പ്രൊഫ. പി.സി. ദേവസ്യ
2015 സെപ്റ്റംബര്‍ ലക്കം 'സത്യജ്വാല'യില്‍ നിന്ന്
2015 മെയ് ലക്കം 'സത്യജ്വാല'യിലെ മുഖക്കുറിയും ജൂലൈ ലക്കത്തിലെ ശ്രീ. റ്റി.റ്റി. മാത്യു തകിടിയേലിന്റെ പ്രതികരണവും വീണ്ടും വായിച്ചു. വിശ്വാസപരമായ നവീകരണം, ഘടനാപരമായ നവീകരണം എന്നു നവീകരണത്തെ വേര്‍തിരിക്കുന്നത് ശരിയല്ലെന്നും ഘടനാപരമായവയെ മാത്രമെടുത്ത് നവീകരിക്കാന്‍ ശ്രമിക്കുന്നത് K.C.R.M എന്ന പേരിനുതന്നെ യോജിക്കുന്നതല്ലെന്നും, പരസ്പരപൂരകങ്ങളായ രണ്ടുമുഖങ്ങളെയും ഒന്നിച്ചെടുക്കണമെന്നും ശ്രീ. റ്റി.റ്റി. മാത്യു ആവശ്യപ്പെടുന്നു.
പൊതുവായ ഈ പ്രശ്‌നം വിട്ട് കുരീപ്പുഴയിലെ ‘K.C.R.M മാതാ'വിന്റെ പ്രതിമ വണങ്ങുന്നു എന്ന പ്രത്യേക കാര്യത്തിലേക്കാണ് ശ്രീ. റ്റി.റ്റി. മാത്യു പിന്നെ വിരല്‍ചൂണ്ടുന്നത്. ഇതിനോടനുബന്ധിച്ച് അദ്ദേഹം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇവയാണ്: (1) പ്രതിമാവന്ദനം വെറും അന്ധവിശ്വാസമല്ലേ...? (2) ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കണം എന്ന ശരിയായ വഴി അടച്ചുകളയുന്നതല്ലേ പ്രതിമാവന്ദനം...? (3) പുരോഹിതന്മാര്‍ സ്വീകരിക്കുന്ന പ്രതിമാവന്ദനത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ കുരീപ്പുഴ മാതാവിന്റെ വണക്കത്തിലൂടെ K.C.R.M -ഉം ചെയ്യുന്നത്...? (4) ശരിയായ ലക്ഷ്യം മറച്ചുപിടിച്ച് കാര്യലാഭത്തിനുവേണ്ടി പ്രതിമാവന്ദനം നടത്തുന്നത് ആത്മവഞ്ചനയല്ലേ....?
മെയ് ലക്കം മുഖക്കുറി ഒന്നുകൂടി വായിച്ചു നോക്കിയപ്പോള്‍ കുരീപ്പുഴ പ്രതിമാവന്ദനം സന്ദര്‍ഭത്തിനിണങ്ങുന്ന ഒരു താല്‍ക്കാലികനടപടിയായി ന്യായീകരിക്കാം എന്നു തോന്നി. ''ആത്യന്തികലക്ഷ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യാന്‍പോലും സന്നദ്ധരാകുന്നവര്‍ക്കും താല്‍ക്കാലികലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേ മുന്നോട്ടു നീങ്ങാനാവൂ, കാരണം ആത്യന്തികലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാണല്ലോ താല്‍ക്കാലിക പ്രവര്‍ത്തനങ്ങള്‍. വീണുകിടക്കുന്ന മദ്യപനെ ശുശ്രൂഷിക്കുന്നയാള്‍ക്ക് ചിലപ്പോള്‍ അയാളുടെ വിറ മാറ്റാന്‍ ഇടയ്ക്കിടയ്ക്ക് അല്പസ്വല്പം മദ്യം ഒഴിച്ചു കൊടുക്കേണ്ടതായിപ്പോലും വന്നേക്കാം. അതുകൊണ്ട് അയാളുടെ മദ്യാസക്തിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാല്‍ അത് ശരിയായിരിക്കുമോ?.... വാസ്തവത്തില്‍ അവര്‍ ആയിരിക്കുന്ന അവസ്ഥ മനസ്സിലാക്കി അവരുടെ മനസ്സിനിണങ്ങുന്നതും അവര്‍ക്ക് ഏറ്റെടുക്കാനാവുന്നതുമായ പരിഹാര നടപടികളോ സമരപരിപാടികളോമാത്രം നിര്‍ദേശിക്കാനാണ് നവീകരണപ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടത്. ചിലപ്പോള്‍ അവയ്ക്ക് പ്രാര്‍ത്ഥനയുടെയും കൊന്തനമസ്‌കാരത്തിന്റെയും പരിഹാര
പ്രദക്ഷിണത്തിന്റെയുമൊക്കെ രൂപമുണ്ടായി എന്നുവരും''.. ശ്രീ. റ്റി.റ്റി. മാത്യു എന്തു പറയുമെന്നറിഞ്ഞുകൂടാ. എന്നെ സംബന്ധിച്ച് കുരീപ്പുഴ മാതാവിന്റെ വണക്കം, ഈ വാദം സ്വീകരിച്ചാല്‍ ന്യായീകരിക്കാനാകും.
ശ്രീ. റ്റി.റ്റി. മാത്യുവിന് ഒരു മറുകുറി എഴുതാന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ എന്റെ ചിന്തയിലും ഇതോടു ബന്ധപ്പെട്ട അടിസ്ഥാനപരമായ ചില സംശയങ്ങളുണ്ടായി:
1. വിശ്വാസം എന്താണ്? അത് നല്ലതോ ചീത്തയോ?
2. അന്ധവിശ്വാസവും വിശ്വാസവും വേര്‍തിരിയുന്ന അതിര്‍ത്തി എവിടെയാണ്?
3. പ്രതിമാവന്ദനം, പ്രതിമാവണക്കം, പ്രതി മാ ആരാധന ഇവ എങ്ങനെ, എത്രമാത്രം, സ്വീകരിക്കാം?
4. ആത്മാവിലും സത്യത്തിലും ആരാധിക്കുക എന്നാല്‍ എന്താണ്?
മെയ് ലക്കം മുഖക്കുറിയോടു പ്രതികരിച്ച് ജൂലൈ ലക്കത്തില്‍ ശ്രീ റ്റി.റ്റി. മാത്യു എഴുതിയ ലേഖനത്തിനു മറുപടിയായി എഡിറ്റര്‍ കൊടു ത്ത ഒരു മറുകുറി അതേ ലക്കത്തില്‍ത്തന്നെ കണ്ടു. ഈ പിന്‍കുറിപ്പ് ഒരു ഫലിതമാണോ, പരിഹാസമാണോ, മറുപടിയാണോ, പൗലോസ് ശ്ലീഹായെ കൂട്ടുപിടിച്ചുള്ള ഗൗരവമുള്ള ചിന്തയാണോ, എന്നൊക്കെയുള്ള ചിന്താക്കുഴപ്പങ്ങള്‍ ഉയര്‍ത്തുന്നു. (1) സ്വന്തം സമുദായത്തിലും കുടുംബത്തില്‍പ്പോലും സ്വന്തം ബോദ്ധ്യങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് അതിനനുസരിച്ച് ജീവിക്കാനോ പ്രവര്‍ത്തിക്കാനോ സാധാരണ മനുഷ്യര്‍ക്ക് എളുപ്പമല്ല, (2) ആത്മവഞ്ചനകളുടെയും കാപട്യങ്ങളുടെയും കൂമ്പാരമാണ് ഓരോരുത്തരുടെയും ജീവിതം, (3) നിസ്സഹായതയെയാണ് ഇതു സൂചിപ്പിക്കുന്നത്, (4) അഭിനയിച്ചാല്‍ കാപട്യമാകുമോ? (5) സഭയും സമൂഹവും രണ്ടാകേണ്ടതുണ്ട്; അതാണ് ശരി. (6) അല്ലെങ്കില്‍ത്തന്നെ, കത്തോലിക്കാസഭയില്‍ എന്താണ് അന്ധവിശ്വാസവും വിഗ്രഹാരാധനയും അല്ലാതായുള്ളത്?
ജീവിതംതന്നെ ഒരു മണ്ടന്‍കഥയാണെന്നു പറഞ്ഞപോലെ ഒത്തിരി ചോദ്യങ്ങള്‍ സ്വയം ഉയര്‍ത്തുന്നു. അങ്ങനെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍, കുടത്തില്‍നിന്നു തുറന്നുവിട്ട ദുര്‍ഭൂതത്തെയെന്നപോലെ വായനക്കാരന്റെ മനസ്സില്‍ പുകപടലം നിറച്ച് അപകടകരമായി ഉയര്‍ന്നു നില്‍ക്കുന്നു. ഈ ഭൂതത്തെ ആര് കുടത്തിനുള്ളിലാക്കും? ഇതാണ് പിന്‍കുറിപ്പ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന പ്രശ്‌നം. ഇതിനാണ് യഥാര്‍ത്ഥത്തില്‍ മറുപടി വേണ്ടത്.
ഫോണ്‍: 9961255175
No comments:
Post a Comment