Translate

Sunday, October 4, 2015

കുരിശും കുടയും നമ്മുടെ ചിഹ്നം!

ആലുവാ പള്ളീലെ വികാരിയച്ചൻ ഒരാടിന്റെ പോക്കറ്റിൽ നിന്നും (അയാളുടെ മകന്റെ ആദ്യകുർബാന പ്രമാണിച്ച്) 25000 രൂപായുംകൂടെ ഇറക്കിപ്പിച്ച് പള്ളി വരുമാനം കൂട്ടാൻ ശ്രമിക്കാൻ തുടങ്ങാൻ തുടങ്ങിയതേയുള്ളൂ, അപ്പോഴേ മാർക്ക് സുക്കർബെർഗ്ഗിന്റെ ആൾക്കാർ ഇറങ്ങി. വാർത്ത ലോകം മുഴുവൻ! അങ്ങു തൃശ്ശൂർ താമസിക്കുന്ന കൊച്ചുവർക്കിസാർ ഇടപെടുന്നുവെന്നു കേട്ടതുകൊണ്ടാണോ വിശ്വാസിക്കു സെക്കന്റ് വെച്ചു കുറി കിട്ടിയതെന്നറിയില്ല. ആദ്യമൊക്കെ വിശ്വാസികളോട് അരക്കൈ നോക്കാമെന്നൊരു ധാരണയുണ്ടായിരുന്ന മെത്രാന്മാരും ഇപ്പോ ഒതുങ്ങുന്നു; കാര്യങ്ങൾ ശ്രദ്ധിച്ചു കൈകാര്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഇതെന്താ നിസ്സാര കാര്യമാണൊ? കേരളത്തിലെ നവീകരണ പ്രവർത്തകർക്കു മുഴുവൻ ആഹ്ലാദിക്കാനും അർമ്മാദിക്കാനും വകയായി. സത്യം പറയട്ടെ, ഭക്തിയൊക്കെ ഭക്തി, വൃത്തികേട് കാണിച്ചാൽ മെത്രാനാണേലും തെറി കേൾക്കും എന്ന അവസ്ഥയാണ്, എല്ലാ പള്ളികളിലും ഇപ്പോൾ. അതായത്, അണ്ടർഗ്രൗണ്ട് നവീകരണം ആരും പറയാതെ എല്ലാ പള്ളികളിലും ശക്തമായിക്കഴിഞ്ഞു. മലബാറിൽ പേരാവൂരിനടുത്തുള്ള കോളയാറിൽ പള്ളി പുതുക്കി പണിയണമെന്നു വികാരി, വേണ്ടെന്നു നാട്ടുകാർ (വേണമെന്നു പറയുന്ന 'അതേ അച്ചോ' കമ്മറ്റിക്കാരാണ്, വികാരിയുടെ ബലം!). വിഷയം മെത്രാന്റെ അടുത്തുവരെ എത്തി. റബ്ബറിനും മറ്റു വിളകൾക്കും പുല്ലുവില പോലുമില്ലാത്ത ഇപ്പോൾ കൃഷിക്കാരായ നാട്ടുകാർ എവിടെനിന്നു കാശുണ്ടാക്കും? പണി തുടങ്ങിയാൽ അച്ചന്മാർക്കു ലക്കും ലഗാനുമുണ്ടോ? എടപ്പള്ളിയിൽ മേജർ പറഞ്ഞത്, എടപ്പള്ളിയിൽ; ചെങ്ങളം പള്ളിയുടെ തറ തേക്കുതടികൊണ്ട് പാനലിങ് നടത്തുന്നുവെന്ന് അടുത്തിടെ കേട്ടു. മെത്രാനെന്നോ അച്ചനെന്നോ പറഞ്ഞാൽ ഒരു സാമൂഹ്യശല്യം എന്ന നിലയിൽ തന്നെ നാട്ടുകാർ കരുതിത്തുടങ്ങിയിരിക്കുന്നു. സഭയുടെ കന്യാസ്ത്രീ വിഭാഗം പള്ളിക്കൂടങ്ങളും ആസ്പത്രികളും നടത്തി സമ്പാദിച്ച തിരുപ്പേരാണ് പാലായിലെ സതീഷിനേപ്പോലുള്ള സൈക്കോപതുകളുടെ ആവിർഭാവത്തിനു വഴി തെളിച്ചത്. ഇരയായതോ, സാധുക്കളായ രണ്ടു കന്യാസ്ത്രികളും! ഈ പോക്കു തുടർന്നാൽ അനേകം സൈക്കോപതുകൾ സഭക്കുള്ളിൽ തന്നെ ഉണ്ടായേക്കാം.

മതങ്ങൾ വരുത്തുന്ന വിനകൾ കണ്ണു തുറന്നു നോക്കിയാൽ ആരും ഞെട്ടിപ്പോകും. പശുവിറച്ചി തിന്നുവെന്നാരോപിച്ച് ഒരു മുസ്ലീം വൃദ്ധനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തല്ലിക്കൊന്ന ഈ ഭാരതത്തിൽ, ഒരു മുസ്ലീം 6 വയസ്സുള്ള സ്വന്തം മകളെ ദുപ്പട്ട മുഖത്തു നിന്ന് മാറിയെന്ന കാരണത്താൽ നിലത്തടിച്ചു കൊന്നു കളഞ്ഞു. മൃഗങ്ങളെ പൂജിക്കാനും മനുഷ്യനെ കൊല്ലാനും നമ്മൾ പഠിച്ചിരിക്കുന്നു. പേപ്പട്ടിയെ കൊല്ലാൻ പാടില്ല, പക്ഷേ, ആടിനേയോ പന്നിയേയോ എത്ര വേണമെങ്കിലും കൊല്ലാം നമുക്ക്. വിശ്വാസം തലക്കു പിടിച്ച കത്തോലിക്കാ മാതാപിതാക്കന്മാരും കുട്ടികളെ വൈദികരുടെ അടുത്തേക്കു തനിച്ചു വിടാൻ മടിക്കുന്നു. എവിടെയാണ് ഏറ്റവും പുഴുത്ത വ്രണമെന്നേ അറിയേണ്ടതുള്ളൂ. കത്തോലിക്കനോടു ചോദിച്ചാൽ അവൻ പറയും, ഞങ്ങൾ ചെയ്യുന്നതു മാത്രമാണു ശരിയെന്ന്. എത്രയോ കാലമായി രോഗശാന്തി ശുശ്രൂഷകളൂം പിരിവുകളും ഇവിടെ നടക്കൂന്നു. സമാന സാംസ്കാരിക ചുറ്റുപാടുകളിൽ വളരുന്ന അന്യ മതസ്ഥരായ മറ്റുള്ളവരുമായി തട്ടിച്ചു നോക്കൂ; അവരേക്കാളും ആരോഗ്യനിലയിൽ നമ്മൾ താഴെയാണ്. കത്തോലിക്കാ സഭയിൽ നടക്കുന്ന അതേ അൽഭുതങ്ങൾ മറ്റു മതങ്ങളും ധാരാളം പങ്കു വെയ്ക്കുന്നുണ്ടെന്നത് തർക്കമില്ലാത്ത കാര്യം. അപ്പോൾ, അൽഭുതങ്ങളുടെ പിന്നിൽ കത്തോലിക്കന്റെ പരിശുദ്ധാത്മാവ് മാത്രമായിരിക്കില്ലെന്നു ചിന്തിക്കാൻ പോലും കത്തോലിക്കനു കഴിയുന്നില്ല. നമ്മൾ ആഘോഷമായ പ്രാർത്ഥനകൾക്കും, അർഥമില്ലാത്ത കൂട്ടായ്മകൾക്കുമായി നഷ്ടപ്പെടുത്തിയ സമയത്തിന് ആരോടു കണക്കു പറയും? ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢികളായി കത്തോലിക്കർ മാറിയിരിക്കുന്നു, സാമാന്യബുദ്ധിയെന്നു പറഞ്ഞാൽ അതെന്താണെന്ന് കത്തോലിക്കനറിയില്ലാത്ത അവസ്ഥ. വീടുകളേയും സ്ഥാപനങ്ങളേയും സംരക്ഷിക്കുന്ന പരമ്പരാഗതമായ വെഞ്ചരിപ്പുകൾ, ചേറ്റുതോട് മഠത്തിലും, പാലാ ലിസ്യു മഠത്തിലും, പൊൻകുന്നത്തെ കൊടിമരത്തിലും വർക്ക് ചെയ്തില്ലായെന്നെങ്കിലും മനുഷ്യൻ ചിന്തിക്കുന്നില്ല. 

ഞാനൊരു മെത്രാൻ കഥ പറയാം:
ഒരിടത്തൊരിടത്തൊരു പള്ളിയുണ്ട്. ആ പള്ളിക്കാർ സാമൂഹ്യസേവന പ്രവർത്തനത്തിനു വേണ്ടി അൽപ്പം സ്ഥലം ഒരു മഠംകാർക്കു വിട്ടുകൊടുത്തു; പക്ഷേ, തീറുകൊടുത്തില്ല. സേവനം നിർത്തുന്ന കാലത്തു തിരിച്ചു കൊടുക്കണം എന്ന വ്യവസ്ഥയേ വെച്ചുള്ളൂ. ആ പള്ളിയുടെ മുകളിലുള്ള മെത്രാനു വിഷമം, അതിങ്ങെഴുതി കിട്ടിയിട്ടില്ലല്ലോ. ഇടവകക്കാർ പറയുന്നതിങ്ങനെ: വികാരിയോടു മെത്രാൻ, അദ്ദേഹത്തെ അമേരിക്കക്കു വിടാം, ഈ സ്ഥലം തീറെഴുതിപ്പിച്ചു തരണമെന്നു പറയുന്നു. ഏതായാലും വികാരി ഇടവകക്കാരോട്, ആ സ്ഥലത്തു നടക്കുന്ന പ്രസ്ഥാനത്തിനു ലോൺ കിട്ടണമെങ്കിൽ അതു മെത്രാനു തീറു കൊടുക്കണമെന്ന് പറയുകയും സ്ഥലം മെത്രാന്റെ പേരിൽ ആവുകയും ചെയ്തു. ഇതു കുറേ വർഷങ്ങൾക്കു മുമ്പു നടന്നത്. ഇപ്പോൾ ആ പ്രസ്ഥാനം അവിടെനിന്നു മാറുന്നു. മെത്രാൻ പറയുന്നു, സ്ഥലം പള്ളിക്കു തിരിച്ചു കൊടുത്തേക്കാം, പക്ഷെ 7 കോടി രൂപാ രൂപതക്കു കൊടുക്കണമത്രെയെന്ന് (പള്ളിക്കാർ ചുമ്മാ കൊടുത്ത സ്ഥലമാണെന്നോർക്കണം). അവിടെ പണിത കെട്ടിടത്തിന്റെ കൃത്യമായ പണമല്ലാതെ ഒരു ചില്ലിക്കാശൂ കൊടുക്കില്ലെന്നു പറയുന്ന ഇടവക്കാർ ചെണ്ടകൊട്ടാതെ നാട്ടുകാരോടു മുഴുവൻ പറയുന്നു, ഞങ്ങടെ മെത്രാനേക്കാൾ .............യ ഒരു മെത്രാൻ ഭൂമുഖത്തുണ്ടായിട്ടില്ലെന്ന്. എങ്ങിനെ കാശുണ്ടാക്കാം എന്നു മാത്രം ചിന്തിക്കുന്ന കുറേ മെത്രാന്മാരുമായി ഈ കത്തോലിക്കാ വള്ളം എത്രനാൾ മുന്നോട്ടു പോകും? ആദ്യവെള്ളിയാഴ്ച രാവിലെ മഴ തൂളാൻ തുടങ്ങിയാൽ മുഖം വാടുന്ന ഒരു വൈദികൻ വികാരിയായുള്ള ഒരു പള്ളിയുണ്ട്. മഴ പെയ്താൽ തീർഥാടകർ കുറയും, ബിഹാറുകാർക്കു പണം കൊടുക്കാൻ ബാങ്കിൽ നിന്നെടുക്കേണ്ടിയും വരും. അതാണു ദു:ഖത്തിനു സംഗതി.

ചോദിപ്പിൻ നിങ്ങൾക്കു കിട്ടും എന്നു പറഞ്ഞ യേശുവിന് ചോദിച്ചതു കിട്ടിയില്ലെന്നു ബോബി ജോസ് അച്ചൻ പറയുന്നു. ചോദിക്കേണ്ടതെന്താണെന്നും ചോദിക്കുന്നതെന്തിനാണെന്നും അറിയാത്തതു കൊണ്ടാണ് ഇതു സംഭവിക്കുന്നതെന്നും അച്ചൻ തുടർന്നു പറയുന്നു. എന്താണു ചോദിക്കേണ്ടതെന്നും അതെങ്ങനെയാണെന്നും പറഞ്ഞുകൊടുക്കാൻ ഈ സീറോ സഭയിൽ ആരുണ്ട്? നമ്മുടെ മേജർ റോമിൽ പോയി വീമ്പടിച്ചെന്നു കേട്ടു, ഇവിടുത്തെ അത്മായരുടെ ഇടയിലുള്ളിടത്തോളം കെട്ടുറപ്പു ലോകത്തൊരിടത്തും ഇല്ലെന്ന്. കുരീപ്പുഴ, മണ്ണക്കനാട്, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ ഉദാഹരണങ്ങൾ കൂടി പറയാമായിരുന്നു. മാസാമാസം കൃത്യമായി കൂടുന്ന കുടുംബ കൂട്ടായ്മയുടെ കാര്യമാണു പുള്ളിക്കാരൻ പറഞ്ഞത്. ഹാ! അതിന്റെ ശക്തി കാണണമെങ്കിൽ പള്ളിബലം അവിടെനിന്നൊന്നു മാറ്റിയാൽ മതി.....ആറുമാസം കൂടി അതു പോകില്ല. വികാരിമാരുടെ നിർബന്ധംകൊണ്ടാ മാസക്കൂട്ടയ്മയും വാർഷികങ്ങളും നടക്കുന്നതെന്ന് ആർക്കാ അറിയില്ലാത്തത്? എത്രയോ കോടിക്കണക്കിനു പ്രവർത്തനസമയം മനുഷേന് ഒരുപകാരവുമില്ലാത്ത ഈ പരിപാടികൊണ്ട് നഷ്ടമായിരിക്കുന്നു. സഭയുടെ കെട്ടുറപ്പിന്റെ കാര്യമേ അങ്ങേരു പറഞ്ഞുള്ളൂ, മാതൃകാ ക്രൈസ്തവ ജീവിതം കാണണമെങ്കിൽ ഇങ്ങോട്ടു വായെന്നു ബാക്കിയുള്ളവരോടു പറയാൻ അദ്ദേഹത്തിന്റെ നാവു പൊങ്ങില്ല. പൊങ്ങിയാൽ ഇവിടുത്തെ കുറ്റകൃത്യങ്ങളുടെ കണക്കും അതിൽ അകപ്പെട്ടിരിക്കുന്ന കത്തോലിക്കരുടെ എണ്ണവും ഞാനും പറയും. ഇവിടെയുള്ള ഊട്ടു നേർച്ചകളും, ആളൊഴിഞ്ഞ നിത്യാരാധന പള്ളികളും, തിളങ്ങുന്ന സുവർണ്ണദേവാലയങ്ങളും എല്ലാം കാണാൻ അവരാരെങ്കിലും വരുമെന്നു കരുതണ്ട! ഇവിടുത്തെ മെത്രാന്മാർ കാട്ടിക്കൂട്ടുന്ന കുരുത്തക്കേടുകളുടെ ചരിത്രം അവർക്കറിയാം. ഓസ്തിയിൽ തെളിയുന്ന മൈക്കിൾ ആഞ്ചെലോയുടെ മുഖങ്ങൾ സായിപ്പന്മാർ കുറേ കണ്ടതാ.  

തട്ടിപ്പാണെങ്കിലും മെത്രാന്മാരുടെ പ്രസംഗം കേൾക്കേണ്ടതു തന്നെ. നിരവധി മൂന്നാംനിര ആരോപണങ്ങൾ നേരിടുന്ന ഒരു മെത്രാൻ ഇയ്യിടെ സ്ത്രീകളോടു പറഞ്ഞത്, അമ്മമാർ ജീവിക്കുന്ന വിശുദ്ധരാകണമെന്നാണ്. അതിനുപദേശിച്ചു കൊടുത്ത വഴിയിൽ, രാഷ്ട്രീയവുമുണ്ട്. രാഷ്ട്രീയം കളിച്ചു കെ ആർ ഗൗരിയൊ സോണിയാ ഗാന്ധിയോ വിശുദ്ധരായിയെന്നു പക്ഷേ, പറഞ്ഞില്ല; ഭാഗ്യം! വിവരക്കേട് പറയുന്നതിനും വേണ്ടേ അതിര്? അടുത്ത ദിവസോം മാർപ്പ്പാപ്പാ പറഞ്ഞു, ഇടയന്മാരുടെ (കുട) വണ്ടി കാണുമ്പോൾ സങ്കടം വരുമെന്ന്. ഇവിടെ മുഴുവൻ സമ്മാനമാ മാർപ്പാപ്പാ.... ഒരു കല്യാണം വെഞ്ചരിക്കാൻ അമേരിക്കാവരെ പോയാൽ ഒന്നോ രണ്ടോ വണ്ടി കിട്ടും സമ്മാനമായി. ഏതെങ്കിലും ഒരു പള്ളിയിൽ പോയി ഒരു വിശേഷാൽ കുർബാന ചൊല്ലിയാലും കിട്ടും കാശ്, ഇംഗ്ലണ്ടിലാണെങ്കിൽ ചൊല്ലിയില്ലെങ്കിലും കിട്ടും കാശ്. ഒരു പത്തു വർഷങ്ങൾ കൂടികഴിഞ്ഞാൽ കത്തോലിക്കാ സഭയിലെ അടുത്ത പ്രതിസന്ധി തുടങ്ങും; പണിത പള്ളികൾ നോക്കാൻ ആളുണ്ടാവില്ല. യൂറോപ്പിനു പറ്റിയതതാണ്. അവിടെങ്ങും പുതുക്കി പണിയാൻവേണ്ടി ഒരു പള്ളി പൊളിച്ചുവെന്ന് ആയിരം വർഷങൾകൂടി കഴിഞ്ഞാലും കേൾക്കാൻ ഇടയില്ല. വളരെ പൂജ്യമായി പൊടിപോലും പറ്റാതെ കാത്തു സൂക്ഷിച്ചുപോന്ന എത്ര മദ്ബഹാകളും സക്രാരികളും ക്രൂശിതരൂപങ്ങളുമാ പുതിയതു വരുന്നുവെന്നു പറഞ്ഞ് ഇവിടെ തകർക്കപ്പെട്ടത്. അതുപോലെ, പുതിയ മെത്രാൻ വരുമ്പോൾ ഉപയോഗശൂന്യമാകുന്ന പഴയ മെത്രാന്മാരെ കൈകാര്യം ചെയ്യുന്ന ഒരു സമ്പ്രദായവും നമുക്കു വേണ്ടതാണ്. അവർ പുണ്യവാളന്മാരാകേണ്ടതല്ലേ? ഇവരുടെ തൊപ്പി, വടി, കുരിശ്, കാറുകൾ, മൊബൈൽ, കമ്പ്യുട്ടർ മുതലായവ രൂപത മടക്കിവാങ്ങി പഴയ ളോഹയും ഇറക്കിയ ഇടയലേഖനങ്ങളും തിരികെ കൊടുത്തു കുറെ വണക്കമാസ പുസ്തകങ്ങളും സമ്മാനമായിക്കൊടുത്ത് പറഞ്ഞുവിടേണ്ടതാണ്. 

സൌത്താഫ്രിക്കയിലെ ഡെസ്മണ്ട് ടുട്ടു എന്ന മെത്രാൻ പറഞ്ഞതെന്താണെന്നൊ? "മിഷ്യനറിമാർ ആഫ്രിക്കയിൽ വന്നപ്പോൾ വസ്തുവകകളെല്ലാം ഞങ്ങളുടെ കൈയിലും ബൈബിൾ അവരുടെ കൈയിലുമായിരുന്നു. നമുക്കു പ്രാർത്ഥിക്കാമെന്നവർ പറഞ്ഞു. ഞങ്ങൾ കണ്ണടച്ചു തുറന്നപ്പോൾ ഞങ്ങളുടെ കൈയിൽ ബൈബിളും അവരുടെ കൈയിൽ വസ്തുവകകളുമായി" എന്നാണ്. ഇവിടെ കണ്ണു തുറന്നിരിന്നിട്ടും അതു സംഭവിച്ചു; ആഫ്രിക്കക്കാരുടെ കൈയ്യിൽ ബൈബിളെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ, സീറോമലബാർ എപ്പാർക്കിയായതിനു ശേഷം വിശ്വാസികളുടെ കൈയിൽ ഒന്നുമില്ലാത്ത അവസ്ഥയാണ് - അധികാരവുമില്ല, അവകാശവുമില്ല, സ്വത്തുവകകളുമില്ല - വീട്ടിലുള്ള രൂപം പോലും ഇരട്ടിവിലകൊടുത്തു വാങ്ങിയത്. കൂദാശകൾക്കാണെങ്കിൽ തീ വില! അമേരിക്കയിൽ ഇവിടുത്തേതുപോലെ പള്ളിക്കൊരു പള്ളിക്കൂടമോ പള്ളിക്കൊരു സെമിത്തേരിയോ ഇല്ലല്ലൊ! മരണാനന്തര ചടങ്ങുകൾ പള്ളിയിൽ തീർന്നാൽ ഏതെങ്കിലും ശ്മശാനത്തിലേക്കു കൊണ്ടുപോകും. അനേകം ഏക്കറുകളുള്ള അതിൽ ആർക്കു വേണമെങ്കിലും ഒരു കുഴിക്കുള്ള സ്ഥലം വിലയ്ക്കോ വാടകക്കോ എടുക്കാം. അമേരിക്കൻ മാർത്തോമ്മാനുയായികൾ അവിടെയും പണി ഒപ്പിച്ചു. വലിയ ശ്മശാനങ്ങളുടെ കോണുകൾ അവർ വിലക്കു വാങ്ങാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് അടുത്തിടെ കേട്ടത്. അങ്ങനെ സീറൊ മലബാറുകാർക്ക് ഒരുമിച്ചു കിടക്കാനുള്ള സൗകര്യമാകും; അതിനു മേൽപ്പണം വേറെയും കിട്ടുമല്ലോ! അഞ്ചു വർഷം കഴിയുന്നതിനു മുമ്പ് ഒറ്റക്കു സംസ്കരിക്കുന്നത് മാരകമായ സഭാവിരുദ്ധ കുറ്റവുമാകും. ഈ കോമാളികൾ ഒരിക്കലും മാർത്തോമ്മായെന്ന അപ്പസ്തോലന്റെ പിന്തുടർച്ചക്കാരായിരിക്കാൻ ഒരു ന്യായവുമില്ല.

വാഴത്തോപ്പിൽ മതാദ്ധ്യാപകരുടെ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ആനിക്കുഴിക്കാട്ടിൽ മെത്രാൻ പറഞ്ഞത് മതാദ്ധ്യാപകരുടെ ജീവിത സാക്ഷ്യം പ്രധാനമെന്നാണ് (മെത്രാൻ വിശ്വ്വസികൾക്കു മാതൃക കാണിക്കുന്നതു പോലെ: വെള്ളാപ്പള്ളിയുടെ വീട്ടിൽപ്പോയി ഒരു മെത്രാൻ എന്തോ പറഞ്ഞ കാര്യമല്ല ഞാൻ ഉദ്ദേശിച്ചത്). അതിനു പറഞ്ഞു കൊടുത്ത മാർഗ്ഗം ഈ അദ്ധ്യാപകർ സഭയുടെ പ്രബോധനങ്ങൾ നിരന്തരം വായിച്ചു കൊണ്ടിരിക്കണമെന്നാണ്. (അല്മായാശബ്ദം ബ്ലോഗ്ഗ്, സത്യജ്വാല മുതലായവ വായിക്കാതിരുന്നാലും മതിയെന്നു പറഞ്ഞില്ല). പരിസ്ഥിതിലോലപ്രദേശങ്ങളിൽ വചനപ്രഘോഷണവും ജിവിതസാക്ഷ്യവുമായി കൊച്ചുപുരക്കലച്ചൻ ചിതറിനടക്കുന്ന കാര്യം ഉദാഹരണത്തിനു ചൂണ്ടിക്കാണിക്കാമായിരുന്നു. പക്ഷേ, കമ്യൂണിസ്റ്റ്കാർക്ക് തങ്ങളുടേതെന്നു പറയാവുന്ന ഒരെമ്പിയെ ഒപ്പിച്ചു കൊടുത്തു എന്നതാണ്  ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഇതുവരെയുണ്ടായ നേട്ടങ്ങളിൽ പ്രമുഖമെന്നു പ്രചരിപ്പിക്കുന്നത് ശത്രുക്കളായിരിക്കാനേ വഴിയുള്ളൂ. കൊച്ചുപുരക്കലച്ചൻ ചങ്ങനാശ്ശേരി പ്രത്യാശാ ഡയറക്റ്റർ ഫാ. സെബാസ്ത്യൻ പുന്നശ്ശേരിയെ കണ്ടുപഠിക്കുന്നതു നല്ലതാ. എത്രയോ നിർദ്ധനരായ രോഗികളുടെ ജീവൻ രക്ഷിക്കാൻ പുന്നശ്ശേരിയച്ചനു കഴിയുന്നുണ്ട്. നല്ലതുചെയ്താൽ നല്ലതെന്നു തന്നെ നമുക്കു പറയാൻ കഴിയണം. 

ഇനി, ഒരു മാസത്തേക്കു മെത്രാന്മാരുടെ കോൾഷീറ്റ് കിട്ടാൻ പാടായിരിക്കും. ഇലക്ഷനല്ലേ? എന്തായാലും അരമനയിലേക്കു പരസ്യമായിപ്പോയി വോട്ടു ചോദിക്കാൻ ധൈര്യമുള്ള സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ ഇപ്രാവശ്യം ഗണ്യമായ കുറവ് അനുഭവപ്പെട്ടേക്കാം. എ കെ സി സി സ്ഥാനാർത്ഥികളെ മെത്രാന്മാർ നിശ്ചയിക്കട്ടെ, തർക്കമുള്ളിടത്തു പുലിയും വരട്ടെ;  ഒരു സ്ഥാനാർത്ഥിയേയും ഒരിടത്തും ആരും നിർത്തിപ്പൊരിക്കരുതെന്ന് സ്നേഹബുദ്ധ്യാ ഞാൻ അഭ്യർത്ഥിക്കുന്നു - അവരെ നമ്മളായി യാതൊന്നും ചെയ്യേണ്ടതില്ല, അവർ സ്വയം പഠിച്ചുകൊള്ളും! 


2 comments:

  1. വേണമെങ്കിൽ പോളണ്ടിനെക്കുറിച്ച് പറഞ്ഞോളൂ. പക്ഷെ ചെങ്ങളം പള്ളിയെക്കുറിച്ച് മാത്രം പറയരുത്.. അത് ഞങ്ങൾക്കിഷ്ടമല്ല.. തേക്ക് തടിയല്ല സാക്ഷാൽ സ്വർണ്ണം കൊണ്ട് തന്നെ വേണമെങ്കിൽ പാനൽ ചെയ്യും ആരാ ഇവിടെ ചോദിക്കാൻ? സ്വർണം സമാഹരണ യജ്ഞം തുടങ്ങിയിട്ട് കുറച്ചു നാളായി എത്ര കിട്ടിയോ ആവോ..
    അങ്ങിനെ ആ നീണ്ട കാത്തിരിപ്പിന് ശേഷം ആ മഹത്തായ വിളംബരം ഉണ്ടായി .. പള്ളി പണി ഒരു പന്ജവല്സര പദ്ധതി ആയിട്ട് പ്രഘ്യാപിച്ചു .. അടുത്ത വർഷത്തെ കല്ലിട്ട പെരുന്നാളിന് (2016 ഒക്ടോബർ ) പള്ളിപണി തീരുമെന്നാണ് പ്രവചനം... അന്തോനീസു പുണ്യാളൻ ഉടക്കി നിക്കുന്നെന്നാണ് കേൾവി.. പന്ജവത്സരം ഒന്ന് കഴിഞ്ഞാൽ അടുത്തത് തുടങ്ങുന്നതാണല്ലോ നമ്മുടെ പതിവ്.. കാത്തിരുന്നു കാണുകതന്നെ...

    ReplyDelete
  2. "മെത്രാനെന്നോ അച്ചനെന്നോ പറഞ്ഞാൽ 'ഒരു സാമൂഹ്യശല്യം' എന്ന നിലയിൽ തന്നെ നാട്ടുകാർ കരുതിത്തുടങ്ങിയിരിക്കുന്നു!" പത്രങ്ങളിലെ വാചകമേളയ്ക്ക് കൊഴുപ്പേകുന്ന നമ്മുടെ റോഷന്റെ ഈ വചനം ; വചനം ജഡമായവനുകൂടി ഊറിച്ചിരിക്കാന്‍ വകനല്‍കും സംശയമില്ല ! "താന്‍ മനസില്പോലും കാണാത്ത കുര്‍ബാനയും കൂദാശയും വഴി നാടാകെ പള്ളികള്‍ പണിതാപ്പള്ളിയില്‍ ജനത്തെ കൂട്ടം കൂടിച്ചു ചോരകുടിച്ചു സുഖിച്ചു മേവുന്ന ഈ ആട്ടിന്തോലിട്ട ചെന്നയ്ക്കളാകുന്ന പൌരോഹിത്യമേ, നിന്‍റെ അവസാനകാലത്തിന്റെ തുടക്കം ഇതാ കാലം കുറിച്ചു ." എന്നാ പാവംനസരായന്‍ ആത്മഗതം പറഞ്ഞുകാണും നിശ്ചയം !
    ഒരുവന്റെ മനസിന്റെ വിശാലതയാണു അവന്‍റെ പ്രശ്നങ്ങളെ കുറയ്ക്കുന്നതും കൂട്ടുന്നതും ! ഹൃദയവിശാലത ഇല്ലാത്ത വെറും വിശ്വാസികളാകാതെ, മനനമാകുന്ന അന്വേഷണം വഴി സത്യം സ്വയം കണ്ടെത്തണം ഓരോ മനുഷ്യനും ! "അന്വേഷിപ്പീന്‍ കണ്ടെത്തും!" ഇന്ന് പൌരോഹിത്യം ലോകത്തിനു വിനയെങ്കില്‍, അതിനെ ക്രിസ്തു പറഞ്ഞതുപോലെ മറവിയാകുന്നകടലില്‍ എറിഞ്ഞുകളയാന്‍ മനസിനെ പരിശീലിപ്പിക്കൂ...പള്ളി നിനക്ക് പോഴന്‍ പാതിരിയുടെ കൂടുതല്‍ നിയമക്കുരുക്കെങ്കില്‍, ക്രിസ്തു പറഞ്ഞതുപോലെ അവിടെ പോകാതെ ജീവിക്കൂ 'ഭാരതീയരായി' ധ്യാനത്തിലൂടെ സ്വയം അറിഞ്ഞവരായി! ,വി,മത്തായി 'ആറു' മനസിലാകുംവരെ വായിക്കൂ.... മനസാകുന്ന അറയില്‍ കയറി മനനംചെയ്യൂ,,..ഹൃദയം വിശാലമാക്കൂ ...പ്രശ്നങ്ങള്‍ താനേ ലഘൂകരിക്കപ്പെടും ! തളരുന്ന മനസുകള്‍ക്കാത്മജ്ഞാനം നല്‍കി ഉയര്‍ത്തുന്നതാണ് "ഭഗവത് ഗീത" എന്ന വേദവ്യാസന്റെ മനശാസ്ത്ര രചന ! അല്ലാതെ അതൊരു മതഗ്രന്ധമല്ല ! അതുവായിക്കൂ..സ്വയം മനസിലാക്കൂ ...എന്നിട്ട്, "സ്വര്‍ഗസ്ഥനായ പിതാവും ഞാനും ഒന്നാകുന്നു" (അഹം ബ്രഹ്മാസ്മി ) എന്ന സ്വയമറിവില്‍ ആശ്രയിച്ചാനന്ദിക്കൂ മനസുകളെ ...ഗീതയും ഉപനിഷത്തുകളും നമ്മുടെ പിതാക്കന്മാര്‍ക്കു കൈമോശം വന്ന അറിവിന്റെ നിധികുംഭങ്ങളായിരുന്നു എന്നും ഒരുനാണമില്ലാതെ തിരിച്ചറിയുവീന്‍.."ഘര്‍ വാപസീ"...

    ReplyDelete