണ്ട് അര്‍ത്ഥമാക്കുന്നുള്ളു എന്നോര്‍ക്കുക. കാരണം, അവ ഇന്ന് രണ്ടല്ല, ഒന്നാണ്. കത്തോലിക്കാസഭയെയും കത്തോലിക്കാ സമുദായത്തെയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തിരേഖ തകര്‍ക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ്, സഭാഘടനയുടെ നിയന്താക്കള്‍തന്നെ ഇന്ന് കത്തോലിക്കാസമുദായത്തിന്റെയും നിയക്കളായിരിക്കുന്നത്. ഈ ദുരവസ്ഥ മാറ്റണമെങ്കില്‍ സഭാഘടനയെത്തന്നെ തൊടണം. അവിടെയുണ്ടാകുന്ന ചലനമാണ് സമുദായപരിഷ്‌ക്കരണമായി മാറുന്നത്. ശ്രീനാരായണഗുരു അദ്വൈതദര്‍ശനത്തിലൂന്നിനിന്ന് ബ്രാഹ്മണാധിപത്യപരമായിരുന്ന അന്നത്തെ ഹിന്ദുമതത്തെ തൊട്ടപ്പോള്‍, അത് കേരളസമൂഹത്തിന്റെതന്നെ നവോത്ഥാനമായി പരിണമിച്ചു എന്നത് നമുക്കനുഭവമുള്ള ചരിത്രമാണല്ലോ. സഭാ നവീകരണപ്രസ്ഥാനങ്ങള്‍ ലക്ഷ്യമിടേണ്ടതും സമാനമായ ഒരു സാമൂഹികനവോത്ഥാനമാണ്; ക്രൈസ്തവസമൂഹത്തെ പുരോഹിതഘടനയില്‍നിന്നു സ്വതന്ത്രമാക്കുന്ന ഒരു സാമൂഹികനവോത്ഥാനം. അതിന് സഭാഘടനയെ തൊടാന്‍ ധൈര്യപ്പെടുന്ന സഭാനവീകരണ
പ്രസ്ഥാനങ്ങള്‍തന്നെയാണ് വേണ്ടത്.
കുരീപ്പുഴ ഇടവകസമൂഹം കൊല്ലം രൂപതാധികാരത്തിനെതിരെ നടത്തിയ സമരത്തിന്റെ മൂര്‍ദ്ധന്യത്തില്‍ അവിടെ കണ്ടെത്തിയ മാതാവിന്റെ സ്വരൂപത്തെ 'KCRM മാതാ'വെന്ന് പേരിട്ട് കുരീപ്പുഴക്കാര്‍ സമരായുധമാക്കിയതും അത് 'സത്യജ്വാല' ഉയര്‍ത്തിക്കാട്ടിയതുമാണല്ലോ ഈ സംവാദത്തിന്റെ കേന്ദ്രബിന്ദു. അതുകൊണ്ട് അക്കാര്യം പരാമര്‍ശിക്കാതെ ഈ പ്രതികരണം പൂര്‍ത്തിയാകില്ല. മോണിക്കാ വിഷയത്തില്‍ നടന്ന പ്രതിഷേധപ്രകടനത്തില്‍ മാതാവിന്റെ പ്രതിമയുമായി പോയിരുന്നെങ്കില്‍ അതു ശരിയാകുമായിരുന്നോ എന്ന് മാത്തുച്ചേട്ടന്‍ ചോദിച്ചിരിക്കുന്നു. അതേ വിഷയത്തില്‍ ചങ്ങനാശ്ശേരിയില്‍ നടത്തിയ പ്രകടനം കുരിശുംവ
ഹിച്ചാണു നടത്തിയത്. അതും പ്രതിമ തന്നെയല്ലേ?  'KCRMമാതാ'വിന്റെ ചിത്രത്തോടുകൂടി, ആ മാതാവിനോടുള്ള പ്രാര്‍ത്ഥന 'സത്യജ്വാല'യില്‍ പ്രസിദ്ധീകരിച്ചത് അതില്‍ വിശ്വാസമുണ്ടായിട്ടാണോ എന്നും മാത്തുച്ചേട്ടന്‍ ചോദിച്ചിട്ടുണ്ട്. സത്യം പറയട്ടെ, KCRM കേവലമൊരു ആശയപ്രചാരണപ്രസ്ഥാനമായിരുന്നെങ്കില്‍, 'സത്യജ്വാല'യില്‍ അതു പ്രസിദ്ധീകരിക്കുമായിരുന്നില്ല. മാത്രമല്ല, മാത്തുച്ചേട്ടനെപ്പോലെതന്നെ അതു ശരിയായില്ലെന്നെഴുതിയെന്നും വന്നേനെ. എന്നാല്‍ പുരോഹിതാധിപത്യത്തിനെതിരെ വിശ്വാസസമൂഹത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുകകൂടി ചെയ്യുന്ന KCRM-ന്, പുരോഹിതാ
ധിപത്യത്തിന്റെ പ്രഹരമേറ്റു വീണുകിടന്ന കുരീപ്പുഴ ഇടവകസമൂഹം വിശ്വാസതലത്തില്‍ എവിടെ നില്‍ക്കുന്നു, അവര്‍ അന്ധവിശ്വാസികളാണോ, പ്രതിമാവണക്കക്കാരാണോ മുതലായ കാര്യങ്ങള്‍ അപ്രധാനങ്ങളായിരുന്നു. ഫ്രാന്‍സീസ് മാര്‍പാപ്പാ പറഞ്ഞ പ്രകാരം, ആദ്യം അവരുടെ മുറിവുണക്കുന്നതിലാണു ശ്രദ്ധിച്ചത്. പിന്നെ, അവരെ ബലപ്പെടുത്തി സ്വന്തം കാലില്‍ എഴുന്നേല്പ്പിച്ചു നിര്‍ത്തുന്നതിലും. അല്ലെങ്കില്‍ പൗലോസ്ശ്ലീഹായുടെ ശൈലിയില്‍, ദുര്‍ബലരെ നേടേണ്ടതിന് KCRM-വും ദുര്‍ബലരെപ്പോലെയാകുകയാണു ചെയ്തത്. അന്ധവിശ്വാസികളെയും വിഗ്രഹാരാധകരെയും നേടാന്‍ അവരെപ്പോലെ ആകുകയാണു ചെയ്തത്. അങ്ങനെ അഭിനയിക്കുകയാണു ചെയ്തത്.
അല്ലെങ്കില്‍ത്തന്നെ, കത്തോലിക്കാസഭയില്‍ എന്താണ് അന്ധവിശ്വാസവും വിഗ്രഹാരാധനയും അല്ലാതായുള്ളത് എന്നുകൂടി നാം ആലോചിക്കണം. ബലിസങ്കല്പത്തോടുകൂടിയതും യേശുവിന്റെ യഥാര്‍ത്ഥ ശാരീരികസാന്നിദ്ധ്യം പ്രഖ്യാപിച്ചിരിക്കുന്നതുമായ പരിശുദ്ധകുര്‍ബ്ബാനപോലും അന്ധവിശ്വാസമല്ലേ? വിഗ്രഹാരാധനയല്ലേ? അതിനിടയില്‍ പുരോഹിതന്‍ 'ആനാം വെള്ളം' വീഴ്ത്തി വെഞ്ചരിക്കാത്ത ഒരു എളിയ അത്മായ വിഗ്രഹംകൂടി ഉണ്ടാകുന്നതില്‍ അപകട മൊന്നുമുണ്ടാകുമെന്നു തോന്നുന്നില്ല. വിശ്വാസികളെ മയക്കിക്കിടത്താനും ചൂഷണംചെയ്യാനും പൗരോഹിത്യം അടി ച്ചേല്പിച്ച വിഗ്രഹഭക്തിയെത്തന്നെ ആയുധമാക്കി പുരോഹിതാധികാരത്തിനെതിരെ കുരീപ്പുഴക്കാര്‍ ആഞ്ഞടിക്കുന്നതു കണ്ടപ്പോള്‍ കൈകൊട്ടിച്ചിരിക്കാനേ 'സത്യജ്വാല'യ്ക്കു തോന്നിയുള്ളു എന്ന തൊരു വസ്തുതയാണ്. പുരോഹിതതിരസ്‌കാരത്തിന്റെ അടയാളമായി വേണമെങ്കില്‍ കൂരിപ്പുഴയില്‍ അല്പകാലംകൂടി KCRM മാതാവ് നിലനിന്നുകൊള്ളട്ടെ. KCRM അതിനെ പ്രൊമോട്ടു ചെയ്യുകയില്ല. അതിനെ എടുത്തു ദൂരെ കളയാനും പറയുകയില്ല. കാരണം, അത് അവര്‍ സ്വയം ബോധ്യപ്പെട്ടുതന്നെ എടുത്തുമാറ്റി ക്കൊള്ളും എന്ന് ഈ പ്രസ്ഥാനത്തിലുള്ളവര്‍ക്കറിയാം. സത്യത്തിന്റെ ജ്വാല അവരില്‍ കൂടുതല്‍ പടരുമ്പോള്‍ 'KCRM മാതാ'വിന്റെ പ്രതിമ മാത്രമല്ല, മറ്റെല്ലാ പ്രതിമകളും അവരെടുത്തു മാറ്റിക്കൊള്ളും എന്നാണു പ്രതീക്ഷിക്കുന്നത്.

No comments:

Post a Comment